2022ലെ കായിക ലോകം ചിത്രങ്ങളിലൂടെ
കായിക ലോകത്തിന് ഓർത്തിരിക്കാൻ അനേകം സമ്മോഹന മുഹൂർത്തങ്ങൾ വാരിവിതറി 2022 കൊടിയിറങ്ങുന്നു. ഒരു മലയാളിയെന്ന നിലയിൽ, ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, ഒരു കായിക പ്രേമിയെന്ന നിലയിൽ 2022ൽ ഓർത്തിരിക്കേണ്ട മുഹൂർത്തങ്ങളെ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്നു.
രണ്ടുപേർ കരഞ്ഞു, കൂടെ ലോകവും...
സ്വിസ് ഇതിഹാസം റോജർ ഫെഡററർ 41ാം വയസ്സിൽ പ്രൊഫഷനൽ ടെന്നീസിന് വിരാമമിടുന്നുവെന്ന വാർത്ത ലോകമെങ്ങുമുള്ള കായിക പ്രേമികൾ വൈകാരികമായാണ് സ്വീകരിച്ചത്. ലണ്ടൻ വേദിയൊരുക്കിയ ലോവർ കപ്പിലെ ഡബിൾസ് മത്സരമായിരുന്നു ഫെഡററിന്റെ അവസാന മത്സരം. ഒരു പതിറ്റാണ്ടിലേറെക്കാലം കളിക്കളത്തിലെ തന്റെ എതിരാളിയായിരുന്ന സ്‍പാനിഷ് ഇതിഹാസം റാഫേൽ നദാലിനൊപ്പമാണ് ഫെഡറർ മത്സരത്തിനിറങ്ങിയത്. മത്സരശേഷം ടെന്നീസ് കോർട്ടിലെ ഇതിഹാസ താരങ്ങളായ, ബദ്ധവൈരികളെന്ന് ലോകം വിശേഷിപ്പിച്ച ഇരുവരുടെയും കണ്ണുകൾ ഒരുമിച്ച് നിറഞ്ഞപ്പോൾ അതിനൊപ്പം ലോകവും വിങ്ങി. ഉദാത്തമായ സ്പോർട്സ്മാൻഷിപ്പിന്റെ ഉദാഹരണമായി തലമുറകളോളം ആഘോഷിക്കപ്പെടാൻ പോകുന്ന ചിത്രം.
രണ്ടു നഷ്ടങ്ങൾ...
സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ, ആൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സ്. ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപകാലത്തെ രണ്ട് നെടുന്തൂണുകൾ അകാലത്തിൽ മാഞ്ഞുപോയവർഷം. ടെസ്റ്റിൽ 708ഉം ഏകദിനത്തിൽ 293ഉം വിക്കറ്റുകൾ നേടിയ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ മാർച്ച് നാലിന് തായ്ലൻഡിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്. 2003, 2007 ലോകകപ്പ് വിജയികളായ ആസ്ട്രേലിയൻ ടീമിൽ അംഗമായ ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തെ തുടർന്ന് മേയ് 14ന് 46ാം വയസ്സിലാണ് അന്തരിച്ചത്.
ഏഴാം സന്തോഷം
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആർത്തുവിളിച്ച ആയിരങ്ങളെ സാക്ഷിയാക്കി സന്തോഷ് ട്രോഫി കിരീടത്തിൽ കേരളത്തിന്റെ മുത്തം. കലാശപ്പോരിൽ വെസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടിൽ മറികടന്നായിരുന്നു കേരളത്തിന്റെ ഏഴാം കിരീട നേട്ടം.
ബിഗ് ബെൻസേമ
റയൽ മഡ്രിഡ് കരിയറിലെ സിംഹഭാഗവും റൊണാൾഡോ, ബെയ്ൽ എന്നിവരുടെ തിളക്കത്തിനിടയിൽ മങ്ങിനിന്നവ കരിം ബെൻസേമ ഉദിച്ചുയർന്ന വർഷം. സ്പാനിഷ് ലാലിഗയിലും ചാമ്പ്യൻസ്‍ലീഗിലും ബെൻസേമയുടെ മിന്നും ഫോമിലാണ് റയൽ മഡ്രിഡ് മുത്തമിട്ടത്. ഒരു ഫുട്ബാളർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരമായ ബാലൻ ഡി ഓറും 35ാം വയസ്സിൽ ബെൻസേമയെ തേടിയെത്തി.
ചരിത്രത്തിലേക്കൊരു സ്മാഷ്
ബാഡ്മിന്റണിലെ അഭിമാന കിരീടങ്ങളിലൊന്നായ തോമസ് കപ്പിൽ ഇന്ത്യയുടെ സുവർണമുദ്ര. തായ്‍ലൻഡിൽ നടന്ന തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ ഇന്തൊനീഷ്യയെ പിന്നിലാക്കിയായിരുന്നു ഇന്ത്യൻ പുരുഷ ടീമിന്റെ കന്നി കിരീട നേട്ടം.
ഇന്ത്യയുടെ നീരജ്
നീരജ് ചോപ്രയിലൂടെ ഇന്ത്യ വീണ്ടും ഉയരങ്ങളിൽ. യു.എസിൽ നടന്ന ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിംഗ് ത്രോയിൽ 88.13 മീറ്റർ ദൂരം എറിഞ്ഞിട്ട് നീരജ് വെള്ളി നേടി. 2003ൽ അഞ്ജുബോബി ജോർജ് ലോംഗ്ജംപിൽ വെങ്കലം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.
തുടരുന്ന കാത്തിരിപ്പ്
ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീട നേട്ടത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് നീളുന്നു. ഗോവയിലെ ഫറ്റോഡ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഫൈനലിൽ ഹൈദരാബാദ് എഫ്.സിക്ക് മുന്നിൽ ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വീഴ്ച. മൂന്നാം തവണയാണ് കേരളം കലാശപ്പോരിൽ പരാജയപ്പെടുന്നത്.
മിറാക്കിൾ മൊറോക്കോ
ലോക ഫുട്ബാളിന്റെ ഉമ്മറത്തേക്ക് മൊറോക്കോ സ്വന്തമായൊരു കസേര വലിച്ചിട്ടു. ലോകകപ്പ് സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യം, ആദ്യ അറബ് രാജ്യം എന്നിങ്ങനെ നിരവധി സവിശേഷതകൾ സ്വന്തം പേരിലാക്കിയാണ് മൊറോക്കോ ലോകകപ്പ് അവസാനിപ്പിച്ച് കാസബ്ലാങ്കയിലേക്ക് പറന്നിറങ്ങിയത്. ബെൽജിയം, സ്‍പെയിൻ, പോർച്ചുഗൽ എന്നീ ലോകകപ്പ് ഫേവറൈറ്റുകളെ അട്ടിമറിച്ചാണ് മൊറോക്കോ സെമിയിലേക്ക് മാർച്ച് ചെയ്തത്.
സാഡ് ബെഞ്ച്
ഐ.പി.എല്ലിലും ഇന്ത്യൻ ജഴ്സിയിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ ടീം പ്രഖ്യാപനങ്ങളിൽ തഴഞ്ഞതും സൈഡ് ബെഞ്ചിലിരുത്തിയതും രോഷത്തിനിടയാക്കി. ആരാധകർക്കൊപ്പം തന്നെ സഞ്ജുവിന് പിന്തുണയുമായി മുൻതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരും രംഗത്തെത്തി.
അവളൊരു തീ
ടെന്നീസ് കോർട്ടിലെ മറ്റൊരു ഇതിഹാസം കൂടി തിരിച്ചുനടന്ന വർഷം. 22 ഗ്രാൻഡ് സ്ലാമുകളെന്ന സ്വപ്നതുല്യമായ നേട്ടത്തിനൊടുവിലാണ് 41ാം വയസ്സിൽ കളിയവസാനിപ്പിക്കുന്നതായി സെറീന പ്രഖ്യാപിച്ചത്. വംശീയതയുടെ കൂരമ്പുകളെയും ഉടലളവുകളെക്കുറിച്ചുള്ള ആകുലതകളെയും അടിച്ചുപറത്തിക്കൊണ്ടുകൂടിയായിരുന്നു സെറീനയുടെ നേട്ടങ്ങൾ.
കിടിലൻ എംബാപ്പെ
ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുക!. എന്നിട്ടും ടീം പരാജയപ്പെടുക. അത്യപൂർവ്വമായ രണ്ടു റെക്കോർഡുകളും കിലിയൻ എംബാപ്പെയെ തേടിയെത്തി. കൊടുങ്കാറ്റുപോലെ കുതിച്ചുപാഞ്ഞ എംബാപ്പെക്കുമുന്നിൽ അർജൈന്റൻ സ്വപ്നം ഒരുവേള വീണുടഞ്ഞു. എട്ടുഗോളുകളുമായി ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം പേരിലെഴുതിയെങ്കിലും കിരീടം കൈവിട്ട നിരാശയിൽ നടന്നകലുന്ന എംബാപ്പെയുടെ ചിത്രം ലോകകപ്പിലെ ഐക്കോണിക് മുഹൂർത്തങ്ങളിലൊന്നായി മാറി.
വൈറ്റ് സുപ്രീമസി
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച ശേഷം മടങ്ങുന്ന ജോസ് ബട്‍ലറും അലക്സ് ഹെയിൽസും. ഇന്ത്യ ഉയർത്തിയ 168 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 16 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. വൈറ്റ് ബാൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആധിപത്യം തുടർന്ന വർഷം. ഏകദിന ലോകകപ്പിന് പിന്നാലെ ട്വന്റി 20 ലോകകപ്പും ഇംഗ്ലണ്ടിലേക്ക്.
ഉയരങ്ങളിൽ മലയാളം
ഇന്ത്യൻ അത്‍ലറ്റിക്സിലെ സുവർണ ശേഖരത്തിലേക്ക് രണ്ട് മലയാളികൾ കൂടി. ബിർമിങ് ഹാം കോമൺവെൽത്ത് ഗെയിംസിൽ മെൻസ് ട്രിപ്ൾ ജംപിൽ സ്വർണം നേടി എൽദോസ് പോളും വെള്ളിയുമായി അബ്ദുല്ല അബൂബക്കറും രാജ്യത്തിന്റെ പതാക ഉയരങ്ങളിലേക്ക് പറത്തി.
സൗദി ഷോക്ക്
ഫുട്ബാളിലെ പതിവുസമവാക്യങ്ങളെ തിരുത്തിയെഴുതിയ ഖത്തർ ലോകകപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളിലൊന്ന്. ലോകകപ്പ് ഫേവറൈറ്റുകളായി ഖത്തറിൽ വന്നിറങ്ങിയ അർജന്റീനയെ 2-1ന് സൗദി അറേബ്യ അടിയറവ് പറയിച്ചു. തലമുറകളോളം ഓർത്തിരിക്കുന്ന വിജയം. ടൂർണമെന്റിൽ മറ്റൊരു മത്സരവും സൗദി അറേബ്യ വിജയിച്ചില്ല. മറ്റൊരു മത്സരവും തോൽക്കാതെ അർജന്റീന ചാമ്പ്യൻമാരുമായി.
കരയുന്ന റൊണാൾഡോ
ലോക കിരീടത്തിൽ മുത്തമിടാനാകാതെ ഒരു ഇതിഹാസ താരം കൂടി തിരിഞ്ഞുനടക്കുന്നു. എല്ലാം കൊണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ മറക്കാനാഗ്രഹിക്കുന്ന വർഷം. മാഞ്ചസ്റ്റർ യുനൈറ്റഡുമായി പാതിവഴിയിൽ കരാർ അവസാനിപ്പിക്കേണ്ടി വന്ന താരത്തിന് പോർച്ചുഗൽ ടീമിലും നേരിടേണ്ടിവന്നത് കടുത്ത അവഗണനകൾ. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പര്യായമായ റൊണാൾഡോയുടെ കരയുന്ന മുഖം ഒരു യുഗത്തിന്റെ അന്ത്യത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നു.
ക്ലാസിക് കോഹ്‍ലി
ഇന്ത്യൻ ക്രിക്കറ്റിന്റെ മോശം വർഷങ്ങളിലൊന്നിലും വിരാട് കോഹ്‍ലിയുടെ മെൽബൺ ഇന്നിംഗ്സ് തലയുയർത്തി നിൽക്കുന്നു. ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന ഇന്ത്യയെ അവിശ്വസനീയമായ ഇന്നിംഗ്സിലൂടെ കോഹ്‍ലി എടുത്തുയർത്തി. 53 പന്തുകളിൽ നിന്നും 82 റൺസുമായി തന്റെ കരിയറിലെ ഏറ്റവും മികച്ച ട്വന്റി 20 ഇന്നിംഗ്സുകളിലൊന്നാണ് കോഹ്‍ലി പടുത്തുയർത്തിയത്. നിർണായക സമയത്ത് ഹാരിസ് റൗഫിനെതിരെ നേടിയ രണ്ട് സിക്സറുകൾ താരത്തിന്റെ ക്ലാസ് ഒരിക്കൽ കൂടി വെളിവാക്കി. മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവിന് കൂടിയാണ് മെൽബൺ സാക്ഷ്യം വഹിച്ചത്.
സമ്പൂർണ്ണൻ
ബാലൻഡി ഓറും, ഗോൾഡൻ ബാളും, ചാമ്പ്യൻസ്‍ലീഗ് കിരീടവും, കോപ്പ അമേരിക്കയുമെല്ലാം ലയണൽ മെസ്സിയുടെ തൊപ്പിയിലെ പൊൻതൂവലുകളായിരുന്നു. എങ്കിലും ഫുട്ബാളിന്റെ വിശ്വകിരീടത്തിൽ മുത്തം വെക്കാതെ അദ്ദേഹം സമ്പൂർണ്ണനാകില്ലെന്ന് പലരും വിധിയെഴുതി. ഒടുവിൽ ലുസൈൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി അയാളതും നേടി. ലോകം അയാളെ സമ്പൂർണ്ണനെന്ന് വിളിച്ചു.
കവർ കൊളാജ്: സ്പോർട്സ് ഖബ്രി