ശുഭവാർത്തകൾ വരുന്നുണ്ട്
ഈ വർഷം തുടങ്ങുമ്പോൾ ലോകക്രമത്തിന്റെ സ്വഭാവം പൊതുവിൽ നിരാശപ്പെടുത്തുന്നതായിരുന്നു. വൻകിട രാഷ്ട്രങ്ങൾ പലതിന്റെയും തലപ്പത്ത് തീവ്ര വലതുപക്ഷക്കാരും നവനാസികളും അപ്രമാദിത്വത്തോടെ ഭരിക്കുന്നതായിരുന്നു ഒരു കാഴ്ച. മറ്റു ചില രാജ്യങ്ങളിൽ ഇതേ സംഘം അധികാരത്തിലേക്ക് എത്തുമെന്ന ഭയപ്പെടുത്തുന്ന സ്ഥിതിയും നിലനിന്നു. ഇന്ത്യയിലാകട്ടെ പ്രതിപക്ഷം ഇല്ലാത്ത പരിതാപകരമായ അവസ്ഥ.
വർഷത്തിെന്റ മധ്യമാകുമ്പോൾ ചിത്രങ്ങൾ പലതും മാറി. ഇന്ത്യയിൽ ഹിന്ദുത്വവാദികളുടെ അധികാരഹുങ്കിന് ജനം തിരിച്ചടി നൽകി. അങ്ങനെ ശക്തമായ പ്രതിപക്ഷം യാഥാർഥ്യമായി. ഇപ്പോഴിതാ ബ്രിട്ടനിൽനിന്നും ഫ്രാൻസിൽനിന്നുമൊക്കെ ചില നല്ല വാർത്തകൾ വരുന്നു.
ബ്രിട്ടനിൽ അഭയാർഥിപക്ഷ നിലപാടുള്ള ലേബർ പാർട്ടി അധികാരത്തിൽ വന്നു. ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് പാർട്ടിയെ പരാജയപ്പെടുത്തിയാണ് 14 വർഷങ്ങൾക്കുശേഷം ലേബർ പാർട്ടി അധികാരത്തിലെത്തിയത്. ഋഷി സുനകിന്റെ പാർട്ടിക്ക് മുൻ തെരഞ്ഞെടുപ്പിനെക്കാൾ 244 സീറ്റ് കുറഞ്ഞ് അംഗസംഖ്യ 121ലെത്തി. മാത്രമല്ല, പല പ്രമുഖരും തോറ്റു. പാർലമെന്റിന്റെ പൊതുസഭയിലെ 650 സീറ്റിൽ 412 എണ്ണം നേടിയാണ് സ്റ്റാർമറും സംഘവും സത്യപ്രതിജ്ഞക്കൊരുങ്ങുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൺ എന്ന വംശീയവാദിയുടെ നേതൃത്വത്തിൽ കൺസർവേറ്റിവുകൾ കേവലഭൂരിപക്ഷം നേടി ഭരണം തുടർന്നത് ആ രാജ്യം എത്രമേൽ തീവ്രവംശീയതയിലേക്കും ഇസ്ലാമോഫോബിയയിലേക്കും മാറി എന്നതിന്റെ നിദർശനമായാണ് വിലയിരുത്തപ്പെട്ടത്.
ബ്രെക്സിറ്റിന് വഴിയൊരുക്കി ഒരു രാജ്യത്തെ നാശത്തിന്റെ പടുകുഴിയിലെത്തിച്ച ടോറികളുടെ വൻപതനമായി തെരഞ്ഞെടുപ്പ്. അഭയാർഥിപക്ഷ നിലപാടുകളും ഇടതുപക്ഷ കാഴ്ചപ്പാടുമുള്ള ലേബർ പാർട്ടി അധികാരത്തിൽവന്നത് നിലവിലെ അവസ്ഥയിൽ വളരെ പുരോഗമനകരമാണ്. അതേസമയം, ലേബർ പാർട്ടിയിലും വംശീയവാദികളുടെ സാന്നിധ്യമുണ്ട്. സ്റ്റാർമറിന് ഇസ്രായേൽ അനുകൂല നിലപാടുമാണുള്ളത്. അതെന്തായാലും ബ്രിട്ടനിലെ ജനത ജനാധിപത്യവും സമാധാനവും ആഗ്രഹിക്കുന്നുവെന്നത് തന്നെ വലിയ കാര്യം.
സമാനമാണ് ഫ്രാൻസിലെയും കാര്യം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ അവിടെ സൃഷ്ടിക്കപ്പെട്ടു. കൂടുതൽ സീറ്റ് ലഭിച്ച ഇടതുസഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് സർക്കാറുണ്ടാക്കാൻ ശ്രമിക്കുന്നതായാണ് വിവരം. ഇതേ സഖ്യത്തിലാണ് ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റുകൾ, ഗ്രീൻ പാർട്ടി എന്നിവരുള്ളത്. ഈ സഖ്യത്തിൽ തീവ്ര ഇടതുപക്ഷ നിലപാടുകാർ മുതൽ മധ്യപക്ഷ നിലപാടുള്ളവർ വരെയുണ്ട്. എന്തായാലും ഇവിടെയും പലരും പ്രവചിച്ചതുപോലെ പ്രതിപക്ഷമില്ലാത്ത, ഏകപക്ഷീയ വലതുപക്ഷ ഭരണമുണ്ടായില്ല. വലതുപക്ഷക്കാരുടെ നില മൊത്തത്തിൽ പരുങ്ങലിലാണ്.
ജനാധിപത്യത്തിൽ പ്രധാനം പ്രതിപക്ഷമുണ്ടായിരിക്കുക എന്നതാണ്. വംശീയവാദികളും തീവ്ര വലതുപക്ഷക്കാരും നവനാസികളും അധികാരം കൈപ്പിടിയിൽ ഒതുക്കുന്ന കാലത്ത് ജനം ജനാധിപത്യം ആഗ്രഹിക്കുന്നുവെന്നതും വലതു തീവ്രവാദത്തിനെതിരെ മറിച്ചു ചിന്തിക്കുന്നുവെന്നതും നിസ്സാര കാര്യമല്ല. ഇനിയും കൂടുതൽ നല്ല വാർത്തകൾ ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.