ജാതിക്കോളനികളിലെ ജീവിതം
കേരളത്തിലെ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ താമസകേന്ദ്രങ്ങളെ ‘കോളനി’, ‘ഊര്’, ‘സങ്കേതം’ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കാൻ ഉത്തരവിട്ടാണ് മന്ത്രി കെ. രാധാകൃഷ്ണൻ സംസ്ഥാന പട്ടികജാതി-വർഗ ക്ഷേമ വകുപ്പ് ഒഴിഞ്ഞത്. ലോക്സഭാംഗമായതിനാൽ മന്ത്രിപദം ഒഴിഞ്ഞ അദ്ദേഹത്തിന്റെ അവസാന ഉത്തരവ് വലിയ രീതിയിൽ ചർച്ചയായി. കോളനി എന്നതിന് പകരം ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ തുടങ്ങിയതോ പ്രാദേശികമായി അനുയോജ്യമെന്ന് കരുതുന്നതോ ആയ പേരുകൾ നൽകാനാണ് കെ. രാധാകൃഷ്ണൻ നിർദേശിച്ചത്.
കോളനി എന്ന പേര് അടിമത്തത്തെ സൂചിപ്പിക്കുന്നുവെന്നും താമസക്കാരിൽ അപകർഷബോധം സൃഷ്ടിക്കാൻ അത് ഇടവരുത്തുന്നുണ്ടെന്നും മന്ത്രി തുറന്നുപറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക അന്തസ്സ് ഉയർത്താനും സാമൂഹികബോധത്തെ കൂടുതൽ ജനാധിപത്യവത്കരിക്കാനുമുള്ള സംസ്ഥാന സർക്കാറിന്റെ സുചിന്തിത കാഴ്ചപ്പാടായാണ് ഇൗ തീരുമാനം വിശേഷിപ്പിക്കപ്പെട്ടത്. മന്ത്രിയുടെ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കണം. അതിൽ സംശയിക്കേണ്ടതില്ല. സാമൂഹികപരമായി, ഭാഷാപരമായി ഒക്കെ അധിക്ഷേപകരമല്ലാത്തതും അപകർഷത ദ്യോതിപ്പിക്കാത്തതുമായ ശരിയായ വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.
അങ്ങനെയൊക്കെയായിരിക്കുേമ്പാഴും ചില പ്രശ്നങ്ങൾകൂടി ഉത്തരവിലുണ്ട്. ആദിവാസി സമൂഹം തങ്ങളുടെ താമസകേന്ദ്രങ്ങളെ സ്വയം വിളിക്കുന്ന ‘ഉൗര്’ എന്ന പദം മാറ്റാനുള്ള നിർദേശം രാഷ്ട്രീയമായി തെറ്റാണ്. ആദിവാസി ജനസമൂഹങ്ങളിലേക്ക് മറ്റൊരു അധിനിവേശ ശക്തിയായി സവർണ മലയാളിബോധം മാറേണ്ടതില്ല. ‘കോളനി’ എന്ന പേര് അധിക്ഷേപമാകുന്നത് അത് ദലിത്-ആദിവാസി വിഭാഗങ്ങളുടേതാകുേമ്പാഴാണ് എന്ന സത്യവും തിരിച്ചറിയണം. മധ്യവർഗമോ സവർണരോ താമസിക്കുന്ന ഇടങ്ങൾക്ക് ‘കോളനി’ എന്ന പേര് അലങ്കാരവും അഭിമാനവുമാകുന്നുണ്ട് (ഉദാ: ജേണലിസ്റ്റ്സ് കോളനി). അതായത് ‘കോളനി’ എന്ന വിശേഷം കീഴാള ജനവിഭാഗങ്ങളുടെ ആവാസകേന്ദ്രമാകുേമ്പാഴാണ് അധിക്ഷേപകരമാകുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യം നമ്മളെ ജാതിയിലേക്കും കൂടുതൽ വലിയ ഉത്തരങ്ങളിലേക്കും നയിക്കും.
പേരുമാറ്റം സംഭവിച്ചാലും ‘കോളനി’കളിലെ അവസ്ഥ മാറുന്നില്ല. അടിസ്ഥാന വർഗ-ജാതി വിഭാഗങ്ങളുടെയും ദരിദ്രരുടെയും അപരവത്കരിക്കപ്പെട്ട സാമൂഹിക ഇടമാണ് കേരളത്തിലെ കോളനികൾ. 1920ൽ ദിവാൻ സർ ടി. വിജയരാഘവാചാര്യയുടെ കാലത്ത് ചാലക്കുടിയിൽ സ്ഥാപിതമായ ‘പുലയകോളനി’യിൽനിന്നാരംഭിക്കുന്നു കേരളത്തിലെ ജാതിക്കോളനി ചരിത്രം. 2008ൽ ‘കില’ നടത്തിയ പഠനത്തിൽ കേരളത്തിലെ 26,198 പട്ടികജാതി സങ്കേതങ്ങളിലായി 3,41,964 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇൗ സേങ്കതങ്ങൾ യഥാർഥത്തിൽ ‘ജാതിക്കോളനി’കളായി എന്തുകൊണ്ട് തുടരുന്നുെവന്നാണ് ആദ്യം ചോദിക്കേണ്ടത്. ആ അവസ്ഥയെ മാറ്റുന്നതാണ് യഥാർഥ ശരിയായ ചുവടുവെപ്പ്.
ഭൂമിയില്ലാത്ത അവസ്ഥയാണ് ഇൗ ജനങ്ങളെ കോളനികളിലെ ഇത്തിരിമാത്ര സ്ഥലത്തുതന്നെ കഴിയാൻ നിർബന്ധിക്കുന്ന ആദ്യകാരണം എന്ന് സുവ്യക്തം. അതായത് പ്രശ്നത്തിന്റെ തുടക്കം സ്വന്തമായി ഭൂമിയില്ലായ്മയിൽനിന്നാണ്. ഭൂപരിഷ്കരണത്തിനും 1970ൽ തുടങ്ങിയ പട്ടയമേളകൾക്കും വിവിധങ്ങളായ വീടു പദ്ധതികൾക്കും ശേഷം ഇൗ ജനതയെന്തുകൊണ്ട് ഭൂരഹിതരായി തുടരുന്നുവെന്ന് ചോദിക്കണം. കൊട്ടിഗ്ഘോഷിക്കുന്ന ‘കേരള മോഡൽ’ വികസനത്തിന്റെ അവകാശവാദങ്ങളെ നിലവിലെ കോളനി സംവിധാനം ചോദ്യംചെയ്യുന്നുണ്ട് എന്നും മനസ്സിലാക്കണം. ജാതി, ദാരിദ്ര്യം, പാർപ്പിടമില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ള ക്ഷാമം, ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത എന്നിങ്ങനെ വിവിധ വിഷയങ്ങൾ കോളനിയുമായി ചേർന്നുനിൽക്കുന്നു.
യഥാർഥത്തിൽ ഭരണകൂടം ആദ്യം ചെയ്യേണ്ടത് ജാതിക്കോളനികളിലെ സാമൂഹിക^സാമ്പത്തിക അവസ്ഥ കണ്ണുതുറന്നു കാണുകയാണ്. പിന്നെ എല്ലാ അർഥത്തിലും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കി അരികുവത്കരിക്കപ്പെട്ടവരെ മുഖ്യധാരയോട് കണ്ണിചേർക്കുകയാണ്. ഗെറ്റോകളായി, അപരവത്കരിക്കപ്പെട്ടവരുടെ ഇടമായി കോളനികൾ തുടരാൻ അനുവദിക്കരുത്. അതുവരെ പേരുമാറ്റം തൊലിപ്പുറ വിപ്ലവമായി തുടരും.