ഹിബാകുഷകള്‍
ജപ്പാന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ അണുബോംബിനെ അതിജീവിച്ചവരെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്. ഹിബാകുഷകളുടെ മക്കളും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയോടെയാണ് കഴിയുന്നത്.ആയിരങ്ങളുടെ വിധി മാറ്റിമറിച്ചതാണ് ആ മിന്നല്‍പ്പിണര്‍. അതിജീവിച്ചവരില്‍ ഏറെയും ആന്തരികമായി മരിച്ചിരുന്നു -ഷാ കുസ്കി, സോള്‍ ലാന്‍റേണ്‍സ് അണുബോംബിനെ അതിജീവിച്ചവരെ ജാപ്പനീസ് ഭാഷയില്‍ ഹിബാകുഷ എന്നാണ് വിളിക്കുക. ബോംബിന്‍റെ കെടുതികള്‍ ബാധിച്ച വിഭാഗമെന്നര്‍ഥം. ഹിബാകുഷയുടെ പരിധിയില്‍ വരുന്നവര്‍ ആരൊക്കെയാണെന്ന് അണുബോംബ് അതിജീവന...
Your Subscription Supports Independent Journalism
View Plansജപ്പാന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ അണുബോംബിനെ അതിജീവിച്ചവരെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്. ഹിബാകുഷകളുടെ മക്കളും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയോടെയാണ് കഴിയുന്നത്.
ആയിരങ്ങളുടെ വിധി മാറ്റിമറിച്ചതാണ്
ആ മിന്നല്‍പ്പിണര്‍.
അതിജീവിച്ചവരില്‍ ഏറെയും
ആന്തരികമായി മരിച്ചിരുന്നു
-ഷാ കുസ്കി, സോള്‍ ലാന്‍റേണ്‍സ്
അണുബോംബിനെ അതിജീവിച്ചവരെ ജാപ്പനീസ് ഭാഷയില്‍ ഹിബാകുഷ എന്നാണ് വിളിക്കുക. ബോംബിന്‍റെ കെടുതികള്‍ ബാധിച്ച വിഭാഗമെന്നര്‍ഥം. ഹിബാകുഷയുടെ പരിധിയില്‍ വരുന്നവര്‍ ആരൊക്കെയാണെന്ന് അണുബോംബ് അതിജീവന ആശ്വാസ നിയമം (Atomic Bomb Survivors Relief Law) വിശദീകരിക്കുന്നുണ്ട്. ബോംബ് വര്‍ഷം നേരില്‍ അനുഭവിക്കുകയും എന്നാല്‍, മരണത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തവര്‍, ബോംബിങ് കഴിഞ്ഞതിനു പിന്നാലെ അതിന്‍റെ കെടുതികള്‍ അനുഭവിച്ചവര്‍, അണുബോംബുകള്‍ പതിച്ചതിന്‍റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുകയും രണ്ടാഴ്ചക്കിടയില്‍ അതിന്‍റെ ദുരന്തം അനുഭവിക്കുകയും ചെയ്തവര്‍, അണുവികിരണം ഏറ്റവര്‍, ബോംബിങ് വേളയില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരുന്നവര്‍ തുടങ്ങി അണുബോംബ് വര്‍ഷത്തിന്‍റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
തങ്ങളുടെ ദുരിതങ്ങള്‍ ജപ്പാന്‍ സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഹിബാകുഷകള്‍ 1956ല്‍ നിഹോണ്‍ ഹിദന്‍ക്യോ (ആറ്റം, ഹൈഡ്രജന്‍ ബോംബുകള്‍ അതിജീവിച്ചവരുടെ കോണ്‍ഫെഡറേഷന്‍) എന്ന സംഘടന രൂപവത്കരിച്ചു നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് നിലപാട് മാറ്റത്തിന് സര്‍ക്കാര്‍ തയാറായത്. അണുബോംബ് ഇരകള്‍ക്കുള്ള വൈദ്യസഹായ നിയമവും (1956) ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള പ്രത്യേക സഹായ നിയമവും (1967) ഡയറ്റ് (പാര്‍ലമെന്‍റ്) പാസാക്കുന്നത് അങ്ങനെയാണ്. മാത്രമല്ല, സംഘടനയുടെ പ്രവര്‍ത്തനഫലമായി ജപ്പാന് അകത്തും പുറത്തും കഴിയുന്ന അണുബോംബ് ഇരകള്‍ക്ക് മാസാന്ത അലവന്‍സും സര്‍ക്കാര്‍ നല്‍കുന്നു. ഇതൊക്കെയാണെങ്കിലും ഹിബാകുഷകളും അവരുടെ കുടുംബാംഗങ്ങളും ഇന്നും വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ആറ്റമിക് ബോംബ് മ്യൂസിയം മുഴുവന്‍ കണ്ടശേഷം അല്‍പം വിശ്രമം ആകാമെന്നു കരുതി സന്ദര്‍ശക മുറിയിലെത്തി. അവിടത്തെ വിശാലമായ സോഫകളിലൊന്നില്‍ ഇരുന്നപ്പോഴാണ് മുഴുസമയവും പ്രവര്‍ത്തനനിരതമായ മൂന്നോ നാലോ ടെലിവിഷന്‍ സ്ക്രീനുകളില്‍ ദുരന്തവുമായി ബന്ധപ്പെട്ട ഫൂട്ടേജുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ബോംബിങ്ങിനുശേഷമുള്ള ഹിരോഷിമ നഗരം, ബോംബിങ്ങിനെ അതിജീവിച്ചവരുടെയും അവരുടെ മക്കളുടെയും അനുഭവങ്ങള്‍ തുടങ്ങിയവയാണ് പ്രതിപാദ്യം. ശ്രദ്ധ മുഴുവന്‍ അതിലേക്ക് ചാലിച്ചപ്പോള്‍ സമയം പോയതറിഞ്ഞില്ല. മരണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട പലരുടെയും വിവരണങ്ങള്‍ കണ്ണീര്‍ തുടക്കാതെ കേട്ടിരിക്കാനാവില്ല. ഹിബാകുഷകളുടെ വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സംഭവങ്ങള്‍ അടുത്തിടെ നടന്ന പ്രതീതിയാണ് ഉണ്ടാക്കുക.
ബോംബിങ്ങിനെ അതിജീവിച്ച സദാകോ മോറിയാമ എന്ന സ്ത്രീ നല്‍കിയ വിവരണം ഞെട്ടിപ്പിക്കുന്നതാണ്. ബോംബാക്രമണത്തിന്‍റെ സൈറൺ കേട്ടയുടന്‍ ബോംബ് ഷെല്‍ട്ടറില്‍ അഭയം പ്രാപിച്ചതായിരുന്നു അവര്‍. സ്ഫോടനത്തിനുശേഷം വലിയ ഇഴ ജന്തുക്കള്‍ ഷെല്‍ട്ടറിലേ ക്ക് കയറിപ്പോകുന്നത് കണ്ട് അവര്‍ ഭയന്നു. എന്നാല്‍, മാരകമായ ബോംബിങ്ങില്‍ ശരീരത്തിലെ തൊലി മുഴുവന്‍ നഷ്ടപ്പെട്ട് ഞരങ്ങിവന്ന മനുഷ്യരായിരുന്നു അതെന്നറിഞ്ഞ സദാകോ മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. ഭീതിദമായ ആ രംഗം ഓര്‍ത്തെടുക്കാന്‍പോലും അവര്‍ അശക്തയായിരുന്നു.
രണ്ടാം ലോക യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും ഹിരോഷിമ നഗരം സഖ്യസേനയുടെ ബോംബ് ആക്രമണങ്ങളില്‍നിന്ന് ഏറക്കുറെ ഒഴിവാക്കപ്പെട്ടിരുന്നു. എങ്കിലും വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തിന്‍റെ ഭാഗമായി ചീറിപ്പറക്കുന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പലുകള്‍ അതിന്‍റെ പ്രൊപ്പല്ലറിന്‍റെ ശബ്ദത്തില്‍മാത്രം തിരിച്ചറിയാന്‍ നഗരവാസികളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു ഫ്യൂജിയോ ടോറികോഷി. ബോംബ് വര്‍ഷിച്ച നിമിഷം ഓര്‍ത്തെടുക്കുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍:
‘‘വിമാനങ്ങളുടെ ഇരമ്പലുകള്‍ കേട്ടാല്‍ ഏതു തരത്തിലുള്ളതാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് രാവിലെ നഗരത്തിനു മുകളിലൂടെ പറന്നത് ബി-29 ഇനത്തില്‍പെട്ട ബോംബറാണെന്ന് പെട്ടെന്ന് മനസ്സിലായി. മൈതാനത്തുനിന്ന് ആകാശത്തേക്ക് നോക്കിയപ്പോള്‍ വിമാനങ്ങളൊന്നും കണ്ടില്ല. ആശയക്കുഴപ്പത്തിലായ ഞാന്‍ വടക്കുകിഴക്കോട്ട് നോക്കി. ആകാശത്ത് ഒരു കറുത്ത പുള്ളി ദൃശ്യമായി, ഒപ്പം അമ്പരപ്പിക്കുന്ന പ്രകാശവും. തുടര്‍ന്ന് കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. മിന്നലിനെ വെല്ലുന്ന പ്രകാശം, കടുത്ത ചൂട്, ശബ്ദം എന്നിവ ഒത്തുചേര്‍ന്ന ഒന്നായാണ് ബോംബിങ്ങിനെ അതിജീവിച്ച വേറെ ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. അവരുടെ ഭാഷയില്‍ അത് ‘പിക്കാഡോണ്‍’ ആയിരുന്നു. മിന്നലിനു സമാനമായ വെളിച്ചത്തിനാണ് ‘പിക്ക’ എന്നു പറയുന്നത്. ‘ഡോണ്‍' എന്നാല്‍ ഇടിമുഴക്കംപോലെയുള്ള ശബ്ദവും.
പിക്കാഡോണ്‍ കാരണമാണ് കുറേയാളുകള്‍ കൊല്ലപ്പെട്ടത്. പലരുടെയും ശരീരം മുഴുവന്‍ കത്തിച്ച അഗ്നിയാണത്. കുട്ടികളുടെ കൈവശമുണ്ടായിരുന്ന ചോറ്റുപാത്രങ്ങളും മറ്റും ഉരുകിയൊലിക്കാന്‍ മാത്രം കടുത്തതായിരുന്നു ചൂട്. ബോംബ് വര്‍ഷത്തിന്‍റെ നേരനുഭവങ്ങള്‍ പങ്കുവെച്ച മറ്റൊരു ഹിബാകുഷയാണ് സൂനാവോ സുബോയി. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ 2016ല്‍ ഹിരോഷിമ സന്ദര്‍ശിച്ചപ്പോള്‍ സുബോയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2021ല്‍ 96ാം വയസ്സിലാണ് ഇദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
ടെലിവിഷനു മുന്നിലിരുന്ന് സുബോയി പറയുന്നത് താല്‍പര്യപൂര്‍വം ഞാന്‍ കുറിച്ചെടുത്തു. ആഗസ്റ്റ് ആറിന് രാവിലെ അണുബോംബ് വര്‍ഷം നടക്കുമ്പോള്‍ ഗ്രൗണ്ട് സീറോയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം. എൻജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന സുബോയിക്ക് അന്ന് പ്രായം ഇരുപത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യമൊന്നും മനസ്സിലായില്ല. ആകാശത്ത് പ്രകമ്പനംകൊള്ളിക്കുന്ന ശബ്ദം കേട്ടിരുന്നു. ഇനോള ഗേ എന്ന അമേരിക്കയുടെ ഭീമാകാരമായ ബി-29 ബോംബര്‍ വിമാനമായിരുന്നു അതെന്ന് അപ്പോഴൊന്നും അറിയില്ലായിരുന്നു. പൊടുന്നനെ ഭീകരമായ ശബ്ദമായിരുന്നു. നിന്നയിടത്തുനിന്ന് തെറിച്ചുവീണ സുബോയി കണ്ടത് ആകാശത്ത് വെള്ളിനിറത്തിലുള്ള മിന്നലായിരുന്നു. മേഘങ്ങള്‍ കറുത്തിരുണ്ടിരുന്നു. പിന്നീട് അബോധാവസ്ഥയിലായ അദ്ദേഹത്തിന്‍റെ ശരീരമാസകലം പൊള്ളലേറ്റിരുന്നു.
ചുറ്റുവട്ടത്തും ഭീകര രംഗങ്ങളായിരുന്നു. ഭൂമിയിലെ നരകമെന്ന് പറയാമെങ്കില്‍ അതായിരുന്നു അവിടെ കണ്ടത്. ആളുകള്‍ പരക്കംപായുന്നു. ഓടാന്‍ ശ്രമിക്കുന്ന പലരും നിലംപതിക്കുന്നു. ഓടാന്‍ അവര്‍ക്ക് കാലുകള്‍ ഉണ്ടായിരുന്നില്ല. ചിലരുടെ കൈകള്‍ നഷ്ടപ്പെട്ടിരുന്നു. ആന്തരികാവയവങ്ങള്‍ പുറത്തേക്ക് വന്ന് നിലവിളിക്കുന്നവരെയും തനിക്ക് കാണേണ്ടിവന്നുവെന്ന് സുബോയി വിശദീകരിക്കുന്നു. സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തനിക്ക് ആദ്യമൊക്കെ ഇഴഞ്ഞുമാത്രമേ നീങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. മുഖം ഉള്‍പ്പെടെ ശരീരമാസകലം പാടുകളായിരുന്നു.
1925 മേയ് അഞ്ചിന് ഹിരോഷിമയില്‍നിന്ന് അല്‍പം അകലെ കുറാഹാഷി ദ്വീപിലെ ഓണ്ടോയിലാണ് സുബോയി ജനിച്ചത്. അവിടത്തെ സ്കൂളിലെ പഠനത്തിനുശേഷം എൻജിനീയറാവുക എന്ന മോഹവുമായാണ് 1943ല്‍ ഹിരോഷിമയില്‍ എത്തുന്നത്. ഹിരോഷിമ കോളജ് ഓഫ് ടെക്നോളജിയിലെ മെഷിനറി വിഭാഗത്തിലായിരുന്നു തുടര്‍പഠനം.
അണുബോംബ് ആക്രമണം അതിജീവിച്ചശേഷം ജൂനിയര്‍ ഹൈസ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായും ഹിരോഷിമ പ്രിഫെക്ചറിലെ മറ്റൊരു സ്കൂളില്‍ പ്രിന്‍സിപ്പലായും അദ്ദേഹം ജോലി നോക്കി. ഹിബാകുഷയായതിനാല്‍ വ്യക്തിജീവിതത്തില്‍ ചില വിവേചനങ്ങള്‍ അദ്ദേഹം അനുഭവിക്കുകയുണ്ടായി. സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യം സഫലമായില്ല. തന്‍റെ മുന്‍ വിദ്യാര്‍ഥിനി സുസുകോ ഇനോകിയെ വിവാഹം ചെയ്യാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
എന്നാല്‍ സുബോയി അധിക കാലം ജീവിക്കില്ലെന്ന് പറഞ്ഞ് ഇനോക്കിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ഇനോകി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഇനോകിയുടെ മാതാപിതാക്കള്‍ നിലപാട് മാറ്റിയതോടെ സ്നേഹിച്ച പെണ്‍കുട്ടിയെ 1957ല്‍ അദ്ദേഹം വിവാഹം ചെയ്തു. 1992ല്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഇഹലോകവാസം വെടിയുന്നതു വരെയുള്ള മുപ്പത്തഞ്ചു വര്‍ഷം ഈ ദാമ്പത്യം നീണ്ടുനിന്നു. ഒരു മകനും രണ്ടു പെണ്‍മക്കളും നിരവധി പേരക്കുട്ടികളും ഉള്‍പ്പെടുന്നതായിരുന്നു സുബോയിയുടെ കുടുംബം.
തുടര്‍ന്നുള്ള ജീവിതം അണുവായുധത്തിനെതിരായ പോരാട്ടങ്ങള്‍ക്കായി സുബോയി നീക്കിവെച്ചു. അണുബോംബ്, ഹൈഡ്രജന്‍ ബോംബ് ഇരകളുടെ സംഘടനയായ ഹിദാന്‍കിയോയുടെ രക്ഷാധികാരി ആയിരുന്നു അദ്ദേഹം. അധ്യാപകനായിരിക്കെ എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് ഹിരോഷിമ ദുരന്തസ്മരണ ശിഷ്യരുമായി പങ്കുവെക്കാനാണ് സുബോയി സമയം കണ്ടെത്തിയിരുന്നത്. ‘‘ഇന്ന് ക്ലാസുണ്ടായിരിക്കില്ല, പകരം എന്‍റെ ജീവിതകഥ ഞാന്‍ പറഞ്ഞുതരാം’’, കുട്ടികളോട് അദ്ദേഹം പറയും. അണുബോംബിന്‍റെ ഭീകരത നിങ്ങള്‍ മുതിര്‍ന്നവരാകുമ്പോഴും മറന്നുപോകരുതെന്നായിരിക്കും അദ്ദേഹത്തിന്‍റെ ഉപദേശം.
ഹിബാകുഷകളുടെ ജീവിക്കുന്ന പ്രായം ചെന്ന പ്രതിനിധിയെന്ന നിലയില്‍ 2000, 2005, 2010 വര്‍ഷങ്ങളില്‍ യു.എന്നിന്‍റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന ആണവ നിര്‍വ്യാപന കരാറിന്‍റെ അവലോകന സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അത്തരമൊരു സന്ദര്‍ശനവേളയില്‍ നാഷനല്‍ എയര്‍ ആൻഡ് സ്പേസ് മ്യൂസിയത്തോട് ചേര്‍ന്ന സിറ്റീവന്‍ എഫ് ഉദ്വാര്‍-പേസി സെന്‍ററില്‍ സുബോയി എത്തിയത് അവിടെ നടന്നുകൊണ്ടിരുന്ന പ്രദര്‍ശനം വീക്ഷിക്കാനായിരുന്നില്ല, മറിച്ച് തന്‍റെയും അണുബോംബിന് ഇരകളായ പതിനായിരക്കണക്കിന് ജപ്പാന്‍കാരുടെയും ജീവിതം തുലച്ച ഇനോള ഗേ എന്ന ബോംബര്‍ വിമാനം പ്രദര്‍ശിപ്പിക്കുന്നതിന് എതിരെ പ്രതിഷേധിക്കാനായിരുന്നു. മനുഷ്യജീവനെ തുടച്ചുനീക്കിയ ഇനോളയുടെ പൈശാചികത ലോകത്തിനു മുന്നില്‍ ഏറ്റുപറയുന്നതിന് പകരം അതിന്‍റെ സാങ്കേതികവിദ്യയുടെ മഹത്ത്വം പ്രചരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഷേധം.
ഹിരോഷിമ കമ്യൂണിക്കേഷന്‍ ആശുപത്രിയുടെ ഡയറക്ടര്‍ ആയിരുന്ന മിഷിഹികോ ഹാഷിയ ഭയാനക ദൃശ്യങ്ങള്‍ തന്‍റെ ഡയറിയില്‍ കുറിച്ചിട്ടത് ഇങ്ങനെ: ‘‘ആഗസ്റ്റ് ആറിലെ പ്രഭാതം മനോഹരമായിരുന്നു. മാനം മേഘാവൃതമല്ല. മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യ രശ്മികള്‍ എന്‍റെ തോട്ടത്തില്‍ നിഴലുകള്‍ സൃഷ്ടിച്ചു. പൊടുന്നനെയാണ് ബോംബിങ്ങിന്‍റെ ശബ്ദം കേട്ടത്. ആകാശത്ത് വലിയ പ്രകാശം പരന്നു, അതോടൊപ്പം തോട്ടത്തിലെ നിഴലും അപ്രത്യക്ഷമായി. പ്രകാശപൂരിതമായിരുന്ന മാനം പെട്ടെന്ന് കറുത്തിരുണ്ടു. എല്ലാം സെക്കൻഡുകള്‍ക്കിടയിലായിരുന്നു. ബോംബിങ്ങിന്‍റെ ആഘാതത്തില്‍ ധരിച്ച വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതായും അങ്ങിങ്ങായി പൊള്ളലേറ്റതായും ഞാനറിഞ്ഞു. ശരീരത്തിന്‍റെ വലതുഭാഗത്ത് പലയിടത്തും മുറിവേറ്റിട്ടുണ്ടായിരുന്നു, അവിടങ്ങളില്‍നിന്ന് രക്തമൊലിക്കാന്‍ തുടങ്ങി...’’
ഹാഷിയ ഭാഗ്യവാനായിരുന്നു. സര്‍വനാശമുണ്ടാക്കിയ അണുബോംബ് വര്‍ഷത്തില്‍ ഈയാംപാറ്റകളെപ്പോലെ വെന്തുമരിച്ചു വീണ പതിനായിരങ്ങളില്‍ അേദ്ദഹം ഉള്‍പ്പെട്ടില്ല. പരിക്കുകള്‍ അത്ര സാരമുള്ളതുമായിരുന്നില്ല. അതിനാല്‍ മരിച്ചു ജീവിക്കുന്ന പതിനായിരം നിര്‍ഭാഗ്യവാന്മാരിലും അദ്ദേഹം ഉള്‍പ്പെട്ടില്ല. ഹിരോഷിമയുടെ പ്രധാന വാണിജ്യ, വ്യവസായ കേന്ദ്രങ്ങളും സര്‍ക്കാര്‍, സൈനിക കേന്ദ്രങ്ങളും വീടുകളും വിദ്യാലയങ്ങളും തുടങ്ങി സകലതും കത്തിച്ചാമ്പലായ ബോംബിങ്ങില്‍ അവശേഷിച്ചത് തുറമുഖം മാത്രമായിരുന്നു. ബോംബ് വര്‍ഷിച്ചിടത്തുനിന്ന് അകലെയായിരുന്നു എന്നതു മാത്രമായിരുന്നു അതിനു കാരണം.
പ്രസ്ഥാനം രൂപംകൊള്ളുന്നു
1954 മാര്‍ച്ച് ഒന്നിന് 23 തൊഴിലാളികളുമായി ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയ ഭീമാകാരമായ ജാപ്പനീസ് ബോട്ട് ഡെയിഗോ ഫുക്റുയു മാറു (ലക്കി ഡ്രാഗണ്‍ 5 എന്നും ഇതിനു പേരുണ്ട്) വടക്കന്‍ പസഫിക്കിനു സമീപത്തെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള മിഡ് വേ പവിഴദ്വീപിനു സമീപത്ത് വലകളും മറ്റു ട്രോളിങ് ഉപകരണങ്ങളും നഷ്ടപ്പെടുന്നു. ദിശമാറി മാര്‍ഷല്‍ ദ്വീപസമൂഹത്തിനു സമീപം അമേരിക്ക തെര്‍മോന്യൂക്ലിയര്‍ പരീക്ഷണം നടത്തിയ പ്രദേശത്തിന് അടുത്തുകൂടി പോയതിനാല്‍ ബോട്ടിലെ ജീവനക്കാര്‍ക്ക് അണുവികിരണം ഏല്‍ക്കുകയുണ്ടായി. മുഖ്യ റേഡിയോമാന്‍ കുബോയാമ ഐകിച്ചി ഒഴികെയുള്ളവരെല്ലാം സുഖം പ്രാപിച്ചു. അമേരിക്ക നടത്തിയ ഹൈഡ്രജന്‍ ബോംബിന്റെ ആദ്യ ഇരയായിരുന്നു കുബോയാമ. ലോകത്തെ അഞ്ചാമത്തെ ഏറ്റവും ശക്തമായ അണുസ്ഫോടനമായിരുന്നു 1954 മാര്‍ച്ച് ഒന്നിനു നടന്ന കാസില്‍ ബ്രാവോ സ്ഫോടനം.
സംഭവം ജപ്പാനില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും സര്‍ക്കാറിന്‍റെ നിസ്സംഗതക്ക് എതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരുകയുംചെയ്തു. ഹിബാകുഷകള്‍ക്കായുള്ള പ്രസ്ഥാനം രൂപംകൊള്ളുന്നത് അങ്ങനെയാണ്. പ്രതിഷേധം ശക്തമായതോടെ അണുബോംബിന്‍റെ ഇരകള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്ന നിയമം ഗവണ്‍മെന്‍റ് നടപ്പാക്കി. ഹിബാകുഷകള്‍ക്ക് ചികിത്സയും മാസവേതനവും ഉറപ്പാക്കുന്നതായിരുന്നു ഈ നിയമം.
അണുബോംബ് വര്‍ഷം സൃഷ്ടിച്ച ഹിബാകുഷകളുടെ എണ്ണം ഏകദേശം ആറര ലക്ഷമാണ്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 127,755 ഹിബാകുഷകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് 2021 ആഗസ്റ്റ് ആറിന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരില്‍ ഭൂരിപക്ഷവും ജപ്പാനില്‍തന്നെയാണ് കഴിയുന്നത്. ഹിബാകുഷകളുടെ ശരാശരി പ്രായം 84 ആണ്. ആസ്ട്രേലിയ ആസ്ഥാനമായുള്ള അണുവായുധ വിരുദ്ധ സംഘടനയായ ‘ഇന്‍റര്‍നാഷനല്‍ കാമ്പയിന്‍ ടു എബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ്’ (ICAN) 2017ല്‍ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയപ്പോള്‍ അത് ഏറ്റുവാങ്ങിയത് ഏറ്റവും പ്രായംകൂടിയ സെറ്റ്സുകോ തുര്‍ലോ എന്ന ഹിബാകുഷയാണ്.
ഹിബാകുഷകളുടെ മക്കളും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയോടെയാണ് കഴിയുന്നത്. രണ്ടാം തലമുറയില്‍പെട്ട മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ ഹിബാകുഷകള്‍ ഉണ്ടെന്നാണ് ‘ജാപ്പനീസ് ലയസണ്‍ കൗണ്‍സില്‍ ഓഫ് സെക്കൻഡ് ജനറേഷന്‍ ആറ്റമിക് ബോംബ് സര്‍വൈവേര്‍സ്’ എന്ന സംഘടന കണക്കാക്കിയിരിക്കുന്നത്. ഇവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാറിന്‍റെ പക്കലില്ല. ഹിബാകുഷകള്‍ക്ക് ലഭിക്കുന്ന വൈദ്യസഹായ പദ്ധതിയുടെ ആനുകൂല്യം മക്കള്‍ക്ക് ഇല്ലാത്തതിനാല്‍ അറുപത് ശതമാനത്തോളം വരുന്ന രണ്ടാം തലമുറ ആശങ്കയോടെയാണ് കഴിയുന്നതെന്ന് നിഹോണ്‍ ഹിദാന്‍കിയോ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ശരീരത്തെ ബാധിച്ചിരിക്കുന്ന റേഡിയേഷനായിരിക്കാം ഇതിന് കാരണമെന്ന് 2021 നവംബറില്‍ നടന്ന സർവേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനവും വിശ്വസിക്കുന്നുവെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.