പൂക്കളും പഴങ്ങളും നിറഞ്ഞ യൂറോപിലെ കൊച്ചുരാജ്യം -സനിൽ പി. തോമസ് എഴുതുന്ന യാത്രാനുഭവം
യൂേറാപ്പിലെ വിവിധ രാജ്യങ്ങളിലൂടെ ഒരു സഞ്ചാരമാണ് ഇൗ കുറിപ്പ്. ലണ്ടനിൽനിന്നാണ് ഇൗ യാത്രയുടെ തുടക്കം. ഇൗ യാത്രയിൽ ലീഷിൻസ്റ്റെൻ എന്ന കൊച്ചുരാജ്യത്തിലൂടെയും കടന്നുപോകുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ ലേഖകന്റെ കാഴ്ചകളിൽ സ്പോർട്സും ജീവിതവും ഭൂപ്രകൃതിയുമെല്ലാം മാറിമാറി കടന്നുവരുന്നു.അഭിനവ് ബിന്ദ്രയുടെ കഴുത്തിൽ ഒളിമ്പിക് സ്വർണമെഡൽ അണിയിച്ച രാജകുമാരിയുടെ മുഖം ശ്രദ്ധിച്ചില്ല. ടി.വിയിൽ ആ രംഗം...
Your Subscription Supports Independent Journalism
View Plansയൂേറാപ്പിലെ വിവിധ രാജ്യങ്ങളിലൂടെ ഒരു സഞ്ചാരമാണ് ഇൗ കുറിപ്പ്. ലണ്ടനിൽനിന്നാണ് ഇൗ യാത്രയുടെ തുടക്കം. ഇൗ യാത്രയിൽ ലീഷിൻസ്റ്റെൻ എന്ന കൊച്ചുരാജ്യത്തിലൂടെയും കടന്നുപോകുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ ലേഖകന്റെ കാഴ്ചകളിൽ സ്പോർട്സും ജീവിതവും ഭൂപ്രകൃതിയുമെല്ലാം മാറിമാറി കടന്നുവരുന്നു.
അഭിനവ് ബിന്ദ്രയുടെ കഴുത്തിൽ ഒളിമ്പിക് സ്വർണമെഡൽ അണിയിച്ച രാജകുമാരിയുടെ മുഖം ശ്രദ്ധിച്ചില്ല. ടി.വിയിൽ ആ രംഗം കാണുമ്പോൾ ശ്രദ്ധയത്രയും അഭിനവിന്റെ മുഖത്തായിരുന്നു. ഷൂട്ടിങ്ങിൽ ലോക ചാമ്പ്യനായ ആദ്യ ഇന്ത്യക്കാരനിൽനിന്ന് ഒരു ഒളിമ്പിക് മെഡൽ പ്രതീക്ഷിച്ചിരുന്നു. അതു സ്വർണമെന്നു കേട്ടപ്പോൾ കോരിത്തരിച്ചു. അഭിനവിനെ പരിചയപ്പെടുത്താൻ മനോരമ ടി.വിയിൽനിന്നു റോമി മാത്യു വിളിച്ചുകഴിഞ്ഞ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമ്പോഴും കണ്ണു ടി.വിയിലായിരുന്നു; സമ്മാനദാനച്ചടങ്ങ് കാണാനുള്ള കാത്തിരിപ്പ്. മെഡൽ വിതരണത്തിനുശേഷം വിശിഷ്ടാതിഥികൾക്കൊപ്പം മെഡൽ ജേതാക്കൾ. ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോഴും അഭിനവിന്റെ മുഖത്തെ വികാരങ്ങളാണ് ശ്രദ്ധിച്ചത്.
2008 ആഗസ്റ്റ് 11 തിങ്കളാഴ്ച. ബെയ്ജിങ്ങിലെ ‘ബേഡ്സ് നെസ്റ്റ്’ സ്റ്റേഡിയം. ലീഷിൻസ്റ്റെനിലെ നോറ രാജകുമാരിയാണ് അഭിനവ് ബിന്ദ്രയുടെ കഴുത്തിൽ സ്വർണമെഡൽ അണിയിച്ചത്. ത്രിവർണ പതാക ഉയർന്നു. 28 വർഷത്തിനുശേഷം ഒളിമ്പിക് വേദിയിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങി. ഒളിമ്പിക്സിൽ ആദ്യമായാണ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്ക് സ്വർണം ലഭിക്കുന്നത്. ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫിളിൽ വിജയിച്ചാണ് ചരിത്രമെഴുതിയത്.
നോറ രാജകുമാരിയെ ടി.വിയിൽ കണ്ടു. പക്ഷേ, ലീഷിൻസ്റ്റെൻ യൂറോപ്പിലെ ഒരു രാജ്യമാണെന്ന ചിന്തപോയില്ല. ഒടുവിൽ 2022 ജൂലൈയിൽ സ്വിറ്റ്സർലൻഡിൽനിന്നു ഓസ്ട്രിയക്കുള്ള യാത്രക്കിടയിൽ ആ മണ്ണിൽ കാലുകുത്തിയപ്പോൾ ഇത്രയും മനോഹരമായൊരു നാടുണ്ടോയെന്നു ചിന്തിച്ചുപോയി. പൂക്കളും പഴങ്ങളും നിറഞ്ഞിടം. ലാൻഡ്സ്കേപിന്റെ യഥാർഥ ചിത്രം. പ്രകൃതിരമണീയം എന്നു മാത്രം പറഞ്ഞാൽ മതിയാവില്ല.
‘‘നെതർലൻഡ്സിനേക്കാൾ ഭംഗിയുണ്ട് സ്വിറ്റ്സർലൻഡിന്’’ എന്നു നെതർലൻഡ്സിൽ ഏതാനും വർഷമുണ്ടായിരുന്ന മകൾ നീത് നാട്ടിൽനിന്നു പറഞ്ഞുവിട്ടപ്പോൾ അതിനപ്പുറമൊരു സ്വപ്നസുന്ദരഭൂമി മനസ്സിൽ ഇല്ലായിരുന്നു. നേരത്തേ കേട്ടിട്ടില്ലാത്ത രാജ്യമായാണ് എനിക്കു തോന്നിയത്. നോറ രാജകുമാരി ഓർമയിൽ വന്നുമില്ല. ലീഷിൻസ്റ്റെൻ ഫുട്ബാൾ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജർമനിയോട് എതിരില്ലാത്ത ആറു ഗോളിനു തോറ്റു. യൂറോപ്യൻ ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ കനത്ത പരാജയം ഏറ്റുവാങ്ങുക പതിവാണ്. പത്രപ്രവർത്തക സുഹൃത്തുക്കളായ ഗിരീഷ് കുമാറും പി.ജെ. ജോസും ഓർമിപ്പിച്ചപ്പോഴാണ് ഞാൻ ആ കൊച്ചുരാജ്യത്തെ ഓർത്തെടുത്തത്.
സ്വിറ്റ്സർലൻഡിനും ഓസ്ട്രിയക്കും മധ്യേ ഒരു സ്വപ്നസുന്ദര രാജ്യം. ലീഷിൻസ്റ്റെൻ (Liechtenstien). ലിചിൻസ്റ്റെൻ എന്നാണ് നേരത്തേ കേട്ടിരുന്നതെങ്കിലും അവിടെ നഗരം കാണാൻ കയറിയ സിറ്റി െട്രയിനിലെ അറിയിപ്പിൽ ലീഷിൻസ്റ്റെൻ എന്നാണ് കേട്ടത്. 25 കിലോമീറ്റർ നീളം. 160 ചതുരശ്ര കിലോമീറ്റർ വിസ്തീർണം. ജനസംഖ്യ 40,000ത്തിൽ താഴെ. ജർമൻ ഭാഷയാണു സംസാരിക്കുന്നതെങ്കിലും സ്വിറ്റ്സർലൻഡുമായാണ് കൂടുതൽ അടുപ്പം. വടൂസ് ആണ് തലസ്ഥാനം. നെതൽലൻഡ്സിനെയും സ്വിറ്റ്സർലൻഡിനെയുംകാൾ സുന്ദരം. മുന്തിരി, റെഡ് ആപ്പിൾ, ഗ്രീൻ ആപ്പിൾ തുടങ്ങിയവയെല്ലാം എല്ലായിടത്തും കാണാം. സൂറിച്ച് ആണ് ഏറ്റവും അടുത്ത എയർപോർട്ട്. സ്വിസ് ഫ്രാങ്ക് ആണ് കറൻസി. സുരക്ഷയൊരുക്കുന്നതും സ്വിസ് സേനയാണ്. ഫുട്ബാൾ, ഹോക്കി സ്റ്റേഡിയങ്ങളും വോളിബാൾ കോർട്ടുമുണ്ട്. കുന്നിൻമുകളിലാണ് രാജകൊട്ടാരം.
ലോകത്തിലെ ആറാമത്തെ ചെറിയ രാജ്യമാണിത്. ജനസാന്ദ്രത കിലോമീറ്ററിൽ 237 മാത്രം. നമ്മൾക്കു കൂടി താമസിക്കാൻ ഇടമുണ്ടെന്നു തോന്നിപ്പോകും. റോഡിലൂടെ സിറ്റി െട്രയിനിൽ വളവും തിരിവും കുന്നും മലയും കയറിയുള്ള യാത്രയിൽ ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ നോക്കേണ്ടിവന്നു; എവിടെയാണ് കൂടുതൽ ഭംഗിയെന്ന് അറിയാൻ. വടൂസ് രാജ്യ തലസ്ഥാനത്തിനൊപ്പം സാമ്പത്തിക തലസ്ഥാനവുമാണെന്ന് അറിഞ്ഞു. വടൂസിന് അപ്പുറം കാണാനായില്ലെങ്കിലും ശേഷിച്ച ഭാഗങ്ങളും അതിമനോഹരമെന്ന് സിറ്റി െട്രയിൻ ൈഡ്രവർ പറഞ്ഞു.
ഇന്ത്യയിൽ കേരളത്തിൽനിന്ന് എന്നു ഞങ്ങൾ പറഞ്ഞപ്പോൾ ‘‘ആലപ്പി, തേക്കടി’’ അറിയാമെന്ന് സിറ്റി െട്രയിൻ ൈഡ്രവർ.
കുന്നിൻമുകളിലാണ് ലീഷിൻസ്റ്റെൻ രാജകുമാരന്റെ കൊട്ടാരം. ‘വടൂസ് കാസിൽ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഏതാണ്ട് 120 മീറ്റർ ഉയരമുണ്ട് കൊട്ടാരം സ്ഥിതിചെയ്യുന്ന കുന്നിന്. വടൂസ് കാസിലിൽനിന്നാണ് നഗരത്തിന് വടൂസ് എന്ന പേരുവീണതേത്ര. നഗരത്തിൽ, ഏറെ അകലെ നിന്നുപോലും കൊട്ടാരം ദൃശ്യമാകും. പന്ത്രണ്ടാം ശതകത്തിൽ നിർമിച്ചതാണ് കോട്ട. 1287ൽ ആണ് ഇതിനുള്ളിൽ വാസസ്ഥലങ്ങൾ ഒരുക്കിയത്. 1322 മുതൽക്കുള്ള ചരിത്രരേഖകളിൽ വടൂസ് കാസിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ഇത് രാജകുടുംബത്തിന്റെ അധീനതയിലായത് 1712ൽ മാത്രം. 1732 വരെ കൊട്ടാരത്തിന്റെ വലതുവശത്തായിരുന്നു രാജകുടുംബം താമസിച്ചിരുന്നത്. 1905-12 കാലത്ത് പുതുക്കിപ്പണിത കെട്ടിടമാണ് ഇപ്പോൾ ഉള്ളത്. ഫ്രാൻസ് ജോസഫ് രണ്ടാമൻ രാജകുമാരനാണ് കൊട്ടാരം പരിഷ്കരിച്ചത്. 1939 മുതൽ വടൂസ് കാസിലാണ് രാജകുടുംബത്തിന്റെ വാസസ്ഥലം.
വർഷത്തിലൊരു നാൾ രാജകുടുംബം നാട്ടുകാർക്കൊപ്പം ചെലവിടുമെന്നും അന്നാളിൽ യൂറോപ്പിലെ ഇതര രാജ്യങ്ങളിൽനിന്നെല്ലാം വിശിഷ്ടാതിഥികളും സന്ദർശകരുമെത്തുമെന്നും താൻ ഫ്രാൻസിൽ ഫുട്ബാൾ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ ഇത്തരമൊരു അവസരം നഷ്ടപ്പെട്ടെന്നും ഫുട്ബാൾ ലേഖകൻ ആന്റണി ജോൺ ഓർമിപ്പിച്ചു. രാജകുടുംബത്തെ കണ്ടില്ലെങ്കിലെന്ത്, നാടു കണ്ടാലറിയാമല്ലോ പ്രജകളുടെ സന്തോഷം.
ഷെങ്കൻ വിസയുമായി സഞ്ചരിക്കാവുന്ന രാജ്യമാണ് ലീഷിൻസ്റ്റെൻ. പക്ഷേ, ഇവിടെ ഏതാനും യൂറോ കൊടുത്താൽ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചുതരും. ലീഷിൻസ്റ്റെൻ ഓർമയിൽനിന്നു മായാതിരിക്കാൻ സന്ദർശകർ പ്രത്യേക വിസ സ്റ്റാമ്പിനായി അധിക യൂറോ ചെലവിടാറുണ്ട്. അത്തരമൊരു രേഖയില്ലെങ്കിലും വടൂസ് നഗരവും ലീഷിൻസ്റ്റെൻ രാജ്യവും മനസ്സിൽനിന്നു മായില്ല; നിശ്ചയം.
ലണ്ടൻ പാലം വീണു; രാജ്ഞി യാത്രയായി
യാത്ര തുടങ്ങിയത് ലണ്ടനിൽനിന്ന്. അതും ബക്കിങ്ഹാം കൊട്ടാരം കണ്ടുകൊണ്ട്. എലിസബത്ത് അലക്സാൻഡ്ര മേരി, എലിസബത്ത് രാജ്ഞിയായത് 1952 ഫെബ്രുവരി ആറിനാണെങ്കിലും വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നത് 1953 ജൂൺ രണ്ടിനാണ്. അതുകൊണ്ടു തന്നെ, എലിസബത്ത് രാജ്ഞി അധികാരമേറ്റതിന്റെ 70ാം വാർഷിക ആഘോഷങ്ങൾ 2022 ജൂൺ ആദ്യവാരം വരെ തുടരുമെന്ന് കണക്കുകൂട്ടി.
ലണ്ടനിൽ അതൊരു ഉത്സവകാലമായിരിക്കുമെന്ന് അറിയാവുന്നതിനാൽ ആഘോഷങ്ങൾ കെട്ടടങ്ങും മുമ്പ് ലണ്ടനിൽ എത്താൻ ആഗ്രഹിച്ചു. മേയ് പകുതിയോടെ യാത്ര തിരിക്കാൻ ശ്രമങ്ങളും തുടങ്ങി. പക്ഷേ, യുെക്രയ്ൻ യുദ്ധം നീണ്ടപ്പോൾ യു.കെ വിസ വൈകി. യുെക്രയ്നിൽനിന്നുള്ള അഭയാർഥികളുടെ ബന്ധുക്കൾക്കുള്ള വിസക്കാണ് യു.കെ വിദേശകാര്യ വകുപ്പ് പ്രാധാന്യം നൽകിയത്. ഒടുവിൽ ലണ്ടനിൽ എത്തിയത് ജൂൺ 26ന് രാത്രി. പിറ്റേന്നു രാവിലെതന്നെ ബക്കിങ്ഹാം കൊട്ടാരത്തിനു മുന്നിൽ ‘ചേഞ്ചിങ് ഓഫ് ഗാർഡ്’ കണ്ടു. രാജ്ഞിയുടെയും കൊട്ടാരത്തിന്റെയും സുരക്ഷാ ഭടന്മാർ ഡ്യൂട്ടിമാറുന്ന ചടങ്ങാണിത്. ‘ക്വീൻസ് ഗാർഡ്’ ആയാണ് ഇവർ അറിയപ്പെടുന്നത്. ചുവന്ന ട്യൂണിക് വേഷവും നീണ്ട കരടിരോമത്തൊപ്പിയുമാണ് ഇവരുടെ പാരമ്പര്യ വേഷം. അശ്വാരൂഢരായും കാൽനടയായും ഒരു സംഘം സൈനികർ ക്യാമ്പിൽനിന്ന് ആചാരവേഷങ്ങളിൽ മാർച്ച് ചെയ്ത് കൊട്ടാരത്തിലേക്ക്; ഡ്യൂട്ടി കഴിഞ്ഞ സംഘം ക്യാമ്പിലേക്കും. ബക്കിങ്ഹാം കൊട്ടാരത്തിനു മുകളിൽ പതാക ഉയർന്നിരുന്നില്ല. രാജ്ഞി കൊട്ടാരത്തിൽ ഇല്ലെന്നതിന്റെ അടയാളം.
എത്ര സൗഹൃദത്തോടെയാണ് ബ്രിട്ടീഷ് പൊലീസ് കാഴ്ചക്കാരെ നിയന്ത്രിക്കുന്നത്. ഫോട്ടോയെടുക്കാൻ റോഡിലേക്ക് ഇറങ്ങിയവരെ സൗമ്യതയോടെ അകറ്റുന്നു. ചേഞ്ചിങ് ഓഫ് ഗാർഡ് കഴിഞ്ഞപ്പോൾ സഞ്ചാരികളിൽ പലരും ഈ പൊലീസ് ഓഫിസർമാർക്കൊപ്പം ഫോട്ടോയെടുത്തു. അവർ സന്തോഷത്തോടെ സഹകരിച്ചു.
വെസ്റ്റ്മിൻസ്റ്ററിലെ, സെന്റ് പീറ്ററിന്റെ കൊളീജിയറ്റ് ദേവാലയമാണ് പിന്നീട് വെസ്റ്റ്മിൻസ്റ്റർ ആബിയായത്. ഗോത്തിക് മാതൃകയിൽ രൂപകൽപന ചെയ്തതാണിത്. കാതലിക് ബെനഡിക്ടൈൻ പള്ളിയായിരുന്നിത്. 1560ൽ ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ വിഭാഗത്തെ പുറത്താക്കി. തുടർന്ന് രാജ്ഞിയുടെ കീഴിൽ വരുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ട് രൂപവത്കൃതമായി.
ബക്കിങ്ഹാം കൊട്ടാരം നേരത്തേ ബക്കിങ്ഹാം ഹൗസ് ആയിരുന്നു. 1703ൽ ബക്കിങ്ഹാം പ്രഭുവിനായി നിർമിച്ചത്. 1761ൽ ജോർജ് മൂന്നാമൻ ഇത് ഏറ്റെടുത്ത്, ചാർലറ്റ് രാജ്ഞിയുടെ വസതിയായതോടെ ക്വീൻസ് ഹൗസ് ആയി. 1837ൽ വിക്ടോറിയ രാജ്ഞിയുടെ കാലം മുതലാണിത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ലണ്ടനിലെ ഔദ്യോഗിക വസതിയായത്.
രാജ്ഞിയുടെ സ്ഥാനാരോഹണദിനം മനസ്സിൽ നിറയാനൊരു കാരണമുണ്ട്. എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗേയും എവറസ്റ്റിനു നെറുകയിൽ കാലുകുത്തിയത് 1953 മേയ് 29നു രാവിലെ 11.30ന് ആയിരുന്നെങ്കിലും ആ വാർത്ത ലണ്ടൻ ‘ടൈംസ് വേൾഡ്’ സ്കൂപ്പ് ആയി പുറത്തുവിട്ടത് രാജ്ഞിയുടെ സ്ഥാനാരോഹണ ദിവസമായ ജൂൺ രണ്ടിനായിരുന്നു. തലേദിവസംതന്നെ ‘ടൈംസ്’ രാജ്ഞിയെ വാർത്ത അറിയിച്ചിരുന്നു.
പിതാവ് ജോർജ് ആറാമൻ രാജാവ് അന്തരിച്ചതിനെത്തുടർന്ന് 1952 ഫെബ്രുവരി ആറിന് എലിസബത്ത് രണ്ട് രാജ്ഞിയായെങ്കിലും ഔദ്യോഗിക കിരീടധാരണം നടന്നിരുന്നില്ല. പിതാവിന്റെ മരണസമയത്ത് എലിസബത്ത് രാജകുമാരി ഭർത്താവ് ഫിലിപ് മൗണ്ട്ബാറ്റനുമൊത്ത് കെനിയയും ഈസ്റ്റ് ആഫ്രിക്കയും സന്ദർശിക്കുകയായിരുന്നു.
എലിസബത്ത് രണ്ട് രാജ്ഞിയുടെ കിരീടധാരണ ദിവസം എവറസ്റ്റ് ആരോഹണവാർത്ത പ്രസിദ്ധീകരിക്കാൻ ലണ്ടനിലെ ‘ദ ടൈംസ്’ പത്രം വലിയ ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്. മറ്റു മാധ്യമങ്ങൾ അറിയാതെ വാർത്തയെത്തിക്കാൻ ‘ടൈംസ്’ കോഡ് ഭാഷയും ക്രമീകരിച്ചിരുന്നു. ‘‘സ്നോ കണ്ടീഷൻസ് ബാഡ്. അഡ്വാൻസ്ഡ് ബേസ് എബാൻഡൻഡ്. യെസ്റ്റർഡേ. എവേറ്റിങ് ഇംപ്രൂവ്മെന്റ്. ഓൾ വെൽ.’’ ഇതായിരുന്നു കോഡ് ഭാഷയിൽ ‘ടൈംസ്’ ഓഫിസിലെത്തിയ സന്ദേശം.
കഥ ഇങ്ങനെ. എവറസ്റ്റ് ആരോഹണ സംഘത്തോടൊപ്പം പശ്ചിമഘട്ടംവരെ കയറിയ ‘ടൈംസ്’ ലേഖകൻ ജെയിംസ് മോറിസ് 1953 മേയ് 29ന് ഖുംബു ഐസ്ഫോൾ എന്ന ദുർഘടപാതയിലൂടെ ഊർന്നിറങ്ങി ബേസ് ക്യാമ്പിലെത്തി. പിന്നെ സന്ദേശം ഷെർപ വഴി നാംചെ ബസാറിലെ ഇന്ത്യൻ ആർമി റേഡിയോനിലയത്തിൽ എത്തിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ റേഡിയോ ട്രാൻസ്മിറ്റർവഴി വാർത്ത കാഠ്മണ്ഡുവിൽ എത്തി. ഡൽഹിയിലെ ‘ടൈംസ്’ ലേഖകൻ ആർതർ ഹച്ചിൻസൻ കാഠ്മണ്ഡുവിൽ ഉണ്ടായിരുന്നു. അദ്ദേഹം കേബിൾ ചെയ്ത വാർത്ത ലണ്ടനിലെ ‘ദ ടൈംസ്’ പത്രത്തിന്റെ ഓഫിസിൽ എത്തിയത് ജൂൺ ഒന്നിന് വൈകുന്നേരം.
‘ഡെയ്ലി മിറർ’, ‘ദ ഡെയ്ലി ടെലിഗ്രാഫ്’ എന്നീ ബ്രിട്ടീഷ് പത്രങ്ങളുടെ ലേഖകരും കാഠ്മണ്ഡുവിൽ വാർത്ത കാത്തിരിപ്പുണ്ടായിരുന്നു. സന്ദേശം ചോർന്നുകിട്ടിയെങ്കിലും അവർ മനസ്സിലാക്കിയത് ദൗത്യം ഉപേക്ഷിച്ചുവെന്നാണ്. മറ്റു റിപ്പോർട്ടർമാരെ തെറ്റിദ്ധരിപ്പിക്കുംവിധമാണ് ‘ടൈംസി’ന്റെ വിദേശവാർത്താ വിഭാഗം സബ് എഡിറ്റർ ജെയിംസ് മോറിസും വിദേശ വാർത്താ വിഭാഗം തലവനും ചേർന്ന് കോഡ് ഭാഷ ക്രമീകരിച്ചിരുന്നത്.
‘സ്നോ കണ്ടീഷൻസ് ബാഡ്’ എന്ന സന്ദേശത്തിന്റെ അർഥം എവറസ്റ്റ് കീഴടക്കിയെന്ന് ആയിരുന്നു. ഹിലരിക്കു നൽകിയ കോഡ് ഭാഷ ‘അഡ്വാൻസ് ബേസ് ക്യാമ്പ് എബാൻഡെൻഡ്’ എന്നും ടെൻസിങ്ങിനെ പരിചയപ്പെടുത്തിയത് ‘എവേറ്റിങ് ഇംപ്രൂവ്മെന്റ്’ എന്നും ആയിരുന്നു. ‘യെസ്റ്റർ ഡേ’ എന്നത് മേയ് 29. ‘ഓൾ വെൽ’ എന്നത് എല്ലാവരും സുരക്ഷിതർ എന്നും ആയിരുന്നു.
ആരാണ് ആദ്യം എവറസ്റ്റ് കീഴടക്കുക എന്നു നിശ്ചയമില്ലാതിരുന്നതിനാൽ സംഘത്തിലെ ഓരോരുത്തർക്കും ഇത്തരം വിചിത്രമായ വിശേഷണങ്ങൾ നൽകിയിരുന്നു. സഹായികളായ ഷെർപകൾ ആരെങ്കിലുമാണെങ്കിലും പ്രശ്നമില്ലായിരുന്നു. അവരെ ‘എവേറ്റിങ് ഓക്സിജൻ സൈപ്ലസ്’ എന്ന് അടയാളപ്പെടുത്തി.
‘ദ ടൈംസ്’ വാർത്ത പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെ ബി.ബി.സി ഈ ചരിത്രവിജയം ലോകത്തെ അറിയിച്ചു. ‘‘വെസ്റ്റ്മിൻസ്റ്റർ ആബിയിൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നു. ബ്രിട്ടീഷ് സംഘം എവറസ്റ്റ് കൊടുമുടി കീഴടക്കി.’’
എലിസബത്ത് രണ്ട് രാജ്ഞി കൈയൊപ്പിട്ട ആദ്യ സന്ദേശം ഒരുപക്ഷേ, സംഘത്തലവൻ കേണൽ ഹണ്ടിനെ അനുമോദിച്ചുകൊണ്ടുള്ളതായിരിക്കണം.
ഒടുവിൽ 70 വർഷവും ഏഴു മാസവും രണ്ടു ദിവസവും ബ്രിട്ടീഷ് രാജ്ഞിയായി വാണ എലിസബത്ത് രണ്ട് 2022 സെപ്റ്റംബർ ഒമ്പതിന് തൊണ്ണൂറ്റിയാറാം വയസ്സിൽ യാത്രയായപ്പോൾ ആ വാർത്ത, അവർ ഏതാനും നാൾ മുമ്പ് അധികാരത്തിലേറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെ, രാജ്ഞിയുടെ ൈപ്രവറ്റ് സെക്രട്ടറി അറിയിച്ചതും ഒരു കോഡ് ഭാഷയിലൂടെയായിരുന്നു. ‘‘ലണ്ടൻ പാലം വീണു’’ എന്നായിരുന്നു ആ സന്ദേശം.
ലണ്ടൻ ബ്രിഡ്ജും ടവർ ബ്രിഡ്ജുമൊക്കെ കണ്ടു മടങ്ങിയതിനു പിന്നാലെ കേട്ട ‘‘ലണ്ടൻ പാലം വീണു’’ എന്ന കോഡ് സന്ദേശം ‘ലണ്ടൻ ടൈംസി’ ന്റെ കോഡ് ഭാഷ ഒരിക്കൽകൂടി ഓർമപ്പെടുത്തി.
ട്രഫാൽഗർ ചത്വരം; ഈറ്റനിലെ കളിസ്ഥലം
തിരുവനന്തപുരത്തുനിന്ന് വെറ്ററിനറി ജോ. ഡയറക്ടറായി വിരമിച്ച ഡോ. റാണി ശ്രീധരൻ മുതൽ കാസർകോട്ടുനിന്ന്, കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറായിരുന്ന ഡോ. ഖാദർ മാങ്ങാടും ഭാര്യ, കോളജ് അധ്യാപികയായിരുന്ന ഡോ. നസീമയും വരെ. അമേരിക്കയിൽനിന്നെത്തിയ മേഴ്സി-സൂസൻ സഹോദരിമാർ. ഖത്തറിൽനിന്നുള്ള സലിം, ബംഗളൂരുവിൽ നിന്ന് എ.കെ. മോഹൻദാസും ഗീത ടീച്ചറും... ഉഡുപ്പിയിൽനിന്ന് സതീശ് മല്ലർ, കോയമ്പത്തൂരിൽനിന്ന് ബാങ്ക് ഉദ്യോഗസ്ഥയായ ജിജി. ഒരേ ക്ലാസിൽ പഠിച്ച് ഒടുവിൽ ജീവിതപങ്കാളികളായ അലൻ വർഗീസും (ഫെഡറൽ ബാങ്ക്) ലിസിയും. ഹൈേകാടതി അഭിഭാഷകനായ അഡ്വ. കെ.ജെ. ഏബ്രഹാമും സിബിളും. കേന്ദ്രീയ വിദ്യാലയത്തിൽ കായികാധ്യാപകനായിരുന്ന പ്രകാശ് പോളും കേന്ദ്രീയ വിദ്യാലയത്തിൽ തന്നെ അധ്യാപികയായിരുന്ന മിനിയും. മറ്റൊരു കേന്ദ്രീയ വിദ്യാലയ അധ്യാപിക പൗളിനും സൈമൺ അറയ്ക്കൽ ജോണും. ദുബൈയിൽനിന്നു നാട്ടിലെത്തി വിശ്രമിക്കുന്ന ബാബു മാത്യുവും റോസമ്മയും ടി.ജെ. ജോർജും അന്നമ്മ ടീച്ചറും കണ്ണൂരിൽനിന്നുള്ള ദിനേശും ചലച്ചിത്രതാരം കൂടിയായ ശ്രീകലയും, ആലുവയിൽനിന്ന് ടെസി ജോസഫ്, പാലാ അച്ചായന്മാർ സോജൻ കല്ലറയ്ക്കലും ടെൻസൻ മാത്യുവും, മലപ്പുറത്തുനിന്ന് അബ്ദുല്ല പറക്കുന്നത്ത്, എച്ച്. മുഹമ്മദ് ബഷീർ, കൊച്ചിയിൽനിന്ന് അഷ്റഫ് നൈന, ആലപ്പുഴ സഹോദരന്മാരായ ഉണ്ണിയും ജയകുമാറും. ഇവർക്കൊപ്പം ഈ ലേഖകനും സുജയും.
ഷെങ്കൻ വിസക്കു ചെന്നപ്പോൾ ടെസിയെയും അലനെയും ലിസിയെയും പരിചയപ്പെട്ടു. അതിനപ്പുറം ആരെയും അറിയില്ല. ഡോ. ഖാദർ മാങ്ങാട് അധ്യാപകനാകും മുമ്പ് പത്രപ്രവർത്തകൻ ആയിരുന്നു. അദ്ദേഹം ‘മനോരമ’യുടെ കാസർകോട് ലേഖകൻ ആയിരുന്നപ്പോൾ ഞാൻ കണ്ണൂരിൽ റിപ്പോർട്ടർ െട്രയ്നിയായുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ മസ്കത്തിലേക്കുള്ള ഒമാൻ എയർലൈൻസ് വിമാനം കാത്തുനിൽക്കുമ്പോഴാണ് ഡോ. ഖാദറിനെയും ഡോ. നസീമയെയും പരിചയപ്പെട്ടത്.
മതവിശ്വാസങ്ങളിലും കുടുംബ പശ്ചാത്തലങ്ങളിലും തൊഴിലിലുമെല്ലാം വ്യത്യസ്തത പുലർത്തിയിരുന്നവർ. പലരെയും ആദ്യമായി കണ്ടതുതന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ. മസ്കത്തിൽ എത്തിയപ്പോൾ ചെറിയ ചെറിയ സൗഹൃദങ്ങൾ മുളപൊട്ടി. ലണ്ടനിലെ ആദ്യ ദിനം പിന്നിട്ടപ്പോൾ സൗഹൃദം വളർന്നു. വ്യത്യസ്ത താൽപര്യങ്ങൾ കൂട്ടായ താൽപര്യങ്ങൾക്കു വഴിമാറി. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ സങ്കൽപം യാഥാർഥ്യമാവുകയായിരുന്നു. പിന്നെയതൊരു ടീം യാത്രയായി.
ലണ്ടന്റെ ഹൃദയഭാഗത്ത് വെസ്റ്റ്മിൻസ്റ്റർ നഗരത്തിലാണ് ട്രഫാൽഗർ ചത്വരം. കാൽനടക്കാരുടെ വിശ്രമസ്ഥലമായും കാണാം. മൂന്നു പ്രധാന റോഡുകൾ സംയോജിക്കുന്നു. ഒന്ന് പാർലമെന്റിലേക്ക്. മറ്റൊന്ന് ബക്കിങ്ഹാം കൊട്ടാരത്തിലേക്ക്. മൂന്നാമത്തേത് ലണ്ടൻ നഗരത്തിലേക്കും. ഇതിന് സീറോ പോയന്റ് എന്നും പറയാറുണ്ട്. ലണ്ടനിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള അളവുകളെല്ലാം തുടങ്ങുന്നത് ഇവിടെയാണേത്ര.
ട്രഫാൽഗർ ചത്വരത്തിൽ വലിയൊരു തൂണിൽ വൈസ് അഡ്മിറൽ ഹൊറാറ്റിയോ നെൽസൻ എന്ന ലോർഡ് നെൽസന്റെ കൂറ്റൻ പ്രതിമ. അത് ബ്രിട്ടീഷുകാർക്ക് അഭിമാനസ്തംഭമാണ്. 1843ൽ നിർമാണം പൂർത്തിയാക്കിയതാണിത്. തൂണിന് 169 അടി മൂന്നിഞ്ച് അഥവാ 51.59 മീറ്റർ ഉയരം. നെൽസന്റെ പ്രതിമക്ക് അഞ്ചു മീറ്റർ ഉയരം. ചുവട്ടിൽ നെൽസനിലെ പോരാളിയെ ഓർമിപ്പിക്കാൻ നാലു സിംഹങ്ങളുടെ പ്രതിമ.
തെക്കു പടിഞ്ഞാറൻ സ്പെയിനിൽ, ജിബ്രാൾട്ടർ ഉൾക്കടലിലേക്കുള്ള പ്രവേശനസ്ഥലമായ ട്രഫാൽഗറിൽ നെപ്പോളിയന്റെ നാവികസേനയെ പരാജയപ്പെടുത്തിയ നെൽസന്റെ വീരസ്മരണകൾ ഉണർത്തുന്നതാണ് ട്രഫാൽഗർ ചത്വരം.
ബ്രിട്ടീഷ് നാവികസേനയിലെ ‘വിക്ടറി’ എന്ന കപ്പലിൽനിന്നാണ് നെൽസൻ യുദ്ധം നയിച്ചത്. യുദ്ധം ജയിച്ചെങ്കിലും 1805 ഒക്ടോബർ 21ന് ഫ്രഞ്ച് നാവികപ്പടയിൽനിന്നുള്ള വെടിയേറ്റ് നെൽസൻ മരിച്ചു. ബ്രാണ്ടിയിൽ മുക്കി കേടുകൂടാതെയാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ നായകന്റെ മൃതദേഹം നാവികർ നാട്ടിൽ എത്തിച്ചത്. ട്രഫാൽഗറിലെ വിജയം ബ്രിട്ടീഷ് യുദ്ധചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിലൊന്നാണ്.
പക്ഷേ, നെപ്പോളിയൻ അടങ്ങിയിരുന്നില്ല. വീണ്ടും കരുത്താർജിച്ച് എത്തിയ നെപ്പോളിയനെ 1815 ജൂൺ 18ന് ലോർഡ് വെല്ലിങ്ടന്റെ സൈന്യം വാട്ടർലൂവിൽ (ഇന്ന് ബെൽജിയത്തിലാണ് വാട്ടർ ലൂ) അവസാനമായി പരാജയപ്പെടുത്തി. ലോർഡ് വെല്ലിങ്ടൻ നയിച്ച സംയുക്തസേനക്ക് (ബ്രിട്ടൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി) ഒപ്പം ഫീൽഡ് മാർഷൽ ജെബ്ഹാർഡ് ലെബറേഷവോൻ ബ്ലൂഷറിന്റെ പ്രഷ്യൻ സൈന്യവും ഉണ്ടായിരുന്നു. വെല്ലിങ്ടൻ പ്രഭുവിന്റെ പ്രതിമ പക്ഷേ, സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലാണ്. ഒരുപക്ഷേ, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചതുകൊണ്ടാകാം നെൽസന് ചരിത്രം കൂടുതൽ പ്രാധാന്യം നൽകുന്നത്. ‘‘കണ്ണടച്ച് ഇരുട്ടാക്കുക’’ (turn a blind eye) എന്ന പ്രയോഗംതന്നെ നെൽസനിൽനിന്നു തുടങ്ങിയതാണെന്നു വിശ്വസിച്ചുപോരുന്നു. പിൻവാങ്ങാനുള്ള നിർദേശം അവഗണിക്കാൻ താൻ എതിരാളികളുടെ കപ്പലുകളൊന്നും കാണുന്നില്ലെന്ന് നെൽസൻ അഭിനയിച്ചെന്നാണു ചരിത്രം.
പക്ഷേ, രണ്ടു വിജയങ്ങൾക്കും പിന്നിൽ ബ്രിട്ടീഷ് സേനയിലെ അച്ചടക്കമായിരുന്നെന്ന് വെല്ലിങ്ടൻ പ്രഭു പറഞ്ഞു. ‘‘ഈറ്റനിലെ കളിക്കളങ്ങളിൽനിന്ന് അവർ ട്രഫാൽഗറിലെയും വാട്ടർലൂവിലെയും യുദ്ധങ്ങൾ ജയിച്ചു.’’ ആർതർ വെല്ലസ്ലി എന്ന വെല്ലിങ്ടൻ പ്രഭുവിന്റെ ഈ വാക്കുകൾ കളിക്കളത്തിൽ അച്ചടക്കത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു. മേൽക്കൂരയില്ലാത്ത ക്ലാസ് റൂം എന്ന് കളിസ്ഥലത്തെ വിശേഷിപ്പിക്കുമ്പോഴൊക്കെ ഈ വാക്കുകൾ ഓർമയിലെത്തണം. ഫ്രാൻസിലെ നെപ്പോളിയൻ ബോണപ്പാർട്ടിനെ 1805ൽ ട്രഫാൽഗറിലും 1815 ജൂൺ 18ന് വാട്ടർലൂവിലും പരാജയപ്പെടുത്തുവാൻ ബ്രിട്ടീഷ് സേനയെ തുണച്ചത് ഈറ്റനിലെ സ്കൂളിന്റെ കളിക്കളങ്ങളിൽനിന്നു കൈവരിച്ച അച്ചടക്കവും ആത്മവീര്യവുമാണെന്നാണ് വെല്ലിങ്ടൻ പ്രഭു പറഞ്ഞത്. ബ്രിട്ടനിലെ സൈനിക ഓഫിസർമാരും സിവിൽ സർവിസസുകാരുമൊക്കെ പഠിച്ചു വളർന്ന സ്കൂൾ. വിൻസ്റ്റൻ ചർച്ചിലിനെപ്പോലെ രാജ്യത്തെ നയിച്ച പലരും പഠിച്ചതും ഈറ്റനിലെ സ്കൂളിൽതന്നെ.
വെല്ലിങ്ടൻ പ്രഭുവിന്റെ വാക്കുകൾ സ്പോർട്സ് എഴുതിയപ്പോഴും പ്രസംഗിച്ചപ്പോഴും പലപ്പോഴും കടമെടുത്തിട്ടുള്ളതിനാലാകാം ട്രഫാൽഗർ ചത്വരം കണ്ടത് വലിയൊരു അനുഭവമായി തോന്നിയത്. സ്കൂളിലെ അച്ചടക്കത്തിന്റെ കാര്യം സംസാരിച്ചപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ (ഇടക്ക് കാലിക്കറ്റ് വി.സിയുടെ ചുമതലയും വഹിച്ചു) ഡോ. അബ്ദുൽ ഖാദറിന്റെ (ഖാദർ മാങ്ങാട്) സ്കൂൾ പഠനകാല ചരിത്രം കേട്ട് ചിരിച്ചുപോയി. സ്കൂളിൽ കുട്ടികളെ ഏറ്റവുമധികം തല്ലിയിരുന്ന അധ്യാപകന്റെ കസേരയുടെ കാലുകൾക്കടിയിൽ പൊട്ടാസ് വെച്ചതിന് ശിക്ഷയേറ്റുവാങ്ങിയയാളാണ് ഡോ. ഖാദർ മാങ്ങാട്. പിന്നീട് ഇതേ അധ്യാപകനെ വഴിയിൽ കണ്ടപ്പോൾ ക്ഷമ ചോദിച്ചതും ചരിത്രം. അത് പഠനമുറിയിലെ കുസൃതിത്തരം അഥവാ കൗമാരത്തിലെ ആവേശം. ക്ലാസ് മുറിയല്ല കളിക്കളം. ക്ലാസുകളിൽ ഓരോരുത്തരും ഏറ്റവും മുന്നിലെത്താനാണ് ശ്രമിക്കുന്നത്. കളിക്കളത്തിൽ വ്യക്തിഗത ഇനങ്ങളിൽ മാത്രമാണ് ഏകപക്ഷീയ മുന്നേറ്റത്തിനു സാധ്യത. ടീം ഇനമായാൽ കളി ടീമിന്റേതാണ്. അച്ചടക്കവും പരസ്പരധാരണയും സ്പോർട്സ്മാൻ സ്പിരിറ്റും അനിവാര്യമാണ്. അങ്ങനെ ഈറ്റനിലെ സ്കൂളിന്റെ പ്ലേ ഗ്രൗണ്ടിൽ വളർന്നവരാണ് ബ്രിട്ടീഷ് സൈന്യത്തിന് അച്ചടക്കവും പരസ്പരവിശ്വാസവും പ്രദാനം ചെയ്തത്.
ട്രഫാൽഗറിലെ പരാജയത്തിനു ശേഷം നെപ്പോളിയൻ നടത്തിയ തിരിച്ചുവരവ് കണ്ട ബ്രിട്ടീഷ് സേന വാട്ടർലൂവിൽ നെപ്പോളിയനെ വീണ്ടും പരാജയപ്പെടുത്തിയപ്പോഴും നെപ്പോളിയനിലെ കരുത്തനും തന്ത്രശാലിയുമായ പോരാളിയെ തള്ളിക്കളയാൻ തയാറായില്ല. അദ്ദേഹത്തെ സെന്റ് ഹെലനാ ദ്വീപിലേക്ക് നാടുകടത്തി. ഇരുപത്തിമൂന്നു വർഷത്തോളം നെപ്പോളിയന്റെ ഭീഷണി നേരിട്ട അനുഭവം ബ്രിട്ടനുണ്ടായിരുന്നു. കോർസികയിൽ 1769ൽ ജനിച്ച നെപ്പോളിയൻ ഫ്രഞ്ച് റെവലൂഷനറി ആർമിയുടെ തലപ്പത്ത് എത്തിയത് അതിശയിപ്പിക്കുന്ന വേഗത്തിലാണ്. 1790കളിൽതന്നെ നെപ്പോളിയൻ സൈന്യത്തിൽ ഉന്നതങ്ങളിലേക്ക് ചുവടുവെച്ചു തുടങ്ങിയിരുന്നു. പിന്നെ ബ്രിട്ടൻ ഏറ്റവും ഭയപ്പെട്ട എതിരാളിയായി മാറി.
1821ൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നെപ്പോളിയന് വയറ്റിൽ അൾസർ ആയിരുന്നെന്നും അത് കാൻസറായി മാറിയെന്നുമാണ് പറയപ്പെടുന്നത്. പക്ഷേ, പ്രവാസകാലത്ത് ചാൾസ് ഡി. മൊന്തൊലൻ എന്ന സഹായി അദ്ദേഹത്തിനു വിഷം നൽകിയതാണെന്നും നെപ്പോളിയന്റെ മടങ്ങിവരവ് ഭയന്ന് ലൂയി പതിനെട്ടാമൻ രാജാവ് ചെയ്യിച്ചതാണെന്നും ആരോപണമുണ്ട്.