ആഫ്രിക്ക വരുന്നു; നിരാശയുടെ ചരിത്രം ഖത്തറിൽ മാറ്റിയെഴുതാൻ
ഖത്തർ ലോകകപ്പിൽ തങ്ങളുടെ നിർഭാഗ്യത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കാൽപന്ത് ആരാധകർ
ഓരോ ലോകകപ്പ് എത്തുേമ്പാഴും അവർ പ്രതീക്ഷയോടെ വരും. കളിക്കളത്തിലും പുറത്തും ഒാളങ്ങൾ സൃഷ്ടിക്കും. ആരാധകഹൃദയങ്ങളും കീഴടക്കും. വമ്പൻ ടീമുകളുടെ സ്വപ്നങ്ങളെ തരിപ്പണമാക്കും. അവസാനം വെറുംകൈയോടെ മടങ്ങും. പ്രതിഭയും കരുത്തും ആവോളമുണ്ടെങ്കിലും ഫുട്ബാൾ ലോകകപ്പിെൻറ വേദികളിൽ എന്നും നിരാശയോടെ മടങ്ങാനായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളുടെ വിധി. 1934ൽ രണ്ടാം ലോകകപ്പ് മുതൽ ആഫ്രിക്ക ലോകകപ്പിൽ സാന്നിധ്യമാകുന്നുണ്ടെങ്കിലും അവസാന നാലിലേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 2014ൽ ജർമനിയും 2018ൽ ഫ്രാൻസും ലോകകപ്പ് നേടിയപ്പോൾ കുടിയേറ്റ താരങ്ങളുടെ സാന്നിധ്യത്താൽ അത് തങ്ങളുടേതുകൂടിയാണെന്ന ചിന്ത ആഫ്രിക്കൻ ആരാധകർക്കും ഉണ്ടായതൊഴിച്ചാൽ, യൂറോപ്പിെൻറയും ലാറ്റിനമേരിക്കയുടെയും തന്ത്രങ്ങൾക്കും സൗന്ദര്യത്തിനും മുന്നിൽ കീഴടങ്ങാനായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളുടെ വിധി. 2014, 18 ലോകകപ്പുകളിലെ നിരാശജനകമായ പ്രകടനത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ആഫ്രിക്കൻ രാജ്യങ്ങളുടെ ഒരുക്കം. പശ്ചിമേഷ്യയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഖത്തർ ലോകകപ്പിൽ തങ്ങളുടെ നിർഭാഗ്യത്തിനും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കാൽപന്ത് ആരാധകർ.
1934ൽ തുടക്കം; 66ലെ ബഹിഷ്കരണം;2010ലെ ഘാനയുടെ ഹൃദയഭേദകമായ മടക്കം
റോജർ മില്ലയുടെ വർണ പ്രകടനവും മുഹമ്മദ് സലാഹിെൻറ പരിക്കും പാപ ദിയൂഫിെൻറ ഗോളും മൊറോക്കോയുടെയും അൽജീരിയയുടെയും അപ്രതീക്ഷിത മുന്നേറ്റങ്ങളും ലൂയി സുവാരസിെൻറ കൈകൊണ്ട് തടയലും എല്ലാമായി ലോകകപ്പുകളിൽ ആഫ്രിക്ക രേഖപ്പെടുത്തിയതെല്ലാം സംഭവ ബഹുലമായിരുന്നു. വലിയ പ്രതീക്ഷകളോടെ കളത്തിലിറങ്ങിയ നൈജീരിയയും െഎവറി കോസ്റ്റും ഇൗജിപ്തുമെല്ലാം നിരാശപ്പെടുത്തിയപ്പോൾ സെനഗാളും ഘാനയുമാണ് പ്രതീക്ഷകൾ അൽപമെങ്കിലും നിലനിർത്തിയത്. വമ്പൻ ടീമുകൾക്ക് തോൽപിക്കാൻ മാത്രമായി ലോകകപ്പിന് എത്തിയിരുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്ന് 2002ൽ ദക്ഷിണ കൊറിയ സെമിയിലെത്തിയപ്പോൾ ജപ്പാനും ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. എന്നാൽ, അവസാന നാലിലേക്കുള്ള കടമ്പയിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കാലിടറുകയാണ് പതിവ്.
1934ൽ ഇറ്റലി ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു ആദ്യമായി ആഫ്രിക്കൻ ടീം പെങ്കടുത്തത്. വൻകരയെ പ്രതിനിധാനംചെയ്തെത്തിയ ഇൗജിപ്ത് പ്രാഥമിക റൗണ്ടിൽതന്നെ ഹംഗറിയോട് 4-2ന് തോറ്റു പുറത്തായെങ്കിലും അബ്ദുറഹ്മാൻ ഫൗസി ഇരട്ടഗോൾ സ്വന്തമാക്കി ലോകകപ്പ് വലയിൽ ആദ്യമായി ആഫ്രിക്കൻ സാന്നിധ്യം അറിയിച്ചു. 1966ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ഒത്തൊരുമ കളിക്കളത്തിന് പുറത്താണ് ദൃശ്യമായത്. ആഫ്രിക്കക്കും ഏഷ്യക്കുമായി ഒരു സ്ഥാനം മാത്രം നൽകിയ ഫിഫ നിലപാടിൽ പ്രതിഷേധിച്ച് ലോകകപ്പിൽനിന്ന് വിട്ടുനിന്നാണ് ആഫ്രിക്ക കരുത്തുകാണിച്ചത്. ആഫ്രിക്കയുടെ ഇൗ പ്രതിഷേധം പിന്നീടുള്ള ലോകകപ്പുകളിൽ ഏഷ്യ, ആഫ്രിക്ക വൻകരകൾക്ക് കൂടുതൽ സ്ഥാനം നൽകുന്നതിൽ നിർണായകമായി. 1957ൽ രൂപവത്കരിച്ച കോൺഫെഡറേഷൻ ഒാഫ് ആഫ്രിക്കൻ ഫുട്ബാൾ ആണ് ഇൗ ഒത്തൊരുമ സാധ്യമാക്കിയത്. ഒരു ആഫ്രിക്കൻ രാജ്യം ആദ്യമായി ലോകകപ്പിൽ വിജയം കണ്ടത് 1978ലാണ്. മെക്സികോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി തുനീഷ്യയായിരുന്നു അനുപമമായ നേട്ടം പേരിലാക്കിയത്. 1982ൽ പശ്ചിമ ജർമനിയെയും ചിലിയെയും തോൽപിച്ച് അൽജീരിയ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതോടെ ഗ്രൂപ് ഘട്ടം മറികടക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന സ്വപ്നം അകന്നുപോയി.
മറഡോണ നിറഞ്ഞാടിയ 1986 ലോകകപ്പിലാണ് ആഫ്രിക്കൻ രാജ്യം ആദ്യമായി പ്രാഥമിക റൗണ്ട് പിന്നിടുന്നത്. ഇംഗ്ലണ്ട്, പോർചുഗൽ, പോളണ്ട് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിൽ ജേതാക്കളായി മൊറോക്കോ ലോകത്തെ ഞെട്ടിച്ചു. എന്നാൽ, ആഘോഷം അധികം നീണ്ടില്ല. പശ്ചിമ ജർമനിയോട് തോറ്റു പുറത്താകാനായിരുന്നു വിധി. 1990 േലാകകപ്പാണ് ആഫ്രിക്കൻ ഫുട്ബാളിെൻറ സൗന്ദര്യം ലോകം മുഴുവൻ പ്രസരിപ്പിച്ചത്. റോജർ മില്ല എന്ന ഇതിഹാസതാരത്തിെൻറ ചിറകിലേറി കാമറൂൺ കുതിച്ചപ്പോൾ അത് കാൽപന്ത് താളുകളിൽ സുവർണ ഏടുകളായി. നാലു ഗോളടിച്ച റോജർ മില്ല എന്ന 38കാരൻ വിസ്മയിപ്പിച്ചെങ്കിലും ക്വാർട്ടറിൽ കാമറൂണിന് കാലിടറി. 2002ൽ ഏഷ്യ ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പിൽ ചാമ്പ്യൻമാരായ ഫ്രാൻസിനെ വീഴ്ത്തിയാണ് സെനഗാൾ തുടങ്ങിയത്. പ്രീക്വാർട്ടറിൽ സ്വീഡനെയും തകർത്ത് പാപ ദിയൂഫും കാമറയും എൽഹാജി ദിയൂഫും ഉൾക്കൊള്ളുന്ന ടീം മുന്നേറിയെങ്കിലും ക്വാർട്ടറിൽ അധിക സമയത്തേക്കു നീണ്ട മത്സരത്തിൽ തുർക്കിയോട് പരാജയപ്പെട്ട് മടങ്ങേണ്ടിവന്നു. ഫുട്ബാൾ ലോകത്തിെൻറ ഹൃദയം കീഴടക്കിയായിരുന്നു സെനഗാൾ ഏഷ്യയിൽനിന്ന് മടങ്ങിയത്. ആഫ്രിക്കയിലേക്ക് ആദ്യമായി ലോകകപ്പ് വിരുന്നിനെത്തിയ 2010ൽ ഘാന സെമിയിലെത്തുമെന്ന് വിശ്വസിച്ചുവെങ്കിലും യുറഗ്വായ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ അധിക സമയത്തിെൻറ അവസാന നിമിഷത്തിൽ ലൂയി സുവാരസിെൻറ കൈകൊണ്ടുള്ള ഗോൾ തടയലും ഇതിന് ലഭിച്ച പെനാൽറ്റി അസമാവോ ഗ്യാൻ നഷ്ടപ്പെടുത്തിയതും ഘാനയുടെ വഴിയടച്ചു. ദക്ഷിണാഫ്രിക്കയുടെ മണ്ണിൽനിന്ന് ഗ്യാനിേൻറതും കൂട്ടരുടേതും കണ്ണീർമടക്കമായിരുന്നു. 2014, 18 ലോകകപ്പുകളിൽ അഞ്ചു വീതം ആഫ്രിക്കൻ ടീമുകൾ അണിനിരന്നെങ്കിലും ആർക്കും പ്രാഥമിക ഘട്ടം കടക്കാനായില്ല.
വിശേഷണങ്ങൾ പലതുണ്ട്
ഒാരോ ലോകകപ്പിലും അമ്പരപ്പിക്കുന്ന വിജയവും െഞട്ടിക്കുന്ന തോൽവിയും എല്ലാം സ്വന്തമാക്കി മടങ്ങുന്ന ആഫ്രിക്കൻ ടീമുകൾക്ക് 'അട്ടിമറിക്കാർ', 'വഴിമുടക്കികൾ' എന്നീ പേരുകളാണ് സാധാരണ നൽകാറുള്ളത്. അതല്ലെങ്കിൽ കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കും. ലോകത്തെ ഏറ്റവും മികച്ച ടീമുകൾക്കൊപ്പം നിൽക്കാനുള്ള പ്രതിഭ സാന്നിധ്യം മിക്കവാറും ആഫ്രിക്കൻ ടീമുകളിലുണ്ട്. ആഫ്രിക്കയിൽ നിന്ന് കുടിയേറിയവരുടെ പിൻതലമുറയാണ് കഴിഞ്ഞ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ ബഹുഭൂരിഭാഗം പൊസിഷനുകളിലും കളിച്ചത് എന്നതു മാത്രം മതി ആഫ്രിക്കൻ പ്രതിഭകളുടെ തിളക്കം അറിയാൻ. യൂറോപ്പ്, ലാറ്റിനമേരിക്ക, പശ്ചിമേഷ്യ ലീഗുകളിൽ തുടങ്ങി കേരളത്തിലെ സെവൻസ് കളിക്കളങ്ങളിൽവരെ ആഫ്രിക്കൻ സാന്നിധ്യം അനുഭവെപ്പടുന്നുണ്ട്.
ക്ലബ് ഫുട്ബാളിൽ തിളങ്ങിനിൽക്കുേമ്പാഴും രാജ്യാന്തരതലത്തിലെത്തുേമ്പാൾ ആഫ്രിക്കൻ ടീമുകൾക്ക് കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കാകാത്തത് ഒാരോ ലോകകപ്പ് എത്തുേമ്പാഴും ചർച്ചയാണ്. പാരമ്പര്യത്തിെൻറ കരുത്തും സൗന്ദര്യവും പ്രതിഭയും ഒത്തൊരുമിച്ച ലാറ്റിനമേരിക്കക്കും കളിക്കളത്തിെൻറ ഒാരോ ഇഞ്ചും കീറിമുറിച്ച് വിശകലനം ചെയ്ത് സാേങ്കതികനിറവോടെ എത്തുന്ന യൂറോപ്പിനും മുന്നിൽ തനത് ശൈലിയിൽ പ്രതിരോധം മറന്നുള്ള ആക്രമണവുമായെത്തുന്ന ആഫ്രിക്കൻ ടീമുകൾ വീഴുന്നതാണ് പതിവ് കാഴ്ച. പ്രഫഷനലിസം പൂർണമായും നടപ്പാക്കാൻ കഴിയാത്തതാണ് ആഫ്രിക്കൻ ടീമുകളുടെ കുതിപ്പിന് തടസ്സമായി ഭൂരിഭാഗം ഫുട്ബാൾ വിശാരദരും വിലയിരുത്തുന്നത്. ആസൂത്രണമില്ലായ്മയും അച്ചടക്ക ലംഘനവും ടെക്നിക്കൽ മേഖലകളിൽ ശ്രദ്ധ നൽകാത്തതുമാണ് നേട്ടങ്ങളിലേക്ക് എത്താതിരിക്കാൻ കാരണമായി പറയപ്പെടുന്നത്.
നല്ല ഭക്ഷണവും സൗകര്യങ്ങളും പ്രതീക്ഷിച്ച് തെരുവുകളിലെ കാൽപന്തുകളിയിൽനിന്ന് പ്രഫഷനൽ കളിത്തട്ടുകളിലേക്ക് എത്തപ്പെടുന്ന പ്രതിഭകളെ മെരുക്കിയെടുക്കാനുള്ള പരിശീലകരുടെ കുറവും ലോകോത്തര പരിശീലകർ ആഫ്രിക്കൻ ദേശീയ ടീമുകളെ ദീർഘകാലം പരിശീലിപ്പിക്കാൻ തയാറാകാത്തതും തിരിച്ചടിക്ക് കാരണമാകുന്നു. ഇതോടൊപ്പം യൂറോപ്യൻ ക്ലബുകളിലെ സൂപ്പർ താരങ്ങൾക്ക് പലപ്പോഴും ദേശീയ ടീമുകൾക്കൊപ്പം ഇഴുകിച്ചേരാൻ കൂടുതൽ സമയവും ലഭിക്കുന്നില്ല. ആഭ്യന്തര സംഘർഷങ്ങളും ഫുട്ബാൾ അസോസിയേഷനുകളിലെ തമ്മിൽതല്ലുകളും ആഫ്രിക്കയെ പിന്നോട്ടുവലിക്കുന്നു. ഇത്രയധികം പ്രതിസന്ധികളുെണ്ടങ്കിലും പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ ആഫ്രിക്ക മുന്നിലാണ്. യൂറോപ്യൻ ക്ലബുകളുടെ റിക്രൂട്ടിങ് സെൻററുകൾ മുമ്പ് പ്രധാനമായും ലാറ്റിനമേരിക്ക ആയിരുന്നെങ്കിൽ ഇപ്പോൾ ആഫ്രിക്കയിലേക്ക് കുടിയേറിയിരിക്കുന്നു. കഴിഞ്ഞ ലോകകപ്പുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഖത്തറിൽ ആഫ്രിക്കൻ ഫുട്ബാൾ കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഖത്തറിൽ പടയോട്ടം നടത്തുമെന്ന് എല്ലാവരാലും പ്രതീക്ഷിക്കുന്ന സെനഗാളിന് സൂപ്പർ താരം സദിയോ മാനേക്ക് ഏറ്റ പരിക്ക് വല്ലാതെ അലട്ടുന്നു. കാമറൂൺ, മൊറോക്കോ, തുനീഷ്യ, ഘാന തുടങ്ങിയവരാണ് ആഫ്രിക്കൻ പതാകയേന്തുന്ന മറ്റുള്ളവർ.
ആഫ്രിക്കൻ കരുത്തിനെ യൂറോപ്യൻ പ്രഫഷനലിസത്തിലേക്ക് പരിവർത്തിപ്പിച്ചാൽ ഒരുപാട് കാലം കാത്തിരിക്കാതെ ലോക ഫുട്ബാളിന്റെ അമരത്ത് ആഫ്രിക്കൻ രാജ്യങ്ങളുടെ പതാക പറക്കുമെന്നാണ് പ്രതീക്ഷ. റോജർ മില്ലയുടെയും സാമുവൽ എറ്റുവിന്റെയും ദിദിയർ ദ്രോഗ്ബയുടെയും പിന്മുറക്കാർ ആഫ്രിക്കൻ വീര്യം ഉയർത്തിപ്പിടിക്കുന്നതിെൻറ തുടക്കം ഖത്തർ 2022ൽ ആയിരിക്കുമോ എന്ന് കാത്തിരുന്നു കാണാം. മത്സരം വിജയിച്ചില്ലെങ്കിലും കപ്പ് നേടിയില്ലെങ്കിലും ഖത്തറിലെ കാണികൾക്കു മുന്നിൽ അവർ കാൽപന്തിന്റെ വിരുന്നൊരുക്കുമെന്ന് തീർച്ച.