വയനാടിന് സഹായം
വയനാട്ടിൽ അതിഭീകരമായ പ്രകൃതിദുരന്തം നടന്നത് ജൂലൈ 30നാണ്. ‘തുടക്ക’മെഴുതുമ്പോൾ രണ്ടരമാസം കഴിഞ്ഞിരിക്കുന്നു. നഷ്ടം കണക്കാക്കാവുന്നതിലുമപ്പുറമായിരുന്നു. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്താണ് പുലർച്ചെ 1.46ന് ആദ്യം ഉരുൾപൊട്ടിയത്. പിന്നാലെ ചൂരൽമല, വെള്ളരിമല ഭാഗത്തും ഉരുൾ നാശംവിതച്ചു. 500ഒാളം ആളുകൾ ഭൂമുഖത്തുനിന്നേ അപ്രത്യക്ഷരായി. ഔദ്യോഗിക കണക്കുപ്രകാരം മരണസംഖ്യ 231. കാണാതായവരുടെ പട്ടിക ചെറുതല്ല. 183 വീടുകൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി. 145 വീടുകൾ പൂർണമായി തകർന്നു. 170 വീടുകൾ ഭാഗികമായും. 240 വീടുകൾ വാസയോഗ്യമല്ലാതായി. ഏതാണ്ട് 340 ഹെക്ടർ കൃഷിഭൂമി നശിച്ചു. ശരിക്കും ദേശീയ ദുരന്തത്തിന്റെ നിർവചനങ്ങളിൽ വരുന്നതാണ് വയനാട്ടിലെ ദുരന്തം.
എന്നാൽ, നാളിതുവരെ കേന്ദ്രത്തിന്റെ ഒരു സഹായവും വയനാട്ടിന് ലഭിച്ചിട്ടില്ല. സഹായത്തെക്കുറിച്ച് മൗനം തുടർന്ന കേന്ദ്രസർക്കാർ ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്കാണെന്നു പറഞ്ഞ് ബാധ്യത കൈയൊഴിയുകയാണ് ചെയ്തത്. വയനാട്ടിന് സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന്, കേന്ദ്രസഹായം അനുവദിക്കാൻ ആവശ്യപ്പെട്ട എം.കെ. രാഘവൻ എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു. അതായത് ദുരന്തവേളകളിൽ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുത്തും ധനസഹായം നൽകിയും സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ഉത്തരവാദിത്തം മാത്രമേ കേന്ദ്രത്തിനുള്ളൂവെന്നും അത് നിർവഹിച്ചുവെന്നുമാണ് വാദം.
വയനാട്ടിലും വിലങ്ങാട്ടുമുണ്ടായ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായി എന്നു പറയാം. കേന്ദ്രത്തിന്റെ ബാലിശമായ വാദങ്ങൾ ഇങ്ങനെയാണ്: കനത്ത ദുരന്തമുണ്ടായാൽ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ (എൻ.ഡി.ആർ.എഫ്) നിന്ന് സാമ്പത്തികസഹായം നൽകുകയാണ് പതിവ്. കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി (ഐ.എം.സി.ടി) സന്ദർശിച്ച് ദുരന്തത്തിന്റെ കണക്കെടുപ്പ് നടത്തിയാണ് സഹായം നൽകുക. വയനാട് ദുരന്തത്തിനുശേഷം സംസ്ഥാന സർക്കാറിന്റെ നിവേദനത്തിന് കാത്തുനിൽക്കാതെ ഇത്തരമൊരു സമിതിക്ക് കേന്ദ്രം രൂപം നൽകിയെന്നും പ്രദേശം സന്ദർശിച്ച് ചട്ടപ്രകാരമുള്ള നടപടികളെടുത്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി അവകാശപ്പെടുന്നു.
ദുരന്തത്തിനുശേഷം വയനാട് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിച്ച സഹായ മനോഭാവവും പാഴായി എന്നു ചുരുക്കം. കേരളത്തോടു തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വയനാടിനോടുള്ള ഈ സമീപനം. ഇതല്ല മറ്റു ചില സംസ്ഥാനങ്ങളോട് എടുത്തത്. ചില സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫലത്തിൽ വയനാടും കേരളവും വലിയ അനീതിക്ക് വിധേയമായിരിക്കുന്നു.
പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും കേരളത്തിന് വൻതുക കൂടിയേ തീരു. ഇപ്പോൾ ഈ തുക ഒറ്റക്ക് കണ്ടെത്തേണ്ട ബാധ്യതയിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന സംസ്ഥാനത്തെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് പകൽപോലെ വ്യക്തം. വൈകിയ വേളയിലെങ്കിലും കേരളം ഒരുമിച്ചുനിന്ന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കണം. അതിന് സാധ്യമാകുന്നതെല്ലാം ചെയ്യണം. കാരണം, വയനാടിന് സഹായം കൂടിയേ മതിയാകൂ.