ഇനിയെങ്കിലും നിർത്തിക്കൂടേ ഗസ്സയിലെ കൂട്ടക്കൊല
‘‘ഗസ്സയിലിപ്പോൾ കുടിവെള്ളേത്തക്കാൾ ചോരയാണൊഴുകുന്നത്.’’ ഇത് സോഷ്യൽ മീഡിയയിലെ കേവലമൊരു പോസ്റ്റല്ല. നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്തയത്ര ഭീകരമായ അതിക്രമങ്ങളാണ് സയണിസ്റ്റുകൾ അമേരിക്കൻ പിന്തുണയോടെ ചെറുദേശമായ ഫലസ്തീനുമേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ‘തുടക്ക’മെഴുതുന്ന ദിവസം, ഒക്ടോബർ 7ന് ശേഷം ഇസ്രായേൽ നടത്തുന്ന അധിനിവേശ ആക്രമണത്തിൽ മാത്രം ഇതുവരെ 32,916 ഫലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നും 75,494 പേർക്ക് പരിക്കേറ്റുെവന്നും ‘അൽജസീറ’ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച ലോകം കണ്ടത് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സമാനതകളില്ലാത്ത നിഷ്ഠുരതകളാണ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫയും പരിസരത്തെ കെട്ടിടങ്ങളും ഇസ്രായേൽ സേന തകർത്തു തരിപ്പണമാക്കി. കവചിത വാഹനങ്ങളുടെ പിന്തുണയോടെ രണ്ടാഴ്ച നീണ്ട സൈനിക അതിക്രമം മാർച്ച് 31നാണ് അവസാനിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സ മുടക്കിയതിനെ തുടർന്ന് നിരവധി രോഗികൾ മരിച്ചിരുന്നു. കൂട്ടിരിപ്പുകാരായും അഭയാർഥികളായും അകത്തുണ്ടായിരുന്ന 200ലേറെ പേരെ സൈന്യം കൊലപ്പെടുത്തി. നൂറുകണക്കിന് മൃതദേഹങ്ങൾ പലയിടങ്ങളിലായി അനാഥമായി കിടക്കുകയാണെന്ന് ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു. അതായത്, ഗസ്സയിൽ ചികിത്സക്കുള്ള അവസാന കേന്ദ്രവും സയണിസ്റ്റുകൾ ഇല്ലാതാക്കിയെന്ന് ചുരുക്കം.
ഇതിനിടയിൽ ഗസ്സയിൽ പട്ടിണികിടക്കുന്ന ഫലസ്തീനികൾക്ക് ഭക്ഷണമെത്തിക്കാൻ പുറപ്പെട്ട അന്താരാഷ്ട്ര സംഘത്തെ ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തി. മധ്യ ഗസ്സയിലെ ദെയ്ർ അൽബലഹിലെ സംഭരണകേന്ദ്രത്തിൽ അഞ്ചു ലക്ഷം ഭക്ഷ്യ പാക്കറ്റുകൾക്കാവശ്യമായ 100 ടണ്ണിലേറെ സഹായവസ്തുക്കൾ ഇറക്കിയശേഷം മടങ്ങുന്നതിനിടെ ഏപ്രിൽ 1ന് ൈവകീട്ടാണ് സൈന്യം ഇവർക്കുമേൽ ബോംബു വർഷിച്ചത്. വേൾഡ് സെൻട്രൽ കിച്ചൻ എന്ന സന്നദ്ധസംഘടനയുടെ ഭാഗമായ ഫലസ്തീനിയും ആസ്ട്രേലിയ, പോളണ്ട്, ബ്രിട്ടൻ, യു.എസ്, കാനഡ പൗരത്വമുള്ളവരുമാണ് കൊല്ലപ്പെട്ടവർ.
സംഭവത്തിനു പിന്നാലെ ഗസ്സയിൽ പ്രവർത്തനം നിർത്തിവെക്കുകയാണെന്ന് സന്നദ്ധ സംഘടന അറിയിച്ചു. ഭക്ഷ്യസഹായം എത്തിച്ച മറ്റൊരു സന്നദ്ധസംഘടനയായ അമേരിക്കൻ നിയർ ഈസ്റ്റ് െറഫ്യൂജി എയ്ഡും ഗസ്സയിൽ സേവനം നിർത്തിവെക്കുന്നതായി അറിയിച്ചു. ഗസ്സയെ വൻ പട്ടിണിമരണ ദുരന്തത്തിലേക്ക് തള്ളിവിടുന്നതാണ് പുതിയ സംഭവവികാസം. സന്നദ്ധപ്രവർത്തകരെ കൊലപ്പെടുത്തിയ ക്രൂരതയിൽ ലോകരാഷ്ട്രങ്ങൾ നടുക്കം രേഖപ്പെടുത്തി. ഗസ്സയിൽ ഇതുവരെ 196 സന്നദ്ധപ്രവർത്തകരെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, യുദ്ധത്തിൽ ഇതൊക്കെ സംഭവിക്കാമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ന്യായീകരണം. ഇപ്പോൾ ഇസ്രായേൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത് ലളിതമായി പറഞ്ഞാൽ ആറു കാര്യങ്ങളാണ്: 1. ഫലസ്തീൻ അധിനിവേശം, 2. ഫലസ്തീനികളെ കൊന്നൊടുക്കൽ, 3. പട്ടിണിമരണത്തിന് ഒരു ജനതയെ വിധേയമാക്കൽ, 4. ചികിത്സക്കുള്ള സംവിധാനം പൂർണമായി ഇല്ലാതാക്കൽ, 5. അന്താരാഷ്ട്ര സഹായവും പിന്തുണയും ഫലസ്തീൻ ജനതക്ക് പൂർണമായി നിഷേധിക്കൽ, 6. ഭൂമുഖത്തുനിന്ന് ഫലസ്തീൻ എന്ന മേഖലതന്നെ തുടച്ചുനീക്കൽ. യുദ്ധത്തിൽ പാലിക്കേണ്ട അന്താരാഷ്ട്ര തത്ത്വങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് ഇസ്രായേലിന്റെ ഇൗ യുദ്ധകുറ്റകൃത്യങ്ങൾ എല്ലാം അരങ്ങേറുന്നത്.
അടിയന്തരമായി ലോകം ഇൗ കൂട്ടക്കൊലകൾ നിർത്താൻ ഇസ്രായേലിനോട്, സയണിസ്റ്റ് ഭീകരരോട് പറയേണ്ടതുണ്ട് –ശബ്ദങ്ങൾ എത്ര നേർത്തതായാലും.