Begin typing your search above and press return to search.
proflie-avatar
Login

ബുദ്ധ ആര്യന്മാരും മുസ്‍ലിം ആര്യന്മാരും

ഫോട്ടോകള്‍: ബെന്യാമിന്‍, ഫിജോയ് ജോസഫ്‌, അനില്‍ വേങ്കോട്, സുധീഷ് രാഘവന്‍

Ladakh
cancel
camera_alt

ഖാര്‍ക്കോണ്‍ ഗ്രാമത്തിലെ

ടുണ്ടുമും സഞ്ജുമും

സായാഹ്ന വിശ്രമത്തില്‍

മഞ്ഞിൽ നിലകൊള്ളുന്ന ലഡാക്കിലൂടെ യാത്രചെയ്യുകയാണ്​ ​പ്രമുഖ യാത്രാസാഹിത്യകാരനായ ലേഖകൻ. ഒപ്പം എഴുത്തുകാരൻ ബെന്യാമിൻ ഉൾ​െപ്പടെയുള്ള മൂന്നംഗ സംഘം. അവർ ലഡാക് കാണുന്നു. സാധാരണ സഞ്ചാരികൾ കാണാത്ത ചരിത്രവും വർത്തമാനവും ഭൂവിതാനവും അറിയുന്നു. മാധ്യമം വാർഷികപ്പതിപ്പിൽ എഴുതിയ യാത്രയുടെ രണ്ടാംഭാഗം.

നമുക്ക് നാളെ ആര്യന്മാരുടെ താഴ്വാരത്തില്‍ പോകാം –ഫിജോയ് പറഞ്ഞു. ആര്യന്മാരുടെ താഴ്വരയോ? ഞങ്ങള്‍ ചോദിച്ചു. ‘‘അതെ. ലഡാക്കിലെ ചില ഉള്‍ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ തങ്ങള്‍ ആര്യന്മാരാണെന്നാണ് പറയുന്നത്. ആര്യന്‍ഗ്രാമങ്ങളിലൊന്നായ ഖാര്‍ക്കോണിലേക്ക് നമുക്ക് പോകാം. അവിടെ പാര്‍ക്കാന്‍ തമ്പുകള്‍ കിട്ടും. ഒരു ദിവസം തമ്പില്‍ തങ്ങാം. ഖാര്‍ക്കോണ്‍ ഗ്രാമവും അവിടെയുള്ള മനുഷ്യരെയും കാണാം. അവരുമായി സംസാരിക്കാം.’’ ആര്യന്മാര്‍ ഇന്ത്യയിലേക്ക് പുറത്തുനിന്നും വന്നവരാണ്, അതല്ല ഇവിടെത്തന്നെയുണ്ടായിരുന്നവരാണ് തുടങ്ങിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാദങ്ങളും തര്‍ക്കങ്ങളും ഇന്നും തുടരുമ്പോഴാണ് ഞങ്ങള്‍ ആര്യന്മാരുടെ താഴ്വരയിലേക്ക് പോകുന്നത്.

മറ്റൊരു കാര്യംകൂടിയുണ്ട്. നമ്മുടെ സാരഥി സിംഗെയും ആര്യനാണ് (അപ്പോഴാണ് വണ്ടിയുടെ പിറകിലെ ആര്യന്‍ ലഡാക് എന്ന ലോഗോ ശരിക്കും ശ്രദ്ധിക്കുന്നത്). സിംഗെയുടെ ഗ്രാമം സനീത് ഖാര്‍ക്കോണില്‍നിന്നും കുറച്ചു ദൂരത്താണ്. എങ്കിലും അവിടെക്കൂടി പോകാം. അവന്‍റെ മുത്തച്ഛനെയും മുത്തശ്ശിമാരെയും കാണാം. ആ ഗ്രാമത്തിന്‍റെ ആതിഥ്യം സ്വീകരിക്കാം. ശരി, ഞങ്ങള്‍ രണ്ടു ദിവസത്തേക്കുള്ള ആ യാത്രാ പ്ലാന്‍ എതിര്‍പ്പൊന്നും കൂടാതെ സ്വീകരിച്ചു.

അലക്സാണ്ടറുടെ പിന്മുറക്കാരാണ് ലഡാക്കിലെ ആര്യന്മാര്‍ എന്നൊരു കഥയുണ്ട്‌. അലക്സാണ്ടറുടെ പടയോട്ടത്തിന്‍റെ ഭാഗമായി വന്ന പടയാളികള്‍ പട കഴിഞ്ഞിട്ടും ലഡാക് വിട്ടുപോകാന്‍ കൂട്ടാക്കിയില്ലത്രെ. അങ്ങനെ അവരില്‍നിന്നുമുണ്ടായ വംശപരമ്പരയാണ് ഇന്ന്‌ ഇവിടെ കാണുന്ന ആര്യന്മാര്‍ എന്നാണ് കഥ പറയുന്നത്. അലക്സാണ്ടറും കൂടെ വന്നവരും ആര്യന്മാരായിരുന്നു എന്നതാണ് ഈ കഥയുടെ ഉള്ളടക്കം. പ​േക്ഷ, ചരിത്രത്തില്‍ അതിന് തെളിവുകളൊന്നുമില്ല. തെളിവുകളില്ലെങ്കിലും ‘ചരിത്രകഥകള്‍’ക്ക് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല.

മറ്റൊരു കഥ അല്‍പം ഞെട്ടിക്കുന്നതുതന്നെയാണ്. ‘ഗര്‍ഭ ടൂറിസം’ എന്നാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. ഇത് കഥയല്ല, നടന്ന സംഭവമെന്നാണ് ഇന്‍റര്‍നെറ്റും യൂട്യൂബര്‍മാരും പറയുന്നത് (ഈ പ്രതിഭാസത്തെക്കുറിച്ചാണ്‌ സഞ്ജീവന്‍ ശിവന്‍റെ ‘ദി ആക്‌ തുങ് ബേബി: ഇന്‍സേര്‍ച് ഓഫ്‌ പ്യൂരിറ്റി’ എന്ന അരമണിക്കൂര്‍ ഡോക്യുമെന്‍ററി സിനിമ).

ജര്‍മനിയില്‍നിന്നും ലഡാക്കിലെ ആര്യന്‍ ഗ്രാമങ്ങളിലെത്തിയ യുവതികളാണ് ഈ ആഖ്യാനത്തിലെ നായികമാര്‍. ഗ്രാമങ്ങളില്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന അഞ്ചു ദിവസത്തെ കൊയ്ത്തുത്സവമായ ചോപ്പശുപ്ലയുടെ വേളകളിലാണ്‌ യുവതികള്‍ വന്നത്‌. അവര്‍ക്ക്‌ ആര്യന്‍ കുഞ്ഞുങ്ങളെ വേണമായിരുന്നു. അതിന് ഗ്രാമത്തിലെ പുരുഷന്‍മാരെ വാടകക്കെടുത്തു. ഗര്‍ഭിണികളായി എന്നുറപ്പായപ്പോള്‍ സ്ഥലംവിട്ടു. യഥാര്‍ഥ ആര്യന്മാര്‍ ഇന്ന്‌ ലഡാക്കില്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന്‌ ജര്‍മന്‍കാര്‍പോലും വിശ്വസിക്കുന്നു എന്നാണ് ഈ കഥയുടെ പൊരുള്‍. ശുദ്ധരക്തവും ശുദ്ധവംശവും തേടിയുള്ള മനുഷ്യയാത്രകള്‍ ലഡാക് ഗ്രാമങ്ങളിലേക്ക്‌ നീങ്ങുന്നു എന്നാണ് ഈ ആഖ്യാനം മുന്നോട്ടുവെക്കുന്ന ആശയം. ആ നിമിഷം മുതല്‍ ആര്യനും വംശശുദ്ധതാ വാദവുമൊക്ക ചരിത്രത്തിലൊഴുക്കിയ രക്തച്ചാലുകള്‍ ഓർമകളെ പിടിച്ചുവലിക്കാന്‍ തുടങ്ങി.

ആര്യന്‍ വിവാദങ്ങളിലിടപെട്ട്‌ വിഖ്യാത ചരിത്രകാരി റോമിലാ ഥാപ്പര്‍ ആ പ്രതിഭാസത്തെക്കുറിച്ച്‌ ‘പൊട്ടിച്ചൂട്ട്‌’ എന്നു പറഞ്ഞതും പെട്ടെന്ന്‌ ഓർമയില്‍ വന്നു. വഴിചുറ്റിക്കല്‍, വഴി തെറ്റിക്കല്‍ എപ്പോഴും ഈ വിവാദങ്ങളില്‍ പ്രവര്‍ത്തിച്ചു എന്നു സൂചിപ്പിക്കാനാണ് അവര്‍ പൊട്ടിച്ചൂട്ട് എന്ന രൂപകം കൊണ്ടുവന്നത്. ഇന്നത്തെ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ ശുദ്ധതാവാദം കൊടിയ പൊട്ടിച്ചൂട്ടുകളുടെ ഗാലക്സി തന്നെയായി മാറിയിട്ടുണ്ടല്ലോ. എന്തായാലും ആര്യന്‍ താഴ്‌വാരത്തിലേക്കുള്ള യാത്ര എന്തെല്ലാം തിരിച്ചറിവുകളിലേക്കും വൈരുധ്യങ്ങളിലേക്കും എത്തിക്കും എന്ന്‌ ആലോചിച്ച്‌ തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ നേരം വെളുപ്പിച്ചു. എന്തായാലും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കാണല്ലോ പോക്ക്‌.



സിംഗെയുടെ മുത്തച്ഛനും മുത്തശ്ശിമാരും സനീതിലെ വീട്ടില്‍

അത്തരം യാത്രകള്‍ തനതായ നിലയില്‍തന്നെ അനുഭവങ്ങള്‍ നല്‍കും. അങ്ങനെയെല്ലാം ആലോചിച്ചും ഉള്ളില്‍ ആര്യന്മാരെക്കുറിച്ച്‌ സ്വയം തര്‍ക്കിച്ചും ആര്യന്‍ താഴ്‌വാരത്തിലേക്കുള്ള ഞങ്ങളുടെ യാത്ര പുറപ്പെട്ടു. പ്രഭാതത്തിന്‍റെ ഉന്മേഷം പ്രകൃതിയിലും വഴികളിലും ഞങ്ങളിലും ഒരേ പോലെയുണ്ട്‌. ആ വഴിയില്‍ പക്ഷിക്കരച്ചിലുകള്‍ അപൂർവമായിരുന്നു. പക്ഷേ, വിജനത ആവോളമുണ്ടായിരുന്നു. വിജനത അവസാനിക്കുന്നുവെന്ന്‌ തോന്നിപ്പിച്ചുകൊണ്ട്‌ ചെറിയ ചില ചായക്കടകള്‍ ഇടക്ക്‌ പ്രത്യക്ഷപ്പെടും. ചായ കുടിക്കും. അതു കഴിഞ്ഞാല്‍ വീണ്ടും വിജനപാത തന്നെ. ചായക്കടകള്‍ വിജനതക്കും ഏകാന്തതകള്‍ക്കും അതിര്‍ത്തി നിർണയിക്കുന്ന പാതയായിരുന്നു ആര്യന്‍ താഴ്വാരത്തിലേക്കുണ്ടായിരുന്നത്. ആകാശം നീലിച്ചു കിടന്നു. തനിച്ച്‌ നീലിച്ച കിടപ്പ്‌. ചിലപ്പോള്‍ മേഘങ്ങള്‍ നീലിപ്പിലേക്ക്‌ നുഴഞ്ഞു കയറും. അങ്ങനെ വഴികള്‍ കണ്ട് പല മണിക്കൂറുകള്‍ യാത്രചെയ്ത് ഞങ്ങള്‍ സിന്ധു ഘട്ടിനരികെയുള്ള ഖാര്‍ക്കോണ്‍ ഗ്രാമത്തിലെ വാടകക്ക് തമ്പുകള്‍ കിട്ടുന്ന വിശ്രമ സങ്കേതത്തിലെത്തി.

അവിടെ സിന്ധു നദി കലങ്ങി കുത്തിയൊലിക്കുന്നു. നദിയുടെ മറുകരയിലാണ് തമ്പുകള്‍. അപ്പുറം കടക്കാന്‍ പാലമുണ്ട്‌. ബാഗുകളും മറ്റും തമ്പുകളിലെത്തിക്കാന്‍ കപ്പിയില്‍ കൊളുത്തിയിട്ട ഇരുമ്പ്‌ പേടകമുണ്ട്‌. നദിക്ക്‌ കുറുകെയുള്ള കയര്‍ വലിച്ചാല്‍ ഇരുമ്പു പേടകം സാധനങ്ങളുമായി മറുകരയെത്തും. സിന്ധു നദി ഇന്ത്യയിലും പാകിസ്താനിലൂടെയും ഒഴുകുന്നു. അതിര്‍ത്തികളും നിയമങ്ങളും പുഴക്ക്‌ ബാധകമല്ല. പെട്ടെന്ന്‌ കുറച്ചുകാലം മുമ്പ് ഒരു പാക്‌ പുഴക്കടവിലുണ്ടായ സംഭവം ഓർമയിലേക്കു വന്നു:

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഗ്രാമത്തില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ പുഴയില്‍ കുളിക്കാനിറങ്ങി. അവര്‍ എത്രയോ വര്‍ഷങ്ങളായി ആ കടവിലാണ് കുളിക്കുകയും വസ്ത്രങ്ങള്‍ അലക്കുകയും ചെയ്യുന്നത്. അവര്‍ക്ക്‌ ഏറെ പരിചിതമാണ് ആ പുഴയും കടവും. ഒരു സായാഹ്നത്തില്‍ പതിവുപോലെ കുളിക്കാനും അലക്കാനും വന്ന അവരെ അപ്രതീക്ഷിതമായി വന്നെത്തിയ അടിയൊഴുക്ക്‌ വലിച്ചുകൊണ്ടുപോയി. നീന്തലറിയുന്നതിനാല്‍ അവര്‍ അതിജീവിച്ചു. മറ്റൊരു കടവില്‍ ചെന്നു കയറി. പക്ഷേ ആ കടവ്‌ ഇന്ത്യയിലായിരുന്നു. അവര്‍ ഇന്ത്യന്‍ ജയിലിലായി. തടവറയില്‍ കുഞ്ഞിനെ പ്രസവിച്ചു. കുട്ടിക്ക്‌ ഏഴു വയസ്സുള്ളപ്പോഴാണ് ആ അമ്മക്ക് സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്.

ഈ വര്‍ഷങ്ങളത്രയും അവര്‍ നിയമത്തിന്‍റെ നൂലാമാലയില്‍ കുടുങ്ങി: ന്യൂസ്‌ റൂമില്‍ റോയിട്ടേഴ്സിന്‍റെ ഗ്രിഡില്‍നിന്നും ഈ യഥാര്‍ഥ ജീവിതകഥ വായിച്ച്‌ കിടുങ്ങിപ്പോയ ഓര്‍മ സിന്ധു നദിക്കു കുറുകെയുള്ള മരപ്പാലത്തില്‍ ഓരോ അടിവെക്കുമ്പോഴും എന്നെ പിന്തുടര്‍ന്നു. അവിടെ സിന്ധു പാകിസ്താനിലേക്കാണോ ഒഴുകുന്നത്, അതോ തിരിച്ചോ? പാലം കടന്ന്‌ മറുകരയിലെത്തും വരെ മരവിച്ച ഒരുതരം നിശ്ശബ്ദത പിന്തുടരുന്നതായി തോന്നി. പാലം കടന്നും അൽപദൂരം നടക്കണം, സിന്ധുഘാട്ടിലെ തമ്പുകളിലെത്താന്‍. മലനിരകളുടെ അടിവാരത്തായിരുന്നു തമ്പുകള്‍. ഞങ്ങള്‍ക്ക്‌ കിട്ടിയ തമ്പുകളിലൊന്നിന് തൊട്ടു മുകളിലായി എപ്പോള്‍ വേണമെങ്കിലും താഴേക്കു വീഴുമെന്ന ഭാവത്തോടെ ഒരു കൂറ്റന്‍ പാറക്കല്ല്‌ നിന്നിരുന്നു. പാറയിലെ ഗുഹയില്‍ ഇരുമ്പുകമ്പികള്‍ തറച്ചുണ്ടാക്കിയ കൂട്ടില്‍ ആടുകളുമുണ്ട്‌.



ഖാര്‍ക്കോണില്‍ ബുദ്ധമതവിശ്വാസികളുടെ പ്രാര്‍ഥനാ ചക്രം,ബട്ടാലിക്കിലെ മുസ്‌ലിം പള്ളി

അല്‍പനേരം വിശ്രമിച്ചശേഷം നമുക്ക്‌ ഖാര്‍ക്കോണ്‍ ഗ്രാമത്തിന്‍റെ ഉള്ളിലേക്ക്‌ പോകാം. ആളുകളെ കാണാം, സംസാരിക്കാം. വീണ്ടും പാലം കടന്ന്‌ റോഡിലെത്തി അൽപം മുകളിലേക്ക്‌ നടന്നുവേണം ഗ്രാമത്തിലേക്കു പ്രവേശിക്കാന്‍. അധികം വൈകാതെ വന്നവഴി തിരിച്ചു നടന്ന്‌ ഞങ്ങള്‍ ഖാര്‍ക്കോണ്‍ ഗ്രാമത്തിന്‍റെ ഹൃദയത്തിലേക്ക്‌ പ്രവേശിച്ചു. ജീവിതത്തിരക്ക്‌ എന്ന കാര്യം ഗ്രാമത്തില്‍ കാണാനില്ല.

പലതരം ജോലികളില്‍ മിക്കവരും മുഴുകുന്നു. പക്ഷേ പതുക്കെ മാത്രം, സൂക്ഷ്‌മതയോടെയാണ്‌ ജോലികള്‍ എല്ലാവരും ചെയ്യുന്നത്. ഗ്രാമീണര്‍ പെര്‍ഫക്ഷനിസ്റ്റുകളായ കലാകാരന്‍മാരെപ്പോലെയാണെന്ന്‌ തോന്നി. ഏറെ നേരമെടുത്ത് പതുക്കെ ജോലിചെയ്യുന്ന ഈ ഗ്രാമീണരില്‍നിന്നും ജീവിതത്തിന്‍റെ പൂര്‍ണ ഭംഗി എങ്ങനെയെന്ന് നോക്കിയിരുന്ന് പഠിക്കാം. നാലു മണിയായപ്പോഴേക്കും പ്രായമുള്ള സ്ത്രീ-പുരുഷന്‍മാര്‍ വീടുകള്‍ക്ക്‌ മുന്നില്‍ ഒരു കോസടി വിരിച്ച് കാലുകള്‍ നീട്ടിയിരുന്ന്‌ സംസാരിക്കുന്നു. ഫ്ലാസ്കുകളില്‍നിന്നും ചായ കുടിച്ച് തമാശയും കാര്യവും പറഞ്ഞ് അവര്‍ തങ്ങളുടെ ലളിതജീവിതം ആഘോഷിക്കുന്നു.

ആ നടത്തത്തിനിടയില്‍ വീട്ടിനു മുന്നിലിരിക്കുന്ന ടുണ്ടുമിനേയും സഞ്ജുമിനേയും കണ്ടു. നല്ല പ്രായമുണ്ട്. അവര്‍ ആ സായാഹ്നം ആസ്വദിക്കുകയായിരുന്നു. വിശ്രമിക്കാന്‍ കഴിയുന്നതിന്‍റെ ആനന്ദം അവരുടെ ഇരിപ്പിലുണ്ട്‌. അതിവേഗത്തില്‍ ജീവിക്കാത്തതിനാല്‍ എത്രകാലം വേണമെങ്കിലും ഇനിയും കഴിയാനുള്ള ഊര്‍ജം അവരില്‍ അവശേഷിക്കുന്നുണ്ടാകും എന്നു തോന്നി. അവരുമായി സംസാരിക്കാന്‍ സിംഗെ സഹായിച്ചു. ലഡാക്കിലോ ഹിന്ദിയിലോ അല്ല ലിപിയില്ലാത്ത ആര്യന്‍ ഗ്രാമങ്ങളിലെ ഭാഷയിലാണ് സിംഗെ അവരുമായി സംസാരിക്കുന്നത്. ലഡാക്കില്‍ നമസ്കാരം എന്നതിന് പൊതുവില്‍ പറയുന്നത് ജൂലെ എന്നാണ്. നമസ്കാരത്തിന് മാത്രമല്ല, ചിലപ്പോള്‍ നന്ദി പറയുന്നതും ഇതേ വാക്കുകൊണ്ടുതന്നെ.

മറ്റു ചിലപ്പോള്‍ കുശലാന്വേഷണമായും ജൂലെ മാറും. ആ വാക്ക്‌ ഒരു ലഡാക്കിയോട്‌ പറഞ്ഞാല്‍ പൊതുവില്‍ അവര്‍ സൗഹൃദത്തിന്‍റെ കരം നീട്ടും. ടുണ്ടുമും സഞ്ജുമും ഞങ്ങളുടെ ജൂലെയെ അഭിവാദ്യംചെയ്തു. കാര്‍ഗില്‍ യുദ്ധസമയത്ത്‌ തങ്ങളുടെ ഗ്രാമങ്ങള്‍ക്ക്‌ മുകളിലൂടെ പറന്ന യുദ്ധവിമാനങ്ങളെ ഓര്‍ത്തു. കൃഷിയുടെ ദൈവത്തിന്‍റെ എല്ലായ്‌പോഴുമുള്ള അനുഗ്രഹത്തെ പ്രകീര്‍ത്തിച്ചു. വൃദ്ധരെ പൊതുവില്‍ സഹായിക്കുന്ന തങ്ങളുടെ ഗ്രാമഘടനയെക്കുറിച്ച്‌ പറഞ്ഞു. ടുണ്ടും തന്‍റെ തലയില്‍ പ്രത്യേകതരം പൂക്കള്‍ ചൂടിയിരിക്കുന്നു. ഈ പൂക്കള്‍ പുരുഷന്‍മാരും അണിയും. പല മാസങ്ങള്‍ വാടാതെ നില്‍ക്കുന്ന നല്ല നിറമുള്ള ഷൊക്ക്ലോഹ്‌ പൂക്കളാണ് ഇവര്‍ അണിയുക. പിന്നീട് ചില വീടുകളുടെ പൂന്തോട്ടങ്ങളില്‍ ആ പൂക്കള്‍ കാണാനും കഴിഞ്ഞു.

ഇവരുടെ പരമ്പരാഗത വസ്ത്രരീതി ഇങ്ങനെയാണ്. പുരുഷന്‍മാര്‍ തൊപ്പിയില്‍ നാണയങ്ങളും പൂക്കളും വെക്കും. സ്ത്രീകള്‍ തലയില്‍ പൂക്കള്‍ വെക്കുന്നതിനു ചുറ്റും വെള്ളി അരഞ്ഞാണംപോലുള്ള ഹെഡ്‌ ഗിയറുണ്ടായിരിക്കും. സ്ത്രീകള്‍ തണുപ്പ്‌ പ്രതിരോധിക്കാന്‍ ബാച്ചി എന്നു പേരുള്ള ആട്ടിന്‍തോലില്‍ നിർമിച്ച കോട്ട്‌ കോളര്‍ ഉപയോഗിക്കും. തൊപ്പികള്‍ അലങ്കരിക്കാന്‍ ഇവര്‍ മുന്‍തോട്ടോ എന്നു പേരുള്ള മറ്റൊരു പൂവു കൂടി ഉപയോഗിക്കും. ഈ പൂവിന്‍റെയുള്ളിലെ വിത്തുകള്‍ ഏറെക്കാലം ഉണങ്ങാതിരിക്കും എന്നാണ് പറയുന്നത്. ലഡാക്കിലെ കാലാവസ്ഥയായിരിക്കാം വിത്തുകളെ ഉണങ്ങാതെ രക്ഷിക്കുന്നത്.

ഗ്രാമം മുകളിലേക്ക് മുകളിലേക്ക് കുന്നു കയറിപ്പോകുന്നു. ഒരു നിരപ്പിലുള്ള വീടുകള്‍ അവസാനിച്ചാല്‍ അടുത്ത നിരപ്പിലേക്ക്‌, ഉയരത്തിലേക്ക്‌ മറ്റൊരു പറ്റം വീടുകള്‍ കാണാം. അങ്ങനെ വീടുകള്‍ കുന്നുകയറി പോയി ഉണ്ടായതാണ് ഈ ഗ്രാമം എന്നു തോന്നും. ഗ്രാമത്തിലെ ഏറ്റവും അവസാന വീടുകള്‍ ആകാശത്തെ മുട്ടുമെന്ന് തോന്നിക്കുന്ന വിധം ഉയരത്തിലാണ്. കയറ്റം കയറിക്കൊണ്ടിരിക്കെ ശ്വാസം തിങ്ങി. വേഗത പാടില്ല, പതുക്കെ മാത്രം മുകളിലേക്ക്‌ കയറുക. അല്ലെങ്കില്‍ ഓക്സിജന്‍ കുറവ് ശ്വാസകോശത്തെ സമ്മര്‍ദത്തിലാക്കും –സിംഗെ പറഞ്ഞു.



നര്‍ത്തക സംഘത്തെ നയിച്ച ആങ്ചുക്,കലാസംഘത്തിലെ തോഷി

അത്‌ സമ്പൂർണമായും തിബത്തന്‍ ബുദ്ധമത വിശ്വാസികളുടെ ഗ്രാമമായിരുന്നു. പ്രാര്‍ഥനാചക്രങ്ങള്‍ ചിലയിടങ്ങളിലുണ്ട്. ലാമമാര്‍ വന്നുപോകുന്നുണ്ട്. ഗ്രാമത്തിലെ മതകാര്യങ്ങള്‍ നോക്കാന്‍ ഒരു സ്ഥിരം ലാമയുണ്ട്. ഗ്രാമത്തിലെല്ലായിടത്തും വെള്ളച്ചാലുകളുണ്ട്. അവിടെ എപ്പോഴും കേള്‍ക്കുന്ന ശബ്ദം വെള്ളം ഒഴുകുന്നതിന്‍റേതാണ്. രണ്ടുതരം വെള്ളം അവിടെ ഒഴുകുന്നു. ഒന്ന് ഹിമാനി ഉരുകിയെത്തുന്നത്‌, മറ്റൊന്ന്‌ ഉറവകളില്‍നിന്നും നേരിട്ട്‌. രണ്ടും ശേഖരിക്കുന്നത് വ്യത്യസ്തമായാണ്. ഹിമാനി ഉരുകിയെത്തുന്ന വെള്ളമാണ് ഗ്രാമത്തിന്‍റെ ഓരത്തൂടെ ശബ്ദമുണ്ടാക്കി ഒഴുകുന്നത്.

ഗ്രാമീണര്‍ സഹകരിച്ച് നിർമിച്ച സിമന്‍റിട്ടുറപ്പിച്ച ചാലിലൂടെയാണ് ഈ വെള്ളം ഒഴുകുന്നത്. ആപ്രിക്കോട്ടടക്കമുള്ള പഴങ്ങള്‍ കഴുകി വൃത്തിയാക്കുന്നത് ഈ വെള്ളം ഉപയോഗിച്ചാണ്. വസ്ത്രങ്ങള്‍ അലക്കാനും ഇതേ വെള്ളമെടുക്കുന്നു. ഉറവയില്‍നിന്നും വരുന്ന വെള്ളം ഓസ്‌ ​െപെപ്പിലൂടെയാണ് ഓരോ വീട്ടിലും എത്തുന്നത്. പണ്ടിത് മരപ്പാളികളിലൂടെയായിരുന്നു. ഇപ്പോള്‍ ഇങ്ങനെയായി. ഉറവയില്‍നിന്നുള്ള വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കും. കൃഷിക്കളങ്ങള്‍ നനക്കുന്നത് ഹിമാനിയുരുകിയുണ്ടാകുന്ന വെള്ളം കൊണ്ടാണ്. വെള്ളത്തിന്‍റെ സ്വയം പര്യാപ്തതയും അതിനായി പ്രകൃതിയൊരുക്കിയ രണ്ട് ജലസ്രോതസ്സുകളും ലഡാക്കികള്‍ ഉപയോഗിക്കുന്നു. എന്നാല്‍, പുതിയ കാലം ഈ ഗ്രാമങ്ങളിലേക്കും ജലക്ഷാമത്തിന്‍റെ അനുഭവങ്ങള്‍ കൊണ്ടുവരുന്നു.

ഒരിടത്ത് പ്രാര്‍ഥനാ ചക്രത്തിനരികിലെ തിണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. അതിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ വളരെച്ചെറിയ മൈതാനത്ത് ഗ്രാമത്തിലെ സ്ത്രീകള്‍ ഒന്നിച്ചു കൂടിയിരിക്കുന്നു. വൈകുന്നേരങ്ങളില്‍ മിക്ക ദിവസങ്ങളിലും സ്ത്രീകള്‍ ഇങ്ങനെ കൂടിയിരിക്കും. പരസ്പരമുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്കൊപ്പം കുടുംബകാര്യങ്ങളും ഗ്രാമത്തിന്‍റെ പൊതു പ്രശ്നങ്ങളും ചര്‍ച്ചക്കു വരും. ഈ സ്ത്രീ കൂട്ടായ്മയിലാണ് ഗ്രാമത്തിന്‍റെ ഭാവി. ദിവസവും നടക്കുന്ന അടിത്തട്ട് തലത്തിലെ കൂടിച്ചേരലാണിത്. ഈ കൂട്ടായ്മയിലെ പൊതു ചര്‍ച്ചകള്‍ സ്ത്രീകള്‍ പുരുഷന്‍മാരുമായി പങ്കുവെക്കുകയും ചെയ്യും.

പല കയറ്റങ്ങള്‍ കയറി ഞങ്ങള്‍ അത്‌ മതിയാക്കി താഴേക്കിറങ്ങുമ്പോള്‍ നല്ല പ്രായമുള്ള ഒരാള്‍ മുകളിലേക്ക് പോകുന്നു. ഞങ്ങളുടെ ക്ഷേത്രം കണ്ടില്ലേ, ഗ്രാമത്തില്‍ വന്നിട്ട് അതു കാണാതെ പോവുകയാണോ എന്നു ചോദിച്ചു. അവര്‍ കയറ്റം കയറി അണക്കുകയാണ്, ഇനിയും ഉയരത്തിലേക്ക് പോകുന്നത് നല്ലതല്ല, ഞങ്ങള്‍ക്കു വേണ്ടി സിംഗെ ജാമ്യം നിന്നു. ദിവസവും ക്ഷേത്രം വരെയുള്ള ഉയരം കയറിയിറങ്ങുന്ന ഞങ്ങളെ കണ്ടു പഠിക്കൂ എന്ന് പറഞ്ഞ് പ്രായമുള്ള ആ മനുഷ്യന്‍ നിറഞ്ഞു ചിരിച്ചു.

ആര്യന്മാര്‍ എന്ന് അവകാശപ്പെടുന്ന ഇവരെ ബ്രോഗ്പ്പകള്‍, ദ്രോഗ്പ്പകള്‍ എന്നും വിളിക്കാറുണ്ട്. പാകിസ്താനിലെഗില്‍ഗിത്തില്‍നിന്നും ഏഴാം നൂറ്റാണ്ടില്‍ ലഡാക്കിലേക്ക് കുടിയേറിയവരാണ് ഇവരെന്ന് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനോട് വിയോജിക്കുന്നവരുമുണ്ട്. തിബത്തോ-മംഗോളിയന്‍ ഛായയുള്ള ഭൂരിഭാഗം ലഡാക്കികളില്‍നിന്നും വ്യത്യസ്തമായി, ബ്രോഗ്പ്പകള്‍ക്ക്‌ ഇന്തോ-ആര്യന്‍ ഛായയും സവിശേഷതകളുമുണ്ടെന്ന് ചില നരവംശ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പക്ഷേ, അവസാന വാക്ക്‌ ആരും പറയുന്നുമില്ല. ഡി.എന്‍.എ പരിശോധനകള്‍പോലും ആര്യന്‍ വാദത്തെ വേണ്ടവിധം സാധൂകരിക്കുന്നില്ലെന്ന വാദങ്ങളും നിലനില്‍ക്കുന്നുണ്ട്‌.

ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ ‘പ്രൗഡ്‌ ഇന്ത്യന്‍സ്‌’ എന്നാവര്‍ത്തിക്കുന്നവരെയാണ് പൊതുവില്‍ കാണാനാവുക. ജര്‍മന്‍ ആര്യവാദത്തിലേക്ക്‌ ഞങ്ങളെ പിടിച്ചുകെട്ടേണ്ട എന്ന്‌ ഈ പ്രയോഗത്തിലൂടെ ഈ ഗ്രാമീണര്‍ പറയുകയാണെന്ന്‌ തോന്നി. ഗര്‍ഭ ടൂറിസംപോലുള്ള കഥകള്‍ വംശീയതയോടും വിദേശീയതയോടും ആസക്തിയുള്ള പുറത്തുനിന്നുള്ളവരുടെ നിർമിതിയാണെന്നുമുള്ള കടുത്ത വിമര്‍ശനവും ചില ഗവേഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. കമ്യൂണിറ്റി ടൂറിസമാണ് ഇതിലെ യഥാര്‍ഥ വില്ലനെന്ന് ഇത് സംബന്ധിച്ച് ചില ലേഖനങ്ങള്‍ പിന്നീട് വായിച്ചപ്പോള്‍ തോന്നുകയുംചെയ്തിരുന്നു. ഒരു കമ്യൂണിറ്റിയെ സവിശേഷമാക്കാനുള്ള ശ്രമംപോലുമാകാം ഈ കഥ. ഈ ഗ്രാമത്തിലും പിറ്റേന്നു പോയ ഗ്രാമത്തിലും ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അങ്ങനെ കേട്ടിട്ടുണ്ട്‌, നേരിട്ടുള്ള അനുഭവമില്ല എന്നാണ് ഗ്രാമീണര്‍ പറഞ്ഞത്.

ഞങ്ങള്‍ ഗ്രാമത്തിന്‍റെ സമനിരപ്പില്‍ എത്തി. അവിടെയുള്ള പ്രൈമറി സ്‌കൂളിന്‍റെ അരികിലൂടെയുള്ള വഴിയിലൂടെ മുകളിലേക്ക്‌ നടന്നുകയറിയാല്‍ ഒരു സ്വകാര്യ മ്യൂസിയം കാണാം. ഹിമാലയന്‍ ആര്യന്‍ ലബ്‌ദക്‌ മ്യൂസിയം എന്നാണ് പേര്‌. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഗോള്‍പ്പാ കുടുംബത്തിന്‍റെ കൈയിലുള്ള വസ്തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുടുംബത്തിലെ ഇപ്പോഴത്തെ അവകാശി ടുപ്സ്റ്റാന്‍ ചെവാങ്ങും ഭാര്യയുമാണ്‌ മ്യൂസിയത്തിന്‍റെ നടത്തിപ്പുകാര്‍. ഗ്രാമീണര്‍ അവരെ ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. പ്രധാനമായും ഗോള്‍പ്പ കുടുംബത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള 150 വര്‍ഷം പഴക്കമുള്ള വീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.

കുനിഞ്ഞ് മാത്രമേ മ്യൂസിയത്തിലെ മുറികളിലൂടെ നടക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ തലമുട്ടും. ഞങ്ങളില്‍ ചിലരുടെ തലകള്‍ മച്ചില്‍ മുട്ടുകയുംചെയ്തു. കടുത്ത തണുപ്പിനെ നേരിടാന്‍ ഉയരം കുറഞ്ഞ വീടുകളാണ് ലഡാക്കില്‍ പഴയ കാലത്തുണ്ടാക്കിയിരുന്നത്. ഉയരം കുറയുന്നത് തണുപ്പിനെ കുറക്കും. അടുക്കളയും തൊഴുത്തും എല്ലാം ഉയരം കുറഞ്ഞ നിലയിലാണ്. വേട്ടക്കും സ്വയരക്ഷക്കുമായി ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, പാത്രങ്ങള്‍, കമ്പിളിവസ്ത്രങ്ങള്‍, കിടക്കകള്‍, ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ –ഇങ്ങനെ മ്യൂസിയത്തിലെ മുറികള്‍ പഴയ ലഡാക്കിന്‍റെ നിത്യജീവിതത്തിന്‍റെ കിളിവാതിലായി വര്‍ത്തിക്കുന്നു. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ അധ്യാപകനായ ടുപ്സ്റ്റാന്‍ ചെവാങ് ജോലിസ്ഥലത്തുനിന്നും തിരിച്ചുവന്നിരുന്നില്ല.

അദ്ദേഹത്തിന്‍റെ ഭാര്യയാണ് ഞങ്ങളെ മ്യൂസിയം കൊണ്ടു നടന്നു കാണിച്ചത്. മ്യൂസിയം വളരെക്കൂടുതല്‍ മെച്ചപ്പെടുത്താനുണ്ട്. അവിടെ ശേഖരിച്ചിരിക്കുന്ന വസ്തുക്കള്‍ പലതും ഒന്നിച്ചു കൂട്ടിയിട്ടിരിക്കുകയാണ്. അത്‌ കൃത്യമായി വര്‍ഗീകരിച്ച് അടിക്കുറിപ്പോടെ പ്രദര്‍ശിപ്പിച്ചാല്‍ സന്ദര്‍ശകര്‍ക്ക് അത്‌ കൂടുതല്‍ സഹായകരമായിരിക്കും. ഒരു കുടുംബാഖ്യാനത്തിനപ്പുറത്ത് 150 വര്‍ഷം മുമ്പത്തെ ഖാര്‍ക്കോണിലെ ജീവിതത്തിലേക്ക് മ്യൂസിയത്തിന്‌ ഇനിയും കൂടുതല്‍ വെളിച്ചം വീശാനും കഴിയും. സര്‍ക്കാറിന്‍റെ സഹായത്തോടെ മ്യൂസിയം കൂടുതല്‍ പരിഷ്‍കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.

അവരുടെ വീടിനോട് ചേര്‍ന്ന മുറ്റത്ത് ഞങ്ങള്‍ക്ക് നേരത്തേ ചായസല്‍ക്കാരം കിട്ടിയിരുന്നു. ചെവാങ്ങിന്‍റെ ഭാര്യ പുറത്തെവിടെയോ പോയിരുന്നു. ഉടനെ എത്തും എന്ന ടെലിഫോണ്‍ സന്ദേശത്തിനിടെയാണ് വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ ഞങ്ങളെ സുലൈമാനികൊണ്ട് സല്‍ക്കരിച്ചത്.

ധാ, ഹനു എന്നീ ഗ്രാമങ്ങളാണ് ഇന്ത്യയിലെ അവസാന ആര്യന്‍ഗ്രാമങ്ങള്‍. ഭീമ, ഖാര്‍ക്കോണ്‍, സനിത്ത് എന്നിവയാണ് മറ്റു ഗ്രാമങ്ങള്‍. അയ്യായിരത്തോളമാണ് ആര്യന്മാരുടെ ജനസംഖ്യ. ഇവര്‍ മറ്റു സമുദായങ്ങളില്‍നിന്നും വിവാഹം കഴിക്കാറുണ്ടായിരുന്നില്ല. എന്നാല്‍, അപൂർവമായാണെങ്കിലും ഇപ്പോള്‍ ഇതര സമുദായങ്ങളില്‍നിന്നുള്ള വിവാഹങ്ങള്‍ നടക്കാറുണ്ട്. ജോലി തേടിയും പഠിക്കാനുമായി വിദേശങ്ങളിലേക്കടക്കമുള്ള കുടിയേറ്റം ആര്യന്മാര്‍ക്കിടയിലെ പുതിയ പ്രവണതയാണ്. പുതിയ തലമുറ ഗ്രാമാതിര്‍ത്തികളും തങ്ങളുടെ പൊതുരീതികളും വിട്ട് ജീവിക്കാനാഗ്രഹിക്കുന്നു.

ഞങ്ങള്‍ ഗ്രാമപാതയിലൂടെ നടന്ന്‌ ഒരു ചെറിയ വെള്ളച്ചാട്ടത്തിനരികിലെത്തി. കാടിന്‍റെ ചെറുഛായയുള്ള പ്രദേശത്താണ് വെള്ളച്ചാട്ടം. അവിടെ ആ ഗ്രാമത്തിലെ തന്നെ ചില യുവാക്കള്‍ അടുപ്പുകൂട്ടി കോഴിയിറച്ചി പാചകം ചെയ്യുന്ന തിരക്കിലായിരുന്നു. മസാല തേച്ച കോഴി പൊരിച്ചെടുക്കാനുള്ള അവരുടെ തത്രപ്പാടിനിടയിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. അവരുടെ സ്വകാര്യതയിലേക്ക്‌ ചെന്ന ഞങ്ങളോട്‌ അവര്‍ വലിയ സൗഹൃദം കാണിച്ചില്ല. യുവാക്കളുടെ സായാഹ്നക്കൂടലിന്‍റെ ഒത്തൊരുമക്കായി ഫ്രയിങ് പാനില്‍ കോഴിക്കാലുകള്‍ പൊരിഞ്ഞും മൊരിഞ്ഞും സഹകരിച്ചു.

ഖാര്‍ക്കോണ്‍ ഗ്രാമത്തിന്‍റെ ഹൃദയപാതകള്‍ വിട്ട്‌ താഴെ സമനിരപ്പിലെത്തി. വീണ്ടും പാലം കടന്ന് തമ്പിലെത്തി. രാത്രി ആര്യന്‍ കലാസംഘം നൃത്തവും പാട്ടുമായി അവിടെ എത്തുന്നുണ്ട്. ഞങ്ങള്‍ അവരെ കാത്തിരിക്കാന്‍ തുടങ്ങി. ആങ്ചുക്, പണ്‍ദ്രോക്, ദെല്‍ദര്‍, തസ്വി ദ്വവ്വ, ഗയാല്‍സണ്‍, ചെമ്പ, സുപ്‌സോ, തോഷി യാങ്സ്ലെഫ് എന്നിവരാണ് കലാസംഘത്തിലുള്ളത്‌. തോഷിയാണ് സംഘത്തിലെ പ്രായം കുറഞ്ഞയാള്‍. അവള്‍ നര്‍ത്തകരായ അച്ഛനും അമ്മക്കുമൊപ്പമാണ് എത്തിയിരിക്കുന്നത്. തമ്പുകള്‍ക്ക് നടുവിലായി ഒഴിഞ്ഞുകിടക്കുന്ന ചെറിയ മൈതാനത്ത് സംഘം അണിനിരന്നു. കാണികള്‍ക്ക് വന്ദനം പറഞ്ഞു. സംഘത്തലവനായ ആങ്ചുക് പറഞ്ഞു: ഞങ്ങള്‍ ഒരു പ്രഫഷനല്‍ സംഘമല്ല.



നര്‍ത്തകര്‍ അരങ്ങില്‍

എന്നാല്‍, ഞങ്ങളുടെ ജീവിതത്തില്‍ നര്‍ത്തകര്‍കൂടിയാണ്. പഠിക്കുന്നവരും സര്‍ക്കാര്‍ ജോലിക്കു പോകുന്നവരും കര്‍ഷകരും എല്ലാം ഈ കൂട്ടത്തിലുണ്ട്. ഞങ്ങളുടെ ജീവിതത്തിനുള്ള സ്ലോനെസ് നൃത്തത്തിലുമുണ്ട്. മുറുകിയ താളങ്ങളോ ദ്രുതഗതിയിലുള്ള ചുവടുകളോ നിങ്ങള്‍ പ്രതീക്ഷിക്കരുത്. കാരണം ആഘോഷ വേളകളില്‍, കൊയ്ത്തുകഴിയുമ്പോള്‍, അല്ലെങ്കില്‍ വിവാഹച്ചടങ്ങില്‍ എല്ലാം ഞങ്ങള്‍ ദിവസങ്ങളോളമാണ് നൃത്തംചെയ്യുന്നത്. പതുക്കെപ്പതുക്കെ ചുവടുകള്‍വെച്ച് പല ദിവസങ്ങള്‍ നൃത്തംചെയ്യുകയാണ് ഞങ്ങളുടെ രീതി. അതുതന്നെയാണ് ഇവിടെയും നിങ്ങള്‍ കാണാന്‍ പോകുന്നത്. നിങ്ങളും ഞങ്ങള്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേരണം. ഗ്രാമത്തില്‍, കൃഷിക്കളത്തില്‍ നൃത്തംചെയ്യുമ്പോഴും അങ്ങനെയാണ്. ആദ്യം കാണികളായി നില്‍ക്കുന്നവരും പിന്നീട് നര്‍ത്തകരായി മാറും. എല്ലാവരും നര്‍ത്തകരും പാട്ടുകാരും കലാകാരന്‍മാരുമാണെന്നത് മുതുമുത്തച്ഛന്‍മാരില്‍നിന്നും ഞങ്ങള്‍ പഠിച്ചിട്ടുള്ള കാര്യമാണ്. അപ്പോള്‍ ഞങ്ങള്‍ തുടങ്ങുകയാണ്:

ദോലക്കും ചീനിക്കുഴലിന്‍റെ വകഭേദത്തിലുള്ള കുഴലുപകരണവും പിന്നണിയിലുള്ളവര്‍ മീട്ടി. നൃത്തസംഘം അണിനിരന്നു. അവര്‍ വളരെ പതുക്കെ ചുവടുകള്‍ വെച്ചു. വിവാഹദിനത്തില്‍ വരനും വധുവിനും ആശംസ നേരുന്ന പാട്ടുപാടിക്കൊണ്ട് തുടങ്ങി. ഒരു വരിയായി വന്ന് പിന്നീടൊരു വൃത്തമായി മാറും വിധത്തിലായിരുന്നു ചുവടുകള്‍. നൃത്തത്തിനൊപ്പമുള്ള പാട്ടില്‍ ‘സബാഷി’ എന്ന വാക്കുമാത്രം മനസ്സില്‍ നിന്നു. നൃത്തവും പാട്ടും വന്നു മുട്ടുന്ന വേളയിലാണ് ആ വാക്കു മുഴങ്ങിയത്. നര്‍ത്തകര്‍ ഞങ്ങളെയും വിളിച്ചു.

ഈ നൃത്തം എളുപ്പമാണല്ലോ എന്നും കരുതി കളത്തിലിറങ്ങിയപ്പോഴാണ് ഒരു നൃത്തവും എളുപ്പമല്ലെന്ന് മനസ്സിലായത്. പക്ഷേ, സബാഷി വരുമ്പോള്‍ ഞങ്ങള്‍ ഉഷാറായി, ആ വാക്ക് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ മാത്രമല്ല, തമ്പുകളില്‍ പാര്‍ക്കുന്നവര്‍, നൃത്തസംഘത്തിനൊപ്പം വന്ന കുടുംബക്കാരും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം സംഘനൃത്തത്തിന്‍റെ ഭാഗമായി. കൈക്കുഞ്ഞിനെ​െയടുത്ത ഒരമ്മയും നൃത്തത്തില്‍ പങ്കുചേര്‍ന്നു. അതൊരു സന്തോഷവേളയാണെന്ന്‌ താനും തിരിച്ചറിഞ്ഞിരിക്കുന്നു എന്ന്‌ പറയുംമട്ടില്‍ ആ കൈക്കുഞ്ഞ്‌ അമ്മയുടെ ഒക്കത്തിരുന്ന്‌ ചിരിച്ചുകൊണ്ടിരുന്നു. ആകാശത്ത് പൂര്‍ണ ചന്ദ്രനുണ്ട്. ചുറ്റുമുള്ള പ്രകൃതിയിലും നര്‍ത്തകരിലും ചാന്ദ്രവെളിച്ചംകൂടി വീഴുന്നുണ്ട്‌. അതൊരു ഗംഭീര കാഴ്ചയായിരുന്നു.

ഈ പാട്ടുകളുടെ ഏറ്റവും പ്രധാന പ്രമേയം എന്താണ്? ഭാഷയുടെ പരിമിതികൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്, ക്ഷമിക്കണം –ആങ്ചുകിനോട്‌ നൃത്തം കഴിഞ്ഞപ്പോള്‍ ചോദിച്ചു. അദ്ദേഹം വിഷമമൊന്നും കൂടാതെ പറഞ്ഞു, ഒരുമയാണ് ഈ പാട്ടുകളുടെ കേന്ദ്ര പ്രമേയം. ഗ്രാമങ്ങളില്‍ കഠിനമായ തണുപ്പില്‍ ഞങ്ങള്‍ അതിജീവിക്കുന്നത് ഒരുമകൊണ്ടാണ്. വ്യക്തികള്‍ അവരുടെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുകയാണെങ്കില്‍ ഗ്രാമത്തിന്‍റെ പൊതുവായ അഭിവൃദ്ധിയും അതിജീവനവും സാധ്യമാകാതെ വരും. അതുകൊണ്ട്‌ എത്രയോ നൂറ്റാണ്ടുകളായി ഞങ്ങളുടെ ഗ്രാമങ്ങള്‍ ഒരുമയെക്കുറിച്ചുള്ള പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നു, ഗ്രാമത്തിന്റെയും സമൂഹത്തിന്റെയും പൊതു നന്മകളിലൂന്നി മുന്നോട്ടു പോകാനും കഴിയുന്നു –ആങ്ചുക് പ്രതികരിച്ചു.

നൃത്തം നടന്ന ഒഴിഞ്ഞ ചെറിയ ഗ്രൗണ്ടില്‍ കുറച്ചു മരങ്ങള്‍ നിൽപുണ്ട്‌. നര്‍ത്തകരില്‍ ചിലര്‍ പരിപാടി കഴിഞ്ഞയുടനെ മരത്തില്‍ കയറുകയും ചെറിയ കൈമഴുകൊണ്ട്‌ ഇലകളടങ്ങിയ ചെറിയ ശാഖകള്‍ വെട്ടിയിടാന്‍ തുടങ്ങുകയുംചെയ്‌തു. അവര്‍ താഴെയിറങ്ങി ഇലകള്‍ ശേഖരിച്ച്‌ ചാക്കുകളിലാക്കി. പിന്നീട് മടങ്ങി. ഇലകള്‍ അവരുടെ ആടുകള്‍ക്കുള്ള ഭക്ഷണമാണ്. ലഡാക്കിലെ ഗ്രാമീണര്‍ എപ്പോഴും ഇങ്ങനെ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ചും അവക്കുള്ള തീറ്റയെക്കുറിച്ചും ശ്രദ്ധാലുക്കളാകുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ അഴിച്ചുവെച്ച്‌ അവര്‍ സാധാരണ വസ്ത്രങ്ങളിലേക്ക്‌ മാറ്റി. ആടിനുള്ള ഇലയുമായി മടങ്ങി. അപ്പോള്‍ അവര്‍ നര്‍ത്തകരേയല്ലാതായി. പക്ഷേ, ചന്ദ്രന്‍റെ വെളിച്ചം വീണ മുഖത്തോടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ അനായാസമായി അവര്‍ക്ക്‌ നര്‍ത്തകരാവാന്‍ കഴിയുമെന്നും മനസ്സിലായി. സബാഷി!

രാത്രിയുറക്കത്തിനായി ഞങ്ങളെല്ലാം തമ്പുകളിലേക്ക്‌ പിന്‍വാങ്ങി. പുലര്‍ച്ചെ സനീതില്‍ സിംഗെയുടെ തറവാട്ടില്‍ പോകണം. പ്രഭാതത്തിന്‍റെ ഉന്‍മേഷം കെട്ടടങ്ങും മുമ്പെ ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചു നേരംകൊണ്ട്‌ സനീതിലെത്തി. അവിടെ സിംഗെയുടെ മുത്തച്ഛന്‍ (അച്ഛന്‍റെ അച്ഛന്‍) സെവാങ് റിഗ്‌സണും രണ്ടു മുത്തശ്ശിമാരും ഞങ്ങളെ സ്വീകരിച്ചു, സിംഗെയുടെ മുത്തച്ഛന് രണ്ടു ഭാര്യമാരാണ്. ആര്യന്മാര്‍ക്കിടയില്‍ ബഹുഭാര്യത്വമുണ്ട്‌. പുതിയ തലമുറ ഈ രീതി പിന്തുടരുന്നില്ല. പഴയ തലമുറകളില്‍ ഇത്‌ സാധാരണമായിരുന്നു. ഭര്‍ത്താവും ഭാര്യമാരും ഒരേ വീട്ടില്‍ തന്നെയാണ് കഴിയുക. ഭാര്യമാര്‍ക്ക്‌ വേറെ വേറെ വീട്‌ എന്ന രീതി ഇവര്‍ക്കിടയിലില്ല. വഴക്കും വക്കാണവുമൊന്നും പതിവില്ലെന്നാണ് ഇതിനെക്കുറിച്ചുള്ള ഗ്രാമീണരുടെ വിശദീകരണം.



ഖാര്‍ക്കോണിലെ ഹിമാലയന്‍ ആര്യന്‍ ലബ്‌ദക്‌ മ്യൂസിയത്തില്‍നിന്ന്‌,തിന്‍ലസ് നുര്‍ബു ‘ഹിസ്റ്ററി ഓഫ്‌ ആര്യന്‍സിന്‍റെ’ ​ടൈപ് ചെയ്‌ത കോപ്പിയുമായി

പറമ്പില്‍നിന്നും അപ്പോള്‍ പറിച്ച ആപ്രിക്കോട്ട്‌ പഴങ്ങളും ചായയുംകൊണ്ട്‌ ആ കുടുംബം ഞങ്ങളെ സല്‍ക്കരിച്ചു. കേരളം എങ്ങനെയുള്ള സ്ഥലമാണെന്ന് ചോദിച്ചു. സെവാങ് റിഗ്സണ്‍ ലഡാക്കില്‍ പോയിട്ടുണ്ട്‌. കൂടുതല്‍ ദൂരേക്കു പോയിട്ടില്ല. സര്‍ക്കാറില്‍ റോഡ് പണിയുടെ മേല്‍നോട്ടം വഹിക്കുന്ന ജോലിയിലായിരുന്നു. പക്ഷേ, കൃഷിതന്നെയായിരുന്നു മുഖ്യം. ജോലികഴിഞ്ഞു വന്നാല്‍ കൃഷിക്കളത്തിലായിരിക്കും. അദ്ദേഹത്തിന്‍റെ വീട്‌ സാമാന്യം വലുതായിരുന്നു. സിംഗെ ഞങ്ങളെ തോട്ടത്തിലേക്ക്‌ കൊണ്ടുപോയി. ആപ്രിക്കോട്ട്‌ വിളഞ്ഞുനില്‍ക്കുന്നു. ആപ്പിള്‍ പറിക്കാനായിട്ടില്ല. പച്ചക്കറികളും ആ തോട്ടത്തിലുണ്ട്‌. സീനിയര്‍ മുത്തശ്ശി അവിടെ വന്ന് ആപ്രിക്കോട്ട്‌ പറിച്ച്‌ ഞങ്ങള്‍ക്ക്‌ തന്നു. അവിടെ അല്‍പം ജോലിയുണ്ടെന്ന്‌ പറഞ്ഞ് അവര്‍ പറമ്പിന്‍റെ മറ്റൊരു വശത്തേക്ക്‌ പോയി. വീടിനു മുന്നിലുള്ള പൂന്തോട്ടത്തില്‍ ഷൊക്ക്ലോഹ്, മുന്‍തോട്ടോ പൂക്കളുണ്ട്‌. അവിടേയും ഹിമാനിയില്‍നിന്നും ഉറവയില്‍നിന്നുമുള്ള രണ്ടുതരം വെള്ളം ശേഖരിക്കുന്നുണ്ട്.

സിംഗെയുടെ തറവാടു വീട്ടിലെ സ്വീകരണമുറിയില്‍ ചില ചിത്രങ്ങളുണ്ട്. സെവാങ് റിഗ്സണ്‍ കടല്‍ക്കരയില്‍ നില്‍ക്കുന്ന ഒരു ചിത്രം ഭിത്തിയില്‍ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. ഗോവയിലെ കടല്‍ത്തീരംപോലെ തോന്നിക്കുന്ന ഒരിടത്താണ് അദ്ദേഹം നില്‍ക്കുന്നത്. കടല്‍ കണ്ടപ്പോള്‍ എന്തു തോന്നി, നിങ്ങള്‍ക്കിവിടെ കടലില്ലല്ലോ –ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. കടലോ, ഞങ്ങളാരും കടലൊന്നും കണ്ടിട്ടില്ല, റിഗ്സണ്‍ പറഞ്ഞു. അപ്പോള്‍ കടല്‍ക്കരയില്‍നിന്നുള്ള ഈ ചിത്രം? അത്‌ സിംഗെ ശരിയാക്കിക്കൊണ്ടു വന്നതാണ്, അദ്ദേഹം പറഞ്ഞു. അത്‌ ഫോട്ടോഷോപ്പാണ്, സിംഗെ ചര്‍ച്ച അവസാനിപ്പിക്കാനായി കുസൃതിച്ചിരിയോടെ പറഞ്ഞു. അത്‌ അവിടെ ഒരു ചിരി പടര്‍ത്തി.

മുത്തച്ഛന് കടല്‍കാണാനായിട്ടില്ല, ഫോട്ടോയില്‍ അതു സാധിച്ചു കൊടുത്തതാണ് –സിംഗെ പറഞ്ഞു. കടല്‍ കാണാന്‍ ആഗ്രഹമുണ്ടോ? ഞാന്‍ സിംഗെയുടെ മുത്തച്ഛനോട്‌ ചോദിച്ചു. ഉണ്ടായിട്ടും എന്തു കാര്യം– അതൊന്നും ഇനി നടക്കാനിടയില്ല– അദ്ദേഹം പറഞ്ഞുനിര്‍ത്തി. ആ ഫോട്ടോഷോപ് ഫോട്ടോഗ്രാഫിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തി. വെളിച്ചം കണ്ണാടി ഫ്രെയിമില്‍ തട്ടി ചിത്രം ഭംഗിയായി കിട്ടിയില്ല. എങ്കിലും ആ ചിത്രം സൂക്ഷിക്കണമെന്ന്‌ തോന്നി. കടല്‍ കാണാന്‍ ആഗ്രഹിച്ച്‌ അത്‌ സാധ്യമാകാതെ പോയ ഒരാളുടെ ഛായാചിത്രമായി അത്‌ ഓർമകളില്‍ തുടരും.

ഞങ്ങള്‍ ആ ഗ്രാമം വിട്ട് ലേയിലേക്ക് മടങ്ങി. ലേയില്‍ തന്‍റെ അമ്മാവനുണ്ടെന്നും അദ്ദേഹം ലഡാക്കിലെ ആര്യന്മാരെക്കുറിച്ച് ഗവേഷണം നടത്തി പുസ്‌തകം എഴുതിയിട്ടുണ്ടെന്നും വേണമെങ്കില്‍ കാണാനും സംസാരിക്കാനുമുള്ള സൗകര്യം ഒരുക്കാമെന്നും സിംഗെ പറഞ്ഞു. തീര്‍ച്ചയായും അങ്ങനെ ഒരാളെ കാണാന്‍ കഴിയുന്നത് വളരെ നല്ല കാര്യമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.

ചില മണിക്കൂറുകള്‍ക്കു ശേഷം ഞങ്ങള്‍ ലേയിലെത്തി. നല്ല ക്ഷീണമുണ്ടായിരുന്നു (നൃത്തം ചെയ്‌തതുകൊണ്ടോ എന്തോ!). അല്‍പം വിശ്രമം ആവശ്യമായിരുന്നു. പക്ഷേ, ആ സമയത്ത് സിംഗെയും ഫിജോയിയും വന്നു. സിംഗെയുടെ അമ്മാവനെ ഇപ്പോള്‍ കാണാമെന്നും അടുത്തദിവസങ്ങളില്‍ തിരക്കിലായിരിക്കുമെന്നും പറഞ്ഞു. കാണണമെങ്കില്‍ ഇപ്പോള്‍തന്നെ പോകണം. അദ്ദേഹം ലേ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വരും. അവിടെ ഏതെങ്കിലും റസ്റ്റാറന്‍റിലിരുന്ന് സംസാരിക്കാം –ഞാന്‍ വിശ്രമം ഉപേക്ഷിച്ച് അവര്‍ക്ക് കൂടെ പോയി. സിംഗെയുടെ അമ്മാവന്‍ ലാമ സന്യാസിയാണ്. ഡറാഡൂണിലെ മൊണാസ്ട്രിയില്‍ അധ്യാപകനാണ്. ലേയിലെ ലഡാക് യൂനിവേഴ്സിറ്റിയില്‍ ഒരു പ്രഭാഷണത്തിനായി വന്നതാണ്. അതു കഴിഞ്ഞാല്‍ ഡറാഡൂണിലേക്ക് മടങ്ങും. ഇന്നത്തെ സായാഹ്നത്തില്‍ മാത്രമേ ഒഴിവുള്ളൂ. തിന്‍ലസ് നുര്‍ബു എന്നാണ് പേര്.

ഞങ്ങള്‍ അദ്ദേഹത്തെ ലേയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് പരിസരത്തുവെച്ച് കണ്ടെത്തി. തൊട്ടടുത്ത ഹോട്ടലില്‍ കയറി തണ്ണിമത്തന്‍ ജ്യൂസ്‌ കഴിച്ചുകൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ‘ഹിസ്റ്ററി ഓഫ്‌ ആര്യന്‍സ്‌’ എന്ന തന്‍റെ പുസ്‌തകത്തിന്‍റെ ടൈപ് ചെയ്‌ത കോപ്പിയുമായാണ് അദ്ദേഹം വന്നത്. പുസ്‌തകം ലഡാക്കി ഭാഷയിലാണ്. ഉടനെത്തന്നെ ലഡാക് യൂനിവേഴ്സിറ്റി പുറത്തിറക്കും. ഇംഗ്ലീഷ് പരിഭാഷയും വൈകാതെ വരും. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണമാരംഭിച്ചത്. ഭാഷ, സംസ്കാരം എന്നിവ സംബന്ധിച്ച തനത്‌ സ്രോതസ്സുകളിലാണ് താന്‍ ആര്യന്‍ ചരിത്രം കൂടുതലായി തിരഞ്ഞതും പഠിച്ചതും എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡാക്കിലെ ആര്യന്മാര്‍ എവിടെനിന്നും വന്നവരല്ല, അവര്‍ ഇവിടെത്തന്നെയുള്ളവരാണ്. പുറത്തുനിന്നും വന്ന ആര്യന്‍ എന്ന ആശയം, പ്രചാരണം തെറ്റാണെന്ന് തിന്‍ലേ ശക്തമായി വാദിച്ചു. ഞങ്ങള്‍ തദ്ദേശീയരാണ് (ഇന്‍ഡിജനസ്). അതിനുള്ള നിരവധി തെളിവുകള്‍ എന്‍റെ പുസ്തകത്തിലുണ്ട്. തീര്‍ച്ചയായും ഇംഗ്ലീഷ് പരിഭാഷ വരുമ്പോള്‍ നിങ്ങള്‍ വായിച്ചുനോക്കൂ.

റോമിലാ ഥാപ്പറുടെ പൊട്ടിച്ചൂട്ട് എന്ന പ്രയോഗത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തോട് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. അവര്‍ ഞങ്ങളുടെ ഈ ചെറിയ സമുദായത്തെക്കുറിച്ച് സവിശേഷമായി പഠിച്ചിട്ടില്ല. അവര്‍ ആര്യന്മാര്‍ പുറത്തുനിന്നു വന്നവര്‍ എന്ന സാമാന്യ സിദ്ധാന്തത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഥാപ്പര്‍ വലിയ ചരിത്രകാരിയാണ്. അതില്‍ തര്‍ക്കിക്കാനില്ല. പക്ഷേ, ഞങ്ങളിലെ ആര്യനെ അവര്‍ പഠിച്ചിട്ടില്ല. എത്രയോ പുസ്തകങ്ങള്‍ ഈ വിഷയത്തില്‍ ഇറങ്ങി. ഇന്നും ഇറങ്ങുന്നു. അതായത് ഈ സംവാദത്തില്‍ അന്തിമ തീര്‍പ്പുണ്ടായിട്ടില്ല എന്നര്‍ഥം. അതുതന്നെയാണ് ഥാപ്പര്‍ പറയുന്ന പൊട്ടിച്ചൂട്ടിന്‍റെ അര്‍ഥമെന്ന് വിശദീകരിക്കാന്‍ ഞാനും സംസാരത്തില്‍ ശ്രമിച്ചു.



റൊമില ഥാപർ,തിന്‍ലെസ് ദോര്‍ജെ

ഭാഷാപരമായ സ്രോതസ്സുകളെ താങ്കള്‍ ഉപയോഗിച്ചതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

പഴയ ഇന്തോ ആര്യനിലും പിന്നീട് ദാര്‍ദി ആര്യനിലും വാക്കുകള്‍ എങ്ങനെയാണ് ഉപയോഗിച്ചത്, പില്‍ക്കാലത്ത്‌ എങ്ങനെയാണ് പരിണമിച്ചത്, ആ വാക്കുകള്‍ ഇന്ന്‌ ആര്യന്‍ സമൂഹത്തില്‍ എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്? എന്‍റെ പഠനത്തിന്‍റെ/ പുസ്തകത്തിന്‍റെ പ്രധാന ഭാഗം ഇതാണ്. ചില വാക്കുകളുടെ കാര്യമെടുക്കാം. പഠിക്കുക എന്നതിന് പഴയ ഇന്തോ ആര്യനില്‍ സിക്സതെ എന്നാണ് വാക്ക്. ദാര്‍ദ്രി ആര്യനില്‍ സിതീസ് എന്നും. കണ്ണുനീരിന് അസ്രു, അത് ദാദ്രിയില്‍ ആസോ എന്നാണ്. കൊട്ടക്ക് കറന്ദ എന്നും കാരി എന്നുമാണ്. മോതിരത്തിന് അംഗുസ്ത്യ എന്നും ഗുസ്തറെ എന്നുമാണ്. വാള്‍നട്ടിന് അക്ഷോതേ എന്നും അത്തോസ് എന്നുമാണ്. ഇങ്ങനെ നിരവധി വാക്കുകളെ വെച്ചാണ് ഞാന്‍ പഠിച്ചത്.

ആര്യന്മാര്‍ ഇന്നും ദാദ്രി തന്നെ ഉപയോഗിക്കുന്നു. പണ്ടു കാലത്തുള്ള രേഖകളിലും കൃതികളിലും അങ്ങനെ തന്നെ കാണാം. അതായത് ലഡാക്കിലെ ആര്യന്മാര്‍ ഒരു ഭാഷാസമൂഹം കൂടിയാണ് എന്നര്‍ഥം. ഇത്രയും നൂറ്റാണ്ടുകള്‍ക്കു ശേഷവും അതേ ഭാഷയും വാക്കുകളും നിലനില്‍ക്കുന്നു. ഇതൊരു പ്രധാന തെളിവാണ് എന്നാണ് എന്‍റെ വാദം. അതുകൊണ്ടാണ് എന്‍റെ പഠനം പ്രാഥമികമായും ഭാഷയെ കേന്ദ്രീകരിക്കുന്നു എന്ന് പറയുന്നത്. നരവംശ ശാസ്ത്രത്തില്‍ ഭാഷ പ്രധാനപ്പെട്ട ടൂളാണല്ലോ. ഇങ്ങോട്ട്‌ വന്ന ആര്യന്‍, അല്ലെങ്കില്‍ ഇവിടെ എത്തപ്പെട്ട ആര്യന്‍ എന്ന ആശയത്തെ ഞാന്‍ പുസ്‌തകത്തില്‍ പൂർണമായും തള്ളുന്നു. ഞങ്ങള്‍ ഇന്‍ഡസ്‌ സംസ്കാരത്തിന്‍റെ ഭാഗമായി ഇവിടത്തുകാര്‍ തന്നെയായി ജനിച്ചവരുടെ പിന്മുറക്കാരാണ്. ഞാന്‍ ആവര്‍ത്തിക്കട്ടെ, പുറത്തുനിന്നും വന്നവരല്ല.

പ്രകൃതി ആരാധനയായിരുന്നുവല്ലോ ആര്യന്മാരുടേത്‌? പക്ഷേ, ഇപ്പോള്‍ എല്ലാവരും ബുദ്ധമത വിശ്വാസികളാണ്. കൃത്യമായി പറഞ്ഞാല്‍ തിബത്തന്‍ ബുദ്ധ മതവിശ്വാസികളാണ്. ഈ മാറ്റം എന്നു മുതലാണ് ഉണ്ടായത്? ബുദ്ധമതവിശ്വാസികള്‍ ആയിരിക്കുമ്പോള്‍തന്നെ പഴയ പ്രകൃതി ആരാധന ആര്യന്മാര്‍ ഇന്നും തുടരുകയുംചെയ്യുന്നുണ്ട്‌, ഇതിനെക്കുറിച്ച്‌ വിശദീകരിക്കാമോ?

ലഡാക്കില്‍ ബുദ്ധിസത്തിന്‍റെ ചരിത്രത്തിന് വലിയ പഴക്കമുണ്ട്‌. ലഡാക്കിലെ ആര്യന്മാരെയും സ്വാധീനിച്ച മതം ബുദ്ധമതമാണ്, കൃത്യമായി പറഞ്ഞാല്‍ തിബത്തന്‍ ബുദ്ധിസമാണ്. രണ്ടു നൂറ്റാണ്ടു മുമ്പ് ഈ സ്വാധീനം അല്ലെങ്കില്‍ മാറ്റം സമ്പൂർണമായി. പഴയ പ്രകൃതി ആരാധന ആര്യന്മാര്‍ തുടരുന്നുണ്ട്‌. ബുദ്ധിസം ഈ രീതിയെ എതിര്‍ക്കുകയോ നിരോധിക്കുകയോ ചെയ്‌തിട്ടില്ല. ബുദ്ധിസത്തില്‍ അങ്ങനെ ഒരു രീതി ഇല്ലതാനും. അതുകൊണ്ടാണ് ആര്യന്മാര്‍ക്കിടയില്‍ ബുദ്ധിസവും പ്രകൃതി ആരാധനയും ഒരേപോലെ നിലനില്‍ക്കുന്നത്‌.

തിന്‍ലസ് നുര്‍ബുവിന് കുറേ നേരമിരുന്ന്‌ സംസാരിക്കാനുള്ള സാവകാശമുണ്ടായിരുന്നില്ല. പിറ്റേന്ന്‌ രാവിലെ ലഡാക് യൂനിവേഴ്സിറ്റിയില്‍ പോകണം. അതിനു ചില തയാറെടുപ്പുകളും നടത്താനുണ്ട്. അദ്ദേഹം യാത്ര പറഞ്ഞിറങ്ങി. സിംഗെയുടെ സഹോദരന്‍ (അച്ഛന്‍റെ അനുജന്‍റെ മകന്‍) ലേയില്‍ ടൂറിസം മേഖലയിലുണ്ട്‌. അദ്ദേഹത്തെക്കൂടി ഒന്നു കാണാമെന്ന്‌ ഫിജോയ്‌ പറഞ്ഞു. ആ കൂടിക്കാഴ്ച അതുവരെയുള്ള കാര്യങ്ങളെ ഒരര്‍ഥത്തില്‍ അട്ടിമറിച്ചു. സഞ്ചാരികള്‍ക്ക്‌ ബൈക്ക് വാടകക്ക് കൊടുക്കുകയാണ് തിന്‍ലെസ് ദോര്‍ജെയുടെ പ്രധാന ബിസിനസ്. അദ്ദേഹത്തിന്റെ ചെറിയ ഓഫിസിലിരുന്നും പിന്നീട് ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലും സംസാരം തുടര്‍ന്നു. അദ്ദേഹം സംസാരം ആരംഭിച്ചത്‌ ഇങ്ങനെയാണ്:

ലഡാക്കിലെ ആര്യന്മാരില്‍ ബുദ്ധമതക്കാര്‍ മാത്രമല്ല, മുസ്‍ലിംകളുണ്ട്‌. ബറ്റാലിക്ക്‌ ഗ്രാമത്തിലാണ് ആര്യന്‍ മുസ്‌ലിംകള്‍ ഉള്ളത്‌. അവരുടെ പരമ്പര പാകിസ്താനിലേക്കും നീളുന്നുണ്ട്‌. അവര്‍ ശിയാ മുസ്‌ലിംകളാണ്. ബുദ്ധിസം വന്നതുപോലെ തന്നെ ലഡാക്കിലെ ആര്യന്മാര്‍ക്കിടയിലേക്ക്‌ ഇസ്‌ലാമും വന്നു. പക്ഷേ, ബുദ്ധമതം സ്വീകരിച്ചവര്‍ പ്രകൃതിയാരാധന നിലനിര്‍ത്തി. എന്നാല്‍ മുസ്‌ലിംകളായവര്‍ ഇസ്‍ലാമിലെ പ്രാര്‍ഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രം പിന്‍പറ്റുന്നു. പക്ഷേ, പൂർവ കുടുംബങ്ങളില്‍ വിവാഹമോ മരണമോ ഉണ്ടാകുമ്പോള്‍ എല്ലാവരും ഒത്തുചേരും.

പക്ഷേ, ഇസ്‌ലാം സ്വീകരിച്ചവര്‍ അവരുടെ പ്രാര്‍ഥനകളുടെ മാത്രം ഭാഗമേ ആകൂ, ഞാന്‍ ബുദ്ധമത വിശ്വാസിയാണ്. എന്‍റെ കുടുംബത്തിന്‍റെ താവഴികളില്‍ ഇസ്‌ലാം സ്വീകരിച്ചവരുമുണ്ട്‌. ഞങ്ങള്‍ സഹോദരങ്ങളായി, അല്ലെങ്കില്‍ എന്താണോ ബന്ധം അതു നിലനിര്‍ത്തി തന്നെയാണ് ജീവിക്കുന്നത്. എല്ലാ കാര്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും അറിയിക്കും. ലഡാക്കിലെ ആര്യന്മാരില്‍ രണ്ടു മതധാരകള്‍ നിലനില്‍ക്കുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.

ആര്യന്‍ കുഞ്ഞിനു വേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ച്‌ തനിക്കും കാര്യമായി അറിയില്ലെന്ന്‌ തിന്‍ലെസ് ദോര്‍ജെ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേട്ടിട്ടുണ്ട്‌. ഗ്രാമത്തിലെ മുതിര്‍ന്നവരോട്‌ ചോദിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം നമുക്ക്‌ വീണ്ടും വിശദമായി ഭാവിയില്‍ സംസാരിക്കാം –അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. രണ്ടു ദിവസങ്ങള്‍കൊണ്ട്‌ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. യാത്ര കഴിഞ്ഞു വന്നതിനുശേഷം ആര്യന്മാരെക്കുറിച്ച്‌ പലതും വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു. കൃത്യമായ ഉത്തരങ്ങള്‍ കിട്ടിയില്ല. ബട്ടാലിക്കില്‍ പോകാന്‍ കഴിയാത്തത്‌ ഒരു നഷ്ടമായി. തിന്‍ലെസ് അവിടെയുള്ളവരെ വിളിച്ച്‌ പള്ളിയുടെയും മറ്റും ഫോട്ടോഗ്രാഫുകളെടുപ്പിച്ച്‌ ഫിജോയ്‌ വഴി എനിക്കയച്ചു തന്നു. റോമിലാ ഥാപ്പര്‍ പറഞ്ഞ ആ പൊട്ടിച്ചൂട്ട്‌ എന്നെ ഇപ്പോഴും വിടാതെ പിന്തുടരുന്നു.

(തുടരും)


Show More expand_more
News Summary - weekly yathra