സിനിമയിലേക്കുള്ള വരവും അഭിനയ വഴികളും; ബാബു ആന്റണി 'മാധ്യമത്തോട്' സംസാരിക്കുന്നു
മുപ്പതു കൊല്ലം മുമ്പേ കേരളത്തില്‍ പ്രചരിച്ച ഒരു തമാശ ഉണ്ടായിരുന്നു. നാട്ടിൽ കള്ള് കുടിച്ച ഒരു മനുഷ്യന് നടന്നുപോകുമ്പോള്‍ റോഡ് സൈഡിലെ മതിലില്‍ 'ചന്ത' എന്ന സിനിമയുടെ പോസ്റ്റര്‍ കാണുന്നു. ഉടനെ അയാള്‍ ആ പോസ്റ്ററിനെ നോക്കി ഇങ്ങനെ: ''ആരാടാ, യേശുക്രിസ്തുവിന്റെ പടത്തിനു താഴെ ചന്ത എന്നെഴുതിവെച്ചത്?''
തൊണ്ണൂറുകളുടെ തുടക്കത്തിലും പിന്നെ ഒരു അഞ്ചു വര്‍ഷക്കാലം 'ചന്ത' എന്ന പോസ്റ്ററിലെ യേശുക്രിസ്തുവിന്റെ രൂപമുള്ള ബാബു ആന്റണി എന്ന നടനെ അന്നത്തെ യുവത്വം ഏറ്റെടുത്തുനടന്നിരുന്നു. ബാബു ആന്റണി മലയാള സിനിമയിൽ വില്ലനായി, നായകനായി,താരമായി, സൂപ്പർതാരമായി.അയാളെ പോലെ കൗമാരക്കാരും കോളജ് കുമാരന്മാരും യുവാക്കളും മുടിയും താടിയും നീട്ടി വളര്‍ത്തി. അവര്‍ മുടി നീട്ടി വളര്‍ത്തിയതുകൊണ്ട് ക്ലാസ് റൂമുകളില്‍നിന്നും പുറത്തായി. വീടുകളില്‍നിന്ന് ചീത്തവിളികള്‍ കേട്ടു. അയാളുടെ ബാഗി ജെൻസും ടീ ഷര്‍ട്ടും അതിന്റെ മുകളിലുള്ള ഒരു ഷര്‍ട്ടും ഇട്ട് അനുകരിച്ചു അവര്‍ നടന്നു. ജാക്കി ചാനും ജെറ്റ് ലിയും അരങ്ങുവാണ ആ കാലത്ത് മലയാളത്തില്‍ കരാട്ടെ ചെയ്ത ബാബു ആന്റണിയെ അനുകരിച്ച് അവര്‍ കരാട്ടെ പഠിക്കാന്‍ പോയി. 'ഉപ്പുകണ്ടം ബ്രദേഴ്സ്' എന്ന സിനിമയില്‍ അയാളുടെ 'ഇൻട്രൊഡക്ഷൻ' ഫൈറ്റിന് വേണ്ടി കാത്തിരുന്നു.
മറ്റു മലയാള നായക ശരീരരൂപങ്ങളില്നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യന്‍ അല്ലെങ്കില്‍ യൂനിവേഴ്സല്‍ ആയ ശരീരഭാഷ ഉണ്ടായിരുന്ന ബാബു ആന്റണി എന്ന നടന് മലയാളം, തമിഴ്, ഹിന്ദി, തെലുഗു, കന്നട എന്നീ ഭാഷകള്‍ക്ക് പുറമേ ഇപ്പോള്‍ ഹോളിവുഡ് സിനിമയിലും അഭിനയിച്ചു. മലയാളിത്തം ഇല്ലാത്ത ഒരു താര ശരീരഭാഷയുമായി അയാള്‍ മലയാളി യുവത്വത്തിന്റെ ഹരമായി. സിനിമ ഇറങ്ങി ഇരുപതു വർഷം കഴിഞ്ഞു ജനിച്ചവരും അയാളുടെ ആരാധകരായി.
എണ്‍പതുകളില്‍ അട്ടഹസിച്ച് ഉറക്കെ സംസാരിച്ചിരുന്ന വില്ലന്‍ സങ്കൽപങ്ങളെ എല്ലാം മാറ്റിമറിച്ച് വളരെ കുറച്ചു പതിയെ സംസാരിച്ച് വില്ലനിസത്തിന്റെ ക്ലൈമാക്സ് കാണിച്ച് ബാബു ആന്റണി മലയാള സിനിമയിലേക്ക് ഇരച്ചു കയറി. 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയിലെ ഒറ്റ ഡയലോഗ് വില്ലന്‍ അന്നത്തെ എല്ലാ പ്രായക്കാരുടെയും ഉറക്കംകെടുത്തി. പതുക്കെ ബാബു ആന്റണി മലയാളത്തിലെ നായകശരീരങ്ങളില് ഒന്നായി സൂപ്പര്‍ താരപദവിയിലേക്ക് വരെ എത്തി. പത്ത് സിനിമകള്‍ തുടർച്ചെ സൂപ്പര്‍ ഹിറ്റ് ആയി നില്ക്കുമ്പോള് അേദ്ദഹം സിനിമയില്‍നിന്ന് മറഞ്ഞു. ബാബു ആന്റണിയുടെ സിനിമകളിലൂടെ ഈ സംഭാഷണം സഞ്ചരിക്കുന്നു.
നേരത്തേ പറഞ്ഞതുപോലെ 'യേശുക്രിസ്തുവി'ന്റെ മുഖം ഉള്ള ഒരു നായകശരീരം ആണ് താങ്കളുടേത്. പൊന്‍കുന്നത്തെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്നും എങ്ങനെ സിനിമയിലേക്ക് എത്തി?
ഫാമിലി റൂട്ടില്‍ ഒരു ഗ്രാന്‍ഡ് ഫാദര്‍ ജൂയിഷ് ആണ്. കൊച്ചിയിലുള്ള ഒരു ജൂത ഫാമിലിയില്‍ ഉള്ള ആള് പൊന്‍കുന്നത്ത് വന്ന് എന്റെ അമ്മൂമ്മയെ വിവാഹം കഴിച്ചതാണെന്ന് പറയുന്നു, അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ക്ക് നീളമുള്ള മുഖവും പക്കാ മലയാളി അല്ലാത്ത ഒരു ലുക്കും കിട്ടിയത് എന്നൊരു പറച്ചില് ഉണ്ട്. അതുപോലെ എന്റെ ഭാര്യയും ജൂതവംശജ ആണ്. എന്റെ അപ്പൂപ്പന്റെ കഥകള്‍ ഒന്നും എനിക്ക് അധികം അറിയില്ല. പൊന്‍കുന്നം പള്ളി ഒരു നൂറ്റി നാൽപതു കൊല്ലം മുമ്പ് പണിതതാണ്. പള്ളി പണിയുന്ന സമയത്ത് പള്ളിയുടെ കണക്കും പണിക്കാരുടെ കാര്യങ്ങളും നോക്കാൻ വിശ്വസ്തനായ ആൾ വേണമായിരുന്നു. അങ്ങനെ കൊങ്ങാണ്ടൂര്‍ എന്ന സ്ഥലത്തെ ഒരു ജോസഫേട്ടനെ കണ്ടെത്തുന്നു. ജോസഫേട്ടൻ കണക്കിലും കാര്യങ്ങളിലും അഗ്രഗണ്യൻ ആയിരുന്നു. അങ്ങനെ പള്ളിയിലെ അച്ചനും ഞങ്ങളുടെ കുടുംബക്കാരും എല്ലാം ജോസഫേട്ടനെ കാണാന്‍ പോയി. ജോസഫേട്ടന് പള്ളിക്കാര് ഒരു ഓഫര്‍ കൊടുത്തു. പള്ളി നൂറു രൂപയും ജോസഫേട്ടന് നൂറു രൂപയും ഇട്ടുകൊണ്ട് ഒരു സ്ഥലം അദ്ദേഹത്തിനു വാങ്ങിച്ചുകൊടുക്കാം എന്നതായിരുന്നു ഓഫര്‍. അന്നത്തെ നൂറു രൂപക്ക് വലിയ വില ആയിരുന്നു. അങ്ങനെ ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലം വാങ്ങി ജോസഫേട്ടന് എന്ന എന്റെ അപ്പൂപ്പന് പള്ളിയില്‍ ജോലി ചെയ്തു. വളരെ വിശ്വസ്തനായിരുന്നു ജോസഫേട്ടന്.
ജോസഫേട്ടന് എല്ലാ ദിവസവും ഒരു ഗ്ലാസ് കള്ള് കുടിക്കും. പുള്ളിക്കാരന് ബസ് കയറുന്നത് രസമാണ്. വീട്ടിന്റെ മുന്നില്‍ ബസ് കൈ നീട്ടി നിര്‍ത്തും. എന്നിട്ട് അകത്തു പോയി ഡ്രസ്സ് മാറി വന്നിട്ടാണ് കയറുക. ജോസഫേട്ടന്റെ മൂന്നു ആണ്മക്കളില് ഒരാളാണ് എന്റെ അപ്പന്. അപ്പനും രണ്ടു സഹോദരങ്ങളും പള്ളിയില്‍ തന്നെ ജോലി ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പന് പള്ളിയില്‍ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി. പള്ളി വിട്ടു കടയില്‍ കണക്ക് എഴുതാനായി ഇരുന്നു. അപ്പന് ഭയങ്കര ബ്രില്യന്റ് ആയിരുന്നു. ഏഴാം ക്ലാസ് വരെ പഠിച്ചു. കണക്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം നേടി. മനക്കണക്കൊക്കെ കാല്‍ക്കുലേറ്ററിനെക്കാള്‍ വേഗത്തില്‍ പട പടാന്ന് ചെയ്യാന്‍ തുടങ്ങി. കടയിലിരുന്നു ബിസിനസ് ഒക്കെ പഠിച്ചു സ്വന്തമായി മലഞ്ചരക്ക് വ്യാപാരം തുടങ്ങി. അത് വലിയ രീതിയില്‍ വളര്‍ന്നു. എസ്റ്റേറ്റ്, കാറുകള്‍, ലോറികള്‍, മൂന്നാറില്‍ ബിസിനസ് എന്ന രീതിയിൽ അപ്പന് വളര്‍ന്നു. അപ്പന് ഞങ്ങള്‍ മൂന്നു ആൺമക്കള് ആയിരുന്നു. പക്ഷേ ഞങ്ങള്‍ ആരും അപ്പന്റെ ബിസിനസിലേക്ക് പോയില്ല. അപ്പനോടുകൂടി ഞങ്ങളുടെ ഫാമിലി ബിസിനസ് അവസാനിച്ചു.
മൂത്ത പെങ്ങള് പുണെയില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നാല്‍ ഞാന്‍ ഭാഷയും കാര്യങ്ങളും ഒന്നും പഠിക്കില്ല എന്ന് മനസ്സിലായി. അങ്ങനെ ഞാന്‍ പുണെയിലേക്ക് പോയി. അവിടെ സ്പോര്‍ട്സും ഗെയിംസും ഉണ്ടായിരുന്നു. ഞാന്‍ പുണെ യൂനിവേഴ്സിറ്റിയുടെ വോളിബാള്‍, അത്ലറ്റിക് ടീം തുടങ്ങിയവയുടെ ഒക്കെ ക്യാപ്റ്റന്‍ ആയി മാറി. നാട്ടില്‍ തുടങ്ങിയ കരാട്ടെ പഠനം പുണെയില്‍ തുടര്‍ന്നു. പിന്നീട് ഞാന്‍ സെന്‍ ബയാസിസില് എം.ബി.എ പഠിക്കാന്‍ പോയി. അവിടെവെച്ചാണ് ഞാന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുന്നത്. മോഹന്‍, മുരളി, മൈക്കിള്‍, രാജീവ് നിഹലാനി തുടങ്ങിയവരെ പരിചയപ്പെട്ടു. അവരുടെ ഷോര്‍ട്ട് ഫിലിമുകളിലും ഡിപ്ലോമ ഫിലിമുകളിലും ഡയലോഗ് എക്സർസൈസുകളിലും ലൈറ്റിങ് എക്സർസൈസുകളിലും എല്ലാം ഭാഗമായി. അതിനു ശേഷം സിനിമ എന്ന ആഗ്രഹത്തോടെ മദ്രാസിലേക്ക് വന്നു, മൂന്നു മാസത്തിനു ശേഷം ഭരതേട്ടനെ കണ്ടു. ഭരതേട്ടന് 'ചിലമ്പ്' എന്ന സിനിമയില്‍ ഒരു ബ്രേക്ക് തന്നു. 'ചിലമ്പി'ലെ എന്റെ ഒരു പടം നാനയില്‍ വന്നു. സംവിധായകന് ഫാസില്‍ അത് കണ്ടു. അങ്ങനെ ഞാന്‍ 'പൂവിനു പുതിയ പൂന്തെന്നലി'ലെ രഞ്ചി എന്ന വില്ലനായി. അത് അഞ്ചു ഭാഷയിലേക്ക് റീ മേക്ക് ചെയ്തു. ആ അഞ്ചു ഭാഷകളിലും രഞ്ചി എന്ന വില്ലന്‍ കഥാപാത്രം ഞാന്‍ തന്നെ ചെയ്തു. പിന്നെ 'വൈശാലി' വന്നു, ശേഷം 'ചരിത്രം'.
താങ്കള്‍ മലയാള സിനിമയില്‍ എത്തിയതിനു ശേഷമുള്ള ഫൈറ്റ് സീനുകളുടെ ടെക്നിക്കാലിറ്റി തന്നെ അടിമുടി മാറി. സ്റ്റണ്ട് സീനുകളുടെ പുതിയ ഭാഷ തന്നെ സൃഷ്ടിക്കപ്പെട്ടു. എങ്ങനെയാണ് ഇത് സാധിച്ചത്?
എനിക്ക് സിനിമയുടെ ടെക്നോളജിയെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു. കാമറ ഫ്രെയിംസിനെ കുറിച്ചും എഡിറ്റിങ്ങിനെ കുറിച്ചും അറിയാമായിരുന്നു. ടെക്നിക്കാലിറ്റിയെ കുറിച്ചുള്ള അറിവ് ഒരു ആക്ടറിനെ വല്ലാതെ സഹായിക്കും. അതുപോലെ മാര്‍ഷ്യല്‍ ആര്‍ട്സ് സയന്റിഫിക് ആയി െട്രയിന്‍ ചെയ്ത ആളാണ് ഞാന്‍. അന്നത്തെ ആക്ഷനിലെ എന്റെ ഒരു കിക്കോ സൈഡ് കിക്കോ ബ്ലോക്കോ ബാക്ക് ട്വിസ്റ്റോ എല്ലാം വളരെ ശാസ്ത്രീയമായിരുന്നു. ദൈവാനുഗ്രഹംകൊണ്ട് അത് സ്റ്റൈലിഷും ആയിരുന്നു. അത്രയും ഫാസ്റ്റ് ആയി ചെയ്യുന്ന മൂവ്മെൻസിനു ഒരു സ്റ്റൈല്‍ വരിക എന്ന് പറയുന്നത് ദൈവാനുഗ്രഹം ആണ്. ഫൈറ്റ് തുടങ്ങിയാല്‍ തുടരെ തുടരെ അടിച്ചടിച്ച് പോകുന്ന പരിപാടി ഇല്ലായിരുന്നു. എല്ലാം വളരെ ഷോര്‍ട്ടും എഫക്ടീവും ആയ ഫൈറ്റുകള്‍ ആയിരുന്നു, തിരിഞ്ഞും മറിഞ്ഞും അടിക്കുക, ഒരു അടിക്ക് പറന്നുപോവുക തുടങ്ങിയ പരിപാടികള്‍ ഒന്നും ഇല്ലായിരുന്നു. വളരെ ക്ലിയര്‍ ആയ റിയലിസ്റ്റിക് അപ്രോച്ച് ആയിരുന്നു എന്റേത്. അന്നത്തെ കാലത്ത് ആക്ഷന്‍ സീക്വന്‍സുകള്‍ ട്വന്റി ഫ്രെയിംസ് വെച്ചാണ് ഷൂട്ട് ചെയ്യുക. അന്നത്തെ ഹീറോസിന്റെ മൂവ്മെന്റ് സ്ലോ ആയതുകൊണ്ട് സ്പീഡ് കൂട്ടാനാണ് അങ്ങനെ ചെയ്തത്. എനിക്ക് അത് അറിയാമായിരുന്നു. ഞാന്‍ ഫാസ്റ്റ് ആയതുകൊണ്ട് ട്വന്റി ഫ്രെയിംസിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അന്ന് അത് വലിയ പ്രശ്നമായി. അതു ശരിയാകില്ല, ലാഗ് ആകും എന്ന് പലരും എന്നോടു പറഞ്ഞു. നിങ്ങള്‍ ഒരു ഫൈറ്റ് ഷൂട്ട് ചെയ്തുകണ്ടിട്ട് തീരുമാനിച്ചാല്‍ മതി, ഒന്നും പേടിക്കേണ്ട എന്ന് ഞാനും പറഞ്ഞു. അന്നത്തെ ഫൈറ്റ് മാസ്റ്റര്‍ ആയ ത്യാഗരാജന് മാസ്റ്ററും പേടിക്കേണ്ട, ഞാന്‍ ഫാസ്റ്റ് ആണെന്ന് പറഞ്ഞു എന്നെ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ ട്വന്റി എന്നുള്ളത് ട്വന്റി ഫോര്‍ ഫ്രെയിംസില്‍ ആണ് എന്റെ ഫൈറ്റുകള്‍ എല്ലാം ഷൂട്ട് ചെയ്തത്. ഫൈറ്റുകള്‍ക്ക് ഒരു ഹ്യൂമന്‍ നേച്ചര്‍ ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ഉദ്ദേശ്യവും. ഒരു സൂപ്പര്‍ ഹ്യൂമനോ ചാര്‍ളി ചാപ്ലിന് പോകുന്ന പോലുള്ള സ്പീഡോ ആയിരുന്നില്ല. അതിന്റെ ഒരു ഗ്രേസ് ആ ഫൈറ്റുകള്‍ക്ക് ഉണ്ടായിരുന്നു.
അന്നത്തെ നായകസിനിമകളില്നിന്ന് അല്ലെങ്കില്‍ താരസിനിമകളില്നിന്ന് വ്യത്യസ്തമായ ഒരു സ്വഭാവം താങ്കളുടെ താരശരീര സിനിമകളില്‍ ഉണ്ടായിരുന്നു. വ്യത്യസ്തമായ രൂപങ്ങള്‍ ആയിരുന്നു ആ സിനിമകള്‍ക്ക്?
ഭരതേട്ടന് ഇപ്പോഴും എന്നോട് ''എടാ, നീയൊരു പടം ചെയ്യുമ്പോള്‍ ഒരു മുപ്പതു കൊല്ലം മുന്നോട്ട് നോക്കി ചെയ്യണം'' എന്നാണു പറയുക. ''നിന്റെ പടം മുപ്പത് വർഷം കഴിഞ്ഞു കണ്ടാലും കാണുകയും എൻജോയ് ചെയ്യുകയും ചെയ്യണം.'' അപ്പോഴുള്ള ചിന്തകളില്‍ സിനിമയെ കാണരുത് എന്നാണ് ഭരതേട്ടന് പറയുക. അതുകൊണ്ടാണ് 'ചന്ത' എന്ന പടം 32 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആള്ക്കാര് അത് കാണുകയും 'ചന്ത ടു' വിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നത്. അന്നത്തെ എല്ലാ സിനിമകളും മൂന്നു മണിക്കൂര്‍ ആയിരുന്നു. പേക്ഷ എന്റെ സിനിമകള്‍ രണ്ടു മണിക്കൂര്‍ ആയിരുന്നു. മാക്സിമം ഒരു പാട്ട് മാത്രമേ സിനിമകളില്‍ ഉണ്ടായിരുന്നുള്ളൂ. അതുപോലെ സപ്പോർട്ടിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഞാന്‍ ഒരുപാടു പ്രാധാന്യം കൊടുത്തിരുന്നു. അവരാണ് പില്ലേഴ്സ്. ഹീറോ എന്നത് ഒരു പിരമിഡിന്റെ ഏറ്റവും മുകളിലുള്ള കല്ല് മാത്രമാണ്. പക്ഷേ ഇപ്പോള്‍ ഈ പിരമിഡ് തിരിച്ചുെവച്ചതുപോലെയാണ് സിനിമ. ഇപ്പോള്‍ എല്ലാം ഹീറോയാണ്. നല്ല ഡയലോഗ് എല്ലാം ഹീറോക്ക് തന്നെ വേണം എന്ന വാശിയിലാണ്. സപ്പോർട്ടിങ് ആർട്ടിസ്റ്റുകള്‍ ഒക്കെ വളരെ വീക്ക് ആണ്. അന്നത്തെ എന്റെ സിനിമകളില്‍ തിലകന് ചേട്ടന്, ജനാർദനന് ചേട്ടന്, സോമന് ചേട്ടന്, സുകുമാരൻ ചേട്ടന്, ലാലു അലക്സ് തുടങ്ങിയവരൊക്കെ വളരെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. ഒരു സിനിമയില്‍ ഹീറോ ആയ ഞാന്‍ വരുന്നത് ഇന്റര്‍വെല്ലിനു അടുത്തുള്ള അഞ്ചാമത്തെ റീലില്‍ ആണ്. അതൊക്കെ അന്ന് വളരെ പുതുമയുള്ള കാര്യമായിരുന്നു. ഒരുപക്ഷേ എന്റെ സിനിമകളില്‍ ഹീറോക്ക് ആയിരിക്കാം ഏറ്റവും കുറച്ചു സീന്‍. ഒരുപാടു സീനുകള്‍ ഞാന്‍ കട്ട് ചെയ്തുകളയാന്‍ പറഞ്ഞിരുന്നു. എല്ലായിടത്തും എന്റെ പ്രസന്‍സ് ആവശ്യമില്ല. 'ചന്ത'യില്‍ ഏകദേശം പത്ത് സീനുകള്‍ ഞാന്‍ കട്ട് ചെയ്തുകളഞ്ഞിട്ടുണ്ട്. എന്തിനാണ് നമ്മളെതന്നെ കണ്ടു ജനം ബോറടിക്കുന്നത്. കാണേണ്ട സമയത്ത് മാത്രം നമ്മളെ കണ്ടാല്‍ പോരെ? അങ്ങനെ ചില ഫ്യൂച്ചറിസ്റ്റിക് വിഷന്‍ എനിക്കുണ്ടായിരുന്നു. എന്റെ സിനിമകളില്‍ ഓരോ റീലിലും ഇടി ഉണ്ടായിരുന്നില്ല. എന്റെ ഒരു സിനിമയില്‍ മൂന്നു ഫൈറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സിനിമയില്‍ വണ്‍ ഈസ് ടൂ ത്രീ എന്ന രീതിയില്‍ ഒരു ഇൻട്രൊഡക്ഷൻ ഫൈറ്റ് നടുക്ക് ഒരു ഫൈറ്റ് പിന്നെ ഒരു ക്ലൈമാക്സ് ഫൈറ്റ് എന്ന രീതിയില്‍ ആയിരുന്നു എന്റെ സിനിമകള്‍ പോയിക്കൊണ്ടിരുന്നത്.
ശാസ്ത്രീയമായി മാര്‍ഷ്യല്‍ ആർട്സ് പഠിച്ച ആളാണ്. പക്ഷേ താങ്കളുടെ കൂടെ സിനിമയില്‍ ഫൈറ്റ് ചെയ്യുന്നവര്‍ അത് പഠിച്ചവര്‍ ആയിരിക്കില്ല. അത് സ്റ്റണ്ടുകളുടെ ഒരു താള ബോധത്തെ ബാധിക്കില്ലേ?
മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ച ആള് ഹൈലി ഫ്ലക്സിബിള്‍ ആയിരിക്കും. അത് ഒരു സ്റ്റൈലില്‍ തന്നെ ചെയ്യുന്ന ആളായിരിക്കരുത്. ഒരു ഒപ്പോണന്റ് എന്ന് പറയുന്നത് ഏതു സ്റ്റൈലില്‍ ഉള്ള ആളാണെന്നു പറയാന്‍ പറ്റില്ല. ഒരാള്‍ എന്നെ അടിക്കാന്‍ വരികയാണെങ്കില്‍ ''നിനക്ക് കരാട്ടെ അറിയാവോ?'' എന്നൊന്നും ചോദിക്കാന്‍ പറ്റില്ല. അയാളുടെ സ്റ്റൈലിനു അനുസരിച്ചു നമ്മള് ഫ്ലക്സിബിള്‍ ആകണം. നിങ്ങള്‍, വെള്ളത്തിനെപോലെ ഏതു പാത്രത്തിലും നിൽക്കാന് പറ്റുന്നതുപോലെ ആകണം എന്നാണ് ബ്രൂസിലി പറയുന്നത്. ''വെന്‍ യു പോര് ഇന്‍ എ കപ് യൂ ടെക് ദ ഷേപ്പ് ഓഫ് എ കപ്'' എന്നാണ് ബ്രൂസിലി പറഞ്ഞത്. അത് ആക്ടിങ്ങിലും എന്നെ സഹായിച്ചിട്ടുണ്ട്. നമ്മള് നമ്മുടെ സ്റ്റൈല്‍ വേറെ ഒരാളെ പറഞ്ഞു പഠിപ്പിക്കുന്നതിനെക്കാളും അവരുടെ സ്റ്റൈലിന് അനുസരിച്ച് നമ്മള് മാറുന്നതാണ് നല്ലതെന്നാണ് തോന്നിയത്. നമ്മുടെ സ്വതഃസിദ്ധമായ ഒരു സ്റ്റൈല്‍ കളയാതെ അയാളുടെ മൂവ്മെന്റിന് അനുസരിച്ച് നമ്മള് മൂവ് ചെയ്യുക. ഞാന്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ഒരിക്കലും മറ്റുള്ളവരില്‍ അടി കൊള്ളിക്കാറില്ല. എനിക്ക് കൺട്രോൾ ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ ഹീറോസിനു അത്ര എക്സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ട് എനിക്ക് ഇടി കിട്ടുമായിരുന്നു. ഫൈറ്റ് എന്ന് പറഞ്ഞാല്‍ സ്വൽപം മാറിക്കഴിഞ്ഞാല്‍ ഇടി കിട്ടും.
മാര്‍ഷ്യല്‍ ആര്‍ട്സ് പഠനം എങ്ങനെയാണ് താങ്കളെ രൂപപ്പെടുത്തിയത്?
ജെനുവിന് മാസ്റ്റേഴ്സിനു കീഴിലും ജെനുവിന് സിസ്റ്റത്തിലൂടെയും മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചാല്‍ നമ്മള് ആകെ മാറിപ്പോകും. അതല്ലെങ്കില്‍ ചിലപ്പോള്‍ അത് അപകടകരമായ പ്രവണതകളിേലക്ക് പോകും. ബേസിക്കലി ഞാന്‍ പഠിക്കാന്‍ തുടങ്ങിയത് കളരിപ്പയറ്റ് ആണ്. അത് ഒരു കളരി മാഷിന്റെ കൂടെ ആയിരുന്നു. പിന്നെ സെബാസ്റ്റ്യന്‍ മാഷിന്റെ കൂടെ കരാട്ടെ പഠിക്കാന്‍ തുടങ്ങി. കളരിയിലും കരാട്ടെയിലും ഒരുപാട് വ്യത്യാസമുണ്ട്. അതിലെ മൂവ്മെന്റ്സിലും െടെമിങ്ങിലും എല്ലാം വ്യത്യാസമുണ്ട്. അതിനു ശേഷം ഞാൻ പുണെയില്‍ ആയിരുന്നപ്പോള്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കാന്‍ തുടങ്ങി. സാമുവൽ ഐസക് എന്ന മാസ്റ്ററിന്റെ കീഴിൽ ആണ് ഞാൻ മിക്സഡ് മാർഷ്യൽ ആർട്സ് പഠിച്ചത്. അന്ന് മിക്സഡ് മാര്‍ഷ്യല്‍ ആർട്സ് ആരും കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. ബ്രൂസ്ലിയുടെ സിനിമകള്‍ കണ്ടുതുടങ്ങിയതിനു ശേഷമാണ് മിക്സഡ് ആയ, ഡിഫറന്റ് ആയ സാധനങ്ങള്‍ ആദ്യമായി ആള്ക്കാര് കാണുന്നത്. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സിന്റെ പിതാവായാണ് ബ്രൂസ്ലിയെ വിശേഷിപ്പിക്കുക. എന്റെ മാസ്റ്റര്‍ ഇന്ത്യന്‍ നേവിയിലെ കമാന്‍ഡോ ആയിരുന്നു. അദ്ദേഹം ഇസ്രായേലില്‍ പോയി ട്രെയിന്‍ ചെയ്തിരുന്നു. അദ്ദേഹത്തിന് കീഴില്‍ ഞാന്‍ പുണെയില്‍ അഞ്ചെട്ടു വർഷം പഠിച്ചു. അദ്ദേഹം ഒരു പ്രീസ്റ്റുംകൂടെ ആയിരുന്നു. അവിടെ എന്റെ കാരക്ടറും മോൾഡ് ചെയ്യപ്പെട്ടു. ഇപ്പഴത്തെ ആഗ്രഹം എന്റെ കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കണം എന്നായിരുന്നു. ദൈവാനുഗ്രഹംകൊണ്ട് അവരും അത് പഠിച്ചു. എന്റെ മൂത്ത മകന് ആര്‍തര്‍ മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്ലാക്ക് ബെൽറ്റ് ആയി. രണ്ടാമത്തെ മകന് അലക്സ് ബ്രൗണ്‍ ബെൽറ്റും ആണ്. ഞാന്‍ സ്റ്റൈലിന്റെ കാര്യത്തില്‍ ഭയങ്കര ഓപൺ ആയിരുന്നു. ഏതു സ്റ്റൈലും പഠിക്കാന്‍ തയാറായിരുന്നു.
തൊണ്ണൂറുകളിൽ നിലനിന്ന താരശരീരങ്ങളില്നിന്ന് വ്യത്യസ്തമായ ഒരു ശരീരഭാഷയും കോസ്റ്റ്യൂം സ്റ്റൈലിങ്ങും ഹെയര്‍ സ്റ്റൈലിങ്ങും എല്ലാം താങ്കള്‍ക്ക് ഉണ്ടായിരുന്നു. ഒരുതരത്തില്‍ നേരത്തേ പറഞ്ഞ ഒരു പാന്‍ ഇന്ത്യന്‍ അല്ലെങ്കില്‍ ഒരു യൂനിവേഴ്സല്‍ ലൂക്ക്?
അന്ന് കോസ്റ്റ്യൂം ഡിസൈനേഴ്സ് എന്ന വിഭാഗം സിനിമയില്‍ ഉണ്ടായിരുന്നില്ല. കോസ്റ്റ്യൂമേഴ്സ് ആയിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. ഈ കോസ്റ്റ്യൂം സ്റ്റൈലിങ്ങിനെ കുറിച്ചു എനിക്ക് എന്റേതായ ചില ചിന്തകള്‍ ഉണ്ടായിരുന്നു. ഞാന്‍ ബാംഗ്ലൂര്‍ കമേഴ്സ്യല്‍ സ്ട്രീറ്റില്‍ എന്റേതായ ഒരു ടെയിലറെ കണ്ടുപിടിച്ചു കോസ്റ്റ്യൂമുകള്‍ ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത് പ്രൊഡ്യൂസേഴ്സിന്റെ കൈയില്‍ കൊടുക്കുമായിരുന്നു. അങ്ങനെ ഞാന്‍ തന്നെ ആയിരുന്നു എന്റെ കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്തിരുന്നത്. 'ദൗത്യം' എന്ന സിനിമയിലെ വില്ലന്റെ വേഷം ഞാന്‍ വരച്ചുകൊടുത്തതായിരുന്നു. സാധാരണ ഒരു പാന്റും ഷര്‍ട്ടും ആയിരുന്നു ആ കാരക്ടറിന്റെ ആദ്യത്തെ വേഷം. പേക്ഷ അതിട്ടാല്‍ ആ കാരക്ടറിന് ഒരു ഇമ്പാക്ടും ഉണ്ടാകുമായിരുന്നില്ല. ബേസിക്കലി ഞാന്‍ ആർട്ടിസ്റ്റും പെയിന്ററും ആയിരുന്നു. അന്നത്തെ കീറിയ പാന്റ് സ്റ്റോണ്‍ വേര്‍ഷന്‍ ഒന്നും ആരും കണ്ടിട്ടില്ലായിരുന്നു. 'മൂന്നാം മുറ'യിലെ ഷോള്ഡറില് ഇടുന്ന ജാക്കറ്റ്, അതൊന്നും മലയാളികള്‍ അന്ന് ആരും കണ്ടിട്ടില്ലായിരുന്നു. ഓരോ കാരക്ടറിനും എന്റെ മനസ്സില്‍ ഓരോ ഡിസൈനുകള്‍ ഉണ്ടായിരുന്നു. മൂന്നാം മുറയിലെ കഥാപാത്രത്തിനു 'ചന്ത'യിലെ സുല്‍ത്താനുമായി ഒരു സാമ്യവും ഉണ്ടാകില്ല. അതുപോലെ ചന്തയിലെ സുല്‍ത്താനും 'വൈശാലി'യിലെ രാജാവും ആയി ഒരു ബന്ധവും ഉണ്ടാകില്ല. 'ദൗത്യ'ത്തിലെ കഥാപാത്രവും 'ദാദ'യിലെ ഭരതനും ആയി യാതൊരു ബന്ധവും ഉണ്ടാകില്ല. പ്രകടമായി തോന്നില്ലെങ്കിലും ഓരോ കഥാപാത്രത്തിനും ഞാന്‍ ഓരോ ബോഡി ലാംഗ്വേജ് കൊടുക്കാന്‍ ശ്രമിച്ചിരുന്നു. സട്ടില്‍ ആയിട്ടുള്ള ചില മൂവ്മെന്റ്സും നോട്ടങ്ങളും കൊടുക്കുമായിരുന്നു. ഹെയര്‍ സ്റ്റൈലിങ് അന്ന് ഒരു സ്റ്റൈല്‍ ആയിരുന്നു. അത് മുടി വെട്ടാനുള്ള മടികൊണ്ട് സംഭവിച്ചതാണ്. കോളജില്‍ പഠിക്കുമ്പോള്‍ വളര്‍ന്നതാണ്. പിന്നെ ഭരതേട്ടനെ കണ്ടപ്പോള്‍, ''കൊഴപ്പമില്ലടാ...ഇങ്ങനെ തന്നെ വെച്ചോടാ...'' എന്ന് പറഞ്ഞു. പിന്നീട് അത് സ്റ്റൈല്‍ ആയി മാറിയതാണ്. അല്ലാതെ അതിനുവേണ്ടി വലിയ എഫര്‍ട്ട് ഒന്നും എടുത്തിട്ടില്ലായിരുന്നു. അന്ന് സിനിമക്ക് ചേരുന്ന ഒരു രൂപം അല്ലായിരുന്നു എന്റേത്. ഒന്ന് രണ്ടു സംവിധായകര്‍ എന്നോട് ''എന്നെ ഫ്രെയിമില്‍ എവിടെ നിര്‍ത്തും?'' എന്ന് ചോദിച്ചിരുന്നു. താടിയും മുടിയും കമ്മലും ഒക്കെ ആയി മറ്റുള്ളവരും ആയി ഒരു ബന്ധവും ഇല്ലല്ലോ. ഞാന്‍ സിനിമയില്‍ വെറും ഒരു വർഷം നിന്നുനോക്കാമെന്നാണ് കരുതിയത്. പക്ഷേ ഭരതേട്ടന് എന്റെ ലുക്കിനെ കുറിച്ചു പറഞ്ഞത്, ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് എന്നായിരുന്നു.
'ചിലമ്പി'ല്‍ വരുമ്പോഴും അതില്‍നിന്ന് പിന്നെ മുന്നോട്ടു പോകുമ്പോഴും ബാബു ആന്റണിയില്‍ പുതിയ വില്ലന്റെ ഭാഷയാണ് കാണാന്‍ കഴിയുക. പഴയ, അട്ടഹസിച്ച് ഒരുപാടു ഡയലോഗുകള്‍ പറയുന്ന വില്ലന്മാരില്നിന്ന് വ്യത്യസ്തമായ മറ്റൊരു ഭാഷ?
ഭരതേട്ടന് വളരെ ഓപണ്‍ ആയ മനുഷ്യന് ആയിരുന്നു. നമ്മള് എന്ത് അഭിപ്രായം പറഞ്ഞാലും അദ്ദേഹം വളരെ ഓപണ്‍ ആയി കേള്‍ക്കും. ഒരു കൊച്ചു കുഞ്ഞിന്റെ കൈയില്നിന്നായിരിക്കും നമുക്ക് നല്ല ഒരു ഐഡിയ കിട്ടുക എന്നാണ് അദ്ദേഹം പറയുക. ആരെയും നീ തടയരുത് എന്നാണ് പറയുക. ഭരതേട്ടന് ഒരു അസാമാന്യ സംവിധായകന് ആയിരുന്നു. എല്ലാവരോടും സൗഹൃദം സ്ഥാപിച്ച മനുഷ്യൻ. ലോകത്തിലെ ഏറ്റവും ദുഷ്ടന് ആയ മനുഷ്യനെ മുന്നില്‍ കൊണ്ടുനിര്ത്തിയാലും അദ്ദേഹം അയാളില്‍ ഒരു പ്ലസ് പോയന്റ് കണ്ടുപിടിക്കും. ഒരാളെ കുറ്റം പറയുകയോ ഇൻസള്‍ട്ട് ചെയ്യുകയോ ഒന്നുമില്ല. ഇപ്പോഴത്തെ ആള്‍ക്കാരൊക്കെ ഒരു സിനിമ ഹിറ്റ് ആയി കഴിഞ്ഞാല്‍ തീര്‍ന്നു. ഇപ്പോള്‍ എല്ലാവരും വന്‍ മൂവീ വണ്ടേഴ്സ് ആണല്ലോ.
'ചിലമ്പി'ൽ ഞാന്‍ വരുന്നകാലത്ത് അന്നത്തെ വില്ലന്മാര് ഇങ്ങനെ കണ്ണൊക്കെ മിഴിച്ചു ആ തട്ടിക്കളയാം എന്ന സ്റ്റൈല്‍ ആയിരുന്നു. പക്ഷേ 'ചിലമ്പി'ലെ വില്ലൻ ''എപ്പഴാ വന്നതേ?'', '''രാത്രി വണ്ടിക്കു വന്നു''' എന്ന രീതിയില്‍ ഉള്ള ഒട്ടും എക്സ്പ്രസിവ് അല്ലാത്ത സട്ടില്‍ സ്റ്റൈലിലേക്ക് കൊണ്ടുവരിക ആയിരുന്നു. ഭരതേട്ടനും 'ചിലമ്പി'ല്‍ ഈ സട്ടില്‍ ആയ അഭിനയരീതി ആയിരുന്നു ഇഷ്ടമായത്. പക്ഷേ അന്നത്തെ മലയാളിക്ക് അത് അഭിനയം ആയി തോന്നിയില്ല. അതൊരു ഫ്യൂച്ചറിസ്റ്റിക് അപ്രോച്ച് ആയിരുന്നു. ഇന്നത്തെ തലമുറ അത്തരം അഭിനയരീതി അംഗീകരിച്ചുതുടങ്ങി. അന്നുവരെയുള്ള വില്ലന്മാരുടേത് അട്ടഹസിക്കുക, ഭയങ്കരമായിട്ട് ചിരിക്കുക, ഓവര്‍ ആയിട്ടുള്ള ആക്ഷന്‍സ് കാണിക്കുക, റേപ്പ് ചെയ്യുക എന്ന രീതികള്‍ ആയിരുന്നു. അന്ന് ഒരു സിനിമയില്‍ കുറഞ്ഞത് മൂന്നു ബലാത്സംഗങ്ങള്‍ ഇല്ലെങ്കില്‍ ആള്ക്കാര് വില്ലനായിട്ടു കൂട്ടില്ലായിരുന്നു. ബലാല്‍സംഗം എന്ന പരിപാടി ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ല. അങ്ങനെ എത്രയോ സിനിമകള്‍ ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. കാണികള്‍ക്ക് അത് കണ്ടു ത്രില്‍ ആകുമെന്ന് പറഞ്ഞപ്പോള്‍ ഇത് കണ്ടു ആസ്വദിക്കാന്‍ പ്രേക്ഷകര്‍ എന്താ ഭ്രാന്തന്മാര് ആണോ എന്നാണ് ഞാന്‍ ചോദിച്ചത്. 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയില്‍ എനിക്ക് ആകെ മൊത്തം ഒരൊറ്റ ഡയലോഗ് മാത്രമേ ഉള്ളൂ. ഒരൊറ്റ പ്രാവശ്യംപോലും ഞാന്‍ കണ്ണുരുട്ടി നോക്കിയിട്ടില്ല.
'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയിലെ രഞ്ചി എന്ന വില്ലന്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ അന്ന് ഒരു തലമുറയെ ആകെ പേടിപ്പിച്ചു. എന്ത് തോന്നുന്നു?
'പൂവിനു പുതിയ പൂന്തെന്നലി'ല്‍ പാച്ചിക്കക്ക് കൃത്യമായി ഞാന്‍ ചെയ്തതാണ് വേണ്ടിയിരുന്നത്. രോഗി ഇച്ഛിച്ചതും വൈദ്യന് കൽപിച്ചതും പാല് എന്ന രീതിയില്‍ ആയിരുന്നു ആ സിനിമ ഷൂട്ട് ചെയ്തത്. ഒരു സ്റ്റില്‍ ഫോട്ടോയിൽ കണ്ണ് കണ്ടാണ് അദ്ദേഹത്തിനു എന്നെ ഇഷ്ടമായത്. ഞാന്‍ അതില്‍ കയറി പിടിച്ചു. പിന്നെ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചതുകൊണ്ട് കണ്ണിനു ഒരു പ്രത്യേക പവര്‍ കൊടുക്കാന്‍ പറ്റും. ഓരോ നോട്ടത്തിലും ഒരു ബോഡി ലാംഗ്വേജ് ഉണ്ട്. ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ ആണ് അനുകരിച്ചത്. മൂര്‍ഖന്‍ പാമ്പ് മെല്ലെ ഇങ്ങനെ ഇഴഞ്ഞുപോവുകയേ ഉള്ളൂ. പക്ഷേ അതിനോടുള്ള മനുഷ്യരുടെ പേടി ഭീകരമാണ്. ആ സിനിമയിലെ എന്റെ കഥാപാത്രത്തെ കണ്ട് ആള്‍ക്കാരൊക്കെ ഭീകരമായി വിരണ്ടുപോയി. തമിഴിലെ പുതിയ സംവിധായകരൊക്കെ ഇപ്പോഴും എന്നെ കാണുമ്പോള്‍ ''എന്ന സാര്‍ നീങ്ക, രണ്ടു വാരം ജ്വരം സാര്‍, ശാപ്പിടവേ ഇല്ല സാര്‍, രാത്രിയിലെ തൂങ്കവേ ഇല്ല സാര്‍'' എന്നാണു പറഞ്ഞത്. മലയാളം, തമിഴ്, തെലുഗ്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലും ആള്‍ക്കാരെ ആ കഥാപാത്രം വിരട്ടിക്കളഞ്ഞു. തമിഴ്നാട്ടില്‍ ആ സിനിമ തിയറ്ററില്‍ കണ്ടവര്‍, ''അവനെ സെരിപ്പാലെ അടിക്കണം'' എന്നാണു പറഞ്ഞത്. ''ബച്ചാ സൊ ജാ...ന ഹീ തോ ബാബു ആന്റണി ആയേഗ...'' എന്നാണു ബോംബെയിലെ അമ്മമാര്‍ പറഞ്ഞത്. ആ ലെവലിലേക്ക് ആ കഥാപാത്രം പോയി. പാച്ചിക്ക ഈയിടെ ആ കഥാപാത്രത്തെക്കുറിച്ച് ''അവന് ഒന്നും ചെയ്തിട്ടില്ല'' എന്നായിരുന്നു പറഞ്ഞത്. എന്റെ ഏറ്റവും വലിയ വീക്നെസും എനിക്ക് ഏറ്റവും ഇഷ്ടവും സട്ടില്‍ ആയിട്ടുള്ള ആക്ടിങ് ആയിരുന്നു. എല്ലാവരും പറയും, എന്റെ മുഖത്ത് എക്സ്പ്രഷന്‍ വരില്ല എന്ന്. ആയിക്കോട്ടെ. സിനിമക്ക് സ്റ്റോറി ഉണ്ട്, സ്ക്രിപ്റ്റ് ഉണ്ട്, സപ്പോർട്ടിങ് ആക്ടേഴ്സ് ഉണ്ട്, കാമറ വര്‍ക്കുകള്‍ ഉണ്ട്. ഇതൊക്കെ പോരെ? നമ്മള് എന്തിനാ പിന്നെ ഓവര്‍ എക്സ്പ്രസ് ചെയ്തു കാണിക്കുന്നേ? ഒരു ജനുവിന് ആക്ടിങ് ഏതൊക്കെ തരത്തില്‍ ഉണ്ടെന്നു അറിയാത്തതുകൊണ്ടാണ് അവര്‍ എക്സ്പ്രഷനെ കുറിച്ചു പറയുന്നത്. പിന്നെ പഴയ വ്യവസ്ഥാപിതമായ സിനിമകള്‍ കണ്ടു തഴമ്പിച്ച തലച്ചോറുകള്കൊണ്ടാണ് അത്തരം കമന്റുകള്‍ പറയുന്നത്. ഞാനും കണ്വെൻഷനല് ആയ ഒരുപാടു സിനിമകള്‍ കണ്ട ആളാണ്. പക്ഷേ അതിനെ ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചില്ല. അതുപോലെ ഒരു കഥാപാത്രത്തിനും ഞാന്‍ പ്രിപ്പേര്‍ ചെയ്യാറില്ല. സ്റ്റോറി പറയുമ്പോള്‍ തന്നെ എനിക്ക് അതിന്റെ മൂഡ് കിട്ടും.
ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന സിനിമയിലെ എന്റെ കഥാപാത്രം സ്ക്രീസോഫീനിക് ആയിരുന്നു. അതിന്റെ സംവിധായകന് വേണമെങ്കില്‍ അത്തരം ആൾക്കാരുമായി ഇടപെട്ടു പഠിച്ചുകൊള്ളാന്‍ പറഞ്ഞു. ഞാന്‍ അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു. സ്ക്രീസോഫീനിയ എന്ന് പറഞ്ഞാല്‍ തന്നെ വ്യത്യസ്തത ആണ്. അത് എന്താണെന്ന് അറിയില്ല, പക്ഷേ സ്റ്റോറി കേള്‍ക്കുമ്പോള്‍ തന്നെ കഥാപാത്രങ്ങളെ എനിക്ക് അഡോപ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവം എനിക്ക് പെട്ടെന്ന് പിടികിട്ടുമായിരുന്നു. ഞാന്‍ ഒരു പട്ടണത്തില്‍ വളര്‍ന്ന ആളാണ്. ഒരുപാട് ആള്‍ക്കാരെ കണ്ടു, ഒരുപാടു ദേശങ്ങളില്‍ സഞ്ചരിച്ചു. ഒരുപാടു സിനിമകള്‍ കണ്ടു. ആള്‍ക്കാരെ നിരീക്ഷിക്കാന്‍ പഠിച്ചു. ഒരു വേശ്യ ആണെങ്കില്‍, ഒരു പിമ്പ് ആണെങ്കില്‍ അവരുടെ ബോഡി ലാംഗ്വേജ് എന്താണ്, അവരുടെ സ്വഭാവം എന്താണ് എന്ന് പഠിക്കാന്‍ ശ്രമിക്കുമായിരുന്നു. അതൊക്കെ ഒരു പ്രാവശ്യം കണ്ടാല്‍ നമ്മുടെ മനസ്സില്‍ കിടക്കും. എന്നോടു ഒരു പിമ്പ് ആയി അഭിനയിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ നല്ല അസ്സലായി പിമ്പ് ആയി അഭിനയിക്കും. അതുപോലെ എന്നെ ഒരു കഥാപാത്രവും ഹോണ്ട് ചെയ്യാറില്ല. കാമറ ഓഫ് എന്ന് പറയുമ്പോള്‍ കാരക്ടര്‍ എന്നെ വിട്ടുപോകും. ഒരു സിനിമയും ഒരു കഥാപാത്രവും സിനിമക്ക് മുമ്പോ ശേഷമോ ഞാന്‍ ഉള്ളിലേക്ക് എടുക്കാറില്ല.
'വൈശാലി'യിലെ ലോമപാദ രാജാവ്, 'യുഗപുരുഷനി'ലെ അയ്യൻകാളി, 'കായംകുളം കൊച്ചുണ്ണി'യിലെ കളരി ഗുരുക്കളൊക്കെ നേരത്തേ പറഞ്ഞ സ്റ്റൈലിഷ് നായക കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ചരിത്രപരവും മിത്തിക്കലും ആയ കഥാപാത്രങ്ങള്‍ ആയിരുന്നു. എങ്ങനെയാണ് അവ അവതരിപ്പിച്ചത്?
ഈ മൂന്നു കഥാപാത്രങ്ങളും മൂന്നു ശരീരഭാഷകള്‍ ആണ്. 'വൈശാലി'യിലെ രാജാവിന്റെ ബോഡി ലാംഗ്വേജ് വേറെ, 'യുഗപുരുഷനി'ലെ അയ്യൻകാളിയുടേതു വേറെ, 'കായംകുളം കൊച്ചുണ്ണി'യിലെ കഥാപാത്രത്തിന്റെ ഭാഷ വേറെ എന്ന രീതിയിലാണ്. 'വൈശാലി'യിലെ രാജാവിന്റേത് ക്ഷത്രിയ കഥാപാത്രമാണ്. അയ്യൻകാളിയുടേത് വേറൊരു സമൂഹത്തില്‍നിന്നുള്ള മനുഷ്യന്റെ കഥാപാത്രമാണ്. 'കായംകുളം കൊച്ചുണ്ണി'യിലേത് ഒരു മുസ്ലിം കഥാപാത്രം. മൂന്നും മൂന്നു സംസ്കാരങ്ങളില്‍നിന്ന് വരുന്ന കഥാപാത്രങ്ങള്‍ ആണ്. അതില്‍ മൂന്നിലും വ്യത്യസ്തമായ സട്ടിലിട്ടീസ് കൊടുക്കുക എന്നതാണ് പ്രധാനം. അവരുടെ ശരീരഭാഷ, സംസാരം, നോട്ടം, ചിന്തകള്‍ എന്നിവക്ക് വ്യത്യസ്തത കൊടുക്കുക എന്നതാണ് കാര്യം. അവയെക്കുറിച്ച് ചെറുതായി ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു. 'കായംകുളം കൊച്ചുണ്ണി'യിലെ കഥാപാത്രത്തിനു പ്രത്യേകിച്ച് പഠിക്കാന്‍ ഒന്നുമില്ല. 'കായംകുളം കൊച്ചുണ്ണി'യുടെ ഗുരു ഒരു കളരി ഗുരുക്കള്‍ ആണ്. അയ്യൻകാളിയെ കുറിച്ച് അത്യാവശ്യം വിവരങ്ങള്‍ ഞാന്‍ സംഘടിപ്പിച്ചിരുന്നു. 'വൈശാലി'യിലെ ലോമപാദനെ കുറിച്ചു വിവരങ്ങള്‍ എവിടെയുമില്ല. അദ്ദേഹം ഒരു രാജാവായിരുന്നു. രോമപാദന് എന്നാണ് അദ്ദേഹത്തിന്റെ പേര്. കാലില്‍ രോമം ഉള്ള ആളായിരുന്നു അയാള്‍. രോമപാദന് എന്നുള്ളത് മാറ്റി ലോമപാദന് എന്നാക്കിയതാണ്. ഭരതേട്ടന് എന്നോടു ''എടാ, നീ ഒരു രാജാവ് ആണ് എന്ന് സങ്കല്‍പ്പിക്കുക'' എന്നാണു പറഞ്ഞത്. രാജാവിനെ ഞാന്‍ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. സങ്കൽപിക്കുക അല്ലാതെ വേറെ അതില്‍ ഒന്നും ചെയ്യാനില്ല. എന്നോടു രണ്ടു മൂന്നു സ്റ്റൈലില്‍ നടക്കാന്‍ പറഞ്ഞു. അതില്‍ ഒന്നില്‍ ഫിക്സ് ചെയ്യുകയും ഇടി വെട്ടി മഴ പെയ്താലും അതില്‍നിന്ന് മാറരുത് എന്നും പറഞ്ഞു. അയാള്‍ രാജാവായിരിക്കുമ്പോഴും അയാളുടെ രാജ്യത്ത് മുഴുവന്‍ പ്രശ്നമാണ്. ആ ദുഃഖം മുഴുവന്‍ ആ മുഖത്ത് ആവാഹിക്കുകയും ചെയ്യണം. അതാണ് ഏറ്റവും വലിയ ചടങ്ങ്. രാജാവിന്റെ ശരീരഭാഷയും വേണം, ആ ദുഃഖഭാവം മുഖത്ത് കാണുകയും വേണം. കുങ്ഫുവില്‍ ഒരുപാടു മൃഗങ്ങളെ അനുകരിച്ചുകൊണ്ട് ചെയ്യുന്ന പരിപാടികള്‍ ഉണ്ട്. അങ്ങനെ ആനയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ആനയുടെ നടപ്പാണ് ആ കഥാപാത്രത്തിനു വേണ്ടി ഞാന്‍ സ്വീകരിച്ചത്. ആനക്ക് ഒരു ദുഃഖഭാവമുണ്ട്. ഈ തടിയെല്ലാം വലിക്കാന്‍ എന്നെ കാട്ടില്‍നിന്ന് കൊണ്ട് വന്നു എന്ന ഒരു ദുഃഖഭാവം. ആ ഒരു വികാരം ആണ് ഞാന്‍ 'വൈശാലി'യില്‍ അനുകരിച്ചത്. ആക്രോശിക്കാത്ത ഒരു പെര്‍ഫോമന്‍സ് ആയിരുന്നു അത്. അത് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ പറ്റണം. അല്ലെങ്കില്‍ ഭരതേട്ടന് കട്ട് പറയും.
നല്ലൊരു സിനിമക്കോ കഥാപാത്രത്തിനോ കാലഘട്ടം ഇല്ല എന്നതാണ് അതിന്റെ യാഥാർഥ്യം. 'കായംകുളം കൊച്ചുണ്ണി'യുടെ കഥാപാത്രത്തിന് ആള്ക്കാര് കസേരയില്‍ കയറിനിന്ന് കൈയടിക്കുക ആയിരുന്നു. അത് വളരെ കണ്വെന്ഷനല് ആയ കഥാപാത്രമാണ്. അത് പണ്ട് ഉണ്ടായിരുന്ന ഒരു കഥാപാത്രമാണ്, അയാളില്‍ പുതുതായൊന്നും കാണിക്കാന്‍ കഴിയില്ല. ആ ഒരു രീതിയില്‍ തന്നെ അവതരിപ്പിച്ചപ്പോള്‍ അത് ജനം സ്വീകരിച്ചു എന്ന് പറഞ്ഞാല്‍ അതിന്റെ അർഥം നല്ല കഥാപാത്രങ്ങളെ കാലവ്യത്യാസമില്ലാതെ സ്വീകരിക്കും എന്നാണ്. മനുഷ്യവികാരങ്ങള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല.