അപ്രഖ്യാപിത അടിയന്തരാവസ്ഥ
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക് എതിരെ നിഷ്ഠുരമായ യു.എ.പി.എ ചുമത്താൻ ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്സേന കഴിഞ്ഞയാഴ്ച അനുമതി നൽകി. രാജ്യം അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിലേക്ക് കടക്കുന്ന ഇൗ സമയത്ത് അരുന്ധതി റോയി നല്ലൊരു രൂപകവും െഎക്കണും അടയാളവുമായി ഇൗ ഭരണകൂട നടപടിയിലൂടെ മാറി.
ഇന്ദിര ഗാന്ധി 1975 ജൂൺ 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതൊരു പഴം പുരാണമല്ല. രാജ്യചരിത്രത്തിൽ എന്നും പ്രസക്തമാണ് ആ അധ്യായം. അടിയന്തരാവസ്ഥ ചില പാഠങ്ങൾ ഭരണകൂടത്തിനും ഭരണവർഗത്തിനും നൽകി. ഇനി നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തിലല്ലാതെ അടിയന്തരാവസ്ഥ ഭരണവർഗം പ്രഖ്യാപിക്കില്ല. അതിന്റെ ആവശ്യവും ഭരണകൂടത്തിനില്ല എന്നതാണ് വാസ്തവം. പകരം പരോക്ഷമായ അടിയന്തരാവസ്ഥ നടപ്പാക്കും. അടിയന്തരാവസ്ഥയേക്കാൾ എന്തുകൊണ്ടും ഭരണകൂടത്തിന് ‘നല്ലത്’ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഒരർഥത്തിൽ രാജ്യം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽകൂടിയാണ്. അതായത് 2024 എന്നുപറയുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അമ്പതുവർഷംകൂടി എന്നാണർഥം. ഇൗ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത വ്യക്തിയാണ് അരുന്ധതി റോയി.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് 2010ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസിലാണ് അരുന്ധതിക്കെതിരെ ഇപ്പോൾ നടപടി. അരുന്ധതി റോയിക്കൊപ്പം ജമ്മു-കശ്മീർ യൂനിവേഴ്സിറ്റിയിലെ മുൻ പ്രഫസർ ശൗഖത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ഡൽഹി ലെഫ്. ഗവർണറുടെ അനുമതി. വിഭാഗീയത സൃഷ്ടിക്കുന്നതും ദേശീയ ഐക്യത്തിന് ഹാനികരവുമായ പ്രസംഗങ്ങൾ ചെയ്തുവെന്നതാണ് ചുമത്തപ്പെട്ട കുറ്റം. കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ സംസാരിച്ചതാണ് പ്രശ്നം. സർക്കാറിനെതിരായ വിമർശനങ്ങൾ ഒരിക്കലും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ വരുകയില്ലെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വിധികൽപിച്ചിട്ടുണ്ട്. അതും ‘മറന്നുകൊണ്ടാണ്’ ഇൗ നടപടി. അതായത്, രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നർഥം. അതുതന്നെയാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒരു ലക്ഷണം.
വിമതശബ്ദം ഉയർത്തിയവരെ മുഴുവൻ വിചാരണകൂടാതെ ജയിലിലടക്കുന്നതാണ് 1975ലെ അടിയന്തരാവസ്ഥയിൽ കണ്ടത്. അതുതന്നെയാണ് നമ്മളിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. കുപ്രസിദ്ധമായ ഭീമ-കൊറേഗാവ് കേസിൽ മലയാളികളായ റോണ വിൽസൺ, ഹാനി ബാബു എന്നിവരുൾപ്പെടെ നിരവധി പേർ വർഷങ്ങളായി വിചാരണപോലും കൂടാതെ തടവറയിൽ കഴിയുന്നു. മാത്രമല്ല, ന്യൂനപക്ഷ രാഷ്ട്രീയം സംസാരിച്ച പലരും എൻ.െഎ.എ കോടതികളുടെ കനിവ് കാത്തുകഴിയുന്നു. കേരളത്തിലടക്കം രാജ്യത്ത് പലയിടത്തും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ഛത്തിസ്ഗഢിൽ വനമേഖലയിൽ ബോംബുകൾ വർഷിക്കുന്നു. വടക്കുകിഴക്കിനുൾപ്പെടെ നീതി നിഷേധിക്കപ്പെടുന്നു. നിയമംതന്നെ നോക്കുകുത്തിയാകുന്നത് ബാബരി മസ്ജിദ് കേസിലടക്കം കണ്ടു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. നേരിട്ടുള്ള അടിച്ചമർത്തൽ കൂടാതെ, പരോക്ഷമായും പത്രധ്വംസനം നടത്തുന്നു.
ഇൗ രാജ്യം സമഗ്രാധിപത്യത്തെയും ഫാഷിസത്തെയും ഒരിക്കലും അംഗീകരിക്കില്ല എന്നതാണ് ചരിത്രം. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തരാവസ്ഥകളെ വെച്ചുപൊറുപ്പിക്കില്ല. താൽക്കാലികമായി ഭരണകൂടം വിജയിച്ചേക്കാം. പക്ഷേ, ആത്യന്തികമായി പരാജയപ്പെടുകതന്നെ ചെയ്യും. ഒരണുവിലും ഫാഷിസത്തെ അംഗീകരിക്കരുത്, ഒരു തരിമ്പും വിട്ടുവീഴ്ചയും പാടില്ല. അമ്പതുവർഷം മുമ്പ് മഹത്തായ പോരാട്ടത്തിലൂടെ പ്രഖ്യാപിത അടിയന്തരാവസ്ഥയെ തോൽപിച്ചതിന്റെ പാഠങ്ങൾ ജനം ഉൾക്കൊള്ളണം. ആ പോരാട്ട പാരമ്പര്യത്തിൽ ഉറച്ചുനിന്നും അതിന്റെ ഉൗർജം ഉൾക്കൊണ്ടും വേണം ഇന്ത്യയിലെ ജനം മുന്നോട്ടുപോകേണ്ടത്. ഒാരോ ചെറിയ ചുവടും വിലപ്പെട്ടതാണ്. അരുന്ധതി റോയിക്കെതിരെയുള്ള ഭരണകൂട നീക്കത്തിനെതിരെ അണിനിരക്കുക എന്നതും അത്തരം ചെറിയ നീക്കമാവാം. എങ്കിലും അത് പ്രധാനമാണ്.