Begin typing your search above and press return to search.
proflie-avatar
Login

'ഭാരത് ജോഡോ യാത്ര': പരിമിതികളും പ്രത്യാശകളും

ഭാരത് ജോഡോ യാത്ര: പരിമിതികളും പ്രത്യാശകളും
cancel

ഭാരത് ജോഡോ യാത്രയുടെ ഏറ്റവുംവലിയ പരിമിതി അത് കടന്നുപോകുന്ന ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ സഖ്യകക്ഷികള്‍ അല്ലാത്ത പ്രമുഖ ബി.ജെ.പി - ഇതര പാര്‍ട്ടികളാണ് ഭരിക്കുന്നത് എന്നതാണ്. തെലങ്കാനയില്‍ തെലങ്കാനരാഷ്ട്രസമിതിയും, ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോൺഗ്രസും കേരളത്തില്‍ ഇടതുമുന്നണിയും ഈ യാത്രയെ വിമര്‍ശനാത്മകമായേ കാണൂ എന്നതില്‍ അത്ഭുതമില്ല. ഈ യാത്രയുടെ ഭാഗമായി കോൺഗ്രസി നുണ്ടാവാനിടയുള്ള ഉണര്‍വ് കുറച്ചെങ്കിലും അവരുടെ തെരഞ്ഞെടുപ്പ് സാധ്യതകളെയും ബാധിക്കും എന്ന ഉത്കണ്ഠക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടികളോ മുന്നണികളോ കോൺഗ്രസുമായി ധാരണ ഉണ്ടാക്കാനുള്ള സാധ്യത വളരെ വിദൂരമാണ്. തമിഴ്നാട്ടില്‍ പക്ഷേ, പ്രധാനകക്ഷിയായ ഡി.എം.കെക്ക് ബദലല്ല കോൺഗ്രസ് എന്നതിനാല്‍ മുഖ്യമന്ത്രി സ്റ്റാലിന്‍തന്നെ നേരിട്ടെത്തി യാത്ര ഉദ്ഘാടനം ചെയ്യുകയുണ്ടായി. അതുപോലെ പിണറായി വിജയനും ജഗന്‍മോഹൻ റെഡ്ഡിയും, ചന്ദ്രശേഖര്‍ റാവുവും കെജ്രിവാളും സഹകരിക്കണമെന്നു വിചാരിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിന്റെ യുക്തിക്ക് നിരക്കുന്നതല്ല.

കേരളത്തില്‍ 18 ദിവസവും കര്‍ണാടകത്തില്‍ 21 ദിവസവും ഈ യാത്ര ചെലവഴിക്കുന്നത് ഇവിടെ നിയമസഭയില്‍ വിജയിക്കാന്‍ ഇപ്പോഴുള്ള കോൺഗ്രസ് മുന്നണിയുടെ സാധ്യതയെ ബലപ്പെടുത്താന്‍കൂടിയാണെന്ന് എതിരാളികള്‍ കണക്കുകൂട്ടിയാല്‍ അതില്‍ തെറ്റുപറയാനുമാവില്ല. യാത്ര 16 ദിവസം മധ്യപ്രദേശിലും 22 ദിവസം രാജസ്ഥാനിലും ചെലവഴിക്കുന്നതും അവിടങ്ങളിലെ ജയസാധ്യതയെ ബലപ്പെടുത്താനാണ്. ഇപ്പോള്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി കോൺഗ്രസിനെ പൂര്‍ണമായും അപ്രസക്തമാക്കി ബി.ജെ.പിക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഗുജറാത്തും ഹിമാചല്‍പ്രദേശും യാത്ര സ്പര്‍ശിക്കാത്തത് സൗകര്യത്തിന്റെപേരില്‍ മാത്രമാവില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ

ഇതെല്ലാം ഇതിന്റെ പ്രായോഗിക പരിമിതികളാണെങ്കിലും ഈ യാത്ര അതിന്റെ സന്ദേശംകൊണ്ടും സന്ദര്‍ഭംകൊണ്ടും അഖിലേന്ത്യതലത്തിലും ഇന്നത്തെ പൊതുവിലുള്ള പ്രത്യാശരഹിതമായ രാഷ്ട്രീയകാലാവസ്ഥയിലും അത്യന്തം ധീരവും ഫാഷിസ്റ്റ്‌ വിരുദ്ധവുമായ ഒരു ഇടപെടല്‍ തന്നെയാണ്. ഹിന്ദുത്വഭരണകൂടം അതിന്റെ സമ്പൂര്‍ണമായ സ്വാധീനത്തിന്കീഴില്‍ മുഴുവന്‍ സ്ഥാപനങ്ങളെയും ഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളെയും കൊണ്ടുവന്നിരിക്കുന്നു. പണവും അധികാരവുമുപയോഗിച്ചുള്ള പ്രലോഭനങ്ങളും, മറഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികളും ഉപയോഗിച്ച് പ്രതിപക്ഷ ജനപ്രതിനിധികളെ കൂട്ടമായി കാലുമാറ്റി സ്വപക്ഷത്തെ ശക്തിപ്പെടുത്തുന്നു. സിവില്‍ സമൂഹത്തിലെ വലതു -മധ്യവര്‍ത്തി വിഭാഗങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളില്‍ മതദേശീയതയുടെ സങ്കുചിത അജണ്ടകള്‍ അതിവിപുലമായി നടപ്പാക്കുന്നു. ആള്‍ക്കൂട്ടക്കൊലകളും ആക്രമണങ്ങള്‍ മുതല്‍ പൗരത്വനിയമ ഭേദഗതിവരെയുള്ള മൃത്യുരാഷ്ട്രീയ ഇടപെടലുകളിലൂടെ ന്യൂനപക്ഷങ്ങളില്‍ നിരന്തരഭീതിയും അരക്ഷിതത്വവും ആഴത്തില്‍ പാകിക്കഴിഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മയും പട്ടിണിയും പണപ്പെരുപ്പവും ജീവിതം ദുസ്സഹമാക്കുന്നു. ക്രോണി മുതലാളിത്തത്തിന്റെ നിരങ്കുശമായ വിളവെടുപ്പുകള്‍ക്ക് കര്‍ഷകരുടെ വിയര്‍പ്പും ചോരയും ബലിനല്‍കുന്നു. തികച്ചും തൊഴിലാളിവിരുദ്ധമായ നിരവധി നിയമനിര്‍മാണങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. മാധ്യമങ്ങള്‍തന്നെ ഓരോന്നായി ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനു മുന്നില്‍ മുട്ടുകുത്തുന്നു. ജനാധിപത്യവാദികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലിലാവുന്നു. പലതരത്തിലുള്ള സെൻസർഷിപ് വ്യവസ്ഥകള്‍ ആശയാവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെ വാളുയർത്തുന്നു.

മാത്രമല്ല, ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം എത്രനാള്‍ ഇതുപോലെയെങ്കിലും നിലനില്‍ക്കും എന്നകാര്യത്തില്‍ സംശയമുണ്ടാക്കുന്ന അതിവിപുലമായ സമാന്തര ഗൂഢാലോചനകൾ ഹിന്ദുത്വ രാഷ്ട്രീയവ്യൂഹത്തിന്റെ അണിയറയില്‍ നടക്കുന്നതായാണ് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രയാഗ് രാജില്‍വെച്ച് നടന്ന ഹിന്ദുസന്യാസിമാരുടെ യോഗത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള സമയബന്ധിതപരിപാടിക്ക് രൂപം നല്‍കുകയുണ്ടായി. അതിന്റെ ഭാഗമായി പുതിയ ഹിന്ദുരാഷ്ട്ര ഭരണഘടന 2023-ല്‍ നടക്കാനിരിക്കുന്ന മാഘമേളയില്‍ പ്രഖ്യാപിക്കാന്‍ എഴുതിയുണ്ടാക്കിക്കഴിഞ്ഞു. പുതിയ ഹിന്ദുരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും ചാതുര്‍വര്‍ണ്യമനുസരിച്ചുള്ള നിയമസംഹിതയായിരിക്കും നടപ്പാക്കുകയെന്നും വാരാണസിയായിരിക്കും തലസ്ഥാനമെന്നും പാര്‍ലമെന്റ് ഒരു മതപരിഷത്തായിരിക്കുമെന്നും ആ കരടു 'ഭരണഘടന'യില്‍ പറയുന്നുണ്ട്. മുമ്പാണെങ്കില്‍ ഭരണഘടനവിരുദ്ധതക്കും വംശീയ- വിഭാഗീയ സ്പർധക്കും നിയമനടപടികള്‍ നേരിടേണ്ടിവരുമായിരുന്ന ഈ നീക്കത്തെ ഒന്ന് പരിഹസിക്കാന്‍പോലും കഴിയാത്ത രാഷ്ട്രീയസാധ്യതയായും സമീപയാഥാര്‍ഥ്യവുമായി കാണേണ്ടിവരുന്ന ഭീഷണമായ ദുരന്തത്തിലാണ് രാജ്യം എത്തിനില്‍ക്കുന്നത്.

"മാറ്റം വരുമോ?"

ഇതുമാത്രമാണോ രാജ്യത്തിന്റെ ഭാവി എന്ന വിഷാദച്ഛവിയുള്ള ചോദ്യം, സംഘടനപരമായും നേതൃപരമായും പ്രത്യശാസ്ത്രപരമായുമുള്ള പരിമിതികളും പാളിച്ചകളും, ഒരു പാര്‍ട്ടി എന്നനിലയില്‍ കോൺഗ്രസും അതിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രമുഖനായ നേതാവ് എന്നനിലയില്‍ രാഹുല്‍ ഗാന്ധിയും മറികടന്നിട്ടില്ല എന്ന വസ്തുത നമ്മുടെ മുന്നില്‍ നില്‍ക്കെത്തന്നെ, ഈ യാത്ര ഉയര്‍ത്തുന്നുണ്ട്. അതിന്റെ ഉത്തരം തനിക്കുമാത്രമായി നൽകാനാവില്ല എന്നുകൂടി ഈ യാത്രകൊണ്ട് രാഹുൽ ഗാന്ധി അർഥമാക്കുന്നു. മാത്രമല്ല, അത് കടന്നുപോകുന്ന ഇന്ത്യന്‍ ജനപഥങ്ങളില്‍ ആ ചോദ്യം ശക്തമായി എത്തിക്കാനും കഴിയുന്നുണ്ട്. കോൺഗ്രസല്ല ഇന്ത്യയുടെ ഭാവി എന്ന് വിശ്വസിക്കുന്നവർക്കുപോലും ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഇങ്ങനെ ഒരു ചോദ്യം ഇന്ത്യക്ക് കുറുകെ നടന്നുചോദിക്കുന്നതിന്റെ ചരിത്രപരമായ പ്രസക്തി തള്ളിക്കളയാനാവില്ല. ഹിന്ദുത്വത്തിന്റെ സാമ്പത്തികനയങ്ങള്‍ക്ക് പഴയ കോൺഗ്രസ് ഭരണകൂടങ്ങളുടെ മൃദുഹിന്ദുത്വ- നിയോലിബറല്‍ പിന്തുടര്‍ച്ചകളുള്ളപ്പോള്‍പോലും അതിന്റെ ഇപ്പോഴത്തെ കടുത്ത ഹിന്ദുത്വ ഉള്ളടക്കത്തെയും ജനാധിപത്യ വിദ്വേഷത്തെയും വേര്‍തിരിച്ചു കാണാതിരിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ പ്രായോഗിക ഹിന്ദുത്വചട്ടക്കൂടിനുള്ളില്‍ പുതിയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കപ്പെടുമ്പോള്‍ 1986 ല്‍ കോൺഗ്രസ് ആവിഷ്കരിച്ച വിദ്യാഭ്യാസനയത്തിനെതിരെ നടന്ന സമരങ്ങളില്‍ ഭാഗഭാക്കായ ഒരാള്‍ എന്നനിലയില്‍ ഇന്നു ചുറ്റുംനോക്കുമ്പോള്‍ കാണുന്നത് കേവലമായ കീഴടങ്ങലും വിധേയത്വവും മാത്രമാണ്. അന്നുണ്ടായിരുന്നതിന്റെ ഒരു ശതമാനംപോലും പ്രായോഗികമായ ചെറുത്തുനില്‍പ് ഇന്നുകാണാനില്ല. കോൺഗ്രസിനുംകൂടി ഉത്തരവാദിത്തമുള്ള ഈ ഭീതിദമായ പ്രതിപക്ഷശൂന്യതയിലൂടെയാണ് ഒരു ചെറിയ മനുഷ്യന്‍ വ്യത്യസ്തതയുടെ സന്ദേശമുയര്‍ത്തി നടക്കുവാന്‍ തുടങ്ങുന്നത്. തമിഴ്‌നാട്ടില്‍ ഉള്‍ഗ്രാമങ്ങളില്‍പോലും ഈ യാത്രക്ക് ലഭിച്ച ആവേശകരമായ സ്വീകരണത്തെക്കുറിച്ച് 'ദ ഹിന്ദു'വിലും മറ്റും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നവതികഴിഞ്ഞ സ്വാതന്ത്ര്യ സമരസേനാനികള്‍വരെ അതില്‍ പങ്കെടുക്കാനെത്തി. പ്രത്യാശയുടെ ഒരു സന്ദേശമായി പൊതുവില്‍ ഈ ഇടപെടല്‍ മനസ്സിലാക്കപ്പെടുന്നതിനെക്കുറിച്ച് യാത്ര സന്ദര്‍ശിച്ചശേഷം 'ടെലിഗ്രാഫ്' പത്രാധിപര്‍ ആര്‍. രാജഗോപാല്‍ വികാരപരമായിക്കൂടി എഴുതിയത് വായിച്ചിരുന്നു. യാത്ര കായംകുളത്തെത്തുന്ന സമയത്തെക്കുറിച്ച് ഒരാള്‍ തന്നോട് ചോദിച്ചചോദ്യം അദ്ദേഹം ഈ യാത്ര ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനമനസ്സുകളില്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമായി വായനക്കാരുടെ മുന്നിലേക്ക് എത്തിക്കുന്നുണ്ട് "മാറ്റം വരുമോ?" എന്നതാണത്.

യാത്രക്കിടയില്‍ താമസിക്കുന്ന കണ്ടെയിനറുകളെക്കുറിച്ചും രാഹുല്‍ ഗാന്ധി ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമെല്ലാം ബി.ജെ.പി പരിഹസിക്കുന്നുണ്ട്. അദ്ദേഹത്തെ 'ഇന്ത്യയുടെ രാജകുമാരന്‍' എന്നുവിളിക്കുന്ന യാത്രയുടെ പൈങ്കിളിവത്കരണം പരിഹസിക്കപ്പെടുന്നുണ്ട്. പ്രത്യക്ഷമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനം ഉയരുന്നുണ്ട്. പക്ഷേ, രാജ്യത്തിന്റെ ഏറ്റവും നിരാശാഭരിതമായ ഒരു സന്ദര്‍ഭത്തില്‍ മറ്റൊരു ഭാരതം സാധ്യമാണോ എന്നചോദ്യം തീര്‍ച്ചയായും ഉയരേണ്ടതുണ്ട്. അത് അങ്ങേയറ്റം വിനീതമായി, രാജ്യത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നടന്നുചോദിക്കാന്‍ ഒരാള്‍ തയാറാവുന്നു എന്നതിന്റെ പേരില്‍ത്തന്നെ, അതിന്റെ എല്ലാ പരിമിതികള്‍ക്കുമുള്ളിലും, ഈ യാത്ര ജനാധിപത്യശക്തികളുടെ പുനരേകീകരണത്തിനുള്ള, ഊര്‍ജസംഭരണിയാകാനിടയുണ്ട്. രാഷ്ട്രീയവിഭാഗീയതകള്‍ക്കപ്പുറമുള്ള പ്രകാശത്തിന്റെയും പ്രത്യാശയുടെയും ഒരു ചെറുകിരണമാണത് എന്ന കാര്യത്തില്‍ സംശയമില്ല

Show More expand_more
News Summary - Bharat Jodo yatra article