Begin typing your search above and press return to search.
proflie-avatar
Login

കാ​ഫ്​​ക​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ

Kafka
cancel

ചു​റ്റു​മു​ള്ള​ത്​ ഒ​ന്നും നി​ങ്ങ​ളു​ടെ വി​ഷ​യ​മ​ല്ലെ​ന്ന തോ​ന്ന​ലി​ൽ നി​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്കുത​ന്നെ ത​ല​യാ​ഴ്​​ത്തി​യാ​ണോ ഇ​രി​ക്കു​ന്ന​ത്​? ലോ​ക​ത്ത്​ ഒാ​രോ നി​മി​ഷ​വും ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ, ക​വ​ർ​ച്ച​ക​ൾ, യു​ദ്ധ​ങ്ങ​ൾ, കൂ​ട്ട​ക്കൊ​ല​ക​ൾ, ഭ​ര​ണ​കൂ​ട വേ​ട്ട​ക​ൾ, മ​ർ​ദ​ന​ങ്ങ​ൾ ഒ​ന്നും നി​ങ്ങ​ളെ സ്​​പ​ർ​ശി​ക്കു​ന്നി​​ല്ലേ? എന്നാൽ, സം​ശ​യി​ക്കേ​ണ്ട നി​ങ്ങ​ൾ കാ​ഫ്​​ക​യു​ടെ ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ്.

നിഗൂഢവും എന്നാൽ പ്രവചനാത്മകവുമായ ലോക​​െത്ത ആവിഷ്‍കരിച്ച് കാഫ്ക വിടവാങ്ങിയിട്ട് ഒരു നൂറ്റാണ്ടാകുന്നു.വളരെ കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, ഇൗ ​ല​ക്കം ആ​ഴ്​​ച​പ്പ​തി​പ്പ്​ നി​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ത്തു​ന്ന ദി​വ​സം, ജൂ​ൺ 3ന്, ​ഒ​രു നൂ​റ്റാ​ണ്ടു മു​മ്പാ​ണ്​ കാ​ഫ്​​ക​യു​ടെ വി​യോ​ഗം. പ​ക്ഷേ, കാ​ഫ്​​ക ര​ച​ന​ക​ളി​ലൂ​ടെ വ​ര​ച്ചി​ട്ട, പ്ര​വ​ചി​ച്ച ലോ​ക​ത്താ​ണ്​ ന​മ്മ​ൾ ഇ​പ്പോ​ൾ. അ​നു​ദി​നം ന​മ്മ​ൾ ഒ​രു കാ​ഫ്​​ക​യു​ടെ ക​ഥാ​പാ​ത്ര​മാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചും അ​ല്ലാ​തെ​യും ക​ഴി​യു​ന്നു.

‘കാ​ഫ്​​ക ലാ​ൻ​ഡ്​’​ എ​ന്നൊ​രു സം​ജ്ഞകൂ​ടി​യു​ണ്ട്. ‘വി​ചാ​ര​ണ’ അ​ട​ക്ക​മു​ള്ള പ​ല കൃ​തി​ക​ളി​ലും കാ​ഫ്ക ഭ​യാ​ന​ക​വും എ​ന്നാ​ൽ അ​യഥാ​ർ​ഥമെ​ന്ന് തോ​ന്നി​ക്കു​ന്ന​തു​മാ​യ ഒ​രു നി​ഗൂ​ഢ​ലോ​കം സൃ​ഷ്ട‌ി​ച്ചി​ട്ടു​ണ്ട്. മി​ക്ക​പ്പോ​ഴും ഈ ​ഭൂ​മി​ക നി​ല​വി​ലെ ലോ​ക​ത്തി​ന്റെ ഇ​രു​ണ്ട​തും ഭീ​തി​ദ​വു​മാ​യ പ​ക​ർ​പ്പാണ്. ​അ​വി​ടെ നീ​തി​ക്കും യു​ക്തി​ക്കും ഇ​ടം ഇ​ല്ലാ​താ​കു​ന്നു. ‘വി​ചാ​ര​ണ’ എ​ന്ന നോ​വ​ൽ തു​ട​ങ്ങു​ന്ന​ത് ഒ​രു ബാ​ങ്കി​ന്റെ ചീ​ഫ് കാഷ്യറാ​യ ജോ​സ​ഫ് കെ.​കെ​യെ ത​ന്റെ മു​പ്പ​താം ജ​ന്മ​വാ​ർ​ഷി​ക​ ദി​ന​ത്തി​ൽ അ​ജ്ഞാ​ത​രാ​യ ര​ണ്ട് ഏ​ജ​ന്റു​മാ​ർ അ​ദൃ​ശ്യ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ്യ​ക്ത​മ​ല്ലാ​ത്ത കു​റ്റ​ത്തി​ന് പി​ടികൂ​ടി ത​ട​വി​ലാ​ക്കു​ന്ന​തോ​ടെ​യാ​ണ്.

ഇ​നി​യും കാ​ഫ്​​ക ലാ​ൻ​ഡ്​ എ​ന്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി​ല്ലെ​ങ്കി​ൽ വ്യ​ക്തമാ​ക്കാം –ന​മ്മ​ൾ ജീ​വി​ക്കു​ന്ന ലോ​കംത​ന്നെ​യാ​ണ​ത്. ഫ​ല​സ്​​തീ​നി​ലെ റ​ഫ​യി​ൽ അ​ര​ങ്ങേ​റു​ന്ന കൂ​ട്ട​ക്കൊ​ല​യി​ല്ലേ? ആ ​റ​ഫ​യും ഇ​സ്രായേ​ൽ ഭരണാധികാരവും ​ സ​ത്യ​ത്തി​ൽ കാ​ഫ്​​ക ലാ​ൻ​ഡി​ന്റെ ര​ണ്ട്​ അ​റ്റ​ങ്ങ​ളാ​ണ്. വെ​റു​പ്പി​ന്റെ, അ​ന്യമ​ത വി​ദ്വേ​ഷ​ത്തി​ന്റെയും വി​ഷംചീ​റ്റു​ന്ന നാ​വു​ക​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​ന്നെ എ​ടു​ത്തു​പ​യോ​ഗി​ക്കുന്ന, ഭ​ക്ഷ​ണ​ത്തി​ന്റെയും വ​സ്​​ത്ര​ത്തി​ന്റെയും പേ​രി​ൽ നി​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ൻ, അ​യ​ൽ​വാ​സി ആ​ക്ര​മി​ക്കു​ന്ന നാ​ടും മ​റ്റൊ​രു കാ​ഫ്​​ക​ ലാ​ൻ​ഡാ​ണ്. എ​ന്നി​ട്ടും നി​ശ്ശബ്​​ദ​രാ​യി​രി​ക്കാ​ൻ കാ​ണി​ക്കു​ന്ന അ​തി​ശു​ഷ്​​കാ​ന്തി​യു​ണ്ട​ല്ലോ അ​താ​ണ്​ കാ​ഫ്​​ക ലാ​ൻ​ഡി​ന്റെ ​പൊ​തു പ്ര​വ​ണ​ത.

കാ​ഫ്​​ക വി​വ​രി​ക്കു​ന്ന ലോ​ക​ത്തി​ലാ​ണ്​ ഭ​ര​ണ​കൂ​ട വേ​ട്ട​ക​ൾ ദി​വ​സ​വും അ​ര​ങ്ങേ​റു​ന്ന​ത്. ‘വി​ചാ​ര​ണ’ എ​ന്ന പു​സ്​​ത​ക​ത്തി​ലേ​തി​ന്​ സ​മാ​ന​മാ​ണ്​ രാ​ജ്യ​ത്ത്​ ന​ട​ന്ന പ​ല അ​റ​സ്​​റ്റു​ക​ളും. ഭീമ ​കൊ​റേ​ഗാ​വ്​ കേ​സി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രും ഉ​മ​ർ ഖാ​ലി​ദു​മെ​ല്ലാം ജോ​സ​ഫ്​ ​കെ​യു​ടെ തു​ട​ർ​ച്ച​ത​ന്നെ​യാ​ണ്. ‘ദ കാസിൽ’ എ​​ന്ന നോ​​വ​​ലി​​ൽ അ​​ധി​​കാ​​ര​​ത്തി​​ന്റെ​​യും ആ​​ധി​​പ​​ത്യ​​ത്തി​​ന്റെ​​യും വ​​ഴി​ക​ൾ കാ​ഫ്​​ക വ​ര​ച്ചി​ടു​ന്നു. അ​ത്​ ന​മ്മ​ളെ വ​ന്നു തൊ​ടു​ന്നു. അ​ധി​കാ​ര​ത്തി​ന്റെ ധാർഷ്​ട്യങ്ങൾ നിശ്ശബ്​ദം സഹിച്ച്​, അനീതികൾക്ക് വിധേയരായി നിലകൊള്ളുന്നു. കാഫ്​കയുടെ രചനകളിൽ പ്രകടമായ പ്രത്യാശയുടെയും ഉയിർത്തെഴുന്നേൽപി​ന്റെയും സൂചനകൾ കൂടിയുണ്ട്​. അവിടേക്കാണ്​ മറ്റൊരർഥത്തിൽ നമുക്ക്​ നീങ്ങേണ്ടത്​. കാഫ്​ക ശ്രമിക്കുന്നതും ത​ന്റെ വായനക്കാരെ ആ പുതിയ ലോകത്തിലേക്ക്​ നീക്കാൻകൂടിയാണ്​. അവിടെ പരാജയപ്പെട്ടാൽ കാഫ്​ക ലാൻഡിൽ തന്നെ നമ്മൾ ഒടുങ്ങും.


Show More expand_more
News Summary - weekly thudakkam