ദേഷ്യക്കാരന്‍ കുട്ടിക്കുതിര

നാദം ഉത്സവത്തിന് ഭക്ഷണമൊരുക്കുന്ന ഗ്രാമീണ സ്ത്രീകൾ
അൽപം അകലെയായി കുറച്ചു കുഞ്ഞു കുതിരകളെ കെട്ടിയിട്ടിരുന്നു. ചുവപ്പും നീലയും കലര്‍ന്ന മനോഹരമായ കുപ്പായം അണിഞ്ഞ തവിട്ടു നിറത്തിലെ കുതിര എന്നെ ആകര്‍ഷിച്ചു. തലയിലുള്ള മുടി ബാന്ഡ്കൊണ്ട് കെട്ടിവെച്ചിരുന്നത് പൂക്കുലപോലെ തോന്നിച്ചു. വാലിലെ മുടിയിലും ബാന്‍ഡ് കെട്ടിയിരുന്നു. ഞാന്‍ അതിനെ താലോലിക്കാന്‍ മുന്നോട്ടാഞ്ഞതും അനു എന്റെ കൈ പിടിച്ചു പിന്നോട്ട് വലിച്ചു. ‘ -യാത്ര തുടരുന്നു.
പല്ലൊക്കെ തേച്ചു ഫ്രഷായശേഷം തൊട്ടപ്പുറത്തുള്ള വീട്ടിലേക്ക് പോയി. അവിടെയാണ് അനൂകയുടെ അച്ഛനും അമ്മയും താമസിക്കുന്നത്. വലുതും ചെറുതുമായ രണ്ടു മുറികള്‍ കണ്ടു. കയറിച്ചെല്ലുന്ന വലിയ മുറിയില്‍ രണ്ടു കട്ടിലുകളുണ്ട്. കൂടാതെ ഒരു തീന്മേശയും കുറച്ചു പ്ലാസ്റ്റിക് കസേരകളും. ഒരു മൂലയില്‍ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. ഇരുമ്പിന്റെ ചതുരപ്പെട്ടിയാണ് അടുപ്പ്. പെട്ടിക്കകത്തു വിറകു കത്തിക്കും. മുകളിലുള്ള വട്ടത്തിലുള്ള അടപ്പ് എടുത്തുമാറ്റിയാല്‍ പാചകത്തിനുള്ള പാത്രങ്ങള്‍ വെക്കാം. അടുത്തുണ്ടായിരുന്ന മറ്റൊരു തകരപ്പെട്ടിയില് വിറകു കഷണങ്ങളുണ്ട്. അനൂകയുടെ മൂന്നു വയസ്സുള്ള മകനും രണ്ടു വയസ്സുള്ള മകളും കട്ടിലില്‍ ഇരുന്നു കളിക്കുന്നു.
മകന്റെ വലതുകൈ തുണികൊണ്ടുണ്ടാക്കിയ സ്ലിങ്ങിലാണ്. മോളുടെ മുഖത്ത് നിറയെ കലകള്‍ കാണാം. ‘‘കണ്ണ് തെറ്റിയാല്‍ രണ്ടുംകൂടി ഗുസ്തിയാണ്. അവള് തള്ളിയിട്ടാണ് അവന്റെ കൈ ഒടിഞ്ഞത്. അവന് മാന്തിയതാണ് അവളുടെ മുഖത്തെ പാട്. ഇങ്ങനെ തല്ലു പിടിച്ചു വളര്‍ന്നെങ്കിലേ അവര്‍ക്ക് പ്രതിസന്ധികളോട് പൊരുതിനിൽക്കാന് പറ്റൂ. അതുകൊണ്ട് ഞാന്‍ ഇടപെടാന്‍ പോകാറില്ല. തല്ലി തീര്‍ക്കട്ടെ എന്ന് കരുതും’’, അനൂക പറഞ്ഞു നിര്‍ത്തി.
അനൂകയുടെ അമ്മയുണ്ടാക്കിയ ബ്രെഡും റുബാര്‍ബ് എന്ന ചെടിയുടെ തണ്ട് കൊണ്ടുണ്ടാക്കിയ ജാമും കഴിക്കാന്‍ തന്നു. അത് കഴിച്ചോണ്ടിരുന്നപ്പോള്‍ അനുവിന്റെ അമ്മ ‘സൂട്ടെ സായ്’ എന്ന് വിളിക്കുന്ന അവരുടെ പരമ്പരാഗത ചായ ഉണ്ടാക്കുന്നത് കണ്ടു. തേയിലയും പാലും വെള്ളവും ഉപ്പുമാണ് ചേരുവകള്‍. ചായയുണ്ടാക്കിയ ശേഷം അതില്‍നിന്ന് കുറച്ചെടുത്ത് വീടിന്റെ വരാന്തയില്‍ പോയി നിന്ന് ആകാശത്തേക്കെറിഞ്ഞു. ആത്മാക്കളെ പ്രീതിപ്പെടുത്താനായിരുന്നു അങ്ങനെ ചെയ്തത്. വലിയ ചെരുവത്തിലായിരുന്നു ചായ തിളപ്പിച്ചത്.
‘‘ഇത്രയും ചായ ഇവിടെ ചെലവാകുമോ?’’ ഞാന്‍ ചോദിച്ചു.
‘‘ഇത് ഒരു നേരത്തേക്ക് മാത്രമാണ്. ഉച്ചക്കും വൈകീട്ടും ഇതുപോലെ ഓരോ ചെരുവം തിളപ്പിക്കും. ഞങ്ങള്‍ ഭക്ഷണത്തിനു മുമ്പും കൂടെയും ശേഷവും ചായയാണ് കുടിക്കുക. ഇടനേരത്തും വെള്ളത്തിന് പകരം ഇതു കുടിക്കും.’’' ഞങ്ങള്‍ക്ക് ഒരു കോപ്പയില്‍ ചായ പകർന്നുതന്നു. തേയിലയുടെ സ്വാദ് ചെറിയൊരംശമേ ഉള്ളൂ. പാലിന്റെ രുചിയാണ് മുന്നില്‍.
അനൂകയുെട വീട്
അനൂക ഇംഗ്ലീഷ് ടീച്ചറാണ്. മഞ്ഞുകാലത്ത് തലസ്ഥാനത്തെ സ്കൂളുകളില്‍ ജോലിനോക്കും. വേനൽക്കാലത്ത് ഗ്രാമത്തിലേക്ക് തിരികെ വരും. ആ സമയത്ത് ടൂറിസ്റ്റുകളെ ഗൈഡ് ചെയ്യുകയും മറ്റും ചെയ്യും. അതുവരെ ഞങ്ങള്‍ നടത്തിയ സംഭാഷണത്തില്‍നിന്ന് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നതല്ലാതെ ഭാഷയിലും വ്യാകരണത്തിലും ഒരു ഇംഗ്ലീഷ് അധ്യാപികക്ക് വേണ്ടുന്ന പ്രാഗല്ഭ്യം അവർക്കുണ്ടെന്ന് എനിക്ക് തോന്നിയില്ല.
‘‘നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ എനിക്കൊരുപകാരം ചെയ്യുമോ? ഗ്രാമത്തിലെ കുറച്ചു കുട്ടികളെ ഞാന്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. അവര്‍ രാവിലെ ഒമ്പതു മണിക്ക് വരും. അവര്‍ക്കൊപ്പം കുറച്ചുസമയം ചെലവഴിക്കുമോ?’’ ഞാൻ സമ്മതം മൂളി.
കോമ്പൗണ്ടിന്റെ ഒരു മൂലക്കായിരുന്നു ടോയ്ലറ്റ്. മുറിയുടെ വലുപ്പമുള്ള വലിയൊരു കുഴിയുടെ മുകളില്‍ പലക നിരത്തിയിരുന്നു. അതില്‍ രണ്ടു ദ്വാരങ്ങളുണ്ട്. അവിടിരുന്നു വേണം ‘കാര്യം സാധിക്കാന്‍’. തുടക്കാനുള്ള പേപ്പര്റോള് അവിടെയുണ്ട്. ചുറ്റും പലകകൊണ്ട് മറച്ചിരുന്നു. ലഡാക്കില്‍ വെച്ച് ഇത്തരം ഡ്രൈ ടോയ്ലറ്റ് പരിചയപ്പെട്ടതുകൊണ്ട് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടു തോന്നിയില്ല. ലഡാക്കില്‍ പക്ഷേ വീടിനോടു ചേര്‍ന്നാണ് ടോയ്ലറ്റ്. മാത്രവുമല്ല ഉപയോഗശേഷം മുറിയുടെ മൂലക്ക് കൂട്ടിവെച്ചിരുന്ന അറക്കപ്പൊടി അതിനു മുകളില്‍ ഇടും. ദുര്‍ഗന്ധമോ ഈച്ചയോ ഒന്നും ഇല്ലായിരുന്നു.
ഇവിടെ എന്തോ ഒരു പ്ലാസ്റ്റിക് കഷണം തൂക്കിയിട്ടിട്ടുണ്ട്. അതില്‍ നിറയെ ചത്ത ഈച്ച ഒട്ടിയിരുന്നു. ഒട്ടലില്നിന്ന് രക്ഷപ്പെട്ട ഒന്ന് രണ്ട് ഈച്ചകള്‍ ചുറ്റി കറങ്ങുന്നുണ്ട്. പലകകള്‍ കൊണ്ടുണ്ടാക്കിയ മറ്റൊരു മുറിയിലാണ് കുളിക്കാന്‍ പോകേണ്ടത്. കുളിമുറിയില്‍ പൈപ്പ് കണക്ഷന് ഇല്ല. അനൂക കന്നാസില്‍ വെള്ളം കൊണ്ടുവന്ന് അവിടെയുള്ള ഹീറ്ററില്‍ നിറച്ചു. അരമണിക്കൂര്‍ കാത്തുനിന്നപ്പോള്‍ വെള്ളം ചൂടായി. തുള്ളി തുള്ളി ആയിട്ടായിരുന്നു വെള്ളം വീണത്. ഉള്‍ഗ്രാമങ്ങളില്‍ കുളിക്കാന്‍ തീരെ സൗകര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് വെള്ളത്തുള്ളികള്പോലും ആഡംബരമാണെന്നു ആശ്വസിച്ചുകൊണ്ട് ഞാൻ കുളിച്ചു.
കുളിച്ച് തയാറായശേഷം അനൂകയുടെ കുട്ടികളെ കാണാന്‍ പോയി. നാല് പെണ്‍കുട്ടികളായിരുന്നു വന്നത്. നാലുപേരും നാണംകുണുങ്ങികളായിരുന്നു. പേര് ചോദിച്ചപ്പോള്‍ വല്ല വിധേനയുമാണ് അവര്‍ പേടിച്ചു പേടിച്ചു പറഞ്ഞത്. അനൂക പൈസകൊണ്ടൊരു കളി പറഞ്ഞു. കുട്ടികള്‍ കുറച്ചു സാധനങ്ങള്‍ നിരത്തിവെച്ചു. ഞാന്‍ അവരില്‍നിന്ന് സാധനം വാങ്ങണം. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അനൂക അവിടെയുണ്ടായിരുന്ന കുറച്ചു പൈസ തന്നു. കളി തുടങ്ങിയതും കുട്ടികള്‍ ഉഷാറായി.
കൃത്യം പൈസ എടുക്കാനും ബാക്കി തരാനും അവര്‍ മത്സരിച്ചു. അക്കൂട്ടത്തില്‍ അവര്‍പോലുമറിയാതെ ഇംഗ്ലീഷില്‍ സംസാരവും നടന്നു. അവര്‍ പോയതിനുശേഷം ഞങ്ങള്‍ നാദം ഉത്സവം കാണാനിറങ്ങി. മംഗോളിയയുടെ ദേശീയ ഉത്സവമാണ് നാദം. ജൂലൈ 11 മുതല്‍ 15 വരെയാണ് തലസ്ഥാനത്ത് വിപുലമായ രീതിയില്‍ ഉത്സവം കൊണ്ടാടുന്നത്. പതിനായിരം പേര്‍ക്ക് ഒന്നിച്ചിരുന്നു കാണാവുന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍. ടൂറിസ്റ്റുകളെയാണ് പ്രധാനമായും നോട്ടമിടുന്നത്. പല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ താമസിക്കുന്നവരെല്ലാം നാദം ആകുമ്പോള്‍ ഗ്രാമങ്ങളിലെ വീടുകളിലേക്ക് പോകും. തനതാഘോഷങ്ങള് കാണണമെങ്കില്‍ നാട്ടിന്പുറത്തേക്ക് പോകണം എന്ന് വായിച്ചിരുന്നു. ഇങ്ങനെയൊരു അവസരം വീണുകിട്ടിയത് നന്നായി എന്ന് ഞാൻ ചിന്തിച്ചു.
നാദം നടക്കുന്ന മൈതാനത്തേക്ക് രണ്ടു കിലോമീറ്റര്‍ നടക്കാനുണ്ട്. യാസിന് ഗൈഡ് വേണ്ട എന്നുള്ളതുകൊണ്ട് ഞങ്ങള്‍ക്കൊപ്പം കൂടിയില്ല. ഞാനും ബ്രൂണോയും അഞ്ചു ദിവസത്തേക്കുള്ള തുക മുന്‍കൂറായി കൊടുത്തു. ഞങ്ങളെയും കൂട്ടി അനൂക ഇറങ്ങി.
അതിമനോഹരമായ ഗ്രാമമാണ് ട്സഗന്നൂര്. പുല്‍മേട് നിറയെ കുഞ്ഞു തടിവീടുകള്‍. തകര ഷീറ്റാണ് മേല്‍ക്കൂര. മേൽക്കൂരകളിൽ നീലയും പച്ചയും ഓറഞ്ചും നിറങ്ങളാണ് പൂശിയിട്ടുള്ളത്. അതുകൊണ്ട് അവ കുട്ടികളുടെ കളിവീടുകളായിട്ടാണ് അനുഭവപ്പെടുക. ഗ്രാമത്തിനു ചുറ്റുമായി മലനിരകൾ. വളരെ വിരളമായി മാത്രമേ ആളുകളെ കാണാൻ കഴിയൂ. ഗ്രാമത്തിലെ സ്കൂളിന്റെ അടുത്തെത്തി. വേനല്‍കാലത്ത് മൂന്നുമാസത്തേക്ക് സ്കൂള്‍ അവധിയാണ്. ആ സമയത്ത് സ്കൂള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കുട്ടികളെ കിട്ടില്ല. മിക്ക കുട്ടികളും നാടോടികളുടെ മക്കളാണ്. വേനല്സമയത്താണ് മഞ്ഞുകാലത്തേക്കുള്ള തയാറെടുപ്പുകള്‍ ചെയ്യുന്നത്.
നാദം ഉത്സവത്തിന് എത്തിയവരിൽ ചിലർ
വീട്ടുകാര്‍ക്ക് കുട്ടികളുടെ സഹായവും അതിനാവശ്യമാണ്. സ്കൂളിനകത്തു കയറി മുറികളും നാടോടികളുടെ മക്കള്‍ക്കുവേണ്ടിയുള്ള ഡോര്‍മിറ്ററിയും കണ്ടു. ക്ലാസ് മുറികള്‍ കുറവായിരുന്നു. ‘‘ക്ലാസുകള്‍ ഷിഫ്റ്റ് ആയിട്ടാണ്. രാവിലെ ഒന്നാംക്ലാസുകാരാണ് ഇരിക്കുന്നതെങ്കില്‍ ഉച്ചക്ക് ശേഷം ഏഴാം ക്ലാസുകാരായിരിക്കും.’’ വലിയ വലിയ കെട്ടിടങ്ങള്‍ പണിതു സ്ഥലം മിനക്കെടുത്തുന്നതിലും നല്ലത് ഈ പരിപാടി തന്നെ. അനൂകയോട് രാവിലെ വന്ന കുട്ടികളുടെ ഫീസിനെ പറ്റി ചോദിച്ചു. അനൂകയുടെ മറുപടി രസകരമായിരുന്നു: ‘‘ഗ്രാമത്തിലെ കുട്ടികള്‍ രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ഞാന്‍ അവര്‍ക്ക് ക്ലാസ് എടുത്തുകൊടുക്കുന്നത്. ഫീസ് ഒന്നും വെച്ചിട്ടില്ല. ഒരു കുട്ടിയുടെ അമ്മ ഒരു ആടിനെ തരാമെന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു കുട്ടിയുടെ അമ്മ കന്നിനെ കശാപ്പു ചെയ്യുമ്പോള്‍ ഒരു കാല് കൊണ്ടുത്തരാമെന്ന് ഏറ്റിട്ടുണ്ട്.’’
പോകുന്ന വഴിക്കു പഞ്ചായത്ത് കെട്ടിടം കാണാന്‍ കയറി. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കയറി ചെല്ലാം. ഓഫിസ് മുറികള്‍ താഴിട്ടു പൂട്ടിയിട്ടുണ്ട്. അവിടെ ചെങ്കിസ്ഖാന്റെ വൈറ്റ് ബാനറായ ഒമ്പതു പതാകകള്‍ വെച്ചിരുന്നു. മംഗോളിയയുടെ ആദ്യ പതാക എന്ന നിലക്ക് എല്ലാ ഓഫിസിലും ഇതു വെച്ചിട്ടുണ്ടെന്ന് അനു പറഞ്ഞു. വാച്ചില്‍ സമയം നോക്കിയപ്പോള്‍ 11 മണി. പത്തരക്ക് പരിപാടികള്‍ തുടങ്ങും എന്നാണ് പറഞ്ഞിരുന്നത്. എനിക്ക് വേവലാതിയായി.
‘‘നിങ്ങള്‍ തിരക്ക് കൂട്ടണ്ട. ഇത് മംഗോളിയയാണ്. പറഞ്ഞ സമയത്തു ഒരു പരിപാടിയും തുടങ്ങിയ ചരിത്രം ഞങ്ങള്‍ക്കില്ല.’’
അനു അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാന്‍ നടപ്പിന്റെ സ്പീഡ് കൂട്ടി. പത്തു മിനിറ്റുകൊണ്ട് നാദം നടക്കുന്ന മൈതാനത്തില്‍ എത്തി. അവിടവിടെയായി മൈക്കും മറ്റും സെറ്റ് ചെയ്യുന്ന അഞ്ചാറാളുകള്‍ മാത്രം. കാണികള്‍ ആരുമില്ല.
‘‘ഞാനപ്പോഴേ പറഞ്ഞില്ലേ. ഒരു മണിക്കൂര്‍ കൂടി കഴിയാതെ ഒന്നും തുടങ്ങാന്പോലും പോകുന്നില്ല.’’
മൈതാനത്തിന്റെ ഒരു വശത്തായി മംഗോളിയന്‍ പതാക പാറിപറക്കുന്നുണ്ട്. ലംബമായ രണ്ടു വരകള്‍ പതാകയെ മൂന്നായി തിരിക്കുന്നു. രണ്ടറ്റത്തും ചുവപ്പ് നിറവും നടുക്ക് നീല നിറവും. ആദ്യത്തെ ചുവപ്പു രേഖയില്‍ തീ, സൂര്യന്, ചന്ദ്രന് തുടങ്ങിയ ചിഹ്നങ്ങള്‍ മഞ്ഞനിറത്തില്‍ കണ്ടു. ‘‘ആ ചിഹ്നത്തെ സ്വയംബോ എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ സൂര്യനെയും ചന്ദ്രനെയും പ്രകൃതിയെയും ആരാധിക്കുന്നു. രണ്ട് അടയാളം കണ്ടില്ലേ. അത് മീനുകളെയാണ് പ്രതിനിധാനംചെയ്യുന്നത്. മംഗോളിയന്‍ പുരാണത്തില്‍ മത്സ്യം ഒരിക്കലും ഉറങ്ങുന്നില്ല. മംഗോളിയന്‍ ജനതയും എപ്പോഴും ഉണര്‍വോടെ പ്രവര്‍ത്തിക്കും എന്നാണ് അർഥമാക്കുന്നത്. നീലവരകള്‍ ശാശ്വതമായ നീലാകാശത്തെയും ചുവന്ന വരകള്‍ നിത്യതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.’’
മൈതാനത്തിനു ചുറ്റുമായി ചെറിയ സ്റ്റാളുകള്‍ നിർമിക്കുന്ന തിരക്കിലായിരുന്നു ചിലര്‍. നാടോടികളുടെ വൃത്താകാരത്തിലുള്ള ഒന്നുരണ്ട് കൂടാരങ്ങളും അവിടെയുണ്ട്. അവയെ ‘ഗെര്‍’ എന്നാണ് വിളിക്കുക. അതിലെ ഒരു ഗെറിലേക്ക് ഞങ്ങള്‍ പോയി. ഒരു മുതിര്‍ന്ന സ്ത്രീയും അവരുടെ രണ്ടു മക്കളും പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്നെ കണ്ടതും ‘‘സായിന് ബയിനോ’’ എന്നും പറഞ്ഞു. എന്തുണ്ട് വിശേഷം? എന്ന് ചോദിക്കുന്നതാണെന്നും സുഖംതന്നെ എന്നർഥമാക്കുന്ന തയ്വാന്ഡാ എന്ന വാക്ക് മറുപടിയായി നൽകാൻ അനു പറഞ്ഞു. ഞാനത് പറഞ്ഞൊപ്പിച്ചു. പുതിയതായി ആരെ പരിചയപ്പെട്ടാലും അവര്‍ ഈ ചോദ്യം ചോദിക്കുമെന്നതിനാല്‍ ഞാനത് മനപ്പാഠമാക്കി.
‘‘അവര്‍ ഖുശൂര് ഉണ്ടാക്കുകയാണ്. സാധാരണ മഞ്ഞുകാലത്തും ഉത്സവസമയത്തുമാണ് ഈ പലഹാരം ഉണ്ടാക്കുക.’’
ഒരു പെണ്‍കുട്ടി മൈദമാവ് കുഴച്ചുവെച്ചതില്നിന്ന് കുറച്ചെടുത്ത് ചപ്പാത്തിപോലെ പരത്തി. കൊത്തിയരിഞ്ഞ ആട്ടിറച്ചിയും ഉള്ളിയും ഉപ്പും ചേര്‍ത്ത് മിശ്രിതമാക്കി വെച്ചിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടി അത് ഒരു സ്പൂണില്‍ എടുത്ത് ചപ്പാത്തിയുടെ പകുതിയില്‍ നിരത്തി. എന്നിട്ട് മറുഭാഗംകൊണ്ട് അടച്ചു. അറ്റം പ്രത്യേകരീതിയില്‍ ഒട്ടിച്ച ശേഷം അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് ഷീറ്റില്‍ വെച്ചു. ആളുകള്‍ എത്തി തുടങ്ങുമ്പോഴേ അത് എണ്ണയില്‍ വറുത്തു കോരുകയുള്ളൂ എന്ന് അനു പറഞ്ഞു. ഞങ്ങള്‍ പിന്നീട് വരാമെന്ന് പറഞ്ഞു അവിടന്നിറങ്ങി.
നാദം ഉത്സവത്തിൽ ഒാട്ടമത്സരത്തിന് തയാറായി നിൽക്കുന്ന കുതിര
അൽപം അകലെയായി കുറച്ചു കുഞ്ഞു കുതിരകളെ കെട്ടിയിട്ടിരുന്നു. ചുമപ്പും നീലയും കലര്‍ന്ന മനോഹരമായ കുപ്പായം അണിഞ്ഞ തവിട്ടു നിറത്തിലെ കുതിര എന്നെ ആകര്‍ഷിച്ചു. തലയിലുള്ള മുടി ബാന്ഡ്കൊണ്ട് കെട്ടിവെച്ചിരുന്നത് പൂക്കുലപോലെ തോന്നിച്ചു. വാലിലെ മുടിയിലും ബാന്‍ഡ് കെട്ടിയിരുന്നു. ശരിക്കും ‘പോണി ടെയില്‍’. ഞാന്‍ അതിനെ താലോലിക്കാന്‍ മുന്നോട്ടാഞ്ഞതും അനു എന്റെ കൈ പിടിച്ചു പിന്നോട്ട് വലിച്ചു. ‘‘അതിന്റെ അടുത്തേക്ക് പോകരുത്. കുതിരപ്പന്തയത്തിനു തയാറാക്കി നിര്‍ത്തിയിരിക്കുന്ന കുതിരയാണ്. മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അതിന് മര്യാദക്ക് ഭക്ഷണവും വെള്ളവും കൊടുക്കില്ല. അത് കാരണം അത് ദേഷ്യത്തിലാണ്. അടുത്ത് ചെന്നാല്‍ ചവിട്ടും.’’ ഞാന്‍ രണ്ടടികൂടി പിന്നോട്ട് വെച്ചു. ‘‘വിയര്‍ത്തു നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനാണ് ഉടുപ്പ് ഇട്ടു കൊടുത്തിരിക്കുന്നത്. മുടി ഇങ്ങനെ കെട്ടിെവച്ചില്ലെങ്കില് ഓടുമ്പോള്‍ അതിനു ശല്യമാകും.’’
ആ സമയത്ത് കുതിരയുടെ ഉടമ ഞങ്ങളുടെ അടുത്തേക്ക് എത്തി. ഞങ്ങള്‍ പരിചയപ്പെട്ടു. അയാളുടെ ഏഴു വയസ്സുകാരന് മകനുവേണ്ടി തയാറാക്കി നിര്‍ത്തിയ കുതിരയാണെന്ന് അയാള്‍ പറഞ്ഞു. പന്തയത്തിന് കുതിരയെ തിരഞ്ഞെടുക്കുന്നതിനെ പറ്റിയും തയാറാക്കുന്നതിനെപ്പറ്റിയും ഞാന്‍ അയാളോട് ചോദിച്ചു. ‘‘കുതിരക്കാര്‍ക്ക് ലക്ഷണംകൊണ്ട് നല്ല കുതിരയെ തിരിച്ചറിയാന്‍ സാധിക്കും. ഇടുങ്ങിയ നെറ്റിയും നേര്‍ത്ത മേനിയും വാലും വീതിയേറിയ നെഞ്ചും ഉറപ്പുള്ള പിന്‍കാലുകളും നല്ല ലക്ഷണമാണ്. നാദത്തിനു രണ്ടു മാസം മുമ്പാണ് പരിശീലനം തുടങ്ങുക. ആദ്യ ഘട്ടത്തില്‍ കുതിരയുടെ കൊഴുപ്പ് കുറക്കണം. അതിനായി ഇതിനെ രണ്ടുമൂന്നു ദിവസം ഒരേ സ്ഥലത്തു കെട്ടിയിടും. ഭക്ഷണത്തിന്റെ അളവ് കുറക്കുന്നതോടെ ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞു തുടങ്ങും. ശേഷം പതിയെ ചെറിയ ദൂരം ചെറിയ വേഗത്തില്‍ ഓടിക്കും.
പിന്നെ വലിയ ദൂരം ചെറിയ വേഗതയില്‍. ഹൃദയമിടിപ്പ് ശരിയായി കഴിഞ്ഞു വലിയ ദൂരം വേഗത്തില്‍ ഓടിച്ചു പരിശീലിപ്പിക്കും. കുതിരയുടെ വയസ്സിനനുസരിച്ചു ദൂരത്തിലും പരിശീലനത്തിലും മാറ്റം വരുത്തും. മൂന്നു വയസ്സുള്ള കുതിരയെ മത്സരത്തിന് പത്ത് ദിവസം മുമ്പ് 10-13 കിലോമീറ്റര്‍ ഓടിക്കും. മത്സരത്തിന് നാലോ അഞ്ചോ ദിവസം മുമ്പ് 15 കിലോമീറ്ററും ഓടിക്കും. പരിശീലനത്തിന്റെ ഫലം അപ്പോഴാണ് അറിയുക. പോരെന്നു തോന്നിയാല്‍ പന്തയത്തിനു ചേര്‍ക്കില്ല. കഠിനമായ പരിശീലനമായതിനാല്‍ കുതിര ചത്തു പോകാന്‍ ഇടയുണ്ട്. നല്ല ആരോഗ്യമുണ്ടെന്നു തോന്നിയെങ്കില്‍ മാത്രമേ ഞാന്‍ കുതിരയെ ഇറക്കാറുള്ളൂ.’’ ഒരാള്‍ കുതിരപ്പുറത്ത് അതിലേ വന്നിട്ട് പന്തയം തുടങ്ങാന്‍ പോകുന്നു എന്നറിയിച്ചു. ‘‘കുതിരപ്പന്തയം തുടങ്ങുന്നത് അൽപം ദൂരെയാണ്. നമുക്ക് മത്സരം തീരുന്നിടത്തുനിന്ന് കാണാം. അതാണ് കൂടുതല്‍ രസം.’’ അനു എന്നോട് പറഞ്ഞു.
മൈതാനത്തില്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. എല്ലാവരും മനോഹരമായ ഡെല്‍ കുപ്പായം അണിഞ്ഞിരുന്നു. ആണുങ്ങളെല്ലാം തലയില്‍ തൊപ്പി വെച്ചിട്ടുണ്ട്. അനുവിന്റെ ഒരു സുഹൃത്ത് സംഘാടക സമിതിയിലുണ്ടായിരുന്നു. അവരോടു ചോദിച്ചപ്പോള്‍ ഇനിയും അരമണിക്കൂര്‍ കൂടി കഴിയും പരിപാടികള്‍ തുടങ്ങാന്‍ എന്ന് പറഞ്ഞു. അതായത് പത്തരക്ക് തുടങ്ങേണ്ട പരിപാടി ഒരു മണിയാകുമെന്ന്. നാട്ടിലെക്കാള്‍ കഷ്ടമാണല്ലോ കാര്യങ്ങള്‍ എന്നോര്‍ത്തു. പല പ്രദേശവാസികളും അവരുടെ കുതിരയെ ഓടിച്ചാണ് പരിപാടിക്കെത്തിയത്.
ചെങ്കിസ്ഖാനെ അനുസ്മരിപ്പിക്കുന്ന കൊടികൾ
വാഹനങ്ങളില്‍ വരുന്നവര്‍ കുറവായിരുന്നു. കുതിര അവരെ സംബന്ധിച്ചിടത്തോളം ആഡംബരമല്ല. സൈക്കിള്‍ പോലെയോ ബൈക്ക് പോലെയോ നിത്യോപയോഗ വസ്തുവാണ്. പത്തും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ കുതിരയെ ഓടിച്ചുവരുന്നത് ആരാധനയോടെ ഞാൻ നോക്കിനിന്നു. അനുസരണയില്ലാത്ത കുതിരയെ ഒരു പതിനൊന്നു വയസ്സുകാരി മെരുക്കുന്നത് കണ്ട് രോമാഞ്ചം വന്നു. ‘‘എല്ലാവരും അവരുടെ ഏറ്റവും അനുസരണയില്ലാത്ത കുതിരയെ കൊണ്ടേ വരൂ. എങ്കിലല്ലേ അതിനെ വരുതിയിലാക്കുന്നത് മറ്റുള്ളവരെ കാണിക്കാന്‍ പറ്റൂ.’’ ആ കാഴ്ചയോടുള്ള അനുവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞാൻ ചിരിച്ചുപോയി.
ഞങ്ങള്‍ ഖുശൂര് ഉണ്ടാക്കിയിരുന്ന പെണ്‍കുട്ടികളുടെ ഗെറില്‍ പോയി അത് വാങ്ങി കഴിച്ചു. യാതൊരു വികാരവുമില്ലാത്ത സമോസയായിട്ടാണ് തോന്നിയത്. എരിവിനും മസാലക്കും വേണ്ടി നാവ് കൊതിച്ചു. അനുവിന് എല്ലാവരെയും പരിചയമായിരുന്നതുകൊണ്ട് അവരോടു കൊച്ചു വര്‍ത്തമാനം പറഞ്ഞിരുന്നു. ഒരുമണിയാകാറായപ്പോള്‍ മൈതാനത്തിലേക്ക് നടന്നു. ചെറിയ മഴക്കോളുണ്ടായിരുന്നു. നല്ല തണുത്ത കാറ്റും. മംഗോളിയയില്‍ കാലാവസ്ഥ പ്രവചനാതീതമാണ്. തണുപ്പും ചൂടും മഴയും വെയിലുമൊക്കെ നിമിഷനേരംകൊണ്ട് മാറിമാറി വരുമെന്നുള്ളതിനാല്‍ സ്വെറ്റര്‍ കൈയിലുണ്ടായിരുന്നു, അതും ധരിച്ച് കാണികള്‍ക്കിരിക്കാനായി ഉണ്ടാക്കിവെച്ച സീറ്റില്‍ പോയിരുന്നു.
ആ സമയം 80ലധികം പ്രായമുള്ള സ്ത്രീ എന്റെ അരികില്‍ വന്നിരിപ്പായി. അവരുടെ നെഞ്ചിന്റെ ഭാഗത്ത് പല ആകൃതിയിലുള്ള ഒരുപിടി മെഡലുകള്‍ കുത്തിവെച്ചിരുന്നു. അനു ഓരോന്നും വിശദീകരിച്ചുതന്നു. 60 വയസ്സു പിന്നിടുന്നവരെ തുടർന്നുള്ള ഓരോ 10 വയസ്സ് കൂടുമ്പോഴും ഭരണകൂടം ആദരിക്കും. രസകരമായി തോന്നിയത് അതിലെ മറ്റു രണ്ടു മെഡലുകളാണ്. നാല് കുട്ടികളെ പ്രസവിക്കുമ്പോഴും ആറു കുട്ടികളെ പ്രസവിക്കുമ്പോഴും കിട്ടുന്ന മെഡലുകളാണവ. അനു വാചാലയായി, ‘‘ഞാനും ഈ രണ്ടു മെഡലുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. അതുകൊണ്ട് എനിക്ക് ഇനിയും കുട്ടികള്‍ വേണം.’’ ആദ്യമായിട്ടാണ് ഒരു കൊച്ചു പെണ്‍കുട്ടി ഒരുപാടു കുട്ടികള്‍ വേണം എന്ന് പറഞ്ഞുകേട്ടത്.
അനൂകയുടെ വീട്ടിലെ അടുക്കള
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ് മംഗോളിയ, ഒരു ചതുരശ്ര കിലോമീറ്ററില്‍ രണ്ടില്‍ താഴെ നിവാസികള്‍ (ഇന്ത്യയില്‍ ഒരു ചതുരശ്ര കിലോമീറ്ററിന് 479 ആണ്). അയല്‍രാജ്യമായ ചൈനയുടെ മുന്‍ ഒറ്റക്കുട്ടി നയത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി, 1950കളില്‍ അവതരിപ്പിച്ച പ്രോത്സാഹനങ്ങള്‍ ഉപയോഗിച്ച് മംഗോളിയ ഇപ്പോഴും ജനങ്ങളുടെ എണ്ണം വർധിപ്പിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു കാര്യം വായിച്ചത് ഓർമ വന്നു. ഓക്സ്ഫഡ് സര്‍വകലാശാല 2003ൽ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ 16 മില്യണ്‍ ആളുകള്‍ ചെങ്കിസ്ഖാന്റെ ജനിതകമുള്ളവരാണ്. അതായത് അദ്ദേഹത്തിന് വിവിധ രാജ്യങ്ങളില്‍ അനവധി കുട്ടികളുണ്ടായിരുന്നു. പാശ്ചാത്യ ചരിത്രകാരന്മാര് ഒരു പെണ്പിടിയനായിട്ടാണ് അദ്ദേഹത്തിനെ ചിത്രീകരിക്കുന്നത്. പരിപാടികള്‍ തുടങ്ങുന്നതായി അനൗൺസ്മെന്റ് വന്നു. മംഗോളിയയുടെ നാദത്തിനുവേണ്ടി ഞാന്‍ കാതോര്‍ത്തു.