ഇന്ത്യയുടെ ആത്മാവിനും ജനായത്ത ഭാവിക്കും വേണ്ടി ഒരു സമരം
‘മോദി’മാരെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ രണ്ടു വർഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വവും റദ്ദാക്കി. എന്തുകൊണ്ടാണ് ഈ നടപടി. ഭരണകൂടം രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണോ? എന്താണ് വർത്തമാനകാല യാഥാർഥ്യം? ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അതിപ്രധാനമായ രണ്ട് വർഷങ്ങളാണ് 1929 മുതൽ 1931 വരെ. ഇന്ത്യയെ കുറിച്ച് തികച്ചും വിഭിന്നമായ രണ്ട്...
Your Subscription Supports Independent Journalism
View Plans‘മോദി’മാരെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ രണ്ടു വർഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വവും റദ്ദാക്കി. എന്തുകൊണ്ടാണ് ഈ നടപടി. ഭരണകൂടം രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണോ? എന്താണ് വർത്തമാനകാല യാഥാർഥ്യം?
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ അതിപ്രധാനമായ രണ്ട് വർഷങ്ങളാണ് 1929 മുതൽ 1931 വരെ. ഇന്ത്യയെ കുറിച്ച് തികച്ചും വിഭിന്നമായ രണ്ട് ആശയവിചാരകൾ നിയതമായി രൂപപ്പെട്ടുവന്നത് ഈ രണ്ട് വർഷങ്ങളിലാണ്.
ഒരുഭാഗത്ത് ജാതി, മത, ഭാഷ, ലിംഗ ഭേദമന്യേ തുല്യനീതിക്കും തുല്യ അവകാശങ്ങൾക്കും പൂർണ സ്വാതന്ത്ര്യത്തിനുമായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങുമുള്ള സത്യഗ്രഹ സമരം. മറുഭാഗത്ത് ബ്രാഹ്മണിക് സവർണ മേൽക്കോയ്മക്കു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തോട് അനുരഞ്ജനപ്പെട്ടുള്ള ഫാഷിസ്റ്റ് ആശയധാരയും ഹിംസാധിഷ്ഠിതമായ ഫാഷിസ്റ്റ് മിലിറ്റന്റ് സംഘടനാ രീതിയും. അന്ന് മുതൽ ഇന്ന് വരെ വളരെ വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ ആശയധാരകൾ ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ കടകവിരുദ്ധമായ ചേരികളാണ്.
അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിക്കുപരി മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ആവിഷ്കരിച്ച ഇന്ത്യൻ ജനായത്ത ധാരക്ക് എതിരായ നരേന്ദ്ര മോദിയുടെ അധികാരപ്രയോഗത്തിെന്റ ആശയ ഡി.എൻ.എ ഫാഷിസം തന്നെയാണ്.
ഇന്ത്യയുടെ 1930കൾ മുതലുള്ള രാഷ്ട്രീയചരിത്രം ഇതിന് സാക്ഷിയാണ്. ബ്രിട്ടീഷ് സാമ്രാജ്യം ജോൺ സൈമന്റെ നേതൃത്വത്തിൽ അയച്ച സൈമൺ കമീഷനെ എതിർത്തുകൊണ്ട് മോത്തിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന നവീകരിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നയപരമായ നിലപാട് നെഹ്റു കമീഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്നത് 1929ലാണ്. അതിൽതന്നെ ജനങ്ങളുടെ തുല്യ അവകാശങ്ങളെയും എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്യനീതിന്യായവ്യവസ്ഥയെയും കുറിച്ചുള്ള രാഷ്ട്രീയ നിലപാടുകളുണ്ട്. 1929ൽ നാൽപതാമത്തെ വയസ്സിലാണ് ജവഹർലാൽ നെഹ്റു ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായത്.
ജവഹർലാൽ നെഹ്റുവാണ് ഇന്ത്യക്കു സ്വതന്ത്രമായ രാഷ്ട്രീയ-സാമ്പത്തിക നയരേഖയും അതോടൊപ്പം ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പ്രത്യയശാസ്ത്ര സ്പഷ്ടതയും വേണമെന്ന കാഴ്ചപ്പാടിൽ പുതിയ പ്രവർത്തനം തുടങ്ങിയത്. 1931 മാർച്ച് 26-23 വരെ കറാച്ചിയിൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാസാക്കിയ പ്രമേയത്തിലാണ് തുല്യ മനുഷ്യാവകാശങ്ങളെയും സ്ത്രീകൾക്കും കുട്ടികൾക്കും തൊഴിലാളികൾക്കും ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ട തുല്യ സാമൂഹിക - സാമ്പത്തിക നീതിയെ കുറിച്ചും എല്ലാവർക്കും തുല്യപൗരത്വമുള്ള വോട്ടവകാശത്തെ കുറിച്ചുമൊക്കെ കൃത്യമായ നയപരവും പ്രത്യയശാസ്ത്രപരവുമായ നിലപാട് വ്യക്തമാക്കിയത്.
ഉപ്പു സത്യഗ്രഹവും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12 മുതൽ ഏപ്രിൽ 6 വരെ അഹ്മദാബാദിലെ സബർമതിയിൽനിന്നും ദണ്ഡിയിലേക്കുള്ള പദയാത്ര സത്യഗ്രഹത്തോടൊപ്പം ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന പദയാത്ര സത്യഗ്രഹ സമരത്തോടെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ത്യയിലെല്ലാം രാഷ്ട്രീയപരമായി, ഊർജിതമായ രാഷ്ട്രീയ സമര സംഘടനയായി ശക്തിപ്രാപിച്ചു. പൂർണസ്വരാജ് എന്ന രാഷ്ട്രീയനിലപാട് കോൺഗ്രസിന് ബ്രിട്ടീഷ് സാമ്രാജ്യവുമായി നീക്കുപോക്ക് ഇല്ല എന്ന നിലപാടെടുത്തു.
അതുപോലെ 1931 മാർച്ച് 23ന് വൈകുന്നേരം 7.30നാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും ബ്രിട്ടീഷ് സാമ്രാജ്യം തൂക്കിലേറ്റിയത്.
1929 മുതൽ 1931 വരെയുള്ള രണ്ട് വർഷങ്ങൾ ഇന്ത്യൻ നാഷനൽ കോൺഗ്രസും ഇന്ത്യയിലാകമാനം ജാതി മത പ്രായ ഭേദെമന്യേ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. സത്യഗ്രഹ സമരത്തിൽ പങ്കെടുത്തപ്പോൾ എവിടെയായിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘമെന്ന ആർ.എസ്.എസ്? മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മറാത്തി ബ്രാഹ്മണ നേതൃത്വത്തിൽ 1925 സെപ്റ്റംബർ 27ന് തുടങ്ങിയ ആർ.എസ്.എസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കാളിയായിെല്ലന്ന് മാത്രമല്ല ബ്രിട്ടീഷ് സാമ്രാജ്യവുമായി അനുരഞ്ജനപ്പെട്ടുള്ള നിലപാടാണെടുത്തത്.
ഇന്ത്യയിൽ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1931ൽ ആർ.എസ്.എസ് ബ്രാഹ്മണിക മേൽക്കോയ്മ അധികാരത്തിന്റെ വക്താവും ആർ.എസ്.എസ് സ്ഥാപക നേതാവുമായിരുന്ന ബി.എസ്. മൂഞ്ചേ എവിടെയായിരുന്നു? മൂഞ്ചേ 1931 മാർച്ച് 15 മുതൽ 24 വരെ റോമിലായിരുന്നു. ഇന്ത്യയിൽ ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും തൂക്കിലേറ്റപ്പെട്ട ആഴ്ചയിൽ മൂഞ്ചേ ഫാഷിസം പഠിക്കുവാനും മുസോളിനിയെ കാണാനുമുള്ള യാത്രയിലായിരുന്നു. ബി.എസ്. മൂഞ്ചേയുടെ ഡയറിയിൽ 13 പേജാണ് ഫാഷിസം പഠിക്കാനുള്ള യാത്രയെ കുറിച്ചും ഫാഷിസത്തിന്റെ രാഷ്ട്രീയ സംഘടന മേന്മകളെ കുറിച്ചും വിവരിക്കുന്നത്. 1931 മാർച്ച് 19ന് അദ്ദേഹം സന്ദർശിച്ച ഫാഷിസ്റ്റ് അക്കാദമിയിൽനിന്നു പഠിച്ച ഫാഷിസ്റ്റ് അധികാര ഐഡിയോളജിയും സംഘടനാരൂപവും ആർ.എസ്.എസ് അംഗീകരിച്ചത് 1931 മുതലാണ്.
ഫാഷിസ്റ്റ് ആശയവും സംഘടനാരീതിയും മിലിട്ടറി ട്രെയിനിങ്ങും ആർ.എസ്.എസിനെ ശക്തിപ്പെടുത്താൻ എങ്ങനെ ഉപയോഗിക്കും എന്ന് കൃത്യമായി വിവരിച്ചിട്ടുണ്ട്. യഥാർഥത്തിൽ ബി.എസ്. മൂഞ്ചേയായിരുന്നു ആർ.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിന്റെ ഗുരുവും മെന്ററും. ബി.എസ്. മൂഞ്ചേയുടെ നേതൃത്വത്തിൽ തുടങ്ങിവെച്ച ആർ.എസ്.എസ് ഫാഷിസ്റ്റ് രാഷ്ട്രീയവും അതുപോലെ യൂനിഫോം അണിഞ്ഞുള്ള കായിക അഭ്യാസവുമാണ് ആർ.എസ്.എസ് സംഘടനാ രീതിയുടെ അടിസ്ഥാന ഡി.എൻ.എ. ഹിന്ദുത്വ എന്ന ആശയത്തിന് പിറകിലുള്ള ബ്രാഹ്മണിക്കൽ സവർണ മേൽക്കോയ്മയായിരുന്നു അതിെന്റ രാഷ്ട്രീയം. മൂഞ്ചേ തുടങ്ങിവെച്ച ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം കൂടുതൽ വ്യക്തതയോടെ ഉള്ളത് ഗോൾവൾക്കറുടെ ‘വിചാരധാര’ (Bunch of thought) എന്ന പുസ്തകത്തിലാണ്. ഗോൾവൾക്കറാണ് നരേന്ദ്ര മോദിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് എന്ന് അദ്ദേഹം 2008ൽ പ്രസിദ്ധീകരിച്ച ഗോൾവൾക്കർ ജീവചരിത്ര കുറിപ്പിൽ വിശദമാക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഡോ. മൂഞ്ചേയും അതുപോലെ ഗോൾവൾക്കറും വ്യക്തമാക്കിയ മിലിട്ടന്റ് ഫാഷിസമാണ്.
1931ലെ എ.ഐ.സി.സി കറാച്ചി പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടനയിലെ ആമുഖവും മൗലിക അവകാശങ്ങളും ഡയറക്ടിവ് പ്രിൻസിപ്പലും. ഇത് 1946 ഡിസംബർ 13ാം തീയതി ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ഒബ്ജക്ടിവ് സ്റ്റേറ്റ്മെന്റ് ആണ് ഇന്ത്യൻ ഭരണഘടനയുടെ പ്രധാന മൂല്യങ്ങളുടെ അടിസ്ഥാനം. എല്ലാ പൗരൻമാർക്കും സാമൂഹികവും സാമ്പത്തികവുമായ നീതിക്കും ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യം. പദവിയിലും അവസരത്തിലുമുള്ള സമത്വം എല്ലാവരുടെയും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കുന്ന സാഹോദര്യം.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തോടുള്ള രാഷ്ട്രീയ എതിർപ്പ് കൂടിയാണ് നരേന്ദ്ര മോദിക്കും സംഘ്പരിവാറിനുമുള്ള എതിർപ്പ്. I929ലെ മോത്തിലാൽ നെഹ്റു റിപ്പോർട്ടിലും അതുപോലെ 1931ലെ എ.ഐ.സി.സി കറാച്ചി പ്രമേയവും ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും തുല്യ പൗരാവകാശങ്ങളുമാണ് ഇന്ത്യൻ ലിബറൽ ജനായത്ത വ്യവസ്ഥയുടെ ലിബറൽ ജനായത്ത അടിസ്ഥാനം. അതിനു കടകവിരുദ്ധമായ രാഷ്ട്രീയ ലെഗസിയാണ് ആർ.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഫാഷിസ്റ്റ് ഇല്ലിബറൽ രാഷ്ട്രീയത്തിന്റെ ബ്രാഹ്മണിക്കൽ സവർണ മേൽക്കോയ്മ രാഷ്ട്രീയം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററിലും വിളിച്ചുപറഞ്ഞത് വെറുപ്പിന്റെ ഫാഷിസ്റ്റ് ഇല്ലിബറൽ രാഷ്ട്രീയത്തിനെതിരായുള്ള ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്കു വേണ്ടിയും എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള തുല്യ മനുഷ്യാവകാശങ്ങൾക്കും വേണ്ടിയാണ്.
ജവഹർലാൽ നെഹ്റുവിനോട് നരേന്ദ്ര മോദിക്കും സംഘ്പരിവാറിനുമുള്ള എതിർപ്പിന് കാരണം വ്യക്തിപരമല്ല. അത് നെഹ്റു പ്രതിനിധാനംചെയ്ത ലിബറൽ ജനായത്ത മൂല്യങ്ങളോട് ഫാഷിസ്റ്റ് വിചാരധാരക്കുള്ള എതിർപ്പാണ്.
രാഹുൽ ഗാന്ധിയെ പപ്പു എന്നു വിളിച്ച് ആക്ഷേപിച്ചവർ ഇന്ന് രാഹുൽ ഗാന്ധിയെ ഭയക്കുന്നത് അതുകൊണ്ടാണ്. കാരണം, രാഹുൽ ഗാന്ധി പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയം മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും രാഷ്ട്രീയമായതാണ് ഫാഷിസ്റ്റ് ഇല്ലിബറൽ രാഷ്ട്രീയത്തിന്റെ അസഹിഷ്ണുതക്കു കാരണം. പഴയ രാഹുൽ ഗാന്ധിയിൽനിന്ന് നിർഭയനായി രാജ്യത്തിന്റെ ഓരോ അടിമണ്ണിലും ചവിട്ടി ഇവിടെയുള്ള എല്ലാവരെയും ജാതി, മത, ഭാഷ ഭേദമെന്യേ ചേർത്തുപിടിച്ച് 4080 കിലോമീറ്റർ പദയാത്ര നടത്തിയ പുതിയ രാഹുൽ ഗാന്ധിയെയാണ് അവർക്ക് ഭയം. ജവഹർലാൽ നെഹ്റുവിനോടുള്ള വെറുപ്പാണ് ഇന്നവർ രാഹുൽ ഗാന്ധിയോട് കാണിക്കുന്നത്. രാജ്യത്തെ പൊതുമുതൽ കൊള്ളയടിക്കുന്ന, അഴിമതികൾക്കു മറ ഒരുക്കുന്ന ശിങ്കിടി മുതലാളിത്തത്തെ പാർലമെന്റിൽ നിർഭയം ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെയാണ് അവർ ഗൂഢ ഫാഷിസ്റ്റ് രാഷ്ട്രീയതന്ത്രങ്ങൾ മെനഞ്ഞു പുറത്താക്കിയത്. രാഹുൽ ഗാന്ധി നയിക്കുന്ന സത്യഗ്രഹ സമരം ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള സമരമാണ്. ബഹുസ്വരതയും എല്ലാവർക്കും തുല്യനീതിക്കും വേണ്ടിയുള്ള സമരമാണ്.
ഇപ്പോൾ രാഹുൽ ഗാന്ധി പ്രതിനിധാനംചെയ്യുന്നത് ഒരു കുടുംബ ലെഗസിയെക്കാൾ രാഷ്ട്രീയ ലെഗസിയാണ്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ജയിലിൽ പോയി പൊരുതി നേടിയ ലിബറൽ ജനായത്ത രാഷ്ട്രീയ നൈതികതയുടെ ലെഗസി. ആ രാഷ്ട്രീയ ലെഗസി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പട്ടാളത്തിന്റെ, പൊലീസിന്റെയും തോക്കുകളെയോ ലാത്തികളെയോ ജയിലുകളെയോ ഭയന്നില്ല.
മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും പൊരുതിയത്, ജയിലിൽ പോയത് അധികാരത്തിന്റെ സുഖം നുണയാനല്ലായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിർത്തതുകൊണ്ടാണ്. അവർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആചാര്യനായ സവർക്കറെ പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പിരന്ന് അടിയറവു പറഞ്ഞില്ല.
മഹാത്മാ ഗാന്ധിയെ വധിച്ചത് ഫാഷിസ്റ്റ് മേൽക്കോയ്മ ബ്രാഹ്മണിക്കൽ രാഷ്ട്രീയം ഉള്ളിൽ പേറിയവരാണ്. അതേ ശക്തികൾ രാഹുൽ ഗാന്ധിയെ ടാർഗറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലെഗസി മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നിർഭയമായ സത്യഗ്രഹ രാഷ്ട്രീയ ലെഗസിയായതുകൊണ്ടാണ്. മഹാത്മാ ഗാന്ധി ഒരിക്കലും പാർലമെന്റ് അംഗമായില്ല. നെഹ്റു പാർലമെന്റിൽ പോകുന്നതിനുമുമ്പ് പത്തു വർഷത്തോളം ജയിലിൽ കിടന്നാണ് പോരാടിയത്. അവർ നിർഭയം പോരാടിയത് തുല്യ സ്വാതന്ത്ര്യത്തിനും തുല്യനീതിക്കും തുല്യ അവകാശങ്ങൾക്കുമാണ്.
രാഹുൽ ഗാന്ധി പ്രതിനിധാനംചെയ്യുന്ന നിർഭയ സത്യഗ്രഹ സമരത്തിന്റെ രീതിയെയാണ് ഫാഷിസ്റ്റ് ആശയധാരക്കാർ അധികാര അഹങ്കാരമുപയോഗിച്ച് എതിർക്കുന്നത്. അതുകൊണ്ട് ഇപ്പോൾ നടക്കുന്നത് ഇല്ലിബറൽ ഫാഷിസ്റ്റ് രാഷ്ട്രീയവും ലിബറൽ സ്വാതന്ത്ര്യ സത്യഗ്രഹവും തമ്മിലുള്ള പോരാട്ടമാണ്. ഇന്ത്യയുടെ ആത്മാവിനും ബഹുസ്വരതക്കും ലിബറൽ ജനായത്തത്തിനും ഭരണഘടന മൂല്യങ്ങൾക്കും, എല്ലാവർക്കുമുള്ള തുല്യ അവകാശങ്ങൾക്കുമുള്ള പോരാട്ടം. ഇന്ത്യയുടെ ഭാവിക്കു വേണ്ടിയും ഐക്യതക്കു വേണ്ടിയുമുള്ള പോരാട്ടം. ആ പോരാട്ടവുമായി വെയിലിലും മഴയിലും തണുപ്പിലും മഞ്ഞിലും ഇന്ത്യയുടെ ആത്മാവിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തോടാണവർക്ക് എതിർപ്പ്. ഫാഷിസത്തിന്റെ, വെറുപ്പിന്റെ ബസാറിൽ സ്നേഹത്തിന്റെ കട തുറക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധിയെയാണ് അവർക്ക് ഭയം.