Begin typing your search above and press return to search.
proflie-avatar
Login

ലഡാക്കിലെ ആടുജീവിതം

ഫോട്ടോകള്‍: ബെന്യാമിന്‍, ഫിജോയ് ജോസഫ്‌, അനില്‍ വേങ്കോട്, സുധീഷ് രാഘവന്‍

Ladakh
cancel
camera_alt

ലഡാക്കിലെ ഇടയബാലന്‍ ഫോട്ടോ: ഫിജോയ്‌ ജോസഫ്

സാധാരണ ചെമ്മരിയാട്ടിന്‍പറ്റങ്ങളുമായി നീങ്ങുന്നവരെയും തമ്പടിച്ച് കഴിയുന്നവരെയും ലഡാക്കില്‍ മിക്കവാറും എല്ലായിടത്തും കാണാന്‍ കഴിയും. എന്നാല്‍, ചാങ്‌താങി ആടുകളെ എല്ലായിടത്തും കാണാന്‍ കിട്ടില്ല. ചാങ്താങ് പീഠഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. ഈ പീഠഭൂമിയിലെ കാലാവസ്ഥയിലാണ് ആടുകള്‍ നന്നായി വളരുക’’ –ലഡാക്കിലെ കാഴ്​ചകൾ തുടരുന്നു.

‘‘ഏയ്‌, എന്‍റെ ആടുകളേ, നിങ്ങളുടെ മുന്നില്‍ കാണുന്ന പുല്ല് തിന്നൂ. ശരിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലുള്ള പച്ചപ്പുല്ലല്ല ഇത്‌. ഇതിന് വെയില്‍ തട്ടിയുള്ള വാട്ടമുണ്ട്. പക്ഷേ, കാലാവസ്ഥ ഇനിയും മോശമാകാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഈ പുല്ലും കിട്ടാതാകും. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ മുന്നിലുള്ള പുല്ല് തിന്നൂ. മഞ്ഞുവീഴ്ചയും പഴയപോലെയല്ല. വളരെക്കൂടുതലാണ്. പുല്‍പ്പരപ്പ്‌ മുഴുവനും ഇല്ലാതാക്കുന്ന തരത്തിലാണ് മഞ്ഞ് വീഴുന്നത്‌. അപ്പോള്‍ നിങ്ങള്‍ക്ക്‌ തിന്നാന്‍ കുറ്റിച്ചെടികളോ എന്തിന് മുള്‍ച്ചെടികള്‍പോലുമോ കിട്ടില്ല.

പതു​െക്ക പോ, പുല്ല് തിന്ന് പതുക്കെ പോ. എന്തിനാണിത്ര വേഗത. പതുക്കെ പോ. പുല്ല് തിന്ന്’’ –സെറിങ് തന്‍റെ ആട്ടിന്‍പറ്റത്തെ മേച്ച്‌ കുന്നിന്‍ ചരിവിലൂടെ നടക്കുകയും ആടുകളോട്‌ സംസാരിക്കുകയുമാണ്‌. ലഡാക്കിലെ ഗ്യാ-മെരു താഴ്‌വാരത്തിലാണ് 50കാരിയായ സെറിങ് ആടുകളെ മേച്ചു നടക്കുന്നത്. ‘ഹിമാനിയിലെ അവസാന ഇടയ സ്ത്രീ’ എന്ന ഡോക്യുമെന്‍ററി സിനിമയിലാണ്‌ സെറിങ്ങിനെയും അവരുടെ ആടുകളെയും കണ്ടത്‌. ലഡാക് യാത്ര തുടങ്ങും മുമ്പ് ഈ ഡോക്യുമെന്‍ററി കണ്ടിരുന്നു.

സെറിങ് ആടുകളുമായി നിര്‍ത്താതെ സംസാരിക്കുകയാണ്. ബുദ്ധിമുട്ടും സന്തോഷവും എല്ലാം ആടുകളുമായി പങ്കുവെക്കുകയാണ് ഈ ഇടയ. പക്ഷേ, അവരുടെ സംഭാഷണങ്ങളില്‍ ലഡാക്കിലെ ഗ്യാ-മെരു താഴ്‌വാരത്തിന് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഭീതിയുണ്ട്‌. താഴ്‌വരയിലെ ആട്ടിടയ സമൂഹങ്ങളില്‍നിന്നും പലരും ലേ പോലുള്ള നഗരങ്ങളിലേക്ക്‌ കുടിയേറുന്നു.

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വന്നു. മഞ്ഞുവീഴ്ച ഞങ്ങളെ സംബന്ധിച്ച്‌ പുതിയ കാര്യമേയല്ല. ഞങ്ങളതില്‍ ജീവിക്കുന്നവരാണ്. എന്നാല്‍, കഴിഞ്ഞ ചില വര്‍ഷങ്ങളായി മഞ്ഞുവീഴ്ച അഞ്ചിരട്ടിവരെ വര്‍ധിച്ചിരിക്കുന്നു. വേനലിന്‍റെ കാര്യവും അങ്ങനെ തന്നെ. ചൂട്‌ അസഹ്യമാം വിധം വര്‍ധിക്കുകയാണ്. കാലാവസ്ഥയിലെ ഈ മാറ്റം ഞങ്ങളുടെ പരമ്പരാഗത ആടുമേക്കല്‍ ജീവിതത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു –സെറിങ്‌ ഡോക്യുമെന്‍ററിയില്‍ പറയുന്നു.

കഴിയുമെങ്കില്‍ ഗ്യാ-മെരുവില്‍ പോയി സെറിങ്ങിനെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്യണമെന്നു യാത്ര തുടങ്ങും മുമ്പ്‌ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഹിമാനിയുരുക്കം അങ്ങോട്ടുള്ള വഴികളെ പ്രളയസമാനമായ അവസ്ഥയിലാക്കി. അതിനാല്‍ ആ യാത്ര നടന്നില്ല. പക്ഷേ, തങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരകളാണെന്ന അവരുടെ സംസാരത്തിലെ സൂചന വളരെ പ്രധാനപ്പെട്ടതായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 4000-6000 അടി ഉയരത്തിലാണ് ഗ്യാ-മെരു താഴ്വര. അവിടെയാണ് സെറിങ്ങിന്‍റെ ആടുകള്‍ ജീവിക്കുന്നത്‌.

ഒറ്റക്ക്‌ തന്‍റെ ആട്ടിന്‍പറ്റത്തെ നയിച്ചുപോകുന്ന അവരുടെ പുറത്ത്‌ മുളകൊണ്ടുള്ള ഒരു കുട്ടയുണ്ട്‌. കൈയില്‍ ഒരു വടിയുമുണ്ട്‌. കാലാവസ്ഥ വിചാരിക്കാത്ത മട്ടില്‍ മാറുന്നു, കഠിനമാകുന്നു എന്ന അവരുടെ പറച്ചില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കൃത്യം ചിത്രത്തിലേക്കാണ് നയിച്ചത്‌. ഗ്യാ-മെരു പോലുള്ള സ്ഥലങ്ങളില്‍നിന്നും ലേയിലേക്ക്‌ കുടിയേറിയ ഇടയ സമൂഹങ്ങളിലുള്ള ചിലരെ ലേ മാര്‍ക്കറ്റില്‍വെച്ച്‌ കണ്ടിരുന്നു. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കടകളിലും ജോലിചെയ്‌ത്‌ നിത്യവൃത്തിക്കുള്ള വക കണ്ടെത്താന്‍ ശ്രമിക്കുകയാണ് അവര്‍.

പുതിയ തലമുറയിലുള്ളവരാണ് ഇങ്ങനെ കുടിയേറിയവരില്‍ ഭൂരിഭാഗവും. ഇടയരുടെ ക്യാമ്പുകളില്‍ 100 കുടുംബങ്ങള്‍ വരെ സാധാരണ ഉണ്ടാകുമായിരുന്നു. ഇപ്പോഴത്‌ കുറഞ്ഞ്‌ കുറഞ്ഞ്‌ 30 വരെയായിരിക്കുന്നു –ലേയില്‍ കണ്ട ഗ്യാ-മെരുവില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. തങ്ങള്‍ കാലത്തിനനുസരിച്ച്‌ മാറുന്നു എന്നാണ് ആ യുവാവ് പറഞ്ഞത്‌, എന്നാല്‍ കാലം മാത്രമല്ല, കാലാവസ്ഥയും ഈ മാറ്റത്തില്‍ പങ്കുവഹിക്കുന്നു എന്നതാണ് സത്യം. അവരിലെ പുതുതലമുറ ഇക്കാര്യം എത്രമാത്രം മനസ്സിലാക്കി എന്നറിയില്ല, പക്ഷേ, പ്രായമുള്ളവരുടെ സംസാരത്തില്‍ മുഴുവന്‍ ഈ മനസ്സിലാക്കലിന്‍റെ, തിരിച്ചറിവിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആദ്യ ഇരകള്‍ എപ്പോഴും പരമ്പരാഗത-പൈതൃക സമൂഹങ്ങളിലെ മനുഷ്യരാണ്‌.

ശ്രീനഗറിലിറങ്ങി ലേയിലേക്ക്‌ റോഡ്‌ മാര്‍ഗം പോകുമ്പോള്‍ പലയിടങ്ങളില്‍ ചെമ്മരിയാട്ടിന്‍പറ്റങ്ങളെയും ഇടയന്‍മാരെയും കണ്ടിരുന്നു. വൈകുന്നേരങ്ങളില്‍ ആട്ടിന്‍പറ്റങ്ങള്‍ ഇടയനും കുടുംബവും താമസിക്കുന്ന തമ്പിനു ചുറ്റുമായി കിടക്കും. നിരവധി ആടുകള്‍ക്കിടയില്‍ തമ്പും കാണാം. മിക്കപ്പോഴും ഇടയരെയോ അവരുടെ കുടുംബാംഗങ്ങളെയോ പുറത്ത്‌ കാണില്ല. ഒരു ദിവസത്തെ അധ്വാനം കഴിഞ്ഞ്‌ അവര്‍ വിശ്രമിക്കുകയോ ഭക്ഷണം ഉണ്ടാക്കുകയോ ആയിരിക്കും.

റോഡില്‍നിന്നും വളരെ മാറിയുള്ള ചെറു താഴ്‌വാരങ്ങളിലാണ് ആടുകളും ഇടയരും അവരുടെ തമ്പും ഉള്ളത്‌. റോഡില്‍നിന്നും മലമ്പള്ളയിലൂടെയാണ് അവിടേക്കുള്ള നടപ്പാതകള്‍. കുത്തനെ കിടക്കുന്ന പ്രദേശങ്ങളാണവ. അത്തരമൊരിടത്ത്‌ വണ്ടി നിര്‍ത്തി ബെന്യാമിന്‍ ആട്ടിന്‍പറ്റങ്ങളുടെ പടം പകര്‍ത്തി. ലഡാക്കിലെ ആടുജീവിതവും പകര്‍ത്തുകയാണല്ലേ എന്നൊരു തമാശ ഞങ്ങള്‍ക്കിടയിലുണ്ടായി. മറ്റൊരിടത്ത്‌ തമ്പിനു പുറത്തു വന്ന രണ്ടു കുട്ടികള്‍ ഞങ്ങളുടെ നേരെ കൈവീശി ചിരിച്ചു.

രണ്ടിടത്ത്‌ ഇടയന്‍മാര്‍ ആടുകളെ തെളിച്ച്‌ പോകുന്നതും കണ്ടു. പിന്നീടുള്ള ദിവസങ്ങളിലും ആട്ടിന്‍പറ്റങ്ങളും ഇടയരും ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ലഡാക്കില്‍ ആടു വളര്‍ത്തല്‍, അതുമായി ബന്ധപ്പെട്ട തൊഴില്‍ജീവിതം പ്രധാനപ്പെട്ടതാണെന്ന്‌ ഓരോ ദിവസവും കൂടുതലായി അറിയാന്‍ കഴിഞ്ഞു. തണുപ്പുള്ള മലമ്പ്രദേശങ്ങളില്‍ ആടുവളര്‍ത്തല്‍ എല്ലായ്പോഴും പ്രധാനപ്പെട്ടതാണ്. ഇറച്ചിക്കും ആടിന്‍റെ കമ്പിളിരോമത്തിനും ഇത്തരം സമൂഹങ്ങളുടെ നിത്യജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. കമ്പിളിക്കുപ്പായങ്ങളും ഷാളുകളും ഉണ്ടാക്കുന്നത് ആട്ടിന്‍രോമത്തില്‍ നിന്നെടുക്കുന്ന വൂളന്‍ നൂലുകൊണ്ടാണ്.

പഷ്മീന ആടിന്‍റെ കമ്പിളിരോമം എടുക്കുന്ന വിധം (ഫയല്‍)

ചാങ്‌താങി ആടുകളും പഷ്‌മീന ഷാളുകളും

പഷ്‌മീന ഷാളുകള്‍ വിഖ്യാതമാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്‍റെ പലഭാഗങ്ങളിലും ഈ ഷാളിന് വലിയ പേരുണ്ട്. നല്ല വിലയുമുണ്ട്. തണുപ്പിനെ പ്രതിരോധിക്കാന്‍ ഈ ഷാളുകള്‍ വളരെ നല്ലതാണ്. മനോഹരമായാണ് ഇവ കൈത്തറിയില്‍ നെയ്‌ത്തുകാര്‍ ഉണ്ടാക്കുന്നതും. ലഡാക്കിലെ ചാങ്‌താങ്‌ പീഠഭൂമിയിലാണ് പഷ്‌മീന ഷാളുകള്‍ക്കുള്ള നൂല്‍ തരുന്ന ചാങ്‌താങി ആടുകളുടെ (ഇവയെ പഷ്‌മീന ആടുകള്‍ എന്നും വിളിക്കാറുണ്ട്‌) ആവാസകേന്ദ്രം. ഇവിടത്തെ കാലാവസ്ഥയിലാണ് ഇവ ഏറ്റവും സുഖമായി ജീവിച്ചുപോന്നിരുന്നത്‌. ചാങ്‌താങ്ങിലെ ഇടയന്‍മാര്‍ക്കൊപ്പം ചില ദിവസങ്ങള്‍ ഫിജോയ്‌ ചെലവിട്ടിട്ടുണ്ട്‌. അവരുടെ ക്യാമ്പില്‍ ചെന്നപ്പോള്‍ അവര്‍ ആദ്യം സംശയിച്ചു, പിന്നീട് സഞ്ചാരി എന്നു മനസ്സിലാക്കി അടുത്തു.

ഫിജോയ് പറഞ്ഞു: ചാങ്‌താങി ആടുകള്‍ വളര്‍ത്തുന്നവര്‍ സാമ്പത്തികമായി അല്‍പം ഭേദപ്പെട്ട നിലയിലായിരിക്കും. ഈ ആടുകളുടെ കമ്പിളിരോമത്തിന് നല്ല വിലയുണ്ട്‌. പഷ്‌മീന ഷാളുകളുടെ അടിസ്ഥാന യൂനിറ്റ്‌ ഈ ആടുകളുടെ കമ്പിളി രോമമാണ്. പക്ഷേ, പുതിയ തലമുറക്ക്‌ ആടുവളര്‍ത്തലില്‍ താല്‍പര്യം കുറഞ്ഞു കുറഞ്ഞു വരുകയാണ്. അവര്‍ പുതിയ കാലത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നു. പണം കിട്ടിയാലും ഇടയജീവിതം മുഷിഞ്ഞതാണെന്നാണ്‌ അവരുടെ അഭിപ്രായം. നല്ല വസ്‌ത്രംപോലും ധരിക്കാന്‍ കഴിയില്ല, എപ്പോഴും മുഷിഞ്ഞ വസ്‌ത്രങ്ങളില്‍ കഴിയണം. ഇടയജോലി അങ്ങനെയുള്ളതാണെന്ന്‌ പുതുതലമുറ കരുതുന്നു.

ചാങ്‌താങി ആടുകളെ വളര്‍ത്തുന്നത്‌ അര്‍ധ നാടോടികളായ ചാങ്‌പകളാണ്. ഇവര്‍ പൂർണമായും നാടോടികളല്ല. മല​െഞ്ചരിവുകളില്‍ സ്ഥിരം വീടുണ്ടാകും. എന്നാല്‍ ആടുകളെ മേക്കാന്‍ ചാങ്‌താങ്‌ പീഠഭൂമിയുടെ പലയിടങ്ങളിലായി അലഞ്ഞുനടക്കുകയും ചെയ്യും. ആടുകള്‍ക്ക്‌ തീറ്റയും വെള്ളവും കിട്ടുന്ന സ്ഥലം നോക്കിപ്പോകുന്നതുകൊണ്ടാണ് ഇവര്‍ക്ക്‌ നാടോടിജീവിതം തെരഞ്ഞെടുക്കേണ്ടിവരുന്നത്. അറേബ്യന്‍ മരുഭൂമി യാത്രകളില്‍ ഞാന്‍ കണ്ട ബദു ഇടയന്‍മാരും ഇങ്ങനെ നാടോടികള്‍തന്നെ.

മുഹമ്മദ്‌ അസദിന്‍റെ വിഖ്യാത ഗ്രന്ഥം ‘മക്കയിലേക്കുള്ള പാത’യില്‍ ഒരു ബദു ഇടയന്‍ ഇങ്ങനെ പറയുന്നുണ്ട്‌: ഒഴുകുന്ന വെള്ളമാണ് ശുദ്ധമായത്‌. കെട്ടിക്കിടക്കുന്ന വെള്ളം പെട്ടെന്ന്‌ ചളികേറി അശുദ്ധമാകും. അതുപോലെ തന്നെയാണ് മനുഷ്യജീവിതം. ഒരേ സ്ഥലത്ത്‌ തന്നെ താമസിച്ചാല്‍ ചളി കെട്ടും. അലഞ്ഞു നടക്കുമ്പോള്‍ ജീവിതത്തിനും ഒഴുക്ക്‌ കിട്ടും: നാടോടികളായ ഇടയന്‍മാരുടെ ജീവിത ദര്‍ശനമാണ്‌ ഈ വാക്കുകളിലൂടെ തെളിഞ്ഞുവരുന്നത്.

ചാങ്താങ്ങിലെ പഷ്മീന ആട് (ഫയല്‍)

സാധാരണ ചെമ്മരിയാട്ടിന്‍പറ്റങ്ങളുമായി നീങ്ങുന്നവരെയും തമ്പടിച്ച് കഴിയുന്നവരെയും ലഡാക്കില്‍ മിക്കവാറും എല്ലായിടത്തും കാണാന്‍ കഴിയും. എന്നാല്‍, ചാങ്‌താങി ആടുകളെ എല്ലായിടത്തും കാണാന്‍ കിട്ടില്ല. ചാങ്താങ് പീഠഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. ഈ പീഠഭൂമിയിലെ കാലാവസ്ഥയിലാണ് ആടുകള്‍ നന്നായി വളരുക. മറ്റിടങ്ങളില്‍, പ്രത്യേകിച്ചും ചൂടു കൂടിയ സ്ഥലങ്ങളില്‍ അവക്ക്‌ ജീവിക്കുക പ്രയാസമാണ്. ചാങ്താങ്ങിലെ തണുപ്പിലാണ് ഇവയുടെ സുരക്ഷിത ജീവിതം (കാലാവസ്ഥാ വ്യതിയാനം മഞ്ഞുവീഴ്ചയെയും ചില സന്ദര്‍ഭങ്ങളില്‍ അഞ്ചിരട്ടി വരെയാക്കുന്നു. ഈ കൊടും തണുപ്പും അതിജീവിക്കുക എളുപ്പമല്ല).

നാടോടി ഇടയന്‍മാരുടെ ഏറ്റവും വലിയ പ്രശ്നം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാവില്ല എന്നതാണ്. സ്ഥിരമായി ഒരിടത്ത് തന്നെ നില്‍ക്കാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും. അതുകൊണ്ടുതന്നെ പുതിയ തലമുറ ആടുവളര്‍ത്തലുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. വിദ്യാഭ്യാസം നേടി മറ്റു ജോലികള്‍ നേടാനുള്ള ശ്രമത്തിലാണ് അവര്‍.

പലായനം ചെയ്യുന്ന ഇടയന്‍മാര്‍

ലഡാക്കില്‍ കാലാവസ്ഥാ വ്യതിയാനം ഇടയന്‍മാരെ ചാങ്താങ്ങില്‍നിന്നും പലായനം ചെയ്യാന്‍ നിർബന്ധിതരാക്കുന്നു. ചാങ്താങ്ങില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി മഞ്ഞുവീഴ്ച വളരെക്കൂടി. മുമ്പ്‌ മഞ്ഞുവീഴ്ചക്ക് കൃത്യമായ രീതികളുണ്ടായിരുന്നു. ഞാറ്റുവേലക്കാലത്തെ കേരളത്തിലെ മഴപോലെ. കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയുമായിരുന്നു. എന്നാലിപ്പോഴിത് പ്രവചനാതീതമാണ്. ചൂടും ഇങ്ങനെ തന്നെ.

ഹിമാനികള്‍ ക്രമാതീതമായി ഉരുകുംവിധം ചൂടുകൂടുന്നു. ഇക്കാരണംകൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌ ചാങ്‌താങ്‌ പോലുള്ള പ്രദേശങ്ങളിലേക്ക്‌ യാത്ര ചെയ്യാന്‍ കഴിയാതിരുന്നത്. ഹിമാനിയുരുക്കവും പാതകളിലെ നിയന്ത്രണമില്ലാത്ത വെള്ളക്കുത്തുമാണ് വേനല്‍ക്കാല ലഡാക് യാത്രയെ ദുഷ്‌കരമാക്കുന്നത്. പാതകള്‍ എപ്പോള്‍ വേണമെങ്കിലും അടച്ചിടാം, തിരിച്ചുവിടാം. ഇങ്ങനെ കാലാവസ്ഥ പ്രവചനാതീതമാകുമ്പോള്‍ ഇടയന്‍മാര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ആടുവളര്‍ത്തല്‍കൊണ്ട്‌ ജീവിതം അസാധ്യമാകുന്ന അവസ്ഥകള്‍ വന്നുചേരുന്നു.

കാലാവസ്ഥാ വ്യതിയാനം ഇവരെ അഭയാര്‍ഥികളാക്കുന്നു. ചാങ്‌താങി ആടുകളുടെ എണ്ണത്തിലും ഇതുമൂലം ഗണ്യമായ കുറവാണുണ്ടാകുന്നത്. ചാങ്പകളില്‍ പലരും, പ്രത്യേകിച്ചും പുതുതലമുറയില്‍പെട്ടവര്‍, മറ്റു ജോലികള്‍ തേടി ലേ പോലുള്ള നഗരങ്ങളിലേക്ക് കുടിയേറുകയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതിപ്രവര്‍ത്തകന്‍ സോനം വാങ്ചുക് ലഡാക്കില്‍നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. അദ്ദേഹത്തെ ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞു നിര്‍ത്തുകയാണല്ലോ ഉണ്ടായത്. ലഡാക്കിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ഥ്യം തൊട്ടറിയാന്‍ കഴിയും.

സോനം വാങ്ചുക് (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ഈ ഹിമാലയന്‍ ഭൂപ്രകൃതി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരയായിട്ട് കുറച്ചു വര്‍ഷങ്ങളായി. ചാങ്പകളിലെ പ്രായമുള്ളവര്‍ തങ്ങളുടെ ആടുകളെ എന്തു വിലകൊടുത്തും സംരക്ഷിക്കണം എന്ന ആശയക്കാരാണ്. എന്നാല്‍, ചെറുപ്പക്കാര്‍ ഗ്രാമങ്ങള്‍ വിട്ടുപോകുന്നത് തുടരുകതന്നെയാണ്. മുതിര്‍ന്നവരെ സംബന്ധിച്ച്‌ ഈ കുടിയേറ്റം മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയുന്നതുമല്ല. ഈ സംഘര്‍ഷങ്ങള്‍കൂടി ഇന്ന്‌ ലഡാക് പൈതൃകഗ്രാമങ്ങളിലുണ്ട്‌. ചെറുപ്പക്കാരുടെ കുടിയേറ്റങ്ങള്‍ ചിലപ്പോഴെല്ലാം ഒളിച്ചോട്ടങ്ങള്‍പോലുമാവുന്നതായി ഗ്രാമങ്ങളിലെ മുതിര്‍ന്നവര്‍ പറയുന്നു.

രണ്ടു പ്രശ്‌നങ്ങള്‍ ചാങ്താങ്ങിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പുണ്ടാകാത്ത തരത്തിലുള്ള മഞ്ഞുവീഴ്ച പലപ്പോഴും പച്ചപ്പുല്ല് നിറഞ്ഞ മേച്ചില്‍പുറങ്ങളെ വിഴുങ്ങുന്നു. വീണ്ടും പുല്ല്‌ കിളിര്‍ത്തുവരാന്‍ പതിവിലും കൂടുതല്‍ സമയം വേണ്ടിവരുന്നു. അതോടെ ആടുകള്‍ക്കുള്ള തീറ്റ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. ചൂടു കൂടുമ്പോള്‍ സ്വാഭാവികമായും അരുവികളിലെ ജലനിരപ്പും താഴുന്നു.

അതോടെ ആടുകള്‍ക്കുള്ള കുടിവെള്ളവും കുറയുന്നു. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന കൊടും ശൈത്യവും വേനലും ഇവിടെയുള്ള ആട്ടിടയ സമൂഹത്തെ ശരിക്കും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. ഇതോടൊപ്പം മറ്റൊന്ന് കൂടി സംഭവിക്കുന്നു.

ആടുകളുടെ കമ്പിളിരോമം ലഭിക്കുന്നത് കുറഞ്ഞാല്‍ അത് പഷ്‌മീന ഷാള്‍ നിർമാണത്തെയും ബാധിക്കുന്നു. ഷാളുകള്‍ കശ്മീരിലാണ് പ്രധാനമായും നെയ്യുന്നത്. സ്ത്രീകളും പുരുഷന്‍മാരും വീടുകളിലിരുന്നാണ് ഷാളുകള്‍ നെയ്യുന്നത്. പിന്നീടത് സഹകരണ സംഘങ്ങള്‍ വഴി വിപണിയിലെത്തുകയാണ്. ഷാള്‍ നിർമാണ മേഖലയെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നു. ലഡാക് ‌-കശ്മീര്‍ ജീവിതത്തില്‍ ഈ പ്രതിസന്ധി കൃത്യമായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.

ചാങ്‌താങി ആടുകളെ നിലനിര്‍ത്താന്‍ അവയെ വളര്‍ത്താന്‍ തയാറുള്ളവര്‍ക്ക്‌ 20 ആടുകളെ വീതം സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്‌. പക്ഷേ, കാലാവസ്ഥയെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനാകില്ലല്ലോ– വഴിയരികില്‍ ഒരു ഇടയനുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ലഡാക്കിലെ അടിത്തട്ട്‌ ജനത, കര്‍ഷകസമൂഹം കാലാവസ്ഥാ വ്യതിയാനത്തില്‍ പകച്ചുനില്‍ക്കുകയാണെന്ന്‌ യാത്രക്കിടയില്‍ പലയിടങ്ങളില്‍നിന്നുള്ള അനുഭവങ്ങളില്‍നിന്നും മനസ്സിലായി.

ലേയിലെ പഷ്മീന ഷാളുകള്‍ വില്‍ക്കുന്ന കടയിലുള്ളവരുമായി സംസാരിക്കുമ്പോഴും ഇതേ പ്രതിസന്ധിയെക്കുറിച്ചുള്ള ചിത്രങ്ങള്‍ തന്നെയാണ് ലഭിച്ചത്. ആടുകളുടെ കമ്പിളിരോമം ഉപയോഗിച്ചാണ് നൂല്‍ ഉണ്ടാക്കുന്നത്. ആടുകള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്താല്‍ വിഖ്യാതമായ പഷ്മീന ഷാളുകളും ഇല്ലാതാകും. എത്രയോ കാലങ്ങളായി ലഡാക്കിലും കശ്മീരിലുമുള്ള ഒരു പാരമ്പര്യംതന്നെ അതോടെ ഇല്ലാതാകും –കടക്കാരന്‍ പറഞ്ഞു. ഒരു വലിയ കാറ്റില്‍ ഒരു താഴ്വാരംതന്നെ പറന്നുപോകുന്ന പ്രതീതിയാണ് അയാളുടെ സംസാരത്തില്‍നിന്നും മനസ്സിലേക്ക് കയറിവന്നത്.

യോഗേന്ദ്ര യാദവ്

ലഡാക്കില്‍നിന്ന് ശേഖരിച്ച ആട്ടിന്‍രോമങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ എത്തിക്കുന്നു. അവിടെവെച്ചാണ് ഇതില്‍നിന്നും നൂലുണ്ടാക്കുന്നത്. തുടര്‍ന്ന് കാട്ടുമരത്തില്‍ നിർമിച്ച കൈത്തറിയിലാണ് ഷാളുകള്‍ രൂപപ്പെടുന്നത്. കടക്കാരനില്‍നിന്നും ഇത്തരം കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കെ, ആട്ടിന്‍രോമം ശേഖരിക്കുന്നതിനെക്കുറിച്ച് ബെന്യാമിന്‍റെ ‘ആടുജീവിത’ത്തില്‍ പറയുന്ന കാര്യങ്ങള്‍ ഓർമയിലേക്കു വന്നു:

തണുപ്പുകാലം അവസാനിക്കാറായപ്പോഴേക്കും ഒരുദിവസം ചെമ്മരിയാടുകളുടെ വളര്‍ച്ച മുറ്റിയ രോമം കത്രിക്കാന്‍ ആളുകള്‍ വന്നു. അവര്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ട് സുഡാനികള്‍. മുഖം നിറച്ചു പുഞ്ചിരിയുള്ള രണ്ടു പേര്‍. ഏറെക്കാലത്തിനു ശേഷം രണ്ടു മനുഷ്യരെ കണ്ട സന്തോഷത്താല്‍ ഞാന്‍ അവര്‍ക്കു ചുറ്റും നായക്കുട്ടിയെപ്പോലെ പറ്റിക്കൂടി. പക്ഷേ, അവര്‍ക്ക് ഞാന്‍ പറയുന്നത് അധികമൊന്നും മനസ്സിലായില്ല. അവര്‍ പറയുന്നത് എനിക്കും. ഞാന്‍ ഓരോന്ന് പറയുമ്പോഴും ഉണ്ടായ മനസ്സിലാകായ്മയെ അവര്‍ വലിയ ചിരികൊണ്ടു നേരിട്ടു.

രോമം കത്രിക്കാനുള്ള ഒരു ഇലക്ട്രിക് മെഷീനും അതു പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ജനറേറ്ററുമായാണ് അപ്രാവശ്യം അവര്‍ വന്നത്, അത്രയും കാലം കൈ കത്രികയായിരുന്നുവത്രേ അവര്‍ ഉപയോഗിച്ചിരുന്നത്. ജനറേറ്ററും മെഷീനും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ അര്‍ബാബ് ജിന്നിനെക്കണ്ടതുപോലെ തുള്ളാന്‍ തുടങ്ങി. ആ മെഷീനിന്‍റെ കറന്‍റടിച്ച് എന്‍റെ ആടുകള്‍ ചാവുമെന്നായിരുന്നു അര്‍ബാബിന്‍റെ ആദ്യത്തെ പേടി. അങ്ങനെയൊന്നും കറന്‍റടിക്കുന്ന മെഷീനല്ല അതെന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ആ പാവങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു.

ആ മെഷീനല്ല, എടുക്കാവുന്നതിലധികം രോമം കത്രിച്ചെടുക്കുമെന്നും അങ്ങനെ തന്‍റെ ആടുകള്‍ വരാന്‍പോകുന്ന ചൂടുകാലത്ത് പൊള്ളിച്ചാകുമെന്നും അങ്ങനെ കത്രിച്ച ആടുകളെ ആരും ചന്തയില്‍ വാങ്ങില്ലെന്നുമായിരുന്നു അര്‍ബാബിന്‍റെ രണ്ടാമത്തെ പേടി. എന്നാല്‍, ഒരു ക്രമത്തിലധികം രോമങ്ങള്‍ കത്രിച്ചു പോകാത്ത വിധത്തിലാണ് ആ മെഷീൻ സജ്ജീകരിച്ചിരിക്കുന്നതെന്ന് അവര്‍ ഒരാടില്‍ പരീക്ഷണം നടത്തിക്കാണിച്ച ശേഷമാണ് അര്‍ബാബ്, അര്‍ധമനസ്സോടെയാണെങ്കിലും പണി തുടരാന്‍ സമ്മതിച്ചത്.

രോമം കത്രിക്കാന്‍ പാകത്തില്‍ ആടുകളെ പിടിച്ചുകൊടുക്കുക എന്‍റെ പണിയായിരുന്നു. രണ്ടാം ദിവസം ഉച്ചതിരിഞ്ഞതോടെ ആടുകളെല്ലാം മുടിവെട്ടി കുട്ടപ്പന്‍മാരും കുട്ടപ്പികളുമായി. വൈകുന്നേരമാകുമ്പോഴേക്കും രോമങ്ങളെല്ലാം ചാക്കില്‍ വാരിക്കെട്ടി പിക്കപ്പിലാക്കി അവര്‍ മടങ്ങി: ഈ രംഗം ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയിലുമുണ്ട്‌.

ചാങ്താങി ആടുകളുടെ രോമമെടുക്കുന്നത് യന്ത്രങ്ങള്‍ ഉപയോഗിച്ചല്ല. ചീകല്‍ എന്നാണ് ഇതിനു പറയുക. ഇരുമ്പിന്‍റെ ഒരു പ്രത്യേകതരം ‘ചീര്‍പ്പുകൊണ്ട്‌’ ചീകുന്നു, അതിലൂടെ രോമങ്ങള്‍ കത്രിച്ചെടുക്കുന്നു. ചാങ്‌താങി ആടുകള്‍ക്ക്‌ തണുപ്പുകാലത്താണ് തങ്ങളുടെ ശരീരത്തിന് സംരക്ഷണം നല്‍കാനുള്ള കൂടുതല്‍ രോമങ്ങള്‍ വളരുന്നത്. അത്‌ കത്രിച്ചെടുത്ത് കഴിയുമ്പോള്‍ സാധാരണ രോമം ആടിന്‍റെ ശരീരത്തില്‍ ഉണ്ടാകും. അത്‌ മറ്റൊരു ആവരണകവചമായി നിലനില്‍ക്കും. മഞ്ഞുകാലം വരുമ്പോള്‍ ഇവക്ക് വീണ്ടും രോമം വളരെക്കൂടുതലായി വളരും. അത്‌ പിന്നെയും മുറിച്ചെടുത്ത് പഷ്മീന ഷാളുണ്ടാക്കാനുള്ള കമ്പിളിനൂലാക്കി മാറ്റും.

ബ്ലെസി സംവിധാനംചെയ്ത ‘ആടുജീവിതം’ സിനിമക്കായി ചെമ്മരിയാടിന്റെ കമ്പിളിരോമം ശേഖരിക്കുന്ന രംഗം ചിത്രീകരിക്കുന്നു (ഫോട്ടോ: വിഷ്വൽ റൊമാൻസ്)

ലഡാക്കിലും കശ്മീരിലും തനത് സമ്പദ്ഘടനയില്‍ പഷ്മീന ഷാള്‍ നിർമാണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ ഇതുകൊണ്ട്‌ ജീവിക്കുന്നു. ആടിനെ വളര്‍ത്തുന്നവര്‍ മുതല്‍ നെയ്‌ത്തുകാരും കച്ചവടക്കാരുമുള്‍പ്പെടെയുള്ള വലിയൊരു ശൃംഖലതന്നെ ഇതുകൊണ്ടാണ് ജീവിക്കുന്നത്. പഷ്മീന എന്നാല്‍, മൃദുസ്വര്‍ണം എന്നാണര്‍ഥം.

ആ വാക്ക്‌ തന്നെ ഈ ആടുകളുടെയും അവയില്‍നിന്നുള്ള കമ്പിളിനൂലിന്റെയും സാമ്പത്തിക പ്രാധാന്യം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം ഈ ശൃംഖലയിലുള്ള ഓരോരുത്തരും അനുഭവിക്കേണ്ടിവരും എന്നര്‍ഥം. പ്രാദേശിക വിപണിയില്‍ മാത്രമല്ല, ലോക വസ്ത്രമാര്‍ക്കറ്റില്‍തന്നെ മികച്ച സ്ഥാനമുള്ള ഈ ഷാളുകളുടെ നിർമാണ മേഖല ഇത്തരത്തിലുള്ള പ്രതിസന്ധിയെക്കൂടി നേരിട്ടുകൊണ്ടിരിക്കുന്നു.

ഒരു കിലോ പഷ്‌മീന ആട്ടിന്‍ കമ്പിളിരോമത്തിന് നാലായിരം രൂപ വരെ വിലയുണ്ട്‌. ഇത്‌ നൂലാക്കി വില്‍ക്കുന്നത് കിലോക്ക്‌ 20,000 രൂപക്കാണ്. ഒരു കിലോ ആട്ടിന്‍ രോമത്തില്‍നിന്നും കാല്‍കിലോ വൂള്‍ ആണ്‌ കിട്ടുക. ഒരു പഷ്‌മീന ഷാളില്‍ 200 ഗ്രാം നൂലാണുപയോഗിക്കുക. വില്‍ക്കുന്നത് 10,000-12,000 രൂപക്കും. ഈ കണക്കുകള്‍ പഷ്മീന ആടുകളുടെയും ഷാള്‍ ബിസിനസിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്നു.

ചാങ്‌താങ്‌ ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ്. ആക്ചല്‍ ലൈന്‍ ഓഫ്‌ കണ്‍ട്രോളിനോട്‌ ചേര്‍ന്നു കിടക്കുന്ന സ്ഥലം. ഒരിക്കല്‍ തങ്ങള്‍ ആടുകളെ മേച്ച സ്ഥലങ്ങള്‍ ഇപ്പോള്‍ ചൈനയിലായിരിക്കുന്നുവെന്ന്‌ ഇവിടെയുള്ളവര്‍ പറഞ്ഞിരുന്നു. ആടുകള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ കുറഞ്ഞുവരുന്നതിന്‍റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതിപ്രവര്‍ത്തകന്‍ സോനം വാങ്‌ ചുക് പഷ്മീന മാര്‍ച്ച്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം അതിര്‍ത്തി പ്രശ്‌നവും വാങ്‌ചുക് ഉയര്‍ത്തിക്കാട്ടി. ഈ വര്‍ഷം ജനുവരിയില്‍ അതിര്‍ത്തിയില്‍ ആടുകളെ മേക്കാന്‍ പോയ ഇടയന്‍മാരെ ചൈനീസ് സൈന്യം തടഞ്ഞു. അത്‌ സംഘര്‍ഷമുണ്ടാക്കി. ഇതിന്‍റെ വിഡിയോയും ആ സമയത്ത്‌ പുറത്തുവന്നിരുന്നു. ഇന്ത്യ ചൈനയില്‍നിന്നും തിരിച്ചുപിടിച്ച ഗാല്‍വാനിലാണ് സംഘര്‍ഷമുണ്ടായത്. ആടുകളുമായി എത്തിയ ഒരുപറ്റം ഇടയന്‍മാരെ തങ്ങള്‍ ചൈനീസ്‌ സൈനികരാണെന്ന്‌ പറഞ്ഞ്‌ തടയുകയും ആക്രമിക്കുകയുമായിരുന്നു. ഗാല്‍വന്‍ ചൈനയുടേതാണെന്ന വാദവും സൈനികര്‍ ഉന്നയിച്ചു. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ വാങ്ചുക് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പിന്നീട് സോനം വാങ്‌ചുക് പഷ്മീന മാര്‍ച്ചില്‍നിന്നും പിന്‍വാങ്ങി. ഡല്‍ഹി മാര്‍ച്ചില്‍ കേന്ദ്രീകരിച്ചു. വാങ്‌ചുക്കിന്‍റെ ഡല്‍ഹി മാര്‍ച്ച്‌ ലഡാക്കിന്‍റെ സംസ്ഥാനം എന്ന നിലക്കുള്ള ഭരണാധികാരം തങ്ങള്‍ക്ക് ലഭിക്കണമെന്നാവശ്യപ്പെടുന്നു. അതോടൊപ്പം ലഡാക് നേരിടുന്ന പാരിസ്ഥിതിക-കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നയവും അദ്ദേഹം ആവശ്യപ്പെടുന്നു. വാങ്‌ചുക് ഉയര്‍ത്തുന്ന സംവാദത്തിന്‍റെ കേന്ദ്ര പ്രമേയങ്ങളിലൊന്ന്‌ പഷ്‌മീന ആടുകളും പഷ്‌മീന ഷാളുകളുംകൂടിയാണ്.

ഈ പശ്ചാത്തലത്തിലാണ് പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്‌ കേന്ദ്രസര്‍ക്കാര്‍ ഹിമാലയത്തിന്‍റെ ശബ്‌ദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസില്‍ വിശദമായ ഒരു ലേഖനം അടുത്ത ദിവസം എഴുതിയത്‌. ഇതിനു മുമ്പ് രാജ്യം ‘ഹിമാലയന്‍ പോളിസി’ ചര്‍ച്ചചെയ്‌തത് ചൈനയുമായുള്ള യുദ്ധവേളയിലും അതിര്‍ത്തി തര്‍ക്ക സമയങ്ങളിലുമാണ്. പക്ഷേ, ഇന്ന്‌ വാങ്‌ചുക്കിന്‍റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട്‌ ഹിമാലയന്‍ നയം ഉണ്ടാകേണ്ടത്‌ അനിവാര്യമാണെന്നും യോഗേന്ദ്ര യാദവ്‌ പറഞ്ഞിരുന്നു. ഹിമാലയന്‍ നയത്തില്‍ വരേണ്ട ആടുജീവിതം എന്ന നിലയിലാണ് ലഡാക്കില്‍ പഷ്‌മീന ആടുകളും ഉയര്‍ന്നുവരുന്നത്.

ഈ യാത്രയില്‍ ഒരു പഷ്‌മീന ആടിനെ ആര്യന്‍വാലിയിലെ ഖാര്‍കോണ്‍ ഗ്രാമത്തില്‍ ഞങ്ങള്‍ കണ്ടിരുന്നു. അവിടെയുള്ള ഹിമാലയന്‍ ആര്യന്‍ ലഡാക് മ്യൂസിയം കണ്ടിറങ്ങുമ്പോള്‍ അസാധാരണമായ ആട്ടിന്‍ചൂര് ആ പ്രദേശത്തുണ്ടായിരുന്നു. ഞങ്ങള്‍ പടികളിറങ്ങി താഴെ റോഡിലെത്തി. അവിടെയുള്ള ഗവണ്‍മെന്‍റ് പ്രൈമറി സ്കൂളിനടുത്തെത്തിയപ്പോള്‍ ചൂര് കൂടുതല്‍ ശക്തമായി. അപ്പോഴാണ് സ്കൂളിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലെ ആട്ടിന്‍കൂട്ടിൽ പഷ്മീന ആടിനെ കണ്ടത്. ശരീരം മുഴുവന്‍ രോമങ്ങളാല്‍ മൂടിയ നിലയിലായിരുന്നു ആട്‌.

പക്ഷേ, ചാങ്താങ്‌ മേഖലയില്‍ മാത്രം കണ്ടുവരുന്ന ഈ ആട് ആര്യന്‍ വാലിയില്‍ എത്തിയത് എങ്ങനെയെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു. ഒരാടിനെ കൊണ്ടുവന്ന് ഖാര്‍കോണില്‍ വളര്‍ത്തി നോക്കാം എന്ന് കരുതിയായിരിക്കാം. അല്ലെങ്കില്‍ ചാങ്താങ്ങില്‍നിന്നുള്ള പലായനത്തില്‍ ആടിനെയും കൊണ്ടുപോന്നതാകുമോ? അതിനെക്കുറിച്ച് ചോദിച്ചറിയാന്‍ ആ വീട്ടിലോ പരിസരത്തോ ആരുമുണ്ടായിരുന്നില്ല.

ചെന്നായയും ആടുകളും

ലഡാക്കിലെ ആട്ടിടയന്‍മാര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ഒരു നാടോടിക്കഥ ഒരു രാത്രി കേള്‍ക്കാന്‍ ഇടയായി. ഒരു ചെന്നായയും മൂന്ന് പെണ്ണാടുകളും കഥാപാത്രങ്ങളായ കഥ ഇങ്ങനെയാണ്: ഒരു ഒറ്റപ്പെട്ട ചെന്നായ ആദ്യത്തെ ആടിനെ കണ്ടുമുട്ടുകയും അവളോട്‌ ചോദിക്കുകയുംചെയ്യുന്നു, നിന്‍റെ തലക്ക് മുകളില്‍ എന്താണ്? ഇവ എന്‍റെ കൊമ്പുകളാണ്, ആടിന്‍റെ ഉത്തരം. ചെന്നായ രണ്ടാമത്തെ ചോദ്യം ചോദിച്ചു. എന്താണ് നിന്‍റെ ശരീരം മൂടുന്നത്? എന്‍റെ കമ്പിളിരോമം. ചെന്നായ മൂന്നാം ചോദ്യത്തിലേക്ക്‌ കടന്നു. നിന്‍റെ കാലില്‍ എന്താണ്? ആട്‌ ഉത്തരം പറഞ്ഞു. കുളമ്പുകള്‍.

ഉത്തരങ്ങളില്‍ തൃപ്തനാകാതെ ചെന്നായ ആടിനെ തിന്നു. ചെന്നായ രണ്ടാമത്തെ ആടിലേക്ക് നീങ്ങി. രണ്ടാമത്തെ ആടിനും ആദ്യത്തേതിന്‍റെ വിധിയായിരുന്നു. ഒടുവില്‍ ചെന്നായ മൂന്നാമത്തെ ആടിനെ സമീപിച്ചു. ചോദ്യങ്ങള്‍ തുടങ്ങി. ആദ്യത്തേത്, നിന്‍റെ തലക്ക് മുകളില്‍ എന്താണ്? മറുപടി ഇങ്ങനെ: നിന്നെ കൊല്ലാന്‍ ഒരു കത്തി: രണ്ടാം ചോദ്യം, എന്താണ് നിന്‍റെ ശരീരത്തെ മൂടുന്നത്? മറുപടി –നിന്നെ കെട്ടാന്‍ ഒരു കയര്‍– അവസാന ചോദ്യം, നിന്‍റെ പാദങ്ങളെന്താണ് മൂടുന്നത്? മറുപടി: നിന്നെ ചവിട്ടാന്‍ എന്‍റെ കുളമ്പുകള്‍: തുടര്‍ന്ന്‌ ആട്‌ ചെന്നായയെ തന്‍റെ കൊമ്പുകള്‍കൊണ്ട്‌ തുളച്ചു. കമ്പിളിരോമംകൊണ്ട്‌ ബന്ധിച്ചു. കുളമ്പുകൊണ്ട് ചവിട്ടി താഴെ ഇടുകയുംചെയ്‌തു. ചെന്നായക്ക്‌ ഒടുവില്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നു.

ആണധികാരത്തെ ചോദ്യംചെയ്യുന്ന ഈ നാടോടിക്കഥ ലഡാക്കിലിപ്പോള്‍ മറ്റു രാഷ്ട്രീയാര്‍ഥങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. മനുഷ്യ-രാഷ്ട്ര നിർമിതമായ കാലാവസ്ഥാ വ്യതിയാനത്തിലേക്കും ഹിമാലയന്‍ നയത്തിലേക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലഡാക്കിലെ പൈതൃക സമൂഹങ്ങള്‍ ഇത്തരം നാടോടിക്കഥകളിലൂടെ. ബുദ്ധന്‍റെ ജാതക കഥകളുടെ പാരമ്പര്യത്തില്‍നിന്നായിരിക്കണം ഇത്തരം കഥകളുടെ പിറവി.

ലേയില്‍ ബി.ജെ.പിയുടെ സംസ്ഥാന ഓഫിസ് ആസ്ഥാന മന്ദിരം വലുതാണ്. അവിടെ നേതാക്കന്‍മാരും പ്രവര്‍ത്തകരും കയറിയിറങ്ങുന്നത് പുറത്തുനിന്നു നോക്കിയാല്‍ കാണാം. അവര്‍ വാങ്‌ചുക്കും ലഡാക് ജനതയും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകുമോ? അതോ അവരിതും ചവിട്ടിത്തേക്കുമോ?

(തുടരും)

Show More expand_more
News Summary - weekly yathra