ഹിമാനിയുരുക്കം നീന്തി പാൻഗോങ്ങിന്റെ തീരത്ത്
മഞ്ഞിൽ നിലകൊള്ളുന്ന ലഡാക്കിലൂടെ യാത്രചെയ്യുകയാണ് പ്രമുഖ യാത്രാസാഹിത്യകാരനായ ലേഖകൻ. ഒപ്പം എഴുത്തുകാരൻ ബെന്യാമിൻ ഉൾെപ്പടെയുള്ള മൂന്നംഗസംഘം. അവർ ലഡാക് കാണുന്നു. സാധാരണ സഞ്ചാരികൾ കാണാത്ത ചരിത്രവും വർത്തമാനവും ഭൂവിതാനവും അറിയുന്നു. ‘‘ഷയോക് നദിയിൽ വെള്ളപ്പാച്ചിലുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വണ്ടി പുഴയിലിറക്കി മറുകര പിടിക്കൽ സാധ്യമല്ല, അവിടെ പാലവുമില്ല’’ –യാത്രാസഹായി ഫിജോയ് ജേക്കബ് പറഞ്ഞു. ഷയോക് പുഴയിലൂടെ മറുകര...
Your Subscription Supports Independent Journalism
View Plansമഞ്ഞിൽ നിലകൊള്ളുന്ന ലഡാക്കിലൂടെ യാത്രചെയ്യുകയാണ് പ്രമുഖ യാത്രാസാഹിത്യകാരനായ ലേഖകൻ. ഒപ്പം എഴുത്തുകാരൻ ബെന്യാമിൻ ഉൾെപ്പടെയുള്ള മൂന്നംഗസംഘം. അവർ ലഡാക് കാണുന്നു. സാധാരണ സഞ്ചാരികൾ കാണാത്ത ചരിത്രവും വർത്തമാനവും ഭൂവിതാനവും അറിയുന്നു.
‘‘ഷയോക് നദിയിൽ വെള്ളപ്പാച്ചിലുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വണ്ടി പുഴയിലിറക്കി മറുകര പിടിക്കൽ സാധ്യമല്ല, അവിടെ പാലവുമില്ല’’ –യാത്രാസഹായി ഫിജോയ് ജേക്കബ് പറഞ്ഞു. ഷയോക് പുഴയിലൂടെ മറുകര പിടിക്കാൻ ശ്രമിക്കുന്ന ബൈക്കുകളും എസ്.യു.വികളും ജീപ്പുകളും പുഴയിൽ നിലകിട്ടാതെ ഒഴുകിപ്പോകുന്ന വിഡിയോ ഞങ്ങളുടെ സാരഥി സിംഗെ കാണിച്ചുതന്നു. രണ്ടുദിവസമായി ഇതാണ് ഷയോക്കിലെ സ്ഥിതി. വെള്ളം കുറയുമെന്ന് കരുതിയെങ്കിലും കൂടുകയാണ്. അതിലൂടെയുള്ള യാത്ര സൈന്യം താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഫിജോയിയും സിംഗെയും ഒരേ സ്വരത്തിൽ പറഞ്ഞു.
ഞങ്ങൾ നാലുപേർ –ബെന്യാമിൻ, സുധീഷ് രാഘവൻ, അനിൽ വേങ്കോട്, ഞാൻ –കുറച്ചുദിവസങ്ങൾ ലഡാക്കിൽ അലയാനായി എത്തിയതാണ്. പാൻഗോങ് തടാകം ഈ യാത്രയിൽ എന്തായാലും കാണാൻ ഉദ്ദേശിച്ച സ്ഥലവുമാണ്. അവിടെ ഒരു രാത്രിയും അര പകലും തങ്ങാനും പരിപാടിയിട്ടതുമാണ്. തടാകക്കരയിലൂടെ 50 കിലോമീറ്ററോളം യാത്രചെയ്ത് മറക്ക് എന്ന ഗ്രാമത്തിൽ അന്തിയുറങ്ങുകയും മടങ്ങുമ്പോൾ തടാകത്തിന്റെ പല സ്ഥലങ്ങളിൽ ഇറങ്ങി സമയം ചെലവിട്ട് അടുത്ത ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുകയായിരുന്നു പരിപാടി. പക്ഷേ, ലഡാക്കിലെ യാത്രയിൽ ചിലപ്പോൾ അസ്ഥിരതകളുണ്ടാകും, പലപ്പോഴും ക്ഷമയോടെ കാത്തിരിക്കേണ്ടി വരും –യാത്രയുടെ സംഘാടകരായ അജുവും ഫിജോയിയും തുടക്കത്തിൽതന്നെ പറഞ്ഞിരുന്നു. അജു ഞങ്ങൾ ചെല്ലുമ്പോൾ നാഗാലാൻഡിൽ ഒരു യാത്രാസംഘവുമായി പോയിരുന്നു. അതിനാൽ നേരിൽ കാണാനായില്ല.
ഞങ്ങൾ ലഡാക്കിലെ നുബ്ര താഴ്വരയിലൂടെ യാത്രചെയ്ത് പാൻഗോങ്ങിലേക്ക് പോവുകയായിരുന്നു. നുബ്ര-അകം-ഷയോക് റൂട്ടിലൂടെ പാൻഗോങ്ങിലേക്ക് പോകാനായിരുന്നു ശ്രമം. നുബ്രയിൽനിന്നും ഏറ്റവും ദൂരം കുറഞ്ഞ വഴി ഇതാണ്. പക്ഷേ, ഷയോക്കിലെ വെള്ളം അതുവഴിയുള്ള യാത്ര മുടക്കി. മറ്റൊരു പാത അകം വഴി വരീല പാസ് കയറി ശക്തി എന്ന സ്ഥലത്തൂടെ പാൻഗോങ്ങിൽ എത്തുകയാണ്.
പക്ഷേ, ആ റൂട്ടിലും വെള്ളത്തിന്റെ പ്രശ്നം തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ നമ്മൾ അവിടെ എത്തുമ്പോഴേക്കും വെള്ളമൊഴുക്കു കൂടി റോഡ് അടച്ചേക്കും –ഫിജോയ് പറഞ്ഞു. അതുകൊണ്ട് നുബ്രയിൽനിന്ന് ലേയിലെത്തി ചാങ്ല പാസു വഴി പാൻഗോങ്ങിലേക്ക് പോകാം. അതിൽ നമ്മൾ വിജയിക്കും, പ്രത്യാശയോടെ സിംഗെയും ഫിജോയിയും പറഞ്ഞു. സിയാചിൻ മേഖലയിൽ ഷയോക് താഴ്വാരം ഞങ്ങൾ മുറിച്ചുകടന്നിരുന്നു. അവിടെ നദി വരണ്ടുകിടക്കുന്നു. ഉരുളൻ കല്ലുകൾ മാത്രമാണ് നദിയുടെ ഫോസിൽ എന്നപോലെ കിടക്കുന്നത്. എന്നാൽ, പാൻഗോങ്ങിലേക്കുള്ള വഴിയിൽ ഷയോക് നദിയുടെ സ്വഭാവം മറ്റൊന്നായിരിക്കുന്നു. അതുകൊണ്ടാണ് മറ്റൊരു വഴി തേടേണ്ടിവന്നത്.
ഹിമാനിയുരുക്കം നീന്തി വേണം അവിടെയെത്താൻ! ലഡാക്കിലെ വേനലിലായിരുന്നു ഞങ്ങളുടെ യാത്ര. ഹിമാനിയുരുക്കം അതിവേഗത്തിൽ നടക്കുന്ന കാലമാണ്. കുറച്ചു വർഷങ്ങൾ വരെ വേനലിൽ ഹിമാനികൾ ഇങ്ങനെ ഉരുകുമായിരുന്നില്ല. ഞങ്ങളുടെ യാത്രാ സമയത്ത് 34 ഡിഗ്രിയായിരുന്നു താപലനില. അത്രയും ചൂടും ഒരിക്കലും ഇവിടെയുണ്ടാകാത്തതാണ്. സിംഗെയെ ചൂട് ശരിക്കും വലക്കുന്നുണ്ട്. ലഡാക്കിയായ അയാൾക്ക് ഈ ചൂട് സഹിക്കാനാകുന്നില്ല. രാത്രി താമസസ്ഥലങ്ങളിൽ അയാൾ മുറികളിൽ ഉറങ്ങാൻ കൂട്ടാക്കിയില്ല. പുറത്ത് മരച്ചുവടുകളിലോ പുറം വരാന്തകളിലോ ആണ് സിംഗെ ഉറങ്ങാൻ കിടന്നത്.
ചെറിയ കാറ്റെങ്കിലും തന്നെ അനുഗ്രഹിക്കും എന്ന ഉറപ്പിലാണ് സിംഗെ രാത്രിയുറക്കം പുറത്താക്കിയത്. പകൽച്ചൂടിൽ കൈ പൊള്ളുന്നതുപോലുള്ള അനുഭവം ഞങ്ങൾക്കുമുണ്ടായി. 34 ഡിഗ്രിയുടെ പൊള്ളലായിരുന്നില്ല അത്. ലഡാക് തലസ്ഥാനമായ ലേയിലെ വിമാനത്താവളത്തിൽനിന്നും പല ദിവസങ്ങളിലും ‘മോശം കാലാവസ്ഥ മൂലം‘ വിമാനങ്ങൾ റദ്ദാക്കുന്ന വാർത്തകളും വന്നുകൊണ്ടിരുന്നു. ചൂടുകൊണ്ട് റൺവേ ഓപറേഷൻസ് ലേയിൽ അസാധ്യമാകുന്നു, അതിനാൽ സർവിസ് റദ്ദ് ചെയ്യുന്നു എന്നാണ് വിമാനക്കമ്പനികളുടെ വെബ് സൈറ്റിൽ കണ്ടത്. കൊടും ശൈത്യവും മഞ്ഞു വീഴ്ചയും മാത്രമല്ല, ചൂടും മോശം കാലാവസ്ഥ തന്നെ. ലേ വിമാനത്താവളത്തിലെ റൺവേയിലെ ടാർ ചൂടുകൊണ്ട് ഉരുകുന്നു എന്നുപോലും ഞങ്ങൾ കേട്ടു.
34 ഡിഗ്രിയിൽ ടാർ ഉരുകില്ല. ഒരുപേക്ഷ, കാലാവസ്ഥയിലെ മറ്റു വല്ല കാരണങ്ങളായിരിക്കുമോ കാരണം? എന്തായാലും ജൂലൈ അവസാനം തുടർച്ചയായി നാലു ദിവസങ്ങളിൽ ലേ എയർപോർട്ടിൽനിന്നും വിമാന സർവിസുകളുണ്ടായില്ല. ലഡാക്കിലെ കാലാവസ്ഥ നേരിടുന്ന കൊടിയ പ്രതിസന്ധിയുടെ ഏറ്റവും വലിയ സൂചനതന്നെയായിരുന്നു ഇത്.
എന്തായാലും പാൻഗോങ്ങിലേക്ക് മറ്റൊരു വഴി തേടുമ്പോൾ കാലാവസ്ഥ വ്യതിയാനം ഞങ്ങളുടെ ചർച്ചകളിലേക്ക് വന്നു. സോനം വാൻചുക് കുറച്ചു മാസങ്ങൾക്കുമുമ്പ് ലഡാക്കിലെ പരിസ്ഥിതി സംരക്ഷിക്കാനായി നടത്തിയ 21 ദിവസ നിരാഹാര സത്യഗ്രഹവും ചർച്ചയിൽ ഇടംപിടിച്ചു. ലഡാക്കും അതീവ പരിസ്ഥിതി ദുർബല പ്രദേശമാവുകയാണ്. വാങ്ചുക് തന്റെ അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലും ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം ഹിമാനികളുടെ അതിവേഗത്തിലുള്ള ഉരുകലും അതുണ്ടാക്കുന്ന ജലക്ഷാമവുമാണ്. നിർത്താതെ മഴപെയ്യുന്ന രീതി ലഡാക്കിൽ ഇല്ല. ഇങ്ങനെ ചിലകാര്യങ്ങൾ ആലോചിച്ച് യാത്ര തുടരുമ്പോൾ വാട്സ്ആപ്പിൽ പെട്ടെന്ന് വയനാട് ദുരന്തത്തിന്റെ ആദ്യ വാർത്തകൾ വരാൻ തുടങ്ങി.
പ്രകൃതിയുടെ മാറ്റം പേടിപ്പെടുത്തുന്ന വാർത്തകളായി ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പാതയിൽ തൊട്ടുമുന്നിൽ പോയിക്കൊണ്ടിരുന്ന ഒരു ബൈക്കുകാരന്റെ മുന്നിൽ റോഡിന്റെ വശങ്ങളിൽനിന്നും ഊർന്നുകൊണ്ടിരുന്ന ഒരു പാറക്കല്ല് വന്നുവീണു. ബൈക്കുകാരൻ കടന്നുപോയി. ഞങ്ങൾ ഒരു നിമിഷം കഴിഞ്ഞും. ലഡാക്കിലെ പാതകളിലെല്ലാം വശങ്ങളിൽ മലകളിൽനിന്നും എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴാവുന്ന പാറ –ഉരുളൻ കല്ലുകൾ ഉണ്ട്. ‘ബിവെയർ ഷൂട്ടിങ് സ്റ്റോൺസ്’ എന്ന് ഇവിടെ റോഡുകൾ നിർമിച്ച ബോഡർ റോഡ് ഓർഗനൈസേഷന്റെ മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തുമുണ്ട്.
നുബ്രയിൽനിന്നും ലേയിലെത്തി രാത്രി അവിടെ തങ്ങി പിറ്റേന്ന് രാവിലെ പാൻഗോങ്ങിലേക്ക് വരണം. അങ്ങനെയാണ് പുതിയ യാത്രാപദ്ധതി. പല ഗ്രാമങ്ങളും പിന്നിട്ട് ഞങ്ങൾ ലേയിലെത്തി. രാത്രി വിശ്രമത്തിനുശേഷം രാവിലെ നേരത്തേ പുറപ്പെടണം. വരുന്നവഴികളിലെല്ലാം ലഡാക്കിന്റെ ഉയരങ്ങളിലേക്ക്, പാസുകളിലേക്ക് യാത്രചെയ്യുന്ന നിരവധി ബൈക്കർമാരെ കണ്ടു.
കേരളത്തിൽനിന്ന്, പ്രത്യേകിച്ചും മലബാറിൽനിന്നുള്ള ബൈക്കർമാർ നിരവധി. ചിലർ നാട്ടിൽനിന്നേ ബൈക്ക് ഓടിച്ചുവരുന്നവരാണ്. മറ്റു ചിലർ ലേയിൽ വന്ന് ബൈക്ക് വാടകക്കെടുക്കുകയാണ്. സാഹസികതയാണ് അവരുടെ യാത്രയുടെ ഉള്ളടക്കം. മിക്ക ബൈക്കിലും ഒരാൾ മാത്രം. ചില ബൈക്കുകളിൽ ഇണകൾ സഞ്ചരിക്കുന്നു. ദീർഘമായ പാതകളിൽ ഒന്നിനു പിറകെ ഒന്നായി ബൈക്കുകാരുടെ നിരകൾ. ചാറ്റൽ മഴ പൊടിയുമ്പോൾ അവർ പ്ലാസ്റ്റിക് കോട്ടുകൊണ്ട് ശരീരം പൊതിയും. ഇല്ലെങ്കിൽ ശീതം തടയാനുള്ള കോട്ട്, ഹെൽമറ്റ്, കാൽമുട്ടിന്റെ കീഴ്ഭാഗത്തിന് സുരക്ഷ കിട്ടുന്ന തരത്തിലുള്ള കവറിങ്ങുള്ള ഷൂസ്, കൂളിങ് ഗ്ലാസ്... അങ്ങനെയാണ് ബൈക്കർമാരുടെ ‘യൂണിഫോം’.
യാത്രകൾക്കിടെയുള്ള ഇടത്താവളങ്ങളിൽ, ചായക്കടകളിലും ഭക്ഷണശാലകളിലും ഞങ്ങൾ നിരവധി ബൈക്കർമാരെ കണ്ടിരുന്നു. ചിലർ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നവർ, ചിലർ അവിടെനിന്നും മടങ്ങുന്നവർ. മലപ്പുറത്തുകാരായ നിരവധി ബൈക്കർമാരെ കണ്ടു. യാത്രയിലെ സാഹസികതയെക്കുറിച്ചാണ് അവർക്കെല്ലാം പറയാനുള്ളത്. നീണ്ടുകിടക്കുന്ന പാതയിലൂടെ, ഷൂട്ടിങ് സ്റ്റോണുകൾക്ക് നടുവിലൂടെ, ചുരങ്ങളും വളവുകളും തിരിവുകളും പിന്നിട്ടുള്ള യാത്രയുടെ രസങ്ങളാണ് അവർക്കെല്ലാം പങ്കുവെക്കാനുണ്ടായിരുന്നത്. ഹിമാനിയുരുക്കവും റോഡ് തടസ്സങ്ങളും മറികടക്കുന്നതുപോലും തങ്ങളുടെ സാഹസികതയുടെ ഭാഗമായി മാത്രമാണ് അവർ കാണുന്നതെന്ന് തോന്നി.
ലഡാക് സാഹസിക ടൂറിസത്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാകുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ബൈക്കർമാർ വഴിയാണ്. ഇതിനിടെ അപൂർവമായി സൈക്കിൾ യാത്രക്കാരുമുണ്ട്. അവരിൽ വിദേശികളുമുണ്ട്. തലേന്ന് ഒരിടത്തുവെച്ച് കണ്ട ഒരു സൈക്കിൾ സഞ്ചാരിയെ പിറ്റേന്ന് മടങ്ങുമ്പോൾ ഞങ്ങൾ കണ്ടു. അയാൾ പതുക്കെ പതുക്കെ തന്റെ ലക്ഷ്യത്തിലേക്ക് സൈക്കിളോടിക്കുകയാണ്. ഞങ്ങൾ മടങ്ങുമ്പോഴും അയാൾ ലക്ഷ്യത്തിലേക്കുള്ള കയറ്റം തുടരുകയായിരുന്നു. ലക്ഷ്യമാണോ, കൂട്ടാണോ (Destination or the company? –ബിഗ് പാണ്ടയുടെ ചോദ്യവും മറുപടിയുമുള്ള കഥ ഓർക്കുക) യാത്രയിൽ പ്രധാനപ്പെട്ടത് എന്ന ചോദ്യം ഇത്തരം യാത്രികരെ കാണുമ്പോൾ മനസ്സിൽ ഉയരും.
ഒരുപക്ഷേ, ഒരു പദയാത്രികനെ ഈ പാതയിൽ കണ്ടുമുട്ടിയിരുന്നെങ്കിൽ ആ സഞ്ചാരി പങ്കുവെക്കുക തീർത്തും വിഭിന്നമായ അനുഭവങ്ങളായിരിക്കും, തീർച്ച. യാത്ര ഞങ്ങളുടെ പല ആവരണങ്ങളെയും അഴിച്ചുവിട്ടു. വലിയൊരു തുറസ്സിൽ ഞങ്ങളെല്ലാവരും എത്തിപ്പെട്ടു. തുറസ്സിന്റെ ഭാഷയും വ്യാകരണവും നൽകിയ ഉന്മേഷത്തിൽ ഷൂട്ടിങ് സ്റ്റോണുകൾക്കു നടുവിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടർന്നു. ലക്ഷ്യമല്ല, കൂട്ടാണ് യാത്രയുടെ ഏറ്റവും വലിയ നിധിയെന്ന് ഓരോ നിമിഷവും അനുഭവിച്ചറിഞ്ഞു.
ചില വളവുകളിൽ താഴേക്കു നിപതിച്ച കാറുകളുടെ അസ്ഥിപഞ്ജരങ്ങൾ കണ്ടു. ഞങ്ങളുടെ സാരഥി സിംഗെ നിവർന്നിരുന്ന് മുകളിലെ കല്ലുകളിലേക്കും പാറകളിലേക്കും മുന്നിലെ പാതയിലേക്കും ഒരേപോലെ കണ്ണു പായിച്ചാണ് കാറോടിക്കുന്നത്. 23 വയസ്സുകാരനായ അയാൾക്ക് നാണിക്കുന്ന ഒരു മുഖമുണ്ട്. ബിരുദപഠനം കഴിഞ്ഞയുടനെ സഞ്ചാരികളുമായുള്ള യാത്ര ജോലിയായി സ്വീകരിച്ചിരിക്കുകയാണ്. കഠിനപാതകളിൽ അതീവ ശ്രദ്ധ എന്നതാണ് സിംഗെയുടെ മുദ്രാവാക്യം.
ഈ പാതകളിലൂടെയുള്ള നിരന്തരസഞ്ചാരം സിംഗെയെ പ്രകൃതിയുടെ ഭാഷ അടുത്തറിഞ്ഞ ഒരാളായി മാറ്റിയിരിക്കുന്നു. പ്രായമല്ല, അനുഭവങ്ങൾ അയാളെ പാകം വന്ന പക്വതയുള്ള ഒരാളായി മാറ്റിയിരിക്കുന്നു. ബെന്യാമിനും അനിലും സുധീഷും അങ്ങനെയൊരു സംസാരത്തിലേക്ക് കടന്നു. പാതകളും വാഹനങ്ങളും സഞ്ചാരികളും സാരഥികളും ചേർന്ന റിപ്പബ്ലിക്കുകളിലേക്കുള്ള സംഭാഷണമായി അത് പടർന്നു. പല യാത്രകളിലെ പാതകൾ ആ സംസാരത്തിന്റെ ആഴത്തിലും പരപ്പിലും കടന്നുപോയി.
ഒടുവിൽ പല തിരിവുകൾ, വളവുകൾ, നേർപ്പാതകൾ, ചെക്ക് പോയന്റുകൾ, പുഴയുടെ കലങ്ങിയതും തെളിഞ്ഞതുമായ കടവുകൾ, മനുഷ്യർ, മണങ്ങൾ, മഞ്ഞിൻതലപ്പുകൾ, നിരവധി സൈനിക ക്യാമ്പുകൾ, ‘സം വേർ ഇൻ സിയാചിൻ’ എന്നെഴുതിയ ബോർഡുകൾ എല്ലാം പിന്നിട്ട് ഒടുവിൽ ഞങ്ങൾ ലേയിലെത്തി. നഗരച്ചന്തയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപകമായി മിക്ക ഇലക്ട്രിക് കടകളിലും ഫാനുകൾ വിൽക്കാൻ വെച്ചിട്ടുണ്ട്. കടകളുടെ പുറത്ത് നടപ്പാതയിൽ ആരുടെയും ശ്രദ്ധ എളുപ്പം ആകർഷിക്കുംവിധമാണ് ഫാനുകൾ വെച്ചിരിക്കുന്നത്. ലഡാക്കിൽ ഫാനുകളും എ.സികളും ഉണ്ടായിരുന്നില്ല. ഇപ്പോൾ ചൂടുകാലം എല്ലാവരെയും ഫാനുകൾ വാങ്ങുന്നതിലേക്ക് നയിക്കുന്നു. നിലവിൽ ലേയിൽ ലഡാക്കുകാർ കൂടുതലായി വാങ്ങുന്നത് ഫാനുകൾതന്നെയെന്ന് കച്ചവടക്കാർ പറയുന്നു. ലേയിലെ ഹോട്ടലുകളിൽ ഇപ്പോഴാണ് ഫാനുകൾ വന്നത്. ഇനിയും ചൂട് കൂടിയാൽ എ.സികൾ ഫാനുകളെ പകരംവെക്കും. അതിനുള്ള സാധ്യതയിലേക്കാണോ ലഡാക്കിലെ കാലാവസ്ഥ ‘വളരുന്നത്’?
മലകളും പുഴകളും ഹിമാനികളും ലഡാക് വിട്ടുനടന്ന് മറ്റെങ്ങോ പോകുന്നതുപോലെയുള്ള ഭീതി പുലർകാലെ സ്വപ്നത്തിൽ മിന്നി. പിന്നെ ഉറക്കം കിട്ടിയില്ല. അഞ്ചുമണിക്ക് നേരം നന്നായി വെളുക്കും. ഹോട്ടൽ മുറിയിലെ സ്ക്രീൻ നീക്കിയപ്പോൾ മഞ്ഞുതലപ്പുകളുള്ള മലനിര തലേന്ന് കണ്ടപോലെ തന്നെ അവിടെ നിൽക്കുന്നുണ്ട്. അത് എങ്ങോട്ടും നടന്നുപോയിട്ടില്ല. കഴിയുന്നത്ര നേരത്തേ പാൻഗോങ്ങിലേക്ക് പോകണമെന്ന് ഫിജോയ് നിർദേശിച്ചിരുന്നു. വെയിൽ ചൂടുപിടിച്ചാൽ ഹിമാനികൾ ഉരുകാൻ തുടങ്ങും.
ആദ്യം ചെറിയതോതിൽ. പിന്നീട് വെയിലും ചൂടും മൂക്കും. ഹിമാനിയുടെ ഉരുകൽ അതിശക്തമാകും. ഉച്ചയോടെ റോഡിൽ പലയിടത്തും വെള്ളപ്പാച്ചിലുണ്ടാകും, കല്ലും മണ്ണും വെള്ളത്തിനൊപ്പം കുത്തിയൊലിച്ചുവരും. റോഡുകൾ അടക്കപ്പെടും. അതിനാൽ പരമാവധി നേരത്തേ, വഴിയിൽ ഇറങ്ങലും സമയം ചെലവഴിക്കലും കഴിയുന്നത്ര ഒഴിവാക്കി പോകണം, എങ്കിലേ പാൻഗോങ്ങിൽ എത്താൻ കഴിയൂ. സിംഗെയും ഇക്കാര്യം ഞങ്ങളെ ഓർമിപ്പിച്ചു. പാൻഗോങ് ഈ യാത്രയിലെ പ്രധാന കാഴ്ചാസ്ഥലമായി എങ്ങനെയോ മാറിയിരുന്നു. അതിനാൽ, അവിടെ എത്തുക അനിവാര്യവുമായിരുന്നു. പ്രാതൽ കഴിഞ്ഞയുടനെ ഞങ്ങൾ പാൻഗോങ്ങിലേക്ക് പുറപ്പെട്ടു.
ചാങ്ല പാസ് വഴിയാണ് യാത്ര. 5,391. 3024 മീറ്റർ (17,688 അടി) ഉയരത്തിലാണ് ചാങ്ല പാസ്. അവിടെയിറങ്ങി. നേരിയതോതിൽ ശ്വാസം മുട്ടുന്നുണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് സിക്നസ് കുഴപ്പിക്കാവുന്ന ഒരിടമാണ് ചാങ്ല. ചെറിയൊരു തലകറക്കത്തിനുശേഷം ശരീരം ശരിയായി. തലേന്ന് രാത്രി കഴിച്ച അരപ്പൊട്ട് ഡയമോക്സ് ഗുളികയുടെ സംരക്ഷണവും ഉണ്ടാകാം. ‘ഉയര രോഗ’ത്തിനുള്ള മരുന്നാണത്. വാഹനങ്ങൾ ഓടിക്കുന്ന ഉയരമുള്ള റോഡുകളിൽ പത്താം സ്ഥാനമാണ് ലോക റാങ്കിങ്ങിൽ ചാങ്ല പാസിനുള്ളത്.
പാസിലുള്ള ബോർഡിൽ ഇക്കാര്യം പറയുന്നുണ്ട്. പഴയ സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു ചാങ്ല. 15 കിലോമീറ്റർ നീളമുണ്ട് പാസിന്. കടുത്ത വേനലിലും ചെറിയ തണുപ്പുണ്ടിവിടെ. പാസിന്റെ ഉയരം കാണിക്കുന്ന ബോർഡിന് മുന്നിൽനിന്ന് പടമെടുക്കാൻ നല്ല തിരക്കുണ്ട്. അതൊരു സെൽഫി പോയന്റാണ്. ഈ ചിത്രമില്ലെങ്കിൽ ഇവിടെ വരെ വന്നുവെന്ന് ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരികളോടെ പടമെടുക്കുന്നവരെ കുറച്ചുനേരം നോക്കിനിന്നു. പാസിൽനിന്നും നോക്കിയാൽ മഞ്ഞ് തൊപ്പിയണിഞ്ഞ പർവതനിരകൾ കാണാം. താഴ്വാരങ്ങളിൽനിന്ന് കാറ്റ് സഞ്ചാരികളെപ്പോലെ പാസ് കടന്നുപോകുന്നു, ചിലപ്പോൾ കയറിവരുന്നു.
ചാങ്ല പാസിന്റെ വടക്കുകിഴക്കുള്ള ഷിയോക് സോണിൽനിന്ന് മധ്യകാല ജുറാസിക് ഫോസിൽ അംശമുള്ള പാറകൾ കണ്ടെടുത്തിരുന്നു. അവയാണ് ആദ്യത്തെ വിശ്വസനീയമായ ജുറാസിക് ഫോസിൽ സാന്നിധ്യമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഈ പാസ്. ഉയരത്തിൽ കവിഞ്ഞ കാര്യങ്ങളൊന്നും പക്ഷേ, പാസിൽ രേഖപ്പെടുത്തിയിട്ടില്ല. അവിടെ കൂടുതൽ സമയം നിന്നാൽ ചിലപ്പോൾ പാങ് കോങ്ങിൽ എത്താൻ കഴിയാതെ വന്നേക്കുമെന്ന് ഫിജോയിയും സിംഗെയും ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഉയരത്തിൽനിന്ന് താഴേക്കിറങ്ങിത്തുടങ്ങി.
ഞങ്ങൾ സഞ്ചരിച്ച് ചാങ്താങ്ങിലെത്തി. അവിടെ റോഡിന്റെ രണ്ടുഭാഗത്തും പച്ചമൈതാനങ്ങൾ. നിരപ്പായ സ്ഥലം. കുറച്ചുകൂടി പോയപ്പോൾ പുൽത്തകിടികളിൽ നിറയെ അതിമനോഹരമായ പൂക്കൾ. ശരിക്കും പ്രകൃതിയൊരുക്കിയ കൂറ്റൻ ബൊക്കെ എന്നുതന്നെ പറയാം. പല നിറത്തിലുള്ള കുഞ്ഞുപൂക്കൾ. ആകാശം ഇടക്ക് തെളിയുകയും പെട്ടെന്നു തന്നെ മങ്ങുകയും ചെയ്യുന്നുണ്ട്. വഴിയിൽ ചെറിയതോതിൽ ചാറ്റൽമഴയുമുണ്ടായിരുന്നു. വെയിൽ പരക്കുകയാണെങ്കിൽ പൂക്കൾ കൂടുതൽ ഭംഗിയോടെ തെളിഞ്ഞുനിന്നേനെ.
വെളിച്ചമാണ് സൗന്ദര്യത്തിന്റെ ആദ്യ ഉറവിടം എന്നതിൽ സംശയമില്ല. അങ്ങനെ ഓർത്തിരിക്കുമ്പോൾ വെയിൽ കുറച്ചു നിമിഷങ്ങൾക്കു മാത്രമായി പരന്നു. പൂക്കൾ ഒന്നുകൂടി തലപൊക്കി ഞങ്ങളെ നോക്കി. ആ സമയത്ത് ആകാശത്തും നല്ല നീല പരന്നു. പൂക്കളിൽ ആകാശം പ്രതിബിംബിച്ചേക്കാം എന്നാഗ്രഹിക്കുന്നതിനിടെ വെയിൽ വീണ്ടും മങ്ങി. ആകാശത്ത് കാറു നിറഞ്ഞു. ഒരുപക്ഷേ ആ കാഴ്ചയുടെ മിന്നായംപോലെ കടന്നുവന്ന വെയിൽ വെളിച്ചം ഇനി ഓർമകളിൽ കിടന്ന് വലുതായി വലുതായി സ്ഥിരമായ ഒരാനന്ദാനുഭൂതിയായി മാറിയേക്കും. അങ്ങനെ മുൻയാത്രകളിൽ സംഭവിച്ചിട്ടുണ്ട്. വലിയ അനുഭൂതികളായി മാറുന്ന പല അനുഭവങ്ങളും പലപ്പോഴും നിമിഷാർധങ്ങളിൽ സംഭവിക്കുന്നതായിരിക്കാം. പിന്നീട് അവ വളരുന്നു.
മരുഭൂമിയിൽ ഒറ്റക്ക് ആട്ടിൻപറ്റത്തെ മേച്ചു കൊണ്ടുനടന്ന ഒരു പെൺകുട്ടി അസ്തമയ സൂര്യനിൽ വിഖ്യാതമായ ഒരു പെയിന്റിങ്ങായി മാറുകയാണെന്ന തോന്നൽ ഒരു കാഴ്ച പിന്നീട് ഓർമകളിൽ വളരുന്നതിന്റെ മുന്നനുഭവങ്ങളിൽ ഒന്നാണ്. വീണ്ടും മുന്നോട്ടുപോയപ്പോൾ പുൽത്തകിടികളിൽ നിരവധി സഞ്ചാരികളെ കണ്ടു. ചെറിയൊരു അരുവി പുൽത്തകിടിയുടെ അരികിലൂടെ ഒഴുകുന്നുണ്ട്. അത് ഹിമാലയൻ മർമോത്തുകളുടെ സ്ഥലമാണ്. അവയെ കാണാനാണ് സഞ്ചാരികൾ അവിടെ നിൽക്കുന്നത് –സിംഗെ പറഞ്ഞു. നമുക്ക് മടങ്ങുമ്പോൾ അവിടെ ഇറങ്ങിക്കാണാം, ഇപ്പോൾ സമയം കളയുന്നത് ബുദ്ധിയല്ലെന്നും സിംഗെ കൂട്ടിച്ചേർത്തു.
പക്ഷേ, യാത്രകളിൽ അങ്ങോട്ടുപോകുന്ന വഴിയായിരിക്കണമെന്നില്ല മടങ്ങുമ്പോൾ. അങ്ങോട്ടുപോയ ആളായിരിക്കില്ല ചിലപ്പോൾ മടങ്ങിവരുന്നത് –യാത്രയിൽ മനുഷ്യരും പാതകളും അങ്ങനെ മാറിമറയാം. അതിനാൽ, ഹിമാലയൻ മർമോത്തുകളെ (എലിയും മുയലും ലയിച്ച തരത്തിലുള്ള മൂഷികവർഗത്തിൽപെട്ട ജീവിയാണിത്) ഇപ്പോൾതന്നെ കാണുന്നതായിരിക്കും നന്നായിരിക്കുക എന്നുപറഞ്ഞ് ഞാനും ബെന്യാമിനും അവിടെയിറങ്ങി. പത്തു മിനിറ്റ് മാത്രം എന്നുപറഞ്ഞ് അലൂമിനിയം ഡിവൈഡർ എടുത്തു ചാടി ഞങ്ങൾ പുൽത്തകിടിയിൽ പ്രവേശിച്ചു. നിരവധി മർമോത്തുകൾ അവിടെ നടക്കുന്നു, ചിലവ മനുഷ്യരെക്കാണുമ്പോൾ മാളങ്ങളിൽ ഒളിക്കുന്നു.
അമ്മയും രണ്ടു മക്കളും അരുവി കടന്ന് പുൽമൈതാനിയിലേക്കു വരാൻ ശ്രമിക്കുന്നു. അവ നീന്തുമോ എന്നറിയാൻ കുറച്ചു കാത്തു. പക്ഷേ അവ അനങ്ങാതെ അരുവിക്കരയിൽ തന്നെ നിൽക്കുകയാണ്. സഞ്ചാരികൾ അവയെ ആകർഷിക്കാൻ പല മുദ്രകളും ചൂളം-വിസിൽ വിളികളും നടത്തുന്നുണ്ട്. തല ഉയർത്തിപ്പിടിച്ച് ഒരിട മനുഷ്യരെ നോക്കും. പിന്നെ മാളത്തിലേക്ക് പിൻവാങ്ങും. ആ സ്ഥലം അവയുടെ ആവാസവ്യൂഹമാണ്. മുയലിന്റെയും എലിയുടെയും ചേർന്ന ചൂര് അവിടെ തങ്ങിനിൽക്കുന്നുണ്ട്.
മർമോത്തിന്റെ ജന്തുച്ചൂരായിരുന്നു അത്. അലമിനിയം ഡിവൈഡറിന് അപ്പുറത്തുനിന്ന് ഒരു ൈഡ്രവർ തന്റെ സംഘാംഗങ്ങളെ തിരിച്ചുവിളിച്ചു, റോഡിൽ പലയിടത്തും വെള്ളം കയറുന്നുണ്ട്, എത്രയും പെട്ടെന്ന് പോകണം. ഇല്ലെങ്കിൽ പാൻഗോങ്ങിൽ എത്തില്ല. ആ മുന്നറിയിപ്പ് ഞങ്ങൾക്കും കൂടിയുള്ളതായിരുന്നു. വീണ്ടും ഡിവൈഡർ ചാടിക്കടന്ന് ഞങ്ങളും വാഹനത്തിൽ കയറി.
അവക്ക് തീറ്റയൊന്നും കൊടുത്തില്ലല്ലോ? സിംഗെ ചോദിച്ചു. എന്തേ? ചില സഞ്ചാരികൾ കടലപോലുള്ള സാധനങ്ങൾ അവക്ക് കൊടുക്കും. പലപ്പോഴും അതവയുടെ അന്ത്യത്തിന് തന്നെ കാരണമാകാറുമുണ്ട്. അവയുടെ പ്രകൃതിയിലേക്ക് സഞ്ചാരികൾ ഭക്ഷണവുമായി ചെല്ലുകയാണ്, അതവയെ ചിലപ്പോൾ ഇല്ലാതാക്കുന്നതിൽ കലാശിക്കുന്നു. ഇത്തരമൊരു വന്യ ജന്തു ഹാബിറ്റാറ്റിൽ സന്ദർശകരെ നിയന്ത്രിക്കാൻ ആരെയും കണ്ടതുമില്ല.
ഈ പാതയിൽ പലയിടത്തും വന്യജീവി സാന്നിധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളുണ്ട്. കരടികളാണ് പല ബോർഡുകളിലും കാണുന്ന ജീവി. വൈൽഡ് ലൈഫ് േക്രാസിങ്ങിനു സാധ്യതയുള്ള പാതയാണിത് എന്നർഥം. രാത്രി സഞ്ചാരികൾ പലപ്പോഴും മൃഗങ്ങളെ ഇവിടെ കാണാറുള്ളതായി ഫിജോയ് പറഞ്ഞു. ഇന്ത്യ-തിബത്ത് മേഖലയിൽ മാത്രം കാണുന്ന മഞ്ഞ് പുള്ളിപ്പുലി (Snow leopard) റോഡ് മുറിച്ചുകടക്കുന്നത് ഒരാൾ കണ്ടു, അയാളതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഫിജോയ് പറഞ്ഞു. അപ്പോൾ ഞാൻ പീറ്റർ മാത്തിസണിന്റെ ‘Snow leopard’ എന്ന വിശ്രുത ഗ്രന്ഥം ഓർത്തു. മാത്തിസണും ജോർജ് ഷാലറും ഇന്തോ-തിബത്തൻ മേഖലയിൽ മഞ്ഞു പുള്ളിപ്പുലിയെ തേടി നടത്തുന്ന യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇരുവർക്കും ഈ ജീവിയെ പല നാൾ അലഞ്ഞു നടന്നിട്ടും കണ്ടെത്താനായില്ല.
പുള്ളിപ്പുലിയുടെ നഖം, രോമം, കാഷ്ഠം, കാൽപ്പാടുകൾ, മണം –അങ്ങനെ പലതും കാണുകയും അനുഭവിക്കുകയും ചെയ്തുവെങ്കിലും ജീവിയെ അവർക്ക് നേരിൽ കാണാൻ കഴിഞ്ഞില്ല. ആ അനുഭവമാണ് ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആ പുസ്തകം പങ്കുവെക്കുന്നത്. ഇപ്പോൾ മഞ്ഞു പുള്ളിപ്പുലി റോഡ് മുറിച്ചു കടന്നു പോകുന്നു, വിഡിയോ പാകത്തിൽ തെല്ലിട നിൽക്കുന്നു –കാലാവസ്ഥാ വ്യതിയാനം തന്നെയായിരിക്കുമോ ഈ ജീവിയെയും അതിന്റെ ഹിമാലയൻ ആവാസവ്യവസ്ഥയിൽനിന്നും മനുഷ്യരുള്ള സ്ഥലങ്ങളിലേക്ക് തുരത്തുന്നത്?
ഞങ്ങൾ വീണ്ടും മുന്നോട്ടു സഞ്ചരിക്കാൻ തുടങ്ങി. റോഡിൽ പലയിടത്തും വെള്ളക്കുത്തുണ്ട്. കല്ലുകളും വെള്ളത്തിനൊപ്പം ഒഴുകിവരുന്നുണ്ട്. ഹിമാനിയുരുക്കം ശക്തമായിരിക്കുന്നു. പലയിടത്തും ഈ തടസ്സങ്ങൾ കയറിയിറങ്ങിയാണ് സിംഗെ വണ്ടിയോടിക്കുന്നത്. ൈഡ്രവർമാർ തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്. വെള്ളക്കുത്തിന്റെ വിവരങ്ങളാണ് അവർ പ്രധാനമായും പങ്കുവെക്കുന്നത്. ഫിജോയിയും ഇക്കാര്യത്തെക്കുറിച്ച് തന്നെ അന്വേഷിക്കുന്നു. ഷയോക് നദിയിലെ പോലെ ചിലയിടങ്ങളിൽ വെള്ളം പൊങ്ങുന്നുണ്ട്. അത് താഴാൻ ചൂട് കുറയണം, അതായത് സൂര്യനസ്തമിച്ച് രാത്രിയാകണം. അതുവരെ ഹിമാനികൾ ഉരുകിക്കൊണ്ടിരിക്കും. വെള്ളക്കുത്ത് കൂടിക്കൊണ്ടുമിരിക്കും. ഇതാണ് അവസ്ഥ. ഒടുവിൽ പല തടസ്സങ്ങളും കടന്ന് പാൻഗോങ്ങിലെത്തി.
പാൻഗോങ് തടാകത്തിന്റെ ആദ്യ കാഴ്ച, അതിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത സൗന്ദര്യം, ആകാശനീലയിൽ തന്നെ തിളങ്ങുന്ന ജലപ്പരപ്പ്. ലോകത്തെ മുഴുവൻ ചിത്രകാരൻമാരും എടുത്തുപയോഗിച്ചാലും തീരാത്ത നീല, ആ തടാക പാലറ്റിലുണ്ട്. സൗന്ദര്യം നീല ചേലയുടുത്ത് നിൽക്കുന്നു. 13,900 അടി ഉയരത്തിൽ (4350 മീറ്റർ) മൂന്നു മലകൾക്കിടയിലായി 134 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തിൽ ഏറ്റവും ഉയരത്തിൽ കിടക്കുന്ന ഉപ്പുജല തടാകമാണിത്. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലാണ്. 90 കിലോമീറ്റർ ചൈനയിലും. തടാകം അതിർത്തി കടന്ന് ഒഴുകുന്നു. ഒരിട ശ്വാസംതന്നെ നിലച്ചു പോകാവുന്ന പ്രകൃതിസൗന്ദര്യത്തിന്റെ അനുഭവമാണ് തടാകത്തിന്റെ കാഴ്ചനൽകുന്നത്. ഇവിടെയെത്തിച്ചതിൽ സിംഗെക്കും ഫിജോയിക്കും ഞങ്ങൾ നന്ദി പറഞ്ഞു.
നമ്മൾക്ക് ഇനിയും 50 കിലോമീറ്ററോളം പോകണം. മറക്ക് ഗ്രാമത്തിലാണ് രാത്രിയുറക്കം. തടാകം കണ്ടു കണ്ടങ്ങനെ പോകാം –ഫിജോയ് പറഞ്ഞു. എന്നാൽ, തടാകക്കരയിൽനിന്നും കഷ്ടി ഒരു കിലോമീറ്റർ ചെന്നപ്പോൾ ഹിമാനിയുരുകിയ വെള്ളവും പാറക്കല്ലുകളും ഒന്നിച്ച് റോഡിലേക്ക് പ്രവഹിച്ച് വഴി തടസ്സപ്പെട്ടിരിക്കുന്നു. വെള്ളക്കുത്ത് കുറയുമെന്നും റോഡ് യാത്രക്ക് പാകമാകുമെന്നും കരുതി നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടപ്പുണ്ട്. മുകളിലേക്ക് പോകുന്നവരും താഴേക്കിറങ്ങുന്നവരും അവിടെ കുടുങ്ങിക്കിടപ്പാണ്. സിംഗെയും ഫിജോയിയും തങ്ങളുടെ ബന്ധങ്ങളിൽ സ്ഥിതിഗതികൾ വിളിച്ചന്വേഷിക്കുന്നുണ്ട്. എവിടെയോ ഒരു കാർ ഒലിച്ചുപോയിട്ടുണ്ട്.
ഒടുവിൽ ഫിജോയ് തീരുമാനം പ്രഖ്യാപിച്ചു: മറക്കിലെത്തുക അസാധ്യമാണ്. നമുക്ക് ഇവിടെത്തന്നെ ഉടനെ ഒരു താമസസ്ഥലം കണ്ടെത്തുന്നതാണ് നല്ലത്. കുറച്ചു സമയംകൊണ്ട് ഇവിടെയുള്ള ഹോട്ടലുകളെല്ലാം നിറയും. അതിനുമുമ്പ് ഒരിടംകണ്ടെത്തണം. സിംഗെ വണ്ടിതിരിച്ചു. ഞങ്ങൾ പാൻഗോങ്ങിന്റെ തുടക്കത്തിലെ (ലുകുങ് എന്നാണ് ഈ ഗ്രാമത്തിന്റെ പേര്) മനോഹാരിതയിൽ വീണ്ടുമെത്തി. ഫിജോയ് ധൃതിയിൽ കായൽക്കരയിൽതന്നെ താമസസ്ഥലം ശരിയാക്കി. ഗംഭീരമായ സ്ഥലമായിരുന്നു അത്. കായൽ തൊട്ടുകിടക്കുന്ന ഒരിടം. മുറിയിൽ കയറി ബാഗുകളും മറ്റും വെച്ചയുടനെ ഞങ്ങൾ കായൽത്തീരത്തേക്കിറങ്ങി.
വൈകുന്നേരം നാലുമണി സമയത്തെ സൂര്യവെളിച്ചം തടാകനീലിമ വർധിപ്പിച്ചു, പറഞ്ഞറിയിക്കാനാകാത്തവിധം അഗാധമാക്കി. മറ്റൊന്നും ചെയ്യേണ്ടതില്ല, ആ സൗന്ദര്യം നോക്കി വെറുതെയിരുന്നാൽ മാത്രം മതി. ഉംബർട്ടോ എക്കോ തന്റെ ‘സൗന്ദര്യത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തിൽ ഒരിടത്ത് പറയുന്നുണ്ട്, ചിലപ്പോൾ സൗന്ദര്യത്തെ വിശദീകരിക്കുക, വാക്കുകളിൽ പറയുക ദുഷ്കരമാണെന്ന്. ആ ദുഷ്കരത പാൻഗോങ് തീരം ഞങ്ങളെ അനുഭവിപ്പിച്ചു.
അവിടെ ആകാശത്തിന്റെ കടുംനീല നിറത്തിനിടെ ഇടക്ക് മേഘങ്ങളുടെ വെള്ളയും പ്രത്യക്ഷപ്പെട്ടു. പഞ്ഞിക്കെട്ടുകൾ ഒഴുകുന്ന പൂമുഖമായി അപ്പോൾ ആകാശം. പെട്ടെന്ന് പി. കുഞ്ഞിരാമൻ നായരുടെ ‘നരബലി’യിലെ വരികൾ ഓർമയിലേക്കു വന്നു. ഇന്ത്യ-ചൈന യുദ്ധസമയത്താണ് പി ഈ കവിത എഴുതുന്നത്.
‘‘അമ്പിളിക്കല ചൂടുന്നു
വിഹായസ്സിന്റെ വാഹനം
കിടക്കുന്നു പൂഞ്ഞയുള്ള
വെള്ളക്കാള –ഹിമാലയം.’’
ആകാശത്ത് മേഘങ്ങൾ പൂഞ്ഞയുള്ള വെള്ളക്കാളകളായി അതിവേഗം പാഞ്ഞു, പിന്നെ മാഞ്ഞു. പൂഞ്ഞയുള്ള വെള്ളക്കാളകളെ ഒരുപക്ഷേ ലോകാവസാനം വരെ ആകാശത്ത് മനുഷ്യന് കാണാൻ സാധിക്കുമായിരിക്കും. അതുകൊണ്ടുതന്നെയായിരിക്കണം കുഞ്ഞിരാമൻ നായർ ഈ വരികളെഴുതിയത്. ഞങ്ങളുടെ യാത്രക്ക് ഒരുമാസം മുമ്പ് പാൻഗോങ് തടാകത്തിന്റെ ഇന്ത്യൻ ഭാഗത്ത് ചൈന രഹസ്യ ഭൂഗർഭ അറകളുണ്ടാക്കിയതായി വാർത്തകൾ വന്നിരുന്നു. നരബലിയുടെ തുടക്കത്തിൽ കവി ഇങ്ങനെക്കൂടി എഴുതിയിട്ടുണ്ട്:
ആണത്തമുള്ള ചൈനക്കാർ അതിരു കടന്നുവന്നപ്പോൾ തലയോട് തകർന്ന് സ്വാതന്ത്ര്യം കിട്ടി –പടിഞ്ഞാറിന്റെ പടിക്കൽ പിച്ചപ്പാള വെച്ചിരിക്കുന്നതിന് പകരം പൗരസ്ത്യ നാടുകളെ കോർത്തിണക്കി ഉദയസൂര്യ പതാകക്കു കീഴിൽ പുതിയൊരേഷ്യ കെട്ടിപ്പൊക്കാൻ ഇവിടെ രാജ്യതന്ത്രജ്ഞൻമാരുണ്ടായില്ല –ആണുങ്ങളുണ്ടായില്ല– അതിന്റെ തിരിച്ചടികൾ ഹിമാലയനിരകൾ കൈയേറ്റു: അതിർത്തിയും കടന്നുകയറ്റങ്ങളും യുദ്ധങ്ങളും രാജ്യതന്ത്രവുമെല്ലാം നരബലിയിലെപ്പോലെ ഇപ്പോഴും തുടരുന്നു. ഇന്ത്യ-ചൈന ബന്ധം ഇന്നും വഷളായി തുടരുന്നു.
ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്തുനിന്നും വെള്ളക്കാളകൾ മാഞ്ഞുകഴിഞ്ഞു. സിംബോർസ്ക തന്റെ ഒരു കവിതയിൽ പറയുന്നുണ്ടല്ലോ, എനിക്ക് മേഘങ്ങളെക്കുറിച്ച് അതിവേഗം എഴുതണം, ഇല്ലെങ്കിലവ രൂപം മാറും എന്ന്. ഇവിടെയും മേഘങ്ങൾ രൂപംമാറി. അവയുടെ തൂവെള്ള ആകാശ നീലയിൽ ഇല്ലാതായി. അതോടെ തടാകത്തിലേക്കും ആകാശത്തിലേക്കും മാറിമാറി നോക്കി ഏറെ നേരമിരുന്നു, ഇടക്ക് തടാകതീരത്തൂടെ നടന്നു. രാത്രി ആകാശത്ത് വളരെക്കുറച്ച് നക്ഷത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിറയെ നക്ഷത്രങ്ങളുള്ള രാത്രിയാകാശം കൂടിയായിരുന്നെങ്കിൽ അത് മറ്റൊരു നിറവിലേക്കുകൂടി നയിക്കുമായിരുന്നു. അതുണ്ടായില്ല, എല്ലാം ഒരൊറ്റ സന്ദർഭത്തിൽ മാത്രം സാധ്യമാവുക മനുഷ്യജീവിതത്തിൽ ഒട്ടും എളുപ്പമായ കാര്യമല്ല. ആ രാത്രി ഇക്കാര്യംകൂടി ഓർമിപ്പിച്ചു.
പിറ്റേന്ന് പുലർച്ചെ വെളിച്ചത്തിന്റെ ആദ്യ കീറിനൊപ്പം ഉണർന്നു. അൽപം തണുപ്പുണ്ട്. രാത്രിയിലും തണുപ്പുണ്ടായിരുന്നു. പുലർകാല നടത്തം തടാകതീരത്തിലൂടെയാക്കി. നിരവധി സഞ്ചാരികൾ ആ സമയത്ത് അവിടെയുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഞങ്ങളെല്ലാവരും സെൽഫി പോയന്റിലേക്ക് പോയി. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച പാൻഗോങ് തീരമാണ് സെൽഫി പോയന്റായിരിക്കുന്നത്. ആ രംഗത്തിലെ മഞ്ഞ സ്കൂട്ടർ ഇവിടെ പുനർജനിപ്പിച്ചിട്ടുണ്ട്. അതിലിരുന്ന് പടമെടുക്കാൻ ആളൊന്നിന് 50 രൂപ. അങ്ങനെ ആ സിനിമയുടെ ഫോസിൽ രൂപങ്ങളായി മാറാൻ ഇവിടെ സന്ദർശകർക്ക് സൗകര്യമുണ്ട്. ഞങ്ങളും അതിൽനിന്നും മാറിനിന്നില്ല.
ചൈനയിലെ ജിൻസിയാങ്ങിലെ ഹോതാനിലേക്ക് ലേയിൽനിന്നും കച്ചവടാവശ്യാർഥം പോയിരുന്നവർ ഈ തടാകക്കരയിലൂടെയാണ് പഴയകാലത്ത് യാത്രചെയ്തിരുന്നത്. പാൻഗോങ്ങിന്റെ തീരത്തുള്ള ഗ്രാമങ്ങളിൽ 615 ബുദ്ധമത വിശ്വാസികൾ ജീവിക്കുന്നു. ലുകുങ്ങിൽ തടാകം നോക്കിയിരിക്കുന്ന മട്ടിൽ കൂറ്റനൊരു ബുദ്ധപ്രതിമയുമുണ്ട്. പ്രതിമക്ക് കീഴെ എഴുതിവെച്ചിരിക്കുന്നത് ഇങ്ങനെ വായിക്കാം: ഭൂമിസ്പർശ മുദ്ര –അഞ്ചു വിരലുകളും ഭൂമിയെ സ്പർശിക്കാൻ താഴേക്ക് നീട്ടുന്ന വിധത്തിൽ വലത് കൈ കാൽമുട്ടിനു മുകളിലൂടെ നീട്ടി ഇരിക്കുന്ന സ്ഥാനത്ത് ശ്രീ ബുദ്ധനെ കാണിക്കുന്ന ഈ മുദ്ര; ബുദ്ധന്റെ ആരംഭനിമിഷത്തെ പ്രതീകപ്പെടുത്തുന്നു.
സിദ്ധാർഥ രാജകുമാരൻ ബോധിവൃക്ഷത്തിന്റെ കീഴിൽ ജ്ഞാനോദയം നേടിയപ്പോൾ, ദ്രവ്യത്തിന്റെ മേലുള്ള ആത്മാവിന്റെ വിജയത്തിന്റെയും ലൗകിക കെണികളിൽനിന്നുള്ള മോചനത്തിന്റെയും പ്രതീകമായി ഇതേ മുദ്ര കാണിച്ചു. ബുദ്ധൻ ജ്ഞാനോദയത്തിലേക്കുള്ള ആരോഹണത്തിന് സാക്ഷ്യംവഹിച്ച ഭൂമി ദേവിയുടെ ആഹ്വാനമാണ് ഈ ആംഗ്യമെന്ന് വിശ്വസിക്കപ്പെടുന്നു. വലതു കൈയുടെ ഈ ആംഗ്യവും മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന ഇടതു കൈയും ഈ മുദ്രയുടെ അർഥം ജ്ഞാനം, ഐക്യം എന്നിവയിലേക്കുള്ള പാതകളെ സൂചിപ്പിക്കുന്നു: ലഡാക്കിലെ ജനങ്ങൾക്കുവേണ്ടി ഇന്ത്യൻ സൈന്യം സമർപ്പിക്കുന്നത് എന്ന കുറിപ്പാണ് ശിലാഫലകത്തിലെ അവസാന വരി.
രാവിലെ 11 മണിയോളമായിട്ടും സൂര്യവെളിച്ചം ഉണർന്നില്ല. വിട്ടുമാറാത്ത മൂടിക്കെട്ടൽ. അതിനാൽ തടാകത്തിന് അതിന്റെ പൂർണസൗന്ദര്യം കാണിക്കാൻ കഴിയുന്നില്ല. ഇന്നലെ കണ്ട ഭംഗി ഇപ്പോൾ പാൻഗോങ്ങിനില്ല. പഴയ സൗന്ദര്യത്തിലേക്ക് തടാകം ഒരിക്കൽക്കൂടി ഉണരുന്നത് കാണാൻ പരാജയപ്പെട്ട് ഞങ്ങൾ മടങ്ങാൻ തുടങ്ങി. ചാറ്റൽമഴയുണ്ട്. ഹിമാനികൾ നീന്തി പാൻഗോങ് കണ്ടതിന്റെ നിറഞ്ഞ ആഹ്ലാദം ഞങ്ങളിൽ ജ്വലിച്ചുനിന്നു. വെള്ളക്കുത്ത് ദുർബലമായിട്ടുണ്ട്. സൂര്യന്റെ പ്രഹരശേഷി മങ്ങിയതുകൊണ്ട് ഹിമാനിയുരുക്കം കുറഞ്ഞിരിക്കുന്നു. എങ്കിലും ഒരിടത്ത് ഒഴുകിപ്പോയ ഒരു ബൈക്കും മറ്റൊരിടത്ത് ഒഴുക്കിൽപെട്ട കാറും ട്രക്കിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടു. ഞങ്ങൾ മർമോത്തുകളുള്ള സ്ഥലത്തെത്തി. പക്ഷേ, മഴ കൂടുതൽ ശക്തമായതിനാൽ അവിടെ ഇറങ്ങാൻ പറ്റിയില്ല. ഒരു കാര്യം കണ്ണിൽപെട്ടാൽ ആ നിമിഷം കാണുക, മറ്റൊരിക്കലേക്ക് മാറ്റിവെച്ചാൽ ആ കാഴ്ച എന്നേക്കുമായി നഷ്ടപ്പെടാം, മർമോത്ത് മൈതാനം കടന്നുപോകുമ്പോൾ അക്കാര്യം ഓർമിപ്പിച്ചു.
കുറച്ചുകൂടി പോയാൽ തങ്സെ എന്നൊരു ഗ്രാമമുണ്ട്. അവിടെ ഒരു സർക്കാർ ആശുപത്രിയുമുണ്ട്. ആ ആശുപത്രിക്ക് ഒരു ടൂറിസ്റ്റ് വാർഡുമുണ്ട് –ഫിജോയ് പറഞ്ഞു.
‘‘ടൂറിസ്റ്റ് വാർഡോ?’’
‘‘അതെ.’’
ഹൈ ആൾട്ടിറ്റ്യൂഡ് സിക്നസ് വരുന്ന സഞ്ചാരികളെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. അവിടെ ടൂറിസ്റ്റുകളെ കിടത്തി ചികിത്സിക്കാൻ ഒരു വാർഡ് തന്നെയുണ്ട്. പാസുകൾ കയറുമ്പോൾ വലിയതോതിൽ ഓക്സിജൻ കമ്മി അനുഭവപ്പെടും. വളരെ ശ്രദ്ധ വേണം. അതില്ലാതെ വരുമ്പോൾ ചിലർ രോഗികളാകും. ലേക്ക് മുമ്പുള്ള ആശുപത്രികൂടിയാണിത്. ചില സഞ്ചാരികളുമായി ഇവിടെ വന്നതിന്റെ ഓർമകളും ഫിജോയ് പങ്കുവെച്ചു. നമുക്ക് ആ ആശുപത്രി ഒന്ന് കാണാൻ പറ്റുമോ? ഞാൻ ചോദിച്ചു. ടൂറിസ്റ്റ് വാർഡൊന്ന് കാണണം. അങ്ങനെയൊരു വാർഡുള്ള ആശുപത്രി മറ്റെവിടെയും കണ്ടിട്ടില്ല, അതിനാൽ കൗതുകമുണ്ട്. തീർച്ചയായും അവിടെക്കൂടി പോകാം –ഫിജോയ് പറഞ്ഞു.
ഞങ്ങൾ ആശുപത്രിയിലെത്തി. മുറ്റത്തുതന്നെ ഓക്സിജൻ സിലിണ്ടറുകളാണ്. ഡോക്ടർമാരും നഴ്സുമാരും ഒരു വാർഡിന്റെ പുറം ബെഞ്ചിലിരിക്കുകയാണ്. ശ്രീനഗർ സ്വദേശിയായ ഡോ. മുദീർ ആണ് അപ്പോഴവിടെയുണ്ടായിരുന്നത്. നാല് നഴ്സുമാരുമുണ്ട്. ടൂറിസ്റ്റ് വാർഡിന്റെ ഫോട്ടോ എടുക്കാൻ മുദീർ അനുമതി തന്നു. പോസ്റ്റ് നാറ്റൽ/ ടൂറിസ്റ്റ് വാർഡാണത്. അതിനകത്തും പ്രധാന കഥാപാത്രം ഓക്സിജൻ സിലിണ്ടർതന്നെ. നല്ല വെടിപ്പുള്ള വാർഡുകൾ. മുദീറും സഹപ്രവർത്തകരും ഫോട്ടോക്ക് നിന്നുതന്നു. അൽപനേരം ഡോക്ടർ ഞങ്ങളോട് സംസാരിക്കാനും തയാറായി.
അദ്ദേഹം പറഞ്ഞു: ഞാനിവിടെ വന്നിട്ട് ഒന്നരക്കൊല്ലമായി. ഇതിനിടെ പത്ത് ടൂറിസ്റ്റുകളെങ്കിലും ചികിത്സക്ക് വന്ന് മരിച്ചിട്ടുണ്ട്. ലഡാക്കിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അറിവില്ലായ്മ, മുന്നൊരുക്കമില്ലാതെയുള്ള വരവ്, ചില ടൂർ ഓപറേറ്റർമാർ ലാഭത്തിനുവേണ്ടി വണ്ടികളിൽ ഓക്സിജൻ സിലിണ്ടർ വെക്കാത്തത് –ഇങ്ങനെയുള്ള പല കാര്യങ്ങളെക്കുറിച്ചും ഡോ. മുദീർ പറഞ്ഞു. സർക്കാറും സഞ്ചാരികളും ടൂർ ഓപറേറ്റർമാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഹൈ ആൾട്ടിറ്റ്യൂഡ് സിക്നസ് പലതരം ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കും. ഇവിടത്തെ കാലാവസ്ഥയോട് ലയിച്ച ശേഷമേ (അക്ലൈമറ്റൈസേഷൻ) ഉയരങ്ങളിലേക്ക് യാത്രചെയ്യാവൂ. വന്ന ദിവസം മുഴുവൻ ഹോട്ടൽമുറിയിൽ തങ്ങി പതുക്കെ ഇവിടത്തെ കാലാവസ്ഥയുമായി ലയിക്കണം.
പലരും അതു ചെയ്യാതെ വന്ന വഴിയേ കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കും, അതവരെ രോഗികളാക്കും. ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. ഓക്സിജൻ കൊടുത്തേ ഈ പ്രശ്നം പരിഹരിക്കാനാകൂ. അത് വൈകിയാൽ കാര്യങ്ങൾ സങ്കീർണമാകും. ലഡാക് യാത്രക്ക് ആരോഗ്യ േപ്രാട്ടോകോൾ നിർബന്ധമാണ്. അത് പലപ്പോഴും വേണ്ടവിധം സഞ്ചാരികൾ മനസ്സിലാക്കുന്നില്ല –ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടറെ ഒരു നഴ്സ് അകത്തേക്ക് വിളിച്ചു, ഒരു രോഗിയെ നോക്കാനാണ്, അൽപം തിരക്കുണ്ട്, സംസാരം തുടരാനാവില്ല എന്നു പറഞ്ഞ് അദ്ദേഹം ആശുപത്രിക്കുള്ളിലേക്കു പോയി.ആശുപത്രി വിട്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
========