Begin typing your search above and press return to search.
proflie-avatar
Login

അണുബോംബ് പതിച്ച മണ്ണിൽ

അണുബോംബ്   പതിച്ച മണ്ണിൽ
cancel

ലോകത്ത് ആദ്യമായി അണുബോംബ് വർഷമേറ്റുവാങ്ങിയ നഗരത്തിലൂടെ, അതി​ന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. ലോകത്തോട്​ ഹിരോഷിമ എന്താണ്​ പറയുന്നത്​?ഇരയെ പിടിക്കാൻ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെ വൻശക്തി രാഷ്ട്രങ്ങൾ പുതിയ യുദ്ധങ്ങൾക്ക് ആയുധങ്ങൾ സംഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുക്കാൽ നൂറ്റാണ്ടു മുമ്പ് അണുബോംബ് തീഗോളമാക്കിയ ഹിരോഷിമ നഗരത്തിലെത്തുന്നത്. ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഓസകയിൽനിന്നായിരുന്നു ജൂൺ മധ്യത്തിലെ യാത്ര. ജി20 ഉച്ചകോടിയുടെ സമയമായതിനാൽ വിമാനത്താവളം മുതൽ കർശനമായ സുരക്ഷയിലായിരുന്നു...

Your Subscription Supports Independent Journalism

View Plans
ലോകത്ത് ആദ്യമായി അണുബോംബ് വർഷമേറ്റുവാങ്ങിയ നഗരത്തിലൂടെ, അതി​ന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. ലോകത്തോട്​ ഹിരോഷിമ എന്താണ്​ പറയുന്നത്​?

ഇരയെ പിടിക്കാൻ വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെ വൻശക്തി രാഷ്ട്രങ്ങൾ പുതിയ യുദ്ധങ്ങൾക്ക് ആയുധങ്ങൾ സംഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുക്കാൽ നൂറ്റാണ്ടു മുമ്പ് അണുബോംബ് തീഗോളമാക്കിയ ഹിരോഷിമ നഗരത്തിലെത്തുന്നത്. ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഓസകയിൽനിന്നായിരുന്നു ജൂൺ മധ്യത്തിലെ യാത്ര. ജി20 ഉച്ചകോടിയുടെ സമയമായതിനാൽ വിമാനത്താവളം മുതൽ കർശനമായ സുരക്ഷയിലായിരുന്നു നഗരം.

ഓസകയിൽനിന്ന് ഹിരോഷിമയിലേക്കുള്ള 280 കിലോമീറ്റർ ദൂരം താണ്ടാൻ ഷിംകൻസൻ അഥവാ ബുള്ളറ്റ് െട്രയിനിൽ വേണ്ടത് വെറും 80 മിനിറ്റ്. കോബെയിലും ഹിമേജിയിലുമാണ് െട്രയിൻ നിർത്തുക. 11,000 യെൻ (ഏഴായിരത്തോളം ഇന്ത്യൻ രൂപ) ആണ് റിസർവേഷൻ ഉൾപ്പെടെയുള്ള നിരക്ക്.

ഹൈസ്​പീഡ് യാത്രക്ക് പ്രത്യേക റെയിൽവേ ലൈൻ നിർമിച്ച ലോകത്തെ ആദ്യ രാജ്യമാണ് ജപ്പാൻ. മറ്റു വികസിത രാജ്യങ്ങൾ ഇതേക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് തന്നെ ജപ്പാനിൽ ബുള്ളറ്റ് െട്രയിൻ സംവിധാനം നിലവിൽ വന്നിരുന്നു. 1964ലാണ് ഇത് ആരംഭിച്ചത്. യൂറോപ്പ് പോലും ഹൈസ്​പീഡ് െട്രയിൻ എന്ന ആശയം പ്രാവർത്തികമാക്കിയത് 1981ലായിരുന്നു. ഫ്രാൻസിലെ ടി.ജി.വി ഹൈസ്​പീഡ് െട്രയിൻ. പിന്നെയും പത്തു വർഷം കഴിഞ്ഞാണ് ജർമനിയിൽ ഐ.സി.ഇ (ഇ​ന്റർസിറ്റി എക്സ്​പ്രസ്​) എന്ന പേരിൽ ഹൈസ്​പീഡ് െട്രയിൻ സംവിധാനം നടപ്പായത്.

രാജ്യത്തെ നാലു പ്രധാന ദ്വീപുകളെ – ഹോൻഷു, ഹൊക്കെയിദോ, കിയുഷു, ഷികോകു – ബന്ധിപ്പിക്കുന്ന വിശാലമായ റെയിൽവേ ശൃംഖലയുണ്ട് ജപ്പാനിൽ. സർക്കാർ ഉടമസ്​ഥതയിലുള്ള ജപ്പാൻ റെയിൽവേസിനാണ് (ജെ.ആർ) ഇതിൽ എഴുപത് ശതമാനത്തിന്റെയും നിയന്ത്രണം. ബാക്കിയുള്ളവ അര ഡസനിലേറെ വരുന്ന സ്വകാര്യ കമ്പനികൾ ഏറ്റെടുത്തു നടത്തുന്നു. 1987ൽ റെയിൽവേ സ്വകാര്യവത്കരിച്ചശേഷം മേഖലാടിസ്​ഥാനത്തിൽ ആറു കമ്പനികളും ചരക്കു ഗതാഗത മേഖലയിൽ ഒരു കമ്പനിയും നിലവിൽ വന്നു.

ലോകത്ത് ആദ്യമായി അണുബോംബ് വർഷമേറ്റുവാങ്ങിയ നഗരത്തിലേക്കുള്ള യാത്ര ആകാംക്ഷ നിറഞ്ഞതായിരുന്നു. എന്നാൽ, ഹിരോഷിമ റെയിൽവേ സ്​റ്റേഷനിൽ െട്രയിൻ ഇറങ്ങിയതോടെ ആകാംക്ഷ അമ്പരപ്പിന് വഴിമാറി. അണുബോംബിെന്റ തീനാളങ്ങൾ നക്കിത്തുടച്ച ഒരു ഇരുണ്ട ഹിരോഷിമയിലേക്കല്ല കാലുകുത്തിയിരിക്കുന്നത്. വലിയ തിരക്കൊന്നുമില്ലെങ്കിലും ജപ്പാനിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളെയും മെേട്രാ ജങ്ഷനുകളെയും പോലെ വൻകിട ഹൈപ്പർ മാർക്കറ്റുകളും ഫുഡ് കോർട്ടുകളുമൊക്കെയാണ് ഹിരോഷിമ സ്​റ്റേഷനിലും യാത്രക്കാരെ വരവേൽക്കുക.

കോൺക്രീറ്റിൽ നിർമിച്ച ജപ്പാനിലെ ആദ്യ റെയിൽവേ സ്​റ്റേഷനാണ് 1922ൽ പണി പൂർത്തിയായ ഹിരോഷിമ റെയിൽവേ സ്​റ്റേഷൻ. 1894ലാണ് സ്​റ്റേഷന്റെ നിർമാണം തുടങ്ങിയതെന്ന് അവിടത്തെ ഫലകത്തിൽ രേഖപ്പെടുത്തിയത് കണ്ടു. ഇതേ മാതൃകയിലാണ് ടോക്യോയിലെ യുവെനോ ഓകയാമ എന്നിവിടങ്ങളിലെ സ്​റ്റേഷനുകൾ നിർമിച്ചത്. 1941ൽ ഒരു കോടിയിലേറെ യാത്രക്കാർ ഹിരോഷിമ സ്​റ്റേഷൻ ഉപയോഗിക്കുകയുണ്ടായി. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ 1943ൽ ടിക്കറ്റ് കൗണ്ടറുകളും കാത്തിരിപ്പിനുള്ള മുറികളും വികസിപ്പിച്ചു.

 

സമാധാന സ്​മാരക മ്യൂസിയത്തിൽനിന്ന്

സമാധാന സ്​മാരക മ്യൂസിയത്തിൽനിന്ന്

അണുബോംബ് ആക്രമണത്തിൽ സ്​റ്റേഷ​ന്റെ അവസ്​ഥ എന്തായിരുന്നുവെന്ന ചോദ്യമാണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ മനസ്സിൽ ഉയർന്നത്. സ്​റ്റേഷനിലെ കഫറ്റേരിയകളിലൊന്നിൽ തിരക്കൊഴിഞ്ഞപ്പോൾ അവിടത്തെ കൊറിയക്കാരനായ ജീവനക്കാരനോട് തന്നെ ചോദിച്ചു. പൂർണമായും പുതുക്കിപ്പണിത ആധുനിക സ്റ്റേഷനിലാണ് തങ്ങൾ ഇപ്പോൾ നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അണുബോംബ് നക്കിത്തുടച്ച കെട്ടിടങ്ങളുടെ കൂട്ടത്തിൽ ഹിരോഷിമ റെയിൽവേ സ്​റ്റേഷനും ഉൾപ്പെട്ടിരുന്നു.

വികസിപ്പിച്ച കാത്തിരിപ്പു മുറി അണുബോംബ് ആക്രമണത്തിൽ പൂർണമായും തകർന്നു. മേൽക്കൂര നിലംപരിശാവുകയും മുറി പൂർണമായും കത്തിച്ചാമ്പലാവുകയും ചെയ്തു. ബോംബിങ് കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം ഈ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്തത് കത്തിക്കരിഞ്ഞ 78 മൃതശരീരങ്ങളായിരുന്നു. ഇക്കൂട്ടത്തിൽ ആർമി യൂത്ത് അക്കാദമിയിലെ 20 കുട്ടികളുമുണ്ടായിരുന്നു. പതിനൊന്ന് സ്റ്റേഷൻ ജീവനക്കാർക്കും ജീവഹാനി നേരിട്ടു.

ഇന്ന് കാണുന്ന മനോഹരമായ ഹിരോഷിമ റെയിൽവേ സ്​റ്റേഷൻ 1965ൽ പണിതതാണ്. അര നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും എല്ലാം ആധുനിക സൗകര്യങ്ങളുമുള്ള ജപ്പാനിലെ വിവിധ റെയിൽവേ സ്റ്റേഷനുകളെപ്പോലെ വലിയൊരു കെട്ടിടസമുച്ചയമാണ് ഹിരോഷിമ സ്​റ്റേഷനും. അഞ്ച് ലൈനുകളും 14 പ്ലാറ്റ്ഫോമുകളുമുള്ള വലിയ സ്​റ്റേഷനാണിത്. വടക്കും തെക്കുമായി സ്​റ്റേഷന് രണ്ട് കവാടങ്ങളുണ്ട്. ഷിൻകൻസ്​റ്റൻ എന്നറിയപ്പെടുന്ന ബുള്ളറ്റ് െട്രയിനിലാണ് യാത്ര ചെയ്യുന്നതെങ്കിലും വടക്കുഭാഗത്തെ കവാടത്തിലൂടെ പ്രവേശിക്കണം.

ഹിരോഷിമകളും നാഗസാക്കികളുമൊക്കെ ജപ്പാൻ എന്നോ അതിജീവിച്ചു കഴിഞ്ഞു എന്നത് സത്യം. ലോകത്തെ ഏത് വൻ നഗരങ്ങളെയും വെല്ലുന്ന ഇൻഫ്രാസ്​ട്രക്ചറുകളാണ് ജപ്പാൻ യാത്രയിലുടനീളം ഓസകയിലും ക്യോട്ടോയിലും ഹിരോഷിമയിലും ടോക്യോവിലും കണ്ടത്.

റെയിൽവേ സ്​റ്റേഷനിൽനിന്ന് കഷ്ടിച്ച് മൂന്നു കിലോ മീറ്ററേയുള്ളൂ അണുബോംബ് പതിച്ച മണ്ണിലെത്താൻ. തിരക്കില്ലാത്ത നഗരവീഥിയിലൂടെ യുദ്ധസ്​മാരകത്തിലേക്ക് (പീസ്​ മെ​േമ്മാറിയൽ, പീസ്​ പാർക്ക് തുടങ്ങിയ പേരുകളിലാണ് അവ അറിയപ്പെടുന്നത്) എത്തിയതോടെ അന്തരീക്ഷം മാറി. യുദ്ധസ്​മാരകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മ്യൂസിയത്തിൽ പ്രവേശിച്ചതോടെ ഒരു ദുരന്തഭൂമിയിൽ എത്തിയ പ്രതീതി.

മ്യൂസിയത്തിലേക്ക് ടിക്കറ്റെടുത്ത് പ്രവേശിക്കുന്നതിനു മുമ്പ് താഴെ നിലയിലെ ഇലക്േട്രാണിക് പാനലാണ് സന്ദർശകരെ ആദ്യം ആകർഷിക്കുക. പാനലിന്റെ മുകൾഭാഗത്ത് തെളിഞ്ഞ 26,975 എന്ന അക്കം അണുബോംബ് വർഷിച്ച് അന്നേക്ക് അത്രയും ദിവസങ്ങൾ പിന്നിട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ലോകത്ത് അവസാനമായി അണുപരീക്ഷണം നടന്ന് 121 ദിവസം തികഞ്ഞുവെന്ന് തൊട്ടുതാഴെയുള്ള പാനലും രേഖപ്പെടുത്തി. തങ്ങളുടെ പക്കലുള്ള ആണവായുധങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നെവാദയിൽ അമേരിക്ക നടത്തിയ പരീക്ഷണത്തെക്കുറിച്ച ഓർമപ്പെടുത്തലായിരുന്നു അത്.

സമാധാന സ്​മാരകം

സമാധാന സ്​മാരകം

ലാസ്​ വെഗാസിൽനിന്ന് 65 മൈൽ അകലെയുള്ള നെവാദ അണുപരീക്ഷണ കേന്ദ്രം (എൻ.ടി.എസ്​) അമേരിക്കയിലെ ഇത്തരത്തിലുള്ള കേന്ദ്രങ്ങളിൽ ഏറ്റവും പ്രമുഖമാണ്. 3500 ചതുരശ്ര കി. മീറ്റർ വിസ്​തൃതിയിൽ മരുഭൂമിയും പർവത നിരകളുമുള്ള വിശാലമായ ഈ കേന്ദ്രത്തിൽ 1951 ജനുവരി 27നാണ് ആദ്യ അണുപരീക്ഷണം നടന്നത്. 1992 വരെ മാത്രം ഇവിടെ 1021 അണുപരീക്ഷണങ്ങൾ അമേരിക്ക നടത്തിയിട്ടുണ്ട്. നൂറെണ്ണം അന്തരീക്ഷത്തിലും 921 എണ്ണം ഭൂഗർഭ കേന്ദ്രത്തിലും. അണുബോംബുകൾക്കു മേൽ അടയിരിക്കുന്ന രാജ്യമെന്ന പേരുള്ള അമേരിക്ക, അണുബോംബ് പരീക്ഷണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ പ്രതിപാദിക്കുന്ന ഒരു ദേശീയ മ്യൂസിയവും 2005ൽ നെവാദയിൽ തുറന്നിട്ടുണ്ട്.

മ്യൂസിയങ്ങൾ പലതും ആസ്വാദനത്തിനും നേരമ്പോക്കിനുമുള്ളതാണെങ്കിൽ ഹിരോഷിമയിലെ സമാധാന മ്യൂസിയം ലോകത്തോട് സംസാരിക്കുകയാണ്. യുദ്ധം ഒരു ജനതയെയും അവരുടെ സാമൂഹിക ജീവിതത്തെയും എവ്വിധം നശിപ്പിക്കുമെന്നതിന് ഹിരോഷിമക്ക് മുമ്പുതന്നെ ലോകം സാക്ഷിയായിട്ടുണ്ട്. അഫ്ഗാനിസ്​താനും സിറിയയും യമനും ലിബിയയും ഇറാഖും യു​െക്രയ്നുമൊക്ക ജീവിക്കുന്ന തെളിവുകളാണ്.

1955 ആഗസ്​റ്റ് 24നാണ് മ്യൂസിയം ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുന്നത്. അണുബോംബ് ദുരന്തം വിതച്ച ഹിരോഷിമക്ക് ഒരു സ്​മാരകമുണ്ടാകണമെന്ന ചിന്ത നേരത്തേ ഉയർന്നുവന്നിരുന്നെങ്കിലും പീസ്​ മെമ്മോറിയൽ സിറ്റിയുടെ നിർമാണത്തിനുള്ള ബില്ല് 1949 മേയിൽ ഏകകണ്ഠമായി പാസാക്കിയതോടെയാണ് ഇത് സംബന്ധിച്ച നീക്കം യാഥാർഥ്യമായത്. പാർക്ക്, മ്യൂസിയം എന്നിവ ഉൾപ്പെടുന്ന സമുച്ചയത്തിന്റെ മാതൃക തയാറാക്കിയത് കെൻസോ ടാംഗെ ഗ്രൂപ്പാണ്. നിർമാണത്തിനു മുന്നോടിയായി പ്രാദേശിക ജിയോളജിസ്​റ്റ് ഷോഗോ നഗാവോക അണുബോംബിന്റെയും ബോംബ് നക്കിത്തുടച്ച കെട്ടിടങ്ങളുടെയും വസ്​തുക്കളുടെയും അവശിഷ്ടങ്ങൾ ശേഖരിച്ചത് ഹിരോഷിമ സെൻട്രൽ പബ്ലിക് ഹാളിൽ പ്രത്യേകമായി തയാറാക്കിയ മുറികളിൽ പ്രദർശിപ്പിക്കുകയുണ്ടായി.

ഒന്നാം നിലയിൽ സജ്ജീകരിച്ച മ്യൂസിയത്തിലെ ഓരോ ചിത്രവും അണുബോംബിന്റെ ഭീകരത ഒപ്പിയെടുക്കുന്നവയാണ്. 1945 ആഗസ്റ്റ് 6നു രാവിലെ 8.16ന് അമേരിക്കയുടെ ബി 29 യുദ്ധവിമാനമായ ഇനോള ഗേയിൽനിന്ന് തോമസ്​ ഫെറബി അണുബോംബ് വർഷിച്ചപ്പോൾ ജപ്പാനിലെ അന്നത്തെ ഏഴാമത്തെ വലിയ നഗരത്തിലെ നിരപരാധരായ ആബാലവൃദ്ധ ജനതക്കുമേൽ അത് തീമഴയായി പെയ്തിറങ്ങിയതിന്റെ ഭീകരചിത്രങ്ങൾ കണ്ണ് നനയിക്കും. പ്രത്യേകിച്ച്, അഗ്നിയിൽ വെന്തുരുകിയ കുഞ്ഞു മക്കളെക്കുറിച്ച വിവരണങ്ങൾ. കത്തിക്കരിഞ്ഞ അവരുടെ സ്​കൂൾ യൂനിഫോമും ഉരുകിപ്പോയ ചോറ്റുപാത്രങ്ങളും കുഞ്ഞു സൈക്കിളുകളുമൊക്കെ ആണവയുദ്ധത്തിന്റെ കൊടും ഭീകരത അനാവരണം ചെയ്യുന്നു.

 

മ്യൂസിയത്തിനകത്തെ കാഴ്ച

മ്യൂസിയത്തിനകത്തെ കാഴ്ച

മ്യൂസിയത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുക തിരശ്ചീനമായ വലിയ സിമുലേറ്റർ വിഡിയോ സ്​ക്രീനാണ്. അത് പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ബോംബിങ്ങിനു തൊട്ടുമുമ്പുള്ള ശാന്തമായ ഹിരോഷിമ നഗരം, റോഡിലൂടെ നീങ്ങുന്ന വാഹനങ്ങൾ, തൊഴിൽശാലകളിൽ പണിയെടുക്കുന്നവർ തുടങ്ങി ഒരു നഗരത്തിന്റെ പ്രവൃത്തിദിനത്തിന്റെ ആരംഭം അടയാളപ്പെടുത്തിയിരിക്കുന്നു. പൊടുന്നനെ ആകാശത്ത് ഒരു ഇരമ്പൽ. അണുബോംബ് വഹിച്ച യുദ്ധവിമാനമാണതെന്ന് തിരിച്ചറിയുന്നതിനുമുമ്പ് ഘോരമായ ശബ്ദത്തിൽ ബോംബ് വീഴുന്നത് ചിത്രീകരിച്ചിരിക്കുന്നു. വൃത്താകൃതിയിലുള്ള ഈ മുറിയുടെ ചുമരുകളിൽ ഘടിപ്പിച്ച വിഡിയോ സ്​ക്രീനുകളിലും ഭീകരമായ വിവിധ കാഴ്ചകൾ കാണാം. ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ചെലവിട്ടശേഷമേ മ്യൂസിയത്തിൽനിന്ന് പുറത്തുകടക്കാനാവൂ.

രണ്ടു വർഷത്തോളം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടശേഷമാണ് ഹിരോഷിമ സമാധാന സ്​മാരക മ്യൂസിയത്തിന്റെ പ്രധാന കെട്ടിടം സന്ദർശകർക്കായി തുറന്നുകൊടുത്തത്. മ്യൂസിയത്തിൽ പുതുതായി ചില സെക്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അണുബോംബ് സ്​ഫോടനത്തിൽ കൊല്ലപ്പെട്ട വിദേശ പൗരന്മാരുടെ ചിത്രങ്ങളും അവരെക്കുറിച്ച വിശദവിവരങ്ങളും ഇതാദ്യമായാണ് മ്യൂസിയത്തിന്റെ ഭാഗമാകുന്നത്. അണുബോംബ് വർഷിക്കുമ്പോൾ നൂറുകണക്കിന് കൊറിയക്കാരും ചൈനീസ്​, തായ്വാൻ വംശജരും ഹിരോഷിമയിൽ ഉണ്ടായിരുന്നുവെന്ന് മ്യൂസിയം രേഖകൾ പറയുന്നു. ഇതിനു പുറമെ മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും ജർമനി, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള സിവിലിയന്മാരും അമേരിക്കൻ യുദ്ധത്തടവുകാരും കൊല്ലപ്പെട്ടവരിൽപെടും.

2021ൽ ജപ്പാൻ ആതിഥ്യമരുളിയ ടോക്യോ ഒളിമ്പിക്സിന്റെ ദീപശിഖ റിലേ കടന്നുപോകുന്ന പ്രധാനപ്പെട്ട സ്​ഥലങ്ങളിൽ ഹിരോഷിമ സമാധാന സ്​മാരക സമുച്ചയത്തിൽ ഉൾപ്പെടുന്ന ആറ്റമിക് ബോംബ് ഡോമും ഉൾപ്പെടുത്തിയിരുന്നു. 2020 മാർച്ചിൽ ഫുകുഷിമയിൽനിന്ന് തുടങ്ങി ഹിരോഷിമ വഴി ജൂലൈ 24ന് ടോക്യോ നാഷനൽ സ്​റ്റേഡിയത്തിൽ അവസാനിക്കുന്ന വിധത്തിലാണ് 121 ദിവസത്തെ ദീപശിഖ റിലേ പ്രയാണം തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് കാരണം ഒളിമ്പിക്സിന്റെ നടത്തിപ്പുപോലും സംശയത്തിലായപ്പോൾ ദീപശിഖ പ്രയാണം പരിമിതപ്പെടുത്തി. പതിവിൽനിന്ന് വ്യത്യസ്​തമായി ഒരു വർഷം വൈകിയും പൊലിമ മങ്ങിയുമായിരുന്നല്ലോ ഒളിമ്പിക്സ്​ സംഘടിപ്പിച്ചത്.

മ്യൂസിയം കണ്ട് താഴെയിറങ്ങിയപ്പോൾ സ്​കൂൾ കുട്ടികളുടെ വലിയ സംഘം. ഒകായാമയിലെ എലിമെന്ററി സ്​കൂളിൽനിന്നെത്തിയതാണ് അവർ. മിക്കവാറും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഹിരോഷിമയിലെ ചരിത്രഭൂമി സന്ദർശിക്കാൻ എത്താറുണ്ടെന്ന് സംഘത്തിലെ അധ്യാപകരിലൊരാളായ തകാഷി താകിഗാവ പറഞ്ഞു. അണുബോംബ് സ്​ഫോടനം നടന്നിട്ട് മുക്കാൽ നൂറ്റാണ്ട് തികഞ്ഞിട്ടും ഇതിനു മാറ്റമില്ല. വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ഹിരോഷിമയും നാഗസാക്കിയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുമാത്രമല്ല, സംഭവസ്​ഥലം നേരിൽ സന്ദർശിച്ച് ആണവായുധ വിരുദ്ധ ലോകത്തിനായി പ്രതിജ്ഞയെടുക്കലും അധ്യയന യാത്രയുടെ ഭാഗമായി നടക്കുന്നു.

‘‘യുദ്ധങ്ങളെക്കുറിച്ച് നിരന്തരം ഭീഷണിമുഴക്കുന്ന ലോക നേതാക്കൾ ഈ മ്യൂസിയവും ഇതോടനുബന്ധിച്ച യുദ്ധസ്​മാരകങ്ങളും കാണാൻ സമയം കണ്ടെത്തിയെങ്കിൽ സർവലോക വിനാശകാരിയും ജനങ്ങളെ ചുട്ടുകരിക്കുന്നതുമായ അണുബോംബുകൾ അവരുടെ കണ്ണ് തുറപ്പിക്കുമായിരുന്നു,’’ താകിഗാവ പറയുന്നു. ജി20 ഉച്ചകോടിക്കായി രാഷ്ട്രത്തലവന്മാർ ഓസകയിൽ എത്തുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്താദ്യമായി അണുബോംബ് വർഷിച്ച അമേരിക്കയുടെ സിറ്റിങ് പ്രസിഡ​ന്റുമാരിൽ ബറാക് ഒബാമ മാത്രമാണ് ഹിരോഷിമയിലെ സമാധാന സമുച്ചയം കാണാനെത്തിയത് എന്നത് യുദ്ധത്തോടും സമാധാനത്തോടും ലോക നേതാക്കൾ പുലർത്തുന്ന നിലപാടിന്റെ ഒരു സാമ്പിൾ മാത്രമാണ്. ഔ​േദ്യാഗിക സന്ദർശനത്തിനായും ഉച്ചകോടികൾക്കായും നിരവധിതവണ യു.എസ്​ പ്രസിഡ​ന്റുമാർ ജപ്പാനിലെത്തിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹിരോഷിമ സന്ദർശനം ഒബാമയിൽ മാത്രമായി ചുരുങ്ങി? റിച്ചാർഡ് നിക്സനും ജിമ്മി കാർട്ടറും ഹിരോഷിമ സന്ദർശിച്ചിട്ടുണ്ടെങ്കിലും പ്രസിഡ​ന്റു പദവിയിൽ ഇരിക്കുമ്പോഴായിരുന്നില്ല. 1964ൽ ഇവിടെ സന്ദർശനം നടത്തി നാലു വർഷത്തിനുശേഷമാണ് നിക്സൻ പ്രസിഡ​ന്റാവുന്നത്. കാർട്ടറാവട്ടെ, വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയശേഷം 1984ലാണ് ഹിരോഷിമയിലെത്തുന്നത്.

മ്യൂസിയത്തിൽനിന്ന് 300 മീറ്റർമാത്രം അകലെയാണ് ഫ്ലെയിം ഓഫ് പീസ്​ അഥവാ സമാധാന ജ്വാല. ആണവായുധമില്ലാത്ത ഒരു ലോകമെന്ന സന്ദേശമുയർത്തി 1964 ആഗസ്​റ്റ് ഒന്നിനാണ് ഈ ജ്വാല തെളിച്ചത്. ആണവായുധങ്ങളില്ലാത്ത ലോകം യാഥാർഥ്യമാകുന്നതുവരെ ഇത് കത്തിക്കൊണ്ടിരിക്കും. ബോംബിങ്ങിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരുകൾ രേഖപ്പെടുത്തിയ സ്​തൂപമുണ്ട് സമീപത്ത്.

പീസ്​ ബെൽ

സമാധാന പാർക്ക് സമുച്ചയത്തിൽതന്നെയാണ് പീസ്​ ക്ലോക്ക് ടവർ. 20 മീറ്റർ ഉയരത്തിലുള്ള മൂന്ന് ഇരുമ്പ് തൂണുകളിൽ പണിത ഈ ടവർ 1967 ഒക്ടോബറിലാണ് പൂർത്തിയായത്. ക്ലോക്ക് ടവർ നിർമിക്കാനുള്ള തീരുമാനം നേരത്തേ കൈക്കൊണ്ടതാണെങ്കിലും പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ വൈകി. പീസ്​ പാർക്ക് ഒരു ‘പുണ്യകേന്ദ്ര’മാണെന്നും അതിനകത്ത് കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ വേണ്ടെന്നും പീസ്​ പാർക്ക് രൂപകൽപന ചെയ്ത ടോക്യോ സർവകലാശാല പ്രഫസർ കെൻസോ ടാംഗെ നടത്തിയ അഭിപ്രായപ്രകടനമായിരുന്നു പ്രധാന കാരണം. എന്നാൽ, പദ്ധതി രൂപകൽപന ചെയ്ത ഹിരോഷിമ റിജോ ലയൺസ്​ ക്ലബിന്റെ ഭാരവാഹികൾ സർക്കാറുമായി നടത്തിയ ചർച്ചകളെ തുടർന്ന് നിർമാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാൻ തീരുമാനമാവുകയായിരുന്നു.

സമാധാനത്തിലേക്ക് ലോകത്തെ ക്ഷണിക്കുന്ന മറ്റൊരു പ്രതീകമാണ് പീസ്​ ബെൽ. ആണവായുധങ്ങൾ ഇല്ലായ്മചെയ്യുക, ലോകസമാധാനം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രശസ്​ത ശിൽപി ബെൽ കാസ്റ്റർ മാഷികോ കതാരിയാണ് ഇത് രൂപകൽപന ചെയ്തത്.

ബോംബ് സ്​ഫോടനത്തിൽനിന്ന് രക്ഷപ്പെട്ടവർ 1964ൽ സംഭാവനയായി നൽകിയതാണ് ഒരു മീറ്റർ ചുറ്റളവും 1.7 മീറ്റർ ഉയരവും ഏതാണ്ട് 1200 കിലോ ഭാരവുമുള്ള ഈ ബെൽ. നാലു തൂണുകളിൽ പണിത ചെറിയ ഗോപുരത്തിന് അകത്താണ് ബെൽ സ്​ഥാപിച്ചിരിക്കുന്നത്. ലോകത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഗോപുരമെങ്കിൽ ആണവായുധം ഇല്ലാത്ത സമാധാനപൂർണമായ ലോകത്തെ വിളംബരംചെയ്യുന്നതാണ് ബെൽ. പ്രതലത്തിലുള്ള അതിരുകളില്ലാത്ത ഭൂപടം ഹിരോഷിമയുടെ പ്രതീക്ഷയായ ലോക സമാധാനവും ഐക്യവും ഓർമിപ്പിക്കുന്നു. ഏകലോകത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ബെൽ മുഴക്കി ഐക്യദാർഢ്യപ്പെടാൻ സന്ദർശകരോട് ആഹ്വാനം ചെയ്യുന്ന ഒരു ബോർഡും കാണാം.

പീസ്​ ബെല്ലിനു ചുറ്റുമുള്ള ചെറിയ തടാകമാണ് മറ്റൊരു സ്​മാരകം. ബോംബിങ്ങിൽ മരിച്ചവരുടെ നിത്യശാന്തിക്കായി ഇവിടെ താമര പുഷ്പങ്ങൾ വളർത്തിയിരിക്കുന്നു. ബോംബിങ്ങിൽ പരിക്കേറ്റവരുടെ മുറിവ് ഉണക്കാൻ താമരപ്പൂക്കളുടെ ഇലകൾ ഉപയോഗിച്ചിരുന്നു. പുരാതന ചിബ പ്രദേശത്തെ രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുക്കപ്പെട്ട വിത്തുകളിൽനിന്ന് മുളപ്പിച്ചതാണ് ഈ താമരപ്പൂക്കൾ. ഇതിന് നേതൃത്വം നൽകിയ പ്രഫസർ ഇചിറോ ഓഗയുടെ സ്​മരണാർഥം ഓഗ ലോട്ടസ്​ ഫ്ലവർ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

കിഴക്കനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ. ഹൊക്കെയിദോ, ഹോൻഷു, ഷികോകു, ക്യുഷു എന്നിവയാണ് പ്രധാന ദ്വീപുകൾ. നിപ്പോൺ കോകു (സ്റ്റേറ്റ് ഓഫ് ജപ്പാൻ) എന്നും പ്രാദേശിക ഭാഷയിൽ ജപ്പാൻ അറിയപ്പെടുന്നു. ജപ്പാന്റെ ഭൂമിശാസ്​ത്രത്തെക്കുറിച്ച്, വിശിഷ്യാ തലസ്​ഥാനമായ ടോക്യോ, ഓസക, ഹിരോഷിമ തുടങ്ങിയ വൻ നഗരങ്ങളുടെ കിടപ്പിനെക്കുറിച്ച് ഏകദേശ ധാരണ സന്ദർശകർക്ക് സഹായകമായിരിക്കും. എട്ട് മേഖലകളും 47 സംസ്​ഥാനങ്ങളുമായി രാജ്യത്തെ തിരിച്ചിരിക്കുന്നു. ജാപ്പനീസ്​ ഭാഷയിൽ ടോദോഫുകെൻ എന്നാണ് സംസ്​ഥാനങ്ങൾ അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ പ്രിഫെക്ചർ എന്നും വിളിക്കും. 16ാം നൂറ്റാണ്ടിൽ പോർചുഗീസ്​ സഞ്ചാരികളും വർത്തകരുമാണ് ഈ പദം ആദ്യം ഉപയോഗിച്ചത്. അക്കാലത്ത് ജപ്പാനിൽ നിലവിലുണ്ടായിരുന്ന ഫീഫ്ഡമുകളെ പോർചുഗീസ്​ ഭാഷയിൽ ‘െപ്രഫെയിചുറ’ എന്നവർ വിളിച്ചു. അതിന്റെ ഇംഗ്ലീഷ് രൂപമാണ് പ്രിഫെക്ചർ.

മെേട്രാപോളിസ്​ സംസ്​ഥാനമായ ടോക്യോ ‘ടോ’ എന്നും ഹൊക്കെയിദോ എന്ന സർക്യൂട്ട് സംസ്​ഥാനം ‘ദോ’ എന്നും ഓസക, ക്യോട്ടോ എന്നീ അർബൻ സംസ്​ഥാനങ്ങൾ ‘ഫു’ എന്നും മറ്റു 43 സംസ്​ഥാനങ്ങൾ ‘കെൻ’ എന്നും അറിയപ്പെടുന്നു. അവയെ യോജിപ്പിച്ചു വിളിക്കുന്ന പേരാണ് ടോദോഫുകെൻ.

മേഖലകൾക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളോ ഉദ്യോഗസ്​ഥരോ ഇല്ല. എന്നാൽ, ടോദോഫുകെൻ അഥവാ പ്രിഫെക്ചറുകൾ ഇന്ത്യയിലെയും അമേരിക്കയിലെയും സംസ്​ഥാനങ്ങൾപോലെയാണ്. അവക്ക് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സംവിധാനങ്ങളുണ്ട്. ചില പ്രിഫെക്ചറുകളുടെ അതേ പേരിൽ നഗരങ്ങളുമുണ്ട്. ഉദാഹരണത്തിന് ടോക്യോ, ഓസക, ഹിരോഷിമ, നാഗസാക്കി, ഫുകുഷിമ, ക്യോട്ടോ, കോച്ചി തുടങ്ങിയവ.

നമ്മുടെ കൊച്ചി ഒരു നഗരമാണെങ്കിൽ ജപ്പാനിലെ കോച്ചി, ഷികോകു ദ്വീപ സമൂഹത്തിലെ ഒരു സംസ്​ഥാനവും നഗരവുമാണ്. കൊച്ചിയും ജപ്പാനിലെ കോച്ചിയും ഒരു പോലെയാണ് ഇംഗ്ലീഷിൽ എഴുതുന്നത്. ഓൺലൈൻ വഴി നമ്മുടെ കൊച്ചിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ചിലപ്പോഴെങ്കിലും വട്ടം കറക്കാറുണ്ട് ജപ്പാനിലെ കോച്ചി. കോച്ചിയുടെ പേരിൽ രണ്ട് സർവകലാശാലകളും അവിടെയുണ്ട്.

ഹൊക്കെയിദോ, തോഹോകു, കാന്റോ, ചുബു, കൻസായി, ചുഗോകു, ഷികോകു, ക്യൂഷു-ഓകിനാവ എന്നീ മേഖലകൾ ചേർന്നതാണ് ജപ്പാൻ. എട്ടു മേഖലകളും വിവിധ രംഗങ്ങളിൽ രാജ്യത്തിനു നൽകിവരുന്ന കനത്ത സംഭാവനകളാണ് ജപ്പാൻ എന്ന രാഷ്ട്രത്തെ ഇന്നു കാണുന്നവിധം പുരോഗതിയുടെ ഉന്നതിയിൽ എത്തിച്ചത്.

ജപ്പാന്റെ കാർഷിക, മത്സ്യബന്ധനത്തിന്റെ ആസ്​ഥാനമായാണ് ഹൊക്കെയിദോ അറിയപ്പെടുന്നത്. പ്രകൃതി വിഭവങ്ങൾ വേണ്ടുവോളമുള്ള പ്രദേശമാണിത്. ഇലക്ട്രിക് മെഷീനറിയും ഭക്ഷ്യ സംസ്​കരണവുമാണ് തോഹോകുവിന്റെ പ്രത്യേകത. തലസ്​ഥാനമായ ടോക്യോ ഉൾപ്പെടുന്നതാണ് കാന്റോ മേഖല. സ്വാഭാവികമായും വൻകിട വ്യാപാര, വ്യവസായ കേന്ദ്രങ്ങൾ ഇവിടെയാണ് കാണപ്പെടുന്നത്. ജപ്പാന്റെ സമ്പദ് രംഗത്തെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു ചുബു. രാജ്യത്തിന്റെ നിർമാണ മേഖലയുടെ 20 ശതമാനവും ചുബുവിന്റെ സംഭാവനയാണ്. ഓസക, ക്യോട്ടോ, കോബെ എന്നീ പ്രമുഖ നഗരങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് ജപ്പാന്റെ ഹൃദയഭാഗത്ത് സ്​ഥിതിചെയ്യുന്ന കൻസായി. രാജ്യത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക മേഖലയാണിത്. രണ്ടു കോടിയിലേറെയാണ് ഇവിടത്തെ ജനസംഖ്യ.

ഇലക്േട്രാണിക്സ്​, ബയോ ടെക്നോളജി തുടങ്ങി ഗവേഷണ, വികസന മേഖലകളിൽ രാജ്യത്തിന്റെ ചുക്കാൻപിടിക്കുന്ന സംരംഭങ്ങൾകൊണ്ട് അനുഗൃഹീതമാണ് ചുഗോകു. സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന പല കമ്പനികളുടെയും ആസ്​ഥാനംകൂടിയാണ് ഈ മേഖല. കാർഷിക വ്യവസായ രംഗത്ത് മറ്റേതു മേഖലകളെയും അപേക്ഷിച്ച് ഉന്നത സ്​ഥാനമുണ്ട് ഷികോകുവിന്. ഹിരോഷിമ, യാമാഗുചി, ഓകയാമ തുടങ്ങിയവയാണ് ചുകോഗുവിലെ പ്രധാന പ്രിഫെക്ചറുകൾ.

ജപ്പാനിലെ അഞ്ച് പ്രധാന ദ്വീപുകളിൽ വലുപ്പത്തിൽ മൂന്നാമത്തെതാണ് ക്യൂഷു. ഓകിനാവ അഞ്ചാമത്തേതും. ഇരു ദ്വീപുകളും അതിന്റെ തന്ത്രപരമായ കിടപ്പുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കൊറിയ, ചൈന ഉൾപ്പെടെ കിഴക്കനേഷ്യയിലെ മുഴുവൻ മേഖലകളുമായി അടുത്ത് കിടക്കുന്നവയാണ് ഈ ദ്വീപുകൾ. രണ്ടാമത്തെ അണുബോംബ് വർഷം നടന്ന നാഗസാക്കി വടക്കൻ ക്യൂഷുവിലെ പ്രധാന പ്രിഫെക്ചറും നഗരവുമാണ്. ഏറ്റവും ചെറിയ ദ്വീപ് മാത്രമല്ല, ഏറ്റവും കുറഞ്ഞ ജനസംഖ്യയും ഓകിനാവയിലാണ്. ദ്വീപിന്റെ നീളം 106 കിലോമീറ്ററും ശരാശരി വീതി 11 കിലോമീറ്ററുമാണ്.

വലുപ്പംകൊണ്ട് രാജ്യത്തെ രണ്ടാമത്തെ മേഖലയാണ് കൻസായി. ജാപ്പനീസ്​ ഭാഷയിൽ കിൻകി എന്ന് വിളിക്കും. രാജ്യത്തിന്റെ ചരിത്രവും സംസ്​കാരവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പറയാനുണ്ട് കൻസായിക്ക്. മാത്രമല്ല, മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് ഈ വിശാല മേഖല. പുരാതന കോട്ടകൾ, ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയും ഇവിടത്തെ പ്രത്യേകതയാണ്.

ഹിരോഷിമ പ്രിഫെക്ചർ

ജപ്പാന്റെ തെക്കുപടിഞ്ഞാറായാണ് ഹിരോഷിമ പ്രിഫെക്ചർ. നിരവധി ദ്വീപുകളും വടക്ക് ചുഗോകു മലനിരകളും ഉൾപ്പെടുന്ന മനോഹരമായ ഈ പ്രദേശം ഓത നദിയുടെ തീരത്താണ് സ്​ഥിതിചെയ്യുന്നത്. ഹിരോഷിമ എന്ന വാക്കിന് വിശാല ദ്വീപ് എന്നാണർഥം. ജാപ്പനീസ്​ ഭാഷയിൽ ഹിരോ എന്നാൽ വിസ്​തൃതമായത് എന്നർഥം, ഷിമ എന്നാൽ ദ്വീപും. വടക്കുനിന്ന് തെക്കെ അതിർത്തിയിലേക്ക് 120 കിലോമീറ്ററും കിഴക്ക്-പടിഞ്ഞാറ് അതിരുകൾക്കിടയിൽ 130 കിലോമീറ്ററുമാണ് ദൈർഘ്യം.

ജപ്പാനിലെ 47 പ്രിഫെക്ചറുകളിലൊന്നായ ഹിരോഷിമയുടെ ആകെ വിസ്​തീർണം 8480 ചതുരശ്ര കിലോമീറ്ററാണ്; രാജ്യത്തിന്റെ മൊത്തം വിസ്​തൃതിയുടെ 2.2 ശതമാനം. 2016ലെ കണക്കനുസരിച്ച് 21 ലക്ഷമാണ് ഹിരോഷിമയിലെ ജനസംഖ്യ. ജപ്പാന്റെ മൊത്തം ജനസംഖ്യയുടെ 2.2 ശതമാനമാണിത്. രാജ്യത്തെ ഏറ്റവുമധികം ജനങ്ങൾ വസിക്കുന്ന 12ാമത്തെ പ്രദേശം.

ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ഹിരോഷിമ രൂപംകൊണ്ടതെന്ന് കരുതപ്പെടുന്നു. 1589ൽ മോറി തെറുമോട്ടോയെന്ന യുദ്ധപ്രഭുവാണ് ഹിരോഷിമ എന്ന പേര് പ്രദേശത്തിന് നൽകിയത്. ഹിരോഷിമ നഗരത്തിന്റെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ കോട്ട നിർമിച്ചതും ഇദ്ദേഹമാണ്. അകി, ബിംഗോ എന്നീ മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നു ഈ പ്രദേശം. കര, കടൽ മാർഗങ്ങളിലൂടെ ഇരു പ്രദേശങ്ങളെയും അക്കാലം മുതൽക്കേ ബന്ധിപ്പിച്ചിരുന്നു. കര വഴിയുള്ളത് മിക്കവാറും മലമ്പാതകളായിരുന്നു.

1603 മുതൽ 1867 വരെയുള്ള എദോ ഭരണകാലത്ത് ആധുനിക ഹിരോഷിമ പ്രിഫെക്ചർ കിഴക്ക് ഫുകുയാമ ഫീഫ്ഡമും പടിഞ്ഞാറ് ഹിരോഷിമ ഫീഫ്ഡമുമായി വിഭജിക്കപ്പെട്ടു. ഫ്യൂഡൽ പ്രഭുക്കളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ് ഫീഫ്ഡം എന്ന പേരിൽ അറിയപ്പെടുന്നത്. ഫീഫ്ഡം കാലഘട്ടം അവസാനിച്ചതോടെയാണ് 1876ൽ ഇരു മേഖലകളെയും ചേർത്തുകൊണ്ട് ഇന്നത്തെ അതിരുകളോടെയുള്ള ഹിരോഷിമ രൂപംകൊള്ളുന്നത്. ഹിരോഷിമ പ്രിഫെക്ചറിനെ നാലായി വിഭജിച്ചിട്ടുണ്ട്. അകി (തെക്കു കിഴക്കൻ മേഖല), ബിംഗോ (തെക്കു കിഴക്ക്), ഗെയിഹോകു (വടക്കു പടിഞ്ഞാറ്), ബിഹോകു (വടക്കു കിഴക്ക്). ഓരോ മേഖലക്കും അവയുടേതായ സംസ്​കാരവും ഭക്ഷണരീതിയും ആചാരങ്ങളുമുണ്ട്.

മറ്റേതൊരു ജാപ്പനീസ്​ വൻ നഗരങ്ങളെയുംപോലെ തിരക്കുപിടിച്ച നഗരമാണ് ഹിരോഷിമ ഇന്ന്. തുടർ വികസനമാണ് ഹിരോഷിമയുടെ മുഖമുദ്ര. ഹിരോഷിമ മുനിസിപ്പാലിറ്റിയുടെ സമഗ്ര വികസന പദ്ധതിയായ ‘ഹിരോഷിമ 2045: സിറ്റി ഓഫ് പീസ്​ ആ​ൻഡ് ക്രിയേറ്റിവിറ്റി’യുടെ കീഴിൽ നിരവധി പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചുകഴിഞ്ഞു.

ചുഗോകു മേഖലയിലെ തിരക്കുപിടിച്ച മെേട്രാപോളിസായ ഹിരോഷിമയിലെ യുദ്ധം തകർത്ത ചരിത്ര പ്രാധാന്യമുള്ള ഹിരോഷിമ കാസിൽ ഉൾപ്പെടെയുള്ളവ വർഷങ്ങൾക്കു മുമ്പേ പുനർനിർമിച്ചു. അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള കാസിലിന്റെ നിർമാണത്തിലെ ആദ്യഘട്ടം 1957ൽ പൂർത്തീകരിച്ചെങ്കിലും വിവിധ ഘട്ടങ്ങളിലായി അത് പൂർണമായും പുനർനിർമിക്കുകയായിരുന്നു. യുദ്ധത്തിനു മുമ്പുള്ള നഗരത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയമാണ് കാസിലിന് അകത്തെ പ്രധാന ആകർഷണം.

1868 മുതൽ ഹിരോഷിമ സൈനിക കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. സൈനിക നടപടികൾക്ക് ആവശ്യമായ ആയുധങ്ങൾ ഇവിടെയാണ് സൂക്ഷിക്കാറുള്ളത്. രണ്ടാം ലോകയുദ്ധത്തിൽ സഖ്യസേന ബോംബിങ്ങിന് നഗരത്തെ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിലൊന്ന് ഇതായിരുന്നു. അതിനുമുമ്പ് ഒരിക്കൽപോലും ഹിരോഷിമ ആക്രമിക്കപ്പെട്ടിരുന്നില്ല.

പ്രഥമ അണുബോംബ് വർഷത്തോടെ ലോകശ്രദ്ധയിലേക്ക് വന്ന ഹിരോഷിമക്ക് അധികം തിളക്കമില്ലാത്ത പൂർവകാല ചരിത്രമുണ്ട്. 16ാം നൂറ്റാണ്ടിന്റെ പകുതിക്കു മുമ്പ് ഇവിടെ വളരെ കുറഞ്ഞ ജനങ്ങളേ അധിവസിച്ചിരുന്നുള്ളൂ. മത്സ്യത്തൊഴിലാളികളാണ് കൊച്ചു കുടിലുകളിൽ പ്രധാനമായും പാർത്തിരുന്നത്. ഓത നദിയുടെ ഫലഭൂയിഷ്ഠമായ തടങ്ങളിൽ ഗോകാസൻ എന്ന പേരിൽ സമൂഹമായാണ് ഇവർ താമസിച്ചിരുന്നത്. നിരവധി കൊച്ചു ദ്വീപുകൾ ഇവിടെ ഉണ്ടായിരുന്നു. പിൽക്കാലത്ത് ഇവയൊക്കെ പാലങ്ങളാൽ ബന്ധിപ്പിക്കപ്പെട്ടു.

മെയിജി റെസ്റ്റോറേഷൻ എന്നറിയപ്പെടുന്ന 1868ലെ രാഷ്ട്രീയ വിപ്ലവം ജപ്പാന്റെ ചരിത്രത്തിൽ സുപ്രധാന ഏടാണ്. 1603 മുതൽ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കിവെച്ച സൈനിക ഭരണകൂടങ്ങളുടെ (ഷോഗുനേറ്റുകൾ) തകർച്ചയോടെ ചക്രവർത്തിമാരുടെ ഭരണത്തിലേക്ക് രാജ്യം വീണ്ടും എത്തിപ്പെടുന്നത് ഇതിനുശേഷമാണ്. അന്നത്തെ രാജ്യ തലസ്​ഥാനമായ ക്യോട്ടോയിൽ 1868 ജനുവരി മൂന്നിന് തോകുഗാവ യോഷിനോബുവെ സ്​ഥാനഭ്രഷ്ടനാക്കി യുവ മെയ്ജി ചക്രവർത്തി മുത്സുഹിതോയ അധികാരമേറ്റെടുത്തു. യോഷിനോബു കലാപം അഴിച്ചുവിട്ടെങ്കിലും അത് വളരെ പെട്ടെന്ന് കെട്ടടങ്ങി.

അധികാരമേറ്റെടുത്തയുടൻ ചക്രവർത്തി ചെയ്തത് ഇംപീരിയൽ കാലഘട്ടത്തിലെ ആസ്​ഥാനമായിരുന്ന ക്യോട്ടോയിൽനിന്ന് എഡോയിലേക്ക് തലസ്​ഥാനം മാറ്റുകയായിരുന്നു. ഷോഗുനേറ്റുകളുടെ തലസ്​ഥാനമായിരുന്നു എഡോ. അതാണ് പിൽക്കാലത്ത് ടോക്യോ ആയി മാറിയത്.

1868 മുതൽ 1912 വരെ നീണ്ടുനിന്ന മെയ്ജി കാലഘട്ടത്തിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യംവഹിച്ചു. ആധുനിക-പാശ്ചാത്യവത്കരണം ആരംഭിച്ചത് ഇക്കാലയളവിലാണ്. പ്രിഫെക്ചർ എന്നറിയപ്പെടുന്ന വലിയ ജില്ലകൾ, ചെറു ജില്ലകൾ, നഗരങ്ങൾ, ടൗണുകൾ, ഗ്രാമങ്ങൾ എന്നിങ്ങനെ ഭരണസൗകര്യത്തിനായി ജപ്പാൻ വിഭജിക്കപ്പെട്ടത് ഇക്കാലത്താണ്. അക്കൂട്ടത്തിലൊരു പ്രിഫെക്ചറായിരുന്നു ഹിരോഷിമ. അതിന്റെ തലപ്പത്ത് ഒരു ഗവർണർ നിയമിതനായി. ഹിരോഷിമ പ്രിഫെക്ചറിന്റെ ഭാഗമായിരുന്നുഹിരോഷിമ ടൗൺ. നാല് സബ് ഡിവിഷനുകൾ അടങ്ങിയ ഹിരോഷിമ നഗരം ഭരിക്കാൻ മേയറും നിയമിക്കപ്പെട്ടു. 1889ലാണ് ഹിരോഷിമയെ മുനിസിപ്പാലിറ്റിയായി ദേശീയ സർക്കാർ പ്രഖ്യാപിച്ചത്. അതൊടൊപ്പം 38 അർബൻ സെന്ററുകളും പ്രഖ്യാപിച്ചു. എല്ലാ ഔദ്യോഗിക പദവികളും നിയമനങ്ങളായിരുന്നു, തെരഞ്ഞെടുപ്പ് വഴിയായിരുന്നില്ല.

അക്കാലത്ത് ചക്രവർത്തിമാരുടെ കീഴിൽ ജപ്പാൻ രൂപപ്പെടുത്തിയ വിദേശനയങ്ങളാണ് ഹിരോഷിമയുടെ പുരോഗതിക്ക് നാഴികക്കല്ലായത്. പ്രധാനമായും സാമ്പത്തിക, സൈനിക മേഖലയായാണ് ഹിരോഷിമ വികസിച്ചത്. മത്സ്യത്തൊഴിലാളികളുടെ എതിർപ്പ് വകവെക്കാതെ യൂജിനയിൽ വലിയ ഹാർബർ പണിതുകൊണ്ടായിരുന്നു തുടക്കം. തങ്ങളുടെ പരമ്പരാഗത മീൻപിടിത്തത്തിന് ഹാർബർ വിഘാതമാകുമെന്ന് അവർ ന്യായമായും ഭയപ്പെട്ടു. മേഖലയുടെ ഗവർണറുടെ നേതൃത്വത്തിൽ 1884ൽ പണി തുടങ്ങിയ ഹാർബർ അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കി. ഹാർബർ പണിക്കായി നടത്തിയ ഡ്രഡ്ജിങ്ങിലൂടെ 20 ലക്ഷം ചതുരശ്ര മീറ്റർ ഭൂമി യൂജിന ദ്വീപിന് കൈവന്നു.

അങ്ങനെ വിശാലമായി പണിത ഹാർബറിനെ റെയിൽ, റോഡ് മാർഗങ്ങളിലൂടെ ഹിരോഷിമ നഗരവുമായി ബന്ധിപ്പിക്കാനായി. അക്കാലത്ത് ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ജപ്പാൻ നടത്തിയ യുദ്ധങ്ങളിൽ സൈനികർക്ക് വന്നുപോകാൻ ഹാർബർ ഏറെ സഹായകമായി. ചൈനയുമായുള്ള യുദ്ധവേളയിൽ ചക്രവർത്തി തന്റെ താവളംതന്നെ ഹിരോഷിമയിലേക്ക് മാറ്റി അവിടെ സൈനിക ആസ്​ഥാനം പണിയുകയുണ്ടായി. ഇവിടെ വെച്ചാണ് സൈനിക തന്ത്രങ്ങൾ ആവിഷ്കരിച്ചത്. ഹിരോഷിമ കോട്ടയുടെ വളപ്പിൽ പണിത കെട്ടിടത്തിലാണ് ഡയറ്റ് (പാർലമെന്റ്) സമ്മേളിച്ചിരുന്നത്.

അണുബോംബ് വർഷത്തിൽ നിരവധി പാലങ്ങൾ പൂർണമായും തകരുകയും ചിലതിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ പരാമർശിക്കപ്പെടേണ്ടതാണ് അയോയി പാലം. അയോയി ബാഷി എന്നാണ് പൂർണ നാമം. ഓത നദിക്കു കുറുകെ 1932ൽ നിർമിച്ച ഈ പാലത്തിന് ഒരു പ്രത്യേകതയുണ്ട്. ഇംഗ്ലീഷിലെ ‘ടി’ ആകൃതിയിലാണ് ഇതിന്റെ നിർമാണം. രൂപത്തിലെ പ്രത്യേകത കാരണം രണ്ടാം ലോകയുദ്ധ വേളയിൽ സഖ്യസേനയുടെ പ്രധാന ലക്ഷ്യങ്ങളിൽ അയോയി പാലവും ഉൾപ്പെട്ടിരുന്നു. ഹിരോഷിമ നഗരത്തോട് ചേർന്നതിനാൽ യുദ്ധവിമാനങ്ങൾക്ക് എളുപ്പത്തിൽ പാലം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ബോംബ് വർഷത്തിൽ പൂർണമായും തകർന്നില്ലെങ്കിലും പാലത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അറ്റകുറ്റ പ്പണികൾ പൂർത്തീകരിച്ച പാലത്തിലൂടെ 1945 സെപ്റ്റംബർ ഏഴു മുതൽക്കുതന്നെ ചെറിയ വാഹനങ്ങൾ സർവിസ്​ തുടങ്ങിയിരുന്നു. ഏതാണ്ട് നാൽപതിലേറെ വർഷം പ്രവർത്തനസജ്ജമായിരുന്ന അയോയി ബാഷി 1983ൽ പൊളിച്ചുമാറ്റി തൽസ്​ഥാനത്ത് പുതിയ പാലം പണിതു.

യുദ്ധത്തിൽ തകർന്നവയിൽ ആദ്യം പുനർനിർമിക്കപ്പെട്ടത് ഇനാരി പാലമാണ്. യുദ്ധസ്​മാരകമായി സ്​ഫോടനത്തിൽ തകർന്ന പാലത്തിന്റെ ചില ഭാഗങ്ങൾ ഹിരോഷിമ പീസ്​ മെമ്മോറിയൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ആധുനിക നഗരം

യുദ്ധാനന്തര ഹിരോഷിമ നഗരം രൂപകൽപന ചെയ്തത് ജാപ്പനീസ്​ ആർക്കിടെക്ട് താംഗെ കെൻസോയാണ്. ഹിരോഷിമ സമാധാന സ്​മാരക പാർക്ക് സംവിധാനിക്കുന്നതിലും കെൻസോയുടെ പങ്ക് വലുതാണ്. പാർക്കിന്റെ ഭാഗമായ സമാധാന കേന്ദ്രം, മ്യൂസിയം എന്നിവ ഡിസൈൻ ചെയ്തത് അദ്ദേഹമാണ്.

വർഷങ്ങൾ നീങ്ങുമ്പോഴേക്ക് ഒരു ആധുനിക നഗരമായി ഹിരോഷിമയും പ്രാന്തപ്രദേശങ്ങളും രൂപപ്പെട്ടിരുന്നു. വലിയ കെട്ടിടങ്ങൾ, ബാങ്കുകൾ, സ്റ്റോക്ക് എക്സ്​ചേഞ്ചുകൾ തുടങ്ങിയവ നഗരത്തിൽ പലയിടങ്ങളിലും ഉയർന്നു. നഗരത്തെ മറ്റു പ്രി​െഫക്ചറുകളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഗതാഗത സംവിധാനങ്ങൾ പുരോഗമിച്ചതോടെ ഹിരോഷിമ കേന്ദ്രമായി വലിയ വ്യവസായശാലകൾ ഉയർന്നു. കാർ, ട്രക്ക് നിർമാതാക്കളായ ടോയോ ഇ​ൻഡസ്​ട്രീസിന്റെ വലിയ ഫാക്ടറികൾ, മിറ്റ്സുബിഷിയുടെ കപ്പൽനിർമാണശാല, വിവിധ യന്ത്രങ്ങൾ നിർമിക്കുന്ന ഫാക്ടറികൾ, നിപ്പോൺ സ്​റ്റീൽ തുടങ്ങിയവ ഇതിൽ എടുത്തുപറയേണ്ടവയാണ്. പല വൻകിട കമ്പനികളും ഹിരോഷിമ ആസ്​ഥാനമായാണ് പ്രവർത്തിക്കുന്നത്. മസ്​ദ മോട്ടോർ കോർപറേഷന്റെ (പഴയ ടോയോ കോഗ്യോ കമ്പനി) ആസ്​ഥാനവും ഫാക്ടറിയും ഹിരോഷിമയിലാണ്.1909ൽ ജനസംഖ്യ 1,40,000 ആയിരുന്നെങ്കിൽ 1940ൽ അത് 3,44,000 ആയി ഉയർന്നു. അതുപോലെ 1889ൽ 27 ചതുരശ്ര കിലോമീറ്റർ ആയിരുന്ന നഗരവിസ്​തൃതി നാൽപതു വർഷം പിന്നിട്ടപ്പോൾ 69 ചതുരശ്ര കിലോമീറ്ററായി ഉയർന്നു.

അണുബോംബ് വർഷിക്കുന്നതിനു മുമ്പ് ഏതാണ്ട് മൂന്നരലക്ഷമായിരുന്ന ഹിരോഷിമയിലെ ജനസംഖ്യ, സ്​ഫോടനാനന്തരം 210,000ലേക്ക് ചുരുങ്ങുകയുണ്ടായി. ലക്ഷത്തിലേറെ പേർ മരിച്ചത് മാത്രമല്ല കാരണം. അണുപ്രസരണം ഭയന്ന് നഗരംവിട്ട സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അത്രയും വലുതായിരുന്നു. ഇതിനെല്ലാം പുറമെ ജനനനിരക്കിലും കാര്യമായ ഇടിവുണ്ടായി.

 

യുദ്ധത്തിനു മുമ്പുണ്ടായിരുന്ന ജനസംഖ്യയിലേക്ക് തിരിച്ചെത്താൻ പതിമൂന്ന് വർഷമാണ് ഹിരോഷിമക്ക് വേണ്ടിവന്നത്. 1958 ഒടുവിൽ ഹിരോഷിമയിലെ ജനങ്ങളുടെ എണ്ണം 4,10,000 പിന്നിട്ടു. പ്രത്യേക ഓർഡിനൻസിലൂടെ ജപ്പാൻ സർക്കാർ രൂപകൽപന ചെയ്യുന്ന പത്താമത്തെ നഗരമായി 1980ൽ പ്രഖ്യാപിക്കപ്പെട്ടതോടെ നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വളർച്ച കുതിച്ചുയർന്നു.

ഇന്ന് 28 ലക്ഷത്തിലേറെ പേർ അധിവസിക്കുന്ന മഹാ നഗരമായി ഹിരോഷിമ മാറിയിരിക്കുന്നു. പത്തു വർഷം മുമ്പ് ഇത് 11 ലക്ഷമായിരുന്നു. അണുബോംബിന്റെ ഭീകരത ഹിരോഷിമയിലെ പുതുതലമുറക്ക് പൊതുവെ ഇല്ലെന്നു തന്നെ പറയാം. കഴിഞ്ഞ കാലത്തെ ഓർത്ത് സങ്കടപ്പെടാനല്ല, ഭാവിയിലേക്ക് ഉറ്റുനോക്കാനാണ് ഹിരോഷിമയിലെ യുവതലമുറ പഠിച്ചിരിക്കുന്നത്. അൽപം പ്രായംചെന്നവർ, വിശിഷ്യാ ടാക്സി ൈഡ്രവർമാർ ഭീകര ദിനങ്ങളെക്കുറിച്ച് സംസാരിക്കാൻ താൽപര്യം കാണിക്കുന്നതായി തോന്നിയില്ല.

ടോക്യോയിലെ തിരക്കേറിയ ഗിൻസ സ്​ട്രീറ്റ്പോലെ, ഓസകയിലെ ഷിൻസായിബാശി സ്​ട്രീറ്റ്പോലെ ഹിരോഷിമക്കുമുണ്ട് തിരക്കേറിയ ഡൗൺടൗൺ ഏരിയ. നിരവധി കടകളും ഷോപ്പിങ് സെന്ററുകളും റസ്റ്റാറ​ന്റുകളും നിറഞ്ഞുനിൽക്കുന്ന ഹോൻദോരി സ്​ട്രീറ്റ് ടൂറിസ്റ്റുകളുടെ ആകർഷക കേന്ദ്രമാണ്. മുകൾഭാഗം പൂർണമായും മറച്ച ഈ ഷോപ്പിങ് തെരുവിന് സമാനമായത് തുർക്കിയിലെ ഗാസിയൻടെപ്പിലും മറ്റും കണ്ടിട്ടുണ്ട്.

ഹിരോഷിമ മ്യൂസിയവും പീസ്​ പാർക്കും സന്ദർശിച്ച ശേഷമാണ് അര കിലോമീറ്റർ കിഴക്ക് മാറിയുള്ള ഹോൻദോരിയിലേക്ക് നടത്തം തുടങ്ങിയത്. ഹോൻദോരിക്ക് സമാന്തരമായുള്ള അയോദരി സ്​ട്രീറ്റിലാണ് വാഹന ഗതാഗതവും ട്രാം സർവിസുമുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ ഹോൻദോരി വ്യാപാരകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു.

ജപ്പാനിലെ മറ്റു ഷോപ്പിങ് ആർക്കേഡുകളെ അപേക്ഷിച്ച് ഹോൻദോരിയുടെ പ്രത്യേകത ആധുനികത മുറ്റിനിൽക്കുന്ന കടകളും വ്യാപാര കേന്ദ്രങ്ങളുമാണ്. അഡിഡാസ്​, സ്റ്റാബർബക്സ്​, മക്ഡൊണാൾഡ്സ്, ക്ലെയേഴ്സ്​, ഹാർഡീസ്​ തുടങ്ങി പ്രശസ്​തമായ പാശ്ചാത്യൻ ബ്രാൻഡുകളുടെ ഒരുനിരതന്നെ ഇവിടെ കാണാം. അതിനാൽ സായാഹ്നങ്ങളിൽ ചെറുപ്പക്കാരുടെ സംഗമകേന്ദ്രം കൂടിയാണിത്. തെരുവിന്റെ അങ്ങേയറ്റത്താണ് പ്രാദേശിക ബ്രാൻഡുകളായ മിറ്റ്സുകോഷി, പാർക്കോ തുടങ്ങിയവയുടെ വിശാലമായ ഷോപ്പുകൾ.

ഓകോനോമിയാക്കി എന്ന ജപ്പാൻകാരുടെ പ്രിയപ്പെട്ട ഭക്ഷണം ലഭിക്കുന്ന നിരവധി കടകൾ ഹോൻദോരിയിൽ കാണാം. ധാന്യപ്പൊടിയും മുട്ടയും വെള്ളവും ഉപയോഗിച്ച് തയാറാക്കുന്ന ജാപ്പനീസ്​ പാൻ കേക്കാണ് ഓകോനോമിയാക്കി. കാബേജ്, മാംസം അല്ലെങ്കിൽ മത്സ്യം, ചെമ്മീൻ തുടങ്ങിയവയാണ് ടോപ്പിങ്ങായി ഉപയോഗിക്കുക. പാശ്ചാത്യരുടെ പിസ്സയുടെ ജാപ്പനീസ്​ വേർഷൻ എന്നു വേണമെങ്കിൽ പറയാം. ഓസകയും ഹിരോഷിമയുമാണ് ഓകോനോമിയാക്കിയുടെ പ്രധാന കേന്ദ്രങ്ങൾ. ഹിരോഷിമയാകി എന്നാണ് ഇവിടെ തയാറാക്കുന്ന ഈ വിഭവത്തിന്റെ പേര്. ഓസകയിൽ ലഭിക്കുന്ന ഓകോനോമിയാക്കിയേക്കാൾ പ്രത്യേകമായ ചില ചേരുവകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഹിരോഷിമയുടെ സിഗ്നേച്ചർ ഡിഷായാണ് ഇത് അറിയപ്പെടുന്നത്. വഓകോനോമിമുറ എന്നറിയപ്പെടുന്ന ഫുഡ് കോർട്ടിൽ അമ്പതിൽ കുറയാത്ത റസ്റ്റാറന്റുകളുണ്ട്.

News Summary - weekly yathra