മുത്തണ്ണയുടെ മുന്നറിയിപ്പും റഷീദിന്റെ ധീരതയും
മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ മലയാളി അഭിഭാഷകൻ റഷീദിന് എന്താണ് സംഭവിച്ചത്? കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുടെ ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു ഐ.പി.എസ് ഓഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത കേസ് ഇന്ന് പലരും മറന്നിരിക്കുന്നു. എന്നാൽ, റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ. പലതരം മുന്നറിയിപ്പുകൾ ഇന്നും നൽകുന്ന ആ സംഭവങ്ങളിലൂടെ ഒരു സഞ്ചാരം. ഭാഗം രണ്ട്.
ആദ്യ ഭാഗം - റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ
മൂന്നുതവണ വാതിലിൽ വേഗത്തിൽ മുട്ടി. ശേഷം, രണ്ടുതവണ ഇടവിട്ടും. അതൊരു രഹസ്യകോഡാണ്. മെല്ലെ വാതിൽ തുറക്കപ്പെട്ടു.
സദാശിവൻ പ്രത്യക്ഷനായി. ഒളിവിൽ കഴിയുന്ന ഒരാളെന്ന് തോന്നില്ല, പ്രസന്നനാണ് സദാശിവൻ. അതിനൊരു കാരണവുമുണ്ട്, അൽപം മുമ്പാണ് സഞ്ജയ് ഗാന്ധി കോളജിന്റെ നടത്തിപ്പ് തർക്കത്തിൽ സദാശിവന് അനുകൂലമായി കോടതിയിൽനിന്ന് പെർമനന്റ് ഇൻജക്ഷൻ വന്നത്. ഇനി ചെയ്യേണ്ടത് നേരെ പോയി കോളജ് ഏറ്റെടുക്കുക. പക്ഷേ, എങ്ങനെ? കോളജിന് അടുത്തേക്കുപോലും പോകാനാകില്ല. അവിടെ പൊലീസ് കാത്തുനിൽക്കുകയാണ്. ഗുണ്ടകളുമുണ്ടാകും. ഇൗ ചർച്ച പുരോഗമിക്കുേമ്പാൾ റഷീദ് ഇടപെട്ടു -''ഞാനൊരു അഭിഭാഷകനാണ്. കോടതി ഉത്തരവിന്റെ കോപ്പി എനിക്ക് തരൂ. ഞാൻ പോയി കോളജ് ഏറ്റെടുക്കാം. താങ്കൾക്ക് കോളജ് മടക്കിലഭിക്കുന്നുെവന്ന് ഉറപ്പാക്കാം. ഇതൊരു കോടതി ഉത്തരവല്ലേ. ആർക്കാണ് താങ്കളെ തടയാനാകുക.'' പൊലീസ് കമീഷണറുടെ ഒാഫിസിലും ഹൈ ഗ്രൗണ്ട് സ്റ്റേഷനിലും പോയി, ഉത്തരവ് കാട്ടി അത് നടപ്പാക്കാൻ ആവശ്യപ്പെടുന്നതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് റഷീദ് പറയുകയാണ്. സദാശിവനും ജോസഫും പരസ്പരം നോക്കി. തന്നെ വിശ്വസിക്കാമെന്ന് റഷീദ് ആവർത്തിച്ചു. ''ഇപ്പോൾതന്നെ സ്റ്റേഷനിലേക്കു പോകാം.'' പക്ഷേ, ഉത്തരവിന്റെ കോപ്പി നാളെ വൈകുന്നേരമേ ലഭിക്കുകയുള്ളൂ. നാളെ വൈകീട്ടാണ് റഷീദിനും കൊല്ലത്തേക്ക് മടങ്ങേണ്ടത്. പ്രതിസന്ധിയായി. നിലവിൽ കോളജിൽ നിരവധി പ്രശ്നങ്ങളുണ്ട്. പ്രിൻസിപ്പൽ നിയമനത്തിൽ പഴയ ട്രസ്റ്റംഗങ്ങളുമായി കോടതി വ്യവഹാരവുമുണ്ട്. അവരുടെ പ്രതിനിധിയാണ് ഇപ്പോൾ തുടരുന്ന ബി.എം. രത്ന. സദാശിവൻ നിയമിച്ച സീതാറാം അയ്യങ്കാറിന് ചുമതലയേൽക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതൊക്കെ കൊണ്ടുതന്നെ വിശ്വസ്തനായ ഒരാളുടെ സേവനം ആവശ്യമുണ്ട്. കാര്യങ്ങളൊക്കെ ഭംഗിയായി അവസാനിക്കുന്നതുവരെ തനിക്കൊപ്പം തുടരാൻ സദാശിവൻ അഭ്യർഥിച്ചു. തീരുമാനം എടുക്കുന്നതിനുമുമ്പ് ഭാര്യയുമായി ഒന്ന് ആലോചിക്കണമെന്ന് റഷീദ് പറഞ്ഞു. പക്ഷേ, തൽക്കാലം കോടതി ഉത്തരവ് നടപ്പാക്കുന്നതുവരെ ഇവിടെ നിൽക്കാം. അങ്ങനെ റഹ്മത്തുല്ല അടുത്തദിവസത്തെ ട്രെയിനിൽ മുൻ നിശ്ചയപ്രകാരം മടങ്ങിപ്പോകാനും റഷീദ് ബാംഗ്ലൂരിൽ തുടരാനും തീരുമാനമെടുത്തു. ടിക്കറ്റ് കാൻസൽ ചെയ്ത വകയിൽ കാശ് നഷ്ടമായെങ്കിലും കൂടുതൽ നല്ല പാക്കേജ് സദാശിവൻ വാഗ്ദാനം ചെയ്തു. റഷീദിന്റെ സേവനം മാസം 5,000 രൂപ ശമ്പളത്തിന് സദാശിവൻ സ്വീകരിക്കും. നിരവധി നിയമവ്യവഹാരങ്ങൾ ഉള്ള സദാശിവന് വിശ്വസ്തരായ അഭിഭാഷകരെ ബാംഗ്ലൂരിൽ കിട്ടാനും ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.
അങ്ങനെ അവർ ഒരു പദ്ധതി തയാറാക്കി. അടുത്തദിവസം രാവിലെ റഷീദ് സീതാറാം അയ്യങ്കാരുമൊത്ത് സ്റ്റേഷനിൽ ചെന്ന് കോടതിവിധി നടപ്പാക്കുന്നതിനുള്ള അപേക്ഷ നൽകും. കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ റഷീദിനെയും അയ്യങ്കാരെയും കണ്ട് സബ് ഇൻസ്പെക്ടർ ഉത്തപ്പ ആദ്യമൊന്ന് അമ്പരന്നു. അപേക്ഷയും ഉത്തരവും വായിച്ചുനോക്കിയ ഉത്തപ്പ അതിലൊരു ചെറിയ പഴുത് കണ്ടുപിടിച്ചു. സദാശിവനുവേണ്ടി കോളജ് ഏറ്റെടുക്കാൻ പ്രിൻസിപ്പലിനും റഷീദിനും അവകാശമുണ്ടെന്നതിന്റെ രേഖയെവിടെ? അയ്യങ്കാരാണ് പ്രിൻസിപ്പലെങ്കിൽ നിലവിൽ കോളജിൽ ബി.എം. രത്ന പ്രിൻസിപ്പലായി ഉണ്ടല്ലോ.
ഈ നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള രേഖകളുമായി അടുത്തദിവസം വരാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റേഷനിൽനിന്ന് മടങ്ങി. അതുണ്ടെങ്കിൽ കോളജിൽ നേരിെട്ടത്തി ഉത്തരവ് നടപ്പാക്കാം. പുറത്തിറങ്ങിയ റഷീദ് വിവരം സദാശിവനെയും േജാസഫിനെയും വിളിച്ചറിയിച്ചു. ഇൗ രേഖകൾക്കായി രാത്രി 9.30ന് ഹോട്ടൽ സർക്കാറിെലത്താൻ സദാശിവൻ റഷീദിനോട് നിർദേശിച്ചു. ഇൗ കൂടിക്കാഴ്ചക്കുമുമ്പ് റഷീദിന് ആവശ്യത്തിന് ഒഴിവുസമയമുണ്ട്. ആ ഇടവേളയിലാണ് ഭാര്യക്ക് വിവാഹ വാർഷിക സമ്മാനമായി ഗ്രീറ്റിങ് കാർഡ് വാങ്ങാൻ കെംപെ ഗൗഡ റോഡിലെ കടയിൽ കയറിയത്. റോസാപ്പൂവിന്റെ ചിത്രമുള്ള ആ കാർഡ് വാങ്ങി റഷീദ് ഭാര്യക്ക് അയച്ചശേഷം ഹോട്ടൽ സർക്കാറിലെത്തി. റഷീദാണ് കോളജിന്റെ മാനേജറെന്നും കോളജ് തനിക്കുവേണ്ടി ഏറ്റെടുക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും വിശദീകരിക്കുന്ന ഒരു ഒാതറൈസേഷൻ ലെറ്റർ സദാശിവൻ തയാറാക്കിയിരുന്നു. അയ്യങ്കാരെ പ്രിൻസിപ്പലായി നിയമിച്ചതിന്റെ ഉത്തരവുമുണ്ട്. രണ്ടും റഷീദിന് കൈമാറി. സദാശിവനും റഷീദും സംസാരിച്ചിരിക്കവെ അഡ്വ. മുത്തണ്ണ മുറിയിലേക്ക് കടന്നുവന്നു. സദാശിവന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷകനാണ് മുത്തണ്ണ. ബാംഗ്ലൂർ ബാർ അസോസിയേഷനിലെ പ്രമാണിയും. രണ്ട് അഭിഭാഷകരെയും സദാശിവൻ പരസ്പരം പരിചയപ്പെടുത്തി. അടുത്തദിവസത്തെ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ മുത്തണ്ണയുടെ കൂടി സഹായം തേടിയതാണ് സദാശിവൻ.
ഇതിനിടെ സദാശിവൻ ബാത്റൂമിലേക്ക് പോയ ഒഴിവിൽ മുത്തണ്ണ റഷീദിനോട് ചോദിച്ചു: ''അല്ല, ഇതിനിറങ്ങണമെന്ന് ഉറപ്പിച്ചതാണോ?'' നിയമത്തിന്റെ ഉള്ളിൽനിന്നുള്ള നടപടി മാത്രമായതിനാൽ അതിൽ പ്രശ്നമെന്തെന്നായി റഷീദ്. എന്തായാലും ഒന്നുകൂടി ആലോചിച്ചശേഷം മാത്രം രാവിലെ തന്നെ കാണാൻ വരൂ എന്ന് മുത്തണ്ണ പറഞ്ഞുനിർത്തിയതും ബാത്റൂമിന്റെ വാതിൽ തുറക്കപ്പെട്ടു. സംസാരം അവിടെ നിന്നു.
മുത്തണ്ണയുടെ മുന്നറിയിപ്പ്
അടുത്തദിവസം (വെള്ളി, ആഗസ്റ്റ് 14) രാവിലെ ഒമ്പതുമണിയോടെ റഷീദ് മുത്തണ്ണയുടെ ഒാഫിസിലെത്തി. കാര്യങ്ങളുടെ അപകടകരമായ കിടപ്പുവശം മുത്തണ്ണ ഒരിക്കൽകൂടി പറഞ്ഞു. ജൂലൈ 28ന് കോടതിയുടെ ഇടക്കാല ഉത്തരവുമായി താൻ പൊലീസ് കമീഷണർ ഒാഫിസിൽ പോയപ്പോൾ നേരിട്ട പ്രശ്നങ്ങൾ വിശദീകരിച്ചു. ഉത്തരവ് നടപ്പാക്കാൻ പൊലീസ് ശ്രമിച്ചില്ലെന്ന് മാത്രമല്ല, തുടർന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. കോളജിന്റെ കാര്യങ്ങളിൽ ശ്രീനിവാസനും മാരിയപ്പയും ഇടപെടരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും അവർ യഥേഷ്ടം പ്രവർത്തിക്കുകയാണ്. ''അതിശക്തനായ ആരുടെയെങ്കിലും പിന്തുണയില്ലാതെ ഇതൊക്കെ നടക്കു''മെന്ന് തോന്നുന്നുേണ്ടായെന്ന് മുത്തണ്ണ ചോദിച്ചു. പക്ഷേ, റഷീദിന് ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഉത്തരവുമായി ഇൻസ്പെക്ടർ ഉത്തപ്പയെ കാണാൻ പോയപ്പോൾ കോളജ് ഏറ്റെടുക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് മുത്തണ്ണ ആരാഞ്ഞു. ''പേടിക്കേണ്ടെന്നും എന്തുവന്നാലും പൊലീസ് സംരക്ഷിക്കുമെന്നും'' ഉത്തപ്പ പറഞ്ഞതായി റഷീദിന്റെ മറുപടി. ഇടക്കാല ഉത്തരവ് കിട്ടിയിട്ടും അനങ്ങാതിരുന്ന ഉത്തപ്പയുടെ ഉറപ്പിൽ വിശ്വസിക്കുന്നുവോ എന്നായി മുത്തണ്ണ. ''സർ, ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. അതുപ്രകാരം, നാം ചെയ്യുന്നത് ശരിയായ കാര്യം തന്നെയാണെന്നും കരുതുന്നു.'' റഷീദിന്റെ മറുപടിയിൽ മുത്തണ്ണയുടെ മുഖം വാടി. ''സുഹൃേത്ത, അവർ നിങ്ങളെ ആക്രമിക്കും. രക്ഷപ്പെടാൻ പറ്റുന്ന ഇൗ അവസാന ഘട്ടത്തിൽ ഇതിൽനിന്ന് പിന്മാറൂ.'' ''ഇല്ല സാർ, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാ''മെന്നായി റഷീദ്. ചർച്ച മുറിച്ചുകൊണ്ട് പ്രിൻസിപ്പൽ അയ്യങ്കാരെത്തി. കോളജിലേക്ക് പോകാൻ അയ്യങ്കാരെ കാത്തിരിക്കുകയായിരുന്നു റഷീദ്. മുത്തണ്ണക്ക് അധികമെന്തെങ്കിലും പറയാൻ കഴിയുന്നതിന് മുന്നേ ഇരുവരും പോകാനായി ഇറങ്ങി. വിടപറയുേമ്പാൾ മുത്തണ്ണ തന്റെ വിസിറ്റിങ് കാർഡ് റഷീദിന് നൽകി.
അയ്യങ്കാറിന്റെ സ്റ്റാൻഡേഡ് ഹെറാൾഡ് കാറിൽ ഇരുവരും സഞ്ജയ് ഗാന്ധി കോളജിലേക്ക് പുറപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ ബി.എം. രത്ന ഇരിപ്പുണ്ട്. അവിടേക്ക് ഇരുവരും നടന്നു. വാതിൽ തുറന്ന് റഷീദും അയ്യങ്കാരും കടന്നുവരുന്നത് കണ്ട മാത്രയിൽ രത്ന മേശപ്പുറത്തെ ബസ്സറിൽ വിരലമർത്തി. എന്താണ് സംഭവിക്കുന്നതെന്ന് റഷീദിനും അയ്യങ്കാറിനും മനസ്സിലാകുന്നതിന് മുേമ്പ മൂന്നു നാല് മഫ്തി പൊലീസുകാർ മുറിയിലേക്ക് ഇരച്ചുകയറി. അവർ റഷീദിനെ ആക്രമിച്ചു. മാരകമായ മർദനമേറ്റ് റഷീദ് നിലത്തുവീണു. വായിൽനിന്നും മൂക്കിൽനിന്നും ചോര ചാടി. നിലത്തിട്ട് അവർ ചവിട്ടി. റഷീദിന് മനസ്സിലാകാത്ത കന്നടയിൽ അവർ എന്തൊക്കെയോ അസഭ്യവാക്കുകൾ ചൊരിഞ്ഞുകൊണ്ടേയിരുന്നു. റഷീദിന്റെ കൈയിലുണ്ടായിരുന്ന രേഖകൾ അടങ്ങിയ ബ്രീഫ് കെയ്സ് പിടിച്ചെടുത്തു. പിന്നാലെ കൂടുതൽ പൊലീസുകാർ ലാത്തിയുമായി മുറിയിലേക്ക് ഒാടിവന്നു. പേടിച്ചരണ്ട് നിൽക്കുന്ന സീതാറാം അയ്യങ്കാറിനെ അവർ ഒാടിച്ചുവിട്ടു. അടി മുഴുവൻ റഷീദിന്. അയ്യങ്കാർ അതിനിടയിൽ തന്റെ കാറിൽ കയറി പറപ്പിച്ചുവിട്ടു. അടി കൊണ്ട് അവശനായ റഷീദിനെ ഒരു ഒാേട്ടാറിക്ഷയിൽ വലിച്ചുകയറ്റി പൊലീസ് ഹൈഗ്രൗണ്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംരക്ഷണം വാഗ്ദാനംചെയ്ത ഇൻസ്പെക്ടർ ഉത്തപ്പതന്നെ കുഴഞ്ഞുകിടക്കുന്ന റഷീദിനെ ലോക്കപ്പിൽ അടച്ചു. ലോക്കപ്പിനുള്ളിലേക്ക് പൊലീസുകാരെത്തി അടുത്ത റൗണ്ട് മർദനം തുടങ്ങി. സദാശിവൻ എവിടെയെന്നാണ് അറിയേണ്ടത്. തനിക്കറിയില്ലെന്ന് റഷീദ് വേദനക്കിടയിലും ആവർത്തിക്കുേമ്പാൾ ഉള്ളംകാലിലും തുടകളിലും ലാത്തികൾ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു. മർദനത്തിനിടെ ആരോ മലയാളത്തിൽ സംസാരിക്കുന്നത് കേട്ട് താനും മലയാളി ആണെന്നും എന്നോട് ഇങ്ങനെ ചെയ്യരുതെന്നും റഷീദ് കേണു. അസി. സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി നായരായിരുന്നു അത്. ഇതുകേട്ടതോടെ കൃഷ്ണൻകുട്ടി നായരുടെ ശൗര്യം കൂടി.
അതിനിടെ, പ്രിൻസിപ്പൽ ബി.എം. രത്ന സ്റ്റേഷനിലെത്തി റഷീദിനെതിരെ പരാതി കൊടുത്തു. ഒാഫിസിൽ ഇടിച്ചുകയറിയ റഷീദ് ചില രേഖകൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചുവെന്നും തടയാൻ നോക്കിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു പരാതി. ഉടനടി റഷീദിനെതിരെ എഫ്.െഎ.ആർ ഇട്ട് കേസെടുത്തു.
മജിസ്ട്രേറ്റിന് മുന്നിൽ
അന്ന് വൈകുന്നേരം റഷീദിനെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (രണ്ട്) മഹാദേവൻ എസ്. ഹെഗ്ഡെക്ക് മുന്നിൽ ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്ട്രേറ്റ് ആരാഞ്ഞപ്പോൾ റഷീദ് മൗനം പാലിച്ചു. വാ തുറന്നാൽ പിന്നീട് എന്താകും സംഭവിക്കുകയെന്ന് പൊലീസ് നേരത്തേ റഷീദിനെ ഭീഷണിപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് േചാദ്യം ആവർത്തിച്ചു. കൊടിയ വേദനക്കിടയിലും ''ഇല്ല'' എന്ന് പറഞ്ഞ റഷീദ് പിന്നാലെ ബുദ്ധിമുട്ടി സംസാരിക്കാൻ ശ്രമിച്ചു. ''കേരളത്തിലെ പത്തനംതിട്ടയിൽനിന്നുള്ള ഒരു അഡ്വക്കറ്റാണ് ഞാൻ. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സഞ്ജയ് ഗാന്ധി കോളജിൽ ഞാൻ പോയത്. പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് മാരകമായി മർദിച്ചിരിക്കുകയാണ്.'' ഷർട്ട് അഴിച്ചും പാന്റ്സ് ഉയർത്തിയും ശരീരത്തിലെ ക്ഷതങ്ങൾ മജിസ്ട്രേറ്റിന് കാട്ടിക്കൊടുക്കുകയും ചെയ്തു. റഷീദ് പറഞ്ഞ കോടതി രേഖകൾ എവിടെ എന്നായി മജിസ്ട്രേറ്റ്. അവയെല്ലാം പൊലീസ് കൈക്കലാക്കിയെന്ന് റഷീദ്. ''ഞാൻ താങ്കളെ ആശുപത്രിയിലേക്ക് വിടേട്ട''യെന്ന് മജിസ്ട്രേറ്റ് ചോദിച്ചു. തനിക്ക് സ്വന്തം നിലയിലുള്ള ജാമ്യം മതിയെന്നും ചികിത്സ സ്വയം ചെയ്യാമെന്നും റഷീദ് മറുപടി പറഞ്ഞു. അപ്പോഴേക്കും കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകരുടെ ശ്രദ്ധ മുഴുവൻ റഷീദിലായി. പിൽക്കാലത്ത് കർണാടക ഹൈകോടതിയിൽ ജഡ്ജി ആയ അഡ്വ. ഗോപാൽ ഗൗഡ ഇൗ സമയം റഷീദിന് വേണ്ടി ഇടപെട്ടു. അദ്ദേഹത്തിന്റെ അഭ്യർഥനയുടെ കൂടി അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. രണ്ടു ജാമ്യക്കാരുമായി തിങ്കളാഴ്ച ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. പൊലീസ് ആവശ്യപ്പെടുേമ്പാൾ ൈഹഗ്രൗണ്ട് സ്റ്റേഷനിൽ ഹാജരാകുകയും വേണം.
കോടതിയിൽനിന്ന് പുറത്തിറങ്ങിയ റഷീദിനെ സഹായിക്കാൻ അഭിഭാഷകർ രംഗത്തെത്തി. ബാർ അസോസിയേഷന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരണമെന്ന് അവർ പറഞ്ഞു. റഷീദിന്റെ സുരക്ഷയിൽ ആശങ്കാകുലനായ അഡ്വ. ഗോപാൽ ഗൗഡ തന്റെ ജൂനിയർ വെങ്കിടപ്പയെ ഒപ്പം വിട്ടു.
അവരുടെ സഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാസിങ്ങിനും കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെക്കും ചീഫ് ജസ്റ്റിസ് ആർ.എസ്. പഥകിനും ടെലഗ്രാം അയച്ചു. കർണാടക ആഭ്യന്തരമന്ത്രി ആർ.എൽ. ജാലപ്പയുടെ നിർദേശത്തെ തുടർന്ന് ഹൈഗ്രൗണ്ട് പൊലീസ് തന്നെ ആക്രമിച്ചുവെന്നും രേഖകൾ പിടിച്ചുപറിച്ചുവെന്നുമായിരുന്നു ടെലഗ്രാമിൽ ഉണ്ടായിരുന്നത്.
പിന്നാലെ ക്വീൻസ് റോഡിലെ 'ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന്റെ ഒാഫിസിലെത്തി. ഒരു പുതുമുഖ റിേപ്പാർട്ടറോട് റഷീദും വെങ്കിടപ്പയും കഥ മുഴുവൻ പറഞ്ഞു. വലിയ താൽപര്യം കാണിക്കാതിരുന്ന റിപ്പോർട്ടർ െപാലീസിൽ പരാതിപ്പെടാൻ ഉപദേശിച്ചു. വാർത്ത നൽകാനുള്ള ഡെഡ്ലൈൻ കഴിഞ്ഞുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 'ഇന്ത്യൻ എക്സ്പ്രസി'ന്റെ സഹോദര പത്രമായ 'കന്നടപ്രഭ'യുടെ ലേഖകൻ പരാതിയൊന്നും കൂടാതെ റഷീദിന്റെ കഥ എഴുതിയെടുത്തു. 'എക്സ്പ്രസി'ൽ കൂടി വാർത്ത വരണമെന്ന് റഷീദിനും വെങ്കിടപ്പക്കും ഉണ്ടായിരുന്നു. 'കന്നടപ്രഭ'യുടെ ലേഖകൻ അവരെ 'എക്സ്പ്രസി'ന്റെ മറ്റൊരു റിപ്പോർട്ടർ ചക്രവർത്തിക്ക് മുന്നിലേക്ക് കൊണ്ടുപോയി. അനുഭാവപൂർവം ചക്രവർത്തി അവരെ സ്വീകരിച്ചു. പിന്നീട് 'ഡെക്കാൻ ഹെറാൾഡി'ലേക്കും അവർ പോയി. അതിനുശേഷം രാത്രി വൈകി റഷീദിനെ വെങ്കിടപ്പ സന്ധ്യ ലോഡ്ജിൽ കൊണ്ടാക്കി.
(തുടരും)