ദിനോസര്‍ മുട്ടകളും ടീ റോഡും

പ്രശസ്തമായ ടീ റോഡിന്റെ ഭാഗമാണ് ഒട്ടകങ്ങളെ സ്ഥാപിച്ചിരുന്ന സ്ഥലം. എല്ലാവർക്കും സില്‍ക്ക് റൂട്ട് വളരെ പരിചിതമാണ്. എന്നാല്‍, ടീ റോഡിനെ പറ്റി അധികമാളുകള്‍ അറിയാന്‍ ഇടയില്ല. ചൈനയുടെ വുയി മലയില്‍ സിയാമി എന്നൊരു ഗ്രാമമുണ്ട്. തേയിലക്ക് പേരുകേട്ട ഗ്രാമം. ഇവിടത്തെ തേയിലയുടെ കംപ്രസ് ചെയ്ത കേക്കുകള്‍ മംഗോളിയ വഴി പടിഞ്ഞാറന്‍ റഷ്യയിലേക്ക് കൊണ്ടുപോയിരുന്ന റൂട്ട് ആണ് ടീ റോഡ് –യാത്ര തുടരുന്നു. 14ഖവാട്സ്ഗൈറ്റ് ഉള്ള ശിലാചിത്രങ്ങള്‍ കാണാനായിരുന്നു പിന്നീട് പോയത്. 400-500...
Your Subscription Supports Independent Journalism
View Plansപ്രശസ്തമായ ടീ റോഡിന്റെ ഭാഗമാണ് ഒട്ടകങ്ങളെ സ്ഥാപിച്ചിരുന്ന സ്ഥലം. എല്ലാവർക്കും സില്‍ക്ക് റൂട്ട് വളരെ പരിചിതമാണ്. എന്നാല്‍, ടീ റോഡിനെ പറ്റി അധികമാളുകള്‍ അറിയാന്‍ ഇടയില്ല. ചൈനയുടെ വുയി മലയില്‍ സിയാമി എന്നൊരു ഗ്രാമമുണ്ട്. തേയിലക്ക് പേരുകേട്ട ഗ്രാമം. ഇവിടത്തെ തേയിലയുടെ കംപ്രസ് ചെയ്ത കേക്കുകള്‍ മംഗോളിയ വഴി പടിഞ്ഞാറന്‍ റഷ്യയിലേക്ക് കൊണ്ടുപോയിരുന്ന റൂട്ട് ആണ് ടീ റോഡ് –യാത്ര തുടരുന്നു.
14
ഖവാട്സ്ഗൈറ്റ് ഉള്ള ശിലാചിത്രങ്ങള്‍ കാണാനായിരുന്നു പിന്നീട് പോയത്. 400-500 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഖവാട്സ്ഗൈറ്റ് പർവതം സൃഷ്ടിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ചൂടുള്ള സൂര്യന്റെയും ശക്തമായ കാറ്റിന്റെയും ഫലമായി, അവിടെയുള്ള പര്‍വതത്തിന്റെ പാറകളുടെ ഉപരിതലങ്ങള്‍ കറുപ്പ് നിറത്തിലാണ്. അതിന്റെ പുറത്തു വരക്കാന്‍ എളുപ്പമാണ്. നാലായിരം വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ ഇരുപതു കൊല്ലം മുന്നെയായിരുന്നു കണ്ടുപിടിച്ചത്. മലയുടെ അടിവാരത്ത് വാന്‍ നിര്‍ത്തി.
120 മീറ്റര്‍ കുത്തനെയുള്ള കയറ്റമായിരുന്നു കയറേണ്ടിയിരുന്നത്. പേടിച്ചു പേടിച്ചാണ് കയറിയത്. കാരണം, ചെറിയ ചെറിയ കല്ലുകള്‍ കിടന്നിരുന്നതുകൊണ്ട് കാല് വഴുതിപ്പോകുന്നുണ്ടായിരുന്നു. ഹൈക്കിങ്ങിനു പറ്റിയ ഷൂസ് എടുക്കാഞ്ഞതില്‍ സ്വയം പഴിച്ചു. മുകളിലെത്തി കാഴ്ചകള്‍ കണ്ടപ്പോള്‍ കഷ്ടപ്പാട് വെറുതെയായില്ല എന്ന് മനസ്സിലായി. നിറയെ വലിയ പാറക്കല്ലുകള്‍. അതിന്റെ പുറത്തെല്ലാം ചിത്രങ്ങള്‍ ആയിരുന്നു. ആദിമനുഷ്യന് അവന്റെ സൃഷ്ടിപരത കണ്ടെത്തിയ ഇടം. ആടുകള്‍, കുതിരപ്പുറത്തിരിക്കുന്ന മനുഷ്യര്‍, ഒട്ടകം, വേട്ടക്കാര്‍, ചക്രമുള്ള വണ്ടികള്‍, ഗെര്‍ തുടങ്ങിയവയുടെ അടിസ്ഥാന ഡ്രോയിങ്ങുകള്‍ കണ്ടു.
അവിടെ വെച്ചാണ് മലേഷ്യക്കാരിയായ യിങ്ങിനെ പരിചയപ്പെട്ടത്. 68 വയസ്സായിരുന്നു. വടി കുത്തിപ്പിടിച്ചാണ് അവര്‍ മലമുകളില്‍ എത്തിച്ചേര്‍ന്നത്. ആ പ്രായത്തില്‍ യാത്രചെയ്യുന്ന അവരോട് ബഹുമാനം തോന്നി. അവര്‍ വര്‍ഷങ്ങളായി യാത്രചെയ്യുന്നു. ലോകത്തെ മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചശേഷം ഒറ്റക്കാണ് യാത്രകള്‍. ഈ പ്രായത്തിലും അവര്‍ ജോലിക്കും പോകുന്നുണ്ട്. ഒരുപക്ഷേ അങ്ങനെ ജോലിക്ക് പോകുന്നതുകൊണ്ടാകും അവര്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാന്‍ സാധിക്കുന്നത്.
ഞങ്ങള്‍ തിരികെ ഇറങ്ങിയപ്പോള്‍ വെയ്റ്റിങ് ഷെഡില്‍ കുറച്ചു പ്രായമായ സ്ത്രീകള്‍ ഇരിക്കുന്നത് കണ്ടു. കുറച്ചുനേരം വിശ്രമിക്കാനായി അങ്ങോട്ടേക്ക് പോയി. ഇരുന്നവരെ പരിചയപ്പെട്ടു. എല്ലാവരുടെയും പ്രായം അറുപത്തിയഞ്ചിന് മുകളില്‍. ആസ്ട്രേലിയയിലെ പല ഭാഗങ്ങളില്‍നിന്നുള്ളവര്‍. എല്ലാവരെയും പരിചയപ്പെട്ടു. ഞാന്‍ ഒറ്റക്ക് സഞ്ചരിക്കുന്നു എന്നത് അവരില്‍ മതിപ്പുളവാക്കി. ഈ പ്രായത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ എനിക്കും പ്രചോദനമായി. അവരുടെ കൂടെ വന്നതായിരുന്നു യിങ്. യിങ്ങിനു മാത്രമാണ് മല കയറാനും മറ്റും താൽപര്യം. അതുകൊണ്ട് ബാക്കിയുള്ളവര്‍ യിങ്ങിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഞാന്‍ വടക്കന്‍ മംഗോളിയ സന്ദര്‍ശിച്ചു എന്ന് കേട്ടപ്പോള്‍ എല്ലാവർക്കും ഫോട്ടോ കാണാന്‍ തിടുക്കമായി. അവര്‍ക്ക് അങ്ങോട്ടു പോകാന്‍ താൽപര്യമുണ്ടായിരുന്നെങ്കിലും സമയക്കുറവു കാരണം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതാണ്. ഫോട്ടോസ് കണ്ടപ്പോള്‍ അവര്‍ക്കെല്ലാം സന്തോഷമായി. അവരുടെ ഫോണിലേക്ക് കുറേ പടങ്ങള്‍ പകര്‍ത്തി. രണ്ടു ദിവസം കഴിഞ്ഞ് യാക് ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്തുവെച്ച് കാണാമെന്നു പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
വാനില്‍ തിരിച്ചു കയറിയപ്പോള്‍ തൊട്ട് ചെറിയൊരു പനിക്കോള്. എട്ടു പേര്‍ക്കുള്ള വാനില്‍ ഞങ്ങള്‍ മൂന്നു യാത്രക്കാര്‍ മാത്രമേയുള്ളൂ എന്നത് നന്നായി. ഞാന്‍ ഷൂ ഊരിയിട്ടു കിടന്നുറങ്ങി. നാല് മണിക്കൂര്‍ കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഞങ്ങളുടെ താമസസ്ഥലത്തെത്തിയിരുന്നു. ഫ്ലേമിങ് ഹില്‍സിനോട് ചേര്‍ന്നുള്ള ടൂറിസ്റ്റുകള്‍ക്കുള്ള ഗെറിലായിരുന്നു താമസം. ഇറങ്ങിയതും വീശിയടിക്കുന്ന കാറ്റിന്റെ ശക്തി കാരണം കാലുറപ്പിക്കാന്‍ പാടുപെട്ടു. ബഹളക്കാരന്‍ കാറ്റ് ചെവിയില്‍ വന്നു മുഴങ്ങിക്കൊണ്ടേയിരുന്നു. സമയം മൂന്നായിട്ടേയുണ്ടായിരുന്നുള്ളൂ. വെയില് കുറഞ്ഞിട്ട് കറങ്ങാന്‍ പോകാമെന്ന് എല്ലാവരുംകൂടി തീരുമാനിച്ചു. ടൂറിസ്റ്റുകള്‍ക്കുവേണ്ടി പണിത സ്ഥലമായിരുന്നതിനാല്‍ കുളിമുറിയും കുളിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. പതിവുപോലെ നൂല്രൂപത്തിലായിരുന്നു വെള്ളം വന്നത്.
വൈകീട്ട് അഞ്ചരയോടെ ഞങ്ങള്‍ ഫ്ലേമിങ് ഹില്‍സിനടുത്തുള്ള ദിനോസര്‍ മ്യൂസിയം കാണാന്‍ പോയി. ലോകത്തിലെ ഏറ്റവും വലിയ ദിനോസര്‍ ഫോസില്‍ റിസര്‍വോയറാണ് ഗോബി മരുഭൂമി, പ്രത്യേകിച്ച് ദിനോസര്‍ പരിണാമത്തിന്റെ അവസാന ഘട്ടമായ ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ഫോസിലുകള്‍ക്ക്. അവിടെ നിന്ന് ധാരാളം അസ്ഥികൂടങ്ങള്‍, മുട്ടകള്‍, കാല്‍പ്പാടുകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.
120 മുതല്‍ 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ ഗോബി മരുഭൂമിയുടെ നിലവിലെ പ്രദേശത്തിന് വളരെ വ്യത്യസ്തമായ കാലാവസ്ഥയും പരിസ്ഥിതിയും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോസിലുകള്‍ നരവംശശാസ്ത്രജ്ഞര്‍ ഇപ്പോഴും കണ്ടെത്തുന്നത് തുടരുന്നു. അന്ന് അവിടെ വിശാലമായ തടങ്ങളിലും താഴ്വരകളിലും ശുദ്ധജല നദികളും തടാകങ്ങളും ധാരാളം ജലസ്രോതസ്സുകളുമുണ്ടായിരുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥ ദിനോസറുകള്‍ ഉള്‍പ്പെടെ മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പറുദീസയായിരുന്നു. ചരിത്രാതീത കാലത്തെ ജീവികളുടെ ഉത്ഭവം, പരിണാമം, കുടിയേറ്റം, വംശനാശം എന്നിവയുടെ ഫോസില്‍ തെളിവുകള്‍ ഗോബി മരുഭൂമിയിലെ പാറകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പൊരുളുകള്‍ തേടി ധാരാളം ശാസ്ത്രജ്ഞര്‍ പല രാജ്യങ്ങളില്‍നിന്ന് ഇവിടെ എത്തുന്നു.
ചെറിയ ഒറ്റനില കെട്ടിടമായിരുന്നു മ്യൂസിയം. അതിന്റെ മുന്നില്‍ രണ്ടു ദിനോസറുകള്‍ അടി കൂടുന്ന ഒരു പ്രതിമ കണ്ടു. തവിട്ടു നിറത്തിലെ ദിനോസര്‍ മലര്‍ന്നു കിടക്കുന്നു. അതിന്റെ വയറിന്റെ പുറത്തു കയറിനിന്ന് ഒരു കാലുവെച്ച് കഴുത്തിറുക്കാന് ശ്രമിക്കുന്ന പച്ചനിറത്തിലെ ദിനോസര്‍. ‘ഇവിടന്നു കണ്ടെത്തിയ ഏറ്റവും പ്രശസ്തമായ ഫോസിലുകളില്‍ ഒന്നാണ് ഫൈറ്റിങ് ദിനോസറുകള്‍. ഏകദേശം 80 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴക്കിടുന്നതിനിടയില്‍ 'പ്രോട്ടോസെറാറ്റോപ്സ് ആന്ഡ്രൂസിയെയും’ ‘വെലോസിറാപ്റ്റര്‍ മംഗോളിയന്സിസിയെയും' ഒരുമിച്ചു ചത്ത് പോയി. ഒരുപക്ഷേ വഴക്കിടുന്നതിനിടയില്‍ മണല്‍ക്കാറ്റടിച്ച് രണ്ടും മണ്ണിനടിയിലായതാകാം. രണ്ടു വ്യത്യസ്ത ദിനോസറുകളുടെ തമ്മിലുള്ള ഇടപെടലുകളുടെ ഒരേയൊരു ഉദാഹരണം എന്ന നിലക്കാണ് ഇതു ലോകശ്രദ്ധ പിടിച്ചുപറ്റിയത്.’
ഞങ്ങള്‍ ടിക്കറ്റ് എടുത്ത് അകത്തു കയറി. ഇംഗ്ലീഷിലെ ഡോക്യുമെന്ററി തുടങ്ങാന്‍ പോകുന്നു എന്നറിയിപ്പുണ്ടായി. ഞങ്ങള്‍ അത് പ്രദര്‍ശിപ്പിക്കുന്ന ചെറിയ മുറിയിലേക്ക് പോയി. 1920 കാലഘട്ടത്തില്‍ ചിത്രീകരിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡോക്യുമെന്ററി ആയിരുന്നു. അന്നാണ് അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടെ ഒരു സംഘം മംഗോളിയയില്‍ എത്തുന്നത്. മനുഷ്യന് ആഫ്രിക്കയില്‍ നിന്നല്ല ഏഷ്യയില്‍നിന്നാണ് ഉത്ഭവിച്ചത് എന്നതിന്റെ തെളിവ് ശേഖരിക്കലായിരുന്നു ഉദ്ദേശ്യം. മ്യൂസിയം ഡയറക്ടറായിരുന്ന റോയ് ചാപ്മാന് ആന്‍ഡ്രൂസ് ആയിരുന്നു പര്യവേക്ഷണത്തിന്റെ ഡയറക്ടര്‍.
ഇവര്‍ക്ക് വേണ്ട സാധനങ്ങള്‍ ന്യൂയോര്‍ക്കില്‍നിന്നാണ് എത്തിച്ചത്. വളരെ പ്രതികൂല സാഹചര്യങ്ങളായിരുന്നു അവരെ കാത്തിരുന്നത്. വരണ്ട പ്രദേശങ്ങളിലൂടെ ഒട്ടകത്തിന്റെ പുറത്തായിരുന്നു യാത്ര. അമേരിക്കയില്‍നിന്ന് കാര്‍ കൊണ്ടുവന്നെങ്കിലും മംഗോളിയന്‍ ഭൂപ്രകൃതിക്ക് ഇണങ്ങുന്നതായിരുന്നില്ല അവ. പല സ്ഥലങ്ങളിലും അത് കേടായി. കുത്തനെയുള്ള കയറ്റങ്ങളും അപ്രതീക്ഷിതമായി എത്തുന്ന മണല്‍ക്കാറ്റുകളും അവരെ പരീക്ഷിച്ചുകൊണ്ടിരുന്നു. പക്ഷേ അവര്‍ അതെല്ലാം അതിജീവിച്ചു കുറേ ഏറെ കണ്ടുപിടിത്തങ്ങൾ നടത്തി. അമ്പതിനായിരം അടി ഫിലിമാണ് അന്ന് കാര്യങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ ഉപയോഗിച്ചത്. അതിലാകെ മൂവായിരത്തി എഴുന്നൂറടി ഫിലിം ആണ് സംരക്ഷിക്കാന്‍ കഴിഞ്ഞത്.
പര്യവേക്ഷണം കാര്യമായ കണ്ടെത്തലുകളിൽ ഒന്നും എത്താതിരിക്കെ 1922ല്‍ അവര്‍ ഒരു ഓവല്‍ കല്ല് കണ്ടെത്തി. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ അത് കല്ലല്ല ദിനോസര്‍ മുട്ടയാണെന്നു തിരിച്ചറിയുന്നു. ആദ്യമായിട്ടായിരുന്നു ദിനോസറിന്റെ മുട്ട കണ്ടെത്തിയത്. പിന്നീടങ്ങോട്ട് ചാകരയായിരുന്നു. ഏകദേശം നൂറു ദിനോസര്‍ അസ്ഥികൂടങ്ങള്‍ ചാപ്മാനും സംഘവും കണ്ടെത്തി. അതെല്ലാം അമേരിക്കയിലേക്ക് കടത്തുകയുംചെയ്തു. സോവിയറ്റ് റഷ്യ ആധിപത്യം സ്ഥാപിച്ചപ്പോള്‍ അമേരിക്കന്‍ പര്യവേക്ഷകര്‍ക്ക് 1930ല്‍ തിരികെ മടങ്ങേണ്ടി വന്നു.
പിന്നീട് ജപ്പാന്, പോളണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ചെറിയ തോതില്‍ ഗവേഷണങ്ങള്‍ നടത്തി. 1990ല്‍ വീണ്ടും അമേരിക്കക്കാര്‍ വന്നുതുടങ്ങി. ഏകദേശം 100 വര്‍ഷത്തെ ദിനോസര്‍ ഗവേഷണ ചരിത്രത്തില്‍, മംഗോളിയന്‍ ഗോബി മരുഭൂമിയില്‍ 60ലധികം ഫോസില്‍ സൈറ്റുകളിൽനിന്നായി 80ലധികം തരം ദിനോസറുകളെ കണ്ടെത്തി. ലോകത്തിലെ ഏറ്റവും വലിയ ദിനോസര്‍ ഫോസില്‍ റിസര്വോയറായാണ് ഗോബി മരുഭൂമി അറിയപ്പെടുന്നത്. ഇപ്പോഴും ദിനോസറുകളുടെ അസ്ഥികൂടങ്ങൾ ലഭിക്കാറുണ്ട്.
ഡോക്യുമെന്ററി കണ്ടശേഷം പുറത്തുണ്ടായിരുന്ന പ്രദര്‍ശനം കണ്ടു. അവിടെ എട്ടു മുട്ടകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വെള്ളത്തോടുള്ള മുട്ട എന്ന സങ്കൽപത്തെ മാറ്റിക്കൊണ്ട് ചെറിയ തവിട്ടു നിറത്തിലെ നീണ്ട ഓവല്‍ കല്ലുകളാണെന്നേ അവ കണ്ടാൽ തോന്നൂ. മരുഭൂമിയില്‍നിന്ന് 21 തരം ദിനോസറുകളുടെ മുട്ടകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അവിടെ രേഖപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തല്‍ ലോകത്തിന്റെ പാലിയന്റോളജിക്കല്‍ ചരിത്രത്തിലെ ഒരു വഴിത്തിരിവായി, ദിനോസറുകള്‍ മുട്ട വിരിഞ്ഞാണ് ഉണ്ടായത് എന്ന വസ്തുത സ്ഥാപിക്കപ്പെട്ടു. അതിനുശേഷം, ലോകത്തിലെ അസാധാരണമായ നിരവധി ഫോസിലുകള്‍ മംഗോളിയയിലെ ഗോബി മരുഭൂമിയില്‍നിന്ന് കണ്ടെത്തി. പല്ലികള്‍, സസ്തനികള്‍, കുഞ്ഞു ദിനോസറുകള്‍, ഡിനോ മുട്ടകള്‍ എന്നിവ ഭക്ഷിച്ചിരുന്ന വെലോസിറാപ്റ്ററിന്റെ ആവാസകേന്ദ്രം കൂടിയാണ് ഗോബി മരുഭൂമി. ഇതിനെ പറ്റിയെല്ലാം പ്രദര്‍ശനത്തില്‍ വിശദമായി എഴുതിവെച്ചിരുന്നു.

ടീ റോഡിനെ അനുസ്മരിപ്പിക്കുന്ന ഒരു ശിൽപസൃഷ്ടി
പച്ചപ്പൊന്നുമില്ലാത്ത വലിയ നിരപ്പ് പ്രദേശത്തുകൂടി സഞ്ചരിച്ചു വേണമായിരുന്നു ഫ്ലേമിങ് ഹില്സിലെത്താന്. ബയാന്സാഗ് എന്നാണ് പ്രാദേശികമായി ഇത് അറിയപ്പെടുന്നത്. മനോഹരമായ ചുവന്ന മണല്ക്കല്ലുകള്കൊണ്ടുണ്ടാക്കിയ പ്രദേശമാണ് ഫ്ലേമിങ് ഹിൽസ്, ഇത് സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും ചെഞ്ചുവപ്പു നിറത്തില്‍ തിളങ്ങും. ദിനോസറുകളെ കണ്ടെത്തിയ റോയ് ചാപ്മാന് ആന്‍ഡ്രൂസ് ആണ് ബയാന്സാഗിന് ഫ്ലേമിങ് ഹില്‍സ് എന്ന പേര് നല്‍കിയത്. വളരെ ഉചിതമായ പേരായിരുന്നു എന്ന് അവിടെയെത്തിയപ്പോള്‍ മനസ്സിലായി. ദൂരെ വലിയൊരു അഗ്നിജ്വാല പടര്ന്നുനില്ക്കുന്നപോലെയാണ് അനുഭവപ്പെട്ടത്.
ഇതിനിടയില്‍ ഇടതു വശത്തായി ഒട്ടകങ്ങളുടെ ഒരു നീണ്ടനിര ആളുകളെയും ഇരുത്തി പോകുന്നതു കണ്ടു. ഫോട്ടോ എടുക്കാനായി അങ്ങോട്ട് പോകാമോ എന്ന് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ സമ്മതിച്ചു. അടുത്തെത്തിയപ്പോഴാണ് അത് വെറും പ്രതിമകളാണെന്നു മനസ്സിലായത്. ബിബിറ്റോയും ഡ്രൈവറും പൊട്ടിച്ചിരിച്ചു. ചമ്മല് മറയ്ക്കാന്‍ ഞാന്‍ ഒന്നും സംഭവിക്കാത്തപോലെ അവിടെയിറങ്ങി ഫോട്ടോ എടുക്കാന്‍ ആരംഭിച്ചു. അവിടെയൊരു ബോര്‍ഡ് വെച്ചിരിക്കുന്നത് കണ്ട് അങ്ങോട്ടേക്ക് പോയി.
പ്രശസ്തമായ ടീ റോഡിന്റെ ഭാഗമാണ് ഒട്ടകങ്ങളെ സ്ഥാപിച്ചിരുന്ന സ്ഥലം. എല്ലാവർക്കും സില്‍ക്ക് റൂട്ട് വളരെ പരിചിതമാണ്. എന്നാല്‍, ടീ റോഡിനെ പറ്റി അധികമാളുകള്‍ അറിയാന്‍ ഇടയില്ല. കാരണം ആ റോഡ് ചൈന, റഷ്യ, മംഗോളിയ എന്നീ മൂന്നു രാജ്യങ്ങളെ ബന്ധപ്പെട്ടു കിടന്നിരുന്നതാണ്. ചൈനയുടെ വുയി മലയില്‍ സിയാമി എന്നൊരു ഗ്രാമമുണ്ട്. തേയിലക്ക് പേരുകേട്ട ഗ്രാമം. ഇവിടത്തെ തേയിലയുടെ കംപ്രസ് ചെയ്ത കേക്കുകള്‍ മംഗോളിയ വഴി പടിഞ്ഞാറന്‍ റഷ്യയിലേക്ക് കൊണ്ടുപോയിരുന്ന റൂട്ട് ആണ് ടീ റോഡ്. ഒട്ടകങ്ങളുടെ പുറത്തായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. 1689ല്‍ റഷ്യക്കാരും, ചൈനയിലെ മാഞ്ചു രാജവംശത്തിലെ രാജാവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇതു നിലവില്‍ വന്നത്. 13,000 കിലോമീറ്റര്‍ നീളമായിരുന്നു. തേയില റഷ്യയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും എത്തിക്കാന്‍ ഒരു വര്‍ഷമൊക്കെ എടുക്കുമായിരുന്നു. സിയാമി ഗ്രാമത്തിലെ തേയിലയുടെ പ്രത്യേകത തന്നെ അത് നീണ്ടകാലം കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ്. റോഡ് വഴി കൊണ്ടുപോയിരുന്ന തേയിലക്കായിരുന്നു കടല്‍മാര്‍ഗം എത്തിച്ചേരുന്ന തേയിലയെക്കാള്‍ ഡിമാന്‍ഡ്.
രസമെന്തെന്നാല്‍ മംഗോളിയയില്‍ ഒരേയൊരു െറയില്പ്പാതയായ ട്രാന്‍സ് മംഗോളിയന്‍ ഈ റൂട്ട് തന്നെയാണ് പിന്തുടരുന്നത്. റഷ്യയുമായുള്ള മംഗോളിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് തെക്ക് ചൈനയുടെ ഇന്നര്‍ മംഗോളിയ സ്വയംഭരണ പ്രദേശം വരെ 2215 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ട്രാന്‍സ്-മംഗോളിയന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും മനോഹരം എന്നാല്‍ ഏറ്റവും കഠിനമായ റെയില്‍ റൂട്ട് ആയിട്ടാണ് അറിയപ്പെടുന്നത്. 20 വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ 1956ലാണ് നിലവില്‍ വന്നത്.
ടൈഗ കാടുകള്‍ക്കിടയിലൂടെ യാത്ര ആരംഭിച്ചു, മധ്യ മംഗോളിയയിലെ കെട്ടുകഥകള്‍ നിറഞ്ഞ പുൽമേടുകള്‍ക്ക് കുറുകെ യാത്രചെയ്തു അനന്തമായി തോന്നുന്ന ഗോബി മരുഭൂമിയിലൂടെ സഞ്ചരിച്ച് ഇന്നര്‍ മംഗോളിയയില്‍ എത്തിച്ചേരാമെന്നുള്ളതിനാല് ഒരുപാടു സഞ്ചാരികളെ ഈ പാത ആകര്‍ഷിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുമ്പോള്‍ ട്രെയിന്‍യാത്ര മുടങ്ങും. ചൈനയും റഷ്യയും പിണങ്ങിയ 1969-80 കാലഘട്ടത്തില്‍ ട്രെയിന്‍ സര്വിസില്ലായിരുന്നു. ഇപ്പോൾ റഷ്യ യുെക്രയ്നില്‍ യുദ്ധം ചെയ്യുന്നതിനാല്‍ കുറച്ചു നാളായി ട്രെയിന്‍ മുടങ്ങിയിരിക്കുകയാണ്.
ഫ്ലേമിങ് ഹില്‍സ് എത്തിയപ്പോഴേക്കും മണി എട്ടര കഴിഞ്ഞു. സൂര്യന് ഉടന്‍ അസ്തമിക്കുമെന്നതിനാല്‍, അസ്തമയം കാണാന്‍ പറ്റിയ സ്ഥലമന്വേഷിച്ചു കൂടെ വന്നവര്‍ നടന്നു. 71-75 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ട സ്ഥലത്തുകൂടിയാണ് നടക്കുന്നതെന്നു ബിബിറ്റോ ഓര്‍മിപ്പിച്ചു. എന്നാല്‍, ഞാന്‍ നടക്കുന്ന വഴിയില്‍ താഴെയാണ് നോക്കിയത്. ദിനോസറിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെനിന്ന് കിട്ടാറുണ്ടെന്ന് വായിച്ചിരുന്നു. കുറേ നടന്നതല്ലാതെ പ്രയോജനമുണ്ടായില്ല. അവസാനം ബിബിറ്റോയുടെ കൂടെ സൂര്യാസ്തമയം കാണാന്‍ കൂടി. അസ്തമയ സൂര്യനെ വീക്ഷിക്കാന്‍ ഒരുപാടാളുകള്‍ അവിടെയുണ്ടായിരുന്നെങ്കിലും, ഒട്ടും തിരക്ക് തോന്നിയില്ല.
കാരണം, ആ പ്രദേശം അത്ര വിശാലമായിരുന്നു. ആരുടെയും ശല്യമില്ലാതെ പോയി നിൽക്കാന് പറ്റിയ ഒരുപാടിടങ്ങള്‍ അവിടെയുണ്ട്. ഒരിടത്തിരുന്നു സ്വസ്ഥമായി സൂര്യനെ കണ്‍കുളിര്‍ക്കെ കണ്ടു. ജീവിതത്തില്‍ ഇതിനോടകം എത്ര സൂര്യാസ്തമയങ്ങള്‍ പല സ്ഥലങ്ങളില്‍ വെച്ച് കണ്ടിരിക്കുന്നു. ഓരോ അസ്തമയവും മനസ്സില്‍ പ്രതീക്ഷയാണ് നിറക്കുന്നത്. ഇരുട്ടു മാറി വെളിച്ചം ഉടന്‍ വരുമെന്ന പ്രതീക്ഷ. ഒമ്പതരയായി അവിടന്നിറങ്ങിയപ്പോള്‍. അപ്പോഴാണ് സാക്സോള് മരങ്ങളെ പറ്റിയോര്‍ത്ത്. സാക്സോള്കൊണ്ട് സമ്പന്നമെന്ന അർഥത്തിലാണ് ബയാന്സാഗ് എന്ന് വിളിക്കുന്നത്. കഠിനമായ വേനലില്‍ തഴച്ചുവളരാന്‍ കഴിയുന്ന ഒരേയൊരു സസ്യമാണ് സാക്സോള്. അടുത്ത ദിവസം കാണാന്‍ കൊണ്ടുപോകാമെന്ന് ബിബിറ്റോ പറഞ്ഞു. ഞങ്ങള്‍ തിരികെ ഗെറിലേക്ക് പോയി.
15. മിടുമിടുക്കൻ കുട്ടി നാടോടി
എല്ലാവരും തലേന്നുറങ്ങിയപ്പോള് പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. രാവിലെ കൃത്യം ഏഴരക്ക് ബിബിറ്റോ പ്രാതലുമായി വന്നു ഞങ്ങളെ കുത്തിപ്പൊക്കി. ഒമ്പതുമണിക്ക് പുറപ്പെടാൻ തയാറാകണമെന്ന് അറിയിച്ചു. പൊതുവെ മംഗോളിയക്കാര്‍ സമയനിഷ്ഠയുള്ളവരല്ല. പക്ഷേ, ബിബിറ്റോ കൃത്യമായി സമയം പാലിക്കുന്ന ആളായിരുന്നു. പ്രാതല്‍ കഴിഞ്ഞയുടനെ സാധനങ്ങള്‍ പാക്ക് ചെയ്തിറങ്ങി. സാക്സോള് മരങ്ങള്‍ വെച്ചുപിടിപ്പിച്ച പാര്‍ക്ക് കാണാനാണ് ആദ്യം പോയത്. ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ യാത്രചെയ്ത് അവിടെയെത്തി.
അമേരിക്കയില്‍നിന്നുള്ള ഒരു കുടുംബം അവിടെയുണ്ടായിരുന്നു. അച്ഛനും അമ്മയും പത്തു വയസ്സിനു താഴെയുള്ള മൂന്നു കൊച്ചു കുട്ടികളും. മംഗോളിയ ഒട്ടും സുഖകരമായ യാത്രാസാഹചര്യങ്ങളല്ല നമുക്ക് തരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ ഇത്തരം സാഹചര്യങ്ങള്‍ പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണല്ലോയെന്ന് ഞാൻ ചിന്തിച്ചു. നാരായണനെ കൂടെ കൊണ്ടുവരാന്‍ പറ്റാത്തതില്‍ വിഷമം തോന്നി. ഞാന്‍ കോളജില്‍നിന്ന് അവധിയെടുത്തപോലെ, അവന്റെ ഒരു സ്കൂള്‍ വര്‍ഷം കളഞ്ഞ് എന്റെ കൂടെ യാത്ര ചെയ്യിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അമ്മയോ സതീഷോ എന്റെ ആഗ്രഹത്തെ പിന്തുണച്ചില്ല. ‘‘വെറുതെ അവന്റെ ശ്രദ്ധ പഠനത്തിൽനിന്നും മാറ്റണ്ട. യാത്രചെയ്യാന്‍ അവന് ഇനിയും കൊല്ലങ്ങളുണ്ട്. ഇപ്പോൾ പഠിച്ച് രക്ഷപ്പെടാന്‍ നോക്കട്ടെ.’’
ഞങ്ങള്‍ സാക്സോള് മരങ്ങള്‍ക്കിടയിലൂടെ നടന്നു. കാറ്റാടി മരങ്ങളുടെ മറ്റൊരു വകഭേദമായിട്ടേ കണ്ടാൽ തോന്നൂ. ഇതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങി വെള്ളം വലിച്ചെടുക്കും. കൊടും വരള്‍ച്ചയില്‍ ഇതിന്റെ ഇലകള്‍ തിന്നാണ് ഒട്ടകങ്ങൾ ജീവന് നിലനിര്‍ത്തുന്നത്. പക്ഷേ നാടോടികള്‍ ഇതിന്റെ തടി വെട്ടി അടുപ്പു കത്തിക്കാന്‍ ആരംഭിച്ചതോടെ വൃക്ഷങ്ങൾ ഇല്ലാതായി. കഴിഞ്ഞ കുറേ വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് വീണ്ടും മരങ്ങള്‍ വളർന്നു തുടങ്ങിയത്. 1.5 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവ വളരുന്നത്.
അവിടന്ന് തിരികെപ്പോരും വഴി അടുത്തുള്ള ചെറിയ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വണ്ടി നിര്‍ത്തി. എല്ലാ ദിവസവും ഒരു ഐസ്ക്രീം പതിവാണ്. ചോക്ലറ്റ് ആണ് സ്ഥിരം വാങ്ങുന്നത്. അന്ന് മംഗോളിയന്‍ ഐസ്ക്രീം കഴിക്കാനാണ് തോന്നിയത്. ഐറാഗ് ചേര്‍ത്ത ഐസ്ക്രീം വാങ്ങി രണ്ടു സ്പൂണ്‍ കഴിച്ചതേ ഓർമയുള്ളൂ. വയറ്റില്‍ ഒരു ഇരമ്പല്‍ തുടങ്ങി. പിന്നെ കക്കൂസ് അന്വേഷിച്ചുള്ള ഓട്ടമായിരുന്നു. ഭാഗ്യത്തിന് സൂപ്പര്‍മാര്‍ക്കറ്റിൽ സ്റ്റാഫിനുവേണ്ടിയുള്ള ടോയ്ലറ്റ് ഉണ്ടായിരുന്നു. വേഗം അതില്‍ ഓടിക്കയറി. ദിവസങ്ങള്‍ക്കു ശേഷം മര്യാദക്കുള്ള യൂറോപ്യന്‍ ക്ലോസറ്റ് കണ്ടത് ആശ്വാസമായി.
കുതിരപ്പാല് ചിലര്‍ക്ക് വയറിളക്കം ഉണ്ടാക്കുമെന്നു തുവശി പറഞ്ഞത് ഓർമവന്നു. കാര്യം സാധിച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസമായി. വീണ്ടും യാത്ര തുടര്‍ന്നു. റോഡിനിരുവശങ്ങളിലും മെല്ലെ പച്ചപ്പ് പ്രത്യക്ഷപ്പെടാന്‍ ആരംഭിച്ചു. ഗോബിയുടെ വരണ്ട ഭാഗങ്ങള്‍ കഴിഞ്ഞുവെന്ന് ബിബിറ്റോ പറഞ്ഞു. മൂന്നു മണിക്കൂറിനു ശേഷം ഒരു അരുവിയുടെ കരയില്‍ എത്തിച്ചേര്‍ന്നു. കുതിരകളും പശുവുമെല്ലാം അവിടെ മേയുന്നുണ്ടായിരുന്നു. ഞങ്ങളുടെ വാന്‍ ചെന്നതും അവയൊക്കെ ഓടിമാറി. ഒരു ബെഡ്ഷീറ്റ് വിരിച്ച് ഉച്ചഭക്ഷണം കഴിക്കാനിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിൽനിന്ന് ഫ്രൈഡ് റൈസ് വാങ്ങിയിരുന്നു. വയറിനു വയ്യാത്തതുകൊണ്ട് ഞാന്‍ രണ്ടു ബിസ്കറ്റ് മാത്രമേ കഴിച്ചുള്ളൂ. എങ്കിലും അരുവിയുടെ കരയില്‍, കാറ്റുംകൊണ്ട്, കുതിരകളെയും കണ്ട് അവിടിരിക്കാന്‍ രസമായിരുന്നു.

ദിനോസറിന്റെ മുട്ട
അവിടെ നിന്നാല്‍ ദൂരെയായി ഓഞ്ചി മൊണാസ്ട്രി കാണാമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ പണിത മൊണാസ്ട്രി അക്കാലത്തു മംഗോളിയയിലെ ഏറ്റവും വലിയ ബുദ്ധമഠമായിരുന്നു. ഓഞ്ചി നദിയുടെ തെക്കും വടക്കുമായി 30 ക്ഷേത്രങ്ങള്‍ അന്നുണ്ടായിരുന്നു. ബുദ്ധമതം പഠിക്കാനായി നാല് സ്കൂളുകള്‍. ആയിരത്തോളം വരുന്ന ബുദ്ധസന്യാസിമാരുടെ അഭയകേന്ദ്രമായിരുന്നു ഓഞ്ചി. എന്നാല്‍ ചോയ്ക്കല്സം എന്ന കമ്യൂണിസ്റ്റ് നേതാവ് മംഗോളിയയുടെ തലവനായപ്പോള്‍ എല്ലാ മഠങ്ങളും നശിപ്പിച്ചു. അങ്ങനെ 1939ല്‍ ഓഞ്ചി മൊണാസ്ട്രി നാമാവശേഷമായി. ഇരുനൂറോളം സന്യാസിമാരെ മൊണാസ്ട്രിയുടെ പരിസരത്തുതന്നെ കൊന്നു. ബാക്കിയുള്ളവരെ ജയിലിലാക്കി. കമ്യൂണിസ്റ്റുകാര്‍ നടത്തിയിരുന്ന ഖനികളിലേക്ക് വെള്ളം എത്തിക്കാന്‍ നദിയുടെ ഗതിപോലും മാറ്റിക്കളഞ്ഞു. അതോടെ ഇവിടെയുണ്ടായിരുന്ന പ്രദേശവാസികളും അവിടംവിട്ടുപോയി. 1990ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചപ്പോള്‍ ബുദ്ധമതം വീണ്ടും പ്രചാരത്തിലായി. ഇവിടന്നു 60 കൊല്ലം മുമ്പ് പഠിച്ചിറങ്ങിയ മൂന്ന് ബുദ്ധസന്യാസിമാര്‍ തിരികെ വന്ന്, അന്ന് നശിപ്പിച്ച ക്ഷേത്രങ്ങളില്‍ ഒരെണ്ണം പുനര്‍നിര്‍മിച്ചു. അതായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.
റോഡില്‍ വാന്‍ നിര്‍ത്തിയശേഷം കുറച്ചു ദൂരം നടക്കാനുണ്ടായിരുന്നു. പോകുന്ന വഴിയില്‍ ഒരു ചെറിയ കിണറുണ്ടായിരുന്നു. അതിലെ തെളിഞ്ഞ വെള്ളം കുടിക്കാന്‍ തരാമെന്ന് പറഞ്ഞ് ബിബിറ്റോ അവിടെയുണ്ടായിരുന്ന ബക്കറ്റ് കിണറ്റിലേക്കിട്ടു. ബക്കറ്റില്‍ കെട്ടിയിരുന്ന കയര്‍ അവളുടെ കൈയില്‍നിന്ന് വിട്ടുപോയി. അത് വെള്ളത്തില്‍ പതിച്ചു. ബിബിറ്റോയുടെ മുഖം വിളറി. ‘‘നീ വിഷമിക്കാതെ... ഇവിടെയെങ്ങും ആരുമില്ല... നമുക്ക് മിണ്ടാതെ സ്ഥലംവിടാം’’ സിന്‍ഡി പറഞ്ഞു. എന്നാല്‍, ബിബിറ്റോ സമ്മതിച്ചില്ല. ‘‘വേണ്ട... അത് ശരിയല്ല. ആരെങ്കിലും അത്യാവശ്യത്തിനു വെള്ളമെടുക്കാന്‍ വന്നാല്‍ ബുദ്ധിമുട്ടും. ഞാന്‍ മൊണാസ്ട്രി നടത്തിപ്പുകാരിയോട് കാര്യം പറയാം.’’ അവളുടെ സത്യസന്ധത മനസ്സില്‍ സ്പര്‍ശിച്ചു. ഒരുപക്ഷേ ഞാനും എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തടിതപ്പാനാകും നോക്കുക.
ഞങ്ങള്‍ അവിടെയുണ്ടായിരുന്ന ഗെറില്‍ പോയി മൊണാസ്ട്രി നടത്തിപ്പുകാരിയെ കണ്ടു. അവര്‍ ഞങ്ങളോട് ക്ഷേത്രത്തിലേക്ക് നടക്കാന്‍ പറഞ്ഞു. കുന്നിന്റെ മുകളിലായിട്ട് സ്ഥാപിച്ച ചെറിയൊരു ഒറ്റനില കെട്ടിടമായിരുന്നു ക്ഷേത്രം. അങ്ങോട്ടേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലും പല കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടു. വര്‍ഷങ്ങള്‍ക്കു മുമ്പ് നശിപ്പിക്കപ്പെട്ടവ. പാവം സന്യാസിമാരുടെ കൊലകള്‍ക്ക് സാക്ഷിയായവ. നമ്മുടെ നാട്ടില്‍ ജനാധിപത്യം ഉള്ളതുകൊണ്ടാകണം ക്ഷേത്രങ്ങള്‍ ഒന്നും നശിപ്പിക്കപ്പെടാതെ പോയത്. അനാചാരങ്ങള്‍ക്കെതിരെയായിരുന്നു പഴയ കമ്യൂണിസ്റ്റുകാര്‍ പൊരുതിയത്.
സ്വയം വിശ്വാസികളല്ലെങ്കിലും മറ്റുള്ളവരുടെ വിശ്വാസത്തില്‍ അവര്‍ കൈകടത്തിയിരുന്നില്ല. ഓരോന്നാലോചിച്ചു നിന്നപ്പോള്‍ നേരത്തേ കണ്ട സ്ത്രീ താക്കോലുമായി വന്നു ക്ഷേത്രം തുറന്നുതന്നു. ഞങ്ങള്‍ അകത്തു കയറി പ്രാർഥിച്ചു. അവിടെ ദലൈ ലാമയുടെ പടം കണ്ടു. ‘‘രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ ദലൈലാമയുടെ പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഫെസ്റ്റിവല്‍ ഓഫ് കംപാഷന്‍ എന്നായിരുന്നു അതിന് പേരിട്ടത്. ദലൈലാമയുടെ അഭിപ്രായത്തില്‍, അനുകമ്പ സാര്‍വത്രികമാണ്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതല്ല, അതിനാല്‍ മാനുഷിക തലത്തില്‍ നമുക്കെല്ലാവര്‍ക്കും അനുകമ്പയും സ്നേഹവും ദയയും കരുതലും ആവശ്യമാണ്. ആഘോഷവേളയില്‍ ഈ സന്ദേശമായിരുന്നു എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിച്ചത്. ബിബിറ്റോ കടുത്ത ബുദ്ധമത വിശ്വാസിയാണെന്നു പലപ്പോഴും തോന്നിയിരുന്നു. അന്നത്തെ വര്‍ത്തമാനത്തില്‍നിന്ന് അത് ഉറപ്പിച്ചു.
ഒരു മണിക്കൂര്‍കൂടി യാത്രചെയ്ത് മുക്സഹയുടെ ഗെറില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളെത്തിയതും അവരുടെ ഭര്‍ത്താവായ മോങ്ങാൻ സോള്ഡീല് എടുത്തു ധരിച്ചു. അവരെ ഇരുവരെയും കൂടാതെ അവരുടെ ഇളയ മകനും ഭാര്യയും രണ്ടു കുട്ടികളുമാണ് ഒപ്പം താമസം. ഇളയ മകനാണ് അച്ഛനമ്മമാരെ നോക്കാനുള്ള ഉത്തരവാദിത്തം. മുക്സഹ അൽപം കണിശക്കാരിയായിരുന്നു. ഞങ്ങള്‍ക്ക് ചായ വിളമ്പിയപ്പോഴും അവരുടെ മുഖത്തു ചിരിയുടെ നേരിയ ലാഞ്ഛനപോലും ഉണ്ടായിരുന്നില്ല. ഫോട്ടോ എടുക്കാന്‍ ഞങ്ങളെ വിലക്കുകയും ചെയ്തു. ആകെയുണ്ടായിരുന്ന ആശ്വാസം അവിടത്തെ ഒമ്പതു വയസ്സുള്ള മിടുമിടുക്കന്‍ പയ്യനായിരുന്നു. ഉറുംബി സെക് എന്നായിരുന്നു അവന്റെ പേര്. അവന്റെ അനിയനായ ഒരു വയസ്സുകാരന് സുല്തിനെ പ്രാമില്‍ ഇരുത്തി ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചു. ഞാന്‍ പ്രാം ഉന്തിയപ്പോൾ സ്പീഡില്‍ പോകരുതെന്ന് ആംഗ്യഭാഷയില്‍ അവൻ വിലക്കി. അവന്റെ ഉത്തരവാദിത്തം എന്നെ അത്ഭുതപ്പെടുത്തി.
മൊബൈലിനു കവറേജ് ഇല്ലാത്ത വളരെ വിജനമായ സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം. കുളിമുറിയും ഇല്ല. കുളിക്കണമെങ്കില്‍ മൂന്നു നാല് കിലോമീറ്റര്‍ അകലെയുള്ള അരുവിയില്‍ പോയി തുറസ്സായ സ്ഥലത്തു കുളിക്കണം. അവിടന്ന് ചെറിയ കന്നാസില്‍ വെള്ളം കൊണ്ടുവന്നാണ് പാചകം ചെയ്യുന്നത്. ഞങ്ങള്‍ ഗെറില്‍ വിശ്രമിക്കുമ്പോള്‍ ഉറുംബിസെക് അനിയനെ കൂട്ടി അങ്ങോട്ട് വന്നു. അവന്റെ കൈയില്‍ അമ്പതോളം വരുന്ന ആടിന്റെ വാരിയെല്ലുകള്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും അതു വെച്ച് കളിതുടങ്ങി. ഞങ്ങളുടെ ശ്രദ്ധ കളിയിലായിരുന്നു. എന്നാല്‍ അവന്റെ ഒരു കണ്ണ് അനിയനിലായിരുന്നു എന്ന് താമസിയാതെ മനസ്സിലായി. കുഞ്ഞു സുല്‍ത് പ്രാമില്‍ ഉറങ്ങിവീഴാന്‍ പോയപ്പോള്‍ ഉറുംബിസെക് ചാടിവീണ് അവനെ പൊക്കിയെടുത്തു. എന്നിട്ട് തോളില്‍ കിടത്തി ഉറക്കി. ഞങ്ങളുടെ കട്ടിലില്‍ കിടത്താമെന്ന് പറഞ്ഞപ്പോള്‍ അവന്റെ ഉറക്കം ശരിയാകില്ല എന്ന് പറഞ്ഞു കുഞ്ഞിനെയുംകൊണ്ട് അവരുടെ ഗെറിലേക്ക് പോയി. പിന്നീട് ഞാന്‍ പോയി നോക്കുമ്പോള്‍ കുഞ്ഞിന് കാവല്‍ ഇരിക്കുകയായിരുന്നു അവന്.

മംഗോളിയൻ സംഗീത ഉപകരണം,റോക്ക് പെയിന്റിങ്
മുന്നൂറോളം ആടുകളും നൂറോളം കുതിരകളും അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. നാല് ഗെര്‍ കൂടാതെ വീലുള്ള കാരവനും ഒരു കാറും മോട്ടോർ ബൈക്കും കുടുംബത്തിന് സ്വന്തമായിരുന്നു. അതായത് നാടോടികളില്തന്നെ സമ്പന്നര്‍. ആദ്യമായിട്ടായിരുന്നു കാരവന് ഉള്ള നാടോടികളെ കാണുന്നത്. കുതിരകള്‍ നിന്നിരുന്ന സ്ഥലത്തു വലിയ ബഹളം കേട്ടങ്ങോട്ടേക്കു പോയി. മുതിര്‍ന്നവരെല്ലാവരും കൂടി കുഞ്ഞു കുതിരയെ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. മുക്സഹ, അമ്മക്കുതിരയെ കറക്കുന്ന തിരക്കിലും. അങ്ങോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ എന്നെ വിലക്കി. അപരിചിതര്‍ അടുത്ത് ചെന്നാല്‍ കുതിര പാല് ചുരത്തുന്നത് നിര്ത്തുംപോലും. കുഞ്ഞു കുതിര ഒട്ടും തന്നെ മെരുങ്ങിയിട്ടില്ലായിരുന്നു. അതിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തെ അത് ഭീകരമായി ചെറുത്തു. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് കുതിരയെ കറക്കുന്നത്. നല്ല കഷ്ടപ്പാടുള്ള പണി തന്നെ. കുതിരപ്പാല് കുടിക്കാനല്ല, മറിച്ച് ഐറാഗ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
വൈകീട്ട് ഏഴരയോടെ മേയാന്‍ പോയ ആടുകളെ കൂട്ടി ഉറുംബിസെക്കിന്റെ അച്ഛന് തിരികെയെത്തി. പണ്ട് ഇടയന്മാര് കാൽനടയായാണ് ആടുകളെ തെളിച്ചതെങ്കില്‍ ഇപ്പോള്‍ ബൈക്കിലാണ് തെളിക്കുന്നത്. ആടുകള്‍ മുന്നേയും പിന്നിലായി അദ്ദേഹം ബൈക്കില്‍ ഹോണ്‍ അടിച്ചുകൊണ്ട് ആടുകളുടെ വരവറിയിച്ചു. സുല്തിനെ അപ്പൂപ്പനെ ഏൽപിച്ചു ഉറുംബിസെക് വീട്ടുകാരെ സഹായിക്കാന്‍ കൂടി. തടിക്കഷണങ്ങള്‍കൊണ്ട് വളച്ചുകെട്ടിയ വേലിക്കുള്ളതില് ആടുകളെ എല്ലാം കയറ്റി. മുക്സഹയും മരുമകളും ചാട്ട പോലെയൊരു സാധനം കൈയില്‍ പിടിച്ചിരുന്നു. അതുകൊണ്ട് തട്ടുമ്പോള്‍ മുതിര്‍ന്ന ആടുകള്‍ ജീവനുംകൊണ്ട് പുറത്തേക്ക് ഓടും. കുട്ടികള്‍ അകത്തും മുതിര്‍ന്ന ആടുകള്‍ തുറസ്സായ സ്ഥലത്തുമാണ് രാത്രിയില്‍ കഴിയുക. കുതിരകളെ ഒന്നും കെട്ടാറില്ല. അവ അവിടെ മേഞ്ഞു നടന്നു. ലായത്തിലല്ലാതെ കുതിരയെ വളര്‍ത്തുന്നത് ആദ്യമായിട്ടായിരുന്നു കാണുന്നത്.
പിറ്റേന്ന് രാവിലെ കുഞ്ഞു കുതിരകളെ മെരുക്കുന്നതിന്റെ ഭാഗമായി അവരെ കെട്ടിയിടാനുള്ള ശ്രമത്തിന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത്. കെട്ടിയിടാന്‍ വരുകയാണെന്നത് മനസ്സിലാക്കി അവ അവിടെല്ലാം ഓടിനടന്നു. വീട്ടുകാര്‍ പിറകെ ഓടി അതിന്റെ കഴുത്തിലെ കയറുപിടിച്ചാലും അവരെയുംകൊണ്ട് കുതിര ഓടാന്‍ ശ്രമിച്ചു. മൽപിടിത്തത്തിനൊടുവിലേ അതുങ്ങളെ കെട്ടിയിടാന്‍ പറ്റിയുള്ളൂ. അപ്പോഴേക്കും മുക്സഹയും മരുമകളും കൂടി തള്ള ആടുകളെ നിരത്തി പിടിച്ചുകെട്ടി നിര്‍ത്തി. പ്രത്യേക രീതിയിലായിരുന്നു അവയെ കെട്ടിനിര്‍ത്തിയത്. തൊട്ടടുത്ത ആട് എതിര്‍ദിശയിലേക്ക് നോക്കുന്ന രീതിയില്‍ നീളത്തിന് എല്ലാത്തിനെയും നിര്‍ത്തി.
കറക്കാനുള്ള എളുപ്പത്തിനാണ് അങ്ങനെ കെട്ടുന്നത്. ഒരു വശത്തുള്ളതിനെ മുക്സഹ കറക്കുമ്പോള്‍ മറുവശത്തുള്ളതിനെ മരുമകള്‍ കറന്നു. ഉറുംബിസെക് അച്ഛനെ സഹായിക്കുന്ന തിരക്കിലായിരുന്നു. വയ്യാത്ത ആടുകളെ തേടിപ്പിടിക്കുന്നതായിരുന്നു അവന്റെ ജോലി. അച്ഛന് ചൂണ്ടിക്കാണിക്കുമ്പോള്‍ അവന് അതിനെ പിടിച്ചു കൊണ്ടുവരും. രണ്ടാളും ചേര്‍ന്ന് മരുന്നു കൊടുക്കും. ഒമ്പതു വയസ്സുകാരന് രണ്ടുദിവസംകൊണ്ട് ചെയ്ത പണികള്‍ അത്ഭുതപ്പെടുത്തി. ചെറിയ പ്രായത്തില്‍തന്നെ കുട്ടികളെ നാടോടികളുടെ കഠിനമായ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കുടുംബത്തിന് ഉപകരിക്കുന്ന ജോലികളില്‍ ഏര്‍പ്പെടുത്താനുമുള്ള പരിശീലനം മികച്ച മാതൃകതന്നെ.