കർഷകരുടെ മുന്നേറ്റം
രാജ്യ തലസ്ഥാനത്തേക്ക് കർഷകർ വീണ്ടും പ്രക്ഷോഭവുമായി വന്നിരിക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തിറങ്ങിയ കർഷകരോട് യുദ്ധം പ്രഖ്യാപിച്ച രീതിയിലാണ് മോദിസർക്കാർ പെരുമാറുന്നത്. 2020-21ൽ രാജ്യം കണ്ട കർഷകരുടെ അതിശക്തവും തീവ്രവുമായ സമരത്തിന്റെ മറ്റൊരു തരം തുടർച്ചയാണിപ്പോഴത്തേത്.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ നൽകുക, രാജ്യവ്യാപകമായി കാർഷിക, കർഷകത്തൊഴിലാളി കടം എഴുതിത്തള്ളുക, 2020ലെ കർഷക സമരത്തിലെ കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിലെ ഇരകൾക്ക് നീതി നൽകുക, വൈദ്യുതി ഭേദഗതി ബിൽ 2023 പിൻവലിക്കുക, സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ വീണ്ടും ഡൽഹിയിലേക്ക് വന്നത്.
2000ത്തിലധികം ട്രാക്ടറുകളിൽ കാൽലക്ഷത്തോളം വരുന്ന കർഷകരാണ് നീണ്ട സമരത്തിന് തയാറെടുത്ത് ഫെബ്രുവരി 13ന് ഡൽഹിയിലേക്ക് വന്നത്. സംയുക്ത കിസാൻ മോർച്ച-നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ ‘ദില്ലി ചലോ’ മാർച്ച് പ്രഖ്യാപിച്ചാണ് കർഷകരുടെ സമരം തുടങ്ങിയത്.
കർഷകർ ഡൽഹിയിലേക്ക് വരാതിരിക്കാൻ കനത്ത സുരക്ഷാ നടപടികളാണ് കേന്ദ്രം സ്വീകരിച്ചത്. ഫെബ്രുവരി 12 മുതൽ ഡൽഹിയിൽ ഒരു മാസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചു. ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപുർ, ബദർപുർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.
സമരത്തിൽ പങ്കെടുക്കാൻ കർണാടകയിൽനിന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് പുറപ്പെട്ട നൂറോളം വരുന്ന കർഷക സംഘത്തെ ഭോപാലിൽ മധ്യപ്രദേശ് പൊലീസ് തടഞ്ഞുവെച്ചു. ഹരിയാന സർക്കാർ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധനവില്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരവുമായെത്തിയ കർഷകരെ ഡ്രോണുകൾ ഉപയോഗിച്ച് പിന്തുടർന്ന് കണ്ണീർവാതക ഷെല്ലാക്രമണം നടത്തിയാണ് പൊലീസ് നേരിട്ടത്. ചിന്നിച്ചിതറിയ കർഷകരെ പിന്തുടർന്ന് വയലുകളിലും മറ്റും ഡ്രോണുകൾ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.
2021ലെ ഒരു വർഷം നീണ്ട കർഷകസമരം പൂർണമായി വിജയിച്ചിരുന്നു. അതിനുശേഷം 500ഓളം വരുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. ഇതിനെ തുടർന്ന് സംയുക്ത കിസാൻ മോർച്ചയിൽനിന്ന് പിരിഞ്ഞ സംഘടനകൾ ചേർന്നാണ് സംയുക്ത കിസാൻ മോർച്ച -നോൺ പൊളിറ്റിക്കൽ രൂപവത്കരിച്ചത്. സംയുക്ത കിസാൻ മോർച്ച ഫെബ്രുവരി 16ന് രാജ്യവ്യാപക ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.. അതെന്തായാലും കർഷകരുടെ സമരം ഐതിഹാസികമാണ്. അവർ അജയ്യരാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയാണ് കേന്ദ്രസർക്കാർ ഉടനടി ചെയ്യേണ്ടത്. അടിച്ചമർത്താനുള്ള നീക്കം ഗുണം ചെയ്യില്ല. രാജ്യം ഈ നിമിഷം കർഷകർക്കൊപ്പമാണ് നിലയുറപ്പിക്കേണ്ടത്.