വയനാട്ടിലെ ദുരന്തം
കേരളം വിറങ്ങലിച്ച നിമിഷങ്ങളിലാണിപ്പോൾ. ജൂലൈ 29ന് രാത്രി വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി ‘തുടക്കം’ എഴുതുേമ്പാഴും പൂർണമായി വ്യക്തമല്ല. 2018ലെ പ്രളയത്തിനുശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ, ഏറ്റവും വലിയ ഉരുൾപൊട്ടലിൽ ഇതുവരെ 123 മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരണം ഉയരുമെന്നാണ് സൂചന.
മുണ്ടക്കൈ മലയിലെ അതിതീവ്ര ഉരുൾപൊട്ടലിൽ മേപ്പാടിക്കടുത്ത മുണ്ടക്കൈയും ചൂരൽമലയും തീർത്തും ഇല്ലാതായി. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് മേപ്പാടിയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. 2.30ഓടെ അടുത്ത ഉരുൾപൊട്ടലുമുണ്ടായി. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ചൂരൽമല പാലം ഉരുൾപൊട്ടലിൽ പാടേ തകർന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ചാലിയാർ പുഴയിലേക്ക് മൃതദേഹങ്ങൾ ഒഴുകി. ഇങ്ങനെ ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ 32 എണ്ണം കണ്ടെത്തി. ഇതിനുപുറമെ 25 ശരീരഭാഗങ്ങളും ലഭിച്ചു. വയനാട് മുണ്ടക്കൈയിൽനിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്. കൂടുതൽ മൃതദേഹങ്ങൾ ഉൾവനത്തിലെ പുഴയിലുണ്ടോയെന്നറിയാൻ തിരച്ചിൽ തുടരേണ്ട അവസ്ഥയാണ്.
കേരളം ഒറ്റക്കെട്ടായി രക്ഷാദൗത്യത്തിലും ദുരിതാശ്വാസം എത്തിക്കുന്നതിലും നിലകൊള്ളുകയാണിപ്പോൾ. ദുരന്തമുഖത്ത് എല്ലാം മറന്ന് ഒന്നാകുന്ന നിമിഷങ്ങൾ ഭാവിയെക്കുറിച്ച് നല്ല ചിന്തകൾ പകരുന്നു.
വയനാട്ടിലെ ദുരന്തം നമുക്ക് മുന്നറിയിപ്പാണ്. പല അർഥത്തിൽ നമ്മൾ ഇൗ ദുരന്തത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളണം. ആവർത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിലൊന്നായി വയനാട്ടിലെ സംഭവത്തെയും ചുരുക്കരുത്. നമ്മുടെ പരിസ്ഥിതി സംരക്ഷണ രീതികൾ, സുരക്ഷാ സംവിധാനങ്ങൾ, വയനാട് പോലുള്ള മലയോര ജില്ലകളോടും പ്രദേശങ്ങളോടുമുള്ള സമീപനങ്ങൾ, ആരോഗ്യസംവിധാനത്തിലെ അപര്യാപ്തതകൾ, പ്രകൃതി കൈയേറ്റങ്ങൾ എന്നിവയെല്ലാം ഗൗരവമായും ശാസ്ത്രീയമായും പരിഗണിക്കണം.
വീഴ്ചകൾ തിരുത്തണം. ഇനിയും ദുരന്തമുഖങ്ങളിൽ പകച്ചു നിൽക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാവരുത്. വയനാട്ടിലെ ആളപായങ്ങളിൽ, നഷ്ടങ്ങളിൽ ആഴ്ചപ്പതിപ്പും ഹൃദയം വിങ്ങി വേദനിക്കുന്നു. നമുക്ക് ഇൗ ദുരന്തത്തെയും അതിജീവിക്കാനാവും. നമ്മൾ ഒറ്റക്കെട്ടായി നിൽക്കും.