മണിപ്പൂർ
വടക്കു കിഴക്കിലെ കൊച്ചു സംസ്ഥാനമായ മണിപ്പൂർ അശാന്തമായിട്ട് ഒന്നര വർഷമാകുന്നു. ഇപ്പോൾ മണിപ്പൂർ വീണ്ടും ആളിക്കത്തുകയാണ്. അവിടെ തുടർച്ചയായി അക്രമങ്ങൾ അരങ്ങേറുന്നു. കൂട്ടക്കൊലകൾ നടക്കുന്നു. എന്നാൽ, ശക്തവും ഉചിതവുമായ നടപടികളൊന്നും സ്വീകരിക്കാെത സർക്കാറുകൾ ബോധപൂർവം നിസ്സംഗത പുലർത്തുകയാണ്. അതിന്റെ ലക്ഷ്യവും വ്യക്തമാണ്.
ഒന്നര വർഷമായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ 260ലധികം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധിപേരെ കാണാതായി. പതിനായിരത്തിലധികം വീടുകൾ തകർത്തു. നിരവധി ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു. 60,000ത്തിലധികം പേർ 300ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. 200ലധികം കമ്പനി അർധസൈനിക വിഭാഗങ്ങൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 50 കമ്പനികൂടി അയക്കാനും കർഫ്യൂ വ്യാപിപ്പിക്കാനുമാണ് അടുത്തിടെ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം.
2023 മേയ് 3 മുതലാണ് മണിപ്പൂർ പ്രക്ഷുബ്ധമായത്. മണിപ്പൂരിലെ മലകളിലും താഴ്വരകളിലും കഴിയുന്ന രണ്ട് പ്രമുഖ ജനവിഭാഗങ്ങളെ പരസ്പരം തല്ലിക്കുന്നതിൽ ഭരണവർഗ, അധികാരികളുടെ ശ്രമം വിജയിച്ചു. മെയ്തേയികൾ തങ്ങളെ പട്ടികവർഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുന്നതോെടയാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. മണിപ്പൂരിൽ സാമ്പത്തികമായും സാമൂഹികമായും മേൽക്കൈ മെയ്തേയികൾക്കാണ്. തങ്ങളെ ശത്രുപക്ഷത്ത് നിർത്തി അനർഹമായ ആനുകൂല്യങ്ങൾ മറുപക്ഷത്തിന് നൽകുന്നുവെന്നതാണ് കുക്കികളുടെ പ്രധാന വിമർശനം. മലയോരങ്ങൾ മെയ്തേയികൾ കൈയടക്കുമെന്ന വിശ്വാസവും തോന്നലുമാണ് കുക്കികളുടെ രോഷത്തിന് കാരണം. അത് കുക്കി സമുദായത്തിലെ തീവ്രവാദത്തിന് കാരണമായി. കുന്നിൻ പ്രദേശങ്ങളിൽ പ്രത്യേക ഭരണസംവിധാനം വേണമെന്നാണ് മറ്റൊരു ആവശ്യം.
കഴിഞ്ഞയാഴ്ച കുക്കി വിഭാഗക്കാർ സി.ആർ.പി.എഫ് ഓഫിസ് ആക്രമിക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് സംഘർഷത്തിന്റെ പുതിയ അധ്യായം ആളിക്കത്താൻ തുടങ്ങിയത്. ഗ്രാമച്ചന്ത ആക്രമിച്ച കുക്കികൾ തട്ടിക്കൊണ്ടുപോയ ആറു ഗ്രാമീണരിൽ ചിലരുടെ മൃതദേഹങ്ങൾ ലഭിച്ചതിന് പിന്നാലെ മെയ്തേയി വിഭാഗം വീണ്ടും തെരുവിലിറങ്ങി. മന്ത്രി മന്ദിരങ്ങളിലേക്കും കലാപം പടർന്നു. മുഖ്യമന്ത്രിയുടെ വീടിന് നേരെ വരെ അക്രമമുണ്ടായി. ക്രൈസ്തവ ദേവാലയങ്ങൾക്കും കുക്കി വിഭാഗക്കാരുടെ വീടുകൾക്കും നേരെ അക്രമം രൂക്ഷമാണ്. സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ സംസ്കരിക്കില്ലെന്ന് കുക്കി വിഭാഗം പ്രഖ്യാപിച്ചു.
ആറു ജില്ലകളിൽ സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പ്രഖ്യാപിക്കുകയും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തിട്ടും സമാധാനനില പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ജനം തെരുവിലിറങ്ങി ഭരണകക്ഷിയായ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഓഫിസുകൾക്ക് തീയിട്ടു.
സംഘർഷം അവസാനിപ്പിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയും ഭരണകക്ഷിയായ ബി.ജെ.പിയും നാണംകെട്ട മൗനം തുടരുകയാണ്. സംഘർഷത്തിന്റെ തുടക്കം മുതൽതന്നെ സംസ്ഥാന സർക്കാറിന്റെ പക്ഷപാത നിലപാടും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാറിലെ രണ്ടാം കക്ഷിയായ നാഗാലാൻഡ് പീപ്ൾസ് പാർട്ടി പിന്തുണ പിൻവലിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയാറാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എമാരും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാറിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ ചിലരും രാജിവെച്ചു.
സംസ്ഥാനത്തെ ജനം ചേരിതിരിഞ്ഞ് ആയുധമെടുത്ത് തെരുവിലിറങ്ങുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വലിയ ഇടപെടൽ ആവശ്യമാണ്. മണിപ്പൂരിൽ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്. അതിന് അടിച്ചമർത്തലല്ല, ക്രിയാത്മകമായ ഇടപെടലാണ് ആദ്യ നടപടി.