വെറുപ്പിന്റെ കൂലംകുത്തൽ
രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ 2024ലെ പൊതു തെരഞ്ഞെടുപ്പ് അറിയപ്പെടുക വർഗീയത ഏറ്റവും അധികം കെട്ടഴിച്ചുവിട്ട പോരാട്ടമായാണ്. മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളിലും വർഗീയതയും മതസ്പർധയും പ്രധാന വിഷയമായിരുന്നു. എന്നാൽ, അതിനെയെല്ലാം ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറികടന്നിരിക്കുന്നു. തുറന്നരൂപത്തിലുള്ള വർഗീയത അതിന്റെ പാരമ്യത്തിലാണിപ്പോൾ. ഇനിയും നാലുഘട്ട തെരഞ്ഞെടുപ്പ് ബാക്കിയുള്ളപ്പോഴാണീ അവസ്ഥ.
തെരഞ്ഞെടുപ്പിൽ അടിസ്ഥാന വിഷയങ്ങളാകേണ്ടിയിരുന്നത് അഴിമതി, കെടുകാര്യസ്ഥത, പൗരത്വ നിയമം, ജാതി സെൻസസ്, സാമ്പത്തിക സ്വാശ്രിതത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളാണ്. എന്നാൽ, അവ ഒന്നിനെപ്പറ്റിയും ഗുണകരമായ ചർച്ചകൾ നടന്നില്ല. പകരം വെറുപ്പ് പടർത്തുക, വെറുപ്പിന്റെ വിളവെടുപ്പ് നടത്തുക എന്നതിനാണ് ഹിന്ദുത്വവാദികൾ മുഖ്യമായി ശ്രമിച്ചത്. അതിന് പിന്നിലായി മറ്റ് എല്ലാ പാർട്ടികളും.
400 സീറ്റുകൾ ജയിച്ച് അധികാരം മൂന്നാമതും നിലനിർത്തുമെന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു തൊട്ടുമുമ്പുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുത്വ സംഘവും വാദിച്ചിരുന്നത്. എന്നാൽ, ഇൻഡ്യ മുന്നണി രൂപപ്പെട്ടതും ചടുലമായ നീക്കം നടത്തിയതും മോദിസംഘത്തിന് പ്രശ്നമായി. വിജയം കൈവിടുമെന്ന തോന്നലിൽ വിറളിപിടിച്ച രീതിയിലാണ് ഇപ്പോൾ മോദിയും മറ്റും പ്രവർത്തിക്കുന്നത്. കഴിയുന്നത്ര മുസ്ലിംവിരുദ്ധത ഇളക്കിവിട്ട് വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള പ്രസംഗങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മോദിയും യോഗി ആദിത്യനാഥും നടത്തിക്കൊണ്ടിരിക്കുന്നത്.
മുസ്ലിം വെറുപ്പിലൂടെ ഹിന്ദുവോട്ടുകൾ ഒന്നിപ്പിക്കുകയും ഉത്തരേന്ത്യയിൽ വിജയം സാധ്യമാക്കുകയുമാണ് തന്ത്രം. അതിന് നുണകളും ഉൗഹാപോഹങ്ങളും നന്നായി പ്രചരിപ്പിക്കുന്നു. മോദിയുടെ വാദങ്ങളുടെ കാമ്പ് ഇതാണ്: 1. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാരും കുട്ടികളെ പെറ്റുകൂട്ടുന്നവരുമായ സമുദായക്കാർക്ക് കോൺഗ്രസ് പതിച്ചുകൊടുക്കാൻ പോവുന്നു, 2. പട്ടികജാതി-പട്ടികവർഗങ്ങളുടെ സംവരണാനുകൂല്യങ്ങൾ മുസ്ലിംകൾക്ക് വീതിച്ചുനൽകാൻ തീരുമാനിച്ചിരിക്കുന്നു, 3. കോൺഗ്രസ് മുസ്ലിം ലീഗിന്റെയും പാകിസ്താന്റെയും ഭാഷയിൽ സംസാരിക്കുന്നു. മോദി ഒന്നുകൂടി പറയുന്നു: മുസ്ലിംകൾക്ക് സംവരണം ഞാൻ ജീവിച്ചിരിക്കുേമ്പാൾ നടക്കില്ല.
ജനാധിപത്യവാദികളും മതേതരവാദികളും ന്യൂനപക്ഷ വിഭാഗങ്ങളുമെല്ലാം രാജ്യം സ്ഥാപിക്കപ്പെട്ട മൂല്യങ്ങൾക്കു മേൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്നു. അത് തങ്ങൾക്ക് എതിരാവുമെന്ന് മോദിക്ക് അറിയാം. അതിനെ മറികടക്കാനാണ് ജനത്തെ ഹിന്ദുവെന്നും മുസ്ലിമെന്നും വിഭജിക്കാനുള്ള നീക്കം.
ഇന്ത്യ ഭരണഘടനാപരമായിത്തന്നെ ഹിന്ദുരാഷ്ട്രവും രാമരാജ്യവുമായി മാറേണ്ടതുണ്ടോ എന്ന നിർണായക ചോദ്യത്തിന് മുസ്ലിംകൾ അടക്കമുള്ള ജനാധിപത്യസമൂഹം തീർച്ചയായും ശരിയായ ഉത്തരം നൽകുമെന്ന് സംഘ്പരിവാറുകാർ മനസ്സിലാക്കിയിരിക്കുന്നു. അതിനാലാണ് ഇൗ വിഷംചീറ്റലുകൾ. ഇനിയുള്ള ദിവസങ്ങളിൽ വെറുപ്പ് കൂടുതൽ തീവ്രമായി, വ്യാപകമായി അവർ പ്രചരിപ്പിക്കും. കരുതിയിരിക്കുക.