ഇന്ത്യയിലെ ഭൂരിപക്ഷാധിപത്യം: അംബേദ്കർ നിർദേശിക്കുന്ന പരിഹാരങ്ങൾ
നിയമസഭകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത പ്രാതിനിധ്യം ദശകങ്ങളായി പ്രതീകാത്മകം മാത്രമായിരുന്നെങ്കിലും, നരേന്ദ്ര മോദി സർക്കാറിന്റെ അധികാരാരോഹണത്തോടെ അവർ രാഷ്ട്രീയവും സാംസ്കാരികവുമായി കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടു. ഈയവസരത്തിൽ അംബേദ്കർ മുന്നോട്ടു വെച്ച രാഷ്ട്രീയ നിർദേശങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ.
1915 മാർച്ചിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നത ഭരണകൂട സ്ഥാപനമായ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗമായ ആന്റണി മക്ഡണൽ, 1909ലെ ഇന്ത്യൻ കൗൺസിൽ ആക്ടുമായി ബന്ധപ്പെട്ട സംവാദത്തിൽ ആദ്യമായി താനുയർത്തിയ എതിർപ്പ്, മുഴുവൻ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്ന ഒരു അംഗം കൗൺസിലിലുണ്ടാവണം എന്ന അഭിപ്രായത്തിന്റെ കാര്യത്തിലും ആവർത്തിച്ചു; "മുഹമ്മദരും ഹിന്ദുക്കളും അടങ്ങിയ ഇന്ത്യയിലെ രണ്ട് മഹാ മത സമൂഹങ്ങൾക്കിടയിൽ വ്യാപകമായ ശത്രുത സ്ഥായിയായി നിലനിൽക്കേ, ഇന്ത്യൻ ജനത തങ്ങളുടെ പ്രതിനിധിയായി ഒരുപോലെ അംഗീകരിക്കുന്ന ഒരൊറ്റ വ്യക്തിയെ പോലും കണ്ടെത്തുക സാധ്യമല്ല", കൗൺസിലിനു മുമ്പാകെ അദ്ദേഹം പറഞ്ഞു. ഇരു സമുദായത്തിൽ നിന്നുമുള്ള "വിശ്വാസ്യത നേടിയെടുക്കാൻ" അത്തരമൊരു നയം കൊണ്ട് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്രപൂർവ ഇന്ത്യയിലെ മിക്കവാറും എല്ലാ സംഘർഷങ്ങളെയും ഈ രണ്ട് സമുദായങ്ങൾക്കിടയിലുള്ളതായാണ് മനസിലാക്കപ്പെട്ടത്.
1935ലെ ഭരണഘടനാ പരിഷ്കാരം പട്ടിക ജാതി വിഭാഗങ്ങളെ ഹിന്ദുക്കളിൽ നിന്ന് വ്യതിരിക്തമായ മറ്റൊരു രാഷ്ട്രീയ ന്യൂനപക്ഷമായി തിരിച്ചറിയുകയും നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുനൽകുകയും ചെയ്തു. അതുവരെ മുസ്ലിംകൾക്കും സിഖുകാർക്കും ഇന്ത്യൻ ക്രിസ്ത്യാനികൾക്കും മാത്രമേ ഈ സുരക്ഷ ഉണ്ടായിരുന്നുള്ളൂ. മെയ് 8-ാം തിയ്യതി, സ്റ്റേറ്റ് ഫോർ ഇന്ത്യയുടെ ഉപസെക്രട്ടറിയായ ആർ.എ.ബട്ലർ ഇന്ത്യയെ ഒരു സ്വയം ഭരണ രാഷ്ട്രമാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗം സാമുദായിക പ്രാതിനിധ്യമാണെന്ന് ജനസഭക്ക് (ഹൗസ് ഓഫ് കോമൺ) മുൻപാകെ പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടം 'വിഭജിച്ചു ഭരിക്കൽ' നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന അഭിപ്രായത്തെ ബട്ലർ തള്ളിക്കളയുകയും, കമ്യൂണൽ അവാർഡ് പ്രാഖ്യാപിക്കുന്നതിന് മുൻപ് തന്നെ രണ്ട് വട്ടമേശ സമ്മേളനങ്ങളിലുമായി ഇന്ത്യൻ നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കാനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
1947 ആഗസ്റ്റിൽ ഭരണഘടനാ സമിതി 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ സാമുദായിക പ്രാതിനിധ്യം എന്ന നടപടിയെ ചെറിയ മാറ്റങ്ങളോടെ ഭരണഘടനയിൽ നിലനിർത്താൻ തീരുമാനിച്ചു. പക്ഷേ, പഞ്ചാബിലെയും ബംഗാളിലെയും മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് 1949 മെയിൽ സമിതി നേരത്തേയെടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോവുകയും, പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കും ഭാവിയിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും വേണ്ടിയുള്ള ഭരണഘടനാ സുരക്ഷയെ മാത്രം നിലനിർത്തുകയും ചെയ്തു. ഒരു നൂറ്റോണ്ടോളം ഭരണഘടനാ പരിഷ്കരണത്തിന്റെ ഒരു സുപ്രധാന സ്വഭാവമായിരുന്നു ഇത്. നിയമസഭകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത പ്രാതിനിധ്യം ദശകങ്ങളായി പ്രതീകാത്മകം മാത്രമായിരുന്നെങ്കിലും, നരേന്ദ്ര മോദി സർക്കാറിന്റെ അധികാരാരോഹണത്തോടെ ന്യൂനപക്ഷങ്ങൾ രാഷ്ട്രീയവും സാംസ്കാരികവുമായി കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവിടെ ഞാൻ 'പ്രതീകാത്മകം' എന്ന പദം ഉപയോഗിക്കാൻ കാരണം, ഭൂരിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടിനെ ആശ്രയിച്ചുമാണ് ന്യൂനപക്ഷ പ്രതിനിധികൾ പലപ്പോഴും തിരഞ്ഞെടുക്കപ്പെടാറുള്ളത് എന്നതുകൊണ്ടാണ്. സ്വാതന്ത്ര്യാനന്തരം, പട്ടികജാതി വിഭാഗങ്ങൾക്കും രാഷ്ട്രീയ ന്യൂനപക്ഷമെന്ന പദവി നഷ്ടപ്പെട്ടു.
ഇത്തരമൊരു സന്ദർഭത്തിലാണ് 1945 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ബി.ആർ അംബേദ്കറുടെ രാഷ്ട്രീയ പ്രമേയത്തിന്റെ (political proposal) പുനഃപരിശോധന പ്രാധാന്യമർഹിക്കുന്നത്. 'ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനിൽ' നടത്തിയ പ്രസംഗത്തിന്റെ ഭാഗമായി 'കമ്യൂണൽ ഡെഡ്ലോക്ക് ആൻഡ് എ വേ റ്റു സോൾവ് ഇറ്റ്' (Communal Deadlock and A Way to Solve It) എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ, നിയമസഭകളിലും നിർവഹണവിഭാഗങ്ങളിലുമുള്ള പ്രാതിനിധ്യം ജനസംഖ്യാധിഷ്ടിതമാവുകയും ഏതൊരു സമുദായത്തിനും സംവരണം ലഭിക്കാൻ വേണ്ടുന്ന പരമാവധി ജനസംഖ്യ 40 ശതമാനമാവുകയും ചെയ്യുന്ന ഒരു ഏകീകൃത ഇന്ത്യയെ കുറിച്ച വീക്ഷണം അംബേദ്കർ മുന്നോട്ടു വെക്കുന്നുണ്ട്. ഒരു മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ എണ്ണം 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ, ബാക്കി വരുന്ന അധിക സീറ്റുകൾ ന്യൂനപക്ഷസമുദായങ്ങൾക്ക് "അവരുടെ സാമൂഹിക നില, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ അവസ്ഥ എന്നിവയുടെ വിപരീത അനുപാതത്തിൽ" വിതരണം ചെയ്യും. പ്രാതിനിധ്യത്തിന്റെ ഈ ഗണിതശാസ്ത്രം ന്യൂനപക്ഷ സമുദായങ്ങൾ ഒരുമിച്ചുനിന്നാൽ ഭൂരിപക്ഷ സമുദായത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള സാധ്യത തുറന്നുകൊടുത്തു. സിന്ദ്, ബംഗാൾ തുടങ്ങിയ പ്രവിശ്യകളിൽ ഭൂരിപക്ഷ സമുദായങ്ങൾ മുസ്ലിംകൾ ആണെന്നിരിക്കെ ഇത് ജാതി ഹിന്ദുക്കൾക്കെതിരെ മാത്രമായിരുന്നില്ല.
നാല് ദശകത്തോളം സാമുദായിക പ്രാതിനിധ്യം കൊളോണിയൽ ഭരണഘടനയുടെ ഭാഗമായിരുന്നു. അംബേദ്കറുടെ പ്രമേയവും പട്ടികജാതി വിഭാഗങ്ങളെ ന്യൂനപക്ഷമായി പരിഗണിച്ചു കൊണ്ടുള്ള സാമുദായിക പ്രാതിനിധ്യം നൽകണമെന്ന് നിർദ്ദേശിച്ചു. പക്ഷേ, നിലവിൽ നമ്മുടെ ഭരണഘടന വർഗാടിസ്ഥാനത്തിൽ തൊഴിൽ-സേവന മേഖലകളിൽ മതന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നുണ്ടെന്നിരിക്കെ അംബേദ്കർ മുന്നോട്ടുവെച്ച പ്രമേയവും അതേ അടിസ്ഥാനത്തിൽ നടപ്പിലാക്കാവുന്നതാണ്. മത-രാഷ്ട്രീയ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ മാത്രം വോട്ടുകളിലൂടെ തങ്ങളുടെ നിയമസഭാംഗത്തെ തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന വോട്ടിംങ് സമ്പ്രദായമായ സെപ്പറേറ്റ് ഇലക്ട്രേറ്റ് രീതി മുന്നോട്ടുവെക്കുന്നതിലൂടെ, പ്രതീകാത്മക പ്രാതിനിധ്യം എന്ന പ്രശ്നത്തെയും അംബേദ്കറുടെ പ്രമേയം പരിഹരിക്കുന്നുണ്ട്. "ഭൂരിപക്ഷത്തിന്റെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സാമുദായിക വിവേചനമെന്ന അപകടം ഒരു നിത്യ ഭീഷണി" ആണെന്നിരിക്കെ "നിയമനിർമാണാധികാരത്തിനു മുകളിൽ നിയമനിർവഹണാധികാരം പ്രാധാന്യം കൈവരിക്കുന്നു" എന്ന് അംബേദ്കർ ചൂണ്ടിക്കാണിക്കുന്നു. നിർവഹണ വിഭാഗത്തിലെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും പ്രാതിനിധ്യം "നിയമസഭയിലെ അവരുടെ പ്രാതിനിധ്യ അനുപാതത്തിന് തുല്യമായിരിക്കണമെന്നും" അദ്ദേഹം പറയുന്നു. സിഖ്, ക്രിസ്ത്യൻ വിഭാഗങ്ങളെ പോലുള്ള സംഖ്യാപരമായി ചെറിയ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി "കാബിനറ്റിൽ ഒന്നോ രണ്ടോ സീറ്റുകൾ" സംവരണം ചെയ്യാനും അംബേദ്കർ നിർദ്ദേശിക്കുന്നു. നിയമ നിർവഹണ വിഭാഗത്തിൽ "ഭൂരിപക്ഷത്തിൽ നിന്ന് മാത്രമല്ല, നിയമസഭയിലെ ന്യൂപക്ഷങ്ങളിൽ നിന്നും അവസരമുണ്ടായിരിക്കണം" എന്ന് അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പിൽ വിജയിച്ച ഒരു രാഷ്ട്രീയ പാർട്ടിക്ക് ഗവണ്മെന്റ് രൂപീകരിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ "ഭൂരിപക്ഷത്തെ ഇന്ത്യൻ സാഹചര്യത്തിൽ എതിർക്കുക അസാധ്യമാണെന്ന മുൻകൂർധാരണയി അധിഷ്ഠിതം" ആണെന്നും അംബേദ്കർ പറയുന്നു. അദ്ദേഹം പറയുന്നു; ഭൂരിപക്ഷ ഭരണം "സിദ്ധാന്തത്തിൽ എതിർക്കാനാവാത്തതും പ്രായോഗികമായി ന്യായീകരിക്കാനാവാത്തതുമാണ്. ഒരു ഭൂരിപക്ഷ സമുദായത്തിന് പ്രാതിനിധ്യത്തിൽ ഭൂരിപക്ഷം വഴങ്ങാനായേക്കാമെങ്കിലും, പരിപൂർണമായ ഭൂരിപക്ഷം അകാശപ്പെടാൻ ഒരിക്കലും കഴിയില്ല". പ്രഭാഷണത്തിന്റെ ഒരു ഭാഗത്ത് ഹിന്ദുക്കളുടെ ആകുലതകളെ അഭിമുഖീകരിച്ചു കൊണ്ട് അംബേദ്കർ വിശദീകരിക്കുന്നു;
"ഇന്ത്യയിൽ ഭൂരിപക്ഷം ജന്മസിദ്ധമാണ്, മറിച്ച് നിർമ്മിക്കപ്പെടുന്നതല്ല. ഒരു സാമുദായിക ഭൂരിപക്ഷവും ഒരു രാഷ്ട്രീയ ഭൂരിപക്ഷവും തമ്മിലുള്ള അന്തരം അതാണ്. ഒരു രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരവും സ്ഥായിയാതുമായ ഒന്നല്ല. അത് നിരന്തരം നിർമ്മിക്കപ്പെടുകയും അപനിർമ്മിക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. സാമുദായിക ഭൂരിപക്ഷമാവട്ടെ ഒരു സ്ഥിര ഭൂരിപക്ഷവും സ്ഥായീ നിലയുള്ളതുമാണ്. അതിനെ ഒരാൾക്ക് തകർക്കാൻ കഴിഞ്ഞേക്കാം, പക്ഷേ പരിവർത്തിപ്പിക്കുക സാധ്യമല്ല".
"ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള പ്രധാനമന്ത്രിയും കാബിനറ്റ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെടേണ്ടത് ഹൗസിന്റെ മുഴുവൻ [മുഴുവൻ നിയമസഭാംഗങ്ങളുടെയും] മാറ്റംവരുത്താവുന്ന ഏക വോട്ടിലൂടെ (single transferable vote) ആയിരിക്കണം" എന്നും അംബേദ്കർ നിർദ്ദേശിക്കുന്നു. ഒരു സ്ഥാനാർത്ഥിക്ക് ഒരു വോട്ട് എന്നതിനു പകരം മുഴുവൻ സ്ഥാനാർത്ഥികൾക്കും മുൻഗണന നിശ്ചയിക്കാൻ സമ്മതിദായകർക്ക് അവസരം നൽകുന്ന തിരഞ്ഞെടുപ്പ് രീതിയാണ് 'മാറ്റംവരുത്താവുന്ന ഏക വോട്ട്' എന്നതിന്റെ ഉദ്ദേശം. എന്നാൽ, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള കാബിനറ്റ് അംഗങ്ങളെ നിയമസഭയിലെ അതേ ന്യൂനപക്ഷ സമുദയത്തിൽപെട്ടവരുടെ മാത്രം 'മാറ്റംവരുത്താവുന്ന ഏക വോട്ടിങിലൂടെ' ആയിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടതെന്നും അംബേദ്കർ നിർദ്ദേശിക്കുന്നു.
നിയമസഭയുടെ കാര്യത്തിൽ, ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് പ്രത്യേക ഇലക്ട്രേറ്റ് നൽകുന്ന രീതിയും അംബേദ്കർ മുന്നോട്ടുവെക്കുന്നു. പ്രത്യേക ഇലക്ട്രേറ്റിന് മാത്രമേ "ന്യൂനപക്ഷങ്ങൾക്ക് തങ്ങൾക്ക് വിശ്വാസമുള്ള ആളെ തന്നെ പ്രതിനിധിയായി ലഭിക്കും എന്ന പൂർണ്ണ ഉറപ്പ് നൽകാൻ കഴിയുകയുള്ളൂ" എന്ന് അംബേദ്കർ വിശ്വസിച്ചു. ന്യൂനപക്ഷാംഗങ്ങളെ അവരുടെ സമുദായത്തിലെ ഏറ്റവും കുറഞ്ഞ ശതമാനത്തിന് വോട്ട് ചെയ്യാൻ കഴിയുമെങ്കിൽ സംയുക്ത വോട്ടർമാരിലൂടെയും തിരഞ്ഞെടുക്കാമെന്ന മറ്റൊരു രീതിയും അദ്ദേഹം നിർദ്ദേശിച്ചു. ന്യൂനപക്ഷങ്ങളുടെ കേവല പ്രതീകാത്മക പ്രാതിനിധ്യമായിരുന്നില്ല അംബേദ്കർക്ക് വേണ്ടിയിരുന്നത്, മറിച്ച് 'യഥാർത്ഥ' പ്രാതിനിധ്യം തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് സീറ്റ് വിതരണത്തിന്റെ കാര്യത്തിൽ, ഭൂരിപക്ഷ ഭരണത്തെ ചെറുക്കാനുള്ള ചില തത്വങ്ങളും അംബേദ്കർ മുന്നോട്ടുവെച്ചു. അംബേദ്കർ പറയുന്നു; "നിയമസഭയിൽ ഭൂരിപക്ഷ സമുദായത്തിന് നൽകുന്ന ആനുപാതിക ഭൂരിപക്ഷ പ്രാതിനിധ്യം മറ്റു ചെറിയ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ തങ്ങളുടെ ചട്ടങ്ങൾ നടപ്പിലാക്കാൻ സഹായകമാവും വിധം വലുതാവരുത്". കൂടാതെ, ന്യൂനപക്ഷ സമുദായങ്ങളുടെ താൽപര്യങ്ങളെ പുറന്തള്ളാനുതകും വിധമുള്ള ഭൂരിപക്ഷത്തെ ഏതെങ്കിലുമൊരു ന്യൂനപക്ഷ സമുദായവുമായി ചേർന്നുകൊണ്ട് ഭൂരിപക്ഷ സമുദായത്തിന് രൂപീകരിക്കാനും കഴിയരുത്". "എല്ലാ ന്യൂനപക്ഷങ്ങളും ഒന്നിച്ചു നിന്നാൽ ഭൂരിപക്ഷ സമുദായത്തെ ആശ്രയിക്കാതെ തന്നെ സ്വന്തമായി ഗവണ്മെന്റ് രൂപീകരിക്കാൻ സാധിക്കുന്ന വിധത്തിലാവണം സീറ്റുകൾ വിതരണം ചെയ്യപ്പെടേണ്ടത്."
ജാതിയുടെയും വർഗ്ഗത്തിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ പോലും സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയും ഉറപ്പുനൽകുന്ന എല്ലാ രാഷ്ട്രീയ-മത ന്യൂനപക്ഷങ്ങളുടെയും പൊതു-സേവന മേഖലയിലെ പ്രാതിനിധ്യത്തെയും അംബേദ്കർ മുന്നോട്ടുവെച്ചു. "ഭരണകൂടം ഭരണീയരുടെ സമ്മതത്താലായിരിക്കണം രൂപീകരിക്കപ്പെടേണ്ടത്" എന്നതാണ് "ജനാധിപത്യത്തിന്റെ തത്വസംഹിതയുടെ" തേട്ടം എന്ന് അദ്ദേഹം വിശ്വസിച്ചു. നിയമരൂപീകരണ സംബന്ധിയായ തീരുമാനങ്ങൾക്ക് മുകളിൽ 'ഏകാഭിപ്രായമുള്ള നിയമരൂപീകരണത്തിന്' വേണ്ടി അംബേദ്കർ വാദിച്ചു. അതിന്റെ ഭാഗമായി, ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഏറ്റവും കുറഞ്ഞത് 50 ശതമാനം വോട്ടുകളടങ്ങിയ നാലിൽ മൂന്ന് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ഏതൊരു നിയമവും പാസാക്കാൻ പാടുള്ളൂവെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നാം പ്രവർത്തിക്കുന്നതെങ്കിൽ, മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കഴിഞ്ഞ കാലങ്ങളിലായി പാർലിമെന്റ് പാസ്സാക്കിയ ബില്ലുകൾക്ക് ഭൂരിപക്ഷം മുസ്ലിം എം.പിമാരുടെയും അനുമതി വേണ്ടതുണ്ടാകുമായിരുന്നു.
അംബേദ്കർ മുന്നോട്ടുവെച്ച ഈയൊരു പ്രമേയത്തിന്റെ ആകെയൊരു പോരായ്മയായി പറയാവുന്നത് അത് ഗോത്ര സമുദായങ്ങളെ പുറന്തള്ളുന്നു എന്നുള്ളതാണ്. ഈ സമുദായങ്ങൾ രാഷ്ട്രീയമായി സംഘടിതരല്ലെന്നും അതിനാൽ അവർക്ക് പ്രാതിനിധ്യം നൽകിയാൽ "ഭൂരിപക്ഷത്തിന്റെ കയ്യിലെ ചട്ടുകമായി അവർ എളുപ്പത്തിൽ മാറാമെന്നും" ആണ് അംബേദ്കർ ഇതിന് നൽകിയ വിശദീകരണം. പകരം അവരുടെ ഭരണനിർവഹണത്തിനായി പ്രത്യേക കമ്മീഷനെ നിയമിക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ ഈ അനുമാനം ഇന്ന് പിന്തിരിപ്പനായി തോന്നിയേക്കാം. ഗോത്ര മേഖലകൾ ബ്രിട്ടീഷ് ഭരണനിർവഹണ ഘടനയുടെ പുറത്തായിരുന്നു എല്ലായ്പ്പോഴും ഉണ്ടായിരുന്നത്. എന്നിരുന്നാലും, ഗോത്ര വിഭാഗങ്ങളുടെ അനന്തരാവകാശ നിയമം, വിവാഹം, ആചാരങ്ങൾ തുടങ്ങിയവ ഹിന്ദുക്കളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് ഭരണഘടനാ സമിതിയിൽ വാദിച്ചു കൊണ്ട് അവരുടെ സ്വയംഭരണാധികാരത്തിന് വേണ്ടി അംബേദ്കർ നിലകൊണ്ടു.
കോൺഗ്രസോ മുസ്ലിം ലീഗോ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ വൈസ്രോയിയുടെ മീറ്റിംഗിലാണ് അംബേദ്കർ ഈ പ്രമേയം പ്രസിദ്ധീകരിക്കുന്നത്. 1942ൽ ഏറെ ചർച്ചാ വിഷയമായിരുന്ന സാമുദായിക പ്രതിസന്ധിയുമായി (communal deadlock) ബന്ധപ്പെട്ട സാഹചര്യത്തിലാണ് പ്രസ്തുത യോഗം നടന്നത്. നിയമസഭയിലും നിർവഹണവിഭാഗത്തിലും ഹിന്ദുക്കളുടേതിന് തുല്യമായ പ്രാതിനിധ്യം മുസ്ലിംകൾക്കും വേണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതെങ്കിൽ ന്യൂനപക്ഷങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഒരു ഭരണഘടനാ സമിതിയിലൂടെ തീരുമാനിക്കപ്പെടണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇവർ തമ്മിലുള്ള ഈ പോര് അമുസ്ലിം ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കുകയായിരുന്നു. കോൺഗ്രസ് അംബേദ്കറുടെ പ്രമേയത്തെ തള്ളിക്കളഞ്ഞു. സ്വാതന്ത്രാനന്തരം ഭരണഘടനാ സമിതിയുടെ ന്യൂനപക്ഷ ഉപസമിതിക്ക് മുമ്പാകെ അംബേദ്കർ തന്റെ ആശയങ്ങൾ സമർപ്പിച്ചെങ്കിലും അവരിൽ മിക്കവരും പരാജയപ്പെട്ടിരുന്നു. 1946ലെ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം മാത്രം കാഴ്ച്ചവെക്കാനായ ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സമിതിയിൽ അംബേദ്കറെ പിന്തുണക്കാൻ ചുരുക്കം ചില സഖ്യകക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദി കാരവനിലെ സ്റ്റാഫ് റൈറ്ററാണ് ലേഖകൻ.
കടപ്പാട്: ദി കാരവൻ
സ്വതന്ത്ര വിവർത്തനം: മൻഷാദ് മനാസ്