'അഞ്ചാമത്തെ ദിക്ക്' -ത്രില്ലർ കഥ വായിക്കാം
സന്ധ്യ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. മഴക്കാറുള്ളതുകൊണ്ടും റോഡിന്‍റെ ഇരുവശങ്ങളിലും ഇടതൂർന്ന മരങ്ങളുള്ളതുകൊണ്ടും നേരം പാതിരാവായതുപോലെ തോന്നിച്ചു. റോഡിലെ വിജനത ആ തോന്നലിന് ആക്കംകൂട്ടി. സ്വവർഗാനുരാഗിയെന്ന കളിയാക്കലും കുറ്റപ്പെടുത്തലും സഹിക്കവയ്യാതെ തൂങ്ങിമരിച്ച ഇരുപതുകാരിയുടെ വീട്ടിൽചെന്ന് ഒരു ഫീച്ചറിനുള്ള വിവരങ്ങൾ ശേഖരിച്ച് മടങ്ങിവരുകയായിരുന്നു ഞാൻ. ഉച്ചതിരിഞ്ഞപ്പോഴെത്തിയതാണെങ്കിലും, വീട്ടുകാരുടെയും അയൽക്കാരുടെയും വെളിപ്പെടുത്തലുകൾ റെക്കോഡ് ചെയ്തെടുക്കുമ്പോഴേക്കും സന്ധ്യയായി. ''വീടിനേം, നാടിനേം പറയിക്കാനായി ഒരു ജന്മം'', ''സ്വയം ചത്തില്ലെങ്കിൽ ആരെങ്കിലും തല്ലിക്കൊന്നുപോവും'', ''ദൈവഹിതമല്ലാത്ത പ്രവൃത്തി ചെയ്യുന്നവർക്ക് ഇതുതന്നെ ഗതി'', ''അതൊരു പെണ്ണ് പോയിട്ട് മനുഷ്യജന്മംപോലുമല്ല'' തുടങ്ങിയമട്ടിലല്ലാതെ പെൺകുട്ടിയോട് അനുതാപമുള്ള വാക്കുകൾ ആരിൽനിന്നെങ്കിലും ലഭിക്കുമോ എന്നറിയാനാണ് കൂടുതൽപേരെ കണ്ട്, കാര്യങ്ങൾ ചോദിക്കേണ്ടിവന്നത്. സമയം മെനക്കെട്ടത് മിച്ചം. എന്തായാലും കിട്ടിയിടത്തോളം വിവരങ്ങൾ വെച്ച് സ്റ്റോറി ചെയ്താൽ തന്നെ നല്ലൊരു സ്കൂപ്പാകുമെന്നുറപ്പ്. 'സ്വവർഗാനുരാഗത്തിന്‍റെ കാണാപ്പുറങ്ങൾ' എന്ന ടൈറ്റിൽ അപ്പോൾ തന്നെ എഡിറ്റർക്ക് വാട്സാപ്പ് ചെയ്തു. ഓഫിസിലെത്തി എല്ലാം അക്ഷരങ്ങളാക്കിമാറ്റി, ആവശ്യത്തിന് എരിവും പുളിയും ചേർത്ത് വായിക്കാൻ പരുവത്തിലാക്കി, ഇന്നുതന്നെ മെയിൽ ചെയ്യേണ്ടതിനാൽ അൽപം തിടുക്കത്തോടെയാണ് ഞാൻ കാറോടിച്ചിരുന്നത്.
''ഒരു മിനിറ്റ് സൈഡാക്കാമോ, മൂത്രമൊഴിക്കണം'',
പിൻസീറ്റിൽ ഇരിക്കുന്നയാൾ പറഞ്ഞു.
ഇങ്ങനെയൊരാൾ കൂടെയുണ്ടെന്ന് അപ്പോഴാണ് ഞാൻ ഓർത്തത്. അയാൾ ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. മരണവീട്ടിൽനിന്നുള്ള ചളിനിറഞ്ഞ ചെമ്മൺറോഡ് കഴിഞ്ഞ്, മെയിൻ റോഡിലേക്ക് തിരിയുന്നതിനിടയിൽ കാർ പതുക്കെയാക്കിയപ്പോൾ അടുത്തുവരുകയായിരുന്നു. കൈയും തലയും കൊണ്ടുള്ള എന്തോ ആക്ഷൻ കണ്ട്, ഗ്ലാസ് താഴ്ത്തിയപ്പോഴാണ്, റെയിൽവേ സ്റ്റേഷനിലേക്ക് ലിഫ്റ്റ് ചോദിക്കുകയാണെന്ന് മനസ്സിലായത്. നീണ്ടുമെലിഞ്ഞ പ്രകൃതം. കള്ളിഷർട്ടും കരമുണ്ടും വേഷം. മുടി കൊഴിഞ്ഞ് നെറ്റി കയറിയിട്ടുണ്ട്. ഇറുക്കിക്കെട്ടിയ വെളുത്ത മാസ്കിനു കീഴെ പുറത്തേക്കെത്തിനോക്കുന്ന ഇടതൂർന്നതും നരച്ചുതുടങ്ങിയതുമായ താടിരോമങ്ങൾ. ഇരുകൈകളിലും കെട്ട പാലിന്‍റെ നിറമുള്ള ഗ്ലൗസുകൾ. കറുത്ത പ്ലാസ്റ്റിക് ബിഗ്ഷോപ്പറിൽ എന്തോ മടക്കി നെഞ്ചോട് ചേർത്തിട്ടുണ്ട്. നേരം വൈകുന്നതിലും വാഹനം കിട്ടാത്തതിലും ഉള്ള അസ്വസ്ഥത, അയാളുടെ ചലനങ്ങളിൽ തെരുവുവിളക്കിന്‍റെ ദ്രവിച്ച വെളിച്ചത്തിലും ഞാൻ കണ്ടു. റെയിൽവേസ്റ്റേഷൻ വഴിയാണ് ഓഫീസിൽ പോകേണ്ടതെങ്കിലും ആരാണ്, എന്താണ് എന്നൊന്നുമറിയാതെ ലിഫ്റ്റ്കൊടുക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നതുകൊണ്ട് ഞാനാദ്യം നീരസം പ്രകടിപ്പിച്ചു. ''സോറി ധൃതിയുണ്ട്'' എന്നുപറഞ്ഞ് വിൻഡോ ഗ്ലാസ് ബട്ടണിലേക്ക് വിരൽ കൊണ്ടുപോകവേ, ''എട്ടരക്കുള്ള മാവേലിക്ക് തിരുവനന്തപുരത്ത് പോകാനുള്ളതാണ്, വൈഫിന് നാളെ ഒരു ഓപ്പറേഷനുണ്ട് ആർ.സി.സിയിൽ, കുറച്ച് രൂപ തിരിമറിയാക്കാൻ വന്നതാണ്'' എന്ന് അയാൾ ഒറ്റശ്വാസത്തിൽ പറഞ്ഞു. ലിഫ്റ്റിനു വേണ്ടി പലരോടും ചോദിച്ചുചോദിച്ചാവണം വാക്കുകൾ ബൈഹാർട്ടായതുപോലെ തോന്നിച്ചു. സംസാരത്തിലും പെരുമാറ്റത്തിലും ദൈന്യമുണ്ടായിരുന്നു. ''ബസുകൾ പലതും ക്യാൻസൽ ചെയ്തത് അറിഞ്ഞിരുന്നില്ല, കോവിഡ് കാരണം വൈകുന്നേരമായാൽ ഒറ്റ ഓട്ടോയും നിരത്തിലിറങ്ങുന്നില്ല. വലിയ മഴയും വരുന്നുണ്ട്'', യാചനാസ്വരത്തിൽ അയാൾ കൂട്ടിച്ചേർത്തു.
പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. കോവിഡ് കാലത്ത് സ്വന്തം വാഹനമില്ലാത്തവർ അത്യാവശ്യയാത്രക്കുപോലും വളരെ ക്ലേശിക്കുന്നുണ്ട്. ഓട്ടോയും ടാക്സിയും ബസും തീവണ്ടിയും അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഈയിടെ പത്രത്തിൽ ഒരു പരമ്പര ചെയ്തതാണ്. അങ്ങനെയൊന്ന് ചെയ്യാൻ കാരണക്കാരനായത് റിച്ചി ആണ്. ഒരു ദിവസം രാവിലെ അവൻ പപ്പയെ കാണാൻ നാട്ടിലേക്ക് പുറപ്പെടുമ്പോൾ ''വാഹനങ്ങൾ കുറവല്ലേ, ഞാൻ കാറിൽ കൊണ്ടാക്കാം, ഇത്രയും കാലം നമ്മൾ ഒരുമിച്ച് കഴിഞ്ഞിട്ടും നിന്‍റെ പപ്പയെ പരിചയപ്പെട്ടില്ലല്ലോ, നമുക്ക് രണ്ടുപേർക്കും ഒരു അടിപൊളി ട്രിപ്പുമാകും'' എന്നൊക്കെ പറഞ്ഞതാണെങ്കിലും, ''ഏയ് അത് ശരിയാവില്ല'' എന്നുപറഞ്ഞ് തനിച്ച് പോവുകയാണുണ്ടായത്. ഞാനഴിച്ചുവെച്ച ഷർട്ടാണ് അവൻ ധരിച്ചിരിക്കുന്നതെന്ന് കണ്ടിരുന്നുവെങ്കിലും എന്നെ ഒഴിവാക്കിയതിലുള്ള നീരസം കാരണം ആ അശ്രദ്ധ ഓർമിപ്പിക്കാൻ ഞാൻ മെനക്കെട്ടില്ല. രണ്ടുദിവസം കഴിഞ്ഞുള്ള പാതിരാക്ക് അവൻ ഉറഞ്ഞുതുള്ളിക്കൊണ്ടുവരുന്നു. ''നീ വല്യ പത്രക്കാരനല്ലേ, നാടറിയാൻ, നാടിന്‍റെ സ്പന്ദനമറിയാൻ എന്നൊക്കെയല്ലേ നിന്‍റെ പത്രത്തിന്‍റെ വീമ്പിളക്കൽ. രാവിലെ ആറു മണിക്ക് പുറപ്പെട്ട്, ഉച്ചയോടെ എത്തേണ്ടുന്ന ഞാൻ ഈ നട്ടപ്പാതിരവരെ പെരുവഴിയിലായിരുന്നു. നീയോ നിന്‍റെ പത്രമോ ഇതൊന്നും അറിയില്ല.'' മറുപടി കൊടുക്കാവുന്ന അവസ്ഥയിലല്ലെങ്കിലും നല്ല സ്റ്റോറിക്ക് സാധ്യതയുള്ള സബ്ജക്ടാണല്ലോ എന്നെനിക്ക് തോന്നി. എഡിറ്ററോട് അനുവാദം വാങ്ങി രണ്ടുമൂന്നു ദിവസം കൊണ്ട് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോയി, യാത്രാക്ലേശം അനുഭവിക്കുന്നവരുടെ സങ്കടങ്ങൾ കുറിച്ചെടുത്ത് 'പിൻവലിയുന്ന വാഹനങ്ങൾ, വലയുന്ന യാത്രക്കാർ' എന്ന സ്റ്റോറിയുണ്ടാക്കി. ഒരു ദിവസം കൊടുക്കാനാണ് ചെയ്തതെങ്കിലും, പൂർത്തിയായപ്പോൾ പരമ്പരയായി. 'പ്രസക്തം', 'സന്ദർഭോചിതം', 'അധികാരികളുടെ കണ്ണു തുറപ്പിച്ചെങ്കിൽ!', 'പെരുവഴിയിൽ ഒറ്റപ്പെട്ടുപോകുന്ന സാധാരണമനുഷ്യരുടെ പക്ഷം ചേരുന്നതിൽ ഐക്യദാർഢ്യം' എന്നൊക്കെയുള്ള അഭിനന്ദനങ്ങൾ നേരിട്ടും വായനക്കാരുടെ കത്തുകളിലൂടെയും പലഭാഗത്തുനിന്നും ലഭിച്ചതാണ്. വാർത്ത ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇതിനൊരു പരിഹാരം ഉണ്ടാകും എന്ന് ഉറപ്പു കിട്ടിയതുമാണ്. പക്ഷേ കാര്യങ്ങൾ പഴയപടി തന്നെ. ഓർക്കാപ്പുറത്ത് തെരുവിൽ അലയേണ്ടിവരുന്നവർ ഇപ്പോഴും അനവധി. എഴുതിയ വാക്കുകളോട് നീതി പുലർത്തണമെന്നതുകൊണ്ടും, ഇയാളുടേത് ആശുപത്രി വിഷയമായതുകൊണ്ടും, എനിക്കാണെങ്കിൽ ''ഓടം മാടായിക്ക് പോകുമ്പോഴുള്ള ഓലക്കെട്ട്'' മാത്രമാണയാൾ എന്നതുകൊണ്ടും, ഡോർ തുറന്നു കൊടുക്കുകയായിരുന്നു. കാറിൽ കയറിയതുമുതൽ നിശ്ശബ്ദനായിരുന്നു അയാൾ. പ്രയാസങ്ങൾ അലട്ടുന്നുണ്ടാവണം. ഓരോന്ന് ചോദിച്ച് വിഷമിപ്പിക്കേണ്ട എന്ന് ഞാനും കരുതി. ഇതിപ്പോൾ ഒരു കോടാലി ആയി മാറുമെന്ന് കരുതിയില്ല. തിരക്കില്ലാത്ത റോഡിലൂടെയുള്ള സുഗമയാത്രക്കിടയിൽ കാർ നിർത്തണമെന്നാവശ്യപ്പെട്ടപ്പോൾ എനിക്ക് മുഷിച്ചിൽ തോന്നാതിരുന്നില്ല. മാത്രമല്ല, ഓഫീസിലെത്തി പണി മുഴുവൻ തീർത്ത്, കോഫീഹൗസ് അടയ്ക്കുന്നതിനുമുമ്പ് അത്താഴത്തിനുള്ള ചപ്പാത്തിയോ പൊറോട്ടയോ പാർസൽ വാങ്ങി, അധികം രാത്രിയാകുന്നതിനു മുൻപേ റൂമിൽ എത്തേണ്ടതുണ്ട്. ഐ.ടി കമ്പനിക്കുവേണ്ടി വർക്ക് ഫ്രം ഹോം ആയി പണിയെടുത്തുകൊണ്ടിരിക്കുന്ന റിച്ചി ജീരകവെള്ളംപോലും കാച്ചിവെച്ചിട്ടുണ്ടാവില്ല. എല്ലാം പാത്രത്തിലാക്കി മുന്നിൽ കൊണ്ടുവെച്ചാലേ മൂപ്പര് വല്ലതും കഴിക്കൂ. അവൻ ചെറുതായിരിക്കുമ്പോഴാണ് അമ്മ കാൻസർ ബാധിച്ച് മരിക്കുന്നത്. അതിനുശേഷം പപ്പയാണ് എല്ലാം വെച്ചുവിളമ്പിക്കൊടുക്കാറുള്ളത്രെ! മകനെക്കൊണ്ട് ഒരു വീട്ടുപണിയും ചെയ്യിപ്പിക്കില്ല. അതുകൊണ്ടുതന്നെ, ഒരു മുറിയിൽ താമസിക്കുന്നവർക്ക് തുല്യ ഉത്തരവാദിത്തമാണ് എന്ന തത്ത്വമൊന്നും റിച്ചിക്കുമുന്നിൽ ചെലവാകില്ല. ''പപ്പയെക്കാൾ കരുതലും സ്നേഹവും നീയെനിക്ക് തരുന്നുണ്ട്, കൂട്ടിന് നീയുള്ളതാണ് എന്‍റെ ഒരേയൊരാശ്വാസം, പപ്പ പോലും വിളിക്കാറുള്ള ഋഷീകേശാ എന്ന ഇടിക്കട്ടപ്പേരിനു പകരം നിന്‍റെ റിച്ചീ എന്ന ആ വിളിയിൽ എല്ലാമുണ്ട്...'' എന്നിങ്ങനെ ഓരോന്നു പറയുമ്പോൾ അവനുമായുള്ള ഇണക്കം മുറുകുകയായിരുന്നു. ഞാൻ എത്താനൽപം വൈകിയാൽ, ഫോൺ അറ്റൻറ് ചെയ്യാതിരുന്നാൽ അവൻ അസ്വസ്ഥനാകും. കാർ ഉപയോഗിച്ചു തുടങ്ങിയതു മുതൽ അത്തരം തോന്നൽ അവന് ജാസ്തിയാണ്. ''വേണ്ടാത്ത ചിന്തകളേ മനസ്സിലെത്തൂ'' എന്ന് എപ്പോഴും ആകുലപ്പെടും.
ഇമ്മാതിരി ബദ്ധപ്പാടും പ്രാരബ്ധവുമൊക്കെ പിറകിലിരിക്കുന്ന ചങ്ങാതിക്കറിയുമോ? എന്‍റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ഇയാളോട് വിസ്തരിക്കാൻ കഴിയുമോ? ഉപകാരം ചെയ്താൽ അതൊരു ബാധ്യതയായി മാറാറുണ്ട്. ഇതേതാണ്ട് ഒട്ടകത്തിന് തലവെക്കാൻ ഇടം കൊടുത്തതുമാതിരിയായിപ്പോയി. എന്തെങ്കിലും ആവട്ടെ, മൂന്നോ നാലോ മിനിറ്റിന്‍റെ പ്രശ്നമല്ലേ എന്നു കരുതി ഞാൻ കാർ അരികിലാക്കി നിർത്തി.
ഡോർ തുറന്ന് പുറത്തു പോയപ്പോൾ ബിഗ്ഷോപ്പറും കൂടെ കൊണ്ടുപോയത് ഞാൻ ശ്രദ്ധിച്ചു. കാറിന്‍റെ പിറകിലേക്ക് നടന്ന് അൽപം ദൂരെയുള്ള ചവോക്ക് മരത്തിനുനേരെ ഒരു കൈകൊണ്ട് മുണ്ട്പൊക്കുമ്പോൾ മറ്റേ കൈകൊണ്ട് ആയാസപ്പെട്ട് ബിഗ്ഷോപ്പർ നെഞ്ചിൽ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഞാൻ എത്തരക്കാരനാണെന്ന് അറിഞ്ഞുകൂടാ. കാറിൽതന്നെ വെച്ചാൽ അതുമായി ഞാൻ കടന്നുകളഞ്ഞേക്കുമോ എന്ന ചിന്തയാണ് അയാളെ സഞ്ചി ഒക്കത്തിറുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സാധാരണവും മനുഷ്യസഹജവുമാണത്. ഈ ഞാനാണെങ്കിലും അങ്ങനെയേ ചെയ്യൂ. എങ്കിലും അയാളുടെ മനസ്സിൽ അൽപനേരത്തേക്കെങ്കിലും അങ്ങനെയൊരു അവിശ്വാസം രൂപപ്പെട്ടതിൽ എനിക്ക് നേർത്ത നീരസം തോന്നാതിരുന്നില്ല. കാറിൽ കയറുന്നതിനുമുൻപ് അയാളുമായുള്ള അപരിചിതത്വം എന്നെയും ഏതാണ്ടതേമാതിരി ചിന്തിപ്പിച്ചിരുന്നല്ലോ എന്ന് സമാധാനിച്ചു.
മനുഷ്യന്‍റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നാണ് അവിശ്വാസം. പുണ്ണിന്‍റെ പൊറ്റയടർത്തുന്നതുപോലുള്ള സുഖം ഒരാളെ അവിശ്വസിക്കുമ്പോൾ നമുക്ക് ലഭിക്കുന്നു. അപരിചിതർ മാത്രമല്ല ഏറ്റവുമടുത്ത ബന്ധം സൂക്ഷിക്കുന്നവരായാലും, അവിശ്വസിക്കുക ഒരു ലഹരിയാണ്. സംശയങ്ങൾ ദൃഢപ്പെടുത്തിയ ബന്ധങ്ങളാണ് തകർത്തതിനേക്കാൾ കൂടുതൽ. കൗതുകകരമായ ഒരു ഫീച്ചറിനുള്ള സാധ്യത എന്‍റെ മനസ്സിൽ ഒളിമിന്നി. വിവരങ്ങൾ ശേഖരിക്കാൻ, ചുറ്റുമൊന്നു നോക്കുകയേ വേണ്ടൂ, അനവധി അനുഭവസ്ഥരുണ്ട്. എന്തിനധികം, ഒരു മുറിയിൽ, ഒരു പാത്രത്തിലുണ്ട്, ഒരു പായയിലുറങ്ങി എന്നമട്ടിൽ കഴിയുന്ന ഞാനും റിച്ചിയും തമ്മിലുള്ള ഹൃദയബന്ധം, അവിശ്വാസത്തിന്‍റെ എത്ര ഉപ്പിളികൾ ഉരിഞ്ഞുണ്ടായതാണ്! സുർക്കയും പുളിയും എന്നുതുടങ്ങി ദാവീദും ജോനാഥനും എന്നുവരെ മറ്റുള്ളവരാൽ കളിയാക്കപ്പെടുമ്പോഴും ആരോടെങ്കിലും അവൻ സ്വാതന്ത്ര്യം കാട്ടിപ്പോയാൽ, അമിതമായി മിണ്ടിപ്പോയാൽ, എന്തെങ്കിലും ഒളിച്ചുവെക്കുന്നു എന്നു തോന്നിപ്പോയാൽ ഞാൻ കെറുവിക്കും. തിരിച്ചും അങ്ങനെതന്നെ.
ഈയിടെ പപ്പയെ കാണാൻ പോകുന്ന സമയത്ത് ''ഞാനും കൂടെ വരാം'' എന്നു പറഞ്ഞപ്പോൾ റിച്ചി നിരസിച്ചതെന്തിനാണെന്ന് ഞാൻ സംശയിച്ചിരുന്നു. സാധാരണഗതിയിൽ ഒന്നിച്ചുള്ള ദീർഘയാത്രകൾ അവൻ ഒഴിവാക്കാറില്ല. വന്നപാടെ, ബാഗിൽനിന്ന് എന്‍റെ ഷർട്ട് എടുത്ത് കുടഞ്ഞ് ഹാംഗറിൽ തൂക്കിയിട്ടശേഷം, നിന്‍റെ വിയർപ്പിന് നാരകയിലയുടെ മണമാണെന്ന് പറഞ്ഞ് അടുത്ത് ചേർന്നു നിൽക്കുമ്പോൾ ഞാൻ മുഖം തിരിച്ചു. വാഹനം കിട്ടാത്തതിനെപ്പറ്റി രോഷാകുലനാവുന്നത് നിശ്ശബ്ദമായി കേട്ടിരിക്കുമ്പോൾ ''കാറിൽ ഒന്നിച്ചു പോകാമെന്ന് പറഞ്ഞതായിരുന്നല്ലോ'' എന്ന് ഞാൻ ഓർമിപ്പിച്ചില്ല. എന്നിൽനിന്ന് എന്തോ മറച്ചുവെക്കുന്നുണ്ടെന്നു സംശയിച്ചതിനാൽ ഒന്നുരണ്ടു ദിവസം മിണ്ടുന്നതിൽ പിശുക്കുകാട്ടി. അവൻ എന്തെങ്കിലും ചോദിക്കാൻ വരുമ്പോൾ മോണിറ്ററിൽനിന്ന് മുഖമുയർത്താതെ ആ...ഓ... യിൽ മറുപടി ഒതുക്കും. സത്യത്തിൽ അവന്‍റെ രോഷത്തിൽ പ്രചോദിതനായിട്ട് ''പിൻവലിയുന്ന വാഹനങ്ങൾ, വലയുന്ന യാത്രക്കാർ'' തയാറാക്കുന്ന തിരക്കിലായിരുന്നു ഞാൻ. അതവനോട് പറഞ്ഞില്ല. മൂന്നുദിവസം കഴിഞ്ഞ് പരമ്പര പത്രത്തിൽ വന്നുതുടങ്ങിയപ്പോൾ അവനതു വായിച്ച് എന്‍റടുത്തു വന്നു. മുതുകത്ത് കൈ വെച്ചപ്പോൾ ഞാനത് തട്ടിമാറ്റി. എന്‍റെ ഉള്ളിൽ മുനിഞ്ഞുകത്തുന്നത് അവൻ മണത്തുകഴിഞ്ഞിരുന്നു.
''ഒരു പ്രപ്പോസലിന്‍റെ കാര്യം പറയാനായിരുന്നു പപ്പ വിളിപ്പിച്ചത്. നീയത് അന്ന് അറിയേണ്ട എന്ന് കരുതി.''
റിച്ചി എന്നെ മുട്ടിനിന്നുകൊണ്ട് പറഞ്ഞു.
''എന്നിട്ട്'' എന്നർഥത്തിൽ ഞാനവനെ തലയുയർത്തി നോക്കി.
''പോയി കണ്ടു. പപ്പയുടെ കണ്ണിൽ പൊടിയിടാൻ. എം.ബി.എക്കാരി. സിനിമാനടി നയൻതാരയുടെ ലുക്ക്. അച്ഛൻ കോളേജ് പ്രൊഫസർ. അമ്മ ബാങ്ക്.''
''എന്നിട്ട്?'' ഞാൻ ലാപ്പ്, ഷട്ട്ഡൗൺ ചെയ്ത് എഴുന്നേറ്റു.
''എന്നിട്ടെന്താ, ഇഷ്ടമായില്ലെന്നു പറഞ്ഞു.''
''എന്തേ?''
അവനതിന് ഉത്തരം പറഞ്ഞില്ല.
''രാത്രി പപ്പയുടെ വക കുറെ മൂക്കുപിഴിച്ചിലും കരച്ചിലും. പിന്നെ ആരൊക്കെയോ എന്തൊക്കെയോ ചെവിയിൽ കൊണ്ടുകൊടുത്തതെല്ലാം ഛർദിച്ചു. വർക് ഫ്രം ഹോം ആണെങ്കിൽ വീട്ടിൽവെച്ചല്ലേ ചെയ്യേണ്ടതെന്ന് കയർത്തു. അധികം കേൾക്കാൻ നിൽക്കാതെ പിറ്റേന്നു രാവിലെ എണീറ്റപാടെ ഞാനിങ്ങു പോന്നു.''
റിച്ചിയുടെ തൊണ്ടയിടറി. ഞാനവനെ ചേർത്തുപിടിച്ചു. അവന്‍റെ കണ്ണിൽ ഉരുണ്ടുകൂടിയ ചെറുതുള്ളികൾ ഞാൻ വിരൽകൊണ്ട് അടർത്തിയെടുത്തു. ''ഇഷ്ടപ്പെട്ട ബന്ധം മാത്രം സ്വീകരിച്ചാൽ മതി'' എന്ന് ആശ്വസിപ്പിച്ചു. ഫാനിന്‍റെ കറക്കത്തിൽ പാറിക്കളിച്ചുകൊണ്ടിരിക്കുന്ന അവന്‍റെ തലമുടികൾക്കിടയിലൂടെ ഞാൻ വിരൽപായിച്ചു.
അതൊരു ഉറപ്പായിരുന്നു. സംശയത്തിന്‍റെയും അവിശ്വാസത്തിന്‍റെയും ഉലയിലിട്ടുരുക്കിപ്പണിത ഉറപ്പ്. ആ ഉറപ്പിനുവേണ്ടിയായിരിക്കണം, ബോധപൂർവമല്ലെങ്കിലും രണ്ടുമൂന്നു ദിവസം ഞാനവന്‍റെ നേർക്ക് മുഖംകൊടുക്കാതെ നടന്നത്. ഉറപ്പ് വേണമെന്ന ശാഠ്യം ആരെയും സംശയാലുവാക്കും.
ഇപ്പോൾ തന്നെ നോക്കൂ. സംഗതി നിസ്സാരവും സ്വാഭാവികവുമാണ്. ബിഗ്ഷോപ്പറിലുള്ള പണത്തിന് അയാൾക്ക് ഉറപ്പുവേണം. അത് കാറിൽവെച്ചാണ് പോയതെങ്കിൽ ആ ഉറപ്പുകിട്ടില്ല. നാളെ ആശുപത്രിയിൽ ചെന്ന് തുക ഏൽപ്പിക്കുന്നത് വരെ ആ സഞ്ചി അയാളുടെ നെഞ്ചോടൊട്ടിനിൽക്കും. സ്വന്തം നെഞ്ചോളം ഉറപ്പ് മറ്റെവിടെയും ലഭിക്കില്ല. ഇന്നയാൾ ഉറങ്ങില്ല. മറ്റാരെങ്കിലും എടുത്തുകൊണ്ടു പോകുമോ എന്ന ആധി അയാളെ പിന്തുടർന്നുകൊണ്ടിരിക്കും. ആ സഞ്ചിക്കകത്താണ് അയാളുടെ ജീവിതം കാച്ചിക്കുറുക്കി സൂക്ഷിച്ചിട്ടുള്ളത്. എന്തായാലും സ്വന്തം അവയവംപോലെ അയാൾ കൊണ്ടുനടക്കുന്ന ബിഗ്ഷോപ്പർ, വിശ്വാസത്തെയും അവിശ്വാസത്തെയും ചിക്കിച്ചികയാനും, ഒരു സ്പെഷ്യൽ ഫീച്ചറിനുള്ള സ്പാർക്ക് ലഭിക്കാനും അവസരമുണ്ടായല്ലോ എന്നോർത്ത് ഞാൻ സ്റ്റിയറിങ്ങിൽ താളംപിടിച്ചുകൊണ്ടിരുന്നു.
അൽപസമയം കഴിഞ്ഞ് ഡോർ തുറക്കുന്നതിന്‍റെയും അടയ്ക്കുന്നതിന്റെയും ശബ്ദം കേട്ടതേയുണ്ടായിരുന്നുള്ളൂ. ഓർക്കാപ്പുറത്ത് അയാളുടെ ഗ്ലൗസിട്ട ഒരു കൈ എന്‍റെ ചെവിക്കടുത്തൂടെ തുളച്ചുവന്ന് മാസ്കിനു മീതെ അമർത്തിയൊരു പിടുത്തം. വായും മൂക്കും ആ കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ശ്വാസംമുട്ടി പിടഞ്ഞു തിരിഞ്ഞപ്പോൾ ബിഗ്ഷോപ്പറിൽ നിന്ന് പുറത്തെടുത്ത മിന്നുന്ന കത്തി അയാളുടെ മറ്റേ കൈയിൽ. ഭയം ദേഹമാസകലം ഇരച്ചുകയറി. അയാളിത്രയും കരുതലോടെ നെഞ്ചോട്ചേർത്തത് മൂർച്ചയുള്ള കത്തിയായിരുന്നല്ലോ എന്ന് ഞാൻ അന്ധാളിച്ചു. അടുത്തനിമിഷം ആ കത്തി എന്‍റെ കഴുത്തിനു നേരെ ചീറി. മരണം മുന്നിൽ വന്നുനിൽക്കുന്നു. സർവശക്തിയുമുപയോഗിച്ച് ഞാൻ കുതറാൻ നോക്കി. ആ കുതറലിൽ ചെറിയൊരു അയവ് വന്നപ്പോൾ അയാളുടെ കത്തിയേന്തിയ കൈ എന്‍റെ കൈപ്പിടിയിലായി. സ്വയം രക്ഷക്കായി ഞാനാ കൈ പിടിച്ചുതിരിച്ചു. എന്‍റെ മുഖത്ത് അമർത്തിപ്പിടിച്ചിരുന്ന അയാളുടെ മറുകൈ അന്നേരം ഇളകിപ്പോയി. അപ്പോഴാണ് എനിക്ക് നേരാംവണ്ണം ശ്വാസം കഴിക്കാനായത്. കിട്ടിയ തക്കത്തിന് സീറ്റ് ബെൽറ്റ് അഴിച്ച്, എണീറ്റ് തിരിഞ്ഞു നിന്ന്, അയാളുടെ കഴുത്തിന് കൈ ഇറുക്കിപ്പിടിച്ചു. സീറ്റിനപ്പുറവും ഇപ്പുറവുമായി അയാളും ഞാനും കുറെ തിരിയലും മറിയലുമുണ്ടായി. ഏറെനേരം മൂളിയും ഞരങ്ങിയും, പിച്ചിയും മാന്തിയും, ഏങ്ങിയും കിതച്ചും പോരടിക്കുമ്പോൾ ഏതോ അടിസിനിമയിൽ രമിച്ചിരിക്കുകയാണോ എന്നെനിക്ക് തോന്നി. മൽപിടിത്തം കഴിഞ്ഞപ്പോൾ എവിടെനിന്നോ ഒഴുകിയെത്തിയ ചോരയുടെ ചൂട് ദേഹത്ത് പടരുന്നതായി ഞാനറിഞ്ഞു. പൊടുന്നനെ അയാളുടെ ഊക്കിന് അയവുവന്നു. എന്‍റെ തൊണ്ടക്ക് കുത്തിപ്പിടിച്ചിരുന്ന കൈ മെല്ലെ ഊർന്നുവീണു. അടുത്തനിമിഷം കടയ്ക്കൽ കത്തികൊണ്ട വാഴപോലെ അയാൾ സീറ്റിലേക്ക് മലർന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അയാളുടെ മറ്റേ കൈത്തണ്ടയിൽ നിന്ന് രക്തം ഗ്ലൗസിലൂടെ കുടുകുടാ ഒഴുകുന്നു. ഞാൻ ശക്തിയായി പിടിച്ചുതിരിച്ചപ്പോൾ കത്തി അയാളുടെ കൈഞരമ്പുകളെ മുറിവേൽപ്പിച്ചിരിക്കണം. സെക്കൻഡുകൾക്കുള്ളിൽ എന്തൊക്കെ ഉരുൾച്ചകളാണ് നിനച്ചിരിക്കാതെ സംഭവിക്കുന്നത്! കാറിനകം ഇപ്പോൾ ചോരപ്രളയം. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ആർത്തുവിളിച്ചു ആൾക്കാരെ വരുത്തണോ? റോഡരികിൽ തള്ളിയിട്ട് രക്ഷപ്പെടണോ? പോലീസിനെ വിവരം അറിയിക്കണോ? റിച്ചിയോട് ഒരു ഓട്ടോ പിടിച്ച് വരാൻ പറയണോ? ഡസ്കിൽ വിളിച്ചു പറഞ്ഞു നാളെക്കൊരു വാർത്തയാക്കണോ?
അൽപംകൂടി കഴിഞ്ഞാൽ അയാൾ രക്തംവാർന്ന് മരിക്കുമല്ലോ എന്ന ആളൽ പൊടുന്നനെ എന്‍റെ നെഞ്ചിനകത്തുണ്ടായി. എന്‍റെ കൈകൊണ്ട് ഒരാളുടെ മരണം! ആരെയെങ്കിലും കൊല്ലാൻ പോയിട്ട് തല്ലാനോ വഴക്കിടാനോപോലും കഴിവില്ലാത്ത എന്‍റെ തലയിൽ കൊലക്കുറ്റം ചാർത്തപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. പോലീസ്, അറസ്റ്റ്, റിമാൻഡ്, കേസ്, കോടതി, ശിക്ഷ... ആത്മരക്ഷാർഥമാണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കുക. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ എന്നെ അറിയുന്നവർ ''അയ്യോ പാവം''എന്ന് സഹതപിച്ചേക്കാം. പക്ഷേ വാദിച്ചു ജയിക്കാൻ പറ്റിയില്ലെങ്കിൽ ആജീവനാന്തം കുറ്റവാളി തന്നെ. പുതച്ചുറങ്ങുന്ന ചവിട്ട് വിളിച്ചുണർത്തി വാങ്ങിയ പോലായി ഇത്. നാശം. എന്‍റെ തലക്കകത്ത് ആധി പുളച്ചുനടക്കാൻ തുടങ്ങി. പാതിരയുറക്കത്തിൽ കാണുന്ന പേടിസ്വപ്നമാണോ ഇതെന്ന് ഒരുവേള ഞാൻ സംശയിച്ചു.
ശരിതെറ്റുകളും ന്യായാന്യായങ്ങളും ഇനി മറ്റുള്ളവർ തീരുമാനിക്കും. അയാൾ ചത്തവൻ. ഞാൻ കൊന്നവൻ. ചത്തവനോട് അനുകമ്പയും കൊന്നവനോട് അമർഷവും നാട്ടുനടപ്പാണ്. സ്വന്തം പത്രം പോലും നാട്ടുനടപ്പിന് എതിരായി അച്ചുനിരത്തുകയില്ല. ഒരു കൊലപാതകിയുടെ ഛായ ജീവിതകാലം എന്നിലുണ്ടാവും. ബന്ധുക്കളും സുഹൃത്തുക്കളും അകന്നുമാറി പോയേക്കാം. ജോലി നഷ്ടപ്പെട്ടേക്കാം. എന്‍റെ മനസ്സറിയുന്ന, സുഖദുഃഖങ്ങളിൽ എന്നും ഒപ്പമുള്ള റിച്ചി പോലും എന്നെ കുറ്റവാളിയാക്കിയേക്കാം. ഒരു കൊലപാതകിയുടെ കൂടെ താമസിക്കുന്നയാൾ എന്ന അപഖ്യാതി ഉണ്ടാവാതിരിക്കാൻ ഒന്നിച്ചുള്ള താമസം അവസാനിപ്പിച്ചേക്കാം. പപ്പയാണ് അവസാനവാക്ക് എന്നു തീർച്ചപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു പോയേക്കാം. എന്നെ വെറുത്തേക്കാം. ദൈവമേ ആ മഹാപാപിയുടെ കൊലക്കത്തിക്കിരയാവുകയായിരുന്നു ഇതിനേക്കാൾ ഭേദം.
പുറത്ത് ഇടിയോടുകൂടിയുള്ള മഴ പെയ്തുതുടങ്ങിയിരിക്കുന്നു. ആരോ വടിയെടുത്ത് തുരുതുരെ അടിക്കുന്നതുപോലെ കാറിനുമീതെ മഴച്ചീളുകൾ ആഞ്ഞുപതിയാൻ തുടങ്ങി. എടുത്തുകൊണ്ടുപോകും മട്ടിൽ വീശിയടിക്കുന്ന കാറ്റ്.
ഞാനയാളെ ഒരിക്കൽകൂടി നോക്കി. ജീവന്‍റെ തുടിപ്പുകൾ ബാക്കിയുണ്ട്. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനായാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും. തീർത്താൽ തീരാത്ത പകയുണ്ടെങ്കിലും അയാൾ ജീവനോടെയിരിക്കേണ്ടത് അയാളേക്കാൾ, എന്‍റെ ആവശ്യമാണ്. പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് ഞാനയാളുടെ കൈത്തണ്ട മുറുകെ കെട്ടി. ആശുപത്രിയിൽ കൊണ്ടുപോയാൽ ആര്, എന്ത്, എപ്പോൾ, എങ്ങനെ എന്നൊക്കെയുള്ള നൂറ്നൂറ് ചോദ്യങ്ങളുയരും. ഉള്ളതു ഉള്ളതുപോലെ പറഞ്ഞാലും വിശ്വസിക്കണമെന്നില്ല. ടൗണിലെ ജെ.കെ ഹോസ്പിറ്റലിലെ ഡോക്ടർ റോഷൻ, സുഹൃത്താണ്. സ്കൂളിൽ പ്ലസ്ടുവിന് ഒരു ബെഞ്ചിലിരുന്ന് പഠിച്ചതാണ്. കുറെക്കാലമായി ബന്ധമൊന്നുമില്ലെങ്കിലും കഴിഞ്ഞവർഷം സ്കൂളിൽനടന്ന പൂർവവിദ്യാർഥിസംഗമത്തിൽവെച്ച് പരിചയം പുതുക്കി. പിന്നീട് ഇടയ്ക്കിടെ വിളിക്കുകയും പറയുകയും ചെയ്യും. മാസങ്ങൾക്കുമുമ്പ്, അമ്പത്തെട്ടുവയസ്സുള്ള സ്ത്രീയുടെ വയറ്റിൽനിന്നും അഞ്ചരക്കിലോ വരുന്ന മുഴ റോഷന്റെ നേതൃത്വത്തിൽ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് റോഷൻ വിളിച്ചുപറഞ്ഞതനുസരിച്ച്, പത്രത്തിൽ വലിയ ബോക്സിൽ വാർത്തയാക്കിയതാണ്. അതിന്‍റെ നന്ദി കാണാതിരിക്കില്ലെന്ന വിശ്വാസത്തോടെ ഞാൻ മൊബൈലിൽ റോഷന്‍റെ പേര് മാന്തിയെടുത്ത് കോൾബട്ടണിൽ വിരലമർത്തി. അജ്ഞാതനായ ഒരാൾക്ക് കാറിൽ ലിഫ്റ്റ് കൊടുത്തുവെന്നും, വഴിക്കുവെച്ച് അയാൾ സൂയിസൈഡ് അറ്റെംപ്റ്റ് നടത്തിയെന്നുമാണ് റോഷനോട് പറഞ്ഞത്. അത് വിശ്വസിച്ചുവോ എന്നറിയില്ല. ''എന്തായാലും എത്രയും പെട്ടെന്ന് ആളെ കൊണ്ടുവാ, ഞാൻ ഹോസ്പിറ്റലിലുണ്ട്'' എന്ന് റോഷൻ പറയുകയുണ്ടായി.
ഞാൻ കാർ സ്റ്റാർട്ടാക്കി. മഴയാണ്, റോഡിൽ വഴുക്കുണ്ട് എന്നൊന്നും നോക്കാതെ ടോപ്ഗിയറിലിട്ട് ആക്സിലറേറ്ററിൽ ആവുന്നത്ര അമർത്തിച്ചവിട്ടി. വൈപ്പർ ഏറ്റവും സ്പീഡിലായിരുന്നിട്ടും മഴയുടെ ശക്തികാരണം റോഡ് മങ്ങിപ്പോയിരുന്നു.
ആശുപത്രിഗേറ്റ് കടന്ന്, കാഷ്വാലിറ്റിക്കുമുന്നിൽ ബ്രേക്കിട്ടപ്പോൾ, യൂണിഫോമിട്ട പാറാവുകാരൻ ഓടിവന്നു. ചോരയിൽ കുളിച്ച്, കഴുത്ത് ഒരുവശം തൂങ്ങി, ബോധംകെട്ടുകിടക്കുന്ന, അവസ്ഥ കണ്ടപ്പോൾ അയാൾ സൈഡിലുണ്ടായിരുന്ന സ്ട്രെച്ചർ നിരക്കി കാറിനോടടുപ്പിച്ചു. ജീവനുണ്ടോ ഇല്ലയോ എന്നറിയാത്ത ശരീരം. കാറിൽനിന്ന് വലിച്ചുപുറത്തെടുത്ത് സ്ട്രെച്ചറിലേക്ക് തള്ളിക്കയറ്റാൻ പാടുപെട്ടു. കാർ മാറ്റിയിട്ടശേഷം കാഷ്വാലിറ്റിയിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ ഡോക്ടർ റോഷനെ ഒന്നുകൂടിവിളിച്ച്, എത്തിയിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.
അടുത്തനിമിഷം തന്നെ മുന്നിൽ റോഷൻ. മാസ്കും ഫെയ്സ് ഷീൽഡും ധരിച്ചതുകാരണം, തിരിച്ചറിയാൻ പ്രയാസപ്പെട്ടു.''ഡോൺട് അപ്സെറ്റ്, നമുക്ക് നോക്കാം'', എന്നു പറഞ്ഞ് ധൃതിയിൽ കാഷ്വാലിറ്റിയിലേക്ക് പ്രവേശിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെവീണത്. മുന്നിലുണ്ടായിരുന്ന ഇരുമ്പു ബെഞ്ചിലിരുന്ന്, ഞാൻ കണ്ണുപൂട്ടി. എത്രനേരം കഴിഞ്ഞുവെന്നറിയില്ല, ഫോണിൽ ''യഹ് ദോസ്തി ഹം നഹീ തോടേംഗേ...'' റിച്ചിയുടെ വിളിയാണ്. സംഭവങ്ങളൊക്കെ വിസ്തരിക്കാൻ നിന്നാൽ അവൻ വേവലാതിപ്പെടും. നാളെ എല്ലാം കലങ്ങിത്തെളിയുകയാണെങ്കിൽ ഒരു കഥപോലെ പറഞ്ഞു കൊടുക്കാം. അതുകൊണ്ട്, ''ഒരു റിലേറ്റീവ്, ജെ.കെയിൽ അഡ്മിറ്റായിട്ടുണ്ട്, സൂയിസൈഡ് അറ്റംപ്റ്റാണ്, സീരിയസ് കണ്ടീഷനാണ്, രണ്ടിലൊന്നറിയാതെ ഇവിടുന്ന് വരാൻ പറ്റില്ല, ഷെൽഫിൽ ബ്രഡ് ഉണ്ട്, അതും കഴിച്ച് നീ കിടന്നോ, എന്നെ കാക്കണ്ട'' എന്നു മാത്രം പറഞ്ഞു. തിരിച്ചിങ്ങോട്ട് റിച്ചിയുടെ ഉപദേശമാണ്, ''ഞാൻ വരണോ? ശ്രദ്ധിക്കണേ, ഹോസ്പിറ്റലാണ്, അവിടേം ഇവിടേം തൊടാൻ നിൽക്കല്ലേ, ആരുടെയും അടുത്ത് പോകല്ലേ, മാസ്ക് ഇട്ടോൾണേ, സാനിറ്റൈസർ ഇടക്കിടെ യൂസ് ചെയ്യാൻ മറക്കല്ലേ...''എല്ലാത്തിനും അലസമായി മൂളിക്കൊടുക്കവേ, ആരോ വിളിക്കുന്ന ബീപ് ശബ്ദം കേട്ടപ്പോൾ ''ഒരു കോൾ വരുന്നുണ്ട്, പിന്നെ വിളിക്കാം'' എന്ന് പറഞ്ഞ് ഫോൺ കട്ട്ചെയ്തു.
എഡിറ്ററാണ്. തന്‍റെ സ്വവർഗാനുരാഗം എത്രത്തോളമായി എന്നന്വേഷിക്കുന്നു.
''സോറി സാർ, ഇവിടെ ഭയങ്കര കാറ്റും മഴയുമാണ്, വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല, നമുക്ക് പിന്നീട് കൊടുക്കാം.''
''സ്പേസ് ഒഴിച്ചുവെച്ചിട്ടുണ്ട്.''
സാർ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല. അടുത്തനിമിഷം സാർതന്നെ പോംവഴി കണ്ടെത്തി. ഈയിടെ ചെയ്തുപൂർത്തിയാക്കിയ ''അടങ്ങാത്ത അഭിനിവേശങ്ങൾ, ഒടുങ്ങാത്ത ഒളിച്ചോട്ടങ്ങൾ'' അവിടെ കിടപ്പുണ്ട്. അഞ്ചുകൊല്ലത്തിനിടയിൽ പന്ത്രണ്ടു തവണ ഓരോരുത്തരോടൊപ്പം ഒളിച്ചോടിപ്പോയ വീട്ടമ്മയെക്കുറിച്ചുള്ള സ്റ്റോറിയാണ്. നോവൽറ്റിയില്ലാത്തതുകൊണ്ട്, വാർത്താദാരിദ്ര്യം നേരിടുന്നെങ്കിൽ മാത്രം ഉപയോഗിക്കാമെന്നുകരുതി, മാറ്റിവെച്ചതായിരുന്നു. ''തൽക്കാലം അത് കൊടുക്കുകയേ വഴിയുള്ളൂ'' എന്നുപറഞ്ഞ്, ഫോൺ വെച്ചു.
ഷർട്ടും പാന്റ്സും നിറയെ ചോരയാണ്. വരുന്നവരും പോകുന്നവരും അതിലേക്ക് തുറിച്ചുനോക്കുന്നുണ്ട്. തൊട്ടടുത്തുകണ്ട ടോയ്‌ലറ്റിൽ പോയി ഞാൻ വസ്ത്രമെല്ലാമഴിച്ചു കഴുകിപ്പിഴിഞ്ഞു. മുഴുവനായും മാഞ്ഞില്ലെങ്കിലും, ചോരക്കറ അൽപം മങ്ങിയിട്ടുണ്ട്. നാലഞ്ചുപ്രാവശ്യം കുടഞ്ഞ്, അതുതന്നെ ധരിച്ചു. ആ നനവോടെ, വീണ്ടും ഇരുമ്പുബെഞ്ചിൽ ചാരിയിരുന്ന് കണ്ണുപൂട്ടി. അടുത്ത നിമിഷംതന്നെ സിസ്റ്റർ വന്ന് മുതുകിൽ തട്ടി. ''ഒ.ടിയിൽനിന്ന് സാർ വിളിക്കുന്നു'' എന്നുപറഞ്ഞു. ചങ്കിടിപ്പോടെ തിയറ്ററിന് അടുത്തേക്ക് നടന്നപ്പോൾ വാതിൽക്കൽ റോഷൻ.
''സ്റ്റിച്ച് ചെയ്തിട്ടുണ്ട്. അൽപം ക്രിട്ടിക്കലാണ്. റ്റ്വന്‍റിഫോർ അവേർസ് കഴിഞ്ഞാലേ എന്തെങ്കിലും പറയാനൊക്കൂ. ബ്ലഡ് കൊടുക്കുന്നുണ്ട്. റസ്പോൺസ് കുറവാണ്. വി വിൽ ട്രൈ അവർ ബെസ്റ്റ്.''
ഇതുവരെ ജീവൻ പോയിട്ടില്ല എന്ന ആശ്വാസത്തോടെ ഞാൻ ചോദിച്ചു.
''ആരാണയാളെന്ന് വല്ല തുമ്പും കിട്ടിയോ?''
''അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.'' നേർത്ത ചിരിയോടെ റോഷൻ പറഞ്ഞു. ''ഷർട്ടിന്‍റെ പോക്കറ്റിൽ ചില്ലറനോട്ടുകളല്ലാതെ മറ്റൊന്നും കണ്ടില്ല. ആളെ ഐഡന്‍റിഫൈ ചെയ്യാൻ നിങ്ങൾ പത്രക്കാർക്കാണോ പ്രയാസം! ആവുന്നില്ലെങ്കിൽ നമുക്ക് പോലീസിന്‍റെ ഹെൽപ് തേടാം.''
പോലീസ് എന്നു കേട്ടപ്പോൾ എന്‍റെ നെഞ്ചത്തുണ്ടായ ആളൽ വർധിച്ചു.
''അതേതായാലും വേണ്ട'', എന്നു പറയാനായി വാതുറക്കവേ റോഷൻ എന്‍റടുത്തുവന്നു കഴുത്ത് നീട്ടി, നെറ്റിചുളിച്ച് ചോദിച്ചു, ''ഒരു പിടിവലി നടന്നതിന്‍റെ സൂചനകളുണ്ടല്ലോ, ദേഹത്ത്?''
അതുംകൂടി കേട്ടതോടെ ഞാൻ ഉരുകിവീഴുമെന്നായി. റോഷൻ നടന്നു നീങ്ങിയപ്പോൾ ഞാൻ അടുത്തുണ്ടായിരുന്ന ഇരുമ്പുബെഞ്ചിലേക്ക് വീണു. സ്വന്തം വീട്ടുകാർക്ക് വേണ്ടി പോലും ഇങ്ങനെ കാവൽ നിന്നിട്ടുണ്ടാവില്ല. അകത്തുനിന്ന് വരുന്ന വാർത്തകൾക്കായി ചങ്കിടിപ്പോടെ കാതോർത്തിട്ടുണ്ടാവില്ല. ചത്തുപോവല്ലേ എന്ന് പ്രാർഥിച്ചിട്ടുണ്ടാവില്ല. ഉറ്റബന്ധുവിനോടെന്നപോലെയാണ്, ഈ ബദ്ധശത്രുവിനോടുള്ള എന്‍റെ പെരുമാറ്റം. ഇയാൾ ആരാണ്? എന്തിനാണ് എന്‍റെ കഴുത്തറുക്കാൻ നോക്കിയത്? കക്കാനോ പിടിച്ചുപറിക്കാനോ ആണെങ്കിൽ എന്‍റെ കൈയിൽ പണപ്പെട്ടിയില്ല. കഴുത്തിൽ സ്വർണചെയിൻ ഇല്ല. കാറുമായി കടന്നുകളയാനായിരുന്നെങ്കിൽ അയാൾ വിഡ്ഢി ആയിരിക്കണം. പത്രത്തിൽ ആരെയെങ്കിലും പറ്റി അവമതിപ്പുക്കുണ്ടാകുന്ന എന്തെങ്കിലും അടുത്തകാലത്തെങ്ങാനും എഴുതിയിട്ടുണ്ടോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെയൊന്നും ഉണ്ടായതായി ഓർക്കുന്നില്ല. രാഷ്ട്രീയമോ മതമോ ആണ് വിഷയമെങ്കിൽ അതിലൊന്നും ഇടപെടുന്ന ആളേയല്ല ഞാൻ. ഇനി ആളുമാറിപ്പോയതായിരിക്കുമോ?
എന്തായാലും ഒരു കാര്യം ഉറപ്പാണ്. എതിരാളിയെ അമർത്തിയൊന്ന് ശ്വാസം മുട്ടിക്കാനറിയാത്ത, അറുക്കാനോങ്ങുമ്പോൾ കത്തി മുറുകെപ്പിടിക്കാനറിയാത്ത, കുത്താനും കൊല്ലാനും ഇറങ്ങിപ്പുറപ്പെടുമ്പോൾ അവനവനെ രക്ഷിക്കാൻപോലുമറിയാത്ത ദുർബലനാണയാൾ. ഇതിനുമുൻപ് ഏതെങ്കിലും അക്രമം നടത്തിയ യാതൊരു പരിചയവും അയാൾക്കുണ്ടെന്നു തോന്നുന്നില്ല.
ഇങ്ങനെ ഓരോന്നാലോചിച്ച് ഇരുന്നും കിടന്നും നിന്നും നടന്നും ഞാൻ ഭീകരരാത്രിയെ തള്ളിമറിച്ചിടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഓപ്പറേഷൻ തിയറ്ററിന് മുന്നിലെ ഫ്ലഷ്ഡോർ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും എന്‍റെ ഹൃദയം ചറപറാ ഒച്ചവെക്കുന്നുണ്ടായിരുന്നു.
ഭീകരമായ ആ രാത്രി വൃത്തികെട്ട കണ്ണുകളുമായി എന്നെ തുറിച്ചു നോക്കുകയാണ്. തീഗോളങ്ങൾ ഉരുണ്ടുരുണ്ടുവരുന്നതുപോലെയും വേട്ടപ്പട്ടികൾ കുരച്ചുചാടുന്നതുപോലെയും ആളുകൾ കുന്തവുമായി കുതിച്ചടുക്കുന്നതുപോലെയുമൊക്കെയുള്ള നിരവധി ഭ്രമാത്മക ചലച്ചിത്രങ്ങളായിരുന്നു രാത്രി മുഴുവൻ എന്‍റെ മനസ്സിൽ തിമിർത്തത്.
ഉറയിൽനിന്ന് പതുക്കെ വെളിയിലെടുത്ത വാൾപോലെ പുറത്ത് സൂര്യവെളിച്ചം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആൾപെരുമാറ്റങ്ങളും ഒച്ചയനക്കങ്ങളും കനത്തു. ഓർക്കാപ്പുറത്ത് ''യഹ് ദോസ്തി ഹം നഹീ തോടേംഗേ'' കേട്ടപ്പോൾ ഞാൻ കീശയിൽനിന്ന് മൊബൈലെടുത്തു.
''നാട്ടിൽ നിന്ന് ഒരു വിളി വന്നു'', റിച്ചിയുടെ വാക്കുകളിൽ പരിഭ്രാന്തി.
''ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ പപ്പ ഇതുവരെ തിരിച്ചു വന്നില്ല'' അവൻ വിതുമ്പുകയായിരുന്നു. ''പപ്പ വേണ്ടാത്തത് വല്ലതും ചെയ്തേക്കുമോ എന്നാണെന്‍റെ പേടി.''
അതും പറഞ്ഞ് അവൻ നിശ്ശബ്ദനായി. ''ഹലോ, ഹലോ'' എന്ന് ഞാൻ കുറെ വിളിച്ചെങ്കിലും ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്.
മേലാസകലം ഞടുക്കം ഇരച്ചുകയറി. നിലയില്ലാക്കയങ്ങളിൽ പെട്ടുപോയ എന്‍റെ അതേ അനുഭവം റിച്ചിക്കും വന്നുപെട്ടിരിക്കുന്നു! സമാധാനിപ്പിക്കാനോ സഹായിക്കാനോ കഴിയാത്ത അവസ്ഥയിൽ ഞാനിവിടെ...
പൊടുന്നനെ ഇന്നലെമുതൽ എന്നെ ബാധിച്ചിരുന്ന കുരുക്ക് അഴിയുകയാണെന്ന തോന്നൽ എന്നിൽ ഉരുണ്ടുകൂടി. നിഗൂഢതകളുടെ മറ, മാഞ്ഞുപോവുകയാണെന്ന വിശ്വാസം ദൃഢമായി. അതേസമയം ആർക്കും ചൂണ്ടിക്കാണിക്കാനാവാത്ത ദിക്കിലേക്ക് തള്ളിമാറ്റപ്പെടുകയാണെന്ന തോന്നലുണ്ടായി. ആ ദിക്കിൽ ഇരുട്ട് മാറി വെളിച്ചം പരക്കുകയാണോ, അതോ വെളിച്ചം മാറി ഇരുട്ട് പരക്കുകയാണോ എന്ന അനിശ്ചിതത്വം എന്നിൽ ആധിയായി നുരഞ്ഞുപൊന്തുകയും ചെയ്തു.
റിച്ചിയെ വിളിച്ച് ''നാട്ടിലേക്ക് പോകുന്നതിനുമുമ്പ് നീ ആശുപത്രിയിലേക്ക് വാ, കാര്യമുണ്ട്'' എന്ന് പറഞ്ഞശേഷം ഞാൻ ഇടനാഴിയിലൂടെ വെളിയിലേക്ക് നടന്നു. രാത്രി മുഴുവൻ തകർത്തു പെയ്യുകയായിരുന്ന മഴ ഇപ്പോൾ തോർന്നിരിക്കുന്നു. ഇലകൾ കത്രിച്ച് രൂപമാറ്റം വരുത്തിയ നിരവധി ചെടികളുള്ള, തോട്ടത്തെ വലംവെച്ച് വാഹനങ്ങൾ ഇടതടവില്ലാതെ വന്നുംപോയുമിരുന്നു. അലമുറയിട്ടുവരുന്ന ആംബുലൻസുകളുടെ കാറ്റ്തട്ടി, തോട്ടത്തിലെ മഴനനഞ്ഞ ചെടികൾ രാക്ഷസീയമായി ഉറഞ്ഞാടി.
റിച്ചിയുടെ വരവിനായി ഞാൻ ഗേറ്റിനടുത്ത് കാത്തുനിന്നു.