Begin typing your search above and press return to search.
proflie-avatar
Login

മോദിയു​ടെ മൂന്നാമൂഴം

Narendra Modi
cancel

മൂന്നാം മോദി സർക്കാർ ജൂൺ ഒമ്പതിന് വർണപ്പകിട്ട് നിറഞ്ഞ ആഘോഷങ്ങളോടെ കേന്ദ്രത്തിൽ അധികാരമേറ്റു. രാജ്യത്തെ സംബന്ധിച്ച് പലവിധത്തിൽ നിർണായകമാണ് മോദിയുടെ മൂന്നാമൂഴം. അവകാശപ്പെട്ടതുപോലെ 400 സീറ്റുകളില്ലാതെയും, ശക്തമായ പ്രതിപക്ഷ സാന്നിധ്യത്തോടെയുമാണ് പുതിയ ഭരണദിനങ്ങൾ വരുക.

കാ​ബി​ന​റ്റ്​ റാ​ങ്കി​ൽ മു​പ്പ​തും സ്വ​ത​ന്ത്ര ചു​മ​ത​ല​യി​ൽ (സ​ഹ​മ​ന്ത്രി) അ​ഞ്ചും സ​ഹ​മ​ന്ത്രി​മാ​രാ​യി മു​പ്പ​ത്താ​റു​മ​ട​ക്കം 71 അം​ഗ ദേശീ​യ ജ​നാ​ധി​പ​ത്യ​ മു​ന്ന​ണി മ​ന്ത്രി​സ​ഭ​യാണ് അധികാരമേറ്റത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ച്ച്​ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​താ​ദ​ൾ-​യു​നൈ​റ്റ​ഡ്​ എ​ന്നീ പ്ര​മു​ഖ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​റാ​ണ്​ ഇനി ഇന്ത്യ ഭരിക്കുക. മോദിയെ സംബന്ധിച്ചും മുന്നണിയെ സംബന്ധിച്ചും കൂട്ടുകക്ഷി മ​ന്ത്രിസഭയെ മുന്നോട്ട​ുകൊണ്ടു​േപാകുക പലവിധത്തിൽ പ്രയാസമാണ്. പ്രതിപക്ഷ മുന്നണികളിലെ എം.പിമാരെ ചാക്കിട്ടുപിടിച്ചും ഭയപ്പെടുത്തിയും ഒക്കെ ഒപ്പം കൊണ്ടുവന്ന് തനിച്ച് ഭൂരിപക്ഷം ഉണ്ടാക്കാനാണ് മോദിയും സംഘവും ഇനി ശ്രമിക്കുക എന്നത് ഏറക്കുറെ ഉറപ്പാണ്.

ഏകാധിപതി ഭാവത്തിൽനിന്ന് കൂട്ടുകക്ഷി സർക്കാറിന്റെ തലവൻ എന്ന നിലയിലേക്ക് മോദിയുടെ ശരീരഭാഷ മാറിയത് സത്യ​പ്രതിജ്ഞാ ചടങ്ങിൽ വ്യക്തമായി. ഭരണഘടന തിരുത്താൻ ശ്രമിക്കുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞ മോദി ഭരണഘടന ഉയർത്തി തലകൊണ്ട് വന്ദിക്കുന്നതും കണ്ടു. ബി.​ജെ.​പി​യു​ടെ മു​സ്​​ലിം​വി​രു​ദ്ധ പ്ര​തി​ലോ​മ രാ​ഷ്ട്രീ​യ​ത്തെ അം​ഗീ​ക​രി​ക്കാ​ത്ത​വരാണ് കൂട്ടുകക്ഷി സർക്കാറിലെ ചന്ദ്രബാബു നായിഡുവും നീതിഷ്‍കുമാറും. ഈ ​വ​ർ​ഷം മ​ഹാ​രാ​ഷ്ട്ര, ഝാ​ർ​ഖ​ണ്ഡ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ടു​ത്ത വ​ർ​ഷമാദ്യം ഡ​ൽ​ഹി​യി​ലും ബി​ഹാ​റി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കും. അതിൽ വിജയിക്കുക ലക്ഷ്യമായതിനാൽ മോദിയും സംഘവും ബാക്ഫൂട്ടിൽ കളിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നല്ലപങ്കും കരുതുന്നത്. അ​ഗ്​​നി​വീ​ർ, ജാ​തി​ സെ​ൻ​സ​സ്, ഏ​ക​ സി​വി​ൽ കോ​ഡ്, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്, ആ​ന്ധ്ര​യും ബി​ഹാ​റും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ത്യേ​ക​ പ​ദ​വി തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഈ രണ്ടു കക്ഷികളെയും ശക്തമായ പ്രതിപക്ഷത്തെയും മുന്നിൽ വെച്ചുകൊണ്ട് മോദിക്ക് ഹിന്ദുത്വലൈനിൽ തുടരുകയും എളുപ്പമല്ല. ഈ വിഷയങ്ങളിൽ ഘടക കക്ഷികളെടുക്കുന്ന തീരുമാനം നിർണായകമാകും.

അതേസമയം തന്നെ ഇത് ബി.ജെ.പി സർക്കാറാണ് എന്ന് തെളിയിക്കാൻ മോദിയും സംഘവും തുടക്കംമുതലേ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്ര​മു​ഖ വ​കു​പ്പു​ക​ളും സ്പീ​ക്ക​ർ സ്ഥാ​ന​വും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്കൽ. മന്ത്രിസഭയിലെ പ്രമുഖ വകുപ്പുകൾ എല്ലാംതന്നെ ബി.ജെ.പി കൈയടക്കിയിട്ടുണ്ട്. മാത്രമല്ല, ഇതൊരു ഹിന്ദുത്വ സർക്കാറാണ് എന്ന് വ്യംഗ്യമായി പറയുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‍ലിം അംഗമില്ലാതെ ഒരു കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിൽ വരുന്നത്. മാത്രമല്ല, എൻ.ഡി.എ മുന്നണിയിൽ ഒരൊറ്റ മുസ്‍ലിം അംഗം പോലും ലോക്സഭയിലില്ല. ബി.​ജെ.​പി രാ​ജ്യ​ത്തു​ട​നീ​ളം ഒ​രേ​യൊ​രു മു​സ്​​ലി​മി​നെ​യാ​ണ്​ മ​ത്സ​രി​പ്പി​ച്ച​ത്​. മോദിയുടെ മുന്നിലെ വെല്ലുവിളികൾ രണ്ടാണ്. ഒന്ന് സർക്കാർ വഴി ഹിന്ദുത്വ രാഷ്ട്രം ശക്തിപ്പെടുത്തണം. ഒപ്പംതന്നെ കൂട്ടുകക്ഷികളെയും പ്രതിപക്ഷത്തെയും കൈകാര്യംചെയ്യണം. എളുപ്പമല്ല.

ഇതിനൊപ്പം മറ്റൊരു അപകടസാധ്യത ചിന്തകനും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് തെൽതുംബ്ഡെ​യെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്നാം മോദി സർക്കാർ അപകടം കുറഞ്ഞ സംവിധാനമാണെന്ന് കരുതുന്നത് അപകടമാണ് എന്നതാണ് അത്. അങ്ങനെ കരുതുന്ന ലാഘവത്തിന്റെ വഴികളിലൂടെ ഹിന്ദുത്വ കൂടുതൽ ശക്തമായി മുന്നേറും. അതിനാൽ, കൂടുതൽ വിശാലമായ ജാഗ്രതയോടെയുള്ള പ്രതിപക്ഷം കെട്ടിപ്പടുക്കുകതന്നെയാണ് ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കാനുള്ള വഴികൾ.


Show More expand_more
News Summary - weekly thudakkam