മോദിയുടെ പ്രതിമ തേടി; ബോൾട്ടിനെ കണ്ടു
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചാരം തുടരുന്നു. ലണ്ടനിൽനിന്ന് തുടങ്ങിയ യാത്രയിൽ പലതരം കാഴ്ചകൾ മിന്നിമറയുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ ലേഖകൻ എഴുതുന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം.‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഴുകു പ്രതിമയുണ്ട്. പിന്നെ, പണ്ടു മുതൽക്കേയുള്ള പല പ്രതിമകളും.’’ ലണ്ടനിൽ മാഡം തുസോദ്സ് വാക്സ് മ്യൂസിയത്തിലേക്കു കടക്കും മുമ്പ് ടൂർ മാനേജർ ഹരിപ്രസാദ് പറഞ്ഞു. നമ്മുടെ...
Your Subscription Supports Independent Journalism
View Plansയൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചാരം തുടരുന്നു. ലണ്ടനിൽനിന്ന് തുടങ്ങിയ യാത്രയിൽ പലതരം കാഴ്ചകൾ മിന്നിമറയുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും സ്പോർട്സ് ജേണലിസ്റ്റുമായ ലേഖകൻ എഴുതുന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഴുകു പ്രതിമയുണ്ട്. പിന്നെ, പണ്ടു മുതൽക്കേയുള്ള പല പ്രതിമകളും.’’ ലണ്ടനിൽ മാഡം തുസോദ്സ് വാക്സ് മ്യൂസിയത്തിലേക്കു കടക്കും മുമ്പ് ടൂർ മാനേജർ ഹരിപ്രസാദ് പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിയെ അകലെനിന്നുപോലും കണ്ടിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ മെഴുകുരൂപത്തിനു മുന്നിൽ നിന്നൊരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം ഞാൻ സഹയാത്രികരോട് പറഞ്ഞു. പക്ഷേ, മ്യൂസിയത്തിൽ എത്തിയപ്പോൾ മോദി മാത്രമല്ല, മഹാത്മാ ഗാന്ധി പോലുമില്ല. സചിൻ ടെണ്ടുൽകർ, ഷാറൂഖ് ഖാൻ തുടങ്ങിയവരൊക്കെയാണ് ഇന്ത്യയുടെ പ്രാതിനിധ്യം അറിയിക്കുന്നത്.
കോവിഡ് കാലത്ത് മ്യൂസിയം അടഞ്ഞുകിടന്നു. പിന്നെ തുറന്നപ്പോൾ പല പ്രതിമകളും മാറ്റി. ചിലതൊക്കെ പരിഷ്കരിക്കാൻ കൊണ്ടുപോയി. ഫുട്ബാൾ ഇതിഹാസം പെലെയുടെ രൂപം അത്ര മെച്ചമെന്നു തോന്നിയില്ല. ഉസൈൻ ബോൾട്ട് അസ്സലായിരിക്കുന്നു. ട്രാക്കിലെ മിന്നൽപിണർ. ഈ ഇതിഹാസതാരത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. ബോൾട്ടിനു മുന്നിൽ അദ്ദേഹത്തിന്റെ വിഖ്യാതമായ ‘വിജയ ചിഹ്നം’ അനുകരിച്ച് ഞാനൊന്നു പോസ് ചെയ്തു. ഫോട്ടോ കണ്ടപ്പോഴാണ് വലതുകൈയുടെ ആക്ഷൻ കാണിക്കാൻ മറന്ന കാര്യം ഓർത്തത്. അതൊരു നഷ്ടമായി. പിന്നീടാണ് ബോൾട്ടിന്റെ ‘വിക്ടറി സൈനിന്’ പേറ്റന്റ് വരുന്നകാര്യം അറിഞ്ഞത്.
സുജ ഡയാനാ രാജകുമാരിയുടെ മെഴുകുരൂപത്തിനു മുന്നിൽനിന്നു ഫോട്ടോയെടുത്തു. ഞങ്ങൾ രണ്ടുപേരും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രൂപത്തിന് ഇടതും വലതും നിന്ന് ഫോട്ടോയെടുത്തു. പക്ഷേ, നാട്ടിൽ എത്തിയയുടൻ ബോറിസ് ജോൺസനു പ്രധാനമന്ത്രിപദം നഷ്ടപ്പെടുന്ന വാർത്തകളാണു കേട്ടത്. ഹൈകോടതി അഭിഭാഷകൻ കെ.ജെ. എബ്രഹാം മുമ്പ് നാടകനടനായിരുന്നു. പക്ഷേ, ഷേക്സ്പിയറിനെ അവഗണിച്ച് അദ്ദേഹം ഫുട്ബാൾ താരം മുഹമ്മദ് സാലെക്കൊപ്പം നിന്നു ഫോട്ടോയെടുത്തു.
നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ടാകാം ഡോ. ഖാദർ മാങ്ങാട് ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകർക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. അതിൽ റോജൻ മൂറിനെ പെട്ടെന്നു തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ഡയാന രാജകുമാരി ഉൾപ്പെടെ മെഴുകുരൂപങ്ങൾ എത്രയോയുണ്ടെങ്കിലും തിരക്കു മുഴുവൻ ബ്രിട്ടീഷ് രാജ്ഞിക്കും രാജകുടുംബത്തിനുമൊപ്പം ഫോട്ടോ എടുക്കാനായിരുന്നു. രാജകുടുംബത്തിന്റെ പ്രതിമക്കു മുന്നിൽ മ്യൂസിയം വക ഫോട്ടോഷൂട്ട് സംവിധാനമുണ്ട്. അവർ എല്ലാവരുടെയും ചിത്രം കാമറയിൽ പകർത്തുന്നുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ വിലയ്ക്കു വാങ്ങാം. അൽപം വലിയ ചിത്രത്തിന് 25 യൂറോയൊക്കെയാണ് ഈടാക്കുന്നത്.
യൂറോപ്, ബ്രിട്ടൻതന്നെയും പിന്നിട്ട ഓരോ കാലഘട്ടവും അനുസ്മരിപ്പിക്കുന്ന പ്രദർശനം ഒരു അനുഭവമാണ്. ഒരു ഗുഹയിലൂടെ ചെറിയ വാഹനത്തിലുള്ള സഞ്ചാരം നമ്മളെത്തന്നെ പഴയ കാലത്തിലെത്തിക്കുന്നു. പൂർവികർക്കൊപ്പം അവരുടെ കാലഘട്ടത്തിലൂടെയുള്ളൊരു യാത്ര.
വിൻസർ കാസിൽ കണ്ടപ്പോൾ മാരത്തൺ ഓട്ടമാണ് ഓർമയിൽ വന്നത്. 1908ലെ ലണ്ടൻ ഒളിമ്പിക്സിൽ മാരത്തൺ ഓട്ടം തുടങ്ങിയത് വിൻസർ കാസിലിനു മുന്നിൽനിന്നായിരുന്നു. 1896ൽ ആതൻസിൽ നടന്ന പ്രഥമ ആധുനിക ഒളിമ്പിക്സ് മുതൽ 26 മൈൽ ആയിരുന്നു മാരത്തൺ ഓട്ടത്തിന്റെ ദൈർഘ്യം. വിൻസർ കാസിൽ മുതൽ ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയംവരെ 26 മൈൽ ദൂരമുണ്ടായിരുന്നു. പക്ഷേ, സ്റ്റേഡിയത്തിന്റെ കവാടത്തിൽനിന്ന് 385 വാര ഉള്ളിലാണ് രാജ്ഞിയുടെ ഇരിപ്പിടം. മത്സരം രാജ്ഞിയുടെ മുന്നിൽ അവസാനിക്കണമെന്നു സംഘാടകർക്കു നിർബന്ധം. അങ്ങനെ ആദ്യമായി മാരത്തൺ ഓട്ടക്കാർ 26 മൈലും 385 വാരയും (42.195 കിലോമീറ്റർ) ഓടി. 1924 ലെ പാരിസ് ഒളിമ്പിക്സിൽ ഈ ദൂരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യു.കെയിൽ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും ഏറ്റവും അധികം ആളുകൾ ടിക്കറ്റ് എടുത്ത് കയറുന്നതും ‘ലണ്ടൻ ഐ’ എന്ന ഭീമൻചക്രത്തിലാണ്. 135 മീറ്റർ ഉയരവും 120 മീറ്റർ ഡയമീറ്ററും വരുന്ന ഈ ചക്രത്തിലെ ഗ്ലാസ്പൊതിഞ്ഞ കമ്പാർട്മെന്റുകൾ കറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ലണ്ടൻ നഗരത്തിലെ പ്രധാന കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും കാണാം. തേംസ് നദിക്ക് മുകളിലായി ഹൗസസ് ഓഫ് പാർലമെന്റിനും ബിഗ് ബെന്നിനും എതിർവശത്തായിട്ടാണിത്. ഉയരത്തിലെത്തുമ്പോൾ ബിഗ് ബെന്നിനൊപ്പം ഉയർന്ന പ്രതീതി. ക്ലോക്ക് ടവറാണ് ബിഗ് ബെൻ.
‘ലണ്ടൻ ഐ’ക്കു സമീപം ഒരു സുവനീർ ഷോപ്പുണ്ട്. ചെറിയ മെമന്റോകൾക്കു പോലും അഞ്ചു യൂറോയൊക്കെയാണു വില. നല്ല തിരക്കുണ്ട്. ഞാൻ ഉൾപ്പെടെ യാത്രാ സംഘത്തിലെ പലരും നാട്ടിൽവെച്ചുതന്നെ ഇന്റർനാഷനൽ െക്രഡിറ്റ് കാർഡിൽ സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ബ്ലോക്ക് ചെയ്യിച്ച്, സീക്രട്ട് കോഡ് സംവിധാനം മാത്രമാക്കിയിരുന്നു. കാർഡ് മറ്റാരും ഉപയോഗിക്കാതിരിക്കാനായിരുന്നിത്. പക്ഷേ, ഈ സുവനീർ ഷോപ്പിൽ കാർഡ് സ്കാനിങ് സംവിധാനം മാത്രമേയുള്ളൂ. ഒടുവിൽ യു.എസിൽനിന്നെത്തി ഞങ്ങൾക്കൊപ്പം ചേർന്ന മേഴ്സി തന്റെ കാർഡ് ഞങ്ങൾക്കായും ഉപയോഗിച്ചു. ഇക്കാര്യത്തിലും ചില മെമന്റോകൾ വെച്ചിരിക്കുന്ന കള്ളികളിൽ അടയാളപ്പെടുത്തിയ വിലസംബന്ധിച്ചും സംശയങ്ങൾ ഉയർന്നു. പക്ഷേ, മെമന്റോ ഷോപ്പിലെ സെയിൽസ്മാനും സെയിൽസ്വുമണും തികച്ചും ധിക്കാരത്തോടെയാണ് പെരുമാറിയത്. വേണമെങ്കിൽ മതി എന്ന മനോഭാവമായിരുന്നു അവരുടേത്. മറ്റൊരിടത്തും ഇത്തരമൊരു അനുഭവം ഉണ്ടായില്ല.
1886നും 1894നും മധ്യേ നിർമിച്ച ടവർ ബ്രിഡ്ജിന് 240 മീറ്ററാണ് നീളം. 65 മീറ്റർ ഉയരമുള്ള രണ്ട് ടവറുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഹോറെസ് ജോൺസ് രൂപകൽപന ചെയ്ത് ജോൺ വൂൾഫ് ബാരിയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തിൽ നിർമിച്ചതാണ് ഈ ബാസ്കുൽ സസ്പെൻഷൻ ബ്രിഡ്ജ്. ലണ്ടൻ ടവറിനു സമീപം തേംസ് നദിക്കു കുറുകെവരുന്ന പാലം നീക്കി നദിയിലൂടെ ബോട്ടുകളുടെയും മറ്റും സഞ്ചാരം സുഗമമാക്കാൻ കഴിയും.
നഗരം കാണാനുള്ള ബസ് യാത്രയിൽ ഗൈഡ് ആയി വന്നത് പാലക്കാട് സ്വദേശി ഷാജുവായിരുന്നു. തേംസ് നദി ലണ്ടൻ നഗരത്തിന്റെ ഹൃദയത്തുടിപ്പാണ്. ഉത്തരവാദിത്തത്തോടെ അതു പരിപാലിക്കപ്പെടുന്നു. തേംസ് നദിയിൽ പണ്ട് വഞ്ചികൾ കൂട്ടിയിടിക്കുന്നത് പതിവായിരുന്നു. അശ്രദ്ധയോടെയും പരിചയസമ്പത്തില്ലാത്തവരും വഞ്ചിതുഴയുന്നതായിരുന്നു പ്രശ്നം. പതിനാറാം ശതകത്തിൽ ഹെൻറി എട്ടാമൻ രാജാവ് വഞ്ചിതുഴച്ചിൽകാർക്ക് ലൈസൻസ് ഏർപ്പെടുത്തി. ആരംഭത്തിൽതന്നെ 3200 പേർ ലൈസൻസ് എടുത്തെന്നാണു കണക്ക്. തേംസ് ടൈഡ് റിവർ ആണ്. കടലിലെ തിരയിളക്കത്തിനൊത്ത് വെള്ളം കൂടുകയും കുറയുകയും ചെയ്യും. നദിയുടെ അടിത്തട്ടിൽ മാലിന്യങ്ങൾ ഇല്ല.
മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ അവസാന നാളുകളിൽ താമസിച്ചിരുന്ന ‘ദ റിറ്റ്സ്’ ഹോട്ടൽ ഷാജു കാണിച്ചുതന്നു. പക്ഷേ, ദശലക്ഷങ്ങൾ പ്രതിദിന വാടകയുള്ള ലാൻസ്ബറോയിലാണ് ഫുട്ബാൾ ഇതിഹാസങ്ങൾ ഒക്കെ താമസിക്കുകയെന്ന് ഗൈഡ് പറഞ്ഞു. ഹേ മാർക്കറ്റിൽ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് വിപ്ലവകാരിയും പിന്നീട് ഭരണത്തലവനുമായ ഹോ ചി മിൻ ജോലിനോക്കിയിരുന്ന കാര്യവും പറഞ്ഞു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ലണ്ടനിൽ ആദ്യ ട്രാഫിക് ലൈറ്റ് സുപ്രീംകോടതിക്കു മുന്നിലാണ് സ്ഥാപിക്കപ്പെട്ടതത്രെ.
നെൽസൻ മണ്ടേല, ലെനിൻ, മഹാത്മാ ഗാന്ധി, ചാൾസ് ഡാർവിൻ, ഐസക് ന്യൂട്ടൻ തുടങ്ങി പലരുടെയും പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നിടം വിശ്രമത്തിന് ഉതകും. ഞങ്ങൾ മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു മുന്നിൽനിന്നു ഫോട്ടോയെടുത്തു.
ഹാർവി നിക്കോൾസ് ഡയന രാജകുമാരിയുടെ പ്രിയപ്പെട്ട ഷോപ് ആയിരുന്നെന്നു ഷാജു പറഞ്ഞു. ഹാർവി നിക്കോൾസിന്റെ അയ്യായിരത്തിൽ അധികം സ്റ്റാളുകൾ ഉണ്ട്. സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം സന്ദർശകർ എത്തും. ക്രിസ്മസ് കാലത്ത് ഇത് മൂന്നുലക്ഷമൊക്കെയാകും. ഹാർവി നിക്കോൾസ് എന്ന ആഡംബര ഡിപ്പാർട്മെന്റ് സ്റ്റോർ 1831 മുതലുണ്ട്. ഡിസൈനർ, ഫാഷൻ, ബ്യൂട്ടി, ഭക്ഷണം, വൈൻ... എല്ലാ വിഭാഗങ്ങളുമുണ്ട്. ഇവരുടെ ഫ്ലാഗ്ഷിപ് ഷോറൂം ലണ്ടനിൽ നൈറ്റ്സ് ബ്രിഡ്ജിനു സമീപമാണ്.
ലണ്ടൻ നഗരത്തിൽ സ്കൂട്ടറും ബൈക്കും കുറവാണ്. സൈക്കിളുകൾ എത്രയോയുണ്ട്. ബോറിസ് ജോൺസൺ മേയർ ആയിരുന്നപ്പോൾ സൈക്കിൾ യാത്ര േപ്രാത്സാഹിപ്പിച്ചിരുന്നു. അദ്ദേഹം പ്രധാനമന്ത്രി ആയശേഷവും സൈക്കിളിൽ യാത്ര ചെയ്യുമായിരുന്നു. ലണ്ടനിൽ മേയറുടെ കീഴിലാണ് പൊതുഗതാഗതം. കാലത്തിനൊത്ത പരിഷ്കാരങ്ങൾ മേയർക്കു നടപ്പാക്കാം. എലിസബത്ത് രാജ്ഞി നഗരവീഥികളിലൂടെ സ്വയം കാറോടിക്കുമായിരുന്നല്ലോ. ഇതെല്ലാം കണ്ടും കേട്ടും മടങ്ങുന്ന നമ്മുടെ ഭരണകർത്താക്കൾ റോഡിൽ സഞ്ചാരം സുഗമമാക്കാൻ സുരക്ഷ കൂട്ടുകയും നാട്ടുകാരുടെ യാത്ര തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ശാന്തസുന്ദരമായ നെതർലൻഡ്സ്
നെതർലൻഡ്സിൽ സൈക്കിളാണ് പ്രധാനമായും യാത്രക്ക് ഉപയോഗിക്കുന്നതെന്ന്, മൂന്നു വർഷം അവിടെ ജീവിച്ച മകൾ നീത് പറഞ്ഞുകേട്ടിരുന്നു. മരുമകൻ നെതർലൻഡ്സിലെ നൈ മെഹനിലെ റാദ്ബൗദ് സർവകലാശാലയിലാണ് പോസ്റ്റ് ഡോക്ടറേറ്റ് ചെയ്തത്. ‘ഡെക്കാൻ േക്രാണിക്കിളി’ൽ ജേണലിസ്റ്റ് ആയിരുന്ന നീത് ഭർത്താവിനൊപ്പം നൈ മെഹനിൽ എത്തിയതാണ്. അക്കാലത്ത് ഹേഗിൽ ലോകകപ്പ് ഹോക്കി നടന്നു. അതു കാണാൻ ആലോചിച്ചെങ്കിലും മകളുടെ വീട്ടിൽനിന്നുള്ള ദൂരം കൂടുതലായതിനാൽ ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്നു. ഏറെക്കാലത്തിനു മുമ്പ് അമേരിക്കൻ യാത്രക്കിടയിൽ ആംസ്റ്റർഡാം വിമാനത്താവളത്തിൽ രണ്ടു തവണയായി ഏതാനും മണിക്കൂറുകൾ ചെലവിട്ട അനുഭവമാണ് മറ്റൊന്ന്. വർഷങ്ങൾക്കു ശേഷമാണെങ്കിലും ആംസ്റ്റർഡാമിൽ കാലുകുത്താൻ സാധിച്ചതു ഭാഗ്യമായി.
ആംസ്റ്റർഡാം സെൻട്രൽ സ്റ്റേഷനിൽനിന്നു പുറത്തിറങ്ങിയപ്പോൾ ആദ്യം ശ്രദ്ധയിൽപെട്ടത് തൊട്ടടുത്ത് സൈക്കിൾ പാർക്ക് ചെയ്യാനുള്ള മൂന്നു തട്ടുള്ള കൂറ്റൻ സ്റ്റാൻഡാണ്. വഴിവക്കിലും കനാൽ തീരങ്ങളിലുമൊക്കെ നൂറുകണക്കിന് സൈക്കിളുകൾ പൂട്ടിവെച്ചിരിക്കുന്നതു കാണാം.
ലണ്ടനിലെ സെന്റ് പാൻക്രാസ് (St. Pancras) റെയിൽവേ സ്റ്റേഷനിൽനിന്ന് ആംസ്റ്റർഡാമിലേക്ക് ടണൽ െട്രയിനിലൂടെയാണ് യാത്ര. യു.കെയിൽനിന്ന് യൂറോപ്യൻ യൂനിയനിൽപെട്ട രാജ്യങ്ങളിലേക്കു കടക്കാൻ ഷെങ്കൻ വിസയാണ്. വിമാനത്താവളംപോലെ റെയിൽവേ സ്റ്റേഷനിൽ ഇമിേഗ്രഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പ്രഭാതഭക്ഷണം പൊതിഞ്ഞുവാങ്ങി നേരത്തേതന്നെ സ്റ്റേഷനിൽ എത്തി. 8.16നാണ് ലണ്ടൻ- ആംസ്റ്റർഡാം െട്രയിൻ. 1.15ന് ആംസ്റ്റർഡാമിൽ എത്തും.
റെയിൽവേ സ്റ്റേഷനിലെ തിരക്കു കണ്ടപ്പോൾ അങ്കലാപ്പ്. സമയത്തിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത പ്ലാറ്റ്ഫോമിൽ എത്താൻ കഴിയുമോ? പക്ഷേ, സെക്കൻഡുകൾക്കുള്ളിലാണ് വിസ സ്റ്റാമ്പിങ് ഒക്കെ നടന്നത്. വിമാനത്താവളത്തിലേതുപോലെ ബെൽറ്റ് വരെ ഊരിച്ച് സ്കാനറിൽ കടത്തിവിട്ടു. പക്ഷേ, സ്കാനറിന്റെ ബെൽറ്റ് മൂന്ന് അടിയോളം ഉയരത്തിലായിരുന്നതിനാൽ ഭാരമുള്ള പെട്ടികൾ കയറ്റാൻ മറ്റൊരാളുടെ സഹായം വേണ്ടിവന്നു. ഇതേ പ്രശ്നം െട്രയിനിലും അനുഭവപ്പെട്ടു. ഓരോ ബോഗിയിലും കയറുന്നിടത്താണ് ലഗേജ് കാരിയർ. അതിൽ ചില തട്ടുകൾ ഉയരത്തിലും.
െട്രയിൻ സമയം 8.16 എന്ന് ഒരിക്കൽകൂടി ഉറപ്പുവരുത്തിയിട്ട് ഡോ. ഖാദർ മാങ്ങാട് ജർമനിയിൽ തനിക്കു പറ്റിയ അബദ്ധം പറഞ്ഞു. ജർമനിയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നിശ്ചിതസമയത്തിനു രണ്ടു മിനിറ്റു മുമ്പ് എത്തിയ െട്രയിനിൽ കയറി. അൽപം കഴിഞ്ഞാണ് നേരേ എതിർവശത്തേക്കാണ് യാത്രചെയ്യുന്നതെന്ന് അറിഞ്ഞത്. അതിനാൽ 8.16നു തന്നെ എത്തുന്ന െട്രയിനിൽ കയറണം. അദ്ദേഹം ഓർമിപ്പിച്ചു.
യൂറോ സ്റ്റാർ െട്രയിൻ യാത്ര. െട്രയിനിൽ പാൻട്രിയും ബാറുമെല്ലാം ഉണ്ട്. ബ്രസൽസ്, റോട്ടർഡാം സ്റ്റേഷനുകൾ കടന്ന് കൃത്യസമയത്തുതന്നെ െട്രയിൻ ആംസ്റ്റർഡാമിൽ എത്തി. പോളണ്ടുകാരനായ കാരൾ ബസുമായി കാത്തുനിൽപുണ്ടായിരുന്നു. അടുത്ത രണ്ടാഴ്ചയും കാരൾ ആയിരുന്നു ൈഡ്രവർ. വിവിധ രാജ്യങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കൃത്യമായി എത്തിച്ചു. ഒരിടത്തും വഴിതെറ്റിയില്ല. ഒടുവിൽ മിലാൻ വിമാനത്താവളത്തിൽ ഞങ്ങളെ എത്തിച്ചാണ് സാരഥി യാത്രപറഞ്ഞത്.
െട്രയിൻ യാത്രക്കിടയിൽ ഡോ. ഖാദർ മാങ്ങാടിനു തന്റെ മരുന്നുകൾ അടങ്ങിയ ചെറിയ ബാഗ് നഷ്ടപ്പെട്ടു. തുടർന്ന് മരുന്നു വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ ഡോക്ടറുടെ കുറിപ്പ് നിർബന്ധം. ഒടുവിൽ ഡോക്ടറെ കണ്ടെത്തി കുറിപ്പു വാങ്ങിയാണു മരുന്ന് വാങ്ങിയത്.
ആംസ്റ്റർഡാമിൽ ഇറങ്ങിയപ്പോൾ െട്രയിനിലെ സുരക്ഷാ ജീവനക്കാരി ഇതേ ബാഗുമായി സ്റ്റേഷനിലെ യാത്രക്കാരോട് നിങ്ങളുടെ ആരുടെയെങ്കിലും ആണോയെന്നു ചോദിച്ചു. അല്ലെന്നു പറഞ്ഞവരിൽ ഖാദർ മാങ്ങാടും ഉണ്ടായിരുന്നു. നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മഗതം.
ആംസ്റ്റർഡാം സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപമാണ് പ്രസിദ്ധമായ കനാൽ ക്രൂസ്. വലിയ ബോട്ടിലാണ് കനാൽ യാത്ര. ബോട്ടിൽ കയറിയ ഉടനെ ബോട്ട് ൈഡ്രവർ പറഞ്ഞു. പുകവലിക്കരുത്, ഭക്ഷണം ഉപയോഗിക്കരുത്, ഫോൺ നിശ്ശബ്ദമായിരിക്കണം. പിന്നെ പ്രത്യേകമായി പറഞ്ഞു. ‘‘തീർത്തും ഒഴിവാക്കാൻ സാധിക്കില്ലെങ്കിൽ മാത്രം ‘ഒന്നിനു’ പോകുക. ടോയ്ലറ്റ് സൗകര്യമുണ്ട്. പക്ഷേ, ദയവു ചെയ്ത് രണ്ടിനു പോകരുത്. കാരണം എനിക്ക് ഈ കനാലിൽ നീന്താനുള്ളതാണ്.’’
വടക്കിന്റെ വെനീസ് ആയ ആംസ്റ്റർഡാമിൽ കനാലുകൾ 100 കിലോമീറ്റർ വരും. 90 ദ്വീപുകളും 1500ലധികം പാലങ്ങളും. 1500ലധികം സ്മാരകങ്ങൾ കനാൽ തീരങ്ങളിലുണ്ട്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചൈനീസ് റസ്റ്റാറന്റ്, കായൽതീരത്തെ സെന്റ് നിക്കോളാസ് പള്ളി, പിന്നെ ഡച്ച് പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളും നല്ല കാഴ്ചയൊരുക്കുന്നു. സ്വിറ്റ്സർലൻഡിനും മറ്റും പുറപ്പെടാൻ ഒരുങ്ങിനിൽക്കുന്ന കപ്പലുകളും കണ്ടു. അവിടവിടെ ജലപ്പരപ്പിൽ താറാവുകൾ നീന്തുന്നു.
‘ആംസ്റ്റർഡാം സിറ്റി സ്വിം’ പേരുകേട്ടതാണ്. രാജാക്കന്മാർപോലും ഇവിടെ നീന്തിയിട്ടുണ്ടെത്ര. കനാൽ വക്കിൽ ഇരുമ്പുവേലി താഴ്ത്തി നിർമിച്ചിട്ടുണ്ട്. കനാൽവക്കിൽ പാർക്ക് ചെയ്യുന്ന കാറുകളുടെ ടയർ ഈ ഇരുമ്പുവേലിയിൽ മുട്ടിനിൽക്കും. കാർ കനാലിൽ പതിക്കാതിരിക്കാനുള്ള കരുതൽ. എന്നാൽ സൈക്കിളുകൾ കനാലിൽ പോകുന്നത് പതിവാണ്. എല്ലാ വർഷവും കനാൽ ശുദ്ധീകരിക്കുമ്പോൾ ശരാശരി 15,000 സൈക്കിൾ കനാലിൽനിന്നു പൊക്കിയെടുക്കും. ഇതിൽ കൂടുതലും ചെറുപ്പക്കാരുടേതാണ്. പലരും മദ്യപിച്ച് സൈക്കിളിൽ കയറി നിയന്ത്രണം വിട്ട് കനാലിൽ പതിക്കും. സൈക്കിൾ കനാലിൽ പോകുമെങ്കിലും യാത്രികർ രക്ഷപ്പെടാറാണു പതിവ്.
മകൾ പറഞ്ഞിരുന്നതുപോലെതന്നെ മനോഹരമായിരുന്നു ആംസ്റ്റർഡാമിലെ ഗ്രാമക്കാഴ്ചകൾ. ഉത്തര-പൂർവ ആംസ്റ്റർഡാമിൽ തടികൊണ്ടു നിർമിച്ച വീടുകളും പുരാതന ഫിഷിങ് ബോട്ടുകളുമൊക്കെ കണ്ടു. വുഡൻ ഷൂ നിർമാണം നല്ലൊരു കാഴ്ചയായിരുന്നു. എല്ലായിടത്തും പൂക്കൾ നിറഞ്ഞിരുന്നു. വിൻഡ് മില്ലുകളും ഒട്ടേറെ. സാൻസ് ഷാൻസിൽ ‘ഡി കാതറീനാ ഹോവ്’ എന്ന ചീസ് ഫാം കണ്ടു. വിവിധയിനം ചീസുകൾ രുചിനോക്കാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫാമിന് അടുത്തു ചെല്ലുമ്പോൾ തന്നെ ചീസിന്റെ മണം മൂക്കിൽ എത്തും. ചോക്ലറ്റും വോഫിൾസും പല രുചികളിലുള്ള ചീസും വിൽപനക്കുണ്ട്.
പത്തിലധികം ഡച്ച് ചീസുകൾ രുചിച്ചുനോക്കി. യാത്ര പൂർത്തിയാക്കി നാട്ടിലെത്തുമ്പോൾ ചീസ് കേടാകുമോ എന്ന ആശങ്ക അവ വാങ്ങുന്നതിൽനിന്നു പിന്തിരിപ്പിച്ചു. ചോക്ലറ്റിന് ആ പ്രശ്നമില്ല. അതുകൊണ്ട് ഇവിടെനിന്നും ചോക്ലറ്റ് വാങ്ങി.
ആംസ്റ്റർഡാമിൽ പ്രഭാതസവാരിക്ക് ഇറങ്ങി. സൈക്കിൾ യാത്രികരെയല്ലാതെ നടത്തക്കാരെ കണ്ടില്ല. അൽപം മുന്നോട്ടു ചെന്നപ്പോൾ ഒരു ട്രാഫിക് സിഗ്നൽ പോയന്റ്. അവിടെ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളുടെയും സൈക്കിളിന്റെയും ചിഹ്നമാണ് മാറിമാറി തെളിയുന്നത്. കാൽനടക്കാരനെ അവഗണിച്ചോയെന്നു തോന്നി, തിരക്കിയപ്പോഴാണ് അറിഞ്ഞത് ഞങ്ങൾ നടന്ന ചെറിയ പാത കാൽനടക്കാർക്കുള്ളതല്ല; െസെക്കിൾ ട്രാക്കാണ്.
യൂറോപ്പിൽ എവിടെയും റോഡിന് ഇരുവശവും സൈക്കിൾ ട്രാക് കാണാം. പക്ഷേ, അതിനോട് ചേർന്ന് കാൽനടക്കാരും സഞ്ചരിക്കുന്നുണ്ട്. പക്ഷേ, കാൽനടക്കാരെ ഒഴിവാക്കി സൈക്കിൾ യാത്രക്കാർക്കു മാത്രമായൊരു പാത ആദ്യം കാണുകയായിരുന്നു.
മാർക്സും എംഗൽസും ഇരുന്നിടത്ത് അൽപനേരം
സാംസ്കാരിക വൈവിധ്യത്തിനു പേരുകേട്ട നാട്. ഒട്ടേറെ രാഷ്ട്രീയ ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണ്. ശിൽപഭംഗിയുള്ള കെട്ടിടങ്ങൾ. രുചിഭേദങ്ങളുടെ റസ്റ്റാറന്റുകൾ. ലോകത്തിൽ ഏറ്റവും അധികം ബിയർ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന്. ഇതെല്ലാമായ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ‘അറ്റോമിയം’ ആണ് പ്രധാന ആകർഷണം. പക്ഷേ, ചിലയിടങ്ങളിൽ എത്തുമ്പോൾ നാം അറിയാതെ ചില ചരിത്രസംഭവങ്ങൾ മനസ്സിലെത്തും. കേട്ടറിവു മാത്രമുള്ളതാണെങ്കിലും ലോകത്തിന്റെ രാഷ്ട്രീയ ഗതിതന്നെ മാറ്റിയ സംഭവങ്ങൾ ഓർക്കുന്നു. അതിനു സാക്ഷിയായ കെട്ടിടങ്ങൾ കാണുന്നു.
കാൾ മാർക്സും െഫ്രഡറിക് എംഗൽസും ജനിച്ചത് ജർമനിയിലും മരിച്ചത് ഇംഗ്ലണ്ടിലുമാണെന്ന് അറിയാം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് കാപിറ്റലും ലോകത്തിന്റെ ഗതിമാറ്റിയ രചനകളാണെന്നും മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, അതിനിടയിൽ ബെൽജിയവും ബ്രസൽസും ഉണ്ടെന്നത് അറിയില്ലായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് ബ്രസൽസിലെ ചരിത്രം ഉറങ്ങുന്ന ആ സ്ഥലത്ത് എത്തിയതും കൂടുതൽ അറിഞ്ഞതും.
ബ്രസൽസിൽ ഞങ്ങൾ നിൽക്കുന്നിടം ഗ്രാൻഡ് പ്ലേസ് ആണെത്ര. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതാൻ കാൾ മാർക്സും ഫെഡറിക് എംഗൽസും ചർച്ച നടത്തിയത് ഇവിടെയൊരു കോഫി ഷോപ്പിൽ ആയിരുന്നു. ടൂർ മാനേജർ ഹരിപ്രസാദ് പറഞ്ഞു. ഇന്നവിടെ കോഫി ഷോപ് ഇല്ല. പകരം ബിയർ മ്യൂസിയമാണ്. മാർക്സും എംഗൽസും ചർച്ച നടത്തിയിരുന്ന സ്ഥലത്ത് ഏതാനും ബെഞ്ചുകൾ ഉണ്ട്. മിക്ക ദിവസങ്ങളിലും അവർ ഇവിടെയിരുന്ന് ദീർഘസമയം സംസാരിക്കുമായിരുന്നെത്ര. തത്ത്വചിന്തകരാണ് ഇരുവരും. ജർമനിയിൽ വിലക്കു നേരിട്ടപ്പോഴായിരിക്കണം െബൽജിയത്തിൽ എത്തിയത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാൾ മാർക്സിനെ സഹായിച്ചത് എംഗൽസ് ആയിരുന്നെന്നു വായിച്ചിട്ടുണ്ട്. മാർക്സിന്റെ മകളെ പഠിപ്പിച്ചതും അദ്ദേഹമായിരുന്നെന്നു കേട്ടിട്ടുണ്ട്.
ജർമനിയിലെ ട്രയറിൽ 1818ൽ ജനിച്ച കാൾ മാർക്സിന്റെ അന്ത്യം 1883ൽ ലണ്ടനിൽ ആയിരുന്നു. ജർമനിയിലെ ബാർമെനിൽ 1820ൽ ജനിച്ച െഫ്രഡറിക് എംഗൽസ് 1895ൽ ലണ്ടനിൽ അന്തരിച്ചു. ഇരുവരുടെയും തത്ത്വശാസ്ത്രം അന്നത്തെ ജർമൻ ഭരണകർത്താക്കൾക്ക് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. അതോടെ അവരുടെ അഭയസ്ഥലം ബ്രസൽസ് ആയതാകണം.
അതുവരെ ബെൽജിയം ഫുട്ബാൾ ടീമും ആന്റ് വേർപ് വിന്റർ ഒളിമ്പിക്സുമൊക്കെയായിരുന്നു എന്റെ മനസ്സിൽ. പിന്നെ അറ്റോമിയം ടൂർ മാപ്പിൽ പ്രത്യേകമായുണ്ട്. വളരെ പെട്ടെന്നാണ് മാർക്സും എംഗൽസും മനസ്സിലേക്കു കടന്നുവന്നത്.
അതേ, മാർക്സും എംഗൽസും ഇരുന്നിടംതന്നെ. ബെഞ്ചുകൾക്കു പക്ഷേ, അധികം പഴക്കം തോന്നിക്കുന്നില്ല. ഓപൺ എയർ ആണ്. ഒരുപക്ഷേ, അടുത്ത കോഫി ഷോപ്പിൽനിന്നു ചായയോ കാപ്പിയോ വാങ്ങി ഇവിടെയിരുന്നു ദീർഘനേരം സംസാരിച്ചിരിക്കുകയായിരുന്നിരിക്കണം പതിവ്. പുസ്തകത്തിന്റെ ഉള്ളടക്കം ചർച്ചചെയ്തുമിരിക്കണം. ദീർഘനാളത്തെ പഠനവും ചർച്ചയുമില്ലാതെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് കാപിറ്റലും എഴുതാനാവില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848) ഇരുവരും ചേർന്ന് എഴുതി. ദാസ് കാപിറ്റൽ (Das Kapital, 1867) മാർക്സ് തന്നെയും, രണ്ടും ജർമൻ ഭാഷയിലാണ് ആദ്യം ഇറങ്ങിയത്. ഇതു സൂചിപ്പിക്കുന്നൊരു ബോർഡോ അവരുടെ ചിത്രങ്ങളോ കാണാൻ കഴിഞ്ഞില്ല.
ഏറെ കൗതുകം തോന്നി, ഞാനും ഡോ. ഖാദർ മാങ്ങാടും അഡ്വ. കെ.ജെ. ഏബ്രഹാമും ആ ബെഞ്ചിൽ ഇരുന്നു. ഖാദർ മാങ്ങാട് കോൺഗ്രസുകാരനാണ്. രണ്ടുതവണ കാസർകോട്ടുനിന്നു യു.ഡി.എഫ് സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചിരുന്നു. ഏബ്രഹാം വക്കീൽ ഇടതു ചിന്താഗതിക്കാരനാണ്. ഒരു പാർട്ടിയിലും അംഗമല്ലാത്ത ഞാൻ രണ്ടുപേർക്കും മധ്യേ ഇരുന്നു. കണ്ണൂരിൽനിന്നുള്ള ദിനേശ് ഉറച്ച കമ്യൂണിസ്റ്റുകാരനാണെങ്കിലും ഞങ്ങൾ മിതവാദികൾ ആണെന്നു മനസ്സിലാക്കി മാറിനിന്നു സംഭാഷണം കേട്ടു. കമ്യൂണിസത്തിന്റെ എല്ലാ നല്ല ഗുണങ്ങളും അംഗീകരിക്കുകയും മുൻ നേതാക്കളെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ ഇപ്പോഴത്തെ നേതാക്കളോടും പ്രവർത്തകരിൽ പലരോടും യോജിക്കാനാവില്ലെന്നു പറഞ്ഞ് ഞാൻ ചർച്ച അവസാനിപ്പിച്ചു.
ബെൽജിയം ചോക്ലറ്റുകൾ പേരുകേട്ടതാണ്. പക്ഷേ, പലതിലും കൊക്കോയുടെ അളവ് 60-80 ശതമാനം വരെയാണ്. അമേരിക്കൻ എക്സ്പ്രസോ കോഫി കുടിക്കുന്നതിലും കയ്പ് അനുഭവപ്പെടും. അതിനാൽ കൊക്കോയുടെ അളവ് കുറവുള്ളതു നോക്കി തിരഞ്ഞെടുക്കണം. െബൽജിയത്തിലെ വോഫിൾസ് ലോകപ്രശസ്തമാണ്. ഭക്ഷണശാലകളിൽ വിവിധ ഫാഷനുകളിൽ വോഫിൾസ് തയാറാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനു മുകളിൽ തേനും ക്രീമും പഴങ്ങളുമൊക്കെ നമ്മുടെ നിർദേശങ്ങൾക്കനുസരിച്ച് പിടിപ്പിച്ചു തരും. ആകെ മധുരമയം; ഡയബറ്റിസുകാർ എത്തിനോക്കുകയേ വേണ്ട.
കുന്നുകളും ചരിവുകളും ഉള്ളതിനാൽ സൈക്കിൾ യാത്രികർ മറ്റു രാജ്യങ്ങളിലെ അപേക്ഷിച്ച് െബൽജിയത്തിൽ കുറവായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ടൂർ ഐറ്റിനറിയിൽ അറ്റോമിയം സന്ദർശനമായിരുന്നു ബ്രസൽസിലെ പ്രധാന പരിപാടി. 1958ൽ ബ്രസൽസിൽ നടന്ന വേൾഡ് ഫെയറിനോട് (എക്സ്പോ 58) അനുബന്ധിച്ചു നിർമിച്ചതാണിത്. 102 മീറ്റർ ഉയരം. ഉയർന്നുനിൽക്കുന്ന ഒമ്പത് ഗോളങ്ങൾ ഒരു അയൺ ക്രിസ്റ്റൽ 165 ബില്യൺ മടങ്ങായി വികസിപ്പിച്ചെടുത്തതാണ്. ശാസ്ത്രത്തിലും ന്യൂക്ലിയർ ശക്തിയിലുമുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നിർമാണമാണിത്. നടക്കാനും വിശ്രമിക്കാനുമൊക്കെ ഏറെ സ്ഥലം ഇതിനു സമീപം ഒരുക്കിയിട്ടുണ്ട്.
ഒരു ഫൗണ്ടന്റെ ചുവട്ടിലേക്ക് പൂർണനഗ്നനായൊരു ആൺകുട്ടി മൂത്രമൊഴിക്കുന്നു. ബ്രസൽസിന്റെ മധ്യഭാഗത്തായുള്ള ഈ പ്രതിമ ഏറെ കൗതുകമുണർത്തുന്നു. ‘മനെക്കൻ പ്രതിമ’ എന്നു നാമകരണം ചെയ്ത ഈ കൗതുകക്കാഴ്ച സഞ്ചാരികളെ ഏറെ ആകർഷിച്ചിട്ടുണ്ട്. 1618ലോ 19ലോ ആയിരുന്നു നിർമാണം. ബാർബൈന്റൻ ശിൽപി ജെറോം ഡ്യൂക്കസ്നോയ് രൂപകൽപന ചെയ്ത ശിൽപത്തിന്റെ പ്ലിക്കയാണ് ഇപ്പോൾ കാണുന്നത്. 1965ലാണ് പുതിയ ശിൽപം സ്ഥാപിച്ചത്. ബെൽജിയംകാർ ഐശ്വര്യത്തിന്റെ പ്രതീകമായി, ചരിത്രത്തിന്റെ ഭാഗമായി ഇതു കാണുന്നു. ശിൽപഭംഗിയുള്ള കെട്ടിടസമുച്ചയങ്ങളുടെ നാട്ടിൽ വേറിട്ടൊരു ശിൽപമെന്ന് പറയാം.
(തുടരും)