ആത്മാവ് ചേക്കേറിയ ബ്ലാക്ക് ബാനര്‍
‘‘ഇതുവരെ കൈകാണിച്ചു വണ്ടി നിര്‍ത്തി യാത്ര ചെയ്തിട്ടില്ല. മൂന്നുപേര്ക്കൊക്കെ ലിഫ്റ്റ് കിട്ടുക എളുപ്പമാണെന്ന് തോന്നിയില്ല. ബ്രൂണോയും യാസും യാത്ര തുടരുന്നില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. അവര്‍ കൂടി ഇല്ലാതെ അനാറിനൊപ്പം യാത്രചെയ്യാന്‍ എനിക്ക് ധൈര്യമില്ല. ഉത്കണ്ഠയുടെ മുള്‍മുനയില്‍ കുറച്ചു നിമിഷങ്ങള്‍ പോയി. അവസാനം പുതിയ കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ ഞാന്‍ തീരുമാനിച്ചു’’ –മംഗോളിയ യാത്ര തുടരുന്നു.
നഗരത്തിലെ പ്രധാന ചത്വരമായ സുഖ്ബതാര്‍ സ്ക്വയറിലേക്ക് മറ്റൊരു ടാക്സിയില്‍ പോയി. ഞായറാഴ്ച ആയിരുന്നിട്ടുകൂടി നിരത്തുകളില്‍ നല്ല തിരക്കുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള ഇടങ്ങളിലൊന്നാണ് തലസ്ഥാനമായ ഉലാന്‍ ബാത്തര്‍. മംഗോളിയയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം ന്യൂമോണിയയാണ്. തലസ്ഥാനമായ ഉലന്‍ ബാത്തറില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശ്വാസകോശ സംബന്ധമായ അണുബാധ 270 ശതമാനം എന്ന തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
നഗരത്തില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ 40 ശതമാനം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറവാണെന്നാണ് യൂനിസെഫ് പറയുന്നത്. വണ്ടികളുടെ തിരക്ക് കുറയ്ക്കാനായി നിയന്ത്രണം വെച്ചിട്ടുണ്ട്. ഉദാഹരണത്തിന് തിങ്കളാഴ്ച ദിവസം ഒന്നിലും, ആറിലും അവസാനിക്കുന്ന വണ്ടി നമ്പര്‍ ഉള്ളവര്‍ക്ക് പട്ടണത്തില്‍ വരാന്‍ അനുവാദമില്ല. ഉലാന്‍ ബാത്തര്‍ എന്ന പദത്തിന്റെ അര്‍ഥം റെഡ് ഹീറോ എന്നാണ്. അന്തരീക്ഷ മലിനീകരണം കാരണം പത്രക്കാര് പലപ്പോഴും ബ്ലാക്ക് ഹീറോ അഥവാ ഖര്ബാതര് എന്നാണ് നഗരത്തെ വിശേഷിപ്പിക്കുക.
വായു മലിനീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം വിറകടുപ്പ് കത്തിക്കുന്നതാണ്. പട്ടണത്തിനു ചുറ്റുമായി നാടോടികള്‍ കൂടാരങ്ങളില്‍ തങ്ങളുടെ മൃഗങ്ങളുമായി താമസിക്കുന്നുണ്ട്. അവരുടെ മുഴുവന്‍ മൃഗങ്ങളും ഇല്ലാതാകുമ്പോഴാണ് നാടോടികള്‍ ജോലി തേടി നഗരത്തിലേക്ക് ചേക്കേറുന്നത്. 2010ല്‍ കനത്ത മഞ്ഞില്‍ പശുക്കളും ആടുകളും യാക്കുകളും ഉള്‍പ്പെടെ ഏകദേശം 10 ദശലക്ഷം മൃഗങ്ങള്‍ ചത്തു.
സുഡ് അഥവാ വെളുത്ത മരണം എന്നാണ് മഞ്ഞുകാലത്തെ പ്രകൃതിദുരന്തത്തെ വിശേഷിപ്പിക്കുന്നത്. ശക്തമായ കാറ്റും തുടര്‍ച്ചയായ മഞ്ഞു വീഴ്ചയും കാരണം മൃഗങ്ങള്‍ക്ക് മേയാന്‍ പറ്റാതെ വരുമ്പോഴാണ് അവ ചത്തുവീഴുന്നത്. നാടോടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിന്റെയും വരുമാനത്തിന്റെയും പ്രധാന സ്രോതസ്സ് മൃഗങ്ങളാണ്. അതില്ലാതാകുമ്പോള്‍ നഗരത്തിലേക്ക് എത്താതെ വേറെ നിവൃത്തിയില്ല. ഓരോ വര്‍ഷവും 40,000 പേര് എത്തുന്നുവെന്നാണ് കണക്ക്.
അവധി ദിവസമായിട്ടും ചത്വരത്തില്‍ അധികം ആളുകളില്ലായിരുന്നു. ഒരുപക്ഷേ വേനല്കാലമായതുകൂടി കൊണ്ടാകണം. അടുത്തുള്ള റോഡിലൂടെ ആളുകള്‍ കുതിരപ്പുറത്തുപോകുന്നത് കണ്ടു. ചത്വരത്തിനു നടുവിലായി കുതിരപ്പുറത്തിരിക്കുന്ന സുഖ്ബതാറിന്റെ പ്രതിമ ശ്രദ്ധിച്ചു. ചെങ്കിസ് കഴിഞ്ഞാല്‍ മംഗോളിയക്കാര്‍ ഏറ്റവും ആരാധിക്കുന്ന വ്യക്തിത്വമാണ് സുഖ്ബതാര്‍. അദ്ദേഹമാണ് 1920ല്‍ മംഗോളിയന്‍ പീപ്ള്‍സ് പാര്‍ട്ടി സ്ഥാപിച്ചത്.
അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്, സോവിയറ്റ് റെഡ് ആര്‍മിയുടെ സഹായത്താല്‍ റഷ്യന്‍ വൈറ്റ് ഗാര്‍ഡിനെ പുറത്താക്കി മംഗോളിയന്‍ പീപ്ള്‍സ് റിപ്പബ്ലിക് എന്ന സ്വതന്ത്ര രാജ്യം 1924ൽ നിലവില്‍ വന്നത്. പണ്ട് ചത്വരത്തില്‍ സുഖ്ബതാറിന്റെ സ്മാരക കുടീരമുണ്ടായിരുന്നു. നഗര വികസനത്തിന്റെ പേരില്‍ അതവിടുന്നു മാറ്റപ്പെട്ടു. 2013ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം പിടിച്ചെടുത്തപ്പോള്‍ ചത്വരത്തിന്റെ പേര് ചെങ്കിസ് ഖാന് സ്ക്വയര്‍ എന്നാക്കിയിരുന്നു.
സുഖ്ബതാര്‍ കമ്യൂണിസ്റ്റ് നേതാവായതുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍, 2016ല്‍ മംഗോളിയന്‍ പീപ്ള്‍സ് പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോള്‍ പഴയ പേര് തിരിച്ചുനല്‍കി. നമ്മുടെ നാട്ടിലും ഈ പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ടല്ലോ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല നഗരങ്ങളുടെയും പേര് ഇതിനകം മാറ്റിക്കഴിഞ്ഞിരിക്കുന്നു.
സുഖ്ബതാറിന്റെ മുസോളിയം പൊളിച്ചുനീക്കിയ സ്ഥലത്താണ് ഗവണ്മെന്റ് പാലസ് എന്ന കെട്ടിടം പണിതിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകള്‍ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ മുന്നിലുള്ള ഗോവണി വരെ പൊതുജനങ്ങള്‍ക്ക് പോകാമെന്നുള്ളത് അത്ഭുതപ്പെടുത്തി. ആ കെട്ടിടത്തിന്റെ വരാന്തയില്‍ ചെങ്കിസ്ഖാന്റെ കറുപ്പ് ഗ്രാനൈറ്റിലുള്ള വലിയൊരു പ്രതിമ കണ്ടു. കസേരയില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ. അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി യാതൊരു ചേര്‍ച്ചയുമില്ലാത്ത പ്രതിമ.
കുതിരപ്പട നയിക്കുന്നതില്‍ പ്രാഗല്ഭ്യം കാണിച്ച ചെങ്കിസ്ഖാനെ ‘ഇരുത്തി’ക്കളഞ്ഞത് മോശമായിപ്പോയി എന്ന് തോന്നി. ചെങ്കിസ്ഖാനെ മംഗോളിയയുടെ രാജാവായി പ്രഖ്യാപിച്ചതിന്റെ എണ്ണൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അത് സ്ഥാപിച്ചത്. പ്രതിമയുടെ ഇരുവശങ്ങളിലുമായി ഒഗോടി ഖാനിന്റെയും കുബ്ലെയ് ഖാനിന്റെയും പ്രതിമകളുണ്ട്. ചെങ്കിസിന്റെ മരണശേഷം ഒഗോഡിയെയാണ് രാജാവായി വാഴിച്ചത്. തന്റെ അച്ഛന് നിര്‍ത്തിയിടത്തുനിന്ന് ഒഗോടി പടനയിച്ചു. കൂടുതല്‍ രാജ്യങ്ങളെ മംഗോളിയന്‍ പതാകയുടെ കീഴില്‍ കൊണ്ടുവന്നു. ചെങ്കിസിന്റെ കൊച്ചുമകനായ കുബ്ലെയ് ഖാനാണ് ചൈനയിലെ യുവാന്‍ രാജവംശത്തിനു തുടക്കംകുറിച്ചത്.
ആ സമയം ഒരു കല്യാണ പാര്‍ട്ടി അവിടെയെത്തി. നവജോടികളുടെ ഫോട്ടോ സെഷന് കണ്ടു കുറച്ചുനേരം അവിടെ നിന്നു. പരമ്പരാഗത വേഷമായ ഡെല്‍ ആയിരുന്നു ഇരുവരും ധരിച്ചത്. നീളമുള്ള ഒരുതരം ഓവര്‍കോട്ടാണ് ഡെല്‍. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലത്തെ വേഷമാണ്. പുരുഷന്മാര് തുണിയുടെ ബെല്‍റ്റ് കൂടി കെട്ടുമെന്ന വ്യത്യാസം മാത്രം. ചെറുക്കന്റെ അമ്മക്കും അച്ഛനുമൊപ്പം നിന്ന് ഞാന്‍ ഫോട്ടോ എടുത്തു.
അവിടെ അടുത്ത് തന്നെയുള്ള നാഷനല്‍ മ്യൂസിയത്തിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. അവിടെ വെച്ചാണ് ബ്രൂണോയുടെ ‘ആളുകളെ കുപ്പിയിലാക്കാനുള്ള’ സ്കില്‍ മനസ്സിലാക്കിയത്. അവിടെ ടിക്കറ്റ് കൊടുക്കാനിരുന്നിടത്തെ സ്ത്രീ അൽപം കര്‍ക്കശക്കാരിയായിരുന്നു.
ബ്രൂണോ അവരോടു ചിരിച്ചുകൊണ്ട്, വയസ്സന്മാര്ക്ക് ഡിസ്കൗണ്ട് ഉണ്ടോ, എന്ന് ചോദിച്ചു. കുട്ടികള്‍ക്ക് മാത്രമേ സൗജന്യമുള്ളൂ എന്നവര്‍ മറുപടി പറഞ്ഞു. എനിക്കിപ്പോഴും കുട്ടികളുടെ മാനസിക വളര്‍ച്ചയേ ഉള്ളൂ എന്ന് പറഞ്ഞു ബ്രൂണോ അവരെ കൊഞ്ഞനം കുത്തി കാണിച്ചു. അതോടെ അവര്‍ ഗൗരവം വിട്ട് ചിരിക്കാന്‍ തുടങ്ങി. എനിക്കും ബ്രൂണോക്കും അവര്‍ സ്റ്റുഡന്റ് പാസ് തന്നു. പകുതി പൈസയേ കൊടുക്കേണ്ടിവന്നുള്ളൂ.
ചെങ്കിസ് ഖാനു മുമ്പ് മംഗോളിയയിലുണ്ടായിരുന്ന പല ഗോത്രവര്‍ഗങ്ങളെ കുറിച്ചും അവരുടെ ജീവചരിത്രത്തെ കുറിച്ചുമൊക്കെ വിശദമായി മനസ്സിലാക്കാന്‍ പറ്റി. പണ്ടത്തെ മണ്‍പാത്രങ്ങളും ആഭരണങ്ങളും എല്ലാം പ്രദർശനത്തിനുണ്ടായിരുന്നു. വളരെ കൗതുകകരമായ ഒരു കാഴ്ച എന്നത് കുതിരയെ അലങ്കരിക്കാന്‍ ഉപയോഗിച്ച ആഭരണങ്ങളായിരുന്നു. ഓരോ ഗോത്രവര്‍ഗക്കാര്‍ക്കും അവരുടെ കുതിരയെ ഒരുക്കാന്‍ വ്യത്യസ്തമായ ആഭരണങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
തങ്ങളുടെ കുതിരകളെ ഏറെ ബഹുമാനത്തോടെയാണ് അവര്‍ പരിപാലിച്ചത്. തങ്ങളുടെ ആഢ്യത്വം കുതിരക്കുപയോഗിക്കുന്ന ആഭരണങ്ങളില്കൂടിയാണ് അവര്‍ പ്രദർശിപ്പിച്ചിരുന്നത്. വെള്ളികൊണ്ടുള്ള കുതിരച്ചേണം, കടിഞ്ഞാണ്‍, ചാട്ട തുടങ്ങിയവ കണ്ടു. ആണുങ്ങള് മരിക്കുമ്പോള്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട കുതിരയെ കൂടി മൃതദേഹത്തിനൊപ്പം സംസ്കരിക്കുമായിരുന്നത്രെ. ചെ ങ്കിസ് ഖാന് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാൽപതു കുതിരകളെ അദ്ദേഹത്തിനൊപ്പം മറവുചെയ്തിരുന്നു എന്നാണ് വിശ്വാസം. ഇന്നുവരെ ആര്‍ക്കും അദ്ദേഹത്തിനെ സംസ്കരിച്ച സ്ഥലം കണ്ടെത്താനായില്ല. സംസ്കാരത്തിന് പങ്കെടുത്ത എല്ലാവരെയും വധിച്ചു എന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും സന്തോഷം തോന്നിയത് ‘സഗാന്‍ സുല്ഡും’ , ‘യാല്കുഖ് സുല്ഡും’ പ്രദര്‍ശനത്തില്‍ കണ്ടെത്തിയപ്പോഴാണ്. ഇതിനെ പറ്റി ഏറെ വായിച്ചിട്ടുണ്ടായിരുന്നു. ചെങ്കിസ് ഖാന്റെ കൊടിയായിരുന്നു രണ്ടും. വെള്ളനിറത്തിലുള്ള സഗാൻ സുൽഡാണ് വൈറ്റ് ബാനര്‍. ബ്ലാക്ക് ബാനര്‍ എന്ന യാല്കുഖ് സുല്ഡ് കറുപ്പ് നിറമാണ്. ഒരു ദണ്ഡിന്റെ അറ്റത്ത് ചെറിയ പ്ലേറ്റ്. പ്ലേറ്റിന്റെ അറ്റത്ത് വെള്ളക്കുതിരയുടെ നീളമുള്ള വലിയ മുടി പിടിപ്പിച്ചിരുന്നു. ഏറ്റവും മുകളില്‍ ത്രിശൂലംപോലെയുള്ള ചിഹ്നം.
ഇത്തരം ഒമ്പതു ശൂലങ്ങളാണ് സമാധാനകാലത്ത് ചെങ്കിസ് നാട്ടിയിരുന്നത്. യുദ്ധകാലത്ത് ‘യാല്കുഖ് സുല്ഡാണ്’ പ്രദര്‍ശിപ്പിക്കുക. കറുത്ത കുതിരയുടെ മുടികൊണ്ടായിരുന്നു അത് ഉണ്ടാക്കിയിരുന്നത്. യഥാർഥ വെളുത്ത ബാനര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് അപ്രത്യക്ഷമായി. മംഗോളിയന്‍ വിശ്വാസപ്രകാരം ചെങ്കിസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആത്മാവ് ബ്ലാക്ക് ബാനറില്‍ കുടിയേറിയെന്നാണ്. അതുകൊണ്ട് ബ്ലാക്ക് ബാനര്‍ മംഗോളിയക്കാര്‍ പൂജിക്കുമായിരുന്നു.
ഇതു സംരക്ഷിക്കാന്‍ മാത്രമായി സനാബസാര് പതിനേഴാം നൂറ്റാണ്ടില്‍ ഒരാശ്രമം പണിതിരുന്നു. സോവിയറ്റുകാര്‍ പഴയ പൈതൃക ചിഹ്നങ്ങള്‍ നശിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ ആശ്രമത്തില്നിന്നിതു കാണാതെയായി. ചെങ്കിസ്ഖാന്റെ ഏതോ പിന്തുടര്ച്ചക്കാരന് അതെടുത്തു മാറ്റിയെന്ന് പറയപ്പെടുന്നു. ഇന്നും ഇത് കണ്ടെത്താനായിട്ടില്ല. എവിടെയോ അത് ഭദ്രമായിട്ടുണ്ടാകും. അതിന്റെ അനുകരണരൂപമാണ് അവിടെ ഉണ്ടായിരുന്നത്.
മ്യൂസിയം കണ്ടുകഴിഞ്ഞശേഷം ഞങ്ങള്‍ നാറന്‍ തുല് മാര്‍ക്കറ്റിലേക്ക് പോയി. മംഗോളിയയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ആണത്. അനാറുമായുള്ള പുതിയ കരാര്‍ പ്രകാരം യാത്രാസൗകര്യം മാത്രമേ അയാള്‍ ഒരുക്കൂ എന്നായിരുന്നു. ഭക്ഷണവും താമസവും സ്വന്തമായി കണ്ടെത്തണം. താമസ സൗകര്യം കിട്ടിയില്ലെങ്കില്‍ കിടക്കാനുള്ള സൗകര്യത്തിനായി അവിടെനിന്ന് സ്ലീപ്പിങ് ബാഗ് വാങ്ങി. മാര്‍ക്കറ്റില്‍ ഒരു ഭാഗം മൊത്തം ക്യാമ്പിങ്ങിനുള്ള ടെന്റും മറ്റു സാധനങ്ങളാണ്. ഇടക്ക് വണ്ടിയില്‍നിന്ന് പുറത്തിറങ്ങി ഇരിക്കാന്‍ തോന്നിയാല്‍ മടക്കിവെക്കാവുന്ന തരത്തിലുള്ള ഒരു ക്യാമ്പ് ചെയര്‍ കൂടി സംഘടിപ്പിച്ചു.
എല്ലാത്തിനും നിസ്സാര വിലയേ ഉണ്ടായിരുന്നുള്ളൂ. ആറു പ്രാവശ്യം ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ബാങ്കിന്റെ വില രണ്ടായിരം രൂപ മാത്രമായിരുന്നു. ബ്രൂണോ അതൊരെണ്ണം വാങ്ങി. പാട്ടിനോട് കമ്പമുണ്ടായിരുന്ന യാസ് ഒരു ബ്ലൂടൂത്ത് സ്പീക്കര്‍ വാങ്ങി. എല്ലാം കഴിഞ്ഞു ഞങ്ങള്‍ അവിടെയൊരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു. തിരിച്ചു ഫ്ലാറ്റിലേക്ക് നടക്കാന്‍ നേരമാണ് യാസ് സ്പീക്കര്‍ എടുക്കാന്‍ മറന്നു എന്ന് മനസ്സിലാക്കിയത്.
തിരികെ ഹോട്ടലില്‍ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മാര്‍ക്കറ്റില്‍ പോക്കറ്റടിക്കാരെ സൂക്ഷിക്കണം എന്ന് ആരുടെയോ ബ്ലോഗില്‍ വായിച്ചത് ഓർമ വന്നു. വൈകീട്ട് ഞങ്ങള്‍ വിശ്രമിക്കുന്ന സമയത്ത് യാസിന് അനാറിന്റെ മെസേജ് വന്നു –സിറ്റിയില്‍ ട്രാഫിക് തുടങ്ങുന്നതിനുമുമ്പ് യാത്ര തിരിക്കണം. അഞ്ചു മണിക്ക് തന്നെ തയാറാകണം. അനാര്‍ പറ്റിക്കുമോ എന്ന് സംശയിച്ചിരുന്ന ഞങ്ങള്‍ മൂന്നുപേര്‍ക്കും ആ മെസേജ് വലിയൊരാശ്വാസമായി. സുഖമായി ഉറങ്ങി.
3. പെരുവഴിയിലകപ്പെട്ട മൂവര്‍സംഘം
രാവിലെ നാലുമണിക്ക് എഴുന്നേറ്റു നല്ല ചൂട് വെള്ളത്തില്‍ കുളിച്ചു. വരും ദിവസങ്ങളില്‍ എവിടെ താമസിക്കും, അവിടെ കുളിക്കാനൊക്കെ സൗകര്യമുണ്ടോ എന്നൊന്നും അറിയില്ല. അനാറുമായി എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമറിയില്ല. എത്ര സന്തോഷത്തോടെ, ആവേശത്തോടെ ഉറ്റുനോക്കിയിരുന്ന യാത്രയാണ്. തുടങ്ങുന്നതിനു മുന്നേതന്നെ മടുപ്പായി.
ഉദ്വേഗവും ആശങ്കയും ഒരുപോലെ മനസ്സിനെ പിടികൂടി. പലപ്പോഴും മനസ്സില്‍ ചിന്തിച്ചുകൂട്ടുന്നതിന്റെ പത്തിലൊന്നു പ്രതിസന്ധികള്‍പോലും യഥാർഥത്തില്‍ നേരിടേണ്ടി വരാറില്ല എന്ന് സ്വയം ഓർമിപ്പിച്ചു. ചിലപ്പോള്‍ ഈ യാത്രയും പ്രതീക്ഷിക്കാതെ നന്നാകും. അനാര്‍ നല്ലരീതിയില്‍ സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ടുപോയേക്കാം. ടൂറിസ്റ്റുകള്‍ പോകാത്ത ഗ്രാമങ്ങളില്‍ കൊണ്ടുപോകാമെന്ന് പണ്ട് ചാറ്റ് ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു. അടിപൊളി യാത്രയാണ് മുന്പോട്ട് ലഭിക്കുന്നതെങ്കിൽ ഇപ്പൊഴത്തെ ടെന്‍ഷന്‍ വെറുതെയാകും. കുളിച്ചിറങ്ങിയപ്പോഴേക്കും മറ്റുള്ളവരും എഴുന്നേറ്റിരുന്നു.
നാലഞ്ചു വര്‍ഷം മുമ്പ് യാത്രകള്‍ ആരംഭിച്ചപ്പോള്‍ ബാക്ക്പാക്കിന്റെ ഭാരം പതിന്നാലു കിലോ ആയിരുന്നു. അന്ന് കൊണ്ടുപോയതിന്റെ പകുതിയോളം സാധനങ്ങള്‍ ഉപയോഗിക്കാതെ തിരിച്ചു കൊണ്ടുവന്നു. ഈ പതിവ് ഒന്ന് രണ്ടു വര്‍ഷത്തോളം തുടര്‍ന്നു. ആവശ്യം വന്നേക്കാം എന്ന തോന്നലില്‍, അതില്ലാതെ ബുദ്ധിമുട്ടുണ്ടായേക്കാം എന്ന വിചാരത്തില്‍ ഒരുപാടു സാധനങ്ങള്‍ ചുമക്കുമായിരുന്നു. ജീവിതത്തിലെ ഏതോ ഒരു ഘട്ടത്തില്‍ നമുക്ക് ഭാരമായിട്ടുള്ളവ അത് ബന്ധങ്ങളാണെങ്കിലും സാധനങ്ങളാണെങ്കിലും ഉപേക്ഷിച്ചെങ്കില്‍ മാത്രമേ സമാധാനമായി മുന്നേറാന്‍ സാധിക്കൂ എന്ന തിരിച്ചറിവ് പിന്നീടാണുണ്ടായത്.
അടുത്തിടെയായി യാത്ര ചെയ്യുമ്പോള്‍ ഏഴെട്ടു കിലോയില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഈ മാറ്റത്തില്‍ അൽപം ഗർവും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ അഹന്ത മാറിയത് ബ്രൂണോയുടെ ബാഗ് കണ്ടപ്പോഴാണ്. സ്കൂള്‍ ബാഗിനേക്കാള്‍ ചെറിയൊരു ബാഗ്. ആകെ മൂന്നു ജോടി ഡ്രസ്സ്. അതിലൊന്ന് രാത്രിയിലിടുന്നത്. ഒരു ജാക്കറ്റ്, തൊപ്പി, കാമറ, നിത്യോപയോഗ സാധനങ്ങള്‍. എല്ലാംകൂടി നാലു കിലോയില്‍ താഴെ. അതിശയം തോന്നി.
‘‘എന്ത് സാധനം വേണമെങ്കിലും അത്യാവശ്യത്തിനു നമുക്ക് വാങ്ങാന്‍ പറ്റും. വെറുതെ എന്തിനാണ് എല്ലാം ചുമക്കുന്നത്. ചെക്കിന് ബാഗിന് വേണ്ടി ൈഫ്ലറ്റില്‍ കൊടുക്കുന്ന പൈസയുണ്ടെങ്കില്‍ എനിക്ക് പോകുന്ന സ്ഥലത്തുനിന്നും പുതിയ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.’’ ഇരുപതു കൊല്ലമായി യാത്രകള്‍ ചെയ്യുന്നവരുടെ യാത്രാനുഭവങ്ങള്‍ വളരെ ഗുണകരമായി ഭവിക്കും എന്ന് മനസ്സിലായി.
അഞ്ചു മണിക്കാണ് അനാര്‍ എത്തുമെന്ന് അറിയിച്ചത്. അഞ്ചിന് അഞ്ചു മിനിറ്റുള്ളപ്പോള്‍, അഞ്ചേകാല്‍ ആകുമ്പോള്‍ എത്തുമെന്ന് യാസിന് മെസേജ് വന്നു. ഞങ്ങള്‍ സാധനങ്ങള്‍ എല്ലാം അടുക്കിപ്പെറുക്കി വെച്ചു. അഞ്ചരയായിട്ടും വിളിയൊന്നും കാണുന്നില്ല. അഞ്ചേമുക്കാലിന് അനാറിനെ വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. അനാര്‍ പൈസയുമായി മുങ്ങുമോ എന്ന് ഭയന്നത് യാഥാര്‍ഥ്യമാകുന്നു എന്ന് തോന്നി. ഞങ്ങള്‍ മൂന്നു പേരും ചര്‍ച്ചകള്‍ ആരംഭിച്ചു.
മോറോണ്‍ എന്ന സ്ഥലത്തേക്കായിരുന്നു പോകേണ്ടത്. അങ്ങോട്ടേക്ക് രാവിലെ എട്ടു മണിക്ക് ബസുണ്ട്. ബസ് സ്റ്റാന്‍ഡ് എവിടെയാണെന്നോ, ടിക്കറ്റ് നേരത്തേ എടുക്കേണ്ടിവരുമോയെന്നോ ഒന്നും അറിയില്ല. എങ്കിലും ബസ് കിട്ടുകയാണെങ്കില്‍ ആ ദിവസം വെറുതെയാകില്ല എന്നായിരുന്നു എന്റെ ചിന്ത. യാസ് പ്രതീക്ഷ കൈവിടാന്‍ തയാറല്ലായിരുന്നു. ‘‘നമുക്ക് ഉച്ചവരെ കാക്കാം. അവന് വരാതിരിക്കില്ല.’’ ബസില്‍ പോയാല്‍ അനാറിനു കൊടുത്ത അഞ്ഞൂറ് ഡോളറിനെ കുറിച്ച് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എങ്ങാനും ഉച്ചക്ക് അനാര്‍ വരുകയും യാത്ര തുടരാന്‍ സാധിക്കുകയും ചെയ്താൽ പൈസ നഷ്ടപ്പെടില്ല. ബ്രൂണോയാണ് ഞങ്ങള്‍ക്ക് വേണ്ടി തീരുമാനം എടുത്തത്. ‘‘രാവിലെ പത്തു മണി വരെ നമുക്ക് നോക്കാം. വന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ കംപ്ലയിന്റ് കൊടുക്കാം. അതിനു ശേഷം തുടര്‍യാത്രയെ കുറിച്ച് ചിന്തിക്കാം.’’
ആകെ നിരാശപ്പെട്ടിരിക്കുമ്പോള് വീണ്ടും അനാറിന്റെ മെസേജ് എത്തി. ഞാന്‍ താഴെയുണ്ട്. താഴോട്ട് വരൂ എന്ന്. വാച്ച് നോക്കിയപ്പോള്‍ സമയം ഏഴു മണി. ഞങ്ങള്‍ ബാഗുമായി താഴോട്ട് ഇറങ്ങി. അവിടെ ആരെയും കണ്ടില്ല. അനാറിനെ ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇവന് എന്ത് കളിയാണ് കളിക്കുന്നത് എന്ന് ഒരെത്തുംപിടിയും കിട്ടിയില്ല. ഏഴരക്ക് തിരിച്ചു ഫ്ലാറ്റിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ഒരു എസ്.യു.വി ചീറിപ്പാഞ്ഞു ഞങ്ങളുടെ മുന്നില്‍ വന്നുനിന്നു. അനാര്‍ ആയിരുന്നു വണ്ടി ഓടിച്ചത്. അടുത്ത സീറ്റില്‍ ഒരു ചെറുപ്പക്കാരന്, അവന്റെ മടിയില്‍ ആറു വയസ്സ് തോന്നിക്കുന്ന കുട്ടി. വണ്ടിയില്നിന്നിറങ്ങിവന്ന അനാര്‍ വൈകി വന്നതിന് ക്ഷമാപണം ഒന്നും നടത്തിയില്ല. നേരെ പോയി ബൂട്ട് തുറന്നു. അത് നിറയെ സാധനങ്ങള്‍. ഞങ്ങളുടെ സാധനങ്ങള്‍ വെക്കാന്‍ സ്ഥലമില്ല.
ഞാന്‍ മിണ്ടാതെ മാറിനിന്നു. യാസും അനാറും കൂടി വല്ലവിധേനയും എല്ലാവരുടെയും ബാഗുകൾ വണ്ടിക്കകത്തു കൊള്ളിച്ചു. ഞങ്ങള്‍ മൂന്നുപേരും പിറകിലത്തെ സീറ്റില്‍ ഞെരിഞ്ഞിരുന്നു. അനാറിന്റെ സുഹൃത്ത് ഡ്രൈവര്‍ സീറ്റിലേക്ക് മാറി കയറി. വണ്ടി സ്റ്റാര്‍ട്ട് ആക്കാന്‍ നോക്കിയിട്ട് അവന് പറ്റുന്നില്ല. അവന് അതിന്റെ പുഷ് ബട്ടണ്‍ സ്റ്റാര്ട്ടിങ്ങിനെ പറ്റി ധാരണയില്ലെന്നു മനസ്സിലായി. അടുത്തിരുന്ന അനാര്‍ കൈ നീട്ടി സ്റ്റാര്‍ട്ട് ചെയ്തുകൊടുത്തു. ഈ ഡ്രൈവറുമായി പതിനെട്ടു ദിവസത്തെ യാത്ര എന്താകും എന്നോര്‍ത്തു.
ഡ്രൈവിങ് തുടങ്ങിയതും കാര്യങ്ങള്‍ കൂടുതല്‍ മോശമാണെന്നു മനസ്സിലായി. ഡ്രൈവര്‍ക്ക് ദിശാബോധം കുറവായിരുന്നു. പലപ്പോഴും എതിരെ ലേനിലേക്ക് വണ്ടി മാറി കയറുമായിരുന്നു. അനാര്‍ മംഗോളിയനില് അവനെ ചീത്ത വിളിക്കുന്നുണ്ട്. യാസ് എന്നോട് സ്വകാര്യം പറഞ്ഞു, ‘‘മംഗോളിയയില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ആണെങ്കിലും നിരത്തില്‍ രണ്ടുതരം വണ്ടികളുമുണ്ട്. ഒരുപക്ഷേ ഇവന് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വണ്ടികള്‍ മാത്രമാകും പരിചയം. കുറച്ച് ഓടിച്ചു കഴിയുമ്പോള്‍ ശരിയാകും.’’ അനാറിന്റെ വണ്ടി ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആണ്.
ജപ്പാനില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സെക്കൻഡ് ഹാന്‍ഡ് വണ്ടികള്‍ എല്ലാം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആണ്. സിറ്റി വിട്ടാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു. കുറച്ചു നേരം കഴിഞ്ഞു ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ വണ്ടി നിര്‍ത്തി. ബാക്കി എല്ലാവരും അവിടേക്ക് പോയെങ്കിലും ഞാന്‍ ഇറങ്ങിയില്ല. പത്തു മിനിറ്റു കഴിഞ്ഞു ബ്രൂണോയും യാസും തിരികെയെത്തി. ‘‘ആകെ പ്രശ്നമാകും എന്നാണ് തോന്നുന്നത്.
മാര്‍ക്കറ്റില്‍ വെച്ച് അനാര്‍ അയ്യായിരം രൂപക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി. എന്നിട്ട് യാസിനോട് പൈസ കൊടുക്കാന്‍ പറഞ്ഞു. യാസ് വിസമ്മതിച്ചപ്പോള്‍ അവനു ദേഷ്യം വന്നു. മുഖമൊക്കെ ആകെ ചുവന്നു. സാധനങ്ങള്‍ വാങ്ങാതെ ഇറങ്ങി. അടുത്തത് പെട്രോള്‍ സ്റ്റേഷനിലാണ് നിര്‍ത്തുന്നത്. നമ്മള് പെട്രോള്‍ അടിക്കാന്‍ പൈസ കൊടുക്കണം എന്ന് അവന് തീര്‍ത്തും പറഞ്ഞു.’’ ബ്രൂണോ എന്നോട് വന്നയുടനെ കാര്യങ്ങള്‍ പറഞ്ഞു.
‘‘അതെങ്ങനെ ശരിയാകും? നമ്മള് മൂന്നുപേരും കൂടി ആയിരത്തി ഒരുനൂറ് ഡോളര്‍ കൊടുത്തു കഴിഞ്ഞല്ലോ. ഒരുദിവസം പോലും യാത്ര ചെയ്യാതെ വീണ്ടും പൈസ വേണമെന്ന് പറഞ്ഞാല്‍ എങ്ങനെ കൊടുക്കും?’’
‘‘അറിയില്ല. എന്താണ് ചെയ്യേണ്ടതെന്ന്.’’
അനാര്‍ മുഖം വീര്‍പ്പിച്ചുകെട്ടി വണ്ടിയില്‍ കയറി. വണ്ടി നഗരപ്രദേശം വിട്ടു. ഞാന്‍ എന്റെ ശ്രദ്ധ കാഴ്ചകളിലേക്ക് തിരിച്ചു. നല്ല നീണ്ട റോഡ്. ഇരുവശങ്ങളിലും പച്ച പുല്‍മേടുകള്‍. തെളിഞ്ഞ നീലാകാശം. ആദ്യമൊക്കെ ചെറിയ വീടുകളായിരുന്നു കണ്ടത്. കുറേ കഴിഞ്ഞപ്പോള്‍ നാടോടികളുടെ വെള്ള കൂടാരങ്ങൾ ഇടക്കൊക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പുല്‍മേടുകള്‍ക്കിടയില്‍ ഒരു ചെറിയ വെള്ള പൊട്ടാണെന്നേ തോന്നൂ. അനാറിന്റെ മകന് നല്ല ചുമയുണ്ടായിരുന്നു. ഡ്രമ്മിലടിക്കുന്ന പോലെയായിരുന്നു അവന് ചുമച്ചത്. ഇത്രയും ചുമയുള്ള കൊച്ചിനെ അവന്റെ അമ്മ എന്ത് ധൈര്യത്തില്‍ യാത്രക്കയച്ചു എന്നോര്‍ത്തു.
ആ കുഞ്ഞ് വെള്ളം ചോദിച്ചപ്പോള്‍ അനാര്‍ തണുത്ത കൊക്കകോളയുടെ ബോട്ടിലാണ് കുടിക്കാന്‍ കൊടുത്തത്. കുടിക്കുംതോറും അവന് കൂടുതല്‍ ചുമക്കുന്നുണ്ടായിരുന്നു. എനിക്ക് സങ്കടം തോന്നി. ഭാഷ വശമില്ലാത്തതുകൊണ്ട് അവനോടു മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ നാട്ടില്‍നിന്ന് അവനു കൊണ്ടു കൊടുത്ത കളിപ്പാട്ടം മുറുകെ പിടിച്ചാണ് ഇരിപ്പ്.
ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ പെട്രോള്‍ പമ്പില്‍ എത്തി. അനാര്‍ ആറായിരം രൂപക്ക് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. എന്നിട്ട് ബില്‍ ഞങ്ങള്‍ക്ക് നീട്ടി. ഞങ്ങളാരും അനങ്ങിയില്ല. അവന് ഭീഷണി മുഴക്കാന്‍ തുടങ്ങി. ‘‘മര്യാദക്ക് പൈസ തന്നോ. അതല്ലെങ്കില്‍ നമ്മള് ഇവിടെ കിടക്കും.’’ ഞങ്ങള്‍ പൈസ കൊടുക്കാന്‍ തയാറല്ല എന്ന് കണ്ടപ്പോള്‍ അവന് ചൂടാകാന്‍ തുടങ്ങി.
‘‘ഞങ്ങള്‍ തമ്മില്‍ സംസാരിക്കട്ടെ’’ എന്ന് പറഞ്ഞു ബ്രൂണോയും യാസും ഞാനും പുറത്തിറങ്ങി.
(അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ... എന്റെ അരികിലെത്തി.)
‘‘മിത്ര... നമുക്ക് ഇവിടെ ഇറങ്ങാം. ഇവന്റെയൊപ്പം യാത്ര ചെയ്യുന്നത് എളുപ്പമല്ല. പ്രശ്നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും.’’
ഞാന്‍ ചുറ്റും നോക്കി. ഹൈവേയില്‍നിന്നും മാറി വിജനമായ സ്ഥലം. ദൂരെ കാണുന്നത് രണ്ടുമൂന്നു കടകളാണെന്നു തോന്നുന്നു.
‘‘ഇവിടന്ന് നമ്മളെങ്ങനെ പോകും?’’ ഞാന്‍ ആശങ്കപ്പെട്ടു.
യാസാണ് മറുപടി പറഞ്ഞത്, ‘‘ഹൈവേയില്‍ വാഹനങ്ങള്‍ പോകുന്നത് കണ്ടില്ലേ. നമുക്ക് ഹിച്ച്ഹൈക് ചെയ്യാം.’’
ഇതുവരെ കൈകാണിച്ചു വണ്ടി നിര്‍ത്തി യാത്ര ചെയ്തിട്ടില്ല. മൂന്നുപേര്ക്കൊക്കെ ലിഫ്റ്റ് കിട്ടുക എളുപ്പമാണെന്ന് തോന്നിയില്ല. ബ്രൂണോയും യാസും യാത്ര തുടരുന്നില്ല എന്ന ഉറച്ചതീരുമാനത്തിലാണ്. അവര്‍ കൂടി ഇല്ലാതെ അനാറിനൊപ്പം യാത്രചെയ്യാന്‍ എനിക്ക് ധൈര്യമില്ല. ഉത്കണ്ഠയുടെ മുള്‍മുനയില്‍ കുറച്ചുനിമിഷങ്ങള്‍ പോയി. അവസാനം പുതിയ കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ ഞാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ മൂന്നുപേരും അവിടെയിറങ്ങി. പുറത്തു ചുട്ടുപൊള്ളുന്ന വെയില്. രാവിലത്തെ തിരക്കില്‍ സണ്‍സ്ക്രീന്‍ ഇടാന്‍ മറന്നു എന്നോര്‍ത്തു. കടകളുള്ള സ്ഥലത്ത് ഒരു ബസ് കിടക്കുന്നു. എത്രയും പെട്ടെന്ന് അവിടെ എത്തിയാല്‍ ആ ബസില്‍ അടുത്ത പട്ടണംവരെയെങ്കിലും യാത്രചെയ്യാന്‍ സാധിക്കും. കടകള്‍ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു. നടക്കുംതോറും ദൂരം കൂടിവരുന്നതായി തോന്നി. വിയര്‍ത്തൊലിച്ചു ബസിനരികില്‍ എത്തിയപ്പോള്‍ ആ ദുഃഖസത്യം മനസ്സിലാക്കി.
അത് കേടായ ബസ് ആണ്. ടയര്‍ നാലും പഞ്ചര്‍ ആയി, മാസങ്ങളോളം ആയിരിക്കണം അത് അവിടെ കിടപ്പ് തുടങ്ങിയിട്ട്. ഒരു കട ഒഴിച്ച് ബാക്കി എല്ലാം അടച്ചിരുന്നു. കടയില്‍ കയറി സഹായത്തിനായി ശ്രമിച്ചപ്പോളാകട്ടെ അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഫോണില്‍ മംഗോളിയന്‍ സിം എടുക്കാത്തതുകൊണ്ട് നെറ്റും ഇല്ല. ബ്രൂണോ തണലത്ത് ഇരിപ്പായി. യാസ് തിരക്ക് പിടിപ്പിച്ചു. ‘‘നമുക്ക് റോഡില്‍ പോയി വണ്ടിക്ക് കൈകാണിക്കാം. നിങ്ങള്‍ സ്ത്രീയാണ്. എന്തായാലും വണ്ടി നിര്‍ത്തും.’’ ബ്രൂണോയോട് വിശ്രമിക്കാന്‍ പറഞ്ഞു ഞാന്‍ യാസിനൊപ്പം റോഡിലേക്ക് നടന്നു. ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന വണ്ടികളില്‍ എല്ലാം നിറയെ ആളുകള്‍. അവധിക്കാലം തുടങ്ങുന്നതിനാല്‍ എല്ലാവരും നാട്ടിലേക്കുള്ള യാത്രയിലാകണം.
അരമണിക്കൂര്‍ അവിടെനിന്ന് വെയില് കൊണ്ടപ്പോള്‍ ഒരാള്‍ വണ്ടി നിര്‍ത്തി. കൂടെ അയാളുടെ ചെറുപ്പക്കാരി മകളുമുണ്ട്. അവര്ക്കല്പസ്വൽപം ഇംഗ്ലീഷ് അറിയാം. പെട്ടെന്ന് എനിക്ക് ൈഫ്ലറ്റില്‍ പരിചയപ്പെട്ട തുവ്ശിയെ ഓർമ വന്നു. അവരുടെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി തുവ്ശിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. തന്റെ നാട്ടുകാരന് ഇങ്ങനെ പെരുമാറിയതില്‍ തുവ്ശി ആദ്യമേ ക്ഷമ ചോദിച്ചു.
ഫോണിന്റെ ഉടമയോട് ഞങ്ങള്‍ക്ക് മോറോണില്‍ പോകേണ്ട കാര്യം മംഗോളിയന്‍ ഭാഷയില്‍ വിശദീകരിച്ചു. അയാള്‍ ഞങ്ങള്‍ക്ക് വേണ്ടി ടാക്സി ശരിയാക്കിത്തരാമെന്നേറ്റു. ആരെയൊക്കെയോ ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ അയാള്‍ ശ്രമിച്ചു. അവസാനം ഒരു ടാക്സി ശരിയായി. പക്ഷേ വണ്ടി എത്താന്‍ ഒരു മണിക്കൂര്‍ ആകുമെന്ന് പറഞ്ഞു. അയാളും മകളും ഞങ്ങള്‍ക്കൊപ്പം ടാക്സി വരുന്നവരെ കാത്തുനിന്നു. ടാക്സി കയറ്റി ഞങ്ങളെ ഇരുത്തിയശേഷം അയാള്‍ ഓടിപ്പോയി കടയില്‍നിന്ന് മൂന്നു ബോട്ടില്‍ ജ്യൂസ് കൊണ്ടുവന്നു കൈയില്‍ പിടിപ്പിച്ചു. അപരിചിതനായ ആ മനുഷ്യന്റെ കരുതല്‍ കണ്ടു എന്റെ കണ്ണ് നിറഞ്ഞു.
യാത്ര പുനരാരംഭിച്ചപ്പോള്‍ ഉച്ചക്ക് ഒന്നരയായി. ബൊലേറോ പോലെയുള്ള ഒരു വണ്ടിയായിരുന്നു ഞങ്ങളുടെ ടാക്സി. ഡ്രൈവറും മറ്റൊരാളും മുമ്പിലത്തെ സീറ്റുകളിലിരുന്നു. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു. അനാറിന്റെ വണ്ടിയിലുണ്ടായിരുന്നത്ര സൗകര്യംപോലുമില്ല. എങ്കിലും എനിക്ക് സന്തോഷമായി. ഇനിയിപ്പോൾ സ്വതന്ത്രമായി സഞ്ചരിക്കാം. ഇഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യാം. ആരുടെയും മുഷിച്ചില് കാണണ്ട. പൈസ പോയതില്‍ സങ്കടമുണ്ടായിരുന്നു.
എന്റെ മണ്ടത്തത്തിനു കിട്ടിയ ശിക്ഷയായി അതിനെ കാണാന്‍ ശ്രമിച്ചു. ഡ്രൈവറിന് ഒരു നാൽപതു നാൽപത്തഞ്ചു വയസ്സ് കാണും. വളരെ നന്നായിട്ടായിരുന്നു അയാൾ വണ്ടി ഓടിച്ചത്. നേരത്തേ അനാറിന്റെ വണ്ടിയില്‍ ജീവന് കൈയില്‍ പിടിച്ചാണ് ഇരുന്നിരുന്നത്. ഡ്രൈവറിന് അൽപം ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാം. മോറോണില്‍ എപ്പോ എത്തും എന്ന് ചോദിച്ചപ്പോള്‍ കുറഞ്ഞത് പത്തു മണിക്കൂര്‍ എന്ന് പറഞ്ഞു. കൂടെ രണ്ടു യാത്രക്കാര്‍ കൂടിയുള്ളതുകൊണ്ട് ടെന്‍ഷന്‍ തോന്നിയില്ല.
അയാളോട് ഹോട്ട്സ്പോട്ട് കടം ചോദിച്ചു. നെറ്റ് കിട്ടിയതും അനാറിന്റെ ഭീഷണി മെസേജുകളാണ് ആദ്യം കണ്ടത്. ഒരു പൈസപോലും തിരിച്ചുതരില്ല. നിന്നെയൊക്കെ പാഠം പഠിപ്പിക്കാന്‍ എനിക്കറിയാം എന്നുള്ളതാണ് സാരാംശം. ഞാന്‍ പൊലീസില്‍ കംപ്ലയിന്റ് ചെയ്തോളാം എന്ന് മറുപടിയിട്ടു. എന്ത് വേണേലും ചെയ്തോ. വിദേശികള്‍ക്ക് ഇവിടെ ഒരവകാശവും ഇല്ല. ഇപ്പോൾ പൈസയേ പോയൊള്ളൂ, പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുമ്പോള്‍ സമയംകൂടി പൊയ്ക്കൊള്ളും എന്നയാള്‍ അയച്ച മെസേജിന് മറുപടി കൊടുത്തില്ല. ഞാന്‍ ബുക്കിങ് ആപ്പ് വഴി മോറോണിലെ ആകെയുണ്ടായിരുന്ന ലോഡ്ജില്‍ മുറി ബുക്ക് ചെയ്തു.
നടന്ന അനീതിക്കെതിരെ എന്തെങ്കിലും ചെറിയ രീതിയിലെങ്കിലും ശബ്ദം ഉയര്‍ത്തിയേ മതിയാകൂ എന്ന് തീരുമാനിച്ചുറപ്പിച്ചു. ഭാവിയില്‍ മറ്റുള്ളവരെ പറ്റിക്കാതിരിക്കാനെങ്കിലും പൊലീസില്‍ കംപ്ലയിന്റ് കൊടുക്കണം. പൈസ തിരിച്ചു കിട്ടില്ലായിരിക്കാം. എന്നാല്‍, ഇത്തരം തെറ്റായ പ്രവണതകള്‍ വെളിച്ചത്തു കൊണ്ടുവന്നേ മതിയാകൂ. പക്ഷേ, എങ്ങനെ കംപ്ലയി ന്റ് കൊടുക്കണം, എവിടെ കൊടുക്കണം –ഇറക്കിവിട്ട സ്ഥലത്താണോ, തലസ്ഥാനത്താണോ, ഒന്നുമറിയില്ല. നടന്ന സംഭവം ചുരുക്കി എഴുതി, നിയമസഹായം അഭ്യർഥിച്ചുകൊണ്ട് മംഗോളിയ യാത്ര ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഇട്ടു. ആ ഗ്രൂപ്പില്‍നിന്നാണ് അനാറിനെ പരിചയപ്പെട്ടത്.
പത്തു മിനിറ്റ് കാത്തെങ്കിലും മറുപടി കിട്ടിയില്ല. ധാരാളം യാത്രകള്‍ ചെയ്ത് പരിചയമുള്ള സുഹൃത്ത് സുനിലിന് മെസേജ് അയച്ചപ്പോള്‍ എംബസിയുമായി ബന്ധപ്പെടാന്‍ ഉപദേശിച്ചു. അവന് നെറ്റില്‍നിന്ന് അവരുടെ നമ്പറും മെയിലും എടുത്തുതന്നു. ഡ്രൈവറുടെ ഫോണില്‍നിന്ന് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടു നമ്പറും വര്‍ക്ക് ചെയ്യുന്നില്ല എന്ന് മനസ്സിലാക്കി. വിവരങ്ങള്‍ പറഞ്ഞു മെയില്‍ അയച്ചു. എന്തുകൊണ്ടോ അതിനു പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. പൊതുവെ അമേരിക്കന്‍ യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് കിട്ടുന്ന പരിഗണന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് കിട്ടാറില്ല എന്ന് വായിച്ചിട്ടുണ്ട്.
ബ്രൂണോയോടും യാസിനോടും ഫ്രഞ്ച് എംബസിയെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടാളും വലിയ താൽപര്യം കാണിച്ചില്ല. അവര്‍ക്ക് മുന്നൂറു ഡോളര്‍ വീതം ആയിരുന്നു നഷ്ടപ്പെട്ടത്. അവരെ സംബന്ധിച്ചിടത്തോളം അത് അത്ര വലിയ സംഖ്യയായിരുന്നില്ല. യാത്ര ഗ്രൂപ്പില്‍നിന്ന് നവജിത് എന്നൊരാള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്റെ നമ്പര്‍ മെസേജ് അയച്ചുതന്നു. എത്രയും വേഗം അദ്ദേഹത്തെ ബന്ധപ്പെടാന്‍ പറഞ്ഞു. ഇതിനിടയില്‍ ഡ്രൈവറുടെ മൊബൈല്‍ നെറ്റ് വര്‍ക്ക് കിട്ടാതെയായി. ആരെയും ബന്ധപ്പെടാന്‍ നിവൃത്തിയില്ല. മോറോണില്‍ എത്തിയിട്ട് ബാക്കി കാര്യങ്ങള്‍ നോക്കാമെന്നു കരുതി.