കാനേഷുമാരി
ഒന്നര നൂറ്റാണ്ടായി, കൃത്യമായ 10 വർഷ ഇടവേളയിൽ രാജ്യത്ത് നടന്നുവന്ന ചരിത്രപ്രക്രിയയാണ് സെൻസസ്. കൊേളാണിയൽ സൃഷ്ടിയാണ് സെൻസസ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അതാണ് എല്ലാ കാലത്തും വികസനത്തിന്റെയും സാമ്പത്തിക-സാമൂഹിക-സാംസ്കാരികമായ ആസൂത്രണങ്ങളുടെയും വിഭവ വിതരണങ്ങളുടെയും അടിസ്ഥാന രേഖ. രാജ്യത്തെ ജനസംഖ്യ എത്രത്തോളം കുറഞ്ഞു അഥവാ വർധിച്ചു, അവരിൽ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, യുവാക്കൾ, വയോജനങ്ങൾ എന്നിവരുടെ അനുപാതം ഏതുവിധം, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആരോഗ്യപരമായും ജനങ്ങളുടെ സ്ഥിതി എങ്ങനെ തുടങ്ങി നിർണായക ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണമെങ്കിൽ കാനേഷുമാരിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന സ്ഥിതിവിവരങ്ങൾതന്നെ ആദ്യാവലംബം.
എന്നാൽ, 2021 ൽ രാജ്യത്ത് സെൻസസ് നടന്നില്ല. കോവിഡിന്റെ പേരിലായിരുന്നു അത് മാറ്റിെവച്ചത്. ഇപ്പോഴിതാ അടുത്ത വർഷം രാജ്യത്ത് സെൻസ് നടപ്പാക്കുമെന്ന് ഏതാണ്ട് ധാരണയായിരിക്കുന്നു. ജനറൽ സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടപ്പാക്കുമോ എന്നാണ് ഇനി അറിയേണ്ടത്; അതിന് സാധ്യത കുറവാണെങ്കിലും.2025ൽ സെൻസസ് നടത്താൻ തീരുമാനിക്കുന്നതിന് ബി.ജെ.പി സർക്കാറിന് കൃത്യമായ അജണ്ടയുണ്ട്. നിർദിഷ്ട സെൻസസ് ആധാരമാക്കി മണ്ഡലങ്ങൾ പുനർനിർണയിച്ചാകും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ്.
കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയതിനെത്തുടർന്ന് ജനസംഖ്യ കുത്തനെ താഴോട്ടുപോയ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭ എം.പിമാരുടെ എണ്ണം വളരെ കുറയും. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം.പിമാരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യും. 2002ൽ നടക്കേണ്ടിയിരുന്ന മണ്ഡല പുനർനിർണയം എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഭരണഘടനയുടെ 84ാം ഭേദഗതിയിലൂടെ 25 വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 2026നുശേഷം പുറത്തുവരുന്ന ആദ്യ സെൻസസ് റിപ്പോർട്ട് ആധാരമാക്കി മണ്ഡല പുനർനിർണയം നടപ്പാക്കാനാണ് അന്ന് നീട്ടിവെച്ചത്. ഇതുപ്രകാരം 2031 സെൻസസ് പ്രകാരമാണ് മണ്ഡല പുനർനിർണയം നടക്കേണ്ടതെങ്കിലും 2027ൽതന്നെ അതിനുള്ള പ്രക്രിയ തുടങ്ങി ഒരു വർഷത്തിനകം നടത്താനാണ് സർക്കാർ നീക്കം.
അങ്ങനെയെങ്കിൽ പുനർനിർണയിക്കുന്ന മണ്ഡലങ്ങളിലാകും 2029 ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുക. ഫലത്തിൽ ഉത്തരേന്ത്യയിൽ 32 സീറ്റുകൾ വർധിക്കുമ്പോൾ തമിഴ്നാട്ടിലും കേരളത്തിലുമായി 16 സീറ്റുകൾ കുറയും. ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിൽ എട്ട് സീറ്റുകളുടെ കുറവും പ്രതീക്ഷിക്കുന്നു. അങ്ങനെ മൊത്തം 24 ലോക്സഭ മണ്ഡലങ്ങളാണ് ദക്ഷിണേന്ത്യക്ക് നഷ്ടപ്പെടാൻ പോവുന്നതെന്നാണ് ഒരു സ്വകാര്യ ഏജൻസിയുടെ കണ്ടെത്തൽ. മറുവശത്ത് യു.പിക്കും ബിഹാറിനും കൂടി 21 മണ്ഡലങ്ങൾ അധികം ലഭിക്കും.
ഇപ്പോൾതന്നെ 80 മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി. ബി.ജെ.പിക്ക് നാലാം ഊഴവും ഉറപ്പിക്കാനുള്ള ഗൂഢതന്ത്രമായി ഇപ്പോഴത്തെ സെൻസസിനെ മറ്റൊരു തലത്തിൽ കാണേണ്ടിവരും. അതിനിടെ താന്താങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങളോട് സന്താനങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെയും എം.കെ. സ്റ്റാലിന്റെയും ആഹ്വാനം. അതൊരു പരിഹാരമേയല്ല ജനാധിപത്യത്തിൽ, പുരോഗമന സാഹചര്യത്തിൽ. തെക്കേ ഇന്ത്യയിലുള്ളവർ ഉടനടി എത്താൻ പോകുന്ന മെറ്റാരു രാഷ്ട്രീയ കുരുക്കാണ് ‘സെൻസസ്’.
അതേസമയം, സർക്കാർ ജാതി സെൻസസിന്റെ കാര്യത്തിൽ തികഞ്ഞ മൗനമാണ് പുലർത്തുന്നത്. അധികാരങ്ങളും അവകാശങ്ങളും അനർഹമായി കൈവശം െവച്ചിരിക്കുന്ന സവർണ ജാതികളെ പിണക്കാൻ ആ ജാതികളെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്ക് കഴിയില്ല. ജാതി സെൻസസ് നടത്തുമെന്നോ ഇല്ലെന്നോ പറയാതെ മുന്നോട്ടുപോവുന്നതിനെ ഇൻഡ്യ മുന്നണി അടക്കം േചാദ്യംചെയ്യുന്നുണ്ട്. നമുക്ക് വേണ്ടത് ഗൂഢോദ്ദേശ്യങ്ങളുള്ള സെൻസസല്ല. സമഗ്രമായ ജാതിസെൻസസ് കൂടി ഉള്ളടങ്ങിയ സെൻസസാണ്. അതിലൂടെയേ അധികാരമെന്ന അധികാരികളുടെ ഗൂേഢാദ്ദേശ്യത്തെ അൽപമെങ്കിലും പ്രതിരോധിക്കാനാവൂ.