അധികാരവും ഭ്രമങ്ങളും
ഭീതിയുടെയും അധികാര രാഷ്ട്രീയത്തിൻ്റെയും ഫ്യൂഷനായി രാഹുൽ സദാശിവൻ്റെ 'ഭ്രമയുഗം' എന്ന സിനിമയെ വിലയിരുത്താം.
മനുഷ്യനിൽ പ്രവർത്തനങ്ങളുടെ മുഖ്യ/പ്രഥമ ചാലകശക്തിയായി (the main driving force or primary motivational force in humans) വർത്തിക്കുന്നതെന്ത് എന്നതിനെപ്പറ്റി തത്വശാസ്ത്രപരമായ ചർച്ചകളും വാഗ്വാദങ്ങളും ഒട്ടേറെ നടന്നിട്ടുണ്ട്. ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താനുള്ള ത്വരയായി (will to meaning) സോറൻ കീർക്കിഗൊറിൻ്റെ അസ്തിത്വവാദം അതിനെ വ്യാഖ്യാനിക്കുന്നു.
അസ്തിത്വവാദപരമായ വിശകലനത്തെ ആധാരമാക്കി മനശ്ശാസ്ത്രജ്ഞനായ വിക്‌തോർ ഫ്രാങ്ക്ൾ ലോഗോതെറപ്പി എന്ന മനശ്ശാസ്ത്ര വിശ്ലേഷണരീതി വികസിപ്പിച്ചിട്ടുണ്ട്. അതേസമയം സൈക്കോഅനാലിസിസ്റ്റുകൾ സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ പ്ലഷർ പ്രിൻസിപ്പിളിനെയാണ് ആധാരമാക്കുന്നത്. അതിൽ വിഷയേച്ഛ (will to pleasure) ആണ് ഡ്രൈവിങ് ഫോഴ്സ് ആയി സ്വീകരിക്കപ്പെടുന്നത്.
എന്നാൽ, പ്രഥമചാലകശക്തി അധികാരേച്ഛയാണ് (will to power) എന്ന നിലപാടാണ് ഫ്രീദ്രിച് നീത്ഷ്ചേയുടേത്. മനശ്ശാസ്ത്രത്തിൽ ആൽഫ്രേദ് ആദ്ലർ അവതരിപ്പിച്ച ഇൻഡിവിജ്വൽ സൈക്കോളജിയുടെ അടിത്തറ അതാണ്.
ദുര, ഏഷണ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വികാരങ്ങളിൽ, പക്ഷേ ചരിത്രപരമായി ഏറ്റവും വലിയ ആഘാതങ്ങളുണ്ടാക്കിയതും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും അധികാരേഷണ തന്നെയെന്ന് കരുതാവുന്നതാണ്. കൊടുമൺ പോറ്റിയുടെയും ചാത്തൻ്റെയും സംഘട്ടനവും അധികാരത്തെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്നു. അധികാരം വിഷയേച്ഛയെ ശമിപ്പിക്കാനുള്ള ഉപകരണമായി മാറാം.
യക്ഷിയുമായി പോറ്റി നടത്തുന്ന കാമകേളിക്ക് പാണൻ സാക്ഷിയാവുന്നുണ്ട്. അതേസമയം അധികാരമാണ് കൊടുമയും കൊടൂരവും ഏറെയുള്ള ഏഷണ. കടുത്ത തപസ്സിനെത്തുടർന്ന് കിട്ടിയ വരപ്രസാദമാണ് കൊടുമൺ പോറ്റിയുടെ മുൻഗാമിക്ക് ചാത്തൻ. എന്നാൽ ചാത്തൻ്റെ മേൽ അധികാരം സ്ഥാപിക്കാനാണ് അയാൾ മുതിർന്നത്. അതിനോടുള്ള പ്രതികാരം പക്ഷേ, ചാത്തനിൽ അധികാരേച്ഛ സൃഷ്ടിച്ചു.
ചാത്തനും കൊടുമൺ പോറ്റിയുമായി നടക്കുന്നതും അധികാരമത്സരമാണ്. തുടർന്ന്, ഈ രണ്ട് ശക്തികളോടും പകയുടെ മനസ്സ് സൂക്ഷിച്ച അരിവെപ്പുകാരനും അതേ ആസക്തിയിൽച്ചെന്നുപെടുന്നു. ഇനിയത് വേണ്ടെന്ന് ന്യായമായി വിലക്കുന്ന പാണനും ഒരുവേള അധികാരമോതിരം കൈയിലണിയാൻ മുതിരുന്നുമുണ്ട്. മനയുടെ ഇരുട്ടിൽ നിന്നും 'വെളിച്ചത്തി'ലേക്ക് അരിവെപ്പുകാരൻ ഇറങ്ങിവരുന്നതും പറങ്കിപ്പടയുടെ അധികാരത്തിലേക്കാണല്ലോ.
ഭീതിയുടെയും അധികാര രാഷ്ട്രീയത്തിൻ്റെയും ഫ്യൂഷനായി രാഹുൽ സദാശിവൻ്റെ 'ഭ്രമയുഗം' എന്ന സിനിമയെ വിലയിരുത്താം. അതിനെയാകട്ടെ, ഏറ്റവും മികച്ച രീതിയിൽ ഘടനപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ചലച്ചിത്രകാരൻ വിജയിച്ചിട്ടുണ്ടെന്നും പറയാം.
ഭീതിയുടെ നിറങ്ങളും ഹിംസയുടെ പാലെറ്റ് നൈഫും ഉപയോഗിച്ച്, അധികാരരാഷ്ട്രീയത്തിൻ്റെ കാൻവാസിൽ മനുഷ്യചരിത്രത്തെ വരച്ചിടാനാണ് രാഹുൽ സദാശിവൻ ശ്രമിക്കുന്നത്. അഥവാ, അധികാരം എന്ന സാമൂഹ്യ നിർമിതിയെ കരുവാക്കി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. തൻ്റെ ഇച്ഛയെ ഒരാൾ നിർബ്ബന്ധപൂർവം ചുറ്റുപാടുകളിൽ പ്രതിഫലിപ്പിക്കാനോ അടിച്ചേൽപിക്കാനോ ശ്രമിക്കുമ്പോഴാണല്ലോ അധികാരം പ്രവർത്തനക്ഷമമാകുന്നത്.
കർമബ്രാഹ്മണ്യത്തിൻ്റെ സിദ്ധാന്തം പറയുന്നുണ്ട് പോറ്റി. ജന്മം കൊണ്ടല്ല ബ്രാഹ്മണനാകുന്നത് എന്ന് തത്വം പറയുന്ന അയാൾ തന്നെ കടുത്ത ജാത്യധിക്ഷേപം നടത്തുന്നതും കാണാം.
കഥാപാത്രങ്ങൾ എന്ന് പറയാവുന്നവരായി ആകെ അഞ്ചു പേരേയുള്ളൂ. പടത്തിൻ്റെ ആകെ ദൈർഘ്യത്തിൽ തൊണ്ണൂറ് ശതമാനവും നാം കാണുന്നത് മൂന്നേ മൂന്നു പേരെ മാത്രവും. നന്തുണിയുടെ അകമ്പടിയില്ലാതെ പാട്ട് പാടുന്ന പാണൻ തേവനാണ് (അർജുൻ അശോകൻ) ഒരാൾ. ഒപ്പം മനയിലെ അരിവെപ്പുകാരനും (സിദ്ധാർത്ഥ് ഭരതൻ).
പിന്നെയുള്ളത് താന്ത്രികനും മാന്ത്രികനുമായ കൊടുമൺ പോറ്റി (മമ്മൂട്ടി). പാണൻ്റെ കൂട്ടുകാരനും (മണികണ്ഠൻ ആചാരി) യക്ഷിയും (അമൽഡ ലിസ്) ആണ് മറ്റ് രണ്ടു പേർ. സിനിമയിലെ സംഭവങ്ങളിൽ മുക്കാൽ ഭാഗവും അരങ്ങേറുന്നത് അതിസങ്കീർണമായ ഘടനയോടു കൂടിയതെങ്കിലും ഒരേ പോലുള്ള തൂണുകളും നിഴലുകളും മേലാപ്പുകളുമുള്ള അറകളുള്ള ഒരേയൊരു മനയിലും.
എന്നിട്ടും ഒട്ടും മുഷിച്ചിലുണ്ടാക്കാതെയും പ്രേക്ഷകനിൽ വിഭ്രമം വളർത്തിക്കൊണ്ടും മുന്നോട്ടു പോകുന്നു രാഹുൽ സദാശിവൻ്റെ ആഖ്യാനം. വൈവിധ്യമാർന്ന വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിലും അതിസൂക്ഷ്മമായ വൈദഗ്ദ്യത്തോടെ ആ വേഷങ്ങളെ ഫലപ്രദമായി വിജയിപ്പിക്കുന്നതിലും മമ്മൂട്ടി എന്ന നടൻ കാണിക്കുന്ന വൈഭവം അപാരമാണ്.
കൊടുമൺ പോറ്റി എന്ന താന്ത്രികനെ ആവാഹിക്കുന്നതിലും മമ്മൂട്ടി പൂർണമായും വിജയിച്ചിരിക്കുന്നു. അർജുൻ അശോകൻ്റെയും സിദ്ധാർത്ഥ് ഭരതൻ്റെയും പ്രകടനവും ഒന്നാന്തരമാണ്. രാഹുലിൻ്റെ തന്നെ തിരക്കഥയിൽ ടി.ഡി രാമകൃഷ്ണൻ എഴുതിയ ഡയലോഗുകൾക്ക് മാന്ത്രികമായ വശ്യതയും തത്വചിന്താപരമായ ആഴവുമുണ്ട്. ടി.ഡി.ആറിൻ്റെ സംഭാഷണങ്ങളുടെ ഡെലിവറിയിലും മമ്മൂട്ടി കാണിച്ച തന്മയത്വം വാക്കുകൾക്കതീതം തന്നെ. എന്നാൽ ഡയലോഗ് ഡെലിവറിയിൽ അർജുനും സിദ്ധാർത്ഥും അൽപം പാളിപ്പോയോ?
പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചെയ്ത സിനിമയാണ് ഭ്രമയുഗം. മോണോക്രോം ഫ്രെയിമുകളുടെ ആഴവും നിഗൂഢതയും ആധുനിക ലോകസിനിമയിൽ വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്. ലാവ് ഡിയാസിൻ്റെ പല സിനിമകളും -വിശേഷിച്ച് The Woman Who Left, Halt എന്നിവ- ദൃശ്യങ്ങളുടെ നിഗൂഢതയിലേക്ക് അനുവാചകനെ ആവാഹിക്കുന്നു. അൽഫോൻസൊ ക്വാറൊൻ്റെ Roma എന്ന ചിത്രമാണ് മറ്റൊരുദാഹരണം.
മിഷേൽ ഹസനാവിഷ്യസിൻ്റെ The Artist എന്ന സിനിമയിൽ കാലത്തെ കൃത്യമായി അനുഭവിപ്പിക്കാൻ കറുപ്പും വെളുപ്പും ദൃശ്യങ്ങൾക്ക് സാധിക്കുന്നു. A Girl Walks Home Alone at Night എന്ന, അനാ ലിലി ആമിർപൂരിൻ്റെ ചിത്രമാകട്ടെ, മോണോക്രോമിലൂടെ സൃഷ്ടിക്കുന്നത് ഹൊറർ തന്നെയാണ്. പാവേൽ പാവ്‌ലികോവ്സ്കിയുടെ Ida, അലക്സാണ്ഡർ പയ്ൻ്റെ Nebrasca തുടങ്ങിയ സിനിമകളും ബ്ലാക് ആൻഡ് വൈറ്റിൽ മായാജാലങ്ങൾ സൃഷ്ടിക്കുന്നു.
അതേസമയം, ബഹുവർണ നിറങ്ങളുള്ള സിനിമകൾ വ്യാപകമായതിന് ശേഷം മലയാള സിനിമയിൽ ഒരുപക്ഷേ മോണോക്രോം ഫ്രെയ്മുകളുടെ ആഴവും ആനന്ദവും ആദ്യമായി അനുഭവിക്കുന്നത് ഭ്രമയുഗത്തിലാവാം. അന്നിലക്ക് ഇതൊരു എക്സ്പെരിമെൻ്റൽ സിനിമയാണ്. ഷെഹ്‌നാദ് ജലാൽ എന്ന കാമറാമാൻ്റെ വൈഭവം ചിത്രത്തിൻ്റെ മിസ്റ്ററിയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ശഫീഖ് മുഹമ്മദ് അലി സന്നിവേശിപ്പിച്ച ദൃശ്യങ്ങൾക്ക് ക്രിസ്റ്റോ സേവ്യർ നൽകിയ സംഗീതവും എടുത്തു പറയേണ്ടതാണ്. പാണൻ പാട്ടുകളുടെ ശീലിൽ ക്രിസ്റ്റോ സേവ്യർ തന്നെ ആലപിച്ച ദീൻ നാഥ് പുത്തഞ്ചേരിയുടെ വരികൾക്കുമുണ്ട് നിഗൂഢതയും അഗാധതയും. ഒപ്പം രംഗസജ്ജീകരണങ്ങളും ശബ്ദവിന്യാസവും പ്രതീതികളുമെല്ലാം ചേർന്ന് അവിസ്മരണീയമായ അനുഭവങ്ങളുണ്ടാക്കുന്നു ഭ്രമയുഗത്തിൽ.
വ്യത്യസ്തങ്ങളായ വേഷങ്ങൾക്ക് പലതായിപ്പകർച്ച നൽകുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ പല കഥാപാത്രങ്ങളുടെ ചലനവും സംസാരവും ഭാവവും എന്തിന് ചിരിപോലും വ്യത്യസ്തമാണ്. മതിലിനിപ്പുറത്ത് നാരായണിയുമായി പ്രണയസല്ലാപത്തിലേർപ്പെടുന്ന, മതിലുകളിലെ ബഷീറിനെയും വിധേയനിലെ ഭാസ്കര പട്ടേലരെയും ഒന്ന് താരതമ്യം ചെയ്തു നോക്കുക. ഇത്തരം ഒട്ടേറെ ഭാവപ്പകർച്ചകളെ ധ്യാനിച്ചു കൊണ്ട് ഭ്രമയുഗത്തിലെ പോറ്റിയുടെ പൈശാചികത ഒളിഞ്ഞു നിൽക്കുന്ന, വികൃതവും ബീഭത്സവുമായ മുഖഭാവം കാണുമ്പോൾ നാം ഇതുവരെ കണ്ടതൊന്നും ഇദ്ദേഹത്തെയായിരുന്നില്ലെന്ന് തോന്നിപ്പോകും.
അതിസൂക്ഷ്മമായാണ് അദ്ദേഹം കഥാപാത്രത്തെ തന്നിലെ നടനിലേക്ക് ചേർത്തുവെക്കുന്നത്. കഥാപാത്രത്തിൻ്റെ ഭാവവും ചലനവും ഭാഷയും നടപ്പും വികാരവുമെല്ലാം ആവാഹിച്ചെടുക്കുന്നു. തുടർന്ന് കഥാർസിസ് പോലെ, അങ്ങേയറ്റത്തെ അർപ്പണബോധത്തോടെ, തീവ്രമായ പ്രയത്നം ചെലവഴിച്ചു കൊണ്ടു തന്നെ പുറത്ത് വിടുകയും. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന് വേണ്ടിത്തന്നെ പിറവി കൈക്കൊണ്ടവരാണ്. ഒരുപക്ഷേ, കഥാപാത്രങ്ങളെ മമ്മൂട്ടി തെരഞ്ഞെടുക്കുന്നു എന്നതിനെക്കാൾ കഥാപാത്രങ്ങൾ മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നു എന്നതാവും ശരി. ഒരു നിയോഗം പോലെ അദ്ദേഹത്തിലേക്ക് തന്നെ അവർ എത്തിച്ചേരുകയാണ്.
പുകയിലയുടെയും വെറ്റിലയുടെയും അവശിഷ്ടങ്ങൾ പറ്റിപ്പിടിച്ച, മുറുക്കാൻ കറ കൊണ്ട് ചുവന്ന പല്ലുകളുമായി വികൃതമായി ചിരിക്കുന്ന താന്ത്രികൻ പ്രേക്ഷകനിൽ ഉൾക്കിടിലമുണ്ടാക്കും.
ഒരു ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമിൽ ഒറിജിനലായി ഫീൽ ചെയ്യുന്ന നിറം ചുവപ്പാണെന്ന് തോന്നിയിട്ടുണ്ട്. ഒഡേസയിലെ ഭീകരമായ വെടിവെപ്പിനെ അതിജീവിച്ച ശേഷം പോടെംകിൻ യുദ്ധക്കപ്പൽ മുന്നോട്ട് നീങ്ങുമ്പോൾ അതിൽ പാറിക്കളിക്കുന്ന ചെങ്കൊടിയുടെ ദൃശ്യം ഓർക്കുക. പ്രതീക്ഷയുടെയും കലാപത്തിൻ്റെയും നിറമാണ് അവിടെ ചുവപ്പ്.
പോറ്റിയുടെ പല്ലിലെ ചുവന്ന കറ, ചോരക്കറ പോലെ തോന്നിക്കുന്നു. കർപേതിയൻ മലനിരകളിലെ പ്രഭുവിൻ്റെ കോമ്പല്ലുകളിൽ പറ്റിപ്പിടിച്ച മനുഷ്യരക്തത്തിൻ്റെ കറ പോലെ തോന്നിക്കും അത്. പോറ്റിയുടെ മന തന്നെ ട്രാൻസിൽവാനിയയിലെ ബ്രാൻ കാസിലിൻ്റെ വിവർത്തനമാണ്. പടിപ്പുര കടന്നു കഴിഞ്ഞാൽപ്പിന്നെ പുറത്തു കടക്കാനാവാത്ത ഡ്രാക്കുളക്കോട്ട. പടി കടന്നകത്ത് കയറിപ്പോയാൽപ്പിന്നെ പുഴയും പാടവുമെല്ലാം മനയാണ്. രക്ഷപ്പെടാൻ പറ്റാത്തൊരു വലയത്തിനകത്ത് പെട്ടുപോകും. ഡ്രാക്കുളക്കോട്ടയിൽപ്പെട്ട ജൊനാതൻ ഹാർക്കറുടെ അവസ്ഥ ഓർമിക്കുക.
പോറ്റിയുടെ ഡ്രാക്കുളക്കോട്ടയിൽ നിന്ന് രക്ഷപ്പെടാനുള്ള പാണൻ്റെ ശ്രമങ്ങളിലൂടെയാണ് ഭ്രമപുരാണം വികസിക്കുന്നത്. അടിമക്കമ്പോളത്തിൽ നിന്ന് രക്ഷപ്പെട്ട് സാന്ത്വനവും അഭയവും കാംക്ഷിച്ചും സ്വാതന്ത്ര്യം തേടിയും പലായനം ചെയ്ത പാണനാണ് ഈ ദുർഗത്തിലേക്കെത്തിച്ചേരുന്നത്.
പതിനേഴാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറിലെവിടെയോ ആണ് കഥ നടക്കുന്നത്. നാടുവാഴിത്തത്തിൽ നിന്നും കോളനിവത്കരണത്തിലേക്കുള്ള പരിവർത്തനത്തിൻ്റെ കാലത്താണ് അടിമച്ചന്തയിൽ നിന്നോടിയ പാണൻ ചാത്തൻ്റെ മനയിലെത്തുന്നത്. കാലം വിരസമായി ആവർത്തിക്കുന്നു. സമയത്തെപ്പറ്റി പോറ്റി സിദ്ധാന്തങ്ങൾ പറയുന്നു. കാലത്തിൻ്റെ ഈ വിരസതയാണ് പോറ്റിയുടെ പകിട കളിയുടെ ന്യായം.
കാലത്തിൻ്റെ വിരസതയെക്കുറിച്ചും കലിയുഗത്തിലെ അധികാരത്തിൻ്റെ ഭ്രമയുഗത്തെക്കുറിച്ചും പറയുന്നത് പോറ്റി തന്നെ.
ഭ്രമയുഗത്തിൽ അധികാരമാണ് ഭ്രമം. അധികാരിയാണ് പ്രതിഷ്ഠയും പൂജാരിയും. കലിയുഗത്തിൻ്റെ തന്നെ മാരകമായൊരപഭ്രംശമാണ് ഭ്രമയുഗം. എന്നാൽ അധികാരത്തോടുള്ള ദുരയിൽ അധികാരി തന്നെ തടവുകാരനുമാകുന്നു. സ്വയം സൃഷ്ടിച്ച അധികാരവലയത്തിൻ്റെ അധിപൻ എന്നതോടൊപ്പം അതിൻ്റെ തടവുകാരനുമാണ് പോറ്റി.
രക്തത്തിനും മാംസത്തിനും വേണ്ടി ദാഹിക്കുന്ന, ആലംബമറ്റുപോകുന്നവരുടെ നിലവിളികളെ ഭ്രമിപ്പിക്കുന്ന കീർത്തനങ്ങളായി ആസ്വദിക്കുന്ന ഒരു ദൈവം എല്ലാ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും മേൽ പ്രതിഷ്ഠിക്കപ്പെടുന്ന ഒരു ഫാഷിസ്റ്റ് അധികാര ക്രമത്തിൻ്റെ ശരിയായ അടയാളപ്പെടുത്തലും ആകുന്നുണ്ട് ഭ്രമയുഗം. മനയിലേക്ക് പാണനെ സ്വാഗതം ചെയ്യുമ്പോൾ പോറ്റി പറയുന്നതെല്ലാം വലിയ വർത്തമാനങ്ങളാണ്.
ആഅരുളുകളിൽ സ്വാതന്ത്ര്യവും നീതിയുമുണ്ട്. 'നീച'ജാതിക്കാരനായ പാണനെ അടുത്തിരുത്തി പകിട കളിക്കാൻ അയാൾക്ക് മടിയില്ല. എന്നാൽ യഥാർത്ഥത്തിൽ ആധിപത്യത്തിൻ്റെ ഇരകളുടെ സ്വാതന്ത്ര്യം കൊണ്ട് പകിട കളിക്കുന്ന ചാത്തനാണയാൾ.