ബുൾഡോസർ രാജ് തീർത്ത തമോഗർത്തങ്ങൾ
ഹിന്ദുത്വ ഭരണകൂടം വേട്ടയാടാൻ 'മാർക്ക്' ചെയ്ത് കഴിഞ്ഞാൽ ആരുടെയും പൂർവകാല സുകൃതങ്ങൾ പ്രസക്തമല്ലെന്നും അതെല്ലാം മായ്ച്ച് പുതിയൊരു തിരക്കഥ തയാറാക്കുമെന്നുമുള്ളതിന്റെ ഉദാഹരണംകൂടിയാണ് ഉത്തർപ്രദേശ് പ്രയാഗ്രാജിലെ ജാവേദ് മുഹമ്മദിന്റെ കഥ. പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിനിടയിൽ നടന്ന അക്രമത്തിന്റെ സൂത്രധാരൻ എന്ന് ജാവേദ് മുഹമ്മദിനെ...
Your Subscription Supports Independent Journalism
View Plansഹിന്ദുത്വ ഭരണകൂടം വേട്ടയാടാൻ 'മാർക്ക്' ചെയ്ത് കഴിഞ്ഞാൽ ആരുടെയും പൂർവകാല സുകൃതങ്ങൾ പ്രസക്തമല്ലെന്നും അതെല്ലാം മായ്ച്ച് പുതിയൊരു തിരക്കഥ തയാറാക്കുമെന്നുമുള്ളതിന്റെ ഉദാഹരണംകൂടിയാണ് ഉത്തർപ്രദേശ് പ്രയാഗ്രാജിലെ ജാവേദ് മുഹമ്മദിന്റെ കഥ. പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിനിടയിൽ നടന്ന അക്രമത്തിന്റെ സൂത്രധാരൻ എന്ന് ജാവേദ് മുഹമ്മദിനെ ഇപ്പോൾ വിശേഷിപ്പിക്കുന്ന പ്രയാഗ്രാജ് എസ്.എസ്.പി അജയ്കുമാറിനു തന്നെയാണ് തങ്ങളീ പറയുന്ന ആളല്ല ജാവേദ് എന്ന് നന്നായി അറിയുക. നാട്ടിൽ ക്രമസമാധാനം നിലനിർത്താനും സാമൂഹികപ്രവർത്തനങ്ങൾ നടത്താനും അധികാരികളുമായി നിരന്തരസമ്പർക്കം തുടരുന്ന സാമൂഹികപ്രവർത്തകനാണ് ജാവേദ്. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധ പരിപാടിയിലും പിതാവ് പങ്കെടുത്തിട്ടുപോലുമില്ലെന്ന് ജാവേദ് മുഹമ്മദിന്റെ മകളും ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ സഹോദരിയുമായ സുമയ്യ ഫാത്തിമ പറയുന്നു. വെള്ളിയാഴ്ച പ്രതിഷേധത്തിന് റോഡിലിറങ്ങുന്നതിന് പകരം നമുക്കു പറയാനുള്ളത് അധികാരികൾക്ക് ഒരു നിവേദനമായി നൽകുകയാണ് മുന്നിലുള്ള ഏറ്റവും നല്ല വഴി എന്നാണ് ജാവേദ് അവസാനമായി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്.
പ്രയാഗ് രാജ് എന്നും സമാധാനം കാത്തുസൂക്ഷിച്ച പട്ടണമാണെന്നും സാഹചര്യങ്ങൾ കണക്കിലെടുത്ത് ശാന്തമായി ജുമുഅ നമസ്കാരം നിർവഹിച്ച് അല്ലാഹുവിനോട് പ്രാർഥിച്ച് റോഡിൽ ജനത്തെ ഒരുമിച്ചുകൂട്ടാതെ നിയമവാഴ്ചക്ക് വിധേയമായി പറയാനുള്ളത് നിവേദനമായി എഴുതി നൽകി വീട്ടിൽ പോകണമെന്ന് വ്യക്തമായി ആഹ്വാനംചെയ്ത ജാവേദിനെ തങ്ങൾ തയാറാക്കിയ തിരക്കഥയിൽ കലാപത്തിന്റെ സൂത്രധാരനാക്കാൻ എസ്.എസ്.പിക്ക് ഒരു മടിയുമുണ്ടായില്ല. പ്രയാഗ്രാജിലെ ശാഹീൻബാഗ് മോഡൽ പൗരത്വസമരം കോവിഡ് കാലത്ത് നിർത്താൻ മുന്നിട്ടിറങ്ങിയ ജാവേദ് തുടർന്നങ്ങോട്ട് ജനങ്ങളെ കെറോണ വൈറസിനെതിരായ പ്രതിരോധപ്രവർത്തനത്തിന് അധികാരികളുമായി സഹകരിച്ചു പ്രവർത്തിച്ചു. ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകളിലൂടെ ജാവേദ് വ്യക്തിപരമായി നല്ലബന്ധം പുലർത്തിയിരുന്ന അതേ എസ്.എസ്.പിയാണ് എഫ്.ഐ.ആർ കെട്ടിച്ചമക്കുന്നതിനും വീട് തകർക്കുന്നതിനും മേൽനോട്ടം വഹിച്ചത് എന്നതാണ് വിരോധാഭാസം. വംശീയ വിദ്വേഷത്തിന്റെ ഹിന്ദുത്വ ബുൾഡോസറുകൾ ഉരുളാൻ തുടങ്ങിയാൽ അതിൽനിന്നൊരാളും പുറത്താവില്ല എന്ന മുന്നറിയിപ്പാണ് സൗമ്യനായ ജാവേദിനോടുള്ള പകയിൽനിന്ന് മുസ്ലിം സമുദായത്തിന് ലഭിച്ച പാഠം. ഹിന്ദുത്വ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന മറ്റു ആക്ടിവിസ്റ്റുകൾക്കു കൂടിയുള്ള മുന്നറിയിപ്പാണിത്.
പൗരത്വസമരം തൊട്ട് കണ്ണിലെ കരടായവർ
പൗരത്വസമരം തൊട്ടാണ് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെയും ഫ്രറ്റേണിറ്റി നേതാവ് അഫ്രീൻ ഫാത്തിമയെയും ലക്ഷ്യമിട്ടതെന്ന് വെൽഫെയർ പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് എസ്.ക്യൂ.ആർ ഇല്യാസ് പറഞ്ഞു. ജാവേദിന്റെ മകളും ജെ.എൻ.യു വിദ്യാർഥി നേതാവുമായ അഫ്രീൻ ഫാത്തിമ സർക്കാറിനെതിരെ നിരന്തരം ശബ്ദിക്കുകയും പൗരത്വസമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്കായി സമാജ്വാദി പാർട്ടിയെ പിന്തുണക്കാനുള്ള വെൽഫെയർ പാർട്ടിയുടെ നീക്കങ്ങൾക്ക് ജാവേദ് മുഹമ്മദ് മുന്നിൽനിന്നത് കൂടിയാകാം ഇത്രയും വലിയൊരു പ്രതികാര നടപടിക്ക് കാരണമായതെന്നും ഇല്യാസ് കരുതുന്നു. ബി.ജെ.പിയെയും യോഗിയെയും തോൽപിക്കാൻ നോക്കിയതുകൊണ്ടുകൂടിയാണ് ജാവേദിനെ ലക്ഷ്യമിട്ടത്. ഉത്തർപ്രദേശിൽ അഖിലേഷുമായുള്ള വെൽഫെയർ പാർട്ടിയുടെ എല്ലാ സഖ്യചർച്ചകളിലും ജാവേദ് മുഹമ്മദ് പങ്കെടുത്തിരുന്നു. പാർട്ടിയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗമായ ജാവേദിനെ എസ്.പി സഖ്യത്തിന്റെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകളും നടന്നിരുന്നു. ചർച്ചക്കൊടുവിൽ അത് വേണ്ടെന്നു വെച്ചു.
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സമാനമായ തരത്തിലാണ് സഹാറൻപൂരിലും കാൺപൂരിലും യോഗിസർക്കാർ വീടുകൾ തകർത്തതെന്നും പീഡനത്തിനും പൈശാചികവത്കരണത്തിനും ശേഷം രാജ്യത്തെ മുസ്ലിം പൗരന്മാരെ ബുൾഡോസർ ഭീകരതയിലൂടെ ശിക്ഷിക്കുകയാണെന്നും ഇല്യാസ് പറഞ്ഞു.
ഡൽഹിയിൽ തടഞ്ഞിട്ടും മറ്റിടങ്ങളിൽ തകർക്കുന്നു
ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ച ഡൽഹി ജഹാംഗീർപുരിയിൽ മുസ്ലിം ഭൂരിപക്ഷമുള്ള സി ബ്ലോക്കിലെ കടകളും കെട്ടിടങ്ങളും അനധികൃതമായി കെട്ടിയതെന്ന് ആരോപിച്ച് ഇടിച്ചുപൊളിക്കാൻ ബി.ജെ.പി കൊണ്ടുവന്ന ബുൾഡോസറുകൾക്ക് സുപ്രീംകോടതി തടയിട്ടശേഷമാണ് ഉത്തർപ്രദേശിൽ വീണ്ടും അവ ഉരുളുന്നത്. ജഹാംഗീർപുരിയിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദിന്റെ ഹരജിയിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചശേഷവും അത് ഗൗനിക്കാതെ മുസ്ലിംകളുടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് തുടർന്നിരുന്നു. ഒന്നര മണിക്കൂർ തുടർന്നും മുന്നോട്ടുപോയ ബുൾഡോസറുകൾ നിർത്തിവെപ്പിക്കാൻ ജംഇയ്യതിന്റെ ഹരജിയിൽ കക്ഷി ചേർന്ന സി.പി.എം നേതാവ് ബൃന്ദ കാരാട്ട് നേരിട്ട് ഇറങ്ങേണ്ടി വന്നു.
മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലുമടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അനധികൃത കൈയേറ്റങ്ങളുടെ പേരിൽ ബുൾഡോസറുകൾ ഇറക്കുന്നത് മുസ്ലിംകളെ ലക്ഷ്യമിട്ടാണെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദിനുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെയും കപിൽ സിബലും സുപ്രീംകോടതിയിൽ അന്നേ ബോധിപ്പിച്ചതാണ്. എന്നാൽ, ജഹാംഗീർപുരിയിൽ പൊളിച്ചുമാറ്റുന്ന നടപടി തുടങ്ങിയ ഉടൻതന്നെ നിർത്തിവെക്കാൻ ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിനോട് നിർദേശിച്ച സുപ്രീംകോടതി മറ്റു സംസ്ഥാനങ്ങളിൽ തുടരുന്ന ബുൾഡോസർ രാജിൽ നടപടിക്ക് വിസമ്മതിച്ചു.
കോടതി അറിയാത്ത 'ദേശീയ പ്രാധാന്യം'
മുസ്ലിം വീടുകളും കടകളും ബുൾഡോസറുകൾ വെച്ച് തകർക്കുന്ന സർക്കാർ നടപടിക്കെതിരെ നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ഹിന്ദുത്വ ബുൾഡോസറുകൾ വിഘ്നമില്ലാതെ ഉരുളുന്നത്. ആദ്യമായി സുപ്രീംകോടതിയിലെത്തിയ ജംഇയ്യതുൽ ഉലമായെ ഹിന്ദിന് പിന്നാലെ സി.പി.എം നേതാവ് ബൃന്ദ കാരാട്ടും ഹരജിയുമായെത്തി. അതിനുശേഷവും മധ്യപ്രദേശ്, യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ വീണ്ടും ബുൾഡോസറുകൾ ഉരുണ്ടപ്പോൾ വിഷൻ 2026ന് കീഴിലുള്ള എ.പി.സി.ആർ സമർപ്പിച്ച ഹരജിയും കിടക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ബുൾഡോസറുകളുമായി ഇറങ്ങിയ പശ്ചാത്തലത്തിലാണ് ജംഇയ്യത് സുപ്രീംകോടതിയിലെത്തിയത്. കോടതിയുടെ പണി സർക്കാറുകൾ എടുക്കുകയാണെങ്കിൽ പിന്നെ രാജ്യത്ത് കോടതികളുടെയും ജഡ്ജിമാരുടെയും ആവശ്യമില്ലെന്നും അതുകൊണ്ടാണ് ഹരജി നൽകാൻ തീരുമാനിച്ചതെന്നും ഹരജിക്ക് പിന്നിൽ പ്രവർത്തിച്ച ജംഇയ്യത് നേതാവ് മൗലാന അർശദ് മദനി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ ഒരു വീടും കടയും തകർക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന ന്യായമായ ആവശ്യമാണ് ഹരജിയിൽ ഉന്നയിച്ചത്.
ഡൽഹിയിലെ ബുൾഡോസറുകൾ മാത്രം തടഞ്ഞതുകൊണ്ടായില്ലെന്നും നിയമവിരുദ്ധമായി രാജ്യത്തൊരിടത്തും മുസ്ലിം ഭവനങ്ങൾക്കുമേൽ അവ ഉരുട്ടാൻ അനുവദിക്കരുതെന്നും ദവെ ഈ ഹരജി പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടതാണ്. മുസ്ലിം ഭവനങ്ങൾക്കുമേൽ ബുൾഡോസർ കയറ്റുന്ന ബി.ജെ.പി നടപടി ജഹാംഗീർപുരിയിൽ പരിമിതമല്ലെന്നും ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും ദുഷ്യന്ത് ദവെ ബോധിപ്പിച്ചപ്പോൾ അതിലെന്താണ് ദേശീയ പ്രാധാന്യമെന്നാണ് സുപ്രീംകോടതിയിൽ ജസ്റ്റിസ് നാഗേശ്വര റാവു തിരിച്ചു ചോദിച്ചത്. രാജ്യത്തെ എല്ലാ കലാപബാധിത സ്ഥലങ്ങളിലും ഇപ്പോൾ ബുൾഡോസർ ഇറക്കുകയാണെന്നും 1984ലെയും 2002ലെയും വംശഹത്യ കാലത്ത് സംഭവിക്കാത്തതാണിതെന്നും ദവെ അതിന് മറുപടിയും നൽകി. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ മാത്രം ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സാമൂഹിക ചട്ടക്കൂടിനെ തകർക്കുമെന്നും അതനുവദിച്ചാൽ പിന്നെ രാജ്യത്ത് നിയമവാഴ്ച ഉണ്ടാവില്ലെന്നും ദവെ മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീംകോടതി ഗൗനിക്കാതിരുന്ന ദവെയുടെ ആ മുന്നറിയിപ്പാണ് ഉത്തർപ്രദേശിൽ ഇപ്പോൾ പുലർന്നിരിക്കുന്നത്.
കോടതിയെ ഉണർത്താൻ ഇറങ്ങിയ മുൻ ജഡ്ജിമാർ
പ്രയാഗ് രാജിലെ ബുൾഡോസർ രാജോടെ ബുൾഡോസറിന്റെ ദേശീയ പ്രാധാന്യമെന്താണെന്ന് വിശദീകരിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകുറും മുൻ അലഹബാദ് ഹൈകോടതി ജഡ്ജിയും പരസ്യമായി രംഗത്തുവന്നു. ഒരു പരാതിയും കിട്ടിയില്ലെങ്കിൽപോലും സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കേണ്ട ഘട്ടമെത്തിയിരിക്കുന്നുവെന്നാണ് ജസ്റ്റിസ് ലോകുർ പറഞ്ഞത്. ജാവേദ് മുഹമ്മദിന്റെ വീട് തകർത്തത് പൂർണമായും നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂറും പരസ്യ പ്രസ്താവന നടത്തി. ജാവേദ് മുഹമ്മദിന്റെ വീട് തകർത്തത് ഒരു സാങ്കേതിക വിഷയം മാത്രമല്ലെന്നും നിയമവാഴ്ചയുടെ ചോദ്യമാണ് അതുയർത്തുന്നതെന്നും പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് നിർമാണം അനധികൃതമാണെന്ന് ഒരു നിമിഷം സമ്മതിച്ചാലും വീട്ടുടമസ്ഥരെ കസ്റ്റഡിയിൽവെച്ച് ഒരു ഞായറാഴ്ച അവരുടെ വീട് പൊളിക്കുന്നത് അനുവദനീയമല്ലെന്ന് ഉണർത്തി.
കാര്യങ്ങൾ ഇത്രയും വഷളായിട്ടും സുപ്രീംകോടതി നിസ്സംഗത തുടരുന്ന സാഹചര്യത്തിലാണ് ഉത്തർപ്രദേശ് ഭരണകൂടത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അടിയന്തരമായി സുപ്രീംകോടതി ഇടപെണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാർ അടക്കമുള്ള 12 പ്രമുഖ നിയമജ്ഞർ ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് പരാതി കത്തായി അയച്ചത്. മുൻ സുപ്രീംകോടതി ജഡ്ജിമാരായ ജ. ബി. സുദർശൻ റെഡ്ഡി, ജ. വി. ഗോപാല ഗൗഡ, ജ. എ.കെ. ഗാംഗുലി, മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് എ.പി. ഷാ, മുൻ ഹൈകോടതി ജഡ്ജിമാരായ ജ. കെ. ചന്ദ്രു, ജ. മുഹമ്മദ് അൻവർ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ ശാന്തി ഭൂഷൺ, ഇന്ദിര ജയ്സിങ്, ചന്ദർ ഉദയ് സിങ്, ശ്രീരാം പഞ്ചു, പ്രശാന്ത് ഭൂഷൺ, ആനന്ദ് ഗ്രോവർ എന്നിവർ ഭരണഘടനയുടെ സൂക്ഷിപ്പുകാരെന്ന നിലയിൽ ഉത്തർപ്രദേശിലെ മോശമായ ക്രമസമാധാന നില വീണ്ടെടുത്ത് സുപ്രീംകോടതി സന്ദർഭത്തിന് അനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ അയച്ചതാണ് കത്ത്. കോടതിയുടെ അഭിമാനം പരീക്ഷിക്കപ്പെടുന്നത് ഇത്തരം നിർണായക ഘട്ടങ്ങളിലാണെന്ന് കത്ത് ചീഫ് ജസ്റ്റിസിനെ ഓർമിപ്പിക്കുകയും ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താക്കൾ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ സമാധാനപരമായ പ്രതിഷേധത്തിന് അവസരം നൽകാത്ത സർക്കാർ അവരെ കേൾക്കാൻ തയാറാകുന്നില്ലെന്നും പകരം വ്യക്തികൾക്ക് നേരെ അക്രമാസക്തമായ നടപടികൾ കൈക്കൊള്ളുകയാണെന്നും കത്തിലുണ്ട്.
അനധികൃത നിർമാണം വിദ്വേഷത്തിനുള്ള പുകമറ
നിരന്തരം വിദ്വേഷപ്രചാരണത്തിനിരയാകുന്ന ന്യൂനപക്ഷ സമുദായത്തിൽപെട്ടവരുടെ വീടുകളും കടകളുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് പറഞ്ഞ് കോടതിയും വിചാരണയുമില്ലാതെ ബുൾഡോസറുകൾ ഇറക്കി ഇടിച്ചുപൊളിച്ചുകൊണ്ടിരിക്കുന്നത്. കുറ്റാരോപിതരുടെ ഉടമസ്ഥതയിലുള്ള അനധികൃത നിർമാണങ്ങൾ എന്നൊക്കെയാണ് നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിച്ച് ഏകപക്ഷീയമായ ശിക്ഷ നടപ്പാക്കാൻ പറയുന്ന ന്യായം.
ജാവേദ് മുഹമ്മദിന്റേതെന്ന് പറഞ്ഞ് തകർത്ത ഭാര്യ പർവീൻ ഫാത്തിമയുടെ വീട് അനധികൃതമാണെങ്കിൽ അതിനു ചുറ്റിലുമുള്ള അതിലും വലിയ അനധികൃത നിർമാണങ്ങൾ എന്തുകൊണ്ട് പൊളിക്കുന്നില്ല എന്ന ചോദ്യമുയർത്തുന്നവരുണ്ട്. ബി.ജെ.പിക്ക് നൽകാൻ ഉത്തരമില്ലാത്ത ഈ ചോദ്യം സുപ്രീംകോടതിയിൽ ഉന്നയിച്ച ദുഷ്യന്ത് ദവെ തന്നെ അതിനുള്ള ഉത്തരവും നൽകി. ലക്ഷക്കണക്കിനാളുകൾ ജീവിക്കുന്ന 731 അനധികൃത കോളനികളുള്ള ഡൽഹിയിൽ ഇടിച്ചുപൊളിക്കാൻ ഒരു കോളനിമാത്രം തിരഞ്ഞെടുത്തതിനു കാരണം അവരുടെ സമുദായം മാത്രമാണ്. സമ്പന്നരുടെയും പ്രമാണിമാരുടെയും അനധികൃത നിർമാണങ്ങൾ തടയാതെ പാവങ്ങളുടെ വസ്തുക്കളെ മാത്രം ലക്ഷ്യമിടുന്നത് കാപട്യമാണ്. ജഹാംഗീർപുരിയിലെ പാവങ്ങളെ ലക്ഷ്യമിട്ട ബി.ജെ.പി ഡൽഹിയിലെ വി.ഐ.പി മേഖലകളായ ഗോൾഫ് ലിങ്കിലെയും സൈനിക് ഫാംസിലെയും അനധികൃത നിർമാണങ്ങൾ തൊടാൻ തയാറല്ലാത്തതിനെതിരെ ദവെ തുറന്നടിച്ചു. അനധികൃത നിർമാണത്തിനെതിരെ ആത്മാർഥമായി വല്ലതും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഡൽഹി സൈനിക് ഫാംസിലേക്കും ഗോൾഫ് ലിങ്ക്സിലേക്കും പോകണം. അവിടെ രണ്ടിലൊരു വീട് എന്ന തോതിൽ അനധികൃതമാണ്. എന്നാൽ അതൊന്നും തൊടാൻ ഭരണകൂടം ആഗ്രഹിക്കുന്നില്ല. പാവങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ.
യഥാർഥത്തിൽ അനധികൃതമായാണ് കോടിക്കണക്കിന് മനുഷ്യർ ഇന്ത്യയിൽ ജീവിക്കുന്നത് എന്നാണ് അലഹബാദ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ ഭരണകൂടത്തെ ഓർമിപ്പിക്കുന്നത്.
കൈയേറ്റങ്ങളെയും അനധികൃത നിർമാണങ്ങളെയും മുസ്ലിംകളുമായി ബന്ധപ്പെടുത്തുന്നതിനെ മുതിർന്ന അഭിഭാഷകനായ കപിൽ സിബലും ചോദ്യം ചെയ്തതാണ്. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ രാമനവമി യാത്രയെ തുടർന്നുണ്ടായ സംഭവങ്ങളുടെ പേരിലും മുസ്ലിംകളുടെ മാത്രം വീടുകളാണ് തകർത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആരുടെയൊക്കെ വീടുകൾ തകർക്കണമെന്ന് ഇപ്പോൾ കോടതിയല്ല, ബി.ജെ.പിയാണ് തീരുമാനിക്കുന്നത്.
ഉത്തരവായി മാറുന്ന ഹിന്ദുത്വ അഭിലാഷങ്ങൾ
പ്രയാഗ്രാജിൽ പൊലീസും നഗരവികസന അതോറിറ്റിയും തമ്മിൽ ഏകോപനത്തോടെ പ്രവർത്തിച്ചതിൽനിന്ന് കോടതിക്ക് പുറത്ത് കൂട്ടായി ശിക്ഷ നടപ്പാക്കാനുള്ള ആസൂത്രണം വ്യക്തമാണെന്നും ഭരണകൂടത്തിന്റെ ക്രൂരമായ ഈ അടിച്ചമർത്തൽ നിയമവാഴ്ചയുടെ അട്ടിമറിയും ഭരണഘടനയോടും മൗലികാവകാശങ്ങളോടുമുള്ള പരിഹാസവുമാണെന്നും മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് എഴുതിയിട്ടുണ്ട്.
''ഭാവിയിൽ ഒരാളും സമാന കുറ്റകൃത്യം ചെയ്യാതിരിക്കാനും നിയമം കൈയിലെടുക്കാതിരിക്കാനും തോന്നുന്നതരത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ'' മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രയാഗ്രാജിലെ ഇടിച്ചുനിരത്തൽ. യു.പിയിൽ യോഗി ആദിത്യനാഥ് ഈ ചെയ്തതാണ് ഡൽഹിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത ചെയ്തതും. ഹനുമാൻ ജയന്തി ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ച ശേഷം പ്രതികളുടെ സ്വത്തുക്കൾക്കുമേൽ ബുൾഡോസറുകൾ കയറ്റണമെന്ന് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ കൗൺസിലർക്ക് അദ്ദേഹം കത്തയക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിൽ ഇതിനായി ഡൽഹി പൊലീസിന്റെ സഹായം തേടിയത്. നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികൾ പാലിക്കാതെ പ്രയാഗ്രാജിലേതുപോലെ ഇടിച്ചുനിരത്താൻ തുടങ്ങി. ബി.ജെ.പി പ്രസിഡന്റ് ഒരു മുനിസിപ്പൽ കമീഷണർക്ക് ഇടിച്ചുപൊളിക്കാൻ കത്തെഴുതുന്നത് എങ്ങനെയാണെന്നും എന്നിട്ട് അവരത് തകർക്കുന്നതെങ്ങനെയാണെന്നും ചോദിച്ച ജംഇയ്യതുൽ ഉലമായെ ഹിന്ദിന്റെ അഭിഭാഷകരോട് അത് ബി.ജെ.പി പ്രസിഡന്റിന്റെ ആഗ്രഹപ്രകടനമല്ലേ എന്നാണ് സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് നാഗേശ്വരറാവു ചോദിച്ചത്. ബി.ജെ.പി പ്രസിഡന്റിന്റെ ആഗ്രഹം കൽപനയായി മാറിയെന്ന് അഭിഭാഷകർ മറുപടി നൽകി.
'അഫ്രീനെ ജെ.എൻ.യുവിലേക്ക് അയച്ചത് നിങ്ങൾ ചെയ്ത തെറ്റ്'
''എട്ടരമണിക്ക് വന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പിതാവിനെ കൊണ്ടുപോയത്. പൊലീസുമായി സഹകരിച്ചാണ് വീട്ടിൽനിന്ന് പോയതും. അതിനുശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് മാതാവിനൊപ്പം എന്നെയും കൊണ്ടുപോയത്. പിതാവിനെ കാണാനെന്നാണ് പറഞ്ഞത്'', ജാവേദ് മുഹമ്മദിന്റെ മകൾ സുമയ്യ പറയുന്നു. ''എന്നാൽ, കൊണ്ടുപോയത് സിവിൽ ലൈനിൽ വനിതാ പൊലീസ് സ്റ്റേഷനിലേക്കാണ്. ബാപ്പ വീട്ടിൽ സംസാരിക്കുന്ന കാര്യങ്ങളും ഫേസ്ബുക്കിൽ എഴുതുന്നതുമെല്ലാം ഞങ്ങളോട് ചോദിച്ചു. കുടുംബത്തിലുള്ള മറ്റുള്ളവരെക്കുറിച്ചും ചോദിച്ചു. അതിനുശേഷം പൊലീസിന്റെ ഫോൺ ഞങ്ങളുടെ കൈയിൽ തന്ന് വീട്ടിലേക്ക് വിളിപ്പിച്ച് അർധരാത്രിതന്നെ വീട് കാലിയാക്കാൻ പറഞ്ഞു. മാതാപിതാക്കളെയും ഞങ്ങളെയും കസ്റ്റഡിയിൽവെച്ചാണ് വീട് കാലിയാക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് വനിതാ പൊലീസുകാരുടെ സംസാരത്തിന് ഭീഷണിയുടെ സ്വരമായി. ഇതിനിടയിൽ പുരുഷപൊലീസുകാരനും വന്ന് ഹിന്ദിയിൽ തെറി വിളിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ സ്റ്റേഷനിൽ തടങ്കലിൽവെച്ച് ഞായറാഴ്ച രാവിലെ എട്ടര മണിയോടെ വിട്ടയച്ചു. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വീട്ടിൽ കൊണ്ടുവന്നുവിടുമെന്ന് കരുതിയെങ്കിലും കൊണ്ടുവിട്ടത് ബന്ധുവീട്ടിലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് സ്വന്തം വീട് പൊളിച്ചുമാറ്റുന്നത് ബന്ധുവീട്ടിലെ ടി.വിയിൽ ഇരുന്ന് കാണേണ്ടി വന്നു. ഞങ്ങളൊരുമിച്ചിരുന്ന് വർത്തമാനം പറയുകയും ചായ കുടിക്കുകയും ചെയ്യുന്ന കിടക്കകൾ, വായിച്ചിരുന്ന പുസ്തകങ്ങൾ... ഫോട്ടോകളും ചുവർച്ചിത്രങ്ങളും... ഓരോന്നോരോന്നായി പൊളിക്കുന്നതിനു മുമ്പ് പൊലീസുകാർ എടുത്തുകൊണ്ടുപോയി തള്ളുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞങ്ങൾ കണ്ടു. ഞങ്ങളുടെ ജീവിതം ചാനലുകൾ ലൈവിലൂടെ പൊതുജനത്തിന് മുന്നിൽ പ്രദർശനത്തിനു വെച്ചു.
തന്നെയും ഉമ്മയെയും ഇരുത്തി നടത്തിയ 30 മണിക്കൂർ ചോദ്യംചെയ്യലിൽ അഫ്രീൻ കടന്നുവന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട് സുമയ്യ. ''അഫ്രീനെക്കുറിച്ച് അവർ ചോദിച്ചു. ജെ.എൻ.യുവിൽ അവൾ ഉപരിപഠനത്തിന് പോയതെങ്ങനെയെന്ന് പറഞ്ഞപ്പോൾ പൊലീസുകാർ അമ്മിയെ ഉപദേശിച്ചു. അവിടേക്ക് അവളെ അയച്ചത് നിങ്ങൾ ചെയ്ത തെറ്റ്. അവിടെ പോയാൽ ആളുകളുടെ മനസ്സും ചിന്തകളും മാറും. അതുകൊണ്ടാണ് അഫ്രീൻ ഈ വഴിയിലായത്.'' എന്നാൽ, തനിക്കും നിരവധി പെൺകുട്ടികൾക്കും സുമയ്യ റോൾമോഡലാണെന്ന് പൊലീസിന്റെ ഉപദേശം നിരാകരിച്ച് സുമയ്യ പറയുന്നു. ഈ മാസാവസാനം നടക്കാനിരിക്കുന്ന പിഎച്ച്.ഡി പ്രവേശന പരീക്ഷക്കായുള്ള കഠിന പരിശ്രമത്തിലും പഠനത്തിലുമായിരുന്നു 24കാരിയായ അഫ്രീൻ. ഈയൊരു വർഷം സഹോദരിക്ക് നഷ്ടമായെന്ന് സുമയ്യ സങ്കടപ്പെട്ടു.
നിയമവിരുദ്ധ പൊളിക്കലുകൾ
ജാവേദ് മുഹമ്മദിന്റെ വീട് പൊളിക്കുമെന്ന് പ്രഖ്യാപിച്ച് ഭരണകൂടം പൊളിച്ചത് അദ്ദേഹത്തിന്റെ വീടല്ല. ഭാര്യ പർവീൻ ഫാത്തിമയുടെ വീടാണ്. വ്യക്തിനിയമ പ്രകാരം അതിന്റെ ഉടമസ്ഥാവകാശം പർവീൻ ഫാത്തിമക്കാണ് എന്നും ജാവേദിന് നിയമപരമായി അതിലൊന്നുമില്ലെന്നും അലഹബാദ് ഹൈകോടതി അഭിഭാഷകൻ അഡ്വ. കെ.കെ. റായ് ചൂണ്ടിക്കാട്ടി. 20 വർഷമായി കുടുംബം താമസിച്ചുവരുന്ന വീട് മാതാവ് ഫാത്തിമക്ക് പിതാവ് നൽകിയ ഭൂമിയിൽ താൻ ജനിക്കുന്നതിന് ഒരുവർഷം മുമ്പാണ് നിർമിച്ചത് എന്ന് മകൾ സുമയ്യയും പറയുന്നു. അതിൽ നിർമിച്ച വീടിന്റെ കരവും സർക്കാർ നൽകുന്ന വെള്ളത്തിന്റെ കരവും തങ്ങൾ അടച്ചുകൊണ്ടിരിക്കുന്നുമുണ്ട്. വീട് 'അമ്മി'യുടെ പേരിലായതിനാൽ ആ ബില്ലുകളെല്ലാം അവരുടെ പേരിലായിരുന്നു. എന്നിട്ടും അബ്ബു(പിതാവ്)വിന്റെ പേരിലാണ് വീട് പൊളിക്കുന്നതിന് 12 മണിക്കൂർ മുമ്പ് രാത്രി വന്ന് നോട്ടീസ് പതിച്ചത്. 'അമ്മി'യുടെ പേരിലുള്ള വീട് അബ്ബുവിന്റെ പേരിൽ നോട്ടീസ് പതിച്ച് പൊളിക്കുന്നതെങ്ങനെയാണ്?
വീട് തകർക്കുമ്പോൾ മാധ്യമങ്ങൾ അത് ലൈവായി കാണിക്കുകയായിരുന്നു. അകത്തുനിന്ന് പുറത്തെടുക്കുന്ന സാധനങ്ങളെല്ലാം മാധ്യമങ്ങൾ കാണിച്ചു. വീട് പൊളിക്കുന്ന സമയത്ത് കിട്ടാത്ത ആയുധമാണ് പൊളിച്ചു കഴിഞ്ഞപ്പോൾ കിട്ടിയെന്ന് പറയുന്നത്. വീട്ടിൽ ലൈസൻസുള്ള തോക്കുണ്ടായിരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് അധികാരികൾക്ക് സമർപ്പിച്ചതാണ്. അതിന്റെ രസീതും ഞങ്ങളുടെ പക്കലുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം അത് തിരിച്ചുവാങ്ങിയിട്ടുമില്ല.
പൊലീസ് നടപടിക്ക് ആധാരമായി പറയുന്ന പ്രതിഷേധത്തിന് ആരെയെങ്കിലും വിളിക്കാനോ ജനത്തെ സംഘടിപ്പിക്കാനോ പിതാവ് പോയിട്ടില്ല. അത്തരമൊരു ആരോപണം ഉന്നയിക്കുന്ന പൊലീസ് അതിനുള്ള തെളിവുകളൊന്നും ഹാജരാക്കിയിട്ടുമില്ല. പിതാവ് ആരെയും വിളിച്ചിട്ടില്ലെന്ന് മാത്രമല്ല, പ്രതിഷേധം സംഘടിപ്പിക്കാൻ വല്ലവരും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അധികാരികളെ സമീപിക്കണമെന്നും രേഖാമൂലം അപേക്ഷ നൽകി ഭരണഘടനാപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും റോഡിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കിയതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. വാട്സ്ആപ്പിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ചാറ്റുകളൊന്നുമില്ല. പിതാവിനെ ലക്ഷ്യം വെച്ച പൊലീസ് അലഹബാദിൽ അരങ്ങേറിയ അക്രമത്തിന്റെ സൂത്രധാരനാക്കി കേസ് കെട്ടിച്ചമച്ചതാണ്. അന്നത്തെ പ്രതിഷേധത്തിലോ അനിഷ്ട സംഭവങ്ങളിലോ ഒരു പങ്കുമുണ്ടായിരുന്നില്ല. അവസാനമായി പിതാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലും ശാന്തിയെയും സമാധാനത്തെയും കുറിച്ചാണ് പറഞ്ഞത്. ഇതിനായി നിരന്തരം അധികാരികളുമായി സഹകരിച്ചുവരുന്ന ഒരാളെ എങ്ങനെയാണ് ഒരൊറ്റ രാത്രികൊണ്ട് അക്രമത്തിന്റെ സൂത്രധാരനാക്കിയത് എന്നും സുമയ്യ ചോദിക്കുന്നു.