കാട്, ജീവിതം, മനുഷ്യർ
കേരളത്തിലെ വനമേഖലാ ജില്ലകളിൽനിന്നു വരുന്ന വാർത്തകൾ ഒട്ടും സന്തോഷകരമല്ല. കാടിറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ പൊലിയുന്നത് ആ മേഖലകളിലടക്കം ശക്തമായ ജനരോഷം ഉയർത്തിയിട്ടുണ്ട്. പലപ്പോഴും രോഷം തെരുവുയുദ്ധമായി മാറുന്നു.
വയനാട്ടിലെ പടമലയിൽ ഫെബ്രുവരി 14ന് പുല്ലരിയാൻ പോയ ട്രാക്ടർ ഡ്രൈവർ ചാലിഗദ്ധ പടമല പനച്ചിയിൽ അജി എന്ന അജീഷ് കുമാർ കാട്ടാന ആക്രമണത്തിൽ മരിച്ചതാണ് ജനരോഷം ഉയർത്തുന്നതിലേക്ക് നയിച്ച മരണങ്ങളിൽ ഒന്ന്. കർണാടക റേഡിയോകോളർ പിടിപ്പിച്ച മോഴയാണ് കാടിറങ്ങി ആക്രമിച്ചത്. മുന്നിൽ വന്നുപെട്ട ആനയെ കണ്ട് അജീഷ് സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിച്ചു.
പിന്നാലെ, ഫെബ്രുവരി 16ന് വയനാട് കുറുവാദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരൻ വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തിൽ മരിച്ചു. ജോലിക്കായി പോകുന്നവഴി ആനക്കൂട്ടത്തിന് മുന്നിൽപെടുകയായിരുന്നു. വയനാട്ടിൽ ഇൗ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ ആളായിരുന്നു പോൾ. അടുത്തദിവസം പുൽപള്ളിയിൽ ജനരോഷം ഇരമ്പി. നഷ്ടപരിഹാരം ആവശ്യപ്പെട്ട നാട്ടുകാർക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നു.
ഇടുക്കി ജില്ലയിലെ നേര്യമംഗലത്ത് മാർച്ച് നാലിന് ഇന്ദിര രാമകൃഷ്ണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൂടുതൽ വലിയ രോഷത്തിന് കാരണമായി. സ്വന്തം പുരയിടത്തിൽ ആടിനെ കെട്ടിയശേഷം കൂവ പറിക്കുേമ്പാഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഇതേ തുടർന്ന് യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ നേര്യമംഗലത്തും കോതമംഗലത്തും ഉപവാസ സമരമടക്കമു ള്ള പ്രതിഷേധം അരങ്ങേറി.
‘തുടക്കം’ എഴുതുന്ന ദിവസത്തെ പത്രത്തിൽ തൃശൂർ പെരിങ്ങൽക്കുത്തിലും കോഴിക്കോട് കക്കയത്തും വന്യജീവി ആക്രമണത്തിൽ ഒാരോ ജീവൻ വീതം പൊലിഞ്ഞ വാർത്തയുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി മൂപ്പന്റെ ഭാര്യ വത്സയാണ് പെരിങ്ങൽക്കുത്തിൽ കാട്ടാനയുെട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കക്കയത്ത് സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുേമ്പാൾ കാട്ടുപോത്തിന്റെ ആക്രമണത്തിനിരയായ എബ്രഹാമിന്റേതാണ് രണ്ടാമത്തെ മരണം. അതേ ദിവസംതന്നെ അടൂരിൽ കാട്ടുപന്നി ഒാടിച്ച വീട്ടമ്മ പൊട്ടക്കിണറ്റിൽ വീണ് 22 മണിക്കൂർ കഴിയേണ്ടിവന്ന വാർത്തയും ഉണ്ട്.
വനവുമായി ചേർന്ന മേഖലകളിൽ വന്യജീവി ആക്രമണത്തിന്റെ വാർത്ത അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. ആക്രമിക്കപ്പെടുമെന്ന അവസ്ഥയിൽ കഴിയുന്ന ജനങ്ങളോടാണ് നമ്മൾ െഎക്യപ്പെടേണ്ടത്. ജീവനും സ്വത്തിനും സംരക്ഷണം ഏതൊരു വ്യക്തിയുടെയും അവകാശമാണ്. അതേസമയംതന്നെ ഒട്ടും ലളിതമല്ലാത്ത ഇൗ വിഷയത്തെ ശാസ്ത്രീയമായി സമൂഹവും ഭരണകൂടവും സമീപിക്കേണ്ടതുണ്ട്. വൈകാരിക വിക്ഷോഭങ്ങളല്ല ഗുണകരം.
വന്യജീവി ആക്രമണം പെരുകിയതിനെപ്പറ്റി വ്യത്യസ്തമായ വീക്ഷണങ്ങൾ നിലവിലുണ്ട്. വേനൽക്കാലമായതിനാൽ ആഹാരവും വെള്ളവും തേടി വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു എന്നതാണ് ഒരു വീക്ഷണം. അതല്ല, വനത്തിൽ വന്യജീവികൾ നിയന്ത്രണാതീതമായി പെരുകി എന്നതാണ് മറ്റൊരു വാദം. വനത്തിലെ വേട്ട നിരോധിച്ചതിനെപോലും കുറ്റപ്പെടുത്തുന്നുണ്ട് ചിലർ. സ്വാഭാവിക വനം വെട്ടിവെളുപ്പിച്ച് തോട്ടങ്ങൾ സൃഷ്ടിച്ചതിനാൽ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും ഇല്ലാതായി എന്ന് പരിസ്ഥിതിപ്രവർത്തകർ വാദിക്കുന്നു. മനുഷ്യരുടെ കാട് കൈയേറ്റത്തെ കുറ്റപ്പെടുത്തുന്നവരും കുറവല്ല.
ഇവിടെ വേണ്ടത് ശാസ്ത്രീയമായ അന്വേഷണവും പ്രതിവിധിയുമാണ്. വനത്തിൽ ജീവികൾ പെരുകിയോ എന്നും അങ്ങനെയാണെങ്കിൽ അതിനെ എങ്ങനെയൊക്കെ നിയന്ത്രിക്കാമെന്നും അന്വേഷിക്കണം. നമ്മുടെ വനത്തോടും അവിടത്തെ ആവാസവ്യവസ്ഥയോടുമുള്ള ഇടപെടൽ എന്തായിരുന്നുവെന്ന് പുനർവിശകലനം ചെയ്ത് നടപടികൾ കൈക്കൊള്ളണം. ഇനിയും ആൾനഷ്ടത്തിന്റെ വാർത്തകളല്ല ഉണ്ടാവേണ്ടത്. ആൾനഷ്ടവും നാശവും ഒഴിവാക്കാൻ സർക്കാറും പരിസ്ഥിതിപ്രവർത്തകരും ഇപ്പോഴെങ്കിലും ഒന്നിച്ച് ഉചിതമായ നടപടി ൈകക്കൊള്ളണം. ഒാരോ നഷ്ടവും വലുതാണ് എന്ന് ഒാർമവേണം.