സംഭൽ ശാഹി ജമാ മസ്ജിദ്
ഇന്ത്യയുടെ സമകാലിക ചരിത്രത്തിൽ പല സംഭവങ്ങളും ഒരേ മട്ടിൽ ആവർത്തിക്കുന്നതു കാണാം. അതൊരു നല്ല സൂചനയല്ല. അതിൽ തന്നെ രാജ്യത്തിന്റെ മതേതര അടിത്തറയിൽ ഒാരോ നിമിഷവും വിള്ളലുകൾ വീണുകൊണ്ടിരിക്കുന്നത് തിരിച്ചറിയാതെ പോകുന്നുവെന്നതാണ് ഏറ്റവും ഖേദകരം. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കു നേരെ, ഭരണകൂട പിന്തുണയോടെ അരങ്ങേറുന്ന ബലാൽക്കാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബാബരി മസ്ജിദു മുതൽ അതിന് തീവ്രതയേറുന്നു. മഥുര ശാഹി ഈദ്ഗാഹും വാരാണസി ഗ്യാൻവാപി മസ്ജിദും ക്ഷേത്രം നിർമിക്കാൻ വിട്ടുതരണമെന്ന് ഹിന്ദുത്വ തീവ്രവാദികൾ ആവശ്യമുന്നയിച്ചിട്ട് കാലം കുറച്ചായി. ഇപ്പോൾ മുഗൾകാലത്ത് പണിത ശാഹി ജമാ മസ്ജിദിനു മേലാണ് അവകാശവാദമുന്നയിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ ചരിത്ര പ്രസിദ്ധമായ സംഭൽ ശാഹി ജമാ മസ്ജിദ് സ്ഥിതിചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നവംബർ 25ന് നടത്തിയ സർവേ കല്ലേറിലും സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചത് രാജ്യം പൊതുവിൽതന്നെ അറിഞ്ഞ മട്ടില്ല. ഞായറാഴ്ച നടന്ന സംഭവങ്ങളിൽ പ്രതിഷേധക്കാരായ മൂന്ന് യുവാക്കളെ പൊലീസ് വെടിെവച്ചുകൊന്നു. മൂന്നുപേർ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിൽ മരിച്ചു.
കോടതി ഉത്തരവിനെ തുടർന്നായിരുന്നു സർവേ. ചൊവ്വാഴ്ച രാത്രി ആദ്യ സർവേ നടത്തിയതോടെ സംഭലിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. സർവേ നടത്താൻ യു.പി കോടതി ഉത്തരവിട്ടതിന് പിന്നാലെ 19ന് രാത്രിതന്നെ കോടതി നിയോഗിച്ച അഡ്വക്കറ്റ്, കമീഷണറുടെ നേതൃത്വത്തിൽ സർവേ തുടങ്ങിയിരുന്നു. എന്നാൽ, അന്ന് രാത്രി നടത്തിയ സർവേ വെളിച്ചമില്ലാത്തതിനാൽ പൂർത്തിയായില്ലെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കനത്ത പൊലീസ് സന്നാഹത്തിൽ വീണ്ടും സർവേ നടത്താൻ എത്തിയത്. പ്രതിഷേധിച്ച് പള്ളിക്ക് ചുറ്റും ആയിരത്തോളം പേർ തടിച്ചുകൂടി. ഇവരെ വിരട്ടിയോടിച്ച് പൊലീസ് വഴിയൊരുക്കുന്നതിനിടയിൽ പ്രതിഷേധക്കാരിൽ ചിലർ പൊലീസിന് നേരെ കല്ലെറിയുകയും പത്തോളം വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. രണ്ട് വനിതകളടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടയിൽ സർവേ പൂർത്തിയാക്കി. റിപ്പോർട്ട് 29ന് കോടതിയിൽ സമർപ്പിക്കുമെന്നാണ് സർവേ സംഘം അറിയിച്ചത്.
ഉപതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുയർന്ന പരാതിയിൽനിന്ന് ശ്രദ്ധതെറ്റിക്കാൻ യോഗി സർക്കാർ ബോധപൂർവം അശാന്തി സൃഷ്ടിക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ സർവേ സംഘത്തെ പള്ളിയിലേക്ക് അയച്ചതെന്നും അഖിലേഷ് ആരോപിച്ചു. മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനും വെടിവെപ്പിനും ശേഷം വ്യാപകമായി പൊലീസ് വേട്ട നടന്നു. തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തി ഇറങ്ങുംവഴി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘർഷം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഒരേ സമുദായക്കാരായ 25 പേരെ അറസ്റ്റ് ചെയ്തു. സംഭലിൽനിന്നുള്ള സമാജ്വാദി പാർട്ടി എം.പി സിയാവുർ റഹ്മാൻ ബർഖ്, പാർട്ടി എം.എൽ.എ ഇഖ്ബാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാൽ തുടങ്ങിയ ആറുപേർ ഉൾെപ്പടെ കണ്ടാലറിയാവുന്ന 2750 പേർക്കുമെതിരെ കേസെടുത്തു.
മസ്ജിദ് നിന്ന സ്ഥലത്ത് ഹരിഹര ക്ഷേത്രം ഉണ്ടായിരുന്നെന്നും 1529ൽ മുഗൾ ചക്രവർത്തി ബാബർ തകർത്തെന്നും ആരോപിച്ചുള്ള പരാതിയിലായിരുന്നു കോടതി സർവേക്ക് ഉത്തരവിട്ടത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കുമേൽ ഇത്തരം വ്യാജമായ ആരോപണം തൊടുത്തുവിടുകയും പിന്നീട് അത് സ്വന്തമാക്കുകയും ചെയ്യുന്ന രീതി ആവർത്തിക്കുന്നതിനാൽതന്നെ ഹിന്ദുത്വവാദികളുടെ നീക്കത്തെ ആശങ്കയോടെയാണ് കാേണണ്ടത്.
ആരാധനാലയങ്ങളുടെ തൽസ്ഥിതിയെപ്പറ്റിയുള്ള വിഖ്യാതമായ ഉത്തരവുകൾ ലംഘിച്ചാണ് പല കടന്നുകയറ്റങ്ങളും. എല്ലാത്തിനും ഹിന്ദുത്വവാദികളുടെയും ഉത്തർപ്രദേശ് സർക്കാറിന്റെയും പിന്തുണയുണ്ട് എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. എന്തിന്റെ പേരിലായാലും ആരാധനാലയങ്ങളിൽ കടന്നുകയറ്റം നടത്തി അക്രമം നടത്തുന്നതോ പിടിച്ചെടുക്കുന്നതോ അംഗീകരിക്കാൻ വയ്യ. അത് രാജ്യം അനുവദിക്കാനും പാടില്ല.