പഠനത്തിന് അവസരം നിഷേധിക്കരുത്
കേരളത്തിലെ പത്താം ക്ലാസ് പരീക്ഷാഫലം വന്നതോെട രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയുടെ ഹൃദയമിടിപ്പ് പതിവുപോലെ ഇത്തവണയും മുറുകുകയാണ്. പ്രത്യേകിച്ച് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ. പ്ലസ് വൺ പഠനത്തിന് മതിയായ സീറ്റുകളും ബാച്ചുകളുമില്ലെന്നതാണ് പ്രധാന പ്രതിസന്ധി. വിദ്യാർഥികളുടെ അനുപാതത്തിനനുസരിച്ച് പ്ലസ് വൺ സീറ്റുകൾ ഈ ജില്ലകളിലില്ല. അതായത്, പത്താംതരം പാസായവരുടെ തുടർപഠനം പലതരത്തിൽ മുടങ്ങുന്ന അവസ്ഥ.
യഥാർഥത്തിൽ വിദ്യാർഥികൾക്ക് ആനുപാതികമായി വടക്കൻ ജില്ലകളിൽ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ചെയ്യാതെ ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളിൽ കുട്ടികളെ കുത്തിനിറച്ച ‘ജംബോ ബാച്ചു’കൾ അനുവദിച്ച് താൽക്കാലികമായി പ്രതിസന്ധി മറികടക്കാനാണ് സർക്കാറിന്റെ ശ്രമം. പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിലും തിരുവനന്തപുരം ജില്ലയിലും 65 കുട്ടികൾക്ക് വരെ പ്രവേശനം നൽകാനാണ് പദ്ധതി. സർക്കാർ സ്കൂളുകളിലെ ബാച്ചുകളിൽ 30 ശതമാനം സീറ്റും (15 സീറ്റ്) എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റും (10 സീറ്റ്) വർധിപ്പിക്കും.
ഫലത്തിൽ, സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കുന്നതോടെ 50 കുട്ടികൾ പഠിക്കേണ്ട ബാച്ചുകളിൽ 65 പേരും എയ്ഡഡിൽ 20 ശതമാനം സീറ്റ് വർധനയിലൂടെ 60 കുട്ടികളും പഠിക്കേണ്ടിവരും. കൂടാതെ, പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് അധിക സീറ്റ് കൂടി അനുവദിക്കുന്നതോടെ ബാച്ചുകളിൽ 70 വരെ കുട്ടികളായി മാറും.
ശാസ്ത്രീയ സമീപനം ഇല്ലാതെയാണ് സർക്കാർ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. പി.ഒ.ജെ. ലബ്ബ കമ്മിറ്റിയും കാർത്തികേയൻ നായർ കമ്മിറ്റിയും ബാച്ചുകളിൽ കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കരുതെന്ന് ശിപാർശ ചെയ്തിരുന്നു. ബാച്ചിൽ 40 കുട്ടികളെയാണ് ലബ്ബ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഇത് 50 ആക്കി 2015ൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എന്നാൽ, ഒരിക്കൽപോലും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽ ഈ വർഷം സർക്കാർ, എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ പ്ലസ് വൺ സീറ്റിനെക്കാൾ 40,840 വിദ്യാർഥികൾ അധികമായി എസ്.എസ്.എൽ.സി വിജയിച്ചിട്ടുണ്ട്. ഇതിൽ 20,040 വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ ഇതര സിലബസിലുള്ള അപേക്ഷകർകൂടി വരുന്നതോടെ ഈ ജില്ലകളിൽ അരലക്ഷത്തോളം പേർക്കെങ്കിലും സീറ്റുണ്ടാകില്ല.
മലബാർ മേഖലക്കു പുറത്ത് സ്ഥിതി വ്യത്യസ്തമാണ്. 25ൽ താഴെ കുട്ടികളുമായി സർക്കാർ ശമ്പളം കൊടുത്ത് സ്ഥിരം അധ്യാപകരുമായി പ്രവർത്തിക്കുന്ന 129 ബാച്ചുകളുണ്ടെന്നതാണ് വാസ്തവം. ഇതിൽ 105 എണ്ണം സർക്കാർ സ്കൂളുകളിലാണ്. ഈ ബാച്ചുകൾ സീറ്റില്ലാത്ത മേഖലകളിലേക്ക് മാറ്റിയാൽ സീറ്റ് ക്ഷാമത്തിന് അൽപമെങ്കിലും കുറവുവരുത്താൻ കഴിയും. ബാച്ച് വർധിപ്പിക്കുന്നതിന് പകരം പരിമിതികളുെട െകട്ടാണ് സർക്കാർ പുറത്തുവിടുന്നത്. കണക്കുകളുടെ സാങ്കേതികതയിൽ പിടിച്ചുനിന്ന് പ്രശ്നത്തെ മറികടക്കാനാണ് നീക്കം. ഇവിടെ വേണ്ടത് പ്രായോഗികവും ശാസ്ത്രീയവുമായ സമീപനമാണ്. വിദ്യാർഥികളുടെ തുടർപഠനത്തിന് തടസ്സം വരരുത്. വിദ്യാഭ്യാസനിഷേധം ഒരു തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്ന് സർക്കാറും ജനവും തിരിച്ചറിയണം.