ഈ അവസ്ഥയിൽ നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക - കെ.ഇ.എൻ എഴുതുന്നു
രാജ്യത്തിന്റെ സ്വാതന്ത്ര്യവും മൂല്യങ്ങളും മതനിരപേക്ഷതയും വലിയ വെല്ലുവിളികളും അടിച്ചമർത്തലും നേരിടുന്ന കാലമാണിത്. രാമന്റെ പേരിൽ മസ്ജിദ് തകർത്ത്, അതിന് എതിർപ്പുകളില്ലാതെ മന്ദിരം പണിയുന്ന കാലത്ത് നിന്ന് ചില ചിന്തകൾ. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1173 പ്രസിദ്ധീകരിച്ചത്.
അത്രമേൽ കീഴ്മേൽ മറിഞ്ഞ ഒരവസ്ഥയിലൂടെയാണ് സത്യമായും ഇന്ന് ഇന്ത്യൻ ജീവിതം നിലവിളിച്ച് കടന്നുപോകുന്നത്. സ്വാതന്ത്ര്യം സ്വപ്നം കണ്ടതിെൻറ പേരിൽ, നിർഭയരായി നീതിക്കൊപ്പം നിന്നതിെൻറ പേരിൽ, തടവറയിലേക്ക് വലിച്ചെറിയപ്പെടുന്നവർ നിരവധിയാണ്. ദീർഘകാലാടിസ്ഥാനത്തിൽ തന്നെ സൗഹൃദങ്ങളെ അസാധ്യമാക്കുംവിധം, വെറുപ്പും അകൽച്ചയുമാണ് ഇന്ത്യയിലിന്ന് ഭരണകൂട നേതൃത്വത്തിൽ വ്യാപകമായി സർവത്ര വിതരണംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. വിശ്വാസ–അവിശ്വാസ വ്യത്യാസമില്ലാതെ, പവിത്രം, പാവനം എന്നൊക്കെ വിശേഷിപ്പിക്കപ്പെടാവുന്ന, ആരാധനാലയങ്ങളിലേക്കുപോലും പകയും അശ്ലീലതകളുമാണ് അടിച്ചുകയറ്റപ്പെടുന്നത്. മഹത്ത്വം മലിനമാക്കപ്പെടുകയും മനുഷ്യത്വത്തിന് മുറിവേൽക്കപ്പെടുകയും സംഭാഷണങ്ങൾ കുറയുകയും സംവാദംതന്നെ അസാധ്യമാവുകയും ചെയ്യുംവിധം ജീവിതം ചുരുങ്ങിവരുന്ന ഇതുപോലുള്ളൊരു കാലത്ത്, 'മിനിമം' നിരാശയെങ്കിലും തോന്നാത്തവരെ നാം സൂക്ഷിക്കണം. നവോത്ഥാനത്തിന് പകരം പുനരുത്ഥാനവും രാഷ്ട്രീയത്തിെൻറ സ്ഥാനത്ത് അരാഷ്ട്രീയതയും, പ്രബുദ്ധതക്കപ്പുറം ഉപഭോഗപരതയും കാഴ്ചപ്പാടുകൾക്ക് ബദലായി കാഴ്ചകൊഴുപ്പുകളും സർഗാത്്മകതക്കുപകരം യാന്ത്രികതകളും കൊടിപറത്തുന്ന ഒരവസ്ഥയിലെ നിരാശക്കുപോലും സക്രിയമാവാനും സമരോത്സുകമാവാനും കഴിയും. മരവിച്ച ശൂന്യതകളിൽനിന്നല്ല സ്നേഹനഷ്ടത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽനിന്നാണ്, സമരോത്സുകമായ നിരാശകൾ പിറക്കുന്നത്. ''സ്വാതന്ത്ര്യമെന്നാൽ സ്നേഹിക്കലും സഹായിക്കലുമാണ് കൂട്ടരേ, നിർഭയമായി സ്നേഹിക്കുക, എങ്ങുമുള്ള മനുഷ്യരെ സ്നേഹിക്കുക, അതാണ് സ്വാതന്ത്ര്യം'' എന്ന് സഫ്ദർ ഹാശ്മി. ''സ്നേഹിക്കണമെങ്കിലും ഇന്ന് നാം സമരം ചെയ്യണം'' എന്നതിന്ന്, സ്നേഹം സ്വയം സമരമാണെന്നുകൂടിയാണ് അർഥം. മറ്റെന്ത് നഷ്ടപ്പെട്ടാലും, സ്നേഹം നഷ്ടമാവാൻ സമ്മതിക്കില്ലെന്ന സത്യപ്രതിജ്ഞയുടെ പേര് കൂടിയാണ് സ്വാതന്ത്ര്യം.
ഇന്ത്യൻ ജനതയൊന്നാകെ ശ്രീരാമചന്ദ്രെൻറ കീഴിൽ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്നതിൽ സംഘ്പരിവാർ പ്രചാരണങ്ങൾ വിജയിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്, ഇത്തവണ നമ്മുടെ രാഷ്ട്രത്തിെൻറ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. ബഹുസ്വരത നൃത്തംവെക്കുന്ന, 'ഇന്ത്യ ഒരു വിസ്മയം' എന്ന മഹത്തായ ആശയത്തെ ശിഥിലമാക്കുംവിധം, 'രാമെൻറ മക്കളും', 'ഹറാം മക്കളു'മായി വ്യത്യസ്ത മത–മതരഹിത–രാഷ്ട്രീയ ചിന്താധാരകൾ പങ്കുവെക്കുന്ന മനുഷ്യരെയാകെ നെടുകെ 'വിഭജിക്കാനുള്ള' ശ്രമമാണ് മുമ്പെങ്ങുമില്ലാത്തവിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. സമകാല ചരിത്രം നിസ്സംശയം ഗുണ്ടായിസമെന്ന് വിളിച്ച ബാബരി പള്ളി പൊളിച്ച സംഭവം സ്വാതന്ത്ര്യസമരമായി മത്സരിച്ച് വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അതോടെ അദ്വാനിപോലും മാപ്പ് പറഞ്ഞ ഒരു പൊളിപ്പൻപണിയിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമരസേനാനികളായി മാറിയിരിക്കുന്നു. കൃത്യം ഇരുപത്തിയെട്ട് കൊല്ലംകൊണ്ട്, ഒരഞ്ഞൂറു കൊല്ലത്തെ സംഭവബഹുലമായ ചരിത്രത്തെയാണ് ഇന്ത്യൻ ഫാഷിസം അട്ടിമറിച്ചിരിക്കുന്നത്. നിരന്തരമായ നുണപ്രചാരണങ്ങൾക്കും ചെറുതും വലുതുമായ കൈയേറ്റങ്ങൾക്കും ഒടുവിൽ, ഭരണകൂട പിന്തുണയോടെ, 1992 ഡിസംബർ ആറിന്, തകർക്കപ്പെട്ടത് ഒരു വെറും പള്ളിയല്ല, ഇന്ത്യയുടെ മതനിരപേക്ഷതയുടെ ശക്തമായൊരു പ്രതീകമായിരുന്നുവെന്നുള്ളത് പതുക്കെ പലരും മറന്നുകൊണ്ടിരിക്കുകയാണ്! പള്ളിപൊളിച്ച പിറ്റേദിവസം, പൊളിപ്പ്പണിക്ക് നേതൃത്വം നൽകിയ അദ്വാനി രാഷ്ട്രത്തോട് മാപ്പ് പറഞ്ഞതും പള്ളി പൊളിക്കൽ നടക്കുമ്പോൾ 'പൂജ' നിർവഹിക്കുകയായിരുന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഞെട്ടിയുണർന്ന്, പള്ളി തൽസ്ഥാനത്ത് തന്നെ പുനർനിർമിക്കുമെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകിയിരുന്നതും കാര്യമായി ഇപ്പോഴാരുമോർക്കാറേയില്ല! രണ്ടായിരത്തി ഇരുപത് ആഗസ്റ്റ് അഞ്ചിന് വിസ്മൃതമായത് അദ്വാനിയുടെ മാപ്പും നരസിംഹറാവുവിെൻറ ഉറപ്പും മാത്രമല്ല, മതനിരപേക്ഷതയുടെ മഹത്ത്വവുമാണ്. സാമ്രാജ്യത്വവിരുദ്ധ സമരത്തിെൻറ സ്മരണകൾ ഇരമ്പുന്ന, ആഗസ്റ്റ് പതിനഞ്ചിനു മുകളിൽ; ഇപ്പോൾ സ്ഥാനമുറപ്പിച്ചിരിക്കുന്നത്, രാമക്ഷേത്രത്തിെൻറ ശിലാന്യാസം നിർവഹിക്കപ്പെട്ട ആഗസ്റ്റ് അഞ്ചാണ്! ആ ദിവസത്തെ രാമരാജ്യത്തിന് ശിലാന്യാസം നടന്ന മഹത്തായ സുദിനമായാണ്, അഞ്ചു നൂറ്റാണ്ടുകാലത്തെ യാതനാപൂർണമായ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായാണ്, ഇന്ത്യൻ ദേശീയതയുടെ കളങ്കം കഴുകിക്കളഞ്ഞ പുണ്യപ്രവൃത്തിയായാണ്, സംഘ്പരിവാർ ഔദ്യോഗികമായിതന്നെ അടയാളപ്പെടുത്തിയിരിക്കുന്നത്. ആദ്യമവർ ഇന്ത്യൻ ജനതയെ ''ബാബറിെൻറ മക്കളും'', ''രാമെൻറ മക്കളു''മാക്കി. രണ്ടാമതവർ ''ബാബറിെൻറ മക്കളെ'' ''ഹറാം മക്കളാ''ക്കി, പിന്നീടവർ അവരുടെ 'പൗരത്വത്തി'ൽ ഭേദഗതികൾ കൊണ്ടുവന്നു. ഒടുവിലവർ അതിനെതിരെ പ്രതികരിച്ച ഇന്ത്യ എന്നും അഭിമാനത്തോടെ ഓർക്കുന്ന നിരവധി പ്രതിഭാശാലികളെയും പ്രക്ഷോഭകരെയും രാജ്യേദ്രാഹികളാക്കി മുദ്രകുത്തി തടവിലിട്ടു.
ഇന്ത്യയുടെ തലസ്ഥാനം സത്യമായും ഡൽഹിയിൽനിന്നും ആർ.എസ്.എസിെൻറ ഹെഡ്ക്വാർട്ടേഴ്സായ നാഗപ്പൂരിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ലിബറൽ സെക്കുലറിസ്റ്റുകളിൽ പലർക്കും എന്നിട്ടും മനസ്സിലാവുന്നില്ല. ഇനിമുതൽ '1947 ആഗസ്റ്റ് 15നും' മുകളിൽ '2020ലെ ആഗസ്റ്റ് 5' കയറിനിന്നേക്കുമെന്നതിനെ അവർ കാര്യമായി പരിഗണിക്കുന്നില്ല. ഭീമ കൊറേഗാവ്, കശ്മീർ, മുത്തലാഖ്, വിദ്യാഭ്യാസ അട്ടിമറി, ചരിത്ര തമസ്കരണം, ജനവിരുദ്ധ സാമ്പത്തിക രാഷ്ട്രീയ നയം എന്നിവയെല്ലാം രാമക്ഷേത്ര കാര്യപരിപാടിയിലേക്ക് കൃത്യമവർ കണ്ണിചേർത്തു കഴിഞ്ഞിരിക്കുന്നു. ക്ഷതങ്ങൾ ഇല്ലാതാക്കുന്നതാണ് ക്ഷേത്രമെങ്കിൽ, ഇവിടെ മതനിരപേക്ഷതക്ക് ക്ഷതമേൽക്കുംവിധമാണ് പുതിയ രാഷ്ട്രീയ ക്ഷേത്ര പ്രോജക്ട് മുന്നേറുന്നത്. മതനിരപേക്ഷതയെയും ദൈനംദിന ജീവിത പ്രശ്നങ്ങളെയും മരവിപ്പിക്കുന്നതിെൻറ േസ്രാതസ്സായി 'രാഷ്ട്രീയഭക്തി' മാറും. പ്രശസ്ത സാമൂഹികശാസ്ത്രജ്ഞ മീരാനന്ദ നിരീക്ഷിച്ചതുപോലെ, ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്നത് മറ്റ് രാജ്യങ്ങളിലെന്നപോലെ 'സാദാ വിപണിയല്ല'; സാക്ഷാൽ ദൈവവിപണിയാണ്(God Market). ഭരണകൂടവും–ക്ഷേത്രവും–കോർപറേറ്റുകളും ചേർന്നൊരുക്കിയ ഒരു സമുച്ചയമായാണത് ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നത്. (''State-Temple-Corporate Complex''എന്ന് മീരാനന്ദ).
സർക്കാർ ആഗോളമൂലധനത്തിെൻറ വെറും ബിസിനസ് നടത്തിപ്പുകാർ ആവുന്നതിനെക്കുറിച്ച് മുമ്പ് മാർക്സ് പറഞ്ഞതിനോടൊപ്പം; ഇന്ത്യൻ പശ്ചാത്തലത്തിൽ, 'ജാതിമേൽക്കോയ്മയും' മൂലധന താൽപര്യങ്ങളും, ഭരണകൂട നേതൃത്വത്തിലുള്ള ആരാധനാലയങ്ങളും വിദ്വേഷ ആശയങ്ങളും, 'ഉരുകി ചേരുന്ന' സങ്കീർണമായ ഒരവസ്ഥയാണുള്ളതെന്ന് തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. ഭരണകൂടത്തിെൻറ മർദകാധികാര–പ്രത്യയശാസ്ത്ര ശക്തിക്കൊപ്പം, 'കോവിഡ് മഹാമാരി'കൂടി, ഒന്നിച്ചതോടെ, ജനകീയ പ്രതികരണങ്ങൾക്ക് ഏറക്കുറെ ബലക്ഷയം സംഭവിച്ചൊരു പശ്ചാത്തലത്തിലാണ്; ഇന്ത്യയുടെ പ്രധാനമന്ത്രിതന്നെ സ്വയമൊരു പുരോഹിതനായത്! സുപ്രീംകോടതി വിധിയനുസരിച്ച് രാമക്ഷേത്രം നിർമിക്കാനും അതിനാവശ്യമായ ആചാരങ്ങൾക്ക് നേതൃത്വം കൊടുക്കാനും പ്രത്യേക ക്ഷേത്രസമിതി ഉണ്ടെന്നിരിക്കെ, രാഷ്ട്രത്തിെൻറതന്നെ പരമോന്നത നേതാവ് ആ ദൗത്യം ഏറ്റെടുത്തത് നിലവിൽ ആചാര്യപുരോഹിതരുടെ അഭാവത്തെയല്ല, ഒരു രാഷ്ട്രീയ അജണ്ടയുടെ ശിലാസ്ഥാപനകർമത്തെയാണ് ദൃഢപ്പെടുത്തിയത്. കൊറോണയെ തുരത്താനുള്ള മുഖ്യമരുന്ന് രാമക്ഷേത്രനിർമാണമാണെന്നുവരെ പ്രചാരമുണ്ടായി. അങ്ങനെയാണെങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ അതിവേഗം രാമക്ഷേത്ര പണി പൂർത്തിയാക്കിയാൽ മതിയായിരുന്നു! എന്നാൽ അതിനെക്കാളും കൗതുകകരമായത്, സംഘ്പരിവാർ നേതാവും ഭോപാൽ എം.പിയുമായ സാധ്വി പ്രഗ്യാസിങ്ങിെൻറ കണ്ടുപിടിത്തമാണ്. അവരവകാശപ്പെട്ടത്, ജൂലൈ 25 മുതൽ ശിലാന്യാസം നടക്കുന്ന ആഗസ്റ്റ് അഞ്ചുവരെ ദിവസം അഞ്ച്നേരം ഹനുമാൻകീർത്തനം ചൊല്ലിയാൽ, മഹാമാരിയെ ഓടിക്കാം എന്നാണ്! പതിനെട്ട് ദിവസംകൊണ്ടാണ് മഹാഭാരതയുദ്ധം ജയിച്ചതെന്ന് കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയും പറഞ്ഞിരുന്നു. ഭരണകൂട മാധ്യമികതയിലൂടെ ആവിഷ്കരിക്കപ്പെടുന്ന 'അന്ധവിശ്വാസം' സാധാരണ അന്ധവിശ്വാസങ്ങളെക്കാൾ ശക്തമായ ഒരധികാരശക്തിയായി മാറും. ഭരണകൂട മാധ്യമികതയിലൂടെയും അല്ലാതെയും ദൃഢപ്പെടുന്ന ജാതിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസം. മതനിരപേക്ഷതയുടെ അനിവാര്യഭാഗമായ ആചാരപരമായ നിഷ്പക്ഷത പാലിക്കാൻ ഭരണകൂടത്തിനും ലിബറൽ സെക്കുലർ കാഴ്ചപ്പാട് പുലർത്തുന്നവർക്കും കഴിയാതിരിക്കുന്നത്, ജാതി സ്വന്തം ശീലമായി മാറിയതുകൊണ്ടാണ്!
ബാബരി മസ്ജിദിനെ ഇന്ത്യൻ ജാതിമേൽക്കോയ്മ വിവിധ ഘട്ടങ്ങളിലായി പിടിച്ചെടുത്തതും പൊളിച്ചടുക്കിയതും, വ്യത്യസ്തതരം ആശയങ്ങളും അന്ധവിശ്വാസങ്ങളും അതിനോടൊപ്പം ആയുധങ്ങളും ഉപയോഗിച്ചാണ്. നിഷ്കളങ്കമായ രാമഭക്തി മുതലെടുത്താണ്, രാമഭക്തിക്ക് കളങ്കം ചാർത്തുംവിധം, 1949 ഡിസംബർ 22ന് രാത്രി ബാബരി മസ്ജിദിനകത്ത് ഇടിച്ചുകയറി രാമവിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം 'സ്വയംഭൂവായതാ'ണെന്ന പരിഹാസ്യമായ വാദം ഇപ്പോൾ സംഘ്പരിവാർപോലും പറയാറില്ല. 1991ൽ ഞാനാണ് ആ വിഗ്രഹം അന്നവിടെ സ്ഥാപിച്ചതെന്ന് രാമചന്ദ്രദാസ് പരമഹംസ് തുറന്ന് പറഞ്ഞതോടെ, സ്വയംഭൂവാദത്തിൽ ആത്മാർഥമായി വിശ്വസിച്ചിരുന്നവർപോലും അമ്പരന്നുപോയിട്ടുണ്ടാവും! വിഗ്രഹം പള്ളിയിൽ പ്രതിഷ്ഠിച്ചതറിഞ്ഞപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, അത് സരയൂനദിയിലേക്ക് വലിച്ചെറിയാൻ പറഞ്ഞത്, ഇന്ത്യൻ മതനിരപേക്ഷതയുടെ കോരിത്തരിപ്പിക്കുന്ന ചരിത്രമായി ജനാധിപത്യശക്തികൾ ഇന്നും അനുസ്മരിക്കുന്നു. എന്നാൽ ഇന്ത്യയിൽ അന്നും പിന്നീടും 'നെഹ്റു' പൊളിയുകയാണുണ്ടായത്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കു മുകളിൽ, ഫൈസാബാദ് കലക്ടറായിരുന്ന കെ.കെ. നായർ വിജയിച്ചു. വിഗ്രഹം എടുത്തെറിയുന്നതിനുപകരം കെ.കെ. നായർ പൂജക്കുള്ള ഏർപ്പാടൊരുക്കുകയും ചെയ്തു! മസ്ജിദ് തകർക്കപ്പെടേണ്ടതും അതിെൻറ അവശിഷ്ടങ്ങൾ സരയൂനദിയിൽ എറിയപ്പെടേണ്ടതുമാണ് എന്ന് അഭിപ്രായപ്പെട്ട വിനയ് കത്യാറും കൂട്ടുകാരുമാണ് രണ്ടാം വട്ടം വിജയിച്ചത്. സന്ന്യാസികളുടെ തീരുമാനം കോടതികൾക്കതീതമാണെന്ന് പ്രഖ്യാപിച്ച അശോക്സിംഗാളാണ് മൂന്നാംവട്ടം വിജയിച്ചത്. അദ്വാനി ആ അർഥത്തിൽ നാലാംവട്ട വിജയിയാണ്.
ഓരോ തവണയും തോൽപിക്കപ്പെട്ടത് ഇന്ത്യൻ 'സ്വാതന്ത്ര്യത്തിെൻറ' മൂല്യങ്ങളാണ്. 1949ഉം 1989ഉം 1992ഉം ജനാധിപത്യശക്തികൾ നിതാന്തജാഗ്രത പുലർത്തുന്നില്ലെങ്കിൽ മറവിയിൽ മറയും. 2020 ആഗസ്റ്റ് 5 മാത്രം ചരിത്രത്തിൽ തെളിയും. 1789നെ ഞാൻ ചരിത്രത്തിൽനിന്ന് ഉന്മൂലനം ചെയ്യുമെന്നാേക്രാശിച്ചത്, 1930കളിൽ, നൂറ്റാണ്ടുകൾക്കപ്പുറം ഗീബൽസായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവത്തിെൻറ മഹത്തായ ആശയങ്ങളാണ് ഫാഷിസ്റ്റ് ഗീബൽസിനെ പരിഭ്രാന്തമാക്കിയത്. ഫാഷിസ്റ്റുകൾ ജയിച്ചാൽ മരിച്ചവർക്കുപോലും രക്ഷയുണ്ടാവുകയില്ലെന്നും, വഴിക്കല്ലുകളുടെ കുറിപ്പുകൾ മാറ്റിയെഴുതുന്നതുപോലെ അവർ ശവക്കല്ലറയുടെ പേരുകൾപോലും തിരുത്തിയെഴുതുമെന്നും പറഞ്ഞത് നാസിഭീകരതകൾ അനുഭവിച്ച വാൾട്ടർ ബെഞ്ചമിനാണ്. സങ്കരസംസ്കാരത്തിെൻറയും മതനിരപേക്ഷതയുടെയും സ്മരണകളെയാണ് ഇന്ത്യൻ ഫാഷിസ്റ്റുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നത്. അയോധ്യയിലെ ഒരു ഇഖ്ബാൽ അൻസാരിയെ ഭൂമിപൂജക്ക് ക്ഷണിച്ചും മുഗൾവംശ പരമ്പരയിലെ ഒരു യാക്കൂബ് ഹബീബുദ്ദീൻ ടൂസിയിൽനിന്ന് സ്വർണം സ്വീകരിച്ചും, ഭാരതവത്കരിക്കപ്പെട്ട ഇന്ത്യക്കാരുടെ പിന്തുണയാർജിച്ചും 'ദേശീയ അഭിമാനം' എന്നാവർത്തിച്ചും സ്മരണകൾ നശിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. ജർമനിയിലെ ജൂതപീഡനത്തിനെതിരെ പ്രതിരോധമുയർന്നപ്പോൾ ''മാന്യരായ ജൂതർക്ക് ഞങ്ങളെതിരല്ലെ''ന്ന് പറഞ്ഞ, പഴയ ഫാഷിസ്റ്റുകളെയാണ്; ഇന്ത്യൻ നവഫാഷിസ്റ്റുകൾ ഇപ്പോൾ ഓർമിപ്പിക്കുന്നത്. ബാബരി പള്ളി പൊളിച്ചത് മുതൽ അവർ നിർവഹിച്ച വിധ്വംസക പ്രവർത്തനങ്ങളെ വിമർശിക്കുന്നവരെ അവർ വിളിക്കുന്നത് ''കപടമതേതര വാദികൾ'' എന്നെത്ര! നെഹ്റു കപട മതേതരവാദി, കെ.കെ. നായരും അദ്വാനിയും നരേന്ദ്ര മോദിയും കറകളഞ്ഞ മതേതരവാദികളും!
മതനിരപേക്ഷതക്കെതിരെ ഒരു പ്രതിലോമബദൽ ആഖ്യാനം, ഇന്ത്യയിൽ നവഫാഷിസ്റ്റുകൾ ശക്തിപ്പെടുത്തുന്നത് ബാബരി മസ്ജിദുമായി ബന്ധപ്പെടുത്തിയാണ്. ബാബർ വിപരീതം രാമൻ എന്ന ഒരർഥത്തിലും പ്രസക്തമല്ലാത്ത ഒരു പരികൽപനയെയാണ് അവരതിനായി ആശ്രയിച്ചത്. അങ്ങനെയാണ് അവർ ഇന്ത്യയുടെ മൂർത്തമായ രാഷ്ട്രീയ സന്ദർഭത്തെ കൃത്രിമമായി അട്ടിമറിച്ചത്. അതിെൻറകൂടി തുടർച്ചയിലാണ്, ഡൽഹിവംശഹത്യവരെ എത്തിനിൽക്കുന്ന, സമസ്ത വംശഹത്യകളും ശക്തിപ്പെട്ടത്.
സ്വാതന്ത്ര്യാനന്തരം, 'ബാബരി' പ്രധാനമായും അഞ്ച് ഘട്ടങ്ങൾ കടന്നാണ് ഇപ്പോഴുള്ള 'പതന'ഘട്ടത്തിൽ എത്തിയത്. ആദ്യത്തേത് മുമ്പേ വ്യക്തമാക്കിയപോലെ ഇടിച്ചുകയറി പള്ളിക്കകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചതാണ്. രണ്ടാമത്തേത് രാജീവ്ഗാന്ധി പൂജ നടത്താൻ പൂട്ട് തുറക്കാൻ അനുവദിച്ചതാണ്. മൂന്നാമത്തേത് പള്ളി പൊളിച്ചതാണ്. നാലാമത്തേത് പൊളിക്കപ്പെട്ട പള്ളിക്കു മുകളിൽ രാമക്ഷേത്രം ഉണ്ടാക്കാനുള്ള സർവരും ഏറക്കുറെ അംഗീകരിക്കുന്ന, സമൂഹത്തിൽ കുഴപ്പം ഒഴിവാക്കാനുള്ള പരമോന്നത കോടതിവിധിയാണ്. അഞ്ചാമത്തേത്, ബ്രിട്ടീഷ് ആധിപത്യകാലം മുതൽ തുടങ്ങി ഇപ്പോഴും തുടരുന്ന അപരവിദ്വേഷത്തിലധിഷ്ഠിതമായ ജാതിമേൽക്കോയ്മാ ആശയസംഹിതയുടെ ശക്തമായ സാന്നിധ്യമാണ്. ബാബരിപള്ളിയെ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അസംസ്കൃതപദാർഥമാക്കിയ ആ ബ്രിട്ടീഷ് സാമ്രാജ്യത്വ പാരമ്പര്യമാണ്, ഇന്ന് സംഘ്പരിവാർ പിന്തുടരുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായ മോണ്ട്ഗോമറി മാർട്ടിനും കാർണഗിക്കും, 1857ലെ സ്വാതന്ത്ര്യസമരം പൊളിക്കാൻ ബ്രിട്ടനെ സഹായിച്ച ഹനുമാൻഗഢിലെ ബൈരാഗികൾ എന്ന പുരോഹിതന്മാർക്ക്, അവരുടെ പിളർപ്പൻ പണിക്കുള്ള പാരിതോഷികമായി 'ബ്രിട്ടൻ' സദയം നൽകിയ, പള്ളിക്കു സമീപത്തെ 'രാമബംബൂത്ര'ക്കും അന്ന് ചെയ്യാൻ കഴിയാത്തതാണ്, ഇന്ന് നരേന്ദ്ര മോദിസർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ബാബറിനെയല്ല, 'ഇന്ത്യ'യെയാണവർ തോൽപിച്ചത്. വർത്തമാനത്തെയല്ല നമ്മുടെ ചരിത്രത്തെയാണ് അവർ തകർത്തത്. ആ തകർച്ചയുടെ ചരിത്രത്തെ ഓർത്തെടുക്കാതെ, വാൾട്ടർ ബെഞ്ചമിെൻറ വാക്കുകളിൽ, ആപത്തിൽ മിന്നിമറിയുന്ന സ്മരണകളെ കൈയെത്തിപിടിക്കാതെ ചരിത്രജ്ഞാനം അസാധ്യമാണ്.
മുരളിമനോഹർ ജോഷി, മസ്ജിദ് ധ്വംസനം ക്ഷേത്രനിർമാണത്തിെൻറ മുന്നോടിയാണെന്ന് പ്രഖ്യാപിച്ചതും, പള്ളി തകർത്തശേഷം മുരളിമനോഹർ ജോഷിയും ഉമാഭാരതിയും പരസ്പരം ആശ്ലേഷിച്ച് ആഹ്ലാദം പങ്കുവെച്ചതും അന്നത്തെ പ്രധാന പത്രവാർത്തയായിരുന്നു. എന്നാൽ അന്ന് പലകാരണങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മുമ്പേ പരാമർശിച്ച അദ്വാനിയുടെ രാഷ്ട്രത്തോടുള്ള ആ 'മാപ്പ'പേക്ഷയായിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് ആ 'മാപ്പ്' അപേക്ഷ, ഏതോ വിദൂരതകളിലേക്ക് അപ്രത്യക്ഷമായി. പകരം പ്രത്യക്ഷപ്പെട്ടത്, ''മസ്ജിദ് ധ്വംസനം ദൈവഹിതം'' എന്നൊരാശ്വാസമായിരുന്നു. മാസങ്ങൾ പിന്നിട്ടപ്പോൾ ഭൂരിപക്ഷത്തിെൻറ ഹിതം മാനിക്കാതിരുന്നാൽ ഇതിലപ്പുറം സംഭവിക്കുമെന്ന ഭീഷണിയായി. ഒരു വർഷം കഴിഞ്ഞപ്പോൾ മാപ്പ് പറയാനിടയാക്കിയൊരു സാംസ്കാരിക അധഃപതനം, സംഘ്പരിവാറിനു സ്വയം ആഘോഷിക്കാനുള്ള 'വിജയദിന'മായി! കാലം പിന്നെയും കടന്നുപോയപ്പോൾ പല പ്രസ്താവനകൾ വന്നുംപോയുമിരുന്നു. അതിലേറെ നാടകീയമായത് പള്ളിപൊളിച്ച സ്ഥലത്ത് രണ്ട് രാമക്ഷേത്രം പണിയുമെന്ന സ്വാധ്വി ബാലികാസരസ്വതിയുടെ അരുളപ്പാടായിരുന്നു. ഒന്ന് അയോധ്യയിലെ രാമജന്മഭൂമിയിൽ. മറ്റൊന്ന് പാകിസ്താനിലും! സ്വാധ്വി ബാലികാ സരസ്വതി പാകിസ്താനിലെ ആ സ്ഥലം കൃത്യം പറഞ്ഞതായി ഓർക്കുന്നില്ല!
പക്ഷേ, ആഗസ്റ്റ് അഞ്ചോടെ പാകിസ്താനിൽ എവിടെയായാലും, ഇവിടത്തെ കാര്യങ്ങൾ ഉറപ്പായികഴിഞ്ഞു! അതോടെ മുമ്പില്ലാത്തവിധം ''ഇന്ത്യ രാമനാണ്, രാമനാണ് ഇന്ത്യ'' തുടങ്ങിയ ഭരണകൂട പ്രചാരണഘോഷങ്ങളുടെ അരങ്ങേറ്റമാണ് സർവത്ര നടന്നുകൊണ്ടിരിക്കുന്നത്. ഇത് വാല്മീകിയുടെയോ ഗാന്ധിയുടെയോ കബീറിെൻറയോ നിഷ്കളങ്കമായ രാമഭക്തിയുടെ തുടർച്ചയേയല്ല. മറിച്ച്, മതനിരപേക്ഷതയെയും, ഇന്ത്യയുടെ ബൃഹത് പാരമ്പര്യത്തിലെ രാമവിമർശനത്തെയുമാണ് ഒറ്റയടിക്ക് തകർക്കുന്നത്. ഏറ്റവും വലിയൊരു ഹിന്ദുവായി സ്വയം അനുഭൂതിപ്പെട്ട ഗാന്ധി, ചെറിയ ജാതിമേൽക്കോയ്മാ മനുഷ്യർക്ക് മുമ്പിൽ, മുമ്പേ മറിഞ്ഞുവീണുകഴിഞ്ഞിരുന്നു. പലരും കരുതുന്നതുപോലെ ഇനി ഗാന്ധിയുടെ ''സ്നേഹമൂർത്തിയായ രാമന്'', ഇന്നത്തെ ഇന്ത്യയിലെ ഗോദ്സെയുടെ ആ സായുധരാമനോട് എതിരിടാനാവുമെന്ന് കരുതുന്നത് വ്യർഥമാണ്. ഒരു വിഫലമായ രാഷ്ട്രീയ പ്രതിരോധം എന്ന നിലയിൽ നമുക്ക് നിത്യവും ഗോദ്സെയുടെ രാമനെതിർ നിൽക്കുന്ന ഗാന്ധിയുടെ രാമനെക്കുറിച്ച് സ്വയം സമാധാനത്തിന് വേണ്ടി പറയാമെന്നു മാത്രം.
സങ്കുചിത രാഷ്ട്രീയ രാമനിൽനിന്ന്, നിഷ്കളങ്കരായ കോടിക്കണക്കിന് മനുഷ്യരുടെ രാമഭക്തിയെ വേർതിരിച്ചു കാണുന്നതേ വ്യർഥമാണെന്നല്ല, ഗോദ്സെയുടെ സായുധരാമെൻറ സൈനികമാർച്ച് നിസ്സഹായമായി നോക്കിനിൽക്കണമെന്നുമല്ല പറയുന്നത്. മറിച്ച് ഇന്ത്യ ഒരു 'രാമരാജ്യം' മാത്രമാണെന്ന, 'ഒറ്റക്കണ്ണൻ' കാഴ്ചയിലും, ബഹുസ്വരതാ നിഷേധിയായ കാഴ്ചപ്പാടിലും ഒതുങ്ങരുതെന്നാണ്. എത്രമാത്രം ഇന്ത്യ രാമരാജ്യമാണോ അത്രമാത്രം ഇത് രാവണരാജ്യവും ബുദ്ധരാജ്യവും...പ്രശസ്ത കവി പി.എൻ. ഗോപീകൃഷ്ണൻ എഴുതിയതുപോലെ ഒരു 'ബിരിയാണി' അഥവാ സകലകുലാപി രാജ്യവുമാണ്! ബുദ്ധൻ, ജ്യോതിബഫുലെ, അംബേദ്കർ, ഇ.വി.ആർ, ശ്രീനാരായണഗുരു തുടങ്ങിയവർ രാമപാരമ്പര്യത്തിനകത്തുനിന്ന് ബദൽ രാഷ്ട്രസങ്കൽപങ്ങൾ അവതരിപ്പിച്ചവരാണ്. രാമപാരമ്പര്യത്തിന് പുറത്തുള്ള മതങ്ങളും രാഷ്ട്രീയ ദർശനങ്ങളും ആവിഷ്കരിച്ച ബദൽ രാഷ്ട്രതത്ത്വങ്ങളും അതിൽപെടാത്തവരുടെ രാഷ്ട്രസങ്കൽപ സംവാദവും എല്ലാംകൂടി ഉൾപ്പെട്ടതാണ് 'നമ്മുടെ ഇന്ത്യ'.
1914ൽ ഗുരു പറഞ്ഞത്, ബ്രിട്ടീഷുകാർ യുദ്ധത്തിൽ ജയിക്കാൻ നാം പ്രാർഥിക്കണമെന്നാണ്. എന്തുകൊണ്ടെന്നാൽ അവരാണ് നമുക്ക് സന്ന്യാസം തന്നത്. പരിഭ്രമിച്ചുനിന്ന അനുയായികളോട്, ശ്രീരാമനായിരുന്നു ഇവിടെ അധികാരമെങ്കിൽ, ആ ശംബൂകനുണ്ടായ അവസ്ഥയല്ലേ നമുക്കുണ്ടാവുക എന്നാണെത്ര ഗുരു ചോദിച്ചത്. ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അന്ന് ഗുരു പറഞ്ഞത് അദ്ദേഹം പറഞ്ഞ അസംഖ്യം പരിഹാസങ്ങളിലൊന്നെന്ന്, മനസ്സിലാക്കാത്തവരോട് സംവാദം നടത്തുന്നത് വെറുതെയാണ്. ഗുരുവിെൻറ ചുവട്തന്നെയാണ് 'ചിന്താവിഷ്ടയായ സീത'യിൽ മലയാളത്തിെൻറ എക്കാലത്തെയും മഹാകവി കുമാരനാശാനും പിന്തുടർന്നത്. അരുതോർക്കിൽ നൃപൻ വധിച്ചു/ നിഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ/ നിരുപിക്കിൽ മയക്കിഭൂപനെ/തരുണീപാദജഗർഹിണീ ശ്രുതി എന്നൊരൊറ്റ ശ്ലോകത്തിൽ ശ്രീനാരായണഗുരുവിെൻറ രാമവിമർശനത്തിെൻറ പൊരുളാണ് തിളയ്ക്കുന്നത്. പിന്നീട് 1928ൽ കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പിയുടെ വാർഷിക സമ്മേളനത്തിലും ഇതേ രാമവിമർശനമാണ് കൊടുമ്പിരികൊണ്ടത്. ഈഴവർ രാമനാമം ജപിക്കണമെന്ന് പറഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ആദരണീയനായ മദൻമോഹൻ മാളവ്യയെ, സഹോദരൻ അയ്യപ്പെൻറ നേതൃത്വത്തിൽ ആ സദസ്സ് വിചാരണ ചെയ്തത്, കേരളത്തിെൻറ രാമ–വിമർശന പാരമ്പര്യത്തിലെ ഒരുജ്വല അധ്യായമാണ്. ''അധോമുഖവാദിയായ മഹാൻ'' എന്ന മലയാള ഭാഷയിലെ ഒരപൂർവ പ്രയോഗംകൊണ്ടാണ്, മാളവ്യാജിയെ 'സഹോദരൻ' പത്രം അടയാളപ്പെടുത്തിയത്. ഇത് മൂന്നും ശ്രീനാരായണ വിമർശനമാണെങ്കിൽ ഇതിൽനിന്ന് വ്യത്യസ്തമായി കേശവദേവ് രോഷാകുലനായി രാമായണവും മഹാഭാരതവും ചുട്ടുകരിക്കണമെന്ന് പറഞ്ഞതുമുണ്ട്. പലരും കരുതുന്നതുപോലെ കമ്യൂണിസമല്ല ആര്യസമാജ ആശയങ്ങളാണ് കേശവദേവിെൻറ പ്രകോപനപ്രസ്താവനക്ക് പ്രചോദനം! 1961ൽ, മറ്റൊരു സാംസ്കാരിക പ്രാധാന്യമുള്ള സംഭവംകൂടി കേരളത്തിൽ നടക്കുകയുണ്ടായി. വേദി കേരള അസംബ്ലി. ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നാടകാവതരണ നിയമം അന്നത്തെ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ അവതരിപ്പിക്കുന്നു. അതിലിടപെട്ടുകൊണ്ടുള്ള മെംബർമാരുടെ ചർച്ചയിൽ ടി.സി. നാരായണൻ നമ്പ്യാർ, ആർ. സുഗതൻ, ആർ. രാഘവമേനോൻ, പി. ബാലചന്ദ്ര മേനോൻ തുടങ്ങിയവർ പങ്കെടുത്തു. അന്നത്തെ കേരളം ശ്രീരാമനെ എങ്ങനെയാണ് പൊതുവിൽ കണ്ടതെന്ന്, ഡ്രമാറ്റിക് പെർഫോമെൻസ് ബില്ലിെൻറ ആ ചർച്ചകളിൽനിന്നും വ്യക്തമാവും.
ശ്രീരാമചന്ദ്രൻ മാതൃകാപുരുഷനാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരുകൂട്ടം ആളുകൾ രാവണനാണ് മാതൃകാ പുരുഷനെന്നു വിശ്വസിക്കുന്നു. ആ വിശ്വാസം പ്രചരിപ്പിക്കാൻ നാടകം അവതരിപ്പിച്ചാൽ രാമവിശ്വാസികൾക്കിടയിൽ ധാർമികരോഷം വളരും. മതവിശ്വാസം വ്രണപ്പെട്ടെന്നും വരാം. അപ്പോൾ ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള ചർച്ചയോ വിമർശനമോ സാധ്യമല്ലാതാകും. ആരോഗ്യകരമായ സമുദായത്തിെൻറ വളർച്ചക്ക് അതു വിഘാതമാകും (ടി.സി. നാരായണൻ നമ്പ്യാർ). നാട്ടുകാർക്ക് രസിക്കാത്ത വല്ല രംഗങ്ങളും നാടകത്തിലുണ്ടെങ്കിൽ അവർ എതിർത്തുകൊള്ളും എന്ന അഭിപ്രായമായിരുന്നു ആർ. സുഗതന്. രാമായണം തന്നെയായിരുന്നു ആർ. സുഗതന് അദ്ദേഹത്തിെൻറ വാദഗതിക്ക് ആധാരം. രാമായണ കഥകളിൽ ബാലിയെ കൊന്നപ്പോൾ കരഞ്ഞ താരയോട്, നിന്നുടെ ഭർത്താവ് ദേഹമോ ജീവനോ ധന്യേ, പരമാർഥമെന്നോട് ചൊല്ലു നീ എന്നാണ് രാമൻ പറയുന്നത്. ഇത് പറയുന്നത് ബഹുമാനപ്പെട്ട ഈശ്വരൻ ശ്രീരാമനാണ്. അദ്ദേഹത്തിെൻറ ഭാര്യ സീതാദേവി ദേഹമോ ജീവനോ എന്നു സ്വയം ചോദിച്ചിരുന്നെങ്കിൽ രാവണവധം വേണ്ടിവരില്ലായിരുന്നു.
ശ്രീരാമെൻറ ഗുണങ്ങൾ കാണിച്ചും രാവണെൻറ ദുഷ്കൃത്യങ്ങൾ വിവരിച്ചും രാമായണം അവതരിപ്പിക്കണമെന്ന് ആർ. രാഘവമേനോൻ അഭിപ്രായപ്പെട്ടു. രാമെൻറ രാജ്യത്ത് ജനാധിപത്യമായിരുന്നു. രാവണെൻറ ലങ്കയിൽ ഏകാധിപത്യവും.
ഇത്രയും കേട്ടപ്പോൾ സ്വതവേ സൗമ്യനും ശാന്തനുമായിരുന്ന പി. ബാലചന്ദ്രമേനോന് ഒരു സംശയം. രാവണനെക്കാൾ ധർമിഷ്ഠനാണോ ശ്രീരാമൻ?
അമ്മയോടോ അമ്മൂമ്മയോടോ ചോദിച്ചറിയുക.
രാഘവമേനോെൻറ ക്ഷുബ്ധമായ പ്രതികരണം സ്പീക്കറുൾപ്പെടെയുള്ള സഭയെ ആകെ കുലുക്കി ചിരിപ്പിക്കുകതന്നെ ചെയ്തു.
നമ്മുടെ ശ്രീരാമചർച്ചകളെ ഇന്നും നയിക്കുന്നത് രാഘവമേനോന്മാരാണ്. സ്വന്തം വീടിനുചുറ്റും വട്ടം കറങ്ങാനല്ലാതെ നാട്ടിൽ നടക്കുന്ന വ്യത്യസ്ത വിശകലനങ്ങളിലേക്കൊന്നും മിഴിതുറക്കാൻ അവർക്കിന്നും കഴിഞ്ഞിട്ടില്ല. അവരുടെ അതോറിറ്റി അമ്മയും അമ്മൂമ്മമാരുമാണ്. സനാതന കാഴ്ചപ്പാടുയർത്തിപ്പിടിച്ച ആ കുട്ടികൃഷ്ണമാരാരുടെ ശ്രീരാമവിശകലനങ്ങളോടുപോലുമവർക്ക് പൊരുത്തപ്പെടാൻ കഴിയില്ല...(സീത ജയ്ശ്രീറാം വിളിച്ചിട്ടില്ല...കെ.ഇ.എൻ).