അല് മുഇസിലൂടെ നമുക്ക് ചരിത്രത്തിൽ നടക്കാം; മഹത്ത്വത്തിന്റെ മിനാരങ്ങൾ കാണാം
കൈറോയിലെ അതിപ്രധാനമായ തെരുവുകളിലൊന്നാണ് അൽ മുഇസ്. ചരിത്രത്തിന്റെ ഇൗ ഇടനാഴിയിൽ കാഴ്ചകൾ ഏറെ. തലയുയർത്തി നിൽക്കുന്ന മിനാരങ്ങൾ, പൗരാണികതയുടെ ശിൽപഭംഗികൾ, മസ്ജിദുകൾ. ആ തെരുവിലൂെട ചുറ്റിക്കറങ്ങാം.അല് മുഇസ് തെരുവിനകത്തേക്ക് കയറിയാൽ പിന്നെ നടക്കുന്നത് വർത്തമാനകാലത്തിലും, കാണുന്നതും ചിന്തിക്കുന്നതും ഭൂതകാലത്തിലുമായിരിക്കും. ഫാത്തിമി മുതൽ മുഹമ്മദ് അലി രാജവംശം വരെയുള്ള കാലത്തെ സ്മാരകങ്ങൾ അവിടെ കൂടിക്കലർന്ന് ജീവിക്കുകയാണ്....
Your Subscription Supports Independent Journalism
View Plansകൈറോയിലെ അതിപ്രധാനമായ തെരുവുകളിലൊന്നാണ് അൽ മുഇസ്. ചരിത്രത്തിന്റെ ഇൗ ഇടനാഴിയിൽ കാഴ്ചകൾ ഏറെ. തലയുയർത്തി നിൽക്കുന്ന മിനാരങ്ങൾ, പൗരാണികതയുടെ ശിൽപഭംഗികൾ, മസ്ജിദുകൾ. ആ തെരുവിലൂെട ചുറ്റിക്കറങ്ങാം.
അല് മുഇസ് തെരുവിനകത്തേക്ക് കയറിയാൽ പിന്നെ നടക്കുന്നത് വർത്തമാനകാലത്തിലും, കാണുന്നതും ചിന്തിക്കുന്നതും ഭൂതകാലത്തിലുമായിരിക്കും. ഫാത്തിമി മുതൽ മുഹമ്മദ് അലി രാജവംശം വരെയുള്ള കാലത്തെ സ്മാരകങ്ങൾ അവിടെ കൂടിക്കലർന്ന് ജീവിക്കുകയാണ്. കൈറോയുടെ വിവിധ ഇസ്ലാമിക ഭരണകാലങ്ങളുടെ ഒരു തുറന്ന മ്യൂസിയം. അതിനിടയിൽ ചെറുതും വലുതുമായ അനേകമനേകം കടകൾ. അവിടെ വിൽക്കാൻവെച്ചിരിക്കുന്ന പലതരം വസ്തുക്കൾ. ഇടയിലൂടെ ആയിരമായിരം സഞ്ചാരികൾ. അവരുടെ കണ്ണിൽനിന്നിറങ്ങുന്ന അത്ഭുതത്തിന്റെ നോട്ടങ്ങൾ അവിടെ പാഞ്ഞുകളിക്കുന്നുണ്ടാവും. അവയെ തട്ടിത്തെറിപ്പിച്ച് ഒട്ടും പുതിയതല്ലാത്ത ഇരുചക്രവാഹനങ്ങൾ ഒച്ചയുണ്ടാക്കി അപ്പോൾ അതുവഴി ഇരമ്പി കടന്നുപോകും.
പൗരാണിക നഗരമായതുകൊണ്ടാണോ എന്നറിയില്ല, കൈറോയിലെ കാറുകൾക്കും സ്കൂട്ടറുകൾക്കും കൂടി ആ സ്വഭാവമാണ്. വിന്റേജ് വാഹനങ്ങൾ നിരത്തിലെ പതിവുകാഴ്ചയാണ്. കൈറോയെ അടയാളപ്പെടുത്തുന്ന ഒരു ഫ്രെയിമെടുത്താൽ നിശ്ചയമായും അതിൽ മിനാരവും താഴികക്കുടവും പുരാതന കെട്ടിടത്തിന്റെ ചുവരും കൂട്ടത്തിലൊരു പഴഞ്ചൻ വാഹനവും കാണാം. പല വഴിയരികുകളിലും ഉപേക്ഷിച്ചുപോയ വണ്ടികൾ പൊടിപിടിച്ച് കിടപ്പുണ്ടാവും. ചിലതൊക്കെ ഓടുന്നത് കാണുമ്പോൾ പഴമയുടെ പഴക്കംകൊണ്ട് ഏത് മെക്കാനിസത്തിലാണ് അത് പ്രവർത്തിക്കുന്നതെന്നും തോന്നും. അല് മുഇസ് െതരുവിലെ പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ കയറിയാൽ ആ സംശയം ഇത്തിരി തീർന്നുകിട്ടും. ഏതോ കാലത്തെ മൊട്ടുസൂചി മുതൽ അവിടെ വിൽപനക്കു വെച്ചിട്ടുണ്ട്. ചരിത്രം തിന്നും കുടിച്ചുമാണ് ഈജിപ്തുകാർ ജീവിക്കുന്നതെന്നാണ് അത് കാണുമ്പോൾ തോന്നുക. അൽ മുഇസിന് തന്നെ പറയാൻ എന്തുമാത്രം കഥകളാണ്!
‘മുഇസ് തെരുവിൽ’നിന്നാണ് ‘കൈറോ’ ഉണ്ടായത്. നാലാം ഫാത്തിമി ഖലീഫയായിരുന്ന അല് മുഇസ് ലി-ദീനില്ലാഹിന്റെ പേരിലാണ് ഈ തെരുവ്. 969ൽ ഫാത്തിമികൾ ഈജിപ്ത് കീഴടക്കിയതിനു ശേഷം പുതിയ നഗരം സ്ഥാപിക്കാൻ തീരുമാനിക്കുന്നു. അൽ മുഇസിന്റെ പ്രധാന വസീറായിരുന്ന ജൗഹർ അസ്സിഖ്ലിക്കായിരുന്നു ഇതിന്റെ നിർമാണ ചുമതല. അന്നുവരെ ഈജിപ്തിന്റെ തലസ്ഥാനവും പ്രധാന നഗരവും ഫുസ്താത്തായിരുന്നു. ഇതിന്റെ വടക്കായി നിർമിച്ച പുതിയ നഗരത്തിന് ‘അൽ മുഇസിന്റെ വിജയനഗരം’ എന്നർഥം വരുന്ന ‘അൽ ഖാഹിറ അൽ മുഇസിയ്യ’ എന്ന് പേരിട്ടു. ഇതാണ് ‘അൽ ഖാഹിറ’യും ആധുനിക നാമമായ കൈറോയും ആയത്.
രണ്ട് കൊട്ടാരങ്ങൾ കേന്ദ്രമാക്കി അതിന് ചുറ്റുമായിരുന്നു കൈറോ നഗരം രൂപപ്പെടുത്തിയത്. കിഴക്കും പടിഞ്ഞാറുമായി രണ്ട് കൊട്ടാരങ്ങൾ പണികഴിപ്പിച്ചു. പരസ്പരം അഭിമുഖീകരിച്ചുനിന്ന ഈ ‘രണ്ടു കൊട്ടാരങ്ങൾക്കിടയിലെ’ തുറന്ന ഭാഗം ബയ്നൽ ഖസ്റൈൻ എന്നും അറിയപ്പെട്ടു. ഫാത്തിമികൾ അധികാരത്തിലിരുന്ന കാലത്ത് അവരുടെ പ്രധാനകേന്ദ്രം ഇതായിരുന്നു. അവരുടെ വിവിധ ചടങ്ങുകളും മറ്റും ഇവിടെയാണ് നടന്നിരുന്നത്. ഫാത്തിമികൾക്കു ശേഷം വന്ന അയ്യൂബികളുടെയും മംലൂക്കുകളുടെയും കാലത്തും ‘കൊട്ടാരങ്ങൾക്കിടയിലെ ഇട’ത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടില്ല. അവിടെ സ്മാരകങ്ങളുയരുകയും കൈറോയുടെ ഹൃദയമായി തുടരുകയും ചെയ്തു. അക്കാലങ്ങളിൽ ‘ഖസബ’ എന്നറിയപ്പെട്ട ഇവിടം പിന്നീട് അൽ മുഇസ് ആയി. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത കടന്നുപോകുന്ന ഓരോ കെട്ടിടവും വെറും നിർമിതിയല്ലെന്നതാണ്. ചരിത്രം പേറുന്ന കൃത്യമായ അനുപാതത്തിലുള്ള ജ്യാമിതീയരൂപങ്ങളാണ് ഓരോന്നും.
ബാബുൽ ഫുതൂഹിൽനിന്നാണ് മുഇസ് തെരുവിലേക്ക് കയറുന്നതെങ്കിൽ ഇരുവശത്തും വൃത്താകൃതിയിലുള്ള ടവറുകളുള്ള കവാടമാണ് സ്വാഗതം ചെയ്യുക. ഒരു പ്ലാറ്റ്ഫോം വഴി ബന്ധിപ്പിച്ച ഈ ടവറുകളിൽ നിരീക്ഷണത്തിനായി ഉണ്ടാക്കിയ വിടവുകൾ കാണാം. കല്ലുകൊണ്ട് നിർമിച്ചിരിക്കുന്ന കവാടത്തിന്റെ പ്രത്യേകത കമാനത്തിലെ കൊത്തുപണികളും മനോഹരമായ അലങ്കാരങ്ങളുമാണ്. കവാടം കടന്ന് ഉള്ളിലേക്ക് എത്തുമ്പോൾ വിശാലമായ തെരുവിലേക്കെത്തും. അവിടെ മാർബിൾ പതിച്ച മരച്ചുവടുകളിൽ ആളുകൾ കുടുംബവും കൂട്ടുകാരുമൊത്ത് ഇരിക്കുന്നുണ്ട്. ഒരുവശത്ത് ഫോട്ടോയെടുക്കുന്നവരുടെ ബഹളം. കുറച്ച് മുന്നോട്ടായി അപ്പാർട്മെന്റുകളും ബാൽക്കണിയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികളും കണ്ടപ്പോഴാണ് തെരുവിൽ കച്ചവടം മാത്രമല്ല, ആളുകൾ താമസിക്കുന്നുണ്ടെന്നും മനസ്സിലായത്. താഴത്തെ നിലകളിൽ കഫേയോ വേറെന്തെങ്കിലും കടകളോ; മുകൾനിലകളിൽ താമസക്കാർ.
ബാബുൽ ഫുതൂഹിനടുത്ത് തന്നെയാണ് 990നും 1013നും ഇടയിൽ നിർമിച്ച അൽ ഹാകിം മസ്ജിദ്. ഈജിപ്തിലെ രണ്ടാമത്തെ വലിയ ഫാത്തിമി പള്ളിയാണിത്. ലളിതമെങ്കിലും പ്രൗഢമായ രൂപകൽപനയാണ് പള്ളിയുടേത്. വിശാലമായ നടുത്തളവും ചുറ്റും ചതുരാകൃതിയിലുള്ള കൂറ്റൻ തൂണുകളും കാണാം. നാല് പ്രാർഥനാഹാളുകളാണ് പള്ളിയിലുള്ളത്. മൂന്ന് പ്രധാന വാസ്തുവിദ്യാ സവിശേഷതകൾക്ക് പേരുകേട്ടതാണ് അൽ ഹാകിം മസ്ജിദ്. വലുപ്പവും അതിമനോഹരമായ അലങ്കാരങ്ങളുമുള്ള സ്മാരക പ്രവേശനകവാടമാണ് അതിലൊന്ന്. വിശാലമായ വെളുത്ത മാർബിൾതറയാണ് മറ്റൊരു സവിശേഷത.
പള്ളിയുടെ പ്രവേശനകവാടത്തിന്റെ വടക്കും തെക്കും സ്ഥിതിചെയ്യുന്ന രണ്ട് മിനാരങ്ങളാണ് മൂന്നാമത്തെ പ്രത്യേകത. ഈജിപ്തിൽ അവശേഷിക്കുന്ന ഏറ്റവും പഴക്കം ചെന്ന മിനാരങ്ങളാണിവ. ചതുരാകൃതിയിലുള്ള ശിലാനിർമിതികൾക്കുള്ളിലാണ് ഈ മിനാരങ്ങൾ നിർമിച്ചിരിക്കുന്നത്.
പള്ളി നിർമാണത്തിനുപയോഗിക്കുന്ന പല സാമഗ്രികളും നിർമിച്ച് വിൽക്കുന്ന കടകൾ മസ്ജിദിൽനിന്നിറങ്ങി മുന്നോട്ടുനടക്കുമ്പോൾ കാണാം. അറബി കാലിഗ്രഫി ചെയ്ത കരകൗശല വസ്തുക്കളും സുവനീറുകളും തെരുവിന്റെ ഈ ഭാഗത്താണ്. കഫേകൾക്കൊപ്പം ഹെറിറ്റേജ് ഹോട്ടലുകളും മുഇസിലുണ്ട്. പൗരാണിക കൈറോയുടെ മടിത്തട്ടിൽ ഉറങ്ങണമെന്നുള്ളവർക്ക് ഇവിടെ തങ്ങാം. ഒരുകാലത്ത് കൈറോയിലെ അതിസമ്പന്നർ പാർത്തിരുന്ന സ്ഥലമാണിത്. അന്നത്തെ വീടുകളിലൊന്നായ ബൈത്ത് അൽ സുഹൈമി ഇപ്പോൾ മ്യൂസിയംപോലെ തുറന്നിട്ടിരിക്കുന്നു. 35 ഈജിപ്ഷ്യൻ പൗണ്ടാണ് പ്രവേശനഫീസ്.
ഒട്ടോമൻ ഭരണകാലത്ത് നിർമിക്കപ്പെട്ടതാണ് ഈ വീട്. 1648ൽ അബ്ദുൽ വഹാബ് അത്തബ്ലാ നിർമിച്ച വീട് 1796ൽ ശൈഖ് അഹ്മദ് അസ്സുഹൈമി വാങ്ങിയതോടെയാണ് ‘സുഹൈമിയുടെ വീട്’ ആയത്. ഉള്ളിലേക്ക് കയറുമ്പോൾതന്നെ മുറ്റത്ത് പുൽത്തകിടി വരവേൽക്കും. ഇരുനിലകളായുള്ള വീടിന്റെ പ്രധാന ആകർഷണം മരത്തിൽ തീർത്ത കൊത്തുപണികളാണ്. മരക്കൂടുകൾപോലെയുള്ള ‘മശ്റബിയ’ ജനാലകൾ ഇതിന്റെ മികച്ച ഉദാഹരണമാണ്. അന്നുപയോഗിച്ചിരുന്ന മേശകളും കസേരകളുമൊക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഉയർന്ന മേൽക്കൂരയിൽനിന്ന് താഴേക്ക് നൂലിൽ കോർത്തിട്ടിരിക്കുന്നപോലെ ചില്ലുവിളക്കുകൾ. പടി കയറി മുകളിലെത്തിയാൽ വിശാലമായ മജ്ലിസാണ്. കുഷ്യനിട്ട ഇരിപ്പിടങ്ങൾ. പല നിറത്തിലുള്ള കാർപെറ്റുകൾ. മച്ചിലെ കൊത്തുപണികൾ അമ്പരപ്പിക്കും. വെളിച്ചം കഷണങ്ങളായി ചിതറിയാണ് മുറികളിലേക്കും താഴെ പൂന്തോട്ടത്തിലേക്കുമെത്തുന്നത്. പഴയകാല കൈറോയിലെ സമ്പന്നജീവിതത്തെക്കുറിച്ച് ധാരണ കിട്ടാൻ ഈ വീട്ടിലൊന്ന് കയറിയാൽ മതി.
ഇതിനടുത്താണ് 1122-1125 കാലഘട്ടത്തിൽ ഫാത്തിമികൾ നിർമിച്ച അൽ അഖ്മർ മസ്ജിദ്. മസ്ജിദിന്റെ മുൻഭാഗത്ത് ലംബാകൃതിയിലുള്ള മൂന്ന് ഭാഗങ്ങളുണ്ട്. മുന്നിലേക്ക് ഉന്തിനിൽക്കുന്നതാണ് പ്രവേശനകവാടം. ഈജിപ്തിലെ ഏറ്റവും പഴക്കം ചെന്ന കല്ല് മുഖപ്പുകളിൽ ഒന്നാണിത്. കൂഫീ ലിപിയിൽ എഴുതിയ ഖുർആൻ വാക്യങ്ങൾക്ക് പുറമെ, സങ്കീർണമായ ശിലാ കൊത്തുപണികളും ‘മുഹമ്മദും അലിയും’ (പ്രവാചകൻ മുഹമ്മദിന്റെയും നാലാം ഖലീഫ അലിയുടെയും പേരുകൾ) എന്ന വാചകവും കവാടത്തിൽ കാണാം. മസ്ജിദിന്റെ മധ്യഭാഗത്ത് തുറന്ന നടുമുറ്റമാണ്. ചുറ്റും നാല് ആർക്കേഡുകൾ.
അൽ അഹ്മറിൽനിന്ന് അൽ ഖലാവുൻ സമുച്ചയത്തിലേക്കുള്ള വഴിയിലാണ് പഴയ ടൈപ്റൈറ്ററുകളും ഫോണുകളുമൊക്കെ വിൽക്കുന്ന കട കണ്ടത്. കാമറയുടെ പഴയ മോഡലുകളും വിൽപനക്കുണ്ടായിരുന്നു. പട്ടാളക്കാരന്റെ ശരീരഭാഷയുള്ള കടക്കാരനോട് ചില കൗതുകവസ്തുക്കൾക്ക് വിലപേശി നോക്കി. അയാൾ അടുക്കുന്ന മട്ടുണ്ടായിരുന്നില്ല. ആ കടക്കടുത്ത് സുവനീറുകളും പെയിന്റിങ്ങുകളും ലോഹപാത്രങ്ങളുമൊക്കെ വിൽക്കുന്ന കുെറ കടകളുണ്ട്. ഫോട്ടോയെടുത്ത് തരണമോയെന്ന് ചോദിച്ച് കാമറയും തൂക്കി കുറച്ചുപേർ. അതിനടുത്തുതന്നെയാണ് കടുത്ത നിറത്തിലുള്ള ഈജിപ്ഷ്യൻ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ വഴിയരികിൽ വെച്ച് വിൽക്കുന്ന സ്ത്രീയിരിക്കുന്നത്. ഫോട്ടോയെടുക്കാനായി അവർ വസ്ത്രം നൽകും. ഇതിനെല്ലാമിടയിലൂടെ മുളകൊണ്ടുണ്ടാക്കിയ തട്ടിൽ ഐഷ് ബലദി1 അടുക്കടുക്കായി വെച്ച് അതും തലയിലേന്തി ബാലന്മാർ തിരക്കിട്ട് നടക്കുന്നുണ്ടാവും. ചിലർ ഒരു കൈകൊണ്ട് സൈക്കിളോടിച്ച് മറുകൈകൊണ്ട് ഐഷ് തലയിൽ വെച്ച് ബെല്ലും മുഴക്കി വഴി ചോദിക്കുന്നത് കാണാം. ചെറിയ ഉന്തുവണ്ടിയിൽ സാധനങ്ങൾ കൊണ്ടുപോകുന്നവരും ഇടയിലുണ്ടാവും. അൽമുഇസിൽ ഇതുപോലെ കൈറോയിലെ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാഴ്ചകളുമുണ്ട്. കല്ല് പാകിയ വഴിയിലൂടെയുള്ള മുഇസിലെ നടപ്പ് അതുകൊണ്ടുതന്നെ കൈറോയെ അറിയലാണ്.
വ്യത്യസ്ത കെട്ടിടങ്ങൾ ഒരുമിച്ചുണ്ടാക്കുന്ന മംലൂക്ക് വാസ്തുവിദ്യയുടെ ആദ്യ ഉദാഹരണമായാണ് അൽ ഖലാവുൻ സമുച്ചയത്തെ കണക്കാക്കുന്നത്. 100 ഈജിപ്ഷ്യൻ പൗണ്ട് നൽകി ടിക്കറ്റെടുത്ത് ഉള്ളിൽ കയറിയാൽ മദ്റസ, ആശുപത്രി, ശവകുടീരം എന്നിവയുൾപ്പെട്ട സമുച്ചയം കാണാം. സൈഫുദ്ദീൻ ഖലാവൂനാണ് ഇത് സ്ഥാപിച്ചത്. പ്രവേശന കവാടങ്ങളെല്ലാം ജ്യാമിതീയ, പുഷ്പരൂപങ്ങളുടെ ഡിസൈനുകൾകൊണ്ട് സമ്പന്നമാണ്. അകത്തേക്ക് കയറുമ്പോൾ ഒരു ഇടനാഴി കാണാം. ഇതിന്റെ ഇടതുവശത്ത് മദ്റസയും വലതുഭാഗത്ത് ശവകുടീരവും സ്ഥിതിചെയ്യുന്നു. ഇടനാഴിയുടെ അവസാനത്തിലാണ് ആശുപത്രി. അകത്തളത്തിന്റെ ചുവരുകളിൽ മാർബിൾ, മൊസൈക്, കുമ്മായം എന്നിവകൊണ്ട് കൊത്തുപണി ചെയ്ത അലങ്കാരങ്ങളാണ്. മേൽക്കൂരയിൽ ചായവും സ്വർണവും പൂശിയ തടികൊണ്ടുള്ള മച്ച് ഉപയോഗിച്ചിരിക്കുന്നു. മദ്റസയോടൊപ്പംതന്നെ വിദ്യാർഥികൾക്ക് താമസിക്കാൻ സ്ഥലവും അക്കാലത്തുണ്ടായിരുന്നു. മനോഹരമായ കൽമുഖവും മാർബിൾ കവാടവുമാണ് മദ്റസയുടെ സവിശേഷത. മദ്റസയിലെ ഹാളുകളിൽ രണ്ടെണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. വാതിലിന്റെ വലതുവശത്തുള്ള ശവകുടീരത്തിന് തടികൊണ്ടുള്ള ഗ്രില്ലുകൾകൊണ്ട് മറതീർത്തിട്ടുണ്ട്. ഗ്ലാസ് മൊസൈക്കുകൊണ്ട് മനോഹരമാക്കിയ മിഹ്റാബ്, വിവിധ നിറത്തിലുള്ള ചില്ലുജനാലകൾ, അറബിക് കാലിഗ്രഫികൊണ്ട് നിറച്ച ഫലകങ്ങൾ തുടങ്ങിയവയൊക്കെ സമുച്ചയത്തിനുള്ളിലെ കാഴ്ചകളാണ്. വിവിധ വാസ്തുശൈലികൾ സമ്മിശ്രമായി സമുച്ചയത്തിൽ കാണാം.
ബയ്നൽ ഖസ്റൈനിലുള്ള ഖലാവുൻ സമുച്ചയത്തിൽനിന്ന് അൽഗൂരി സമുച്ചയത്തിലെത്താൻ പ്രധാന റോഡിനപ്പുറം കടക്കണം. അൽ അസ്ഹർ പള്ളിക്കടുത്താണ് സുൽത്താൻ അൽ അഷ്റഫ് ഖാൻസുഹ് അൽഗൂരി സ്ഥാപിച്ച ഈ സമുച്ചയമുള്ളത്. 1503 മുതൽ 1505 വരെയുള്ള കാലയളവിലായിരുന്നു ഇതിന്റെ നിർമാണം. പള്ളി, മദ്റസ, ശവകുടീരം, സബീൽ (പൊതുജനങ്ങൾക്ക് വെള്ളമെടുക്കാവുന്ന സ്ഥലം), ഖാൻഗാഹ് (ആത്മീയ സമ്മേളനങ്ങൾക്കുള്ള ഇടം) എന്നിവയാണ് ഈ സമുച്ചയത്തിലുള്ളത്. തിരക്കുപിടിച്ച തെരുവിലൂടെ നടന്നുവേണം ഇങ്ങോട്ടെത്താൻ. സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധതൈലങ്ങളുടെയും മാർക്കറ്റ് ഈ വഴിയിലാണ്. ജ്വല്ലറികളും പുരാവസ്തു വിൽക്കുന്ന വിൽപനശാലകളുമുണ്ട്. പഴയ വസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ കയറിയപ്പോൾ ഈജിപ്തിലെ പല ചരിത്രകാലത്തെയും അടയാളപ്പെടുത്തുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും ഫോട്ടോ കണ്ടു. ഇത്തരം ഫോട്ടോകൾ വീട്ടിലും ഓഫിസിലും കടകളിലുമൊക്കെ വെക്കുന്നത് ഒരു ഈജിപ്ഷ്യൻ രീതിയാണെന്ന് തോന്നുന്നു. വിപ്ലവനേതാവ് ജമാൽ അബ്ദുൽ നാസിറിന്റെ ഒരു പ്രതിമ അവിടെ കണ്ടു. കടക്കാരൻ ആവേശത്തോടെ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നു.
രണ്ട് വശങ്ങളിലായാണ് അൽഗൂരി സമുച്ചയം സ്ഥിതിചെയ്യുന്നത്. മദ്റസയും പള്ളിയും വലതുവശത്തും ശവകുടീരം ഉൾെപ്പടെയുള്ളവ ഇടതുഭാഗത്തും. രണ്ട് കെട്ടിടങ്ങളും ഇരുവശങ്ങളിലുമായുള്ള കടകൾക്ക് മുകളിലാണ് നിർമിച്ചിരിക്കുന്നത്. തെരുവിന് തണൽ നൽകാൻ നിർമിച്ച മരത്തിന്റെ മേൽക്കൂര ഈ കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഈ പ്രദേശം വർഷങ്ങളായി കൈറോയിലെ തുണി മാർക്കറ്റിന്റെ ഭാഗമാണ്. തുണിത്തരങ്ങളും വസ്ത്രങ്ങളും ഇവിടെ ഇന്നും വിൽക്കുന്നു. ഈ തെരുവിന് സമീപമാണ് തുണിനിർമാണത്തിന് പ്രശസ്തമായ അൽ ഖയാമിയ തെരുവുള്ളത്. സമുച്ചയം കാണാൻ സന്ദർശകർ കുറവാണ്. താഴെയുള്ള തുണിത്തെരുവിൽ നല്ല തിരക്കാണ്.
അൽഗൂരി സമുച്ചയത്തിന് അടുത്തായി ഒരു വിഖാലയുമുണ്ട്. തുറന്ന ചതുരാകൃതിയിലുള്ള ഒരു നടുമുറ്റവും നാലുവശവും അറകളാൽ ചുറ്റപ്പെട്ടുമാണ് ഇതിന്റെ ഘടന. അഞ്ച് നിലകളിൽ ഒന്നും രണ്ടും നിലകൾ ചരക്കുകൾ സൂക്ഷിക്കാനും വിൽക്കാനുമുള്ള സ്ഥലങ്ങളായും മുകളിലത്തെ മൂന്ന് നിലകൾ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വാസസ്ഥലമായുമാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ഇതൊക്കെ നിർമിച്ച സുൽത്താൻ അൽഗൂരിയുടെ അവസാനം ദാരുണമായിരുന്നു. ഒട്ടോമൻ സൈന്യം പരാജയപ്പെടുത്തിയ അദ്ദേഹത്തിന് താനാഗ്രഹിച്ചപോലെ ആ ശവകുടീരത്തിൽ നിത്യനിദ്ര പുൽകാനായില്ല. ഓട്ടോമനുകളുമായുള്ള യുദ്ധത്തിനിടെ മരിച്ചുവീണ അദ്ദേഹത്തിന്റെ ശരീരം എവിടെയാണ് സംസ്കരിച്ചിരിക്കുന്നത് എന്നതുപോലുമറിയില്ല. അൽഗൂരിയുടേത് മാത്രമല്ല, ഒപ്പം മണലാരണ്യത്തിൽ അടിഞ്ഞുപോയത് മംലൂക്കുകളുടെ വാഴ്ചകൂടിയായിരുന്നു. അവർ നിർമിച്ച സ്മാരകങ്ങളും പള്ളികളും മാത്രം ബാക്കിയായി.
അല് മുഇസ് തെരുവിലുള്ള മുഅയ്യദ് മസ്ജിദ് നിർമിച്ചതും മംലൂക്കുകളാണ്. 1415ലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. മുഇസ് തെരുവിന്റെ തെക്കൻ കവാടമായ ബാബ് സുവൈലയോട് ചേർന്നാണ് മസ്ജിദ്. ബാബ് സുവൈലയുടെ വൃത്താകൃതിയിലുള്ള മുൻഗോപുരങ്ങളിൽനിന്നാണ് പള്ളിയുടെ രണ്ട് മിനാരങ്ങൾ നിർമിച്ചിരിക്കുന്നത്. പള്ളിയുടെ കവാടം കുമ്മായവും, കറുപ്പും വെളുപ്പും നിറമുള്ള മാർബിൾകൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. പള്ളിക്കകത്ത് നാല് പോർട്ടിക്കോകളും തുറന്ന നടുമുറ്റവുമുണ്ട്. ചുവരുകൾ മാർബിൾകൊണ്ടാണ് പാനൽ ചെയ്തിരിക്കുന്നത്. തടികൊണ്ടുള്ള പ്രസംഗപീഠത്തിൽ ആനക്കൊമ്പും മുത്തും കൊത്തിവെച്ചിരിക്കുന്നു. ലിഖിതങ്ങളിൽ മസ്ജിദ് നിർമിച്ച സുൽത്താൻ അൽ മുഅയ്യദിന്റെ പേരും സ്ഥാനപ്പേരുകളും കാണാം.
ബാബ് സുവൈലയിലാണ് അല് മുഇസ് തെരുവ് അവസാനിക്കുന്നത്. ഫാത്തിമി കാലത്തുണ്ടായിരുന്ന തെക്കൻ ഭാഗത്തെ സംരക്ഷണമതിലിന്റെ അവശേഷിക്കുന്ന ഏക കവാടമാണിത്. അർധവൃത്താകൃതിയിലുള്ള രണ്ട് ഗോപുരങ്ങളുടെ ഇടയിലാണ് പ്രവേശന കവാടം. ഇതിലൂടെ പുറത്തേക്ക് കടക്കുന്നതോടെ മുഇസ് തെരുവിലൂടെയുള്ള ഭൂതകാലനടപ്പ് അവസാനിക്കുന്നു.2 വർത്തമാനകാലത്തിലേക്ക് മടങ്ങിവരുന്നതിനിടെ വീഴ്ചകളുടെയും വാഴ്ചകളുടെയും അറബിക്കഥകൾ ഭാവനയിൽ ചിത്രമായി വരും. ചെറുപ്പത്തിലെങ്ങോ ബാലമാസികകളിൽ കണ്ട വേഷത്തിൽ സുൽത്താൻമാർ അരങ്ങുവാഴുന്നത് കണ്ണിൽ തെളിയും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാനും കൈമോശം വരാതിരിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമുള്ള ഈജിപ്ത് ഭരണകൂടത്തിന്റെ പദ്ധതികളെക്കുറിച്ച് എവിടെയോ കണ്ടപ്പോൾ ഇന്ത്യയെ കുറിച്ചാണ് ഓർമ വന്നത്. മുന്നൂറിലധികം കൊല്ലം രാജ്യം ഭരിച്ച മുഗൾ രാജവംശത്തെ ചരിത്രത്തിൽനിന്ന് നിഷ്കാസനംചെയ്യാൻ ഭരണകൂടം നടപ്പാക്കുന്ന നീതികേടുകളെക്കുറിച്ച്, തകർക്കപ്പെടുകയും പേര് മാറ്റപ്പെടുകയും ചെയ്യുന്ന സ്മാരകങ്ങളെയും റോഡുകളെയും കുറിച്ച്, മായ്ച്ചുകളയുന്ന സത്യങ്ങളെകുറിച്ചൊക്കെ ഓർമവന്നു. പേടി തോന്നി.
(തുടരും)
കുറിപ്പ്:
1. ഒരുതരം റൊട്ടി. ഈജിപ്ഷ്യർക്ക് ഒഴിച്ചുകൂടാനാവാത്ത ഈ റൊട്ടി എല്ലാ നേരവും ഭക്ഷണമേശയിലുണ്ടാവും.
2. അല് മുഇസ് തെരുവിൽ ഈ ലേഖനത്തിൽ പരാമർശിക്കാത്ത സ്മാരകങ്ങളുമുണ്ട്. സുലൈമാൻ ആഗ അൽ സിലാദാർ മസ്ജിദ്, തഗ്രി ബർദി മസ്ജിദ്, അൽ അഷ്റഫ് ബാർസ്ബേ മസ്ജിദ് തുടങ്ങിയ പള്ളികളും വിവിധ മദ്റസകളും സാബിലുകളുമുണ്ട്.