നദിക്കൊല
സ്വാഭാവികമെന്ന മട്ടിൽ കൊച്ചി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനം ഉൾക്കൊണ്ട വാർത്തയാണ് മേയ് 20ന് രാത്രിയിലുണ്ടായ ‘മത്സ്യക്കുരുതി’. പെരിയാറിൽ രാസമാലിന്യം തുറന്നുവിട്ടതിനെ തുടർന്ന് വരാപ്പുഴ, കോതാട്, ചേന്നൂർ എന്നിവിടങ്ങളിലെല്ലാം മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മാത്രം‘മത്സ്യക്കുരുതി’യുടെ നാനൂറിലേറെ വാർത്തകൾ കേട്ടവർക്ക് ഇതൊരു പതിവുസംഭവം മാത്രം. അത്ഭുതമില്ല.
ശക്തമായ മഴയുടെയും ഒഴുക്കിന്റെയും മറവിൽ ഏലൂരിലെ വ്യവസായശാലകളിൽനിന്ന് രാസമാലിന്യം ഒഴുക്കിവിട്ടതാണ് മത്സ്യം ചത്തുപൊങ്ങാൻ ഇടയായത്. പെരിയാറിന്റെ കൈവഴികളിലും തോടുകളിലും ചില പ്രത്യേക മേഖലകളിലുമാണ് മുമ്പ് മീനുകൾ ചത്തുപൊങ്ങിയിരുന്നത്. എന്നാൽ, ഇത്തവണയാണ് പെരിയാറിൽ വ്യാപകമായ നാശമുണ്ടായത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി, സ്വീകരിക്കാൻ കലക്ടർ എൻ.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. വിശദമായി അന്വേഷിക്കാൻ ഫോർട്ട്കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായം, ആരോഗ്യം, വാട്ടർ അതോറിറ്റി, ഫിഷറീസ് വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചിട്ടുമുണ്ട്. കമ്മിറ്റി ഒരാഴ്ചക്കകം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
മഴമൂലം പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രാഥമിക നിഗമനം. യഥാർഥത്തിൽ പെരിയാറിനെ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നോക്കുകുത്തിയാണെന്ന ആരോപണം വളരെ മുന്നേയുണ്ട്. പെരിയാറിൽ രാസമാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കാര്യമായ ഒരു നടപടിയും ഇതുവരെ ബോർഡ് സ്വീകരിച്ചിട്ടില്ല. പലപ്പോഴും വമ്പൻ സ്രാവുകൾക്കു മുന്നിൽ പകക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.
വാസ്തവത്തിൽ ‘മത്സ്യക്കുരുതി’ മാത്രമല്ല നടന്നിട്ടുള്ളത്. ഒരു നദിയെ നിഷ്ഠുരമായി കൊല്ലുകയാണ് ചെയ്തിട്ടുള്ളത്. നദിയിൽ മത്സ്യം മാത്രമല്ല ഉള്ളത്. അത് ഒരു ആവാസവ്യവസ്ഥയാണ്. നദിക്ക് പുറത്ത് നദിയെ പലവിധത്തിൽ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരും ജീവികളുമുണ്ട്. ഈ വ്യവസ്ഥയെയാണ് ഇല്ലാതാക്കുന്നത്. വിഷയത്തെ സമഗ്രതയിൽ കാണാനാവാത്തതുകൊണ്ടാണ് കേവലം മത്സ്യക്കുരുതിയായി സംഭവം ഒതുങ്ങുന്നത്.
ഒരു നദിയെ, അതിന്റെ ആവാസവ്യവസ്ഥയെ എങ്ങനെയാണ് കമ്പനികൾ കൊലചെയ്യുന്നതെന്ന് മാധ്യമം ആഴ്ചപ്പതിപ്പടക്കം പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇപ്പോഴത്തേത് കേവലം മത്സ്യക്കുരുതിയുടെ വിഷയമായി ഒതുങ്ങരുത്. ഇത് ഒരു നദിയെയും അതിന്റെ മഹത്തായ ആവാസവ്യവസ്ഥയെയും രക്ഷിക്കേണ്ട വിഷയമാണ്. ഇടപെടൽ ഇനിയും വൈകിക്കൂടാ.