Begin typing your search above and press return to search.
proflie-avatar
Login

ചതിയിലൂടെയും ഭീഷണിയിലുടെയും നേടിയ കിരീടം: അർജന്റീനക്ക് ആദ്യ ലോകകപ്പ് വിജയത്തിൽ അഭിമാനിക്കാൻ എന്തുണ്ട്?

ചതിയിലൂടെയും ഭീഷണിയിലുടെയും നേടിയ കിരീടം: അർജന്റീനക്ക് ആദ്യ ലോകകപ്പ് വിജയത്തിൽ അഭിമാനിക്കാൻ എന്തുണ്ട്?
cancel
camera_alt

1978 ലോകകപ്പ് കിരീടവുമായി മരിയോ കെമ്പെസ്

അര്‍ജൻറീനയുടെ ആദ്യ ലോകകപ്പ് വിജയം 1978ലായിരുന്നു. സ്വന്തം രാജ്യത്ത് ഡാനിയേൽ പാസറല്ലയുടെ നായകത്വത്തിൽ സ്വന്തമാക്കിയ കിരീടത്തിന്റെ മാറ്റ്കുറഞ്ഞതെന്തുകൊണ്ടായിരുന്നു? ആഭ്യന്തര യുദ്ധവും പട്ടാള ഭരണവും സൃഷ്ടിച്ച ഇരുണ്ട കാലം അര്‍ജൻറീനിയന്‍ ജനതയുടെ മേലുണ്ടാക്കിയ ഉണങ്ങാത്ത മുറിവുകളുടെ പ്രതീകമായി മാറുകയായിരുന്നു ആ ലോകകപ്പ് ടീം. ഒരുപാട് വ്യാകുലതകള്‍ക്കും വിഷമങ്ങള്‍ക്കും കാൽപന്തുകളി സ്വാസ്ഥ്യമേകുമ്പോള്‍തന്നെ അതൊരുപാട് അവ്യക്തമായ വികാരങ്ങളെ മറയ്ക്കുന്നുമുണ്ടെന്ന് അർജൻറീനയുടെ ഫുട്ബാൾ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ബ്വേനസ് എയ്റിസിലെ റിവര്‍പ്ലേറ്റ് സ്റ്റേഡിയം വെള്ളയിലും ആകാശനീലയിലും ആര്‍ത്തിരമ്പിയ ഒരു വൈകുന്നേരം മരിയോ കെമ്പെസ് എക്സ്ട്രാ ടൈമിന്റെ പതിനാലാം മിനിറ്റില്‍ ഹോളണ്ട് നിരയെ നിശ്ശബ്ദരാക്കി നേടിയ ഗോളില്‍ ഒരു അര്‍ജൻറീനിയന്‍ ജൈത്രയാത്ര അതിന്റെ സഞ്ചാരപഥം പൂര്‍ത്തിയാക്കുകയായിരുന്നു. ചരിത്രപുസ്തകത്തിന്റെ സുവര്‍ണ ലിപികളിലേക്കുള്ള ഗോപുര വാതിലുകള്‍ അര്‍ജൻറീനയുടെ മുന്നില്‍ തുറന്നു. ആകാശത്തുനിന്നെന്നപോലെ മൈതാനത്ത് നീലയും വെള്ളയും കലര്‍ന്ന തോരണങ്ങള്‍ പെയ്തിറങ്ങി. ഗാലറിയിലെ എഴുപതിനായിരത്തില്‍പരം ആളുകള്‍ ഉന്മാദത്തിന്റെ കൊടുമുടികള്‍ കീഴടക്കിയിരുന്നു. ഒരു ജലപ്രവാഹമെന്നോണം അതു തെരുവുകളിലേക്ക്‌ കവിഞ്ഞൊഴുകി. അതിരുകളില്ലാത്ത ആഘോഷങ്ങള്‍ രാവെളുക്കുവോളം അര്‍ജൻറീനയുടെ തെരുവുകളെ ത്രസിപ്പിച്ചു.1978 ജൂണ്‍ 25, ചരിത്രത്തിലാദ്യമായി അര്‍ജൻറീന ലോകകപ്പ് കിരീടം നേടിയിരിക്കുന്നു.

2008 ജൂണ്‍ 29. അര്‍ജൻറീനയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന്റെ മുപ്പതാം വാര്‍ഷികആഘോഷം റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നു. അതെ, മുപ്പതു വര്‍ഷം മുമ്പ് മുക്കാല്‍ലക്ഷത്തോളം പേരെ സാക്ഷിനിര്‍ത്തി അവര്‍ കിരീടം നേടിയ അതേ സ്റ്റേഡിയം. ജനറല്‍ വിഡെലയുടെ ഏകാധിപത്യകാലത്ത് കൊല്ലപ്പെട്ടവരുടെ ഓർമക്കായിക്കൂടി സംഘടിപ്പിച്ച ആ ചടങ്ങിലേക്ക് നേവി സ്കൂളും മുന്‍ തടവറയുമായിരുന്ന ESMA യില്‍നിന്നും (Escuela Superior de Mecnica de la Armada) പട്ടാളഭരണകാലത്ത് മക്കളെ നഷ്ടപ്പെട്ട നൂറുകണക്കിനു അമ്മമാര്‍ മാർച്ച് ചെയ്തു. അവരോടൊപ്പം പിന്തുണയുമായി ആയിരക്കണക്കിനു പേര്‍ അണിനിരന്നിരുന്നു. കൈകളില്‍ 'അപ്രത്യക്ഷരായവരുടെ'യും കൊല്ലപ്പെട്ടവരുടെയും ഫോട്ടോയും പേരുകളും ആലേഖനം ചെയ്ത നീല ബാനര്‍ ഏന്തിയായിരുന്നു അവര്‍ നടന്നുനീങ്ങിയത്. സ്റ്റേഡിയത്തിന് അകത്തേക്ക് കയറിയ അവര്‍ പട്ടാള മേധാവിമാര്‍ ഓരോ ഗോളും വിജയങ്ങളും ആഘോഷിച്ചിരുന്ന ബോക്സില്‍ എഴുതിവെച്ചത് കണ്ടു. ''അപ്രത്യക്ഷരായ 30,000 പേര്‍ ഇവിടെയുണ്ട്.'' ആളും ആരവങ്ങളുമില്ലാതെ തരിശുഭൂമിപോലെ ഒഴിഞ്ഞുകിടന്നിരുന്ന സ്റ്റേഡിയത്തിന്റെ ഡെക്കുകളില്‍ നോക്കിക്കൊണ്ടവര്‍ 30 വര്‍ഷത്തെ ദേഷ്യവും വേദനയും അലറിത്തീര്‍ത്തു.1978ല്‍ ലോകകപ്പ് നേടിയ ടീമിലെ 22 പേരില്‍ വെറും മൂന്നു പേര്‍ മാത്രമായിരുന്നു അന്ന് ആ ചടങ്ങില്‍ പങ്കെടുത്തത്!

1978ലെ അർജൻറീനിയൻ ഫുട്​ബാൾ ടീം

അര്‍ജൻറീനയില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇളംനീല ചായം പൂശിയ ബ്വേനസ് ഐറിസിലെ എല്‍ ക്വാര്‍തീതോ റസ്റ്റാറൻറിന്റെ ചുവരുകള്‍ അര്‍ജൻറീനയുടെ ജേഴ്സികൊണ്ടും അവരുടെ ഫുട്ബാള്‍ ടീമുകളുടെയും ലോകത്തെ മറ്റു ഇതിഹാസ കായികതാരങ്ങളുടെയും ഫോട്ടോഗ്രാഫുകള്‍ കൊണ്ടും സമ്പന്നമാണ്. പില്‍ക്കാലത്ത് ലഹരിയുടെ നിഗൂഢപാതയിലൂടെ സഞ്ചരിച്ച് തന്റെ പ്രതിഭയുടെ ദൈവികത്വത്തെ ലംഘിച്ച മറഡോണയുടെയും 1986 ലോകകപ്പ് നേടിയ ടീമിന്റെയും ഫോട്ടോകള്‍ ഏറ്റവും വലിയ ചുവരിന്റെ നടുവില്‍തന്നെ പതിച്ചിട്ടുണ്ട്.പക്ഷേ, അവിടെയൊന്നും മരിയോ കെമ്പെസിെൻറയും ടീമിന്റെയും ഫോട്ടോകള്‍ കാണാന്‍ കഴിയില്ല. പിന്‍വശത്തെ ഒരു മൂലയില്‍ ആളുകളുടെ കണ്‍വെട്ടത്തുനിന്നും അകലെയായി മൈക്കല്‍ ജോര്‍ദാന്റെ ഫോട്ടോക്കു താഴെയാണ് 1978 ലോകകപ്പ് വിജയികളുടെ ഏറെ ചെറിയ രണ്ടു ഫോട്ടോകള്‍ ഉള്ളത്. ഫുട്ബാള്‍ ജീവിതത്തിെൻറ ഭാഗമായ ഒരു ജനതയുടെയുള്ളില്‍ തങ്ങളുടെ ആദ്യ ലോകകപ്പ് വിജയം അത്രമേല്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒന്നായി സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു. മറഡോണയുടെയും ടീമിന്റെയും ഫോട്ടോകളും ചുവര്‍ചിത്രങ്ങളും അര്‍ജൻറീനയുടെ തെരുവുകളില്‍ ആഘോഷമാകുമ്പോള്‍ സെസാര്‍ ലൂയിസ് മേനോട്ടിയുടെ വിശ്വവിജയികള്‍ എല്ലാവരാലും തിരസ്കരിക്കപ്പെട്ടു. മരിയോ കെമ്പെസും ഡാനിയല്‍ പാസറെല്ലയുമൊക്കെ ഒരു ലോകകപ്പ് വിജയത്തിന്റെ വീരപുരുഷന്മാരായി ലോകമെങ്ങുമുള്ള ആരാധകരാല്‍ വാഴ്ത്തപ്പെടുമ്പോള്‍ അര്‍ജൻറീനക്കാരത് ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു ജയമായി കണക്കാക്കുന്നു. ഒരു തോല്‍വിയെന്നപോലെ!!

പട്ടാളഭരണവും ലോകകപ്പും

അർജൻറീനിയന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു എഴുപതുകള്‍. പ്രസിഡൻറ് ഹുവാന്‍ പെരോണിന്റെ മരണശേഷം അർധ സൈനിക ഗ്രൂപ്പുകളും ഇടതുപക്ഷ ഗറിലകളും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിലേക്ക് ആ രാജ്യം വീണു. അര്‍ജൻറീനയുടെ തെരുവുകള്‍ കത്തി. ഓരോ അഞ്ച് മണിക്കൂറിലും ഒരു രാഷ്ട്രീയകൊലപാതകം എന്ന തോതില്‍ അരങ്ങേറിക്കൊണ്ടിരുന്നു. സ്റ്റേറ്റിന്റെയും അധികാരത്തിലിരുന്ന വലതുപക്ഷ പെരോണിസ്റ്റ് പാര്‍ട്ടിയുടെയും പിന്തുണയുണ്ടായിരുന്ന പാരാമിലിട്ടറി ഗ്രൂപ്പുകളുടെ നിയന്ത്രണാതീതമായ അഴിഞ്ഞാട്ടം മൂലം കൊലപാതകങ്ങള്‍ നാള്‍ക്കുനാള്‍ പെരുകി. സാമ്പത്തിക മേഖലയില്‍ വന്‍ ഇടിവു സംഭവിച്ചു. 1976 മാര്‍ച്ചില്‍ അര്‍ജൻറീനയുടെ സാമ്പത്തികാവസ്ഥ തകർച്ച അതിന്റെ ആഴത്തിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തപ്പെട്ടതും അക്കാലത്തായിരുന്നു: 56ശതമാനം. ഇതില്‍നിന്നെല്ലാമുള്ള രക്ഷക്കായി ജനങ്ങള്‍ പട്ടാളത്തിന്റെ ഇടപെടല്‍ ആഗ്രഹിച്ചു.

1976 മാർച്ച് 24ന് ടാങ്കുകള്‍ അര്‍ജൻറീനയുടെ തെരുവുകള്‍ കീഴടക്കി. പ്രസിഡൻറ് ഇസബെല്‍ മാർട്ടിനെസ് ഡി പെരോണിനെ നിഷ്കാസിതയാക്കി പട്ടാളം ഭരണം പിടിച്ചെടുത്തു. ''ദേശീയ പുനഃസംഘാടനം' (process of national reorganization)'' എന്നാണ് അവരതിനെ വിശേഷിപ്പിച്ചത്. നഷ്ടപ്പെട്ട സാമൂഹികാവസ്ഥ പുനഃസ്ഥാപിക്കുക,നിയമവ്യവസ്ഥ പുനഃസംഘടിപ്പിക്കുക, ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ രാജ്യത്ത് ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയായിരുന്നു അവര്‍ ലക്ഷ്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചത്. ക്രിസ്ത്യന്‍ സദാചാരത്യതി​െന്റ യഥാർഥ മൂല്യങ്ങള്‍, ദേശീയ പൈതൃകം, അര്‍ജൻറീനക്കാരനാവുക എന്നതി​െൻറ ശ്രേഷ്ഠത തുടങ്ങിയവ പുനഃസ്ഥാപിക്കുന്നതുവരെ അധികാരത്തില്‍ തുടരുമെന്ന പ്രഖ്യാപനവും അവര്‍ നടത്തുകയുണ്ടായി. ഇടതുപക്ഷ ഗ്രൂപ്പുകളെ തുടച്ചുനീക്കുകയെന്നത് രാജ്യപുരോഗതിക്ക് അടിയന്തരമായി നടപ്പിലാക്കേണ്ട ഒന്നായിട്ടാണ് പട്ടാള മേധാവിമാര്‍ കണക്കാക്കിയത്. കമ്യൂണിസത്തിനെതിരെ പോരാട്ടം നടത്തുന്ന, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്ന പാശ്ചാത്യ ക്രിസ്ത്യന്‍ രാജ്യങ്ങളുടെ നിരയില്‍ അര്‍ജൻറീനയും അണിചേര്‍ന്നു. ജനറല്‍ വിഡെല അര്‍ജൻറീനയുടെ പുതിയ പ്രസിഡൻറായി അവരോധിക്കപ്പെട്ടു. തങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും ഒരിക്കല്‍ പരിഷ്കൃത സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചുകഴിഞ്ഞാല്‍ ക്രമേണ അധികാരകൈമാറ്റം നടത്തുമെന്നാണ് വിഡെല പ്രഖ്യാപിച്ചത്. അങ്ങേയറ്റം തീവ്രമായ രാഷ്ട്രീയപരവും സാമൂഹികവുമായ ഒരു ആപൽഘട്ടത്തിന്റെ കാര്‍മേഘങ്ങള്‍ അര്‍ജൻറീനിയന്‍ സമൂഹത്തെ മൂടുന്നത് ഏറെ അകലെയായിരുന്നില്ല. വിധ്വംസകരെന്ന് മുദ്രകുത്തി കമ്യൂണിസ്റ്റ് ഗറിലകളെയും ഇടതുപക്ഷ പ്രതിരോധത്തെയും പട്ടാളത്തെ ഉപയോഗിച്ച് മാസങ്ങള്‍കൊണ്ട് അവര്‍ ഇല്ലാതാക്കി. അതിഭീകരവും ക്രൂരവുമായ പീഡന മുറകളാണ് അതിനവര്‍ സ്വീകരിച്ചത്. ആഭ്യന്തരയുദ്ധം ഇല്ലാതാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. സമാധാനം പുനഃസ്ഥാപിക്കാനായിരുന്നു അവര്‍ പട്ടാള ഇടപെടല്‍ ആഗ്രഹിച്ചത്. പക്ഷേ, അധികാരം സ്വന്തമായതോടെ പട്ടാള ജനറലുമാര്‍ സ്വേച്ഛാധിപതികളായി മാറി. ഫാഷിസത്തിന്റെ സാർവലൗകിക ലക്ഷണങ്ങള്‍ പേറിക്കൊണ്ടാണ് വിഡെലയും കൂട്ടരും അധികാരം കൈയാളിയത്. അടിസ്ഥാനപരമായി അവര്‍ മുസോളിനിയില്‍നിന്നും ഹിറ്റ്ലറില്‍നിന്നും വ്യത്യസ്തരല്ലായിരുന്നു. വെറുപ്പിന്റെയും ഭയത്തിെൻറയും രാഷ്ട്രീയം അവര്‍ പടര്‍ത്തി. യൂനിയന്‍ നേതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും പട്ടാളക്കാര്‍ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. എതിര്‍ സ്വരങ്ങളെ ഓരോന്നോരോന്നായി അവര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരുന്നു. തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും കൊലയുമെല്ലാം അര്‍ജൻറീനിയന്‍ സമൂഹത്തില്‍ സർവസാധാരണമായി മാറി. അതിന്റെ കണക്കുകള്‍ ഭയാനകമായിരുന്നു. 30,000 പേരെയാണ് ആ കാലയളവില്‍ അവര്‍ കൊന്നുതള്ളിയത്. പട്ടാളഭരണങ്ങള്‍ വളരെ സാധാരണമായ ഒരു സമൂഹമാണ് അര്‍ജൻറീനയിലേത്. പക്ഷേ, ഇത്രമാത്രം ക്രൂരമായതും മനുഷ്യാവകാശധ്വംസനവുമായ ഒരു കാലഘട്ടം അര്‍ജൻറീനയില്‍ അതിനു മുേമ്പാ ശേഷമോ ഉണ്ടായിട്ടില്ല. പട്ടാള ഭരണത്തിന്റെ അക്രമങ്ങളും ക്രൂരതകളും അതിന്റെ അത്യുന്നതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് 1978 ലോകകപ്പിന് അര്‍ജൻറീന ആതിഥേയരാകുന്നത്.

ജനറൽ വി​​ഡെ​​ല​

1934ൽ ലോകകപ്പ് നടത്തുകയും വിജയിക്കുകയും ചെയ്യുക എന്നതിലൂടെ തന്റെ മേധാവിത്വം ലോകമാകെ അംഗീകരിക്കുമെന്ന് മുസോളിനി കരുതിയിരുന്നു. ഒളിമ്പിക്സിലൂടെ ആര്യന്‍ മേധാവിത്വത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ഹിറ്റ്ലർ ചെയ്തത്. സ്പെയിനില്‍ തന്റെ ഭരണകെടുകാര്യസ്ഥതകളില്‍നിന്ന് ജനത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഫുട്ബാള്‍ ഏറ്റവും ഉതകുന്നതാണ് എന്ന് ഫ്രാങ്കോ തിരിച്ചറിഞ്ഞിരുന്നു. അര്‍ജൻറീനയിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല.1968ല്‍, ഫിഫ ലോകകപ്പ് വേദിയായി അര്‍ജൻറീനയെ നിശ്ചയിച്ചുവെങ്കിലും അതിനായുള്ള തയാറെടുപ്പുകള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. 1976ല്‍ പട്ടാളം ഭരണം പിടിച്ചെടുത്ത ശേഷമാണ് സ്റ്റേഡിയങ്ങളുടെ നിർമാണവും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതുമെല്ലാം കൂടുതല്‍ വേഗത്തിലാകുന്നത്. ഫുട്ബാള്‍ ഭ്രാന്തമായ ആവേശമായി കൊണ്ടുനടക്കുന്ന ഒരു രാജ്യത്ത് ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കുക എന്നത് തങ്ങളുടെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ക്രൂരതകളില്‍ നിന്നും ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ജനത്തിന്റെ ശ്രദ്ധതിരിക്കാന്‍ ഉതകുന്ന ഒന്നാണ് എന്ന് പട്ടാള ജനറലുമാര്‍ക്ക് നന്നായിട്ടറിയാമായിരുന്നു. മാത്രമല്ല, ലോകത്തിനു മുന്നില്‍ തങ്ങളുടെ കഴിവും മേധാവിത്വവും അതിലൂടെ ഉയര്‍ത്താനാകുമെന്നും മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപകമാണെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടി. അര്‍ജൻറീനിയൻ സമൂഹത്തില്‍ ഫുട്ബാളിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഭരണകൂടം ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ റെേക്കാഡ് തുകയായിരുന്നു അവരതിന് ചെലവഴിച്ചതും. പക്ഷേ, ലോകകപ്പ് ആരംഭിച്ചുകഴിഞ്ഞപ്പോള്‍ വിഡെലക്ക് ഒരു കാര്യം ബോധ്യമായി, ലോകകപ്പ് നടത്തിയാല്‍ മാത്രം പോരാ വിജയിക്കുകയും വേണം. ഔദ്യോഗിക രേഖകള്‍ ഒരുപാട് നഷ്ടമായിട്ടും അര്‍ജൻറീന-പെറു മത്സരത്തെക്കുറിച്ച് പട്ടാള ജനറലുമാര്‍ അബോധവാന്മാരല്ലായിരുന്നുവെന്ന് ഇന്നും ചില സ്രോതസ്സുകള്‍ ഉറപ്പുനല്‍കുന്നുണ്ട്. ലോകകപ്പിലെ ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും അവസാന ഗ്രൂപ് മത്സരങ്ങള്‍ ഒരേ ദിവസം ഒരേ സമയം തന്നെ നടക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. രണ്ടാം റൗണ്ടിലെ ഹോളണ്ടും ജർമനിയും ഉള്‍പ്പെട്ട ഗ്രൂപ് 'എ'യിലെ അവസാന മത്സരമുള്‍പ്പെടെ എട്ട് മത്സരങ്ങള്‍ അത്തരത്തില്‍ തന്നെ നടന്നു. പക്ഷേ, ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും അര്‍ജൻറീനയുള്‍പ്പെട്ട ഗ്രൂപ്പുകളില്‍ അവസാന മത്സരങ്ങള്‍ നടന്നത് രണ്ടു സമയങ്ങളിലായിട്ടായിരുന്നു. അതില്‍ രണ്ടു തവണയും അവസാന മത്സരം അര്‍ജൻറീനയുടെയും. രണ്ടാം റൗണ്ടില്‍ ബ്രസീലും അര്‍ജൻറീനയും ഉള്‍പ്പെട്ട ഗ്രൂപ് ബിയിലെ അവസാന മത്സരത്തിനു തയാറെടുക്കുമ്പോള്‍ ഇരു ടീമുകളും പോയൻറ് നിലയില്‍ തുല്യരായിരുന്നുവെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തായിരുന്നു. ബ്രസീല്‍ പോളണ്ടുമായി ജയിക്കുകയാണെങ്കില്‍ ഗോള്‍ ശരാശരിയില്‍ മാത്രമേ അർജൻറീനക്ക് മുന്നിലെത്താന്‍ കഴിയുമായിരുന്നുള്ളൂ. വൈകീട്ട് 4.45നു ഒരേ സമയം നടക്കേണ്ടിയിരുന്ന മത്സരങ്ങളില്‍ പക്ഷേ ബ്രസീലിന്റെ മത്സരം കഴിഞ്ഞ് 7.15ന് ആയിരുന്നു അര്‍ജൻറീനയുടെ മത്സരം നടന്നത്. എത്ര ഗോള്‍ ശരാശരിയില്‍ ജയിക്കണമെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ആ സമയം ധാരാളമായിരുന്നു! പെറുവുമായുള്ള മത്സരത്തിനു മുമ്പ് വിഡെല തന്റെ സുഹൃത്തും മുന്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്ന ഹെൻറി കിസിഞ്ജറിന്റെ ഒപ്പം പെറു ലോക്കര്‍ റൂമിലേക്ക് ചെന്നു. ''ഇതൊരു നല്ല മത്സരമാകട്ടെ. അര്‍ജൻറീനിയൻ ജനത വലിയ പ്രതീക്ഷയിലാണ്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും.'' അതു പറഞ്ഞതിനു ശേഷം വിഡെല ചെറുതായി പുഞ്ചിരിച്ചു. ''അവര്‍ ഞങ്ങളെ സ്വാഗതം ചെയ്യാനായി എത്തിയതാണെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. പക്ഷേ, ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞങ്ങള്‍ പരസ്പരം നോക്കി. അവര്‍ ഞങ്ങളെ ആശംസിക്കുകയായിരുന്നോ? പക്ഷേ, എന്തിന്? ഒരു നിമിഷം ഒരുനൂറു ചോദ്യങ്ങള്‍ ഞങ്ങളുടെ മനസ്സിലേക്ക് എത്തി.'' പെറു ക്യാപ്റ്റനായിരുന്ന ഹെക്ടര്‍ ചുമ്പിടാസ് അതിനെക്കുറിച്ച് പില്‍ക്കാലത്ത് പറയുകയുണ്ടായി.

പെറു-അർജന്റീന മത്സരത്തിൽ നിന്ന്

ഏകപക്ഷീയമായ ആറ് ഗോളിനാണ് അര്‍ജൻറീന ആ മത്സരം ജയിച്ചത്. മത്സരം തോല്‍ക്കണമെന്ന് ടീം മാനേജ്മെൻറിനും ടീമിനും മുകളില്‍ പെറു ഭരണകൂടത്തില്‍നിന്ന് സമ്മർദമുണ്ടായിരുന്നതായി പെറു കളിക്കാരനായ ഹോസെ വെലാസ്കെസ് പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെറു മധ്യനിരയുടെ നേടുംതൂണായിരുന്ന വെലാസ്കെസിനെ കോച്ച് പിന്‍വലിച്ചു. കാണികളും കമേൻററ്റര്‍മാരും ആ നീക്കത്തില്‍ സ്തബ്ധരായി. രണ്ട് ഗോളുകള്‍ക്ക് പെറു തോറ്റു നില്‍ക്കുകയായിരുന്നു അപ്പോള്‍. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടിയടിച്ച് അര്‍ജൻറീന ഫൈനലിലേക്കും ലോകകപ്പ് വിജയത്തിലേക്കും നടന്നുകയറി. അത്തരമൊരു സന്ദര്‍ശനം നടന്നതായി ഹെൻറി കിസിഞ്ജര്‍ ഇന്നും അംഗീകരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം, മുന്‍ പെറു സെനറ്റര്‍ ആയിരുന്ന ജെനറോ ലെഡെസ്മ ആ മത്സരം ഒത്തുകളിച്ചതാണെന്ന് വെളിപ്പെടുത്തി. വിവാദങ്ങള്‍ പക്ഷേ, ഒരു മത്സരത്തില്‍ അവസാനിച്ചില്ല. ഫൈനലില്‍ രണ്ടു ടീമുകളും ഒരുമിച്ചു മൈതാനത്തേക്ക് വരേണ്ടതിനു പകരം ആദ്യം അര്‍ജൻറീന ടീം എത്തി. ഉന്മാദാവസ്ഥയിലെത്തിയ ഗാലറികള്‍ പൊട്ടിത്തെറിച്ചു. ഹോളണ്ട് ടീം ടണലില്‍ മിനിറ്റുകളോളം കാത്തുനിന്നു. അവര്‍ അസ്വസ്ഥരായി. മത്സരം തുടങ്ങിക്കഴിഞ്ഞപ്പോള്‍ റെനെ വാന്‍ ഡെ കെര്‍കൊഫിന്റെ പൊട്ടിയ കൈകളില്‍ ചുറ്റിയിരുന്ന ബാൻഡേജ് അഴിച്ചുമാറ്റണമെന്ന് അര്‍ജൻറീന ടീം റഫറിയോട് ആവശ്യപ്പെട്ടു. അതുവരെയുള്ള മത്സരങ്ങളില്‍ ബാൻഡേജ് ധരിച്ചുകൊണ്ടായിരുന്നു കെര്‍കൊഫ് കളിച്ചിരുന്നത്. പാസറെല്ലയുടെയും കൂട്ടരുടെയും അനാവശ്യമായ ഒച്ചപ്പാടുകളില്‍ ഡച്ച് കോച്ച് ഏണ്‍സ്റ്റ് ഹാപ്പല്‍ ക്രുദ്ധനായി. അയാള്‍ തന്റെ കളിക്കാരോട് തിരിച്ചുവരാന്‍ ആജ്ഞാപിച്ചു. ഇറ്റാലിയന്‍ റഫറി സെര്‍ജിയോ ഗോണേല്ലോക്ക് കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണെന്നു മനസ്സിലായി. കെകെര്‍കൊഫിനു ബാൻഡേജ് ധരിച്ച് കളിക്കാൻ അനുമതി നല്‍കി. അപ്പോഴേക്കും തിളച്ചുമറിയുന്ന സ്റ്റേഡിയത്തില്‍ ഹോളണ്ട് മാനസികമായി ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. ഫൈനലിനു ദിവസങ്ങള്‍ക്കു മുമ്പ് ഡച്ച് താരമായ ജോണി റെപ് ഒരു മാധ്യമ പ്രവര്‍ത്തകനോട്‌ പറഞ്ഞത്, താന്‍ ഈ ഫൈനല്‍ ജയിക്കാന്‍ ഭയപ്പെടുന്നു എന്നായിരുന്നു. ജയിക്കുകയാണെങ്കില്‍ ജീവനോടെ പുറത്തുപോരാന്‍ കഴിയില്ലെന്ന ഭീതി അവരെ വേട്ടയാടി. തൊണ്ണൂറു മിനിറ്റു കഴിഞ്ഞപ്പോള്‍ 1-1നു സമനിലയിലായ മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ കൂടി നേടി അര്‍ജൻറീന ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ ദേശീയതയുടെ ഉദ്ഘോഷണമായിരുന്നു രാജ്യമാകെ അലയടിച്ചത്.

പക്ഷേ, വിഷലിപ്തമായ വിശുദ്ധപാത്രമാണ് ആ ലോകകപ്പ് എന്ന് അര്‍ജൻറീന ടീമിനോ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കോ മനസ്സിലായിരുന്നില്ല. പീഡനങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും അര്‍ജൻറീന സമൂഹത്തിനു മേല്‍ പട്ടാളം വിതച്ച ഭീതിയുടെ നിഴലുകള്‍ ലോകകപ്പ് കാലത്ത് അവരറിയാതെ അവരുടെ മറവികളിലേക്ക് ആണ്ടിറങ്ങി. സ്റ്റേഡിയങ്ങളും തെരുവുകളും നീലയും വെള്ളയും നിറമുള്ള പൂക്കള്‍ മാത്രം പൂക്കുന്ന വസന്തകാലമാക്കിയവര്‍ ഉന്മത്തരായി. ''അര്‍ജൻറീനാ അര്‍ജൻറീനാ'' എന്ന ആര്‍പ്പുവിളികളും രാജ്യത്തെ തെരുവുകളില്‍ ഉയര്‍ന്ന ദേശീയ പതാകകളും ആഭ്യന്തര പ്രശ്നങ്ങളെ അതിജീവിച്ച ഒരു രാഷ്ട്രം അതിന്റെ ആഭിജാത്യം ആഘോഷിക്കുന്നതാണ് എന്ന് വിഡെല അവകാശപ്പെട്ടു. ജനങ്ങളില്‍ സമാധാനവും ഐക്യവും തിരിച്ചെത്തിയെന്നും ലോകകപ്പ് പുതിയൊരു കാലത്തിന്റെ തുടക്കമാണെന്നുമാണ് ഭരണകൂടം പ്രഖ്യാപിച്ചത്. വിമര്‍ശനാത്മകമായി ഒന്നും എഴുതാതെ പ്രബുദ്ധ മാധ്യമപ്രവര്‍ത്തകനായ ഏര്‍ണെസ്റ്റോ സബതോ ലോകകപ്പിനെക്കുറിച്ച് ഇപ്രകാരം എഴുതിനിര്‍ത്തി: ''ലോകകപ്പ് പ്രൗഢിയുടെയും കുലീനത്വത്തിെൻറയും മനുഷ്യസ്നേഹവും മഹാമനസ്കതയും അടയാളപ്പെടുത്തിയ ഏകോപിത ജനനീക്കത്തിെൻറയും തെളിവായിരുന്നു.

അർജന്റീന ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനെതിരെ പാരിസിൽ നടന്ന പ്രതിഷേധം

റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തില്‍നിന്നുമിറങ്ങി ഇന്‍ഡൻറൻറ് കാൻറീലൊ അവന്യൂ കടന്ന് അവനിഡ ഡെല്‍ ലിബര്‍ട്ടഡോറിലൂടെ പത്തു മിനിറ്റ് നടന്നാല്‍ ESMAല്‍ എത്താം. പട്ടാള ഭരണകാലത്ത് അര്‍ജൻറീനയിലെ മുന്നൂറ്റിനാൽപതോളം കോൺസൻട്രേഷൻ ക്യാമ്പുകളില്‍ ഏറ്റവും വലുതായിരുന്നു ESMA. ആയിരക്കണക്കിനു പേരെ തട്ടിക്കൊണ്ടു വന്ന് വിചാരണപോലും നടത്താതെ രഹസ്യമായി അവിടത്തെ സെല്ലുകളില്‍ പാര്‍പ്പിച്ചു. കൊടിയ പീഡനങ്ങളായിരുന്നു അവര്‍ക്കു നേരിടേണ്ടിവന്നത്. പട്ടാളക്കാര്‍ അവര്‍ക്ക് അഴുകിയ മാംസക്കഷണങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കി. തങ്ങളുടെ മലമൂത്രവിസർജനങ്ങളില്‍ രാപ്പകലുകള്‍ ചെലവഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. റിവര്‍പ്ലേറ്റില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ആരവങ്ങളും ആഘോഷങ്ങളും ജയിൽ മതിലുകള്‍ തുളച്ച് അവരുടെ കാതുകളിലെത്തി. ഇരുമ്പ് ദണ്ഡുകള്‍ മലദ്വാരത്തിലും യോനിയിലും കുത്തിയിറക്കുമ്പോള്‍ വേദനകൊണ്ട് പിടയുന്ന മനുഷ്യശരീരങ്ങളുടെ അലമുറകള്‍ മുഴങ്ങുന്ന സെല്ലുകളിലേക്കാണ് തെരുവുകളിലെയും സ്റ്റേഡിയത്തിലെയും ആരവങ്ങള്‍ കടന്നെത്തുന്നത്. ESMAല്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഇന്നും ഒരു ഫുട്ബാള്‍ മത്സരം കാണുമ്പോള്‍ കാതുകളില്‍ ഇരച്ചെത്തുന്നത് കൂടെയുള്ളവരുടെ അലമുറകളാണ്. ആ ലോകകപ്പിനും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പത്രപ്രവര്‍ത്തകനായ ഡി വേഡിയ 1978ലെ അര്‍ജൻറീനയുടെ പരസ്പര വിരുദ്ധമായ ആഭ്യന്തരാവസ്ഥയെക്കുറിച്ച് ഇപ്രകാരം എഴുതി. ''അര്‍ജൻറീനിയന്‍ ദുരന്തത്തിന്റെ കാതല്‍ നെടുകെ പിളര്‍ന്ന ഒരു രാജ്യത്തിന്റെ നിലനിൽപിലായിരുന്നു. ഫുട്ബാളും മരണവുമായി വിഭജിക്കപ്പെട്ട ഒരു രാജ്യം! 1978ല്‍ വേദനയും മരണവുമുണ്ടായിരുന്നു, അതോടൊപ്പം ഫുട്ബാളും സന്തുഷ്ടിയും. ഇരുളും വെളിച്ചവുമായാണ് ജീവിതം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുക. അതിയായ സന്തോഷം നിറഞ്ഞതും അതേസമയം ദുഃഖപൂർണവുമായ ചരിത്രങ്ങള്‍ രാജ്യങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. മരണത്തിന്റെ നിഴലുകള്‍ സ്റ്റേഡിയങ്ങളില്‍ ഇരച്ചുകയറാതെ ഞങ്ങള്‍ ഫുട്ബാള്‍ കളിക്കും, എന്നിട്ട് നഷ്ടപ്പെട്ട ജീവനെയോര്‍ത്ത് ഞങ്ങള്‍ കരയും."

ഡാ​​നി​​യ​​ല്‍ പാ​​സ​​റെ​​ല്ല പട്ടാള മേധാവി ജനറൽ വി​​ഡെ​​ല​​ക്കൊപ്പം

ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഒരു കായികയിനത്തില്‍ വിജയികളാവുക എന്നതിെൻറ പ്രസക്തിയെന്താണെന്ന് നമ്മള്‍ ചിന്തിച്ചേക്കാം. അതു മറ്റു വിഷയങ്ങളില്‍ നിന്നുള്ള വഴിതിരിച്ചുവിടലാണോ അതോ ഒരു സമൂഹത്തിനു ലഭിച്ച ഏറ്റവും വലിയ ആശ്വാസമായിരുന്നോ? ബ്രസീലിലേക്ക് നാടുകടത്തപ്പെട്ട അര്‍ജൻറീനിയന്‍ സോഷ്യോളജിസ്റ്റ് ആയ ഹൊറാചിയോ ഗോണ്‍സാലെസ് പട്ടാളത്തെ അങ്ങേയറ്റം വെറുത്ത ഒരാളായിരുന്നു. പക്ഷേ, 1978 ലോകകപ്പ് വിജയം സവോപോളോയിലെ തെരുവുകളില്‍ അയാള്‍ ആഘോഷിച്ചു. പട്ടാളത്തിന്റെ ഗൂഢലക്ഷ്യങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ വീക്ഷണത്തില്‍ ഫുട്ബാളിനു വീണ്ടെടുക്കാന്‍ കഴിയാത്തതും വിനാശകരവുമായ ഒരു ഗുണമുണ്ട്. ഒരുപാട് വ്യാകുലതകള്‍ക്കും വിഷമങ്ങള്‍ക്കും സ്വാസ്ഥ്യമേകുമ്പോള്‍തന്നെ അതൊരുപാട് അവ്യക്തമായ വികാരങ്ങളെ മറയ്ക്കുന്നുമുണ്ട്. ഭയത്താല്‍ തളര്‍ന്നുപോയ ഒരു ജനത എന്തുകൊണ്ട് അന്ന് ഫുട്ബാള്‍ ആഘോഷിച്ചു എന്നതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ -ഫുട്ബാള്‍ അവരുടേതാണെന്ന് അവര്‍ വിശ്വസിച്ചു. അത് പട്ടാള ജനറല്‍മാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ കഴിയുന്നതല്ല. 1976 മാര്‍ച്ചിനുശേഷം തങ്ങള്‍ക്കന്യമായിരുന്ന തെരുവുകളിലും പൊതുസ്ഥലങ്ങളിലും സ്വാതന്ത്ര്യം ലഭിച്ച ജനതയെപ്പോലെ അവര്‍ ആഘോഷിച്ചു നടന്നു. തടവറകളില്‍നിന്ന് രക്ഷപ്പെട്ട്‌ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്നവര്‍ പോലും പുറത്തിറങ്ങാന്‍ ധൈര്യം കാണിച്ചത് അന്നായിരുന്നു. ജയിലറകളില്‍ പീഡനമനുഭവിക്കുന്നവരുടെ ആകുലതകള്‍ അവരെ അലട്ടിയിരുന്നില്ല. അല്ലെങ്കില്‍ രഹസ്യകേന്ദ്രങ്ങളിലെ പീഡനങ്ങളെക്കുറിച്ച് അവര്‍ക്കറിയുമായിരുന്നില്ല എന്നതായിരുന്നു സത്യം. പട്ടാളം രാഷ്ട്രീയപരമായി ദശലക്ഷക്കണക്കിന് ജനങ്ങളെ ഉപയോഗിക്കുകയാണെന്നും അവര്‍ ചിന്തിച്ചിരുന്നില്ല. വൈരുധ്യങ്ങള്‍ ഏറെയുണ്ടായിരുന്ന മറ്റൊരു വശവും ആ ലോകകപ്പിനുണ്ടായിരുന്നു. ജയിലുകളില്‍ പീഡിതരും പീഡകരും ഒരുമിച്ചു ഗോളുകള്‍ക്കായി ആര്‍പ്പുവിളിച്ചു.1980ലെ നൊബേല്‍ പുരസ്കാര ജേതാവായ അഡോള്‍ഫോ പ്രെസ് എസ്കിവേല്‍ പട്ടാള ഭരണകാലത്ത് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്ന ആളായിരുന്നു. ലോകകപ്പ് ഫൈനലിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ സമ്മർദം പട്ടാള ജനറല്‍മാരെ അതിനു നിര്‍ബന്ധിതരാക്കുകയായിരുന്നു. ഭരണകൂട ഭീകരതയെ ഏറ്റവും അടുത്ത് നിന്നു കണ്ട ഒരാളായ അദ്ദേഹം പില്‍ക്കാലത്ത് ആ ലോകകപ്പ് കാലത്തെ കുറിച്ച് പറഞ്ഞതിങ്ങനെ: ''ജയിലുകളില്‍ ആളുകള്‍ അര്‍ജൻറീനയുടെ ഗോളുകള്‍ക്കായി ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. ഏതുതരം ബഹുജന പ്രക്രിയയിലും പൊതുജനം തങ്ങൾക്കാവശ്യമായ വിമർശനാത്മക അവബോധത്തെ മറക്കുകയും നടപ്പു രീതികളെ പിന്തുടരുന്ന കീഴടങ്ങൽ നയം സ്വീകരിക്കുകയുംചെയ്യുന്നു. തടവിലാക്കപ്പെട്ടവരും പട്ടാളക്കാരും ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. ഫൈനലില്‍ ഹോളണ്ടിനെതിരെയുള്ള ഗോളുകള്‍ ഞാനും ആഘോഷിച്ചിരുന്നു."

ഓര്‍ക്കാനിഷ്ടപ്പെടാത്ത ലോകകപ്പ്

അത്രമേല്‍ ഭീതിദവും വിനാശകരവുമായ യാഥാർഥ്യത്തെ മറന്നുകൊണ്ട് ഒരു ലോകകപ്പില്‍ അഭിരമിച്ചത് നീതീകരിക്കാവുന്നതായിരുന്നോ? അത്തരമൊരു പരിതഃസ്ഥിതിയില്‍ ദേശീയ ടീമിനെ പിന്തുണക്കുകയെന്നത് സ്വീകാര്യമായിരുന്നോ? പട്ടാള ഭരണകൂടത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയലക്ഷ്യമായിരുന്നു ലോകകപ്പ് വിജയം. ആ വിജയത്തെ ആഗ്രഹിക്കുകയെന്നത് ന്യായീകരിക്കാന്‍ കഴിയുന്നതായിരുന്നോ? അര്‍ജൻറീനയുടെ ദേശീയ പതാകയേന്തി തെരുവുകളിലിറങ്ങിയ ദിനങ്ങളിലെ ചെയ്തികളെ എങ്ങനെയാണ് പ്രതിരോധിക്കാന്‍ കഴിയുക? ലോകകപ്പിെൻറ ആരവങ്ങളോടുങ്ങി തെരുവുകളും പാര്‍ക്കുകളും സ്റ്റേഡിയങ്ങളും വീണ്ടും അന്യമായ നാളുകളില്‍ പട്ടാളക്കാര്‍ തങ്ങളുടെ വേണ്ടപ്പെട്ടവരെ കൊണ്ടുപോകാനായി ഏതുനിമിഷവും എത്തുമെന്ന ഭയം വീണ്ടും കാര്‍ന്നുതുടങ്ങിയ നിമിഷം മുതല്‍ അര്‍ജൻറീനിയന്‍ ജനത പശ്ചാത്താപത്തിന്റെ ചോദ്യങ്ങളെറിഞ്ഞ് ഉള്ളിലെ മുറിവുകള്‍ക്ക് തീപിടിപ്പിച്ചുകൊണ്ടിരുന്നു. ജനാധിപത്യം തിരിച്ചുവന്നതോടെയാണ് പട്ടാളഭരണത്തിെൻറ ക്രൂരതകള്‍ കൂടുതലായി ലോകമറിഞ്ഞത്. നിശ്ശബ്ദരാക്കപ്പെട്ട അര്‍ജൻറീനിയന്‍ പത്രങ്ങള്‍ക്ക് അത് ലോകത്തോട് വിളിച്ചുപറയാനുള്ള ധൈര്യം വന്നു.1978ല്‍ വിശ്വവിജയികളായവര്‍ ചെല്ലുന്നയിടങ്ങളിലെല്ലാം അവര്‍ക്കു നേരെ ലോകകപ്പിന്റെ ഇരുണ്ടവശത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയര്‍ന്നു. മെനോട്ടിക്കും കളിക്കാര്‍ക്കും ഏറെക്കാലമതിനെ ന്യായീകരിക്കാനോ നിശ്ശബ്ദരായിരിക്കാനോ കഴിയുമായിരുന്നില്ല.

ആ ലോകകപ്പിനെക്കുറിച്ചും ഭരണകൂടത്തിന്റെ ചെയ്തികളെക്കുറിച്ചും ഓരോ കളിക്കാരനും ഓരോ രീതിയിലാണ് പ്രതികരിച്ചതെങ്കിലും അവര്‍ പറഞ്ഞതിലെ ഒരു വാചകത്തിന്റെ അന്തസ്സത്ത ഒന്നായിരുന്നു: ''ഞങ്ങള്‍ തെറ്റുകാരല്ല, ഞങ്ങള്‍ കാരണം ആരും മരണപ്പെട്ടിട്ടില്ല, തുകല്‍പ്പന്തുകളില്‍ ഞങ്ങള്‍ രക്തക്കറ പുരട്ടിയിട്ടില്ല.'' പ്ലാസാ ഡി മായോയിലെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കൂട്ടത്തിലെ ടാറ്റി അല്‍മെയ്ഡയുമായി സംസാരിച്ചതിനു ശേഷം റികാര്‍ഡോ വിയ്യ വികാരഭരിതനായി. ''എന്താണ് സംഭവിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ ആ അര്‍ജൻറീന ടീമില്‍ കളിക്കാന്‍ താന്‍ വിസമ്മതിക്കുമായിരുന്നു. ഞങ്ങള്‍ രാഷ്ട്രീയപരമായി ഉപയോഗിക്കപ്പെടുകയായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു." പട്ടാള ഭരണത്തിനു കീഴില്‍ നടന്ന അടിച്ചമര്‍ത്തലുകള്‍ നിര്‍ത്താനായി ആ ലോകകപ്പ് മറിച്ച് നല്‍കാന്‍ താന്‍ തയാറാകുമായിരുന്നുവെന്നാണ് ഓസ്കാര്‍ ഒർട്ടിസ് പറഞ്ഞത്. ആ ലോകകപ്പ് വിജയത്തില്‍ അഭിമാനം കൊള്ളുന്നതായി തനിക്കു പറയാന്‍ കഴിയില്ലെന്നും താനതു തിരിച്ചറിയാന്‍ ഏറെ വൈകിയെന്നും ലിയോപോള്‍ഡോ ലൂക്കെ പില്‍ക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി.

2003ല്‍, അര്‍ജൻറീനയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ ഒമ്പതിന് റിവർപ്ലേറ്റ് സ്റ്റേഡിയത്തില്‍ 1978 ലോകകപ്പിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. അര്‍ജൻറീനക്കായി ലോകകപ്പിലും മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ച പഴയ താരങ്ങളും പുതിയ താരങ്ങളും തമ്മിലുള്ള പ്രദര്‍ശനമത്സരവും അന്നവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ക്യൂബയിലായിരുന്ന മറഡോണ എത്താമെന്നു വാക്കു നല്‍കി. ബാറ്റിസ്ട്ട്യൂട്ടയെയും സിമിയോണിയെയും കെമ്പെസിനെയും പോലുള്ള വലിയൊരു താര നിര തന്നെ ക്ഷണിക്കപ്പെട്ടിരുന്നു. 60,000 പേരെയായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചത്. കാരണം, അര്‍ജൻറീനയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയത്തിന്റെ ആഘോഷമാണ്. പേക്ഷ, 9000പേര്‍ മാത്രമാണ് ആ ചടങ്ങിനു എത്തിയത്. മറഡോണയും കെമ്പെസുമടക്കം പലരും ചടങ്ങിനെത്തിയില്ല. പല കാരണങ്ങളാല്‍ ചരിത്രപുസ്തകത്തില്‍ ഇടം നേടിയ ആ ടീമിനെ എല്ലാവരും അവഗണിക്കുകയായിരുന്നു. മരണത്തിനും ഫുട്ബാളിനുമിടയിലൊരു ലോകകപ്പ് കളിച്ചവര്‍. ചരിത്രത്തിലെ ഒരിരുണ്ട കാലം അര്‍ജൻറീനിയന്‍ ജനതയുടെ മേലുണ്ടാക്കിയ ഉണങ്ങാത്ത മുറിവുകളുടെ പ്രതീകമായി മാറുകയായിരുന്നു ആ ലോകകപ്പ് ടീം.

*******

1978,ജൂണ്‍25. ടെലിവിഷനില്‍ ആഹ്ലാദചിത്തരായിരിക്കുന്ന പട്ടാളമേധാവിമാരുടെ ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ടാറ്റി അല്‍മെയ്ഡ തെൻറ മുറിയില്‍ ഒറ്റക്കിരുന്നു. ആ കാഴ്ച വീണ്ടും വീണ്ടും കണ്ടുകൊണ്ട് വേദനയുടെയും സഹനത്തിെൻറയും മുറിവുകള്‍ ഹൃദയത്തില്‍ കെടാതെ സൂക്ഷിക്കണമായിരുന്നു അവര്‍ക്ക്. ആ ദൃശ്യങ്ങളില്‍ അവര്‍ ഓർമകളെ ചികഞ്ഞെടുത്തു. തെൻറ മകന്‍ അലെഹാന്‍ഡ്രോയെ കാണാതായിട്ട് മൂന്നു വര്‍ഷമാകുന്നു. എവിടെയാണവന്‍? മരിച്ചിട്ടുണ്ടാകുമോ? ജീവിച്ചിരിപ്പുണ്ടോ? ഓരോ ദിവസവും അല്‍മെയ്ഡ തന്നോടു തന്നെ ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ, അലെഹാന്‍ഡ്രോ തിരിച്ചുവന്നില്ല. എല്ലാ വ്യാഴാഴ്ചകളിലും അവര്‍ പ്ലാസാ ഡി മായോയിലേക്ക് പോകും. തലയില്‍ വെളുത്ത സ്കാര്‍ഫ് ധരിച്ചുകൊണ്ട് കാണാതായ മക്കളുടെ ഫോട്ടോയുമായി അമ്മമാര്‍ അവിടെ ഒത്തുകൂടും.

പ്ലാ​സാ ഡി ​മാ​യോ

പ്ലാസാ ഡി മായോ ബ്യൂണസ് ഐറീസിലെ​ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.പ്രസിഡന്‍ഷ്യല്‍ പാലസിന്റെ അടുത്ത്. മൂന്നില്‍ കൂടുതല്‍ പേര്‍ പൊതുസ്ഥലങ്ങളില്‍ കൂടിനില്‍ക്കാന്‍ പാടില്ല എന്ന് ഏകാധിപതികളുടെ നിയമമുള്ള കാലമാണ്. അതിനെ മറികടക്കാന്‍ അവിടെയുള്ള സ്മാരക സ്തംഭത്തിന്റെ ചുറ്റും അവര്‍ നടന്നുകൊണ്ടിരുന്നു. ഭ്രാന്തചിത്തരായവരെന്നു പറഞ്ഞ് അവരില്‍ പലരെയും ഭരണകൂടം തട്ടിക്കൊണ്ടുപോയി പീഡനമുറികളിലാക്കി. പക്ഷേ, അൽമെയ്ഡയും ബാക്കിയുള്ളവരും വ്യാഴാഴ്ചകളില്‍ തങ്ങളുടെ മക്കളെവിടെ എന്ന് ചോദിച്ചുകൊണ്ട് അവിടെ വട്ടത്തില്‍ നടന്നുകൊണ്ടിരുന്നു... ഓർമകളെ മുറിച്ചുകൊണ്ട് പെട്ടെന്നു തെരുവുകളില്‍ നിന്നും ആഹ്ലാദാരവങ്ങള്‍ ചുവരുകള്‍ തുളച്ച് അല്‍മെയ്ഡയുടെ കാതുകളിലെത്തി. അവര്‍ വര്‍ത്തമാന യാഥാർഥ്യത്തിെൻറ നീറ്റലിലേക്ക് തിരിച്ചുവന്നു. അതെ, അര്‍ജൻറീന ലോകകപ്പ് ഫൈനല്‍ ജയിച്ചിരിക്കുന്നു. ദേഷ്യവും സങ്കടവും ഇടകലര്‍ന്ന രാത്രിയില്‍ ടെലിവിഷനില്‍ നോക്കിക്കൊണ്ടവര്‍ അലറിക്കരഞ്ഞു, പട്ടാളമേധാവികള്‍ക്കുമേല്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു. അപ്പോള്‍ ഡാനിയല്‍ പാസറെല്ല വിഡെലയില്‍നിന്നും ട്രോഫി ഏറ്റുവാങ്ങുകയായിരുന്നു. ആ ലോകകപ്പ് വിജയത്തിെൻറ മുപ്പതാം വാര്‍ഷികത്തില്‍ റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ തെൻറ മകനെ തടവറയുടെ ഇരുണ്ട കോണുകളില്‍ നിന്നും മൈതാനത്തിെൻറ പ്രകാശപൂർണിമയിലേക്ക് കൊണ്ടുവരുകയാണെന്ന് അല്‍മെയ്ഡക്ക് അനുഭവപ്പെട്ടു. അലെഹാൻഡ്രോ ആ വിജയം ആഘോഷിക്കുകയായിരുന്നു, 30 വര്‍ഷത്തിനു ശേഷം!" ലോകകപ്പ് എന്ന വാക്കു കേള്‍ക്കുമ്പോള്‍ ഓർമയിലേക്കെത്തുന്നത് പെട്ടെന്നൊരു നാള്‍ അപ്രത്യക്ഷരായവരെയാണ്, തട്ടിക്കൊണ്ടുപോയവരെയാണ്, കൊലപാതകികളെയാണ്... എല്ലാം കൂടിച്ചേര്‍ന്നുള്ള ഓർമകളാണ് ഓരോ ലോകകപ്പും നല്‍കുന്നത്." അല്‍മെയ്ഡ നെടുവീര്‍പ്പിട്ടു. അര്‍ജൻറീനിയന്‍ സമൂഹത്തിലെ ആഴത്തിലുള്ള മുറിവാണ് 1978 ലോകകപ്പ്. ഓരോ നാലുവര്‍ഷവും പുതിയൊരു ലോകകപ്പ് ടൂര്‍ണമെൻറ് ആ മുറിവുകളെ ജീവന്‍ വെപ്പിക്കുന്നു. അവയുണങ്ങുന്നില്ല ഒരിക്കലും. അര്‍ജൻറീനയുടെ ദേശീയ പുഷ്പമാണ്‌ സെയ്ബോ. ഗ്രാമങ്ങളെയും നഗരങ്ങളെയും മനോഹരമാക്കിയിരുന്ന സെയ്ബോ പുഷ്പങ്ങള്‍ പോലെ അര്‍ജൻറീനിയന്‍ ഭാവി തലമുറയെ ഒന്നാകെ പട്ടാള മേധാവിമാര്‍ അറുത്തെടുത്ത കാലംകൂടിയാണ് 1978ലെ ലോകകപ്പ് നാളുകള്‍.

Show More expand_more
News Summary - Cheating and threat: Remembering Argentina 1978 world cup win