വംശഹത്യയുടെ ഒരു വർഷം
ഫലസ്തീനു നേരെയുള്ള ഇസ്രായേലിന്റെ വംശീയ ഉന്മൂലന അധിനിവേശത്തിന് ഒക്ടോബർ ഏഴിന് ഒരു വർഷം തികഞ്ഞു. ഗസ്സയിൽ ഇൗ ഒരു വർഷത്തിനിടയിൽ 41,825 േപരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇരകളിൽ 69 ശതമാനം കുട്ടികളും സ്ത്രീകളുമാണ്.
യു.എസിന്റെയും യൂറോപ്പിന്റെയും നിർലോഭ പിന്തുണയോടെയാണ് ഗസ്സയിലും വെസ്റ്റ് ബാങ്കിലും വംശഹത്യ നടപ്പാക്കപ്പെട്ടത്. സമീപകാല ചരിത്രത്തിൽ സമാനതകളില്ലാത്ത മഹാക്രൂരതകളാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. നാശങ്ങളുടെ കണക്കു മാത്രമാണ് ഗസ്സയിൽ. ഇതുവരെ 1,86,000 പേരെങ്കിലും (ഗസ്സ ജനസംഖ്യയുടെ 7.9 ശതമാനം) ജീവൻ പൊലിഞ്ഞിട്ടുണ്ടാകുമെന്നാണ് മെഡിക്കൽ ജേണലായ ‘ലാൻെസറ്റ്’ കഴിഞ്ഞ ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. 5000 വർഷം പഴക്കംവരുന്ന ഗസ്സയിൽ മിക്ക ചരിത്രനിർമിതികളും സാംസ്കാരിക ചിഹ്നങ്ങളും തുടച്ചുനീക്കപ്പെട്ടു.
മസ്ജിദുകളും ക്രിസ്തീയ ദേവാലയങ്ങളുമടക്കം തകർക്കുക എന്ന കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഉന്മൂലനം. ഗസ്സ മുനമ്പിലെ മൊത്തം കെട്ടിടങ്ങളിൽ നാലിൽ മൂന്നും നിരപ്പാക്കപ്പെട്ടു. ആശുപത്രികളിൽ ഭൂരിപക്ഷവും ഇല്ലാതായി. 12 യൂനിവേഴ്സിറ്റികളിൽ ഒന്നുപോലും ഇപ്പോഴില്ല. എന്നിട്ടും ഫലസ്തീൻ ചെറുത്തുനിൽക്കുന്നു. അവർ ഇൗ കൂട്ടവംശഹത്യയെ ഒാരോ നിമിഷവും അതിജീവിച്ചുകൊണ്ടിരിക്കുന്നു.
നുണകൾക്കുമേലാണ് അധിനിവേശവും വംശഹത്യയും നടപ്പാക്കുന്നത്. ഒക്ടോബർ 17ന് അഞ്ഞൂറോളം അഭയാർഥികളെ കൊല്ലുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്ത അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ കൂട്ടക്കൊല തങ്ങൾ നടത്തിയതല്ലെന്നും ഫലസ്തീനിയൻ റോക്കറ്റായിരുന്നു അത് ചെയ്തത് എന്നുമാണ് ഇസ്രായേൽ അവകാശപ്പെട്ടത്. എന്നാൽ, അവകാശവാദം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഫലസ്തീനിൽ കൊല്ലപ്പെട്ട മുതിർന്ന പുരുഷന്മാരുടെ എണ്ണമെടുത്താൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സിവിൽ ഡിഫൻസ് ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണ ജനങ്ങളാണ് ഭൂരിഭാഗവുമെന്ന് വ്യക്തമാകും. എന്നിട്ടും, ഇസ്രായേൽ-പാശ്ചാത്യ മാധ്യമങ്ങൾ ഫലസ്തീനിൽ തീവ്രവാദികൾ മാത്രമാണ് കൊല്ലപ്പെടുന്നതെന്ന് പറഞ്ഞ് സിവിലിയൻമാർ വൻതോതിൽ കൊല്ലപ്പെടുന്നതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്.
ലോകത്തെ വലിയ ആയുധ നിർമാതാക്കളുടെ പട്ടികയിൽ ഇസ്രായേലുമുണ്ടെങ്കിലും, പ്രതിരോധ, അധിനിവേശ ആവശ്യങ്ങൾക്കായി ഏറിയപങ്കും ഇറക്കുമതിചെയ്യുകയാണ്. നിലവിൽ, ലോകത്ത് ആയുധ ഇറക്കുമതിയിൽ 15ാം സ്ഥാനത്താണ് ഇസ്രായേൽ. ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളിൽ 69 ശതമാനവും അമേരിക്കയിൽനിന്നാണ്.
ഇപ്പോൾ, ലബനാന് നേരെ തിരിഞ്ഞിരിക്കുകയാണ് സയണിസ്റ്റുകൾ. രണ്ടാഴ്ചക്കുള്ളിൽ 2000ലേറെ പേർ ലബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 20ന് നടത്തിയ അതിതീവ്രവും മാരകവുമായ ബോംബാക്രമണത്തിൽ തെക്കൻ ലബനാനിലെ സിവിലിയൻ പ്രദേശങ്ങളെ ഉന്നമിട്ടതിന് ഇസ്രായേലി സേനയുടെ ന്യായീകരണം, ലബനാനികൾ വീടുകൾക്കുള്ളിൽ ദീർഘദൂര മിസൈൽ ലോഞ്ചറുകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നാണ്. ആ ആക്രമണത്തിൽ 492 പേർ കൊല്ലപ്പെടുകയും 1645 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. വാസ്തവത്തിൽ പശ്ചിമേഷ്യയെ സംഘർഷ ഭരിതമാക്കിയിരിക്കുകയാണ് ഇസ്രായേലിന്റെ സൈനിക താൽപര്യങ്ങൾ. ലബനാൻ ഒരു പരമാധികാര അറബ് രാഷ്ട്രമാണ് എന്ന കാര്യം മറന്നുകൂടാ. ഫലസ്തീനും ലബനാനും സിറിയയും കടന്ന് ഇറാനിലേക്കും അത് നീളുന്നുണ്ട്.
ഗസ്സ അധിനിവേശത്തിനിരയാക്കപ്പെട്ട പ്രദേശമാണ്. അവിടത്തെ ജനങ്ങളെ നാലാം ജനീവ കൺവെൻഷൻ പ്രഖ്യാപനങ്ങൾ പ്രകാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ലബനാനിലും ഫലസ്തീനിലും ജീവിക്കുന്നത് വിലകുറഞ്ഞ മനുഷ്യരല്ല, അവരുടെ കൂട്ടക്കൊല ഒരു കാരണവശാലും അനുവദിക്കാനുമാവില്ല. ഗസ്സക്കും ലബനാനുമൊപ്പം നിലകൊള്ളുകയാണ് മനസ്സാക്ഷിയുള്ള, ലോകത്തെ മുഴുവൻ ജനങ്ങളും ചെയ്യേണ്ടത്. യുദ്ധം ഇല്ലാതാക്കാൻ ലോകജനത ശബ്ദമുയർത്തുകതന്നെ വേണം.