ഒ.വി. വിജയൻ എങ്ങനെയാണ് തസ്രാക്ക് സൃഷ്ടിച്ചത്? അതിെല കഥാപാത്രങ്ങൾ യഥാർഥമായിരുന്നോ?
ഖസാക്കിന്റെ ഇതിഹാസം എഴുതപ്പെട്ട തസ്രാക്കിനെക്കുറിച്ച് പലതരം വായനകൾ, കാഴ്ചകൾ സാധ്യമാണ്. ഒ.വി. വിജയൻ എങ്ങനെയാണ് തന്റെ കഥാസ്ഥലി സൃഷ്ടിച്ചെടുത്തത്? അതിെല കഥാപാത്രങ്ങൾ യഥാർഥമായിരുന്നോ? ഒരിക്കലും ഇല്ലാതിരുന്ന കാഴ്ചയാണോ തസ്രാക്ക്? -മുതിർന്ന മാധ്യമപ്രവർത്തകൻ തസ്രാക്കിനെ പകർത്തുന്നു, തസ്രാക്കിനെപ്പറ്റി ചിന്തിക്കുന്നു.
എഴുപതുകളിൽ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ വായനാനുഭവം ദാരുണമായിരുന്നു. ഒ.വി. വിജയൻ എന്ന വലിയ എഴുത്തുകാരൻ വാക്കുകൾകൊണ്ട് സൃഷ്ടിച്ച മാന്ത്രികക്കളങ്ങളിൽ അകപ്പെട്ട് പുറത്തുകടക്കാനോ അകത്തുകയറാനോ കഴിയാതെ പൊതിയാത്തേങ്ങ കിട്ടിയ കുരങ്ങന്റെ അവസ്ഥ. ഇന്ന് ലോകമാെകയും ആഗോളഗ്രാമമായി മാറിക്കഴിഞ്ഞ കാലത്ത്, വാക്കുകളുടെ അർഥങ്ങളും അനർഥങ്ങളും മാറിമറിയുന്ന ഇന്ത്യൻ വർത്തമാനകാലത്ത് ഖസാക്കിന്റെ പുനർവായന അത്രമേൽ ദാരുണമല്ല. വാക്കുകൾ...
Your Subscription Supports Independent Journalism
View Plansഎഴുപതുകളിൽ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ വായനാനുഭവം ദാരുണമായിരുന്നു. ഒ.വി. വിജയൻ എന്ന വലിയ എഴുത്തുകാരൻ വാക്കുകൾകൊണ്ട് സൃഷ്ടിച്ച മാന്ത്രികക്കളങ്ങളിൽ അകപ്പെട്ട് പുറത്തുകടക്കാനോ അകത്തുകയറാനോ കഴിയാതെ പൊതിയാത്തേങ്ങ കിട്ടിയ കുരങ്ങന്റെ അവസ്ഥ. ഇന്ന് ലോകമാെകയും ആഗോളഗ്രാമമായി മാറിക്കഴിഞ്ഞ കാലത്ത്, വാക്കുകളുടെ അർഥങ്ങളും അനർഥങ്ങളും മാറിമറിയുന്ന ഇന്ത്യൻ വർത്തമാനകാലത്ത് ഖസാക്കിന്റെ പുനർവായന അത്രമേൽ ദാരുണമല്ല. വാക്കുകൾ സൃഷ്ടിച്ച മാന്ത്രികക്കളങ്ങൾ ഭേദിക്കാൻ കഴിയുന്നു. ആസ്വാദനത്തിന്റെ അരനൂറ്റാണ്ട് കഴിഞ്ഞ ഖസാക്കിന്റെ കാലികമായ പുനർവായന അനിവാര്യമാണ്. ജൂലൈ രണ്ട്, ഭാഷയുടെ മാന്ത്രികനായ ഒ.വി. വിജയന്റെ ജന്മദിനം കൂടിയായിരുന്നു.
'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന ലോകപ്രശസ്ത നോവലിന്റെ രചയിതാവും നൊബേൽ സമ്മാന ജേതാവുമായ ഗബ്രിയേൽ ഗാർസ്യാ മാർകേസിനോട് ഒരിക്കൽപത്രലേഖകർ ചോദിച്ചു: എവിെടയാണ് ഈ 'മക്കൊണ്ടൊ'? നോവലിൽ ബുവേണ്ടിയ കുടുംബത്തിന്റെ ജന്മസ്ഥലമാണ് മക്കൊണ്ടൊ. മാർകേസിന്റെ മാജിക്കൽ റിയലിസഭാവനയിൽ പിറന്ന ദേശം. നോവലിന്റെ സ്വീകാര്യത കൂടിവരുന്നതനുസരിച്ച് അതൊരു യഥാർഥ ദേശമെന്ന നിലയിലേക്ക് പ്രചാരം നേടിക്കൊണ്ടിരുന്നു. പത്രലേഖകരുടെ ചോദ്യത്തിന്റെ അടിസ്ഥാനവും അതുതന്നെ. മാർകേസ് സ്വതഃസിദ്ധമായ ശൈലിയിൽ മറുപടി നൽകി -ഞാനും മക്കൊണ്ടൊ അന്വേഷിച്ചുനടക്കുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. നിങ്ങൾ കണ്ടെത്തിയാൽ വിവരം എന്നെയും അറിയിക്കാൻ മറക്കരുത്.
1969ൽ പ്രസിദ്ധീകരിച്ച 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ 'ഖസാക്ക്' എന്ന മൂലഗ്രാമത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട നോവലുകളിലൊന്ന് എന്നനിലക്കും മലയാളിയുടെ വായന സംസ്കാരത്തെയും നോവൽസങ്കൽപത്തെയും മാറ്റിമറിച്ച കൃതി എന്ന നിലയിലും 'ഖസാക്ക്' ഒരു യഥാർഥ ദേശമെന്ന ധാരണ വ്യാപകമാവുകയാണ്. പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗ്രാമപഞ്ചായത്തിൽപെട്ട വളരെ ചെറിയ ഒരു ഗ്രാമമായ 'തസ്രാക്ക്' തന്നെയാണ് 'ഖസാക്ക്' എന്ന ധാരണ ബലപ്പെട്ടുവരുകയാണ്. തസ്രാക്കിലെ പഴയൊരു ഞാറ്റുപുര കേന്ദ്രമാക്കി ഒ.വി. വിജയൻ സ്മാരകസമുച്ചയം നിലവിൽവന്നുകഴിഞ്ഞു. പുറത്ത് 'ഖസാക്ക്' എന്നെഴുതിയ കരിങ്കൽ ശിൽപ ബോർഡുമുണ്ട്.
ഇപ്പോൾ തസ്രാക്കുകാർതന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു -ഇതാണ് ഖസാക്ക്. ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെല്ലാം ഇവിടെ ജനിച്ചുജീവിച്ച് മരിച്ചവരാണ്. തെളിവായി തസ്രാക്കിലെ മുസ്ലിം പള്ളിയും ഞാറ്റുപുരയും അറബിക്കുളവും അവർ കാണിച്ചുതരും. സന്ദേഹം തീരുന്നില്ലെങ്കിൽ അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ഖബറിടം ചൂണ്ടിക്കാണിച്ചുതരും. ഇതിഹാസത്തിൽ ഏറ്റവും ശ്രദ്ധനേടിയ മൈമൂന ഞാനാണെന്ന് മൊല്ലാക്കയുടെ മകൾ ഫാത്തിമ ചാനൽകാമറകൾക്കു മുന്നിൽ വന്നുപറയുന്നു. സ്മാരകം സൂക്ഷിപ്പുകാരൻ മജീദ് പറയുന്നു -മൊല്ലാക്കയും മൈമൂനയും അപ്പുക്കിളിയും മുങ്ങാങ്കോഴിയുമെല്ലാം തസ്രാക്കിന്റെ സന്തതികൾതന്നെ. ഖസാക്കിന്റെയും തസ്രാക്കിന്റെയും 'ഉൺമ'യെക്കുറിച്ചുള്ള ചിന്ത ഈ സാഹചര്യത്തിൽ പ്രസക്തമാകുന്നു.
ഭാവനയിൽ ഖസാക്കിനെ സൃഷ്ടിച്ച ഒ.വി. വിജയന് തസ്രാക്കുമായി കാര്യമായ ബന്ധങ്ങളൊന്നുമില്ല. സഹോദരി ഒ.വി. ശാന്തയോടൊപ്പം 21 ദിവസം തസ്രാക്കിൽ താമസിച്ചിരുന്നു എന്നുമാത്രം. പിന്നീട് നാലോ അഞ്ചോ തവണ ഹ്രസ്വസന്ദർശനത്തിന് ഇവിടെ എത്തിയിട്ടുമുണ്ട്. തസ്രാക്കല്ല ഖസാക്ക് എന്ന് സമർഥിക്കാനാണ് വിജയൻ 20 കൊല്ലങ്ങൾക്കുശേഷം 'ഇതിഹാസത്തിന്റെ ഇതിഹാസം' എഴുതി പ്രസിദ്ധീകരിച്ചത്. അതിന്റെ നാലാം അധ്യായത്തിൽ വിജയൻ ഇങ്ങനെ പറയുന്നു:
''കഥ തുടങ്ങാൻ ഒരു ഹേതു വേണം. ദൃശ്യവും സ്പർശ്യവുമായ ഒരനുഭവസമുച്ചയം. ഖസാക്കിന്റെ ഹേതു സമാന നാമമായ ഒരു പാലക്കാടൻ ഗ്രാമമാണ്. ഇതിഹാസത്തിലെ ഗ്രാമത്തിന് പാഴുതറയെന്നോ തണ്ണീർക്കാവെന്നോ പേരുകൊടുത്താൽ മതിയാകാതെയല്ല. തസ്രാക്ക് എന്ന പേരിന്റെ താളം ഇതിഹാസത്തിലെ ഗ്രാമത്തിലേക്ക് ഞാൻ പകർത്തുകയായിരുന്നു.''
മൂലഗ്രാമത്തിലെ വൈദികന്റെ പേര് പരിവർത്തനംപോലും ചെയ്യാതെ ഇതിഹാസത്തിൽ ഉപയോഗിച്ചു -അള്ളാപ്പിച്ചാ മൊല്ലാക്ക. ഈശ്വരന്റെ ഭിക്ഷയായി കൈവന്ന ജന്മം എന്നാണ് ആ പേരിന്റെ അർഥം.
''പേരിൽ തുടങ്ങിയത് പേരിൽതന്നെ അവസാനിക്കുന്നു. പേരും മൊല്ലാക്കയുടെ ദൃശ്യരൂപവും ഒരു തീപ്പെട്ടിക്കൊള്ളിയുരക്കൽ മാത്രം. അതിൽനിന്ന് ആളിപ്പിടിച്ച തീയിന്റെ ചൂടും വെളിച്ചവും സൃഷ്ടിയുടെ കഥയാണ്'' എന്നും വിജയൻ വിശദീകരിക്കുന്നു.
മൊല്ലാക്കയും ഏകാധ്യാപക വിദ്യാലയവും
''നീ ഉൺമയാ പൊയ്യാ?''
മൊല്ലാക്ക ചോദിച്ചു.
''ഉൺമൈ'', നൈസാമലി പറഞ്ഞു.
''പൊയ്!'' നീ ശെയ്ക്കോടെ ആൽമാവല്ലൈ, നീ പൂതമാക്ക്ം!''
-മൊല്ലാക്ക പറഞ്ഞു.
ഇതേ ചോദ്യം ഖസാക്കിലെ രവിയോട് ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു മറുപടി?
''ഉൺമൈ'' എന്നാകാൻ ഒരു കാരണവുമില്ല. തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം തുടങ്ങിയത് അസ്തിത്വദുഃഖവും പാപബോധവും പേറി ജീവിക്കുന്ന രവിയല്ല. രവി തസ്രാക്കിൽ എന്നെങ്കിലും വന്നിരിക്കാനും സാധ്യതയില്ല. കാരണം, വിജയന്റെ ഭാവനയിൽ രൂപംകൊണ്ട മുൻപരിചയമില്ലാത്ത ഒരു കഥാപാത്രം മാത്രമാണ് രവി.
യഥാർഥത്തിൽ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം തുടങ്ങിയത് പാലക്കാട് ജില്ലയിലെ എലപ്പുള്ളി കേനാത്ത് രാജഗോപാല മേനോൻ എന്ന മാതൃകാധ്യാപകനായിരുന്നു. കൃത്യമായി പറഞ്ഞാൽ 1954 ഒക്േടാബർ 12ന്. മുത്തുറാവുത്തരുടെ മക്കളായ ഹൈറുന്നിസ, മെഹറുന്നിസ, അവരുടെ ചങ്ങാതികളായ നബീസ, ജമീല, കവറ വിഭാഗത്തിൽപെട്ട ചന്ദ്രൻ, ലീല എന്നിവരെയാണ് ആദ്യദിനം പട്ടികയിൽ ചേർത്തത്. അടുത്തദിവസം മദ്റസയിൽ ഓത്തിന് പഠിക്കുന്ന 14 കുട്ടികളെയുംകൊണ്ട് അള്ളാപ്പിച്ച മൊല്ലാക്ക വന്നു. അങ്ങനെ 20 വിദ്യാർഥികളെയുംകൊണ്ട് തുടങ്ങിയതാണ് തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം. ഒരുകൊല്ലത്തിനകം മേനോൻമാഷ് എലപ്പുള്ളി ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. പിന്നെ ഒ.വി. വിജയന്റെ സഹോദരി ഒ.വി. ശാന്തയാണ് അധ്യാപികയായെത്തിയത്. ഒരുകൊല്ലത്തെ ടീച്ചിങ് എക്സ്പീരിയൻസ് പൂർത്തിയാക്കി ശാന്തയും തസ്രാക്ക് വിട്ടു. അതോടെ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിന് താഴ് വീണു. വിദ്യാർഥികളെ തണ്ണീർപ്പന്തലിലെ സ്കൂളിലേക്ക് മാറ്റി. ഈ സത്യസന്ധമായ വിവരം പറഞ്ഞുതന്ന മേനോൻ മാഷ് അടുത്തിടെ അന്തരിച്ചു. ആലത്തൂർ കോടതിക്കടുത്തായിരുന്നു മാഷുടെ താമസം. ഗുരു-ശിഷ്യ ബന്ധത്തിലും ധാർമികതയിലും അടിയുറച്ചു വിശ്വസിച്ചിരുന്ന രാജഗോപാലൻ, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരിക്കലും അംഗീകരിച്ചില്ല. ഗുരു-ശിഷ്യ ബന്ധത്തിന് അപമാനമാണ് ആ നോവലെന്ന് അദ്ദേഹം വിശ്വസിച്ചു.
''ഏകാധ്യാപക വിദ്യാലയം ആരംഭിക്കുന്നതിനായി ഞാറ്റുപുരയിൽ നാലഞ്ച് ബെഞ്ചുകൾ, കസേര, മേശ, ഗാന്ധിജിയുടെയും ഹിറ്റ് ലറുടെയും ഹനുമൽപാദരുടെയും വർണപടങ്ങൾ'' എന്നിവ ശിവരാമൻ നായരുടെ സംഭാവനയായി കാലേക്കൂട്ടി കരുതിവെച്ചിരുന്നു എന്നാണ് ഇതിഹാസത്തിൽ പറയുന്നത്. എന്നാൽ, രാജഗോപാലൻ മാഷ് പറയുന്നത് മറ്റൊരു കഥയാണ്.
''അള്ളാപ്പിച്ചാ മൊല്ലാക്ക എനിക്കൊരു മരക്കസേരയും ഒരു സ്റ്റൂളും കൊണ്ടുവന്നുവെച്ചു. അന്ന് ബെഞ്ചും ഡസ്കുമൊന്നുമില്ല. നാലഞ്ച് മാപ്പിളപ്പായകൾ (പള്ളിയിൽ നിസ്കരിക്കാൻ വിരിക്കുന്ന പായകൾ) വിരിച്ചു. അതായിരുന്നു ആദ്യത്തെ ഏകാധ്യാപക വിദ്യാലയം.
ഇതിഹാസകാരന്റെ ഭാവനയിൽ ബെഞ്ചും ഡസ്കുമൊക്കെയുണ്ടായിരുന്നു എന്നത് സ്വാഭാവിക ഭാവന മാത്രമായി കാണാവുന്നതേയുള്ളൂ. ഹിറ്റ് ലറുടെയും ഹനുമൽപാദരുടെയും വർണചിത്രങ്ങൾ എങ്ങനെ വിദ്യാലയത്തിൽ വന്നുപെട്ടു എന്നത് വിസ്മയം തന്നെ. ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ജർമനിയിലെ ഭരണാധികാരി സ്വയം കൊല്ലപ്പെട്ടതിനുശേഷം തസ്രാക്കെന്ന ഇന്ത്യൻ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിൽ എത്തിപ്പെട്ടതെങ്ങനെ? ഏകാധിപത്യത്തിനെതിരെ ജീവിതകാലം മുഴുവൻ ശബ്ദിച്ച ഒ.വി. വിജയന്റെ കൃതിയിൽ ഈ അസംബന്ധം എങ്ങനെ വന്നുപെട്ടു. അതും ഒരു മാന്ത്രികതയാവാം.
തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയം തുടങ്ങാനും നിലനിർത്താനും തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്ത അള്ളാപ്പിച്ചാ മൊല്ലാക്ക ഇതിഹാസകഥയിൽ സ്കൂളിന്റെ ഒന്നാംനമ്പർ ശത്രുവായതെങ്ങനെ? അത് കേവലം മാന്ത്രികതയുടെ പ്രകടനമാകാനിടയില്ല. ഖസാക്കിന്റെ മുക്കും മൂലയും ന്യായീകരിക്കാൻ വിജയൻ എഴുതിയ 'ഇതിഹാസത്തിന്റെ ഇതിഹാസത്തിലും' ഇതേക്കുറിച്ച് മൗനം മാത്രം.
കുട്ടികൾക്ക് മതപാഠങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ മദ്റസയിൽവെച്ച് മൊല്ലാക്ക കുഞ്ഞാമിനയോട് പറഞ്ഞു:
''നീയാ കാഫറിന്റെ ഷ്കോളീ പുഗ്വോ?''
''ഇല്ല''
''ശെയ്ഖ് തങ്ങളെ പിടിച്ചാണയിട്.''
''ശെയ്ഖ് തങ്ങളാണെ, ബദരീങ്ങളാണെ, മുത്തുനബിയാണെ, അന്ത കാഫരോടെ ഷ്കോളി പുഗമാട്ടേ.''
''മാരിയമ്മനെ പിടിച്ചാണയ്ട്...''
പഴുതുകളടക്കാൻ വേണ്ടി മൊല്ലാക്ക വീണ്ടും ആവശ്യപ്പെട്ടു:
''മാരിയമ്മയാണെ, പുളിങ്കൊമ്പത്തെ പോതിയാണെ. വെഷത്താന്മാരാണെ, അന്ത കാഫരോടെ ഷ്കോളി പുഗമാട്ടേ.''
പന്ത്രണ്ടുകൊല്ലത്തെ മാറ്റിത്തിരുത്തലുകൾക്കുശേഷം ഇതിഹാസത്തിൽ ഈ അസത്യങ്ങൾ എങ്ങനെ വന്നുപെട്ടു എന്ന് വിജയൻ വ്യക്തമാക്കിയിട്ടില്ല.
തസ്രാക്ക് ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യ അധ്യാപകനും അവിടത്തെ പള്ളിയിലെ പുരോഹിതനും തമ്മിലുണ്ടായിരുന്ന ഊഷ്മളബന്ധം രാജഗോപാല മേനോൻ മാഷുടെ വാക്കുകളിൽ തെളിഞ്ഞത് ഇങ്ങനെ:
കനാൽവരമ്പിലൂടെ രാജഗോപാലൻ നടന്ന് തിരുവാലത്തൂർ ക്ഷേത്രത്തിന് അടുത്തെത്തി. അവിടെ കണ്ട ഒരാളോട് വീണ്ടും വഴി ചോദിച്ചു. നേരെ പോയാൽ മതി. ഒരു വാങ്കുവിളികേട്ടു. പള്ളിക്കരികെ എത്തിയപ്പോഴേക്കും വാങ്കുവിളി അവസാനിച്ചിരുന്നു. മല്ലുകൊണ്ടുള്ള മുറിക്കൈയൻ ജുബ്ബയും തലേക്കെട്ടുമായി മെല്ലിച്ച രൂപം പള്ളിയിൽനിന്ന് ഇറങ്ങിവന്നു.
''ആരാണ്? എന്താണ്?''
''ഇവിടെ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങ്വാണ്. അവിടെ എന്നെ നിയമിച്ചിരിക്ക്യാണ്.''
''നിങ്ങള് എവ്ട്ത്തേ?'' വീണ്ടും ചോദ്യം.
''എലപ്പുള്ളി കേനാത്തേ...''
അത് കേട്ടതും മെല്ലിച്ചയാളുടെ മുഖം വികസിച്ചു. സ്നേഹാദര സമന്വിതമായ ശരീരഭാഷയാൽ അയാൾ രാജഗോപാലനെ ആലിംഗനംചെയ്തു.
''കണ്ടറ്വീല, കൊണ്ടറ്വീല, കേട്ടറ്വീല. ന്നാലും കേനാത്തെ തറവാട്ടിലെ ഒരാള്. ങ്ങടെ മണ്ണിലാണ് ഞാൻ നിക്ക്ണ്ത്.''
അഞ്ഞൂറുവർഷം പഴക്കമുള്ള ഒരു കഥയിലേക്ക് ആ മനുഷ്യൻ രാജഗോപാലനെ കൂട്ടിക്കൊണ്ടുപോയി. മാത്തൂർ തെരുവത്ത് പള്ളിക്ക് സ്ഥലം കൊടുത്തത് കേനാത്തുകാരാണ്. ആ പള്ളിയുടെ അധീനതയിൽപെട്ട സ്ഥലത്താണ് അയാൾ ജനിച്ചത്.
ഒരു ഗ്രാമത്തെയും അവിടത്തെ പുരോഹിതനെയുംകുറിച്ച് കഥയോ നോവലോ എഴുതുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ഭാവനയുമാണ്. എന്നാൽ, ജീവിച്ചിരിപ്പുള്ള ഒരു പുരോഹിതന്റെ യഥാർഥ പേര് ഉപയോഗിക്കുകയും അയാളുടെ സത്തയുടെ വിപരീതസത്ത അയാളിലാരോപിക്കുകയും ചെയ്യുന്നതിലെ അനീതി എഴുത്തുകാരന് ബാധകമാകില്ലേ?
ഖസാക്കിലെ 'യാഗാശ്വം'
''മൈമൂനക്ക് ആ ഗ്രാമത്തിൽ മാതൃകയില്ല അല്ലേ?''
''ഇല്ല.''
''അവൾ വെറും സങ്കൽപം അല്ലേ?''
''അതെ.''
എം.എൻ. കാരശ്ശേരിയുമായി ഒ.വി. വിജയൻ നടത്തിയ സംഭാഷണത്തിന്റെ ഓർമയാണിത്. ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ മൈമൂനയെ വിജയൻ തിരിച്ചറിയുന്നതിങ്ങനെ:
''എനിക്ക് മൈമൂന പൂർണിമയായിരുന്നു. അപസ്വരമോ വിഗന്ധമോ സ്പർശഭംഗമോ ഇല്ലാത്ത രതിനായിക. അങ്ങനെയൊരു സാലഭഞ്ജിക ഖസാക്കിന്റെ മൂലഗ്രാമത്തിലൂടെ അതിന്റെ ചതുപ്പിലും മുള്ളിലും ചവിട്ടി നടന്നിരിക്കാൻ വയ്യ. അവളുടെ കാലടി വീണത് ഇതിഹാസത്തിലാണ്; ഇതിഹാസത്തിൽ മാത്രം. കഥാകൃത്തിന്റെ ലൈംഗിക അരാജകത്വത്തിൽനിന്ന് അവൾ ഉടലെടുത്തിരിക്കാനിടയില്ല. അവളുടെ പിറവി എന്റെ സംയമനത്തിലും ധ്യാനത്തിലുമാണ്.''
മൈമൂന വിജയന് കേവലമായ സ്ത്രൈണസങ്കൽപമായിരുന്നു. കുഞ്ഞാമിന ശുദ്ധിയുടെയും ഋതുപ്രാപ്തിയുടെയും മുഗ്ധസങ്കൽപം. മാറുമറയ്ക്കാതെ മുണ്ടിൻതുമ്പ് കയറ്റിക്കുത്തി കള്ളുകാച്ചി നിൽക്കുന്ന ഏത് ഈഴവത്തിയും ആകാം 'കോടച്ചി'. ഇവരൊന്നും തസ്രാക്കുകാരല്ല എന്ന് വ്യക്തം.
എങ്കിലും ഫാത്തിമ പറയുന്നു: ''ഞാൻ തന്നെയാണ് മൈമൂന. വിജയനച്ഛൻ പേരോർമയില്ലാത്തതിനാൽ മൈമൂന എന്നാക്കി എന്നുമാത്രം. വിജയനച്ഛൻ ചെറുപ്പത്തിൽ എനിക്ക് നാരങ്ങാമിഠായികൾ കൊണ്ടുത്തരുമായിരുന്നു...'' അങ്ങനെ പോകുന്നു ഫാത്തിമയുടെ ഓർമകൾ.
അള്ളാപ്പിച്ചാ മൊല്ലാക്കയുടെ മകൾ ഫാത്തിമ ഇന്നുവരെ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ല. പുസ്തകം ആരോ വീട്ടിൽ കൊണ്ടുവന്ന് വെച്ചിരുന്നു. എന്നിട്ടും വായിച്ചില്ല. ഒരിക്കലെങ്കിലും നോവൽ വായിക്കുകയോ വായിച്ചവർ അതിലെ മൈമൂനയുടെ ലൈംഗികവികൃതികളെക്കുറിച്ച് വിവരം നൽകുകയോ ചെയ്തിരുന്നുവെങ്കിൽ ഈ വാർധക്യകാലത്ത് 'ഞാനാണ്, മൈമൂന' എന്ന് പറഞ്ഞുനടക്കില്ലായിരുന്നു. അതിനാൽ മൈമൂനയെ നമുക്ക് ഖസാക്കിലെ യാഗാശ്വമായി വിടാം. ഖസാക്കിലെ കഥാപാത്രങ്ങളിൽ ജീവിച്ചിരിപ്പുള്ള രണ്ടുപേരിൽ ഒരാളായ ഫാത്തിമ കോയമ്പത്തൂരിലാണ് താമസം. മറ്റൊരു കഥാപാത്രമായ കിട്ട പറയുന്നതും ഫാത്തിമതന്നെയാണ് മൈമൂനയെന്നാണ്. അപ്പുക്കിളിയും മുങ്ങാങ്കോഴിയും കള്ളുചെത്തുകാരൻ കുപ്പുവച്ചനും തസ്രാക്കിൽ ജീവിച്ചിരുന്നവർ തന്നെയെന്നാണ്.
അപ്പുക്കിളി
ഇതിഹാസം എഴുതിക്കഴിഞ്ഞശേഷം അതിലെ ഒരധ്യായമായ 'അപ്പുക്കിളി' വിജയൻ മാതൃഭൂമി പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാര്യർക്ക് അയച്ചുകൊടുത്തിരുന്നു. കൃഷ്ണവാര്യർ വിദേശയാത്രയിലായിരുന്നപ്പോൾ ചുമതലക്കാരൻ അതൊരു കഥയാണെന്ന ധാരണയിൽ പ്രസിദ്ധീകരണത്തിന് കൊടുത്തു. 1958 ഒക്ടോബറിൽ 'അപ്പുക്കിളി' എന്ന പേരിൽ ചെറുകഥയായി അച്ചടിച്ചുവരുകയും ചെയ്തു. നോവലിന്റെ ഒരധ്യായം കഥയായി പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഖസാക്കിന്റെ ഇതിഹാസം നോവലായി പ്രസിദ്ധീകരിക്കാനാവില്ലെന്ന് ബന്ധപ്പെട്ടവർ വിജയനെ അറിയിക്കുകയും ചെയ്തു. ഈ സമ്പൂർണ നിരാശയുമായാണ് വിജയൻ ഡൽഹിക്ക് വണ്ടികയറിയത്. പിന്നെ പത്തുകൊല്ലത്തോളം നോവൽ മാറ്റിത്തിരുത്തി പ്രസിദ്ധീകരണത്തിനൊരുക്കി. 1969ലാണ് നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. അപ്പോഴേക്കും അപ്പുക്കിളിയുടെ രൂപഭാവങ്ങൾ മാറിപ്പോയിരുന്നു.
ഒരു വിപ്ലവകഥയായി തുടങ്ങിയ ഖസാക്ക് ഞാൻ ഡൽഹിക്ക് പുറപ്പെടുമ്പോഴേക്കും ഒരു 'ഇഡിയോസെൻക്രാറ്റിക്' കഥാമാലയായി രൂപംകൊണ്ടുകഴിഞ്ഞിരുന്നുവെന്ന് പിന്നീട് വിജയൻ പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കൂറുകാണിക്കാനായി ഒരു കഥയെഴുതുക എന്ന ലക്ഷ്യത്തിലാണ് വിജയൻ പാലക്കാടൻ ഗ്രാമത്തിലെത്തിയതും മനസ്സിൽ കഥയെഴുതിത്തുടങ്ങിയതും.
''ഖസാക്കിൽ വിപ്ലവം ആസന്നമായിരിക്കുന്നു. ആ വിപ്ലവത്തിന്റെ വെടിക്കെട്ടിന് തിരികൊളുത്താൻ നഗരത്തിന്റെ നിഷ്കാസിത സന്തതിയായ രവി എത്തിയിരിക്കുന്നു. പള്ളിയിൽ പ്രാർഥിച്ച, ചതുപ്പിൽ പതുങ്ങിനടന്ന, കാവിൽ ഉറഞ്ഞ ഓരോ കഥാപാത്രവും വിപ്ലവത്തിൽ തനിക്കുള്ള പങ്ക് നിർവഹിച്ചേ പറ്റൂ. ചരിത്രത്തിന്റെ ഈ ഭാരിച്ച കടമയിൽനിന്ന് അപ്പുക്കിളിയെപോലും ഞാൻ ഒഴിവാക്കിയില്ല'' എന്ന് വിജയൻ എഴുതിയിട്ടുണ്ട്.
പ്രസിദ്ധീകരിച്ചുവന്നപ്പോൾ അതൊരു വിപ്ലവ സാഹിത്യ നോവലായില്ല. പകരം വിജയന്റെ ദാർശനിക വളർച്ചയുടെ ആദ്യകാല നിദർശനമായി. പത്തുകൊല്ലത്തിനിടയിൽ നോവൽ മാത്രമല്ല, വിജയന്റെ ദർശനങ്ങളും ഏറെ മാറിക്കഴിഞ്ഞിരുന്നു.
അപ്പുക്കിളി തസ്രാക്കിലെ സന്തതിതന്നെയെന്ന് ഇന്ന് നാട്ടുകാർ പറയുന്നു. തെളിവായി കിളിയണ്ണന്റെ താമസസ്ഥലം കാണിക്കുന്നു. ഈ സ്ഥലം വിലയ്ക്കു വാങ്ങിയ സഹൃദയൻ അവിടെ പുതിയ വീട് വെച്ചു. മതിലിൽ സുവർണലിപികളിൽ വലിയ ബോർഡും തൂക്കിയിരിക്കുന്നു -'അപ്പുക്കിളി'.
യഥാർഥത്തിൽ അപ്പുക്കിളി തസ്രാക്കുകാരനല്ലെന്ന് പലതവണ ഇതിഹാസകാരൻ വ്യക്തമാക്കിയതാണ്. ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ 'പഞ്ചവർണക്കിളി' എന്ന അധ്യായത്തിൽ വിജയൻ എഴുതുന്നു: ''ഖസാക്കിലെ പച്ചപ്പനന്തത്ത, മാധവൻ നായരുടെ 'ഖകം' ഓർമയുടെ തുടക്കം മുതൽക്കേ എന്റെ തലക്കുമുകളിൽ ചിറകടിച്ച് പാറിയവനാണ്. അമ്മയുടെ ആദ്യ ശാസനകളിൽ ഈ ഭീഷണിയും ഉൾപ്പെടുമായിരുന്നു-
''നീ ഇങ്ങനെ കൊഞ്ചിയാൽ
അപ്പുക്കിളിയാവ്ം.''
അപ്പുക്കിളിയുമായി ബന്ധപ്പെട്ട രണ്ട് അനുഭവങ്ങൾകൂടി വിജയൻ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന്:
''ഞങ്ങളുടെ വീട്ടിൽ ഒരു വേലക്കാരിയുണ്ടായിരുന്നു. സൗന്ദര്യമില്ലെങ്കിലും കൗതുകം തോന്നിക്കുന്ന ശരീരത്തിന്റെ ഉടമസ്ഥയായ കല്യാണിയച്ചി. ഞാൻ കോളജിൽ പഠിപ്പിക്കുമ്പോൾ അവരുടെ മകനായ വേലാണ്ടിക്ക് ഇരുപത് വയസ്സായിരിക്കണം. എന്നാൽ, നാലുവയസ്സിന്റെ വളർച്ചമാത്രം. വളർച്ചയെത്തിയ ഉടലിൽ നേന്ന കുറുകിയ കൈകാലുകൾ. അശ്വമുഖത്ത് സദാ പച്ചച്ചിരി. വേലാണ്ടി പാലക്കാട് കൊപ്പം അംശത്തിലുള്ള അവന്റെ വീട്ടിലില്ലെങ്കിൽ വിക്ടോറിയ കോളജിന്റെ പടിക്കലോ സമീപത്തുള്ള കടകളുടെ മുമ്പിലോ കാണും.''
അപ്പുക്കിളിയുടെ ഉൽപത്തി തസ്രാക്കിലല്ലെന്നതിന് ഇതിൽപരം തെളിവുകൾ ആവശ്യമില്ല.
ൈമമൂനയെ രണ്ടാംവിവാഹം ചെയ്ത ചക്രുറാവുത്തർ എന്ന മുങ്ങാങ്കോഴിയെ കൊടുവായൂർ എന്ന പാലക്കാടൻ ഗ്രാമത്തിൽനിന്ന് കണ്ടെടുത്തതാണ്. കുപ്പുവച്ചൻ തസ്രാക്കുകാരനല്ല, മണലി എന്ന പാലക്കാടൻ നഗരാതിർത്തി പ്രദേശത്തെ ഒരു കാരണവരായിരുന്നു. നൈസാമലി എന്ന ഖാലിയാർ തസ്രാക്കിലെ ഖാലിയാരല്ല. പ്രേതോപാസകനായ ഒരു പ്രാകൃത മാന്ത്രികന്റെ പാത്രജനിക്ക് തുടക്കം കുറിക്കുകയേ ഖാലിയാർ ചെയ്തിട്ടുള്ളൂ. ശിഷ്ടമെല്ലാം ഇതിഹാസകാരന്റെ കാടുകയറിയ ഭാവനമാത്രം.
വിജയന്റെ ആത്മമിത്രം എന്നുതന്നെ പറയാവുന്ന എം.കെ. കേളനാണ് ഇതിഹാസത്തിലെ മാധവൻ നായരായി പരിണമിച്ചത്. കോഴിക്കോട് ബാങ്ക്റോഡിലെ ബാർബറായിരുന്നു അദ്ദേഹം. സിദ്ധാശ്രമശിഷ്യനായ കേളന്റെ തത്ത്വദർശനങ്ങളും സന്ദേഹങ്ങളും ഇതിഹാസത്തെ കാര്യമായി സ്വാധീനിച്ചതായി കാണാം.
ഇതിഹാസമായി നോവൽ മാറ്റിത്തിരുത്തലുകൾക്ക് വിധേയമായ ഘട്ടത്തിൽ വിജയനും വിജയന്റെ ദർശനങ്ങളും മാറിത്തുടങ്ങിയിരുന്നു. രവിയുടെ പ്രത്യയശാസ്ത്ര അടിത്തറതന്നെ മാറിപ്പോയിരുന്നു എന്നും അതിനാലാണ് രവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കഥ കഴിച്ചതെന്നും വിജയൻ പറഞ്ഞിട്ടുണ്ട്. രവിയുടെ പ്രത്യയശാസ്ത്ര അടിത്തറ, വിജയന്റെതന്നെ ദാർശനിക അടിത്തറയുടെ ഒരു ഘട്ടത്തെയാണ് കുറിക്കുന്നത്. അത് 'ധർമപുരാണ'ത്തിലൂടെ പരിണമിച്ച് 'ഗുരുസാഗര'ത്തിന്റെ ശാന്തതയിലേക്കുള്ള വളർച്ചയായി പരിണമിച്ചു.
പ്രകൃതിയെയും കഥാപാത്രങ്ങളെയും മിസ്റ്റിഫൈ ചെയ്യുന്നതിന്റെ ഭാഗമായി വിജയൻ ഭാഷയെ മാന്ത്രികവത്കരിക്കുകയായിരുന്നു. അത് വായനക്കാരന് മുന്നിൽ ഒരു പൊതിയാത്തേങ്ങയായി നിലകൊണ്ടു. ''സായാഹ്നയാത്രകളുടെ അച്ഛാ, വിടതരുക. മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാവുകയാണ്.''
അതുവരെയുള്ള നോവൽ സങ്കൽപത്തിൽനിന്നുള്ള വലിയ വ്യതിയാനമായിരുന്നു ഖസാക്കിന്റെ ഇതിഹാസം. അത് മലയാള നോവൽ സാഹിത്യത്തിൽ പുതുയുഗം തുറന്നിടുകയും സംവേദനക്ഷമതയെ മാറ്റിമറിക്കുകയും ചെയ്തു. അതുതന്നെയാണ് ഇതിഹാസത്തിന്റെ മുഖ്യപ്രസക്തിയും.
ആസ്വാദനത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ഇതിഹാസത്തിന്റെ പുനർവായന പുതുകാലത്ത് അനിവാര്യമാണ്. അതിലേക്ക് വെളിച്ചം വീശുന്നതാണ് വിജയന്റെ പിൽക്കാല ദാർശനിക ചിന്തകൾ. ''കഥ വെറും ഉപകരണം മാത്രമാണ്. അത് കേവലം സാധാരണം മാത്രമായെന്നുവരാം. അത് തുറന്നിടുന്ന അന്തർദർശനങ്ങളാണ് ഒരു സാഹിത്യസൃഷ്ടിക്ക് അതിന്റെ തനിമ കൊടുക്കുന്നത്. ഈ അന്തർദർശനങ്ങൾ സാഹിത്യകാരന്റെ സ്വന്തമായ പെരുവിരലിലെ വരകൾപോലെ മറ്റാർക്കുമുണ്ടാകാത്ത അനുഭവരേഖകളാണ്.
പ്രശസ്ത നിരൂപകനും ചലച്ചിത്ര-നാടക രചയിതാവും നടനും സംവിധായകനുമായിരുന്ന ആർ. നരേന്ദ്രപ്രസാദ് ദൂരദർശനുവേണ്ടി വിജയനുമായി നടത്തിയ അഭിമുഖത്തിൽ ഖസാക്കിനെക്കുറിച്ചും തന്റെ ദർശനങ്ങളെക്കുറിച്ചും നോവൽരചനയെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിൽ പ്രസക്തമായ ചില ഭാഗങ്ങൾ ചുവടെ: വിജയനെയും അദ്ദേഹത്തിന്റെ കൃതികളെയും പൂർണ വെളിച്ചത്തിൽ തിരിച്ചറിയാൻ അത് സഹായകമാകും.
അശാന്തിയുടെ വാക്കുകൾ
നരേന്ദ്രപ്രസാദ്: ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ വിചിത്രമായ കഥാപാത്രങ്ങൾ ഉള്ള വിചിത്രമായ ഒരു സ്ഥലം തെരഞ്ഞെടുക്കാനെന്താണ് കാരണം?
വിജയൻ: ഇത് ഒരുകണക്കിന് തെറ്റിദ്ധാരണയാണ്. സാധാരണമായ സ്ഥലവും സാധാരണമായ കഥാപാത്രങ്ങളുമാണ് ഖസാക്കിലുള്ളത്. വളരെ തീക്ഷ്ണമായി വിടർന്ന കണ്ണുകളോടെ അവരുടെ മനസ്സിലേക്ക്, അവരുടെ അസ്തിത്വങ്ങളിലേക്ക് നോക്കാൻ കഴിയുമ്പോൾ ഉണ്ടാകുന്ന ചിത്രീകരണമാണ് അവക്ക് അസാധാരണത്വം നൽകുന്നത്. വാസ്തവത്തിൽ അത് അസാധാരണമല്ല. സാധാരണമായ മനുഷ്യന്, സാധാരണമായ ഒരു ഗ്രാമത്തിന് ഖസാക്കിനെപ്പോലെ മാനങ്ങളുണ്ടാകാൻ കഴിയും- നമ്മൾക്കതിനെ ശരിക്ക് ആഴത്തിൽ നോക്കാൻ സാധിക്കുമെങ്കിൽ.
നരേന്ദ്രപ്രസാദ്: ഖസാക്കിന്റെ ദാർശനിക മാനങ്ങളെക്കുറിച്ച് താങ്കൾ എന്താണ് പറയുന്നത്?
വിജയൻ: ഖസാക്കിൽ പ്രത്യേക ദർശനമുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല. ഒരു മനുഷ്യൻ അവന്റെ ചുറ്റുപാടുമുള്ള ജീവിതവുമായിട്ടും ആന്തരികജീവിതവുമായിട്ടും പ്രതികരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളെ റിയലിസത്തിൽ കൊണ്ടുപോയി നശിപ്പിക്കാതെ, ആ അനുഭവങ്ങളെ എത്രമാത്രം സത്യസന്ധമായി പകർത്താൻ പറ്റുമോ അങ്ങനെ പകർത്തുമ്പോഴുണ്ടാകുന്ന ദാർശനികത മാത്രമാണ് ഖസാക്കിലുള്ളത്. മനുഷ്യനെ നഗ്നനും ശുദ്ധനുമായി കാണാനുള്ള ശ്രമമാണ് ഞാനതിൽ നടത്തിയിട്ടുള്ളത്.
നരേന്ദ്രപ്രസാദ്: ഖസാക്കിലെ പ്രകൃതിയെക്കുറിച്ച്?
വിജയൻ: ഖസാക്കിലെ പ്രകൃതി നായകനോളംതന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. ദാർശനിക അനുഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു ഉപകരണമായാണ് പ്രകൃതിയെ ഉപയോഗിച്ചിട്ടുള്ളത്. ഭാഷപോലും പ്രകൃതിക്ക് വഴങ്ങി പുതിയ മാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. പ്രകൃതിയിലൂടെ ഒരു മിസ്റ്റിക്കൽ എക്സ്പീരിയൻസ് അവതരിപ്പിക്കുമ്പോൾ ഭാഷതന്നെ വളരാൻ നിർബന്ധിതമാകും. ഭാഷക്ക് റിയലിസത്തിന്റെയോ സാധാരണ നരേറ്റിവിന്റെയോ പരിമിതിയിൽ ഒതുങ്ങാൻ കഴിയില്ല. അത് സൃഷ്ടിക്കേണ്ടിവരും.
നരേന്ദ്രപ്രസാദ്: ഖസാക്കിന്റെ ഇതിഹാസത്തിൽ രവി അന്വേഷിക്കുകയും കണ്ടെത്താതിരിക്കുകയും ചെയ്യുന്നു. ചോദ്യം ചോദിക്കുകയും ഉത്തരം കണ്ടെത്താതിരിക്കുകയും ചെയ്യുന്നു. അതിന്റെ ഉത്തരമാണോ ധർമപുരാണത്തിലെ സിദ്ധാർഥൻ?
വിജയൻ: ഒരു പരിധിവരെ ആണെന്നുപറയാം. കാരണം, ഖസാക്കിലും 'ധർമപുരാണ'ത്തിലും 'ഗുരുസാഗര'ത്തിലും അന്വേഷണത്തിന്റെ തുടർച്ചയുണ്ട്. രവി ഒറ്റക്കുള്ള ഒരന്വേഷകനാണ്. അയാൾ തനിച്ച്, പ്രതികരണങ്ങളിലൂടെ ആരായുകയാണ്. അയാൾക്ക് അറിവില്ല. ഒരു ശിക്ഷണവുമില്ല. അയാൾ ഒന്നും കണ്ടെത്തുന്നില്ല. അവിടെ അവസാനിക്കുന്നു. ധർമപുരാണത്തിലെ പരാശരൻ ആരായുന്നു. ഗുരുവായ സിദ്ധാർഥനെ കണ്ടെത്തുന്നു. പക്ഷേ, ഗുരുവിന്റെ പാഠം അയാളിൽനിന്ന് വഴുതിപ്പോയി. പിന്നെ അയാൾ നിസ്സഹായനാകുന്നു. ഗുരുസാഗരത്തിൽ കുഞ്ഞുണ്ണി എങ്ങും നിറഞ്ഞുനിൽക്കുന്ന ഗുരുസാന്നിധ്യം കണ്ടെത്തി മുക്തനാവുകയാണ് ചെയ്യുന്നത്. ഇതിന് മൂന്ന് കഥകളിലും ഒരു തുടർച്ചയുണ്ട്.
നരേന്ദ്രപ്രസാദ്: ഒരു പുതിയ ഭാരതീയ സൗന്ദര്യശാസ്ത്രത്തിലേക്ക് ധർമപുരാണം കൂടുതൽ ചേർന്നുനിൽക്കുന്നില്ലേ?
വിജയൻ: ഇന്ത്യൻ ഭാഷകളിലെ പ്രതിഷേധ സാഹിത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രായേണ പാശ്ചാത്യമാണ് അതിന്റെ ലോജിക് എന്ന് മനസ്സിലാകും. അതിന്റെ സൗന്ദര്യശാസ്ത്രംപോലും പാശ്ചാത്യമാണ്. ഇവിടെ തികച്ചും ഇന്ത്യൻ എന്നുപറയുന്നതിലുപരി ഞാൻ പറയും ഹൈന്ദവമായ (വർഗീയമായ അർഥത്തിലല്ല ഞാൻ പറയുന്നത്, സാംസ്കാരികമായ അർഥത്തിലാണ്) ഒരു സൗന്ദര്യശാസ്ത്രം, കലാസങ്കേതം അരങ്ങേറ്റുന്നതിൽ ഞാൻ വിജയിച്ചിട്ടുണ്ട്.
നമ്മുടെ സാഹിത്യത്തിലെ നായകസങ്കൽപം, സംഘർഷ സങ്കൽപം ഇതൊക്കെയും നമ്മൾ പാശ്ചാത്യ തർക്കശാസ്ത്രത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്. ഇതവസാനിപ്പിച്ചേ പറ്റൂ. ഇതവസാനിക്കണം. മാർകേസ് ഒരിക്കൽ പറഞ്ഞു: ''ആംഗ്ലോ സാക്സൺ കഥാനായകനെപ്പോലെ ആവില്ല. ലാറ്റിനമേരിക്കൻ കഥാനായകൻ. അവരുടെ ചരിത്രാനുഭവം വളരെ വ്യത്യസ്തമാണ്.'' നമ്മുടെ ചരിത്രാനുഭവം വളരെ വളരെ വളരെ വ്യത്യസ്തമാണ്. പടിഞ്ഞാറിന്റേതുമായി ഒരു ബന്ധവുമില്ല നമ്മുടെ ചരിത്രാനുഭവങ്ങൾക്ക്. സാത്വികനും ആത്മാനുഭവങ്ങളുമുള്ള ഒരു മിസ്റ്റിക് ഹീറോ സങ്കൽപം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. അത് ധർമപുരാണത്തിലും വളരെ വ്യക്തമായി ഗുരുസാഗരത്തിലും ഉണ്ടായിട്ടുണ്ട്.
നരേന്ദ്രപ്രസാദ്: ആ സങ്കൽപത്തിലെ മാറ്റത്തിനനുസരിച്ച് ഇന്ത്യൻ ഫിക്ഷന്റെ രൂപത്തിലും മാറ്റമുണ്ടാേകണ്ടതല്ലേ?
വിജയൻ: ഗുരുസാഗരത്തിലെ കുഞ്ഞുണ്ണി ഒരു പത്രപ്രവർത്തകനാണ്. ബംഗ്ലാദേശ് യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോകുന്ന ഒരു വാർ റിപ്പോർട്ടറാണ്. വളരെ പരിചിതമായ ഒരു കഥാരൂപമാണ് അദ്ദേഹത്തിന്റേത്. ഈ സങ്കൽപം (process of the hero) വ്യക്തമായി മാറുന്നു. അത് ഭാരതീയവും ൈഹന്ദവവും കുറെയൊക്കെ ആധ്യാത്മികവുമായിത്തീരുന്നു. ഈ ട്രാൻസിഷനാണ് ഞാൻ പറഞ്ഞത്.