ടോക്യോയിലൂടെ ഒരോട്ടപ്പാച്ചില്‍
ജപ്പാന്‍റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ തലസ്ഥാന നഗരിയായ ടോക്യോ കാണുന്നു. ഫ്യൂജി പർവതത്തെക്കുറിച്ചും എഴുതുന്നു.
ജപ്പാനെപ്പോലെ യുദ്ധഭീകരത അനുഭവിച്ച മറ്റൊരു രാജ്യമില്ല. ആണവയുദ്ധത്തിന്‍റെ കെടുതികള്‍ ഏറ്റുവാങ്ങിയ ജപ്പാനു തന്നെയാണ് ലോകസമാധാനത്തിനായി ഏറ്റവും ശക്തമായി നിലകൊള്ളാനാവുക.-മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍
പടിഞ്ഞാറിന്‍റെ കോളനിവത്കരണത്തിന് അടിപ്പെടാത്ത ഒരേയൊരു ഏഷ്യന്‍ രാജ്യമാണ് ജപ്പാന്‍. മറ്റു രാജ്യങ്ങള്‍ യൂറോപ്പിന്‍റെയും അമേരിക്കയുടെയും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ വീണപ്പോള്‍ ജപ്പാന്‍ അതില്‍ ഉള്‍പ്പെട്ടില്ലെന്നു മാത്രമല്ല, കൊളോണിയല്‍ ശക്തികളിലൊന്നായി മാറുന്നതാണ് ലോകം കണ്ടത്. പരമ്പരാഗതമായി വൈദേശികാധിപത്യത്തിനെതിരെ നിലകൊണ്ട ജപ്പാനുമായി ഡച്ചുകാര്‍ക്കും ചൈനക്കാര്‍ക്കും മാത്രമേ നേരിട്ടുള്ള വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. അതുപോലും ഒരേയൊരു തുറമുഖത്തില്‍ പരിമിതപ്പെടുത്തിയിരുന്നു. അക്കാലത്ത് റഷ്യയും ഇംഗ്ലണ്ടും ഫ്രാന്‍സും ജപ്പാനില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ജപ്പാനെ കീഴടക്കാന്‍ 1274ല്‍ കുബ്ലൈ ഖാന്‍റെ നേതൃത്വത്തില്‍ ചൈനയിലെ മംഗോളിയന്‍ വംശം നടത്തിയ അധിനിവേശനീക്കം വിജയം കണ്ടില്ല. അതേസമയം, ഏഷ്യന്‍ മേധാവിത്വത്തിനായുള്ള മത്സരത്തില്‍ ചൈനയെ തോല്‍പിച്ച് കൊറിയന്‍ ഉപദ്വീപിന്‍റെ നിയന്ത്രണം 1895ല്‍ ജപ്പാന്‍ കൈയടക്കി. സീനോ-ജപ്പാന്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത കൊറിയയാണ് ജപ്പാന്‍റെ പ്രഥമ കോളനിയും. 1904-1905ലെ റൂസോ-ജാപ്പനീസ് യുദ്ധത്തില്‍ റഷ്യയെ പരാജയപ്പെടുത്തിയതോടെ ഏഷ്യയിലെ വന്‍ കൊളോണിയല്‍ ശക്തിയായി ജപ്പാന്‍ മാറി. യുദ്ധത്തില്‍ ജപ്പാനാണ് ഏറ്റവും ആള്‍നാശമുണ്ടായത്. അറുപതിനായിരത്തോളം പടയാളികളെ നഷ്ടമായി. നേര്‍ പകുതിയായിരുന്നു റഷ്യയുടെ ആള്‍നാശം. എന്നാല്‍, സാറിസ്റ്റ് റഷ്യന്‍ സാമ്രാജ്യത്വത്തെ കൊറിയയിലും മഞ്ചൂറിയയിലും കെട്ടുകെട്ടിച്ച് ലോകത്തെ ഞെട്ടിച്ചു ജപ്പാന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ചൈനയെ നിഷ്പ്രഭമാക്കി ഏഷ്യയിലെ മേധാവിത്വം കരസ്ഥമാക്കിയിരുന്ന ജപ്പാന്‍റേതായിരുന്നു മേഖലയിലെ ഏറ്റവും വലിയ നാവികപ്പട.
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ജപ്പാന്‍ കോളനികളാക്കിയ നിരവധി രാജ്യങ്ങളുണ്ട്. കൊറിയ, തായ്വാന്‍, മഞ്ചൂറിയ, പസഫിക്കിലെ വിവിധ ദ്വീപ് രാജ്യങ്ങള്‍ തുടങ്ങിയവ അവയില്‍ പ്രധാനമാണ്. ചൈനയെയും റഷ്യയെയും പരാജയപ്പെടുത്തിയശേഷം കിഴക്കനേഷ്യയില്‍ സാമ്രാജ്യത്വ വികസനത്തില്‍ ഏര്‍പ്പെടുകയായിരുന്നു ജപ്പാന്‍. ഇപ്പോഴത്തെ തായ്വാന്‍ (ഫോര്‍മോസ) 1895ല്‍ ചൈനയെ തോല്‍പിച്ചശേഷം ജപ്പാന്‍ പിടിച്ചെടുത്തതാണ്. 1905ല്‍ റഷ്യക്കെതിരെ നേടിയ വിജയം ചൈനയുടെ ഭാഗമായിരുന്ന ലിയോതാങ് പ്രവിശ്യയുടെ നിയന്ത്രണവും ജപ്പാന് നല്‍കി. ഇതാണ് 1910ല്‍ കൊറിയ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്. ഒന്നാം ലോകയുദ്ധം അവസാനിക്കാന്‍ കളമൊരുക്കിയ 1919ലെ വെഴ്സയില്‍സ് ഉടമ്പടിയെ തുടര്‍ന്ന് ചൈനയുടെ ഭാഗമായ ഷാംഗ്ദോങ് പ്രവിശ്യയുടെ നിയന്ത്രണവും ജപ്പാന് ലഭിച്ചു.
പടിഞ്ഞാറന്‍ ശക്തികളുടേതിന് സമാനമായ വ്യവസായവത്കരണത്തിലൂടെ ഏഷ്യയിലെ വന്‍ശക്തിയായി മാറിയ ജപ്പാന്‍ പ്രതികൂല സാഹചര്യങ്ങള്‍ മുഴുവന്‍ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ജപ്പാനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെയും മനസ്സിലെത്തുക സാങ്കേതികവിദ്യയുടെ ഉത്തുംഗതയില്‍ വിരാജിക്കുന്ന ഒരു വികസിത രാജ്യമാണ്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നല്ലോ ജപ്പാന്‍.
പല രാജ്യങ്ങളും തൊഴിലില്ലായ്മയുടെ ഭീഷണി നേരിടുമ്പോള്‍ ജപ്പാനിലെ 15നും 64നുമിടയില്‍ പ്രായമുള്ളവരില്‍ 77 ശതമാനവും സാമാന്യം ഭേദപ്പെട്ട ജോലിയും വേതനവുമുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 84 ശതമാനവും പുരുഷന്മാരാണ്. മുപ്പത്തെട്ടു രാജ്യങ്ങള്‍ക്ക് അംഗത്വമുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആൻഡ് ഡെവലപ്മെന്‍റിന്‍റെ (ഒ.ഇ.സി.ഡി) തൊഴില്‍ ശരാശരിയായ 66 ശതമാനത്തിനും മുകളിലാണിത്. രാജ്യത്ത് ജോലിക്ക് മികച്ച വിദ്യാഭ്യാസവും തൊഴില്‍മേഖലയിലെ പ്രാവീണ്യവും അനിവാര്യമാണ്. ഇരുപത്തഞ്ചിനും 64നുമിടയില്‍ പ്രായമുള്ളവരില്‍ വലിയൊരു വിഭാഗം അപ്പര്‍ സെക്കൻഡറി വിദ്യാഭ്യാസമുള്ളവരാണ്.
ലോകത്ത് ജീവിതച്ചെലവ് കൂടിയ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. രാജ്യത്ത് വന്നിറങ്ങുന്നതു മുതല്‍ സന്ദര്‍ശകര്‍ക്ക് അത് അനുഭവപ്പെടും. വിമാനത്താവളത്തിലെ കിയോസ്കുകളില്‍നിന്ന് വാങ്ങുന്ന മൊബൈല്‍ സിം മുതല്‍ ലിമോസിന്‍ യാത്രയില്‍ വരെ അത് പ്രകടമാണ്. ഭക്ഷണത്തിനും നല്ലൊരു സംഖ്യ ചെലവാക്കേണ്ടിവരും. രാജ്യത്തിനകത്ത് യാത്രക്ക് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം മെട്രോ ട്രെയിനാണ്. ഓരോ നഗരത്തിന്റെയും മിക്കവാറും എല്ലാ മുക്കുമൂലകളെയും ബന്ധിപ്പിക്കുന്ന സ്റ്റേഷനുകള്‍ മെട്രോ യാത്ര സുഖകരവും എളുപ്പവുമാക്കും. പലതും ഭൂഗര്‍ഭ സ്റ്റേഷനുകളാണ്. തദ്ദേശീയരും യാത്രക്കായി തിരഞ്ഞെടുക്കുന്നത് മെട്രോതന്നെ.
അമേരിക്കയെക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയാണ് ജപ്പാനിലെ ജീവിതച്ചെലവ്. ടോക്യോയിലും ഓസകയിലും മറ്റു പ്രമുഖ നഗരങ്ങളിലും ഇത് പ്രകടമാണ്. ടോക്യോയിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ഗിന്‍സ. സന്ധ്യ മയങ്ങിയാല്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വിതറിയാണ് ഗിന്‍സ സഞ്ചാരികളെ ആകര്‍ഷിക്കുക. തെരുവിന് ഇരുവശവുമായി നൂറുകണക്കിന് കടകളും റസ്റ്റാറന്‍റുകളും വന്‍കിട കമ്പനികളുടെ ഓഫിസുകളും നിറഞ്ഞുനില്‍ക്കുന്നു. സീക്കോ ഹൗസ് ഗിന്‍സയിലെ ക്ലോക്ക് ടവറും പതിനാലു നിലകളില്‍ പണിത ടോക്യു പ്ലാസ ഗിന്‍സ, ഗിന്‍സ സിക്സ് ഷോപ്പിങ് കോംപ്ലക്സുകളും എടുത്തുപറയേണ്ടതാണ്. ഗിന്‍സ ഡിസ്ട്രിക്ടിലെ ഒരു ചതുരശ്ര മീറ്റര്‍ ഭൂമിയുടെ വില ഏതാണ്ട് ഒരു കോടിയിലേറെ യെന്‍ (ഏതാണ്ട് 60 ലക്ഷം രൂപ) ആണ്. കിലോമീറ്ററുകളോളം നീളമുള്ളതാണ് ഈ സ്ട്രീറ്റ്. അമെയോകോയാണ് ടോക്യോയിലെ മറ്റൊരു പ്രമുഖ ഷോപ്പിങ് കേന്ദ്രം.
വളരെക്കുറച്ചാളുകളേ ഇംഗ്ലീഷ് സംസാരിക്കൂ എന്നതിനാല്‍ കാര്യങ്ങള്‍ നടക്കണമെങ്കില്‍ പലപ്പോഴും ഗൂഗിള്‍ ട്രാൻസ് ലേഷനെ അവലംബിക്കേണ്ടിവരും. പൊതുവഴികളിലും മെട്രോയിലുമൊക്കെ സന്ദര്‍ശകരോട് മാന്യമായി പെരുമാറുന്ന കാര്യത്തില്‍ ജപ്പാന്‍കാര്‍ ഒരുപടി മുന്നിലാണ്. മെട്രോയില്‍ പരസ്പരം അഭിമുഖമായി ഇരുന്നാലും മറ്റുള്ളവരുടെ സ്വകാര്യതക്കുമേല്‍ ഇടിച്ചുകയറുന്ന സ്വഭാവം അവര്‍ക്കില്ല. വായനയിലോ മൊബൈല്‍ ഫോണിലോ മുഴുകിയിരിക്കും. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം പ്രതികരിച്ചശേഷം തങ്ങളുടെ ലോകത്തേക്ക് അവര്‍ തിരിച്ചുപോകും. എസ്കലേറ്ററുകളില്‍ വലതുഭാഗത്ത് നില്‍ക്കുകയും ഇടതുഭാഗം ഒഴിച്ചിടുകയും ചെയ്യുന്ന രീതി പല വന്‍ നഗരങ്ങളിലും കണ്ടിട്ടുണ്ട്. തിരക്കുള്ളവര്‍ക്ക് തടസ്സമില്ലാതെ പോകാന്‍ സഹായിക്കുന്ന ഈ സംവിധാനം ഏറ്റവും സൂക്ഷ്മമായി പിന്തുടരുന്ന വിഭാഗമാണ് ജപ്പാന്‍കാര്‍ എന്നു തോന്നിയിട്ടുണ്ട്.
20 ഡിസ്ട്രിക്ടുകള്‍ ഉള്‍പ്പെടുന്ന ടോക്യോ അക്ഷരാര്‍ഥത്തില്‍ മഹാനഗരമാണ്. ടാക്സിക്കൂലി താങ്ങാനാവാത്തതാണെങ്കിലും ഓരോ ജില്ലയിലെയും പ്രമുഖ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വലിയ അനുഗ്രഹമാണ്. ടോക്യോ നഗരം, ഷിന്‍ജുകു, ഗിന്‍സ അസാകുസ, ഷിബുയ തുടങ്ങിയവ വലിയ തിരക്കുള്ള കേന്ദ്രങ്ങളാണ്. ജപ്പാനിലെ ഏറ്റവും ഉയരമുള്ള ടവറുകള്‍ രണ്ടും തലസ്ഥാന നഗരിയിലാണ് –ടോക്യോ സ്കൈ ട്രീയും ടോക്യോ ടവറും. ടോക്യോ സ്കൈ ട്രീയുടെ ഉയരം 634 മീറ്ററാണ്. ടോക്യോ ടവറിന്‍റേത് 333 മീറ്ററും. രണ്ടും കമ്യൂണിക്കേഷന്‍, ഒബ്സര്‍വേഷന്‍ ടവറുകളാണ്.
ബോണിയുടെ ഡൗണ്‍ടൗണ്‍ കിച്ചന്‍
ടോക്യോയില്‍ പാര്‍ലമെന്‍റ് (ഡയറ്റ്) കെട്ടിടത്തില്‍നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ അകലെ ഹോട്ടല്‍ റെക്സ് അകാസാക്കയാണ് താമസത്തിന് തിരഞ്ഞെടുത്തതെങ്കിലും ഹലാല്‍ ഭക്ഷണത്തിനായി ഇന്ത്യന്‍ റസ്റ്റാറന്‍റ് തേടിയുള്ള സഞ്ചാരമാണ് വൈകുന്നേരത്തെ ചാറ്റല്‍മഴ അവഗണിച്ചും അധികം അകലെയല്ലാത്ത മിനാട്ടോയിലെ ഡൗണ്‍ടൗണ്‍ ബിസിനസ് ഇന്ത്യന്‍ കിച്ചനില്‍ ഞങ്ങളെ എത്തിച്ചത്. ചാറ്റല്‍മഴയുണ്ടെങ്കിലും ടാക്സി കിട്ടാനുള്ള പ്രയാസം കാരണം താമസസ്ഥലത്തുനിന്ന് നടക്കാനാണ് തീരുമാനിച്ചത്. മിനാട്ടോ സിറ്റിയിലെ ഈ റസ്റ്റാറന്‍റ് അധികം അകലെയല്ലെന്നാണ് ഗൂഗിള്‍ പറഞ്ഞുതന്നതെങ്കിലും ഏതാണ്ട് നാലു കിലോമീറ്ററിലേറെ ദൂരം ഞങ്ങളെ വട്ടം കറക്കി.
ഓസകയില്‍നിന്ന് ടോക്യോയിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര തുടങ്ങിയതില്‍ പിന്നെ വിശപ്പ് വല്ലാതെ തളര്‍ത്തിയിരുന്നു. ഒടുവില്‍ നിരാശരായി മടങ്ങാന്‍ തീരുമാനിച്ചതായിരുന്നു. ഒരു ശ്രമംകൂടി നടത്തിനോക്കാമെന്ന ഭാര്യയുടെ വാക്കുകള്‍ ഫലിച്ചു. ഹൈവേ കടന്ന് മറുഭാഗത്ത് എത്തി മുന്നില്‍ കണ്ട ചെറിയ റോഡിലൂടെ മുന്നോട്ടു നടന്നു. കുറച്ചകലെയായി കണ്ട ബോര്‍ഡിലേക്ക് നോക്കിയപ്പോള്‍ വലിയ അക്ഷരത്തില്‍ ‘ഡൗണ്‍ടൗണ്‍ ഇന്ത്യന്‍ കിച്ചന്‍’ ഞങ്ങളെ മാടിവിളിക്കുന്നു.
വൈകീട്ട് ആറുമണിയായിക്കാണും. റോഡിനോട് ചേര്‍ന്നാണ് ഹോട്ടല്‍. പുറത്ത് വിവിധ വര്‍ണങ്ങളിലുള്ള മനോഹരമായ ഹൈഡ്രാഞ്ചിന്‍ പൂവുകള്‍. അകത്ത് കയറിയപ്പോഴാണ് അറിയുന്നത്, നമ്മുടെ നാട്ടിലെ ചായക്കടയുടെ വലുപ്പമേയുള്ളൂ. രണ്ടോ മൂന്നോ ടേബിളുകള്‍ മാത്രം. ഈ ഹോട്ടല്‍ തേടിയാണോ ഇത്രയും കഷ്ടപ്പെട്ട് വിശപ്പ് സഹിച്ച് നടന്നുവന്നത് എന്നു ന്യായമായും സംശയിച്ചു. ഗൂഗിളില്‍ ധാരാളം മികച്ച റിവ്യൂ കണ്ടതല്ലേ എന്നോര്‍ത്തപ്പോള്‍ സംശയം ആകാംക്ഷക്ക് വഴിമാറി. ആ കൊച്ചു കടക്ക് അകത്തെ ചെറിയ ചുവരുകള്‍ നിറയെ പോസ്റ്ററുകളും മറ്റുമായി നിറഞ്ഞിരിക്കുന്നു. പ്രമുഖരുടെ ചിത്രങ്ങള്‍ ഫ്രെയിം ചെയ്തവ വേറെയുമുണ്ട്.
ഹലാല്‍ ഭക്ഷണംതന്നെയാണെന്ന് ഉറപ്പുവരുത്തിയാണ് ഓര്‍ഡര്‍ ചെയ്തത്. ജീന്‍സും കുപ്പായവുമിട്ട സുമുഖനായ ഒരാളാണ് ഓര്‍ഡര്‍ എടുത്തതും ഭക്ഷണം കൊണ്ടുവെച്ചതും. ധൈര്യമായി കഴിച്ചോളൂവെന്ന മുഖവുരയോടെ അദ്ദേഹം ഞങ്ങളുടെ അടുത്തുതന്നെ ഇരുന്നു. പരിചയപ്പെട്ടപ്പോഴാണ് താന്‍ തന്നെയാണ് ഇതിന്‍റെ ഉടമയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്. കുറച്ചുപേര്‍ക്ക് മാത്രം ഇരുന്ന് ഭക്ഷിക്കാനുള്ള ഏര്‍പ്പാടല്ലേയുള്ളൂ എന്ന എന്‍റെ സംശയം പ്രതീക്ഷിച്ചതുപോലെ ബോണി പറഞ്ഞു: ‘‘ബിസിനസില്‍ ഏതാണ്ട് 70 ശതമാനവും ഡെലിവറിയാണ്.’’ വിവിധയിടങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരും പാകിസ്താനികളും മലേഷ്യ, സിംഗപ്പൂര്‍, തായ്ലൻഡ് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യക്കാരുമൊക്കെ ബോണിയുടെ പറ്റുകാരാണ്. ചിലര്‍ക്ക് വേണ്ടത് ഉച്ചഭക്ഷണം, മറ്റു ചിലര്‍ക്ക് ഡിന്നറും. എല്ലാം ഏറ്റെടുത്തു സമയത്ത് അവരിലേക്ക് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്.
ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. അതിനിടയില്‍ ടെലിഫോണിലൂടെ മൂന്നോ നാലോ ഓര്‍ഡറുകളും ബോണി കുറിച്ചെടുത്തു. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ ബോണിക്ക് താല്‍പര്യമേറി. കൊല്‍ക്കത്തക്കാരനാണ് ബോണി. ഇന്ത്യയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടല്‍ ഗ്രൂപ്പായ താജ് ഗ്രൂപ്പിനൊപ്പം പത്തു വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍, വിശിഷ്യാ കൊൽക്കത്ത, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ജോലി നോക്കിയശേഷം ഒരു മാറ്റത്തിനുവേണ്ടിയാണ് ജപ്പാനില്‍ എത്തിയത്. ടോക്യോയിലെ റോപ്പോംഗി ഹില്‍സില്‍ മറ്റൊരു 12 വര്‍ഷംകൂടി പണിയെടുത്ത് ഇവിടത്തെ ഭക്ഷ്യമേഖലയെക്കുറിച്ച് വലിയ അറിവു കരസ്ഥമാക്കിയ ശേഷമാണ് സ്വന്തമായ പരീക്ഷണത്തിന് ബോണി ഇറങ്ങുന്നത്.
രുചികരമായ ബിരിയാണി ഉണ്ടാക്കാന്‍ മലബാറുകാര്‍ ഉപയോഗിക്കാറുള്ള വയനാടന്‍ കയമ തൊട്ട് ഹൈദരാബാദി ബിരിയാണി, കറാച്ചി കറാഹി തുടങ്ങി സകലതിനെക്കുറിച്ചും ആധികാരികമായി തന്നെ ബോണി സംസാരിച്ചു. ടോക്യോയിലെ മലയാളി വ്യാപാരികളില്‍നിന്നാണ് ഹോട്ടലിലേക്ക് ആവശ്യമായ പല വസ്തുക്കളും പര്‍ച്ചേസ് ചെയ്യാറുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
മറ്റുള്ളവരുടെ സംസ്കാരങ്ങളെയും ആചാരങ്ങളെയും മാനിക്കുന്നവരാണ് ജപ്പാന്‍കാരെന്ന് വര്‍ഷങ്ങളായി ഇവിടെ താമസിക്കുകയും ബിസിനസിന്‍റെ ഭാഗമായി അവരുമായി ബന്ധം പുലര്‍ത്തുകയുംചെയ്യുന്ന ബോണി പറഞ്ഞു. പൊതു ഇടങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശല്യമാവാതിരിക്കാന്‍ സെല്‍ഫോണുകളുടെ റിങ് ടോണുകള്‍ ഓഫാക്കിയിടുന്നവരാണ് ഭൂരിഭാഗമാളുകളും. മെട്രോ യാത്രക്കിടയില്‍ ഒരിക്കല്‍പോലും മൊബൈല്‍ ഫോണുകള്‍ ശബ്ദിക്കുന്നത് കേട്ടില്ലെന്നത് അപ്പോഴാണ് ഞങ്ങള്‍ ഓര്‍ത്തത്. അടുത്തതവണ വരുമ്പോഴും കാണണമെന്ന് പറഞ്ഞാണ് ബോണി ഞങ്ങളെ യാത്രയാക്കിയത്.
മൗണ്ട് ഫ്യൂജി
ജപ്പാന്‍ യാത്രയില്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട ഇടമാണ് മൗണ്ട് ഫ്യൂജി പർവതം. ഫ്യൂജി സാന്‍, ഫ്യൂജിയാമ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ അഗ്നിപർവതം ടോക്യോയില്‍നിന്ന് ഏകദേശം 100 കി.മീറ്റര്‍ തെക്കു-പടിഞ്ഞാറു മാറി ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോന്‍ഷുവിലാണ് സ്ഥിതിചെയ്യുന്നത്. ശാന്തസമുദ്രത്തില്‍നിന്ന് ജപ്പാന്‍ സമുദ്രത്തെ വേര്‍തിരിക്കുന്ന ഹോന്‍ഷു ലോകത്തിലെ ഏഴാമത്തെ വലിയ ദ്വീപാണ്. ഇന്തോനേഷ്യയിലെ ജാവ കഴിഞ്ഞാല്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് ഹോന്‍ഷു. പത്തു കോടിയിലേറെയാണ് ജനസംഖ്യ.
ജപ്പാനിലെ ഏറ്റവും വലിയ പർവതമായ ഫ്യൂജിക്ക് ഏതാണ്ട് 3775 മീറ്റര്‍ ഉയരമുണ്ട്. 1707ലാണ് ഏറ്റവുമൊടുവില്‍ ഇത് പൊട്ടിത്തെറിച്ചതെങ്കിലും ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനെ സജീവ അഗ്നിപർവതങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്താബ്ദം 286ല്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നാണ് ഫ്യൂജി രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. അഗ്നിപർവതങ്ങള്‍ ദൈവത്തിന്‍റെ ഇടപെടലാണെന്നാണ് ജപ്പാന്‍കാര്‍ വിശ്വസിച്ചുപോരുന്നത്. അതിനാല്‍, അവക്ക് ദിവ്യത്വം കല്‍പിച്ചുപോന്നു. ഫ്യൂജി ഉള്‍പ്പെടെ മൂന്ന് ദിവ്യ പർവതങ്ങളുണ്ട് ജപ്പാന്‍കാര്‍ക്ക്. ടാറ്റെയും ഹാക്കുവുമാണ് മറ്റു രണ്ടെണ്ണം.
ടോക്യോ വാസത്തിലെ ഒരുദിവസം മാറ്റിവെച്ചാല്‍ ജപ്പാനിലെ ഏറ്റവും ഉയരത്തിലുള്ള (3777 മീറ്റര്‍) മൗണ്ട് ഫ്യൂജിയും സമീപകേന്ദ്രങ്ങളും സന്ദര്‍ശിച്ച് തിരിച്ചെത്താം. 2013ല്‍ യുനെസ്കോയുടെ ലോക പൈതൃക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ മൗണ്ട് ഫ്യൂജിയിലേക്ക് ധാരാളം സന്ദര്‍ശകര്‍ എത്തുന്നു. ബസ് യാത്രക്കൂലി 6180 യെന്‍. ഹൈവേ നികുതികളും ടൂര്‍ ഗൈഡിന്‍റെ സേവനവും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. ഇംഗ്ലീഷില്‍ വിവരണം നല്‍കുന്ന ഗൈഡുകള്‍ ലഭ്യമാണ്.
കവാഗുചികോ തടാകവും അതിനോടനുബന്ധിച്ചുള്ള ക്രാഫ്റ്റ് പാര്‍ക്കുമാണ് ആദ്യ സന്ദര്‍ശന കേന്ദ്രം. അവിടെ നില്‍ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മൗണ്ട് ഫ്യൂജിയുടെ ഭംഗി ആസ്വദിക്കാം. പൂക്കളുടെ മനോഹാരിത നിറഞ്ഞുതുളുമ്പുന്ന ഓയിഷി പാര്‍ക്ക് അതിമനോഹരമാണ്. സൈക്കോ ഗ്രാമമാണ് അടുത്തത്. നമ്മുടെ നാട്ടിലൊക്കെ കാണുന്ന വൈക്കോല്‍കൊണ്ടുള്ള മേല്‍ക്കൂരയില്‍ പണിത മനോഹരമായ വീടുകളാണ് ഗ്രാമത്തിന്‍റെ പ്രത്യേകത. പുരാതനകാലത്തെ ജപ്പാന്‍കാരുടെ ജീവിതത്തിന്‍റെ മിന്നൊളി ഇവിടെ കാണാം. ഇവിടങ്ങളില്‍ ചുറ്റിക്കറങ്ങുമ്പോഴും മൗണ്ട് ഫ്യൂജി നിങ്ങള്‍ക്കൊപ്പമുണ്ടാകും.