Begin typing your search above and press return to search.
proflie-avatar
Login

അവിടെ ഞങ്ങള്‍ ഇരട്ട മഴവില്ലും അതിര്‍ത്തി മനുഷ്യരെയും കണ്ടു

ഫോട്ടോകള്‍: ബെന്യാമിന്‍, ഫിജോയ് ജോസഫ്‌, അനില്‍ വേങ്കോട്, സുധീഷ് രാഘവന്‍

Thang village,
cancel
camera_alt

ലഡാക്കില്‍ കണ്ട മലയാളം പാറയെഴുത്ത്

ഞങ്ങള്‍ ഇന്ത്യ-പാക്‌ അതിര്‍ത്തി ഗ്രാമമായ തങ്ങിലേക്ക് പോവുകയായിരുന്നു. അവിടെയെത്താന്‍ മൂന്നര കിലോ മീറ്ററുള്ളപ്പോള്‍ ഒരു പാലവും അതിലൊരു കമാന ബോര്‍ഡും കണ്ടു. അതിര്‍ത്തി ഗ്രാമമായ തങ്ങിലേക്ക്‌ സ്വാഗതം -യാത്ര തുടരുന്നു.

കൂട്ടത്തിലൊരാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു, ആകാശത്തേക്ക്‌ നോക്ക്‌, ഇരട്ട മഴവില്ല്! ദൈവമേ അങ്ങനെയൊന്ന്‌ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. ഇരട്ടകളായി ആ സായാഹ്നം മഴവില്ലുകളെ ആകാശത്ത്‌ കുടഞ്ഞിടുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും മായാവുന്ന ആ സൗന്ദര്യദീപ്‌തി കുറച്ചുനേരം ഞങ്ങള്‍ക്കു വേണ്ടിയെന്നവണ്ണം ആകാശത്ത്‌ തുടുത്തുനിന്നു. മരുഭൂമികളില്‍ യാത്ര ചെയ്യുമ്പോള്‍ ആകാശത്തിന്‍റെ രണ്ടു കോണുകളിലും മുട്ടും വണ്ണമുള്ള മഴവില്ലുകള്‍ കാണുക പതിവായിരുന്നു. പക്ഷേ, ഇരട്ട മഴവില്ല്‌ ഇതാദ്യം, മുമ്പൊരിക്കലുമുണ്ടായിട്ടില്ല.

ഞങ്ങള്‍ പകലില്‍ ദീര്‍ഘമായ യാത്ര കഴിഞ്ഞ് നുബ്രവാലിയിലെ ഹുന്ദര്‍ ഗ്രാമത്തിലെത്തി താമസസ്ഥലത്തെ മുറ്റത്ത്‌ പുല്‍മൈതാനത്ത്‌ വിശ്രമിക്കാന്‍ ഇരിക്കുമ്പോഴാണ് മായുംവരെ അതിമനോഹരമായ അനുഭൂതി പകര്‍ന്ന്‌ ഇരട്ട മഴവില്ല്‌ ഞങ്ങളെ അനുഗ്രഹിച്ചത്. എന്നാല്‍, ഏതു സൗന്ദര്യവും അതിന്‍റെ ആയുസ്സ് തീരുമ്പോള്‍ മായും. പക്ഷേ, ആ ക്ഷണിക സൗന്ദര്യം ജീവിതകാലമത്രയും പിന്തുടരും, ഉറപ്പ്‌. മഴവില്ലുകളില്‍ ഒന്ന്‌ ആദ്യം മാഞ്ഞു. ഇരട്ടകള്‍ ഒറ്റക്ക്‌ നില്‍ക്കില്ല. ഒട്ടും വൈകാതെ രണ്ടാമത്തേതും ഇല്ലാതായി. മൊബൈല്‍ ഫോണ്‍ കാമറകള്‍ക്ക്‌ ആ സൗന്ദര്യത്തെ ദുര്‍ബലമായി മാത്രം പകര്‍ത്താന്‍ കഴിഞ്ഞു. എങ്കിലും ഉള്ളില്‍ നിറഞ്ഞ സൗന്ദര്യത്തെ മെലിഞ്ഞ ആ ചിത്രങ്ങള്‍ ഒരിക്കല്‍കൂടി ആളിക്കത്തിച്ചു.

ലഡാക്കിന് തണുത്ത മരുഭൂമി എന്നൊരു പേരുകൂടിയുണ്ട്‌. മഞ്ഞിന്‍റെ സാന്നിധ്യവും മനുഷ്യവാസത്തിന്‍റെ അഭാവവുമുള്ള സ്ഥലങ്ങളുമായിരിക്കണം ഇത്തരമൊരു പേരിനു പിന്നില്‍. ചൈനയോളം പോകുന്ന കാരക്കോറം മലനിരകള്‍ക്കും കിഴക്കന്‍ കശ്മീര്‍ അതിര്‍ത്തിയോളവും പരന്നുകിടക്കുന്ന ‘തണുത്ത മരുഭൂമി’യില്‍ ചിലയിടങ്ങളില്‍ ശരിക്കുള്ള മരുഭൂമി കാണാം. വെളുത്ത മരുഭൂമി എന്നാണിതിനെ വിളിക്കുന്നത്‌.

ആ മരുഭൂമി സന്ദര്‍ശിക്കാനാണ് ഞങ്ങള്‍ ഹുന്ദറിലെത്തിയത്‌. വെളുത്ത തരിമണലാണ്‌ മരുഭൂമിയിലെങ്ങും. ലഡാക്കിലെ കാലാവസ്ഥയില്‍ ഇങ്ങനെയൊരു മരുഭൂമിയുടെ സാന്നിധ്യം എങ്ങനെ എന്നതിന് കൃത്യമായ മറുപടി കിട്ടുക ബുദ്ധിമുട്ടാണ്. ഒരു പ്രകൃതി പ്രതിഭാസം എന്നു മാത്രമേ ഈ മരുഭൂമി സാന്നിധ്യത്തെ വിളിക്കാനാവൂ.

കെ 2 മുതല്‍ കുട്ടനാട് വരെ ഭാരതം ഒന്നാണ് എന്ന് പറയുന്ന സിയാച്ചിന്‍ വാരിയേഴ്സിന്‍റെ ബോര്‍ഡ്

ഹുന്ദറിലേത് ചെറിയൊരു മരുഭൂമിയാണ്. അനന്തത അനുഭവിപ്പിക്കുന്ന അറേബ്യന്‍ മരുഭൂമിയിലൂടെ യാത്ര ചെയ്‌തവരെ അതിശയിപ്പിക്കാന്‍ അതിനാവില്ല. എന്നാല്‍, ലഡാക്കിലെ മരുഭൂമി എന്നത്‌ ഒരു ചെറു അത്ഭുതമായിത്തന്നെ അവശേഷിച്ചു. അവിടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്ടുമുട്ടിയ ജമ്മു സ്വദേശി ലളിത്‌ മംഗോത്ര എന്ന കവിയെ ഓർമിച്ചു. തണുത്ത പ്രദേശങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ മരുഭൂമിയുടെ ചെറു തുണ്ടെങ്കിലും കാണും, ആ മരുഭൂമിക്കഷണം കുറച്ചു തണുപ്പിനെ വലിച്ചെടുക്കും എന്നാണ് വിശ്വാസം.

അത് കൃത്യമായി ആവശ്യമുള്ള ഒരു പ്രകൃതിനിർമിതി തന്നെയാണ്. തണുത്ത മരുഭൂമികള്‍ കാണുന്ന പ്രദേശങ്ങളെക്കുറിച്ച്‌, അവിടങ്ങളില്‍ സാധാരണയുണ്ടാകാറുള്ള ഇരട്ടപ്പൂഞ്ഞ ഒട്ടകങ്ങളെക്കുറിച്ച്‌, സാന്‍ഡ്‌ ഡ്യൂണുകളെക്കുറിച്ച്‌ –അങ്ങനെ പലതിനെക്കുറിച്ചും ഞങ്ങളിരുന്ന്‌ സംസാരിച്ച രാത്രി ഹുന്ദറില്‍ വീണ്ടും ജീവന്‍ വെക്കുന്നതായി തോന്നി. ഫിസിക്സില്‍ ഡോക്‌ടറേറ്റുള്ള മംഗോത്ര ശാസ്‌ത്രമാണോ പറഞ്ഞത്, അതോ ഒരു കവി തേടി നടക്കുന്ന മിത്താണോ പങ്കുവെച്ചത്‌? കൃത്യമായി അറിയില്ല. അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട്‌ മണൽപരപ്പിലൂടെ നടക്കാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ഊര്‍ന്നിറങ്ങി. സാന്‍ഡ്‌ ഡ്യൂണുകളുടെ ഉയര്‍ന്ന മുനമ്പില്‍നിന്നും ചില ഊഞ്ഞാല്‍ ചാട്ടങ്ങള്‍, പഴയ മരുഭൂമി യാത്രകളെ ഓർമിപ്പിച്ചു.

ഹുന്ദറിലെ മരുഭൂമി വലിയൊരു ടൂറിസ്റ്റ് സ്പോട്ടാണ്. നിറയെ സഞ്ചാരികള്‍. ടിക്കറ്റുകളെടുത്ത്‌ ഇരട്ടപ്പൂഞ്ഞയുള്ള ഒട്ടകപ്പുറത്ത്‌ കയറാന്‍ വരിനില്‍ക്കുന്ന നിരവധിപേരെ കാണാം. ഒട്ടകങ്ങളുടെ പുറത്തുള്ള യാത്ര പലരെയും കഷ്ടപ്പെടുത്തുന്നുണ്ട്‌. ഒട്ടകം ഒരടിവെക്കുമ്പോള്‍ ഒരു കൂനലും നിവരലും ഒന്നിച്ചുണ്ടാകും. അതുണ്ടാക്കുന്ന ഇളക്കം നിയന്ത്രിക്കാനറിയില്ലെങ്കില്‍ ഒട്ടകയാത്ര അൽപം ദുഷ്‍കരംതന്നെയാകും. ഞാന്‍ ഒട്ടകങ്ങള്‍ക്കൊപ്പം നടന്നു. യാത്രികരില്‍ അപൂർവം ചിലര്‍ ഇടക്കുവെച്ച്‌ യാത്ര അവസാനിപ്പിക്കുന്നുണ്ട്‌. എന്നാല്‍, യുവതീയുവാക്കളും കുട്ടികളും ആ യാത്ര ആസ്വദിച്ച്‌ മുന്നേറുന്നുണ്ട്‌. പ്രായമായവരില്‍ നല്ലൊരു ശതമാനവും ഒട്ടകയാത്രയില്‍ വിജയിക്കുന്നുണ്ട്‌.

ഇതിനിടെ മരുഭൂമിയിലേക്ക്‌ പ്രവേശിക്കുന്നിടത്തു തന്നെ ലഡാക് പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ്‌ നില്‍ക്കാനുള്ള സൗകര്യവുമുണ്ട്‌. ഈ വസ്ത്രങ്ങള്‍ വാടകക്കെടുത്ത്‌ അണിഞ്ഞ്‌ കുറച്ചുനേരം നടക്കാം, ഇരിക്കാം ഫോട്ടെയെടുക്കാം. ബെന്യാമിനും സുധീഷ് രാഘവനും അനില്‍ വേങ്കോടും ആ വസ്ത്രങ്ങളണിഞ്ഞ്‌ ഫോട്ടോകളെടുത്തു. അവിടെ ചെറിയൊരു തോട്‌ ഒഴുകുന്നുണ്ട്‌. അതിനു കുറുകെ ഒരു മരപ്പാലവുമുണ്ട്‌. ആ പാലം ഫോട്ടോയെടുപ്പിന് പറ്റിയ ഇടമാണ്. ഫിജോയ്‌ മൂവരെയും മൊബൈല്‍ കാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അവരെ അപ്പോള്‍ കാണുമ്പോള്‍ ബര്‍ഗ്‌മാന്‍റെ ഏതോ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന നടന്‍മാരായിരിക്കാം എന്നൊരു തോന്നലുണ്ടായി. അൽപനിമിഷം മാത്രം, വസ്ത്രങ്ങള്‍ തിരിച്ചു കൊടുത്തപ്പോള്‍ എനിക്കെന്‍റെ സഹസഞ്ചാരികളെ തിരിച്ചുകിട്ടി. ഇന്ത്യയില്‍ ഇരട്ടപ്പൂഞ്ഞകളുള്ള ഒട്ടകങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഹുന്ദര്‍. മരുഭൂമിയിലേക്കുള്ള വഴിയില്‍ ഡിസ്‌കിത്തില്‍ മൈത്രേയ ബുദ്ധന്‍റെ കൂറ്റന്‍ പ്രതിമയുണ്ട്‌.

ഹുന്ദര്‍ ഡിസ്കിത്തിലെ മൈത്രേയ ബുദ്ധ

അവിടെ ബൈനോക്കുലറില്‍ പാക്‌ ഗ്രാമം കാണാം

ഞങ്ങള്‍ ഇന്ത്യ-പാക്‌ അതിര്‍ത്തി ഗ്രാമമായ തങ്ങിലേക്ക് പോവുകയായിരുന്നു. അവിടെയെത്താന്‍ മൂന്നര കിലോമീറ്ററുള്ളപ്പോള്‍ ഒരു പാലവും അതിലൊരു കമാന ബോര്‍ഡും കണ്ടു. അതിര്‍ത്തി ഗ്രാമമായ തങ്ങിലേക്ക്‌ സ്വാഗതം. ഇന്ത്യയുടെ അവസാന ഗ്രാമം. ദൂരം മൂന്നര കിലോമീറ്റര്‍. പലയിടങ്ങളിലും സഞ്ചരിക്കുമ്പോള്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ അവസാന ഗ്രാമം കാണാറുണ്ട്. തുര്‍ത്തുക്കിനടുത്തുള്ള തങ്ങ് ഇന്ത്യയുടെ വടക്കുഭാഗത്തുള്ള അവസാന ഗ്രാമമാണ്‌. ഇന്ത്യ-പാക്‌ എല്‍.ഒ.സിയില്‍ നിന്നും രണ്ടേകാല്‍ കിലോമീറ്റര്‍ മാത്രം ദൂരത്താണ് തങ്ങ്‌. തങ്ങിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഒരു സ്‌തൂപത്തില്‍ ഇങ്ങനെ വായിക്കാം: ഞാനെന്‍റെ ഇന്ത്യയെ സ്‌നേഹിക്കുന്നു, നിങ്ങള്‍ ശത്രുവിന്‍റെ നിരീക്ഷണത്തിലാണ്: ആ വരി ഇന്ത്യ-പാക്‌ അതിര്‍ത്തിയിലെ മനുഷ്യഭയത്തിന്‍റെ വികാരമായി നിന്നു.

അവിടെ നിറയെ കടകളുണ്ട്. ഈ അതിര്‍ത്തി ഗ്രാമത്തില്‍ ഞങ്ങളുടെ ജീവിതം അതികഠിനവും ക്ലേശകരവുമാണ്. നിത്യജീവിതത്തിനായാണ് ഞങ്ങള്‍ ഇവിടെ കടകള്‍ തുറന്നിരിക്കുന്നത്. കഴിയാവുന്ന സാധനങ്ങള്‍ വാങ്ങി ഞങ്ങളോട്‌ സഹകരിക്കുക. ഇങ്ങനെയൊരു ബോര്‍ഡും അവിടെയുണ്ട്‌. ഉണക്കിയ പഴങ്ങള്‍, മധുരപലഹാരങ്ങള്‍. മിഠായികള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ അങ്ങനെ പല സാധനങ്ങളും കടകളില്‍ വിൽപനക്കായി നിരത്തിവെച്ചിട്ടുണ്ട്‌. അവിടെ നടക്കുമ്പോള്‍ പെട്ടെന്നൊരു യുവതി ഞങ്ങളുടെ അടുത്തേക്കു വന്നു. ബൈനോക്കുലര്‍ നിങ്ങള്‍ക്ക്‌ കുറച്ചു സമയത്തേക്ക്‌ വാടകക്കെടുക്കാം, അതിലൂടെ നോക്കിയാല്‍ തൊട്ടടുത്തുള്ള പാക്‌ ഗ്രാമം നിങ്ങള്‍ക്ക്‌ കാണാനാകും –ഒരാള്‍ക്ക്‌ 100 രൂപയാണ് ചാര്‍ജ്‌. വെറും 100 രൂപക്ക്‌ പാകിസ്താന്‍ കാണാന്‍ കഴിയുക ചില്ലറ കാര്യമല്ലല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ ബൈനോക്കുലറിലൂടെ നോക്കി പാകിസ്താന്‍ കാണാന്‍ തുടങ്ങി. ഒരു ഗ്രാമം അങ്ങകലെ കാണാം. സഫിയ ബാനു എന്ന ഞങ്ങള്‍ക്ക്‌ ബൈനോക്കുലര്‍ തന്ന യുവതി അത്‌ പാക്‌ ഗ്രാമം തന്നെയെന്ന്‌് ഉറപ്പിച്ചുപറഞ്ഞു.

മുകളിലെ മലനിരകളില്‍ പാക് ഭാഗത്ത്‌ അവരുടെ സൈനികര്‍ പട്രോളിങ് നടത്തുന്നുണ്ടാകുമെന്നും അതിനാല്‍ ഉയരത്തിലേക്ക്‌ ബൈനോക്കുലറിലൂടെ നോക്കരുതെന്നും സഫിയ മുന്നറിയിപ്പും നല്‍കിയിരുന്നു. അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ പെട്ടെന്ന്‌ വിഖ്യാത ഉർദു എഴുത്തുകാരന്‍ സാദത്ത്‌ ഹസന്‍ മന്റോയുടെ പല വിഭജനകാല കഥകളും ഓർമയിലേക്ക്‌ വന്നു. അദ്ദേഹത്തിന്‍റെ വിഖ്യാത ചെറുകഥ ‘തോബാ തേക്‌ സിങ്ങി’ലെ അവസാന ഖണ്ഡിക മറക്കാന്‍ കഴിയാത്തവിധം ഓർമകളിലേക്ക്‌ തിക്കിത്തിരക്കിയെത്തി: വലിച്ചു കെട്ടിയ വേലികള്‍ക്കു പിന്നില്‍ ഒരു വശത്ത്‌ ഇന്ത്യയും അതിലുമേറെ കമ്പികള്‍ക്ക്‌ പിന്നില്‍ മറുവശത്ത്‌ പാകിസ്താനും കിടന്നു. ഇവക്കിടയില്‍ പേരില്ലാത്ത ഒരു തുണ്ട്‌ ഭൂമിയില്‍ തോബാ തേക്‌ സിങ്‌ എന്ന ദേശവും: ബെന്യാമിന്‍ കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുകയും ആ അനുഭവം രേഖപ്പെടുത്തുന്ന ‘ഇരട്ടമുഖമുള്ള നഗരം’ എന്ന പുസ്‌തകവും എഴുതിയിട്ടുണ്ട്‌.

ഹുന്ദര്‍ മരുഭൂമിയില്‍ ഒട്ടകപ്പുറത്ത്‌ നീങ്ങുന്ന സഞ്ചാരികള്‍

ഗോബ അലിയുടെ അതിര്‍ത്തി ജീവിതം

ഗോബ അലി തങ്ങിലാണ് ജീവിക്കുന്നത്‌. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ഒരു ശാഖ തങ്ങിലും മറ്റൊന്ന്‌ പാകിസ്താനിലുമാണ്. ‘സൈന്യം വളര്‍ത്തിയ കുട്ടി’ എന്ന വിശേഷണംകൂടി അലിക്കുണ്ട്‌. ഗോബ അലി മ്യൂസിയം ആൻഡ് ഗാര്‍ഡനില്‍ അദ്ദേഹം സജീവമാണ്. ആപ്രികോട്ടും മറ്റു പഴങ്ങളും കായ്‌ച്ച്‌ പഴുത്തുനില്‍ക്കുന്ന ഗംഭീരമായ തോട്ടം ഗോബ അലിക്കുണ്ട്‌. ചെറിയൊരു മ്യൂസിയവും ആ വളപ്പിലുണ്ട്‌. ഗോബ അലി ഞങ്ങളോട്‌ അദ്ദേഹത്തിന്‍റെ ജീവിതകഥ പറഞ്ഞു, ‘‘എന്‍റെ ഉമ്മയും വാപ്പയും അതിര്‍ത്തിക്കപ്പുറത്തുള്ള പാക്‌ ഗ്രാമത്തിലായിരുന്നു.

എല്ലാ വെള്ളിയാഴ്ചയും അതിര്‍ത്തിയില്‍ വെള്ളവസ്ത്രങ്ങളണിഞ്ഞ്‌ ബൈനോക്കുലറുമായി വന്നുനില്‍ക്കാന്‍ എന്‍റെ ഉമ്മ പറഞ്ഞിരുന്നു. ഞാനങ്ങനെ ചെയ്യുമായിരുന്നു. അതിര്‍ത്തിയുടെ പാക്‌ ഭാഗത്ത്‌ ഉമ്മയും വരും. ഞങ്ങള്‍ ബൈനോക്കുലറിലൂടെ കാണും. കൈവീശും. കാണുന്നത് ഉമ്മയെയാണെന്ന്‌ ഞാനും അവര്‍ കാണുന്നത്‌ മകനെയാണെന്നുമുള്ള വിശ്വാസത്തില്‍ ഞങ്ങള്‍ ജീവിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത്‌ 1971ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ കൈവശപ്പെടുത്തിയ തങ്ങടക്കം മൂന്ന്‌ ഗ്രാമങ്ങള്‍ പിടിച്ചെടുത്തു. അതിര്‍ത്തി ഇതോടെ മുന്നോട്ടുനീങ്ങി.

അതിര്‍ത്തി മുന്നോട്ടു നീങ്ങിയപ്പോള്‍ അഞ്ചു വയസ്സുകാരന്‍ അലിയും സഹോദരനും പ്രായവും രോഗവുംകൊണ്ട് അവശനായ വല്ല്യാപ്പയും ഇന്ത്യക്കാരായി. ഉമ്മയും ബാപ്പയും പാകിസ്താനികളുമായി. അലിയുടെ ബാപ്പ പാക് സൈന്യത്തിന് ടാങ്കറില്‍ വെള്ളമെത്തിക്കുന്ന ജോലിയാണ്‌ ചെയ്‌തിരുന്നത്. അതിന്‍റെ ഭാഗമായി ബാപ്പയും ഉമ്മയും തങ്ങില്‍നിന്നും കുറച്ചു ദൂരത്തായിരുന്നു, പാകിസ്താനില്‍. അതിര്‍ത്തി മുന്നോട്ടു നീങ്ങിയപ്പോള്‍ ഗോബ അലിക്ക്‌ പിന്നീട് തന്‍റെ മാതാപിതാക്കളെ കാണാന്‍ 2014 വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴാണ് പാസ്പോര്‍ട്ട്‌ കിട്ടിയത്. അതുമായി എല്‍.ഒ.സി കടന്ന്‌ മാതാപിതാക്കളെ പോയി കണ്ടു. 10 മാസം അവര്‍ക്കൊപ്പം താമസിച്ചു. എന്നാല്‍ ഒരു ഇന്ത്യക്കാരന്‌ പാകിസ്താനില്‍ അനന്തമായി തുടരാനാകാത്തതിനാല്‍ തിരിച്ച്‌ തങ്ങിലേക്ക്‌ തന്നെ വന്നു.

ജൈവ കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തി, അതില്‍നിന്നുള്ള ഫലങ്ങള്‍ ലേയിലും മറ്റു സ്ഥലങ്ങളിലും കൊണ്ടു പോയി വിറ്റ്‌ അലി ജീവിക്കുന്നു. ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണ്‍ കണക്‌ടിവിറ്റിയുമില്ലാത്ത തങ്ങില്‍ ജീവിക്കാനില്ലെന്ന് പറഞ്ഞ് മക്കള്‍ നഗരങ്ങളിലേക്കു പോയി. പക്ഷേ ഞാനിവിടം വിട്ടുപോയില്ല. വെള്ളിയാഴ്ചകളില്‍ ബൈനോക്കുലറുമായി എനിക്ക്‌ അതിര്‍ത്തിയില്‍ പോകണം, ഉമ്മയെ അതിന്‍റെ ലെന്‍സിലൂടെ കാണണം എന്നതുകൊണ്ടായിരുന്നു ഇത്‌.’’ ഉമ്മയും മകനും നടത്തുന്ന ദൂരക്കാഴ്ചയുടെ വെള്ളിയാഴ്ചകള്‍ അതിര്‍ത്തി ജീവിതത്തിലെ വേദനജനകമായ ജീവിത സന്ദര്‍ഭമായിരുന്നു.

ഉസ്താദ് ബിസ്മില്ലാ ഖാന്‍

അലിയുടെ ഉമ്മയും ബാപ്പയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ അദ്ദേഹത്തിന്‍റെ ബൈനോക്കുലര്‍ യാത്രകള്‍ അവസാനിച്ചിരിക്കുന്നു. പക്ഷേ മാതാപിതാക്കളെ വേര്‍പിരിഞ്ഞ, ഒറ്റദിവസംകൊണ്ട് ‘വിദേശ’രാജ്യത്തായിപ്പോയതിന്റെയും കൊടിയ ആഘാതം, അതിന്നും തന്നെ പിന്തുടരുന്നതായി അലി പറഞ്ഞു. പാക്‌ ഗ്രാമമായ ഫ്രാനുവില്‍ താമസിക്കുന്ന മാതാപിതാക്കളെ 44 വര്‍ഷത്തിനു ശേഷമാണ് അലി കണ്ടുമുട്ടിയത്‌. ഒരര്‍ഥത്തില്‍ അപരിചിതരുടെ കണ്ടുമുട്ടലായിരുന്നു അത്‌. 10 മാസം അവര്‍ക്കൊപ്പം ജീവിച്ചാണ് മാതാപിതാക്കളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള അടുപ്പം നേടാന്‍ എനിക്കായത്‌ –അലി പറഞ്ഞു. ഷയോക്ക്‌ നദിയിലൂടെ തന്‍റെ തോട്ടത്തില്‍ വിരിയുന്ന പൂക്കള്‍ ഒഴുക്കാനും അത്‌ ഫ്രാനുവില്‍ ഉമ്മാക്ക്‌ കിട്ടുമെന്ന തോന്നലും അലിക്കുണ്ടായിരുന്നു.

‘‘പലപ്പോഴും ഉമ്മാക്കായി പൂക്കള്‍ ഒഴുക്കിയിട്ടുണ്ട്‌, അത്‌ ഒരിക്കലെങ്കിലും കിട്ടിയിട്ടുണ്ടോ എന്നെനിക്ക്‌ അറിയില്ല. ഫ്രാനുവില്‍ ചെന്ന്‌ 10 മാസം താമസിച്ചു മടങ്ങുമ്പോഴാണ് ഉമ്മാക്ക്‌ നദിയിലൂടെ പൂവുകളയക്കാം എന്ന ആശയം ഉടലെടുക്കുന്നത്.’’

പുഴയിലൂടെ അതിര്‍ത്തി കടന്നു പോകുന്ന മകന്‍ ഉമ്മാക്കയച്ച പൂവുകള്‍ ഒരിക്കലെങ്കിലും അവര്‍ക്ക്‌ കിട്ടിയിരിക്കുമോ? അങ്ങനെയൊരു ചോദ്യവുമായി ഞങ്ങള്‍ ഗോബ അലിയുടെ മ്യൂസിയവും ഫാമും വിട്ടിറങ്ങി. അലിയുടെ വീട്ടിലേക്കുള്ള വഴിയില്‍ ഒരാള്‍ ഒറ്റക്ക്‌ ഒരു കാറില്‍ വിശ്രമിക്കുന്നു. കാര്‍ റോഡിലിട്ടതിനാല്‍ ഞങ്ങള്‍ക്ക്‌ കടന്നു പോകാന്‍ കഴിയില്ല. ഞങ്ങളുടെ വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ ബെന്യാമിനെ കണ്ടു, അയ്യോ ബെന്യാമിനല്ലേ എന്നു പറഞ്ഞ്‌ അടുത്തേക്കു വന്നു. ഒരു സെല്‍ഫിയെടുക്കണം എന്നും പറഞ്ഞു. കോട്ടയംകാരന്‍ ജോസഫ് ആയിരുന്നു അത്‌. ഒരു ചെറിയ കാറില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ഒറ്റക്ക്‌ സഞ്ചരിക്കുകയാണ്. ഞാനപ്പോള്‍ വേണുവിന്‍റെ (കാമറാമാന്‍) കാറില്‍ ഒറ്റക്കുള്ള ഇന്ത്യന്‍ യാത്രകളും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പുസ്‌തകങ്ങളെക്കുറിച്ചും ഓര്‍ത്തു.

ഹുന്ദറില്‍ കണ്ട ഇരട്ടമഴവില്ല്‌

എല്ലാ പൂക്കളുമുള്ള പൂന്തോട്ടമാണ് ഞാനാഗ്രഹിക്കുന്നത്

ഒരുദിവസം നുബ്ര താഴ്‌വരയിലെ തക്‌സി ഗ്രാമത്തിലാണ് താമസിച്ചത്‌. ഷയോക്ക്‌ താഴ്വരയിലെ അതിമനോഹരവും വിദൂരസ്ഥവുമായ ഗ്രാമമാണിത്‌. ആകാശം മുട്ടുന്ന മരങ്ങളും അതി മനോഹരമായ പൂക്കളും പുഴയും ഗ്രാമത്തിന് മതിലുപോലെ നില്‍ക്കുന്ന മലനിരകളും എല്ലാമുള്ള ഗ്രാമം. രാവിലെ എല്ലാവരും കൂടി നടക്കാന്‍ പോയി. പൊലീസ്‌/ സൈനിക ചെക്ക്‌ പോയന്‍റിന്‌ തൊട്ടുമുമ്പായി മൂന്നോ നാലോ കടകളുള്ള വളരെച്ചെറിയ ഒരു അങ്ങാടിയുണ്ട്‌. അവിടെ ജോലിക്കു പോകാന്‍ നില്‍ക്കുന്നവരെ കണ്ടു. അവരുമായി സംസാരിച്ചു. മിക്കവരും നേപ്പാളില്‍ നിന്ന്‌ ജോലി തേടി ഇവിടെയെത്തിയതാണ്.

ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരുമുണ്ട്. കെട്ടിട നിർമാണം, കൃഷിപ്പണി, കാലികളെ നോക്കല്‍ എന്നിവയാണ് ഇവരില്‍ മിക്കവരും ചെയ്യുന്നത്‌. അവരോട്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചെക്ക്‌പോസ്റ്റിലെ ഗേറ്റില്‍ പാല്‍ വണ്ടിക്കാരനുമായി സംസാരിച്ചുനില്‍ക്കുന്ന ഒരാളെ കണ്ടത്‌. കോട്ടിട്ടിട്ടുണ്ട്‌. തലയില്‍ തുര്‍ക്കി തൊപ്പിയുണ്ട്‌. നെറ്റിയില്‍ പതിഞ്ഞു കിടക്കുന്ന നിസ്കാരത്തഴമ്പുണ്ട്‌. രസികന്‍ താടിയുമുണ്ട്‌.

എന്തുകൊണ്ടോ അദ്ദേഹത്തോട്‌ സംസാരിക്കണം എന്നു തോന്നി. ചെക്ക്‌ പോസ്‌റ്റിലെ ഗേറ്റ്‌ തുറന്നു. പാല്‍ വണ്ടി കടന്നുപോയി. ഡ്രൈവര്‍ കോട്ടും തൊപ്പിയുമിട്ട മനുഷ്യനോട്‌ കൈവീശി എന്തോ പറഞ്ഞു. അയാളും കൈവീശി. പിന്നീടയാള്‍ ചെക്ക്‌ പോസ്‌റ്റിന് തൊട്ടുള്ള കടയില്‍ പണപ്പെട്ടിക്കരികില്‍ വന്നിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. എവിടെനിന്നാണ് സുഹൃത്തുക്കളേ നിങ്ങള്‍ തക്‌സിയിലേക്ക്‌ വന്നിരിക്കുന്നത്, എവിടെ നിന്നായാലും സ്വാഗതം, അബ്ദുല്‍ ഖാദര്‍ ഹാജി എന്നാണ് എന്‍റെ പേര്‌.

അദ്ദേഹം എല്ലാവര്‍ക്കും കൈ തന്നു. രാവിലെയല്ലേ, നമുക്ക്‌ വീട്ടില്‍ പോയി പ്രാതല്‍ കഴിക്കാം, അതിന് സമയമില്ലെങ്കില്‍ കുപ്പിയിലുള്ള ശീതള പാനീയങ്ങള്‍ എടുക്കട്ടെ –അദ്ദേഹം ഞങ്ങളെ സല്‍ക്കരിക്കാനുള്ള പുറപ്പാടാണ്. അല്ലെങ്കില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പുതുതായി തുറന്ന പള്ളി കാണാന്‍ പോകാം– അയ്യോ ഇപ്പോള്‍ ഒന്നും വേണ്ട, നമുക്ക്‌ കുറച്ചുനേരം സംസാരിക്കാന്‍ പറ്റുമോ? ഞാന്‍ ഹാജിയോട്‌ ചോദിച്ചു. പിന്നെന്താ, തീര്‍ച്ചയായും, നിങ്ങള്‍ ഞങ്ങളുടെ അതിഥികളല്ലേ? കടയിലേക്കു വന്ന സ്ത്രീ സോപ്പും ബിസ്‌കറ്റും ചോദിച്ചു. ഹാജി അതെടുത്തു കൊടുത്തു. പണം നല്‍കി അവര്‍ പോയി.

ഇരിക്കാന്‍ സ്ഥലവും സൗകര്യവുമില്ല, ചെറിയ കടയല്ലേ? നമുക്ക്‌ ഇവിടെ നിന്ന്‌ സംസാരിക്കാം. അദ്ദേഹം പുറത്തേക്കു വന്നു. ചോദിക്കാതെ തന്നെ പറഞ്ഞു, തക്‌സി മനോഹരമായ സ്ഥലമാണ്. ഇവിടം വിട്ടുപോകാനേ എനിക്ക്‌ തോന്നിയിട്ടില്ല. 1965ല്‍ ആദ്യ ഇന്ത്യ-പാക്‌ യുദ്ധം നടക്കുമ്പോള്‍ ഞങ്ങളുടെ തക്‌സി ഗ്രാമം പാകിസ്താന്‍റേതായി. ചാലുങ്ക, തുര്‍തുക്‌, തങ്ങ്‌ എന്നീ പ്രദേശങ്ങള്‍ക്കൊപ്പമാണ് തക്സിയും പാകിസ്താന്‍ സ്വന്തമാക്കിയത്‌. 1971ല്‍ വീണ്ടും യുദ്ധമുണ്ടായി. തക്‌സി ഇന്ത്യ വീണ്ടെടുത്തു. 1965-71 കാലത്ത്‌ സത്യത്തില്‍ ഞങ്ങളുടെ ജീവിതം സങ്കീർണമായിരുന്നു. സ്കൂളുകള്‍ ഇന്ത്യയില്‍, ആശുപത്രി പാകിസ്താനില്‍ ഇങ്ങനെയൊരവസ്ഥയായിരുന്നു. ആ സമയത്ത്‌ ഏതു രാജ്യം വേണമെങ്കിലും സ്വീകരിക്കാം. ചിലര്‍ പോയിട്ടുമുണ്ട്‌. ഞങ്ങള്‍ പോയില്ല. തക്സിയില്‍തന്നെ തുടര്‍ന്നു.

‘നിങ്ങള്‍ ശത്രുവിന്‍റെ നിരീക്ഷണത്തിലാണ്’ എന്നെഴുതിയ തങ്ങിലെ സ്തൂപം,തങ്ങിലേക്ക് സ്വാഗതമാശംസിക്കുന്ന ബോര്‍ഡ്

എന്തേ പാകിസ്താനില്‍ പോയില്ല? ആ കൊച്ചുവെളുപ്പാന്‍ കാലത്ത് ഹാജിയോട് അങ്ങനെ ചോദിക്കേണ്ടിയിരുന്നോ എന്ന്‌ തോന്നിയെങ്കിലും ചോദ്യം എറിഞ്ഞു പോയ കല്ലായിക്കഴിഞ്ഞിരുന്നു. അദ്ദേഹം വിശദവും വിശാലവുമായി ചിരിച്ചു. തന്‍റെ കടക്കു മുന്നില്‍ ചട്ടികളില്‍ വളര്‍ത്തുന്ന വിവിധതരം പൂക്കളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, ‘‘എല്ലാ പൂക്കളും വിരിയുന്ന ഒരു പൂന്തോട്ടമാണ്‌ ഞാനിഷ്ടപ്പെടുന്നത്‌, ഒരു പൂവു മാത്രമുള്ളതിനെ പൂന്തോട്ടം എന്നു വിളിക്കാന്‍ കഴിയില്ലല്ലോ’’ –ഇങ്ങനെ പറഞ്ഞ് അദ്ദേഹം താന്‍ ചട്ടിയില്‍ വളര്‍ത്തുന്ന പൂക്കളെ തലോടി. ഇനി അധികമായി ചോദിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല.

അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മറ്റൊരു ഖാദറിനെ ഓര്‍ത്തു. നന്തനാര്‍, കോവിലന്‍, പാറപ്പുറത്ത്‌, ഏകലവ്യന്‍ എന്നിവരുടെ ഇംഗ്ലീഷ്‌ പരിഭാഷകനായ കുഞ്ചു എന്‍ (കുഞ്ചു നമ്പ്രാത്തില്‍) എഴുതിയ ‘എന്‍റെ സുഹൃത്ത്‌ ഖാദര്‍’ എന്ന ലേഖനത്തില്‍ (തൃശൂര്‍ കറന്‍റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച കന്‍റോണ്‍മെന്‍റ് കഥകള്‍’ എന്ന സമാഹാരത്തില്‍ ഈ ലേഖനമുണ്ട്, 2023 ജൂലൈയില്‍ കുഞ്ചു മരിച്ചു) സൈന്യത്തില്‍ 1947ല്‍ തനിക്കൊപ്പമുണ്ടായിരുന്ന ഖാദര്‍ ഇന്ത്യയോ പാകിസ്താനോ എന്ന കാര്യത്തില്‍ എടുത്ത തീരുമാനത്തെക്കുറിച്ച്‌ അദ്ദേഹം എഴുതുന്നു:

‘‘ഖാദര്‍ എങ്ങോട്ട് പോകും? ഹിന്ദുസ്താനോ അതോ പാകിസ്താനോ?’’ ഞാന്‍ ചോദിച്ചു. മലബാര്‍ വിട്ട് അവനെങ്ങും പോകില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ തമാശയായി ചോദിച്ചതാണ്. പക്ഷേ, അവന്‍റെ ഉത്തരം എന്നെ ഞെട്ടിച്ചു.

‘‘ഞാന്‍ മുസ്‍ലിംകളുടെ രാജ്യത്തേക്ക് പോകുകയാണ്.’’

ഗോബ അലി,അബ്ദുല്‍ ഖാദര്‍ ഹാജി

‘‘നീയൊരു വിഡ്ഡിയാണ്. നിന്‍റെ കോഴിക്കോട് വിട്ട് നീ ആരുമല്ലാത്ത ഒരു സ്ഥലത്തേക്ക് നിനക്കെങ്ങനെ പോകാനാകും!’’

‘‘നീയെന്തുകൊണ്ടാണ് ഹിന്ദുസ്താന്‍ തിരഞ്ഞെടുക്കാത്തത്?’’ ‘‘എനിക്ക് ഹിന്ദുസ്താനില്‍ നില്‍ക്കണ്ട. എനിക്ക് മുസ്‍ലിംകളുടെ രാജ്യമാണ് വേണ്ടത്.’’ അവന്‍ ശബ്ദത്തില്‍ നര്‍മം കലര്‍ത്താതെ പറഞ്ഞു. ഇവന് വട്ട് പിടിച്ചോ! ഇതുവരെ മതകാര്യങ്ങളില്‍ പ്രത്യേകിച്ചൊരു താല്‍പര്യവും കാണിച്ചിട്ടില്ലാത്ത ഇവനിതെന്തു പറ്റി! ശരിക്കും പറഞ്ഞാല്‍ അവന്‍റെ പേര് കേട്ടില്ലെങ്കില്‍ അവന്‍ ഒരു മുസ്‍ലിം ആണെന്നുപോലും ഒരാളും തിരിച്ചറിയില്ല.

രണ്ടുദിവസം കഴിഞ്ഞ് ഖാദറിനെ ട്രെയ്നിങ് സെന്‍റര്‍ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. ഭാരതത്തില്‍ തുടരാനാണോ അതോ പാകിസ്താനിലേക്ക് പോകാനാണോ താല്‍പര്യം എന്ന് എഴുതിക്കൊടുക്കാനാണ്. തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു. ‘‘നീയെന്തു തിരഞ്ഞെടുത്തു?’’ ‘‘മുസ്‍ലിംകളുടെ രാഷ്ട്രം.’’

‘‘പാകിസ്താന്‍?’’

‘‘ഹിന്ദുസ്താന്‍.’’

‘‘പിന്നെ? നീയെന്താ തമാശ പറയുകയാണോ?’’ ‘‘അപേക്ഷാഫോറത്തില്‍ ഹിന്ദുസ്താന്‍ ഇല്ലായിരുന്നു.’’

‘‘എന്ത്!’’

ഞാന്‍ മുസ്‍ലിംകളുടെകൂടി മാതൃരാഷ്ട്രമായ ഇന്ത്യ തിരഞ്ഞെടുത്തു: ഖാദര്‍ ഹാജിയോട്‌ ഈ കഥ പറയാനുള്ള ഭാഷ തേടി ഉഴറി പരാജയപ്പെട്ട്‌ ഞാനത്‌ ഉപേക്ഷിച്ചു.

ഞാന്‍ അദ്ദേഹത്തിന്‍റെ ഹജ്ജ് യാത്രയെക്കുറിച്ച് ചോദിച്ചു. ലഡാക്കില്‍നിന്നും ഡല്‍ഹി-മുംബൈ വഴി ജിദ്ദയിലേക്ക്. തണുപ്പുള്ള തക്‌സിയില്‍നിന്നും കൊടും ചൂടുള്ള മക്കയിലും മദീനയിലും ചെലവിട്ട രണ്ടു മാസങ്ങളെക്കുറിച്ച്‌ അദ്ദേഹം വാചാലനായി. ഞാന്‍ 13 വര്‍ഷം മക്കയുടെ കവാട നഗരമായ ജിദ്ദയിലുണ്ടായിരുന്നു എന്നുപറഞ്ഞപ്പോള്‍ മക്കയും മദീനയും അടുത്താകുമ്പോള്‍ അവിടെയെത്താനുള്ള അഭിലാഷം തീവ്രമല്ലാതാകുമല്ലേ എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ ഞാന്‍ നിന്നു.

അലിയെപ്പോലെ ജീവിക്കുക, ഹുസൈനെപ്പോലെ മരിക്കുക

തക്‌സി ഗ്രാമം വെറുതെ അലഞ്ഞുനടക്കാന്‍ പറ്റിയ ഒരിടമാണ്. എവിടെയും സൗഹൃദത്തോടെ മാത്രം സംസാരിക്കുന്ന നാട്ടുകാര്‍. സുന്നി-ശിയാ (രണ്ടു കൂട്ടര്‍ക്കും ഇവിടെ പള്ളിയുണ്ട്‌) അകലങ്ങള്‍ ആ ഗ്രാമത്തിലുമുണ്ട്‌. എല്ലായിടത്തുമെന്നപോലെ ശിയാക്കള്‍ സുന്നിപ്പള്ളിയിലോ സുന്നികള്‍ ശിയാപ്പള്ളിയിലോ പോകില്ല. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിവാഹബന്ധങ്ങളുമില്ല. നിശ്ശബ്ദമായി പതിഞ്ഞുകിടക്കുന്ന പല ലഡാക് ഗ്രാമങ്ങളിലും ഈ അകലങ്ങളുണ്ട്‌.

അന്‍ജുമാന്‍ ഇമാമിയ ലേ വിങ് അധ്യക്ഷന്‍ അഷ്‌റഫ്‌ അലി ബാര്‍ച്ച പരചിനാര്‍ ശിയാ വംശഹത്യാ പ്രതിഷേധ മാര്‍ച്ചിനും പൊതുയോഗത്തിനും ശേഷം എ.എന്‍.ഐയോട് സംസാരിക്കുന്നു

പക്ഷേ, സംഘര്‍ഷങ്ങളൊന്നുമുണ്ടാകാറില്ലെന്ന്‌ ഗ്രാമീണര്‍ പറയുന്നു. മുഹർറം പത്തിന്‍റെ ശിയാ ആചാരങ്ങള്‍ കഴിഞ്ഞ തൊട്ടുടനെയായിരുന്നു ഞങ്ങളുടെ യാത്ര. അതുമായി ബന്ധപ്പെട്ട ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍ എന്നിവ അതേപോലെ മിക്കയിടത്തും നില്‍ക്കുന്നുണ്ട്‌. ഇംഗ്ലീഷിലും ഉർദുവിലുമാണ് ഇവയിലെ എഴുത്തുകള്‍. ഒരിടത്ത്‌ ഉയരത്തില്‍ കെട്ടിയ ബാനറില്‍ കണ്ടു: അലിയെപ്പോലെ ജീവിക്കുക, ഹുസൈനെപ്പോലെ മരിക്കുക. അലിയും ഹുസൈനും ശിയാ വിശ്വാസത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അലിക്ക്‌് ശിയാക്കള്‍ നല്‍കുന്ന പ്രാധാന്യം സുന്നികള്‍ അംഗീകരിക്കുന്നില്ല. ഹുസൈന്‍റെ കര്‍ബലയിലെ രക്തസാക്ഷിത്വവും ശിയാക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

ബഹ്‌റൈനില്‍ വര്‍ഷങ്ങള്‍ ജീവിച്ച ബെന്യാമിന്‍, സുധീഷ് രാഘവന്‍, അനില്‍ വേങ്കോട്‌ എന്നിവര്‍ക്ക്‌ ശിയാക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ നന്നായി അറിയാം. വലിയ ശിയാ സാന്നിധ്യമുള്ള രാജ്യമാണ് ബഹ്റൈന്‍. സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലാണ് ശിയാ സാന്നിധ്യമുള്ളത്‌. ബെന്യാമിന്‍റെ ഇരട്ട നോവല്‍ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’, ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ എന്നീ രചനകള്‍ ബഹ്‌റൈനിലെ അറബ്‌ വസന്തത്തെക്കുറിച്ചുള്ളതാണ്. ആ നോവലില്‍ ബഹ്‌റൈനിലെ ശിയാ ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളും കാണാം. അലി, അലി, അലി വലിയുല്ല എന്നുറക്കെപ്പാടുന്ന ഖവാലി സാമ്രാട്ട്‌ നുസ്രത്ത്‌ ഫത്തേ അലിഖാന്‍ അലിയെ പ്രകീര്‍ത്തിക്കുന്ന നിരവധി ഖവാലി ഗാനങ്ങള്‍ പാടി. വിഖ്യാത ഷെഹനായ്‌ വാദകന്‍ ഉസ്താദ്‌ ബിസ്‌മില്ലാ ഖാന്‍ ശിയാ വിശ്വാസിയായിരുന്നു. രണ്ടുപേരും ഇന്നില്ല.

ഒരുദിവസം ലേ മാര്‍ക്കറ്റില്‍ പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നുമില്ലാതെ അലഞ്ഞുനടക്കുമ്പോള്‍ ഒരു പ്രകടനവും പൊതുയോഗവും കണ്ടിരുന്നു. അന്‍ജുമാന്‍ ഇമാമിയ ലേ വിങ്ങും അവരുടെ യുവജനസംഘടനയും ചേര്‍ന്ന്‌ സംഘടിപ്പിച്ചതായിരുന്നു പരിപാടി. അവര്‍ പിടിച്ച ബാനറില്‍ ഇങ്ങനെ വായിക്കാം: പാകിസ്താനിലെ പരചിനാറില്‍ നടക്കുന്ന ശിയാ വംശീയഹത്യയും കൂട്ടക്കൊലയും അവസാനിപ്പിക്കുക: പാകിസ്താനിലെ സുന്നി-ശിയാ സംഘര്‍ഷം പരിഹാരമൊന്നുമില്ലാതെ തുടരുന്നതായി അന്‍ജുമാന്‍ ഇമാമിയ പറയുന്നു. ലേ മാര്‍ക്കറ്റില്‍ വലിയ പ്രകടനമാണ് ഇമാമിയ സംഘടിപ്പിച്ചത്‌. യുവാക്കള്‍ ധാരാളമുണ്ട്‌. യാ റസൂല്‍, യാ അലി, ബോലോ തക്ബീര്‍ അല്ലാഹു അക്ബര്‍ എന്നിങ്ങനെ പ്രകടനത്തിനും ഒത്തുചേരലിനുമിടയില്‍ വിളിച്ച ഈ കാര്യങ്ങള്‍ മാത്രമേ എനിക്ക്‌ മനസ്സിലായുള്ളൂ. ഇതു കഴിഞ്ഞു നടന്ന പൊതുയോഗത്തില്‍ സംഘടനയുടെ അധ്യക്ഷന്‍ അഷ്‌റഫ്‌ അലി ബാര്‍ച്ചയുടേതായിരുന്നു മുഖ്യപ്രഭാഷണം.

2014ല്‍ പാകിസ്താന്‍ മനുഷ്യാവകാശ കമീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2013ല്‍ 700 ശിയാക്കള്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടതായി പറയുന്നു. ക്വറ്റ, കറാച്ചി, കാംഗു, പരചിനാര്‍, ഇസ്‌ലാമാബാദ്, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ്‌ കൊലകള്‍ നടന്നത്‌ എന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. അടുത്തകാലത്ത് ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ പരചിനാറില്‍ വീണ്ടും ആക്രമണങ്ങളും കൊലകളുമുണ്ടായി. അതിപ്പോഴും തുടരുന്നുമുണ്ട്‌. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു അഷ്‌റഫ്‌ അലി ബാര്‍ച്ചയുടെ പ്രസംഗം. തുടര്‍ന്ന്‌ അദ്ദേഹം എ.എന്‍.ഐ അടക്കമുള്ള ചാനലുകളോടും ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്‌ സംസാരിച്ചു.

സാദത്ത് ഹസന്‍ മന്റോ,ജമ്മു കവി ലളിത് മംഗോത്ര

ലഡാക്കിലെ കേരളങ്ങള്‍

നാട്ടില്‍ എവിടെയാ? കാസർകോട്. പാറയില്‍ കറുത്ത അക്ഷരങ്ങളില്‍ മലയാളം തെളിഞ്ഞുനിന്നു. കാസര്‍കോട്ടുനിന്നുള്ള ഡി.എം.ആര്‍.സി റൈഡിങ് ക്ലബുകാരുടേതാണ് ആ പാറയെഴുത്ത്. സി.ആർ.എഫ്‌ വിമന്‍ ഓണ്‍ വീല്‍സ് എന്നും ഇംഗ്ലീഷിലെഴുതിയിട്ടുണ്ട്. കെ.എല്‍ 14, മൂന്നുപേരുടെ ഇ-മെയില്‍ ഐ.ഡികള്‍ എന്നിവയും ആ പാറയെഴുത്തിലുണ്ട്. ഒരു ഇ-മെയില്‍ ഐ.ഡിക്ക് എന്‍റെ പേരിനോട് സാമ്യവുമുണ്ട്. മുസാഫിര്‍ 411 എന്നതാണ് ആ ഐ.ഡി. പലയിടങ്ങള്‍ ചുറ്റിക്കറങ്ങിപ്പോകുമ്പോഴാണ് മലയാളം പാറയെഴുത്തില്‍ തിളങ്ങുന്നത് കണ്ടത്. മലയാളം കണ്ടല്ലോ, ഇനി കുട്ടനാടും കാണാം –ഫിജോയ് പറഞ്ഞു. കുട്ടനാടോ? ഞങ്ങള്‍ കൂട്ടത്തോടെ ചോദിച്ചു. അതെ, കുട്ടനാട്. പക്ഷേ, ചിലപ്പോള്‍ ലഡാക്കിലെ കുട്ടനാട് ശ്രദ്ധയില്‍പെടാതെ കടന്നുപോകാം.

അതെങ്ങനെ? ഏതായാലും റോഡിന്‍റെ ഇരുഭാഗത്തുമുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെയും സിയാച്ചിന്‍ വാരിയേഴ്‌സിന്റെയും ബോര്‍ഡുകള്‍ ശ്രദ്ധിച്ചോളൂ. കുട്ടനാട് കണ്ടെത്താന്‍ കഴിയും, ബോര്‍ഡുകള്‍ ശരിക്കും ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടനാട് കടന്നും പോകും, പിന്നെ കാണാനും പറ്റില്ല, ഫിജോയ് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ നുബ്രക്കും തുര്‍ത്തുക്കിനുമിടയിലുള്ള പാതയരികില്‍ ഞങ്ങള്‍ ലഡാക്കിലെ കുട്ടനാട് കണ്ടെത്തി. അതൊരു ബോര്‍ഡായിരുന്നു. സിയാച്ചിന്‍ വാരിയേഴ്സിന്‍റെ ആ ബോര്‍ഡില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്.

കെ2 (ഏറ്റവും ഉയരം കൂടിയ ഇടം) മുതല്‍ കുട്ടനാട് (ഏറ്റവും താഴ്ന്നയിടം) വരെ ഭാരതം ഒന്നാണ്. കെ2 കാരക്കോറം മലനിരകളുടെ ചുരുക്കപ്പേരാണ്. പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന മലനിരകളാണിത്. കാരക്കോറം മുതല്‍ കുട്ടനാട് വരെ ഒരൊറ്റ ഇന്ത്യ എന്നാണ് സിയാച്ചിന്‍ വാരിയേഴ്സിന്‍റെ ബോര്‍ഡിലുള്ളത്. ഇത്തരം ബോര്‍ഡുകളില്‍ കേരളത്തെ പ്രതിനിധാനംചെയ്യുന്നത് കുട്ടനാട് മാത്രമാണ്.

ഹുന്ദറിലെ മരുഭൂമി

കെ2 മുതല്‍ കന്യാകുമാരി വരെ ഭാരതം ഒന്നാണ് എന്നൊരു ബോര്‍ഡും ഒരിടത്ത്‌ കണ്ടിരുന്നു. ലഡാക്കിലേക്ക്‌ ഇപ്പോള്‍ നിരവധി മലയാളികള്‍ സഞ്ചാരികളായി എത്തുന്നുണ്ട്. കാസര്‍കോടന്‍ സംഘം ഏറെ സമയമെടുത്താണ് പാറയില്‍ മലയാളത്തിലെഴുത്ത് നടത്തിയതെന്ന് ഊഹിക്കാം. മലയാളിയുടെ ലഡാക്കിലെ ഗ്രാഫിറ്റിയെഴുത്തായി ആ വരികള്‍ നിലനില്‍ക്കുന്നു. ഞങ്ങൾ യാത്ര തുടര്‍ന്നുകൊണ്ടിരുന്നു.

(തുടരും)

Show More expand_more
News Summary - weekly yathra