ജയിലുകളിലെ ജാതി
ജാതി ഒരു ഇന്ത്യൻ യാഥാർഥ്യമാണ്. അതിലുപരി ഏറ്റവും ക്രൂരമായ സാമൂഹിക ബഹിഷ്‍കരണവുമാണ്. തട്ടുതട്ടായി മനുഷ്യരെ വേർതിരിക്കുന്ന ജാതി ഇന്ത്യൻ സാമൂഹിക ക്രമത്തിന്റെ ഓരോ അണുവിലുമുണ്ട്. ബ്രാഹ്മണ്യം എന്ന പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ ഭരണകൂടം മുതൽ അടിത്തട്ടുവരെ ആഴത്തിൽ പടർന്നിരിക്കുന്നു. അധികാരത്തിൽ തുടരുന്ന ഹിന്ദുത്വവാഴ്ച കാര്യങ്ങൾ കുറെക്കുടി സങ്കീർണമാക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യയിലെ ജയിലുകളിൽ ജാതിവ്യവസ്ഥ നിലവിലുണ്ടെന്നത് പുതിയ വിവരമല്ല. എന്നാൽ, അത് ഒരു വ്യവസ്ഥയായി, സംവിധാനമായി നമ്മുടെ തടവറകളെ ഭരിക്കുന്നുവെന്നത് ഒട്ടും ആശാസ്യമല്ല. അത് ഭരണഘടന ഉറപ്പാക്കുന്ന സമത്വത്തിനും നീതിക്കും എതിരാണ്.
ഈ മാസമാദ്യം ജയിലുകളിലെ സവർണ-അവർണ വിവേചനത്തിനെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി വന്നത് ഇക്കാര്യത്തിൽ തീർച്ചയായും ശുഭസൂചകമാണ്. എല്ലാ സംസ്ഥാനങ്ങളും ജയിൽചട്ടം മൂന്നുമാസത്തിനകം പരിഷ്‌കരിക്കണമെന്നും തടവുകാർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ െബഞ്ച് നിർദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകയായ സുകന്യ ശാന്ത നൽകിയ ഹരജിയിലാണ് ഇക്കാര്യത്തിൽ വഴിത്തിരിവായത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ്, ബിഹാർ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജയിലുകളിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്നതെന്ന് വിവിധ ജയിലുകൾ സന്ദർശിച്ചു പഠനം നടത്തിയ സുകന്യ വാദിച്ചിരുന്നു. ഇത് ഉടൻ നിർത്തലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജയിൽ രജിസ്റ്ററുകളിൽനിന്ന് ജാതിക്കോളവും തടവുകാരുടെ ജാതി സൂചിപ്പിക്കുന്ന വിവരങ്ങളും നീക്കണമെന്ന് ഉത്തരവിലുണ്ട്. സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിൽ കാതലായ മാറ്റം വരുത്താനും ജസ്റ്റിസുമാരായ ജെ.ബി. പർധിവാല, മനോജ് മിശ്ര എന്നിവർകൂടി അടങ്ങിയ ബെഞ്ചിന്റെ വിധി നിർദേശിക്കുന്നു.
ദലിതരെയും അവർണരെയും കക്കൂസ് മാലിന്യങ്ങൾ വൃത്തിയാക്കുന്ന ജോലി ഏൽപിക്കുന്നു, അടുക്കളയിൽ പ്രവേശിക്കാൻ സവർണ ജാതികൾക്കുമാത്രം അനുമതി തുടങ്ങിയ വിഷയങ്ങളും ഹരജിയിൽ ഉന്നയിച്ചിരുന്നു. ജാതി ‘നിയമ’പ്രകാരം താഴ്ന്നവർ, ഉയർന്നവർ, തൊട്ടുകൂടാത്തവർ എന്നിങ്ങനെയൊക്കെ തരംതിരിച്ചാണ് ജയിലിനകത്ത് തടവുകാരുടെ ജീവിതം ചിട്ടപ്പെടുത്തുന്നതെന്ന കാര്യവും ഹരജിയിൽ ബോധിപ്പിച്ചു. രാജസ്ഥാൻ ജയിൽ മാന്വലിന്റെ 2022 പതിപ്പിൽ പട്ടികജാതിക്കാർ എങ്ങനെയാണ് കക്കൂസ് വൃത്തിയാക്കേണ്ടതെന്ന് പ്രതിപാദിക്കുന്നുണ്ട്.
ഇതേ ജയിൽ മാന്വലിൽ ജയിൽ ആശുപത്രിയിലെ അറ്റൻഡറായി സവർണ ജാതിക്കാരെ നിയമിക്കണമെന്നും നിഷ്കർഷിക്കുന്നു. ജയിലിൽ കുക്കിങ് അസിസ്റ്റന്റായി നിയമിക്കേണ്ടത് സവർണ ജാതികളിൽപെട്ടവരെ ആയിരിക്കണമെന്നാണ് ബംഗാൾ ജയിൽ മാന്വലിൽ പറയുന്നത്. ഏതായാലും ജയിലുകളിലെ തടവുകാർക്ക് ജാതിതിരിച്ച് ജോലി നൽകുന്ന രീതി നിർത്തലാക്കി കേന്ദ്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. സുകന്യ ശാന്ത ഹരജി സമർപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രം വിഷയത്തിൽ ഇടപെട്ടത്.
സുപ്രീംകോടതി ഉത്തരവ് പുരോഗമനപരവും സ്വാഗതാർഹവുമാണ്. എന്നാൽ, ജയിൽ രജിസ്റ്ററിൽ ജാതിക്കോളം ഒഴിവാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. ആഴത്തിൽ വേരൂന്നിയ ജാതിചിന്തയും വിവേചനവും സമസ്ത മേഖലകളിൽനിന്നും തുടച്ചുനീക്കുകയാണ് വേണ്ടത്. അത് എളുപ്പമുള്ള കാര്യമല്ല. ഭാരിച്ച ആ ഉത്തരവാദിത്തം, സാമൂഹിക വിപ്ലവം, ഏറ്റെടുക്കാതെ സമൂഹത്തിനു മുന്നോട്ടുപോകാനുമാവില്ല.