െകെറോയിലെ മിഠായിത്തെരുവുകൾ -ഫസീല മെഹർ എഴുതുന്ന ഈജിപ്ത് യാത്രാനുഭവം
സഞ്ചാരികളുടെ സ്വപ്നമാണ് ഇൗജിപ്ത്. പൗരാണികതയും ചരിത്രവും മിത്തും എല്ലാം ഇണപിരിഞ്ഞ് നൈൽപോലെ ഒഴുകുന്ന നാട്. അത്ഭുതങ്ങളുടെയും മനോഹാരിതയുടെയും അറബിക്കഥയിലൂടെ വേണം ഒാരോ ഇഞ്ചും നടക്കാൻ. ഇൗജിപ്തിലെ കാഴ്ചകളെയും അനുഭവങ്ങളെയും കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ലേഖിക. യാത്ര സാംസ്കാരിക പഠനംകൂടിയായി മാറുന്നു ഇൗ എഴുത്തിൽ.‘ഈ മധുരത്തിന് എന്താണ് ഇങ്ങനൊരു പേര്..?’കൈറോയിലെ ഖാൻ അൽ ഖലീൽ തെരുവിൽ അൽ ഹുസൈൻ...
Your Subscription Supports Independent Journalism
View Plansസഞ്ചാരികളുടെ സ്വപ്നമാണ് ഇൗജിപ്ത്. പൗരാണികതയും ചരിത്രവും മിത്തും എല്ലാം ഇണപിരിഞ്ഞ് നൈൽപോലെ ഒഴുകുന്ന നാട്. അത്ഭുതങ്ങളുടെയും മനോഹാരിതയുടെയും അറബിക്കഥയിലൂടെ വേണം ഒാരോ ഇഞ്ചും നടക്കാൻ. ഇൗജിപ്തിലെ കാഴ്ചകളെയും അനുഭവങ്ങളെയും കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ലേഖിക. യാത്ര സാംസ്കാരിക പഠനംകൂടിയായി മാറുന്നു ഇൗ എഴുത്തിൽ.
‘ഈ മധുരത്തിന് എന്താണ് ഇങ്ങനൊരു പേര്..?’
കൈറോയിലെ ഖാൻ അൽ ഖലീൽ തെരുവിൽ അൽ ഹുസൈൻ പള്ളിക്ക് പിന്നിലുള്ള ആ പഴയ കഫേയിലിരുന്ന് ‘ഉമ്മ് അലി’ കഴിക്കുമ്പോൾ ആ ചോദ്യം ഞങ്ങളിൽനിന്ന് േകൾക്കുന്ന മൂന്നാമത്തെ വിളമ്പുകാരനായിരുന്നു വെളുത്ത് നീണ്ട ആ മനുഷ്യൻ. മുമ്പ് രണ്ടുതവണ വേറെ കടകളിലിരുന്ന് ഉമ്മ് അലി ഉത്ഭവകഥ കേട്ട് കൗതുകപ്പെട്ടിരുന്നെങ്കിലും മൂന്നിൽ ഉറപ്പിക്കാമെന്ന് കരുതിയാണ് ഇവിടെയും ചോദ്യമാവർത്തിച്ചത്. ഉയർന്ന പല്ലുകളുള്ള ആ വിളമ്പുകാരന് സദാ ചിരിക്കുന്ന ഭാവമായിരുന്നു. എത്രയോ കാലം മുന്നേയുള്ള മരബെഞ്ചുകളും പൗരാണികമായ തുറന്ന അടുക്കളയുമുള്ള ആ ഭക്ഷണശാലക്ക് ആധുനികഭാവമുള്ള ഒരു പരിചാരകൻ പോരായ്മയായി കാണുന്നവർക്ക് തോന്നുമെങ്കിലും സത്യത്തിൽ അതായിരുന്നു പൂർണത. കാരണം, അത് ഖാൻ അൽ ഖലീൽ ആണെന്നതുതന്നെ. പഴയ കൈറോയുടെ ഹൃദയമാണ് ആ കച്ചവട തെരുവ്, ഒത്ത നടുക്കു തന്നെ.
കൈറോ പഴയതും പുതിയതുമുണ്ട്. ആ സ്ഥലനാമം കേൾക്കുമ്പോൾതന്നെ പൗരാണികത എന്ന് നിർവചിച്ചു പോവും. പഴമയുടെ കുലീനവും പ്രൗഢവുമായ ശേഷിപ്പുകൾ വേറൊരു നാട്ടിലും ഇത്രയധികം ഉണ്ടാവാനിടയില്ല. കുറെയൊക്കെ കൈമോശം വന്നെങ്കിലും ആ വീഥികളിലൂടെ നടക്കുമ്പോൾ വേറേതോ കാലത്തിലേക്ക് നമ്മൾ എറിയപ്പെടുന്നു. എങ്ങോട്ട് കാമറ തിരിച്ചാലും അതൊരു ഫ്രെയിമാണ്. ജ്യാമിതീയരൂപങ്ങളുടെ കൃത്യമായ കൂടിച്ചേരലിൽ ഓരോ ചിത്രവും മനോഹരമാകുന്നു. പഴയതിൽതന്നെ ഇസ്ലാമിക്, കോപ്റ്റിക് എന്നീ രണ്ട് കൈറോ കാഴ്ചകളുണ്ട്. ജൂതമതത്തിന്റെ ചില ശേഷിപ്പുകളും കാണാം. അബ്രഹാമിക് മതങ്ങളിലെ പല പ്രവാചകന്മാരുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും പുരാവൃത്തങ്ങളും കഥകളും ഈജിപ്തിൽ പലയിടത്തുമുണ്ട്. പല കാലങ്ങളിലായി ഭരിച്ച മുസ്ലിം രാജവംശങ്ങൾ ബാക്കിവെച്ച അടയാളങ്ങളും വാസ്തുചാതുരിയും സാംസ്കാരികചിഹ്നങ്ങളും ജീവിതവുമാണ് ഇസ്ലാമിക് കൈറോയുടെ ആകത്തുക. ഈജിപ്ത് യാത്ര തുടങ്ങിയത് അവിടെനിന്നാണ്. ഖലീഫമാരുടെയും സുൽത്താൻമാരുടെയും നിർമിതികളിൽ, മിനാരങ്ങളിൽ, ഖബറിടങ്ങളിൽ, ചരിത്രത്തിൽനിന്ന്.
ഉമ്മ് അലി അങ്ങനെയൊരു കാലത്ത് തീന്മേശകളിൽ അവതരിച്ചതാണ്. കഫേയിലെ വിളമ്പുകാരൻ എവിടെയോ കേട്ട അതിന്റെ ഉത്ഭവകഥ, സഞ്ചാരികൾക്കു മുന്നിൽ ഒരുപക്ഷേ പതിവായി വിഭവങ്ങൾക്കൊപ്പം വിളമ്പുന്ന കഥ ഞങ്ങളോടും ആവർത്തിച്ചു. ‘‘(ഏത് കാലഘട്ടത്തിലാണെന്നറിയില്ല) അലിയുടെ ഉമ്മ അഥവാ ഉമ്മു അലി, ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ദേഷ്യം മൂത്ത് അയാളെ കൊന്നു. എന്നിട്ട് അതാഘോഷിക്കാൻ അന്നോളമില്ലാതിരുന്ന ഒരു പലഹാരമുണ്ടാക്കി നാട്ടുകാർക്ക് വിതരണം ചെയ്തു. അതാണ് ഉമ്മ് അലി.’’ കഥയും പറഞ്ഞ് ‘‘ഒന്നുകൂടി എടുക്കട്ടെ’’ എന്നു ചോദിച്ച് ചിരി മായ്ക്കാതെ അദ്ദേഹം അടുത്ത ടേബിളിലേക്ക് നീങ്ങി. അവിടെ ഒരു വൃദ്ധൻ മകനും പേരമകനുമൊപ്പം ഇതേ മധുരം കഴിച്ച് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അടുത്ത സ്പൂൺ കോരി വായിലിടുമ്പോൾ മുമ്പു കേട്ട ഒരു കഥയിൽ അലിയുടെ ഉമ്മ കൊല്ലുന്നത് ഭർത്താവിന്റെ രണ്ടാം ഭാര്യയെയായിരുന്നല്ലോ എന്നോർത്തു. നാട്ടുമൊഴി ഏതാണെങ്കിലും ഒരു മരണം ആഘോഷിക്കാൻ സൃഷ്ടിക്കപ്പെട്ട മധുരമാണ് മുന്നിലിരിക്കുന്ന മൺകിണ്ണത്തിൽ പതഞ്ഞിരിക്കുന്നത്. പാലും തേങ്ങയും ബ്രഡും പഞ്ചസാരയും പിസ്തയും ഉണക്കമുന്തിരിയുമൊക്കെ ചേർത്തുണ്ടാക്കുന്ന സവിശേഷമായ, വായിലിട്ടാൽ അലിഞ്ഞിറങ്ങുന്ന മധുരമാണ് ഉമ്മ് അലി. പക്ഷേ, അതിന് ഈ പഴമൊഴികൾക്കപ്പുറം ആ നാടിന്റെ തന്നെ അധികാരവും രാഷ്ട്രീയവുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന വേറൊരു പിന്നാമ്പുറമുണ്ട്.
കഥ പോകുന്നത് 1240കളിലേക്കാണ്. ഈജിപ്തിലെ അയ്യൂബി ഭരണാധികാരിയായിരുന്ന അസ്സാലിഹ് അയ്യൂബിന്റെ മരണത്തെത്തുടർന്ന് മധ്യപൂർവദേശത്തെ തന്നെ ആദ്യ സുൽത്താനയായി അധികാരം നേടിയ ഷാജർ അൽ ദുർറിന്റെ കാലത്തിലേക്ക്.
ഈജിപ്തിനെ ഏതുവിധേനയും ആക്രമിക്കാനുള്ള അവസരങ്ങൾക്കായി കുരിശുയുദ്ധക്കാർ കാത്തിരിക്കുന്ന സമയത്തായിരുന്നു സുൽത്താന്റെ മരണം. രാജാവ് മരിച്ചതറിഞ്ഞാൽ ആക്രമണം ഉറപ്പായിരിക്കുമെന്ന് മനസ്സിലാക്കിയ ശജർ അൽ ദുർറ് ഭർത്താവിന്റെ മരണം മറച്ചുവെച്ച് അദ്ദേഹത്തെ രഹസ്യമായി അടക്കംചെയ്തു. സുൽത്താൻ രോഗബാധിതനാണെന്നും സന്ദർശകരെ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തു. കുറച്ചുകാലം അങ്ങനെ പോയെങ്കിലും അസ്സാലിഹ് അയ്യൂബി മരിച്ചെന്നറിഞ്ഞതോടെ കുരിശുയുദ്ധക്കാർ ഈജിപ്തിനെ ആക്രമിച്ചു. എന്നാൽ, വിജയം ഈജിപ്തിനൊപ്പമായിരുന്നു. അക്കാലത്ത് ശക്തരായ ഈജിപ്ഷ്യൻ സൈന്യം കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തി.
ഈ വിജയം പിന്നീടും ആവർത്തിച്ചതോടെ അബ്ബാസി കാലഘട്ടത്തിൽ സ്ഥാപിതമായ സൈന്യങ്ങളിലൊന്നായ മംലൂക്കുകൾക്കിടയിൽ ശജർ അൽ ദുർറ് പ്രശസ്തി നേടി. അവർക്ക് അധികാരം ഉറപ്പാക്കാൻ മംലൂക്കുകൾ അസ്സാലിഹിന്റെ മകൻ തുറാൻഷായെ വധിച്ച് സഹായിക്കുക കൂടി ചെയ്തു. അതോടെയാണ് ശജറയെ സുൽത്താനയായി പ്രഖ്യാപിക്കുന്നത്.
എന്നാൽ, ഒരു സ്ത്രീ ഭരണാധികാരിയായത് പൊതുജനങ്ങളെ ചൊടിപ്പിച്ചു. പലരും അതിനെതിരെ പ്രതിഷേധിച്ചു.
അബ്ബാസി ഖലീഫ അൽ മുസ്തഅ്സിം ബില്ലാഹ് ഈജിപ്തിന് കത്ത് പോലും എഴുതുകയുണ്ടായി. ‘‘നിങ്ങളുടെ രാജ്യത്ത് പുരുഷന്മാരുടെ കുറവുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. ഇവിടുന്ന് അങ്ങോട്ടേക്ക് ആളെ അയക്കാ’’മെന്നതായിരുന്നു' അതിലെ ഉള്ളടക്കം. പ്രതിഷേധങ്ങൾ കനത്തതോടെ അധികാരമേറ്റെടുത്ത് വെറും 80 ദിവസങ്ങൾകൊണ്ട് ശജർ അൽ ദുർറിന് സ്ഥാനമൊഴിയേണ്ടിവന്നു. അങ്ങനെയാണ് ഈജിപ്തിലെ മംലൂക്ക് സുൽത്താന്മാരിൽ ഒന്നാമനായ ഇസ്സുദ്ദീൻ അയ്ബക് അധികാരത്തിലെത്തുന്നത്. അയ്ബക്കിനെ ശജർ വിവാഹം കഴിക്കുകയുംചെയ്തു. അങ്ങനെ രാഷ്ട്രീയ കാര്യങ്ങളിലും ഭരണവിഷയങ്ങളിലും ഇടപെട്ടു തുടങ്ങി.
ഇവിടെയാണ് ഉമ്മ് അലി കടന്നുവരുന്നത്. അയ്ബക്കിന്റെ ആദ്യ ഭാര്യയായിരുന്നു ഉമ്മ് അലി അഥവാ രണ്ടാം മംലൂക്ക് സുൽത്താൻ അൽ മൻസൂർ അലിയുടെ മാതാവ്. അവരുടെ പേരെന്താണെന്ന് അറിയാൻ കൗതുകം തോന്നിയെങ്കിലും അന്വേഷിച്ച ഇടങ്ങളിലൊന്നും കണ്ടില്ല. അതേതായാലും ‘ഉമ്മ് അലി’ എന്നതിനേക്കാൾ പെരുമയുള്ളതല്ലെന്ന് ഉറപ്പ്. ആദ്യ ഭാര്യയെ കാണുന്നതിൽനിന്ന് അയ്ബക്കിനെ ശജർ അൽ ദുർറ് വിലക്കുകയും അവരെ വിവാഹമോചനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഇതിനിടെയാണ് മറ്റൊരു വിവാഹം കഴിക്കാൻ തന്റെ ഭർത്താവിന് പദ്ധതിയുണ്ടെന്ന് അവർ അറിയുന്നതും. ഇതിൽ കലിപൂണ്ട ശജർ താൻ വിവാഹം കഴിച്ചതുകൊണ്ട് മാത്രം സുൽത്താനായ അയ്ബക്ക് തന്നെ വഞ്ചിക്കുകയാണെന്ന തോന്നലിൽ അയാളെ വധിച്ചു. സുൽത്താനെ കൊലപ്പെടുത്തിയത് ശജർ അൽ ദുർറാണെന്ന് തിരിച്ചറിഞ്ഞ മംലൂക്കുകൾ അവരെ പിടികൂടി. തന്റെ ഭർത്താവിനെ തന്നിൽനിന്ന് അകറ്റിയതിനും കൊലപ്പെടുത്തിയതിനും ശജർ അൽദുർറിനോട് പ്രതികാരം ചെയ്യാൻ ഉമ്മ് അലിയും ഇറങ്ങി. അവൾ തന്റെ വേലക്കാരികളോട് ശജർ അൽ ദുറിനെ അടിച്ചുകൊല്ലാൻ ആജ്ഞാപിച്ചെന്നും അവരെ തടിക്കട്ടകൾകൊണ്ട് എറിഞ്ഞ് കൊന്നുവെന്നുമാണ് കഥ. ആ കൊലപാതകം ആഘോഷിക്കാനുള്ള ഉമ്മ് അലിയുടെ തീരുമാനത്തിൽ പിറന്ന മധുരവിഭവമാണത്രേ ‘ഉമ്മ് അലി’.
സാമ്രാജ്യങ്ങളും ഭരണകർത്താക്കളും അധികാരരൂപങ്ങളും മാറിയെങ്കിലും ആ മധുരത്തിന് നൂറ്റാണ്ടുകൾക്കിപ്പുറവും ഒരു മാറ്റവുമില്ല. ആ പ്രതികാരമധുരം നുണയാതെ ഒരു സഞ്ചാരിയും ഈജിപ്തിൽനിന്ന് മടങ്ങുന്നുമുണ്ടാവില്ല. സംഭവം കഴിക്കാൻ അതിഗംഭീരമാണെങ്കിലും അതുണ്ടായ കഥ വേദനിപ്പിച്ചു. അറബിലെ ആദ്യ സുൽത്താന എത്ര ദാരുണമായാണ് വധിക്കപ്പെട്ടതെന്ന് തോന്നി. പക്ഷേ, യാത്രകളിൽ ഒരു നിയമമുണ്ട്. ചരിത്രത്തിൽ വികാരംകൊള്ളാതെ കാഴ്ചയിൽ പൊരുൾ തേടുക. അങ്ങനെ മുന്നിലിരിക്കുന്ന പാത്രത്തിലെ അവസാനത്തെ കോരി മധുരവും അകത്താക്കി കഫേയിൽനിന്നിറങ്ങി. മേൽപറഞ്ഞ കഥയിലെ മംലൂക്ക് സാമ്രാജ്യം സ്ഥാപിച്ച ഖാൻ അൽ ഖലീലിലേക്ക് നടന്നു.
മിസ് രികൾക്ക് ‘ജ’ അല്ല, പകരം ‘ഗ’ ആണ് ശബ്ദം. ഈ തെരുവ് നിൽക്കുന്ന സ്ഥലം നമുക്ക് ‘അൽ ജമാലിയ’ ആകുമ്പോൾ അവർക്ക് ‘അൽ ഗമാലിയ’ ആണ്. ആ നാടിന്റെ എഴുത്തുകാരൻ നജീബ് മെഹ്ഫൂസും നഗീബ് മെഹ്ഫൂസുമാകുന്നതും അങ്ങനെ തന്നെ. മംലൂക്കുകളാണ് നിർമിച്ചതെങ്കിലും ഫാത്തിമികളുടെ ശേഷിപ്പുകൾക്ക് മുകളിലാണ് ആ കച്ചവടകേന്ദ്രമുള്ളത്. ഫാത്തിമി ഖലീഫമാരുടെ കൊട്ടാരത്തിന്റെ ഭാഗവും ശ്മശാനവുമായിരുന്നു അത്. ഇപ്പോഴതിന് മുകളിലുള്ളത് ഈ കാലത്തിന്റെ ആവരണമാണ്. ലോകത്തെ അനേകമനേകം സഞ്ചാരികളെ കാത്ത് പുലരും മുതൽ ഇരുളും വരെ സജീവമാകുന്ന ഇടനാഴികൾ.
ഈജിപ്ത് ഒരുപാട് അടരുകളുള്ള ദേശമാണെന്ന് അവിടെ കാണുന്ന ചെറിയൊരു കല്ല് പോലും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. വാഴ്ചകളുടെയും വീഴ്ചകളുടെയും, ആധിപത്യത്തിന്റെയും അടിയറവിന്റെയും, പടയോട്ടങ്ങളുടെയും പടനയിക്കലിന്റെയുമൊക്കെ ചരിത്രമുണ്ട് ഓരോ അടരിലും. ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ച് രൂപപ്പെട്ട മഹാസാംസ്കാരികതയും നാഗരികതയുമാണത്. ഖാൻ അൽ ഖലീലിലെ പുരാതന കെട്ടിടങ്ങളുടെ നരച്ച നിറം കാണുമ്പോൾ അതിൽ പുരണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ പൊടിയാണെന്ന് തോന്നും. ചില മനുഷ്യർ അയ്യൂബികളുടെയോ തുലൂനികളുടെയോ ഓട്ടോമനികളുടെയോ പടയാളി കുപ്പായമണിഞ്ഞവരാണെന്ന് തോന്നും. ഇതിനൊക്കെ മുമ്പേയുള്ള മനുഷ്യജീവിതം അടയാളപ്പെടുത്തുന്ന ഹൈറോഗ്ലിഫിക് ലിപിയും രൂപങ്ങളും ആ തെരുവിൽ വിൽപനക്കായി ഒരുക്കിവെച്ചത് കാണുമ്പോൾ വീണ്ടുമുറപ്പിക്കും, ‘‘മനുഷ്യൻ ജീവിച്ചു തുടങ്ങിയത് ആഫ്രിക്കയിലല്ലാതെ, ഈജിപ്തിലല്ലാതെ മറ്റെവിടെയാണ്..?’’
അറബിക്കഥയിൽ വായിച്ചതിശയിച്ച അത്ഭുതവിളക്കുകളും പരവതാനികളും സുഗന്ധവ്യഞ്ജനങ്ങളും കൊത്തുപണികളുള്ള അലങ്കാരവസ്തുക്കളും ആഭരണങ്ങളുമൊക്കെ വിൽപനക്കു വെച്ചിരിക്കുന്ന അറേബ്യൻ അങ്ങാടിത്തെരുവാണ് ഖാൻ അൽ ഖലീൽ. കണ്ണഞ്ചിപ്പിക്കുന്ന എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. ഇതിനുമാത്രം നിറങ്ങളുണ്ടോ എന്ന് അത്ഭുതപ്പെടുന്നത്ര നിറക്കൂട്ടുകളുണ്ട് അവിടെ. ചുവപ്പും പച്ചയും നീലയും മഞ്ഞയും ഒക്കെ കലർന്നൊഴുകുന്ന പ്രകാശമാണാകെ. അങ്ങോട്ടേക്ക് പ്രവേശിച്ചാൽ ഉള്ളിലേക്ക് ഉള്ളിലേക്കായി തിരിവുകളും ഇടനാഴികളുമായി കടകൾ കാണാം. ഒരു വഴിയിലൂടെ കേറിയാൽ ഇറങ്ങുന്നത് അടുത്ത തെരുവിലാണ്. ശിഖരങ്ങൾപോലെയത് നീണ്ടുകിടക്കുന്നു. അതിന്റെ പ്രധാന കവാടത്തിലേക്ക് പ്രവേശിക്കുന്ന വഴികളിലും നിറയെ കടകളാണ്. വഴിയരികിൽ മൈലാഞ്ചിയിടാൻ മാടിവിളിക്കുന്ന സ്ത്രീകളുണ്ട്. അധികവും സുഡാനി സ്ത്രീകളാണ്. ഒരു കൈയിൽ മൈലാഞ്ചി ട്യൂബും മറുകൈയിൽ ഡിസൈനുകളുള്ള പുസ്തകവും. തോളിൽ പണമിട്ടു വെക്കുന്ന തോൾസഞ്ചി. ഇപ്പുറത്ത് മൈലാഞ്ചിയിടാൻ വരുന്നവർക്ക് ഇരിക്കാൻ കൊച്ചു സ്റ്റൂളിട്ടിട്ടുണ്ട്. എല്ലാവരും ഒരേ നിരയിലാണിരിക്കുന്നത്. പരസ്പരം ഉറക്കെ പലതും പറഞ്ഞ് ചിരിച്ചുകൊണ്ട് അവർ തൊഴിലെടുക്കുന്നു. കൊച്ചു പെൺകുട്ടികൾ കൈനീട്ടി അവർക്കു മുന്നിൽ ഇരുന്ന് മൈലാഞ്ചിയിടുന്നത് കണ്ടപ്പോൾ ആഗ്രഹം തോന്നി. ചെറിയൊരു ഡിസൈൻ ഇടംകൈയിൽ വരഞ്ഞു. ഡിസൈനനുസരിച്ചാണ് കൂലി. 60 പൗണ്ടായിരുന്നു ഞാൻ തിരഞ്ഞെടുത്തതിന്. ഈജിപ്തിലെ നാണയം ഈജിപ്ഷ്യൻ പൗണ്ടാണ്. ഇന്ത്യൻ രൂപയേക്കാൾ ഇത്തിരി മൂല്യമധികമുണ്ട്.
ഈജിപ്ഷ്യൻ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഫോട്ടോയെടുക്കാൻ ക്ഷണിക്കുന്ന യുവതീയുവാക്കളെ തെരുവിന്റെ ഒരുഭാഗത്ത് കാണാം. മുമ്പെടുത്ത ആളുകളുടെ ഫോട്ടോ കാണിച്ച് സഞ്ചാരികളെ ആകർഷിക്കുകയാണവർ. പലതരം തീറ്റസാധനങ്ങൾ വിൽക്കുന്ന കൊച്ചുകടകളും തെരുവ് കച്ചവടക്കാരും വഴിയിലുടനീളമുണ്ട്. ഇടയിൽ പ്രത്യേകതരം വേഷം ധരിച്ച് എന്തോ പാനീയം വിൽക്കുന്നൊരാളെ കണ്ടു. ആളുടെ തോളിൽ തൂക്കിയിട്ടിരിക്കുന്ന പ്രത്യേക ആകൃതിയിലുള്ള സ്വർണനിറമുള്ള പാത്രത്തിൽനിന്ന് ഗ്ലാസിലേക്ക് പകർന്നു നൽകുന്നത് ബെറി ജ്യൂസാണ്. ചുവന്ന തൊപ്പിയും കോട്ടും കണങ്കാൽവരെ കയറിനിൽക്കുന്ന ഷൂസും ധരിച്ച നീണ്ടതാടിയുള്ള ആ ചെറുപ്പക്കാരൻ സിറിയക്കാരനാണ്. സൂരികളെന്നാണ് സിറിയക്കാരെ വിളിക്കാറ്. ഇബാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വസ്ത്രത്തെക്കുറിച്ചും പാനീയത്തെ കുറിച്ചും ചോദിച്ചപ്പോൾ അത് അവരുടെ നാട്ടിലെ ഒരു രീതിയാണെന്ന് പറഞ്ഞു, ‘സിറിയൻ സ്പെഷൽ’. ബെറി ജ്യൂസ് കുടിച്ചുനോക്കി, കൊള്ളാം. അതേപോലുള്ള വേഷത്തിൽ പഴച്ചാറ് വിൽക്കുന്ന ഒന്നുരണ്ട് പേരെ കൂടി പിന്നെയും കണ്ടു.
ഖലീലിലെ കച്ചവടക്കാർക്കൊക്കെ മുറി ഇംഗ്ലീഷെങ്കിലും അറിയാം. ഇന്ത്യക്കാരെ കണ്ടാൽ പറയാൻ ചില്ലറ ഹിന്ദി വാക്കുകളും അവരുടെ പക്കലുണ്ട്. അതുവെച്ച് അവർ കടയിലേക്ക് ക്ഷണിക്കും. അറേബ്യൻ വസ്ത്രങ്ങളും ബാഗുകളുമൊക്കെ വിൽക്കുന്ന കടകളിലുള്ളവർ കോഴിക്കോട്ടെ മിഠായിത്തെരുവിലെ താളത്തിൽ വിളിച്ചുപറഞ്ഞ് ആളെക്കൂട്ടുന്ന കച്ചവടക്കാരെ ഓർമിപ്പിക്കും. ഈജിപ്തിൽനിന്ന് മടങ്ങുന്ന സഞ്ചാരികൾക്ക് കൊണ്ടുപോവാനുള്ള സുവനീറുകളും സമ്മാനങ്ങളുമാണ് ചില കടകളിൽ. പിരമിഡിന്റെയും തുത്തൻഖാമന്റെയും സ്ഫിങ്സിന്റെയുമൊക്കെ കൊച്ചുരൂപങ്ങൾ. ഹൈറോഗ്ലിഫിക് ലിപി രേഖപ്പെടുത്തിയ പലതരം സാധനങ്ങൾ, പഴയകാലജീവിതം രേഖപ്പെടുത്തിയ പെയിന്റിങ്ങുകളും ഫോട്ടോകളും, പാപ്പിറസ് ചുരുളുകൾ - യാത്ര ഓർത്തുവെക്കാൻ ഏതെടുക്കണമെന്ന സന്ദേഹം മാത്രമേ അവിടെ സഞ്ചാരിക്കുള്ളൂ. ഖാൻ അൽ ഖലീലിലെ ഏറ്റവും മനോഹരമായ ഒരു ഫ്രെയിം, അതിന്റെ എല്ലാ ശിൽപചാതുരിയും ഒറ്റനോട്ടത്തിൽ കാണാവുന്ന പോയന്റാണ് ബാബ് അൽ ഗോറി. അവിടന്ന് പടികളിറങ്ങി വേണം അപ്പുറത്തെത്താൻ. അവിടെയാണ് ഉമ്മ് ഖാൽത്തൂൻ കോഫി ഷോപ്.
കാപ്പിയും ചായയുമില്ലാതെ ഈജിപ്തില്ല. വിശിഷ്ടപാനീയങ്ങളാണ് രണ്ടും. ഖാൻ അൽ ഖലീലിലെ ഓരോ തിരിവിലും കഫേകളുണ്ട്. വെറും ചായയും കാപ്പിയും കുടിക്കൽ മാത്രമല്ല അവിടെ. ഒപ്പം പാട്ടും സംഗീതോപകരണങ്ങൾ വായിക്കലുമൊക്കെയുണ്ട്. ഇടയിൽ സൂഫിനൃത്തവുമായി ചിലർ നടന്നുവരും. ഈജിപ്തുകാർ കഥ പറഞ്ഞിരിക്കാനാണ് കഫേകളിൽ വരുന്നത്. ഇരിപ്പ് മണിക്കൂറുകൾ തുടരും. ഇടയിൽ കട്ടകൾവെച്ച് കളിക്കും. ഒഴിവാക്കാനാവാത്തതാണ് ഷീഷ. ഏത് ചെറിയ കടയിലുമുണ്ട് ഹുക്കകൾ. ഖാൻ അൽ ഖലീലിലെ കഫേകളുടെ അകത്തളങ്ങളും ഇരിപ്പിടങ്ങളുമൊക്കെ കണ്ടാൽ ആർട്ട് ഗാലറിയാണെന്ന് തോന്നും. നിറങ്ങളുടെയും ചായക്കൂട്ടുകളുടെയും കാലിഗ്രഫിയുടെയും ഫോട്ടോകളുടെയുമൊക്കെ സമ്മേളനമാണ്. മച്ചിൽ തൂങ്ങിനിൽക്കുന്ന ചില്ലുവിളക്കുകൾ സ്ഫടികംപോലെ തിളങ്ങുന്നുണ്ടാകും. രാത്രിയാണെങ്കിൽ വെളിച്ചംകൂടി നിറയുന്നതോടെ കഫേകൾക്ക് മാസ്മരികഭാവം കൈവരും. സംഗീതവും സല്ലാപവുമൊക്കെ ചേരുന്ന ആ അനുഭവം പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പൊളി വൈബ്’ ആണ്.
ഖലീലിലെ, ഈജിപ്തിലെ തന്നെ ഏറ്റവും പഴയ കഫേയാണ് അൽ ഫിഷാവി. 250 വർഷത്തെ പാരമ്പര്യമുണ്ടതിന്. നിറയെ കണ്ണാടികളുള്ള ഒരു ചില്ലുകൊട്ടാരം. ആർച്ചുകളും പാനീസ് വിളക്കുകളും കൊത്തുപണികളുള്ള മരജാലകങ്ങളും ബഹുവർണ വെളിച്ചങ്ങളുമാണ് അതിന്റെ അകഭംഗി. കഫേയുടെ അകത്തും പുറത്തും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കും എപ്പോഴും. ഈജിപ്തിലാകെ ചായ പകരുന്ന രീതി രസകരമാണ്. വട്ടത്തളികയിൽ ചായക്കും കാപ്പിക്കുമൊപ്പം ഒരു കിണ്ണത്തിൽ പഞ്ചസാരയും വെള്ളവുമുണ്ടാകും. ചായയും കാപ്പിയും അവർ തരുന്നു, എങ്ങനെ കുടിക്കണമെന്നത് കുടിക്കുന്നവർക്ക് തീരുമാനിക്കാം. ഈജിപ്ത് കാപ്പിക്ക് കടുപ്പം വളരെ കൂടുതലാണ്. അൽ ഫിഷാവിയിൽ അവ തരുന്ന പാത്രങ്ങൾക്കും പ്രത്യേക ഭംഗിയുണ്ട്. മിന്റ് ടീയാണ് ഫിഷാവിയിൽ രുചിക്കേണ്ടത്.
ഖലീലിലെ വേറൊരു പ്രധാനപ്പെട്ട കഫേയാണ് ‘നജീബ് മെഹ്ഫൂസ് കോഫീ ഷോപ്’. മെഹ്ഫൂസ് പതിവായി സന്ദർശിച്ചിരുന്ന ഈ കഫേ അദ്ദേഹത്തിന് നൊബേൽ ലഭിച്ചപ്പോഴാണ് ഈ പേര് സ്വീകരിച്ചത്. ഗമാലിയയിലെ ആ തെരുവുകളെ അടയാളപ്പെടുത്താത്ത അദ്ദേഹത്തിന്റെ സൃഷ്ടിയേതാണുള്ളത്! അദ്ദേഹത്തിന്റെ നോവൽത്രയങ്ങളിലൊന്നായ ‘ബൈൻ അൽ ഖസ്റൈൻ’ ഖലീൽ മാർക്കറ്റിനപ്പുറമുള്ള ‘രണ്ട് കൊട്ടാരങ്ങൾക്കിടയിലൂടെ’യുള്ള നടത്തവും ജീവിതവുമാണ്. ‘ഖാൻ അൽ ഖലീൽ’ എന്ന പേരിലൊരു നോവൽതന്നെയുണ്ട്. കഫേയുടെ പുറത്ത് ഒരാൾ ഇരിപ്പുണ്ടായിരുന്നു. അകത്തേക്ക് കയറാൻ അവിടന്ന് അനുമതി വേണം. ഉള്ളിലെ തിരക്ക് നിയന്ത്രിക്കാനാണത്. ഉള്ളിൽ പ്രത്യേകവസ്ത്രം ധരിച്ച പരിചാരകരുണ്ട്. ഒരു സംഗീതപരിപാടി നടക്കുന്നു. ആ വേദിക്ക് പിന്നിലെ ചുവരിൽ മെഹ്ഫൂസിന്റെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുമുണ്ട്. ഇപ്പോൾ കഫേ നടത്തുന്നത് ഒബ്റോൺ ഗ്രൂപ്പാണ്. എൽ ഫിഷാവിയിൽനിന്ന് ചായ കുടിച്ചതുകൊണ്ട് അവിടന്ന് പാട്ടും കണ്ട് ഇറങ്ങി.
ശ്രവണസുന്ദരമായതെന്തും എപ്പോഴും കേട്ടുകൊണ്ടിരിക്കുക എന്നത് ആ നാടിന്റെ സ്വഭാവമാണ്. അത് ഖുർആനാവാം, ഉമ്മുകുൽസുമിന്റെയും അംറ് ദിയാബിന്റെയും അറബിപ്പാട്ടുകളാവാം, അറബി സംഗീതമാവാം. ആരുടെയെങ്കിലും പ്രസംഗമാവാം. എല്ലാ തെരുവുകളിലും കടകളിലും വാഹനങ്ങളിലും എപ്പോഴും പിന്നാമ്പുറത്ത് ഇതിലേതെങ്കിലും കേൾക്കാം. ഈജിപ്തുകാരിൽ ഖുർആൻ മനഃപാഠമാക്കിയവർ എന്തുകൊണ്ടാണ് അധികമെന്ന് മനസ്സിലാക്കാൻ ഏതെങ്കിലും വഴിയിലൂടെ ഒന്ന് നടന്നാൽ മതിയാവും. ടാക്സിയാണെങ്കിലും സ്വന്തം വാഹനമാണെങ്കിലുമൊക്കെ സ്റ്റിയറിങ്ങിനടുത്ത് ഖുർആൻ കാണാം.
നടക്കാനാവുന്ന വഴികളിലൂടെയെല്ലാം കയറിയിറങ്ങി ഖാൻ അൽ ഖലീലിൽനിന്നിറങ്ങി. അവിടെയൊരു പൊലീസ് ഔട്ട്പോസ്റ്റുണ്ട്. വാഹനങ്ങളും തിരക്കും നിയന്ത്രിക്കാൻ എപ്പോഴും പൊലീസുണ്ടാവും. അവിടെ ഒരു കൊച്ചുപയ്യൻ ഫുട്ബാൾകൊണ്ട് പലവിധ അഭ്യാസങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ഫുട്ബാൾ ഈജിപ്തുകാർക്ക് കളിഭ്രാന്തിന്റെ ഉരുണ്ട രൂപമാണ്. അവൻ പന്തു തട്ടുന്നതിന് അപ്പുറത്തെ ഒരു കടയിൽ മുഹമ്മദ് സലാഹിന്റെ പേരും മുഖവും പതിച്ച ടീഷർട്ടുകൾ തൂക്കിയിട്ടിരുന്നത് കൂടുതൽ പൂരിപ്പിച്ചു. ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ കഫേകളിലും ഹോട്ടലുകളിലും യൂനിവേഴ്സിറ്റികളിലും കൂറ്റൻ സ്ക്രീനുകൾ കണ്ടതും ആളുകൾ ആവേശംകൊണ്ടതും അനുഭവിച്ചറിഞ്ഞതുകൊണ്ട് അത്ഭുതം തോന്നിയില്ല. പ്രാദേശിക ക്ലബുകളുടെ മത്സരത്തിനുപോലും അവിടെ വൻ ആവേശമാണ്.
പഴയ കൈറോയിൽ ഇനിയും കാണാനേറെയുണ്ട്. ഖാൻ അൽ ഖലീലിന്റെ അടുത്തുള്ള അൽമുഇയിസ് ആണ് അടുത്തത്. ഇവിടെ കച്ചവടം മാത്രമല്ല, വിവിധ നൂറ്റാണ്ടുകളിലായി നിർമിക്കപ്പെട്ട അനേകം സ്മാരകങ്ങളും കാണാം. രണ്ട് കവാടങ്ങൾക്ക് നടുവിലായി വ്യാപിച്ചുകിടക്കുന്ന തെരുവാണിത്. വടക്കുഭാഗത്തെ ബാബ് അൽ ഫുതുഹ് ഗേറ്റിൽനിന്ന് തെക്കുള്ള ബാബ് സുവൈല ഗേറ്റിലേക്ക് നടക്കണം. 11ാം നൂറ്റാണ്ടിൽ ബദർ അൽ ജമാലി നിർമിച്ചതാണ് ഈ രണ്ട് കവാടങ്ങളും. ഇപ്പോഴും അവശേഷിക്കുന്ന മറ്റൊരു കവാടം ബാബ് അൽ നസ്ർ ആണ്. അൽ മുഇസ് തെരുവിൽ നടന്നുതുടങ്ങിയത് ഫുതുഹ് കവാടത്തിൽനിന്നാണ്.
(തുടരും)