നൂറു പേജ് തികച്ചില്ലാത്ത ഒരു പുസ്തകം സംഘ്പരിവാറിനെ സ്വൈര്യം കെടുത്തുന്നു
കന്നട കവി ദേവനൂര മഹാദേവയുടെ ‘RSS: The Long and Short of It’ എന്ന പുസ്തകം വായിക്കുന്നു. ഇൗ പുസ്തകവായനപോലും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.
കന്നട കവിയും ചിന്തകനുമായ ദേവനൂര മഹാദേവയുടെ പുതിയ പുസ്തകം ‘ആർ.എസ്.എസ്: ആല മത്തു അഗല’ (RSS: The Long and Short of It) പുറത്തുവരുന്നത് കഴിഞ്ഞ വർഷമാണ്. ഇതിനോടകംതന്നെ ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഉൾെപ്പടെ നിരവധി ഭാഷകളിൽ പുസ്തകം വന്നു. ഏതാണ്ട് പതിനായിരം കോപ്പികൾ കന്നടയിൽ മാത്രം വിറ്റുപോയി എന്നാണ് പ്രസാധകരുടെ വാദം.
ഒരുപക്ഷേ കൂസലില്ലാത്ത സാഹിത്യകാരൻ എന്നതിന് ഉത്തമ ഉദാഹരണമാണ് ദേവനൂര മഹാദേവ. ഇതിനർഥം അനുകമ്പയോ സഹാനുഭൂതിയോ ഇല്ലാത്ത ഒരാളാണ് ദേവനൂര എന്നല്ല. മറിച്ച് അധികാരവർഗത്തോട് കൂസൽ ഇല്ല എന്നാണ്. രാജ്യസഭ സീറ്റ് നിരസിച്ചതായാലും സാഹിത്യ അക്കാദമി അവാർഡ് നിരസിച്ചതായാലും, ഇതെല്ലാം ആ കൂസൽ ഇല്ലായ്മയുടെ അടയാളപ്പെടുത്തലാണ്. അതുകൊണ്ട് മുഖസ്തുതികൾകൊണ്ടോ സ്നേഹസംഭാഷണങ്ങൾകൊണ്ടോ ദേവനൂര മഹാദേവയെ വശീകരിക്കാൻ സാധിക്കില്ല. ഇത് അദ്ദേഹത്തിന്റെ ആരാധകർക്കും വിമർശകർക്കും ഒരുപോലെ അറിയാം. ദേവനൂര മഹാദേവ ദലിത് എഴുത്തുകാരനാണ്. പക്ഷേ അത്തരത്തിൽ അറിയപ്പെടാനല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. ദലിത് എന്നത് മോശമായതുകൊണ്ടല്ല മറിച്ച്, ദലിതർ ദലിതരുടെ മാത്രം പ്രശ്നങ്ങൾ സംസാരിക്കുന്നവരും സവർണ ജാതിക്കാരായ ‘എഴുത്തുകാർ’ മാനവരാശിയുടെ മുഴുവൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ആഗോള പൗരന്മാരുമാണ് എന്നുള്ള തെറ്റായ സവർണ ചിന്താഗതിയെ മറികടക്കാൻ വേണ്ടിയാണിത്. അതുകൊണ്ടു തന്നെ ദേവനൂര മഹാദേവ ഒരു എഴുത്തുകാരൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതും. സോഷ്യലിസ്റ്റ് ചിന്തകളും അംബേദ്കറുടെ ചിന്തകളും സംയോജിപ്പിച്ച് കർഷകരുടെയും ദലിതരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ദേവനൂര മഹാദേവ ശ്രമിച്ചിട്ടുള്ളത്. അടുത്തകാലത്ത് കർണാടകയിൽ ദൃശ്യമായ സംഘ്പരിവാർ ശക്തികളുടെ വളർച്ചക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന കന്നട സാഹിത്യ-ബൗദ്ധിക മണ്ഡലത്തിൽനിന്നുമുള്ള സ്വാഭാവികമായ പ്രതികരണമായി അതുകൊണ്ടു തന്നെ ഈ പുസ്തകത്തെയും നോക്കിക്കാണാം.
കേവലം നൂറു പേജ് പോലും തികച്ചില്ലാത്ത ഈ ലഘുപുസ്തകം സംഘ്പരിവാറിനെ ചെറുതായിട്ടല്ല ൈസ്വരം കെടുത്തിയിരിക്കുന്നത്. സോഷ്യൽമീഡിയ വഴിയുള്ള വധഭീഷണികളും അധിക്ഷേപങ്ങളും തുടരുകയാണ്. എന്താണ് സംഘ്പരിവാറിനെ ഇത്രമാത്രം ചൊടിപ്പിക്കാൻ തക്കരീതിയിൽ ആ പുസ്തകത്തിൽ ഉള്ളത് എന്നത് വളരെ കൗതുകം ഉണർത്തുന്ന ചോദ്യമാണ്. സംഘ്പരിവാറിന്റെ നെടുംതൂണായ ആർ.എസ്.എസിനെ സംക്ഷിപ്തമായി വരച്ചു കാണിക്കുകയാണ് ദേവനൂര മഹാദേവ. കടുകട്ടി വാക്കുകളോ സങ്കീർണമായ വാക്യങ്ങളോ ഇല്ലാതെ വളരെ ലളിതമായി ഏതൊരു സാധാരണക്കാരനും ഗ്രഹിക്കാൻ സാധിക്കുന്ന ഭാഷയിലാണ് പുസ്തകം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏഴു ചെറു അധ്യായങ്ങൾ അടങ്ങുന്നതാണ് പുസ്തകം. ആദ്യ അധ്യായത്തിൽ സംഘ്പരിവാറിന്റെ ചിന്താമണ്ഡലത്തിന്റെ ബൗദ്ധിക പിതാക്കന്മാരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും എഴുത്തുകൾ ഉദ്ധരിച്ചാണ് പുസ്തകം ആരംഭിക്കുന്നത്. ‘മനുസ്മൃതി’യെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന ആർ.എസ്.എസിന് ഒരിക്കലും അംബേദ്കർ നിർമിച്ച ഭരണഘടനയെ അംഗീകരിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ ജാതി മത ലിംഗ വിവേചനമില്ലാത്ത ഇന്ത്യയെ നിലനിർത്താൻ നിലകൊള്ളുന്ന ഭരണഘടനയെ തകർക്കുക എന്നത് സംഘ്പരിവാറിന്റെ ലക്ഷ്യമാണ് എന്ന് ദേവനൂര മഹാദേവ പറയുന്നു. ജാതിവ്യവസ്ഥയാണ് ‘മനുസ്മൃതി’ രൂപകൽപന ചെയ്യുന്നത്. ചാതുർവർണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുരാഷ്ട്രത്തിൽ അവർണർക്കോ സ്ത്രീകൾക്കോ അതുകൊണ്ട് അവകാശങ്ങൾ ഇല്ല. നാസി ജർമനിയോടുള്ള അമിത ആരാധനയും, ന്യൂനപക്ഷങ്ങളെ നാസികൾ കൈകാര്യം ചെയ്തവിധം ഇന്ത്യയും ഉന്മൂലനം ചെയ്യണം എന്നും ആഹ്വാനംചെയ്യുന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും എഴുത്തുകൾ ഇന്ത്യ എന്ന ആശയത്തിനുതന്നെ എതിരാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. സംഘ്പരിവാറിന്റെ ബൈബിളായ ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പ്രസിദ്ധ പുസ്തകത്തിലാണ് സംഘ്പരിവാറിന്റെ ഒട്ടുമിക്ക ഹിന്ദുത്വ ചിന്തകളും അടങ്ങിയിരിക്കുന്നത്. അതിനെ പരിഹസിച്ചു ദേവനൂര മഹാദേവ പറയുന്നത് ഇങ്ങനെ: അതിൽ ചിന്ത മാത്രമില്ല.
‘ഒരു രാജ്യം, ഒരു പതാക, ഒരു ചിന്താഗതി, ഒരു വംശം, ഒരു നേതാവ്' എന്ന നാസി മാതൃകയിൽ ബി.ജെ.പി സർക്കാറും ഭീമൻ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനാൽ ബി.ജെ.പി സർക്കാറുകളുടെ കീഴിൽ ശ്വാസംകിട്ടാതെ വലയുകയാണ് ഇന്ത്യയിലെ ഭരണസംവിധാനങ്ങൾ എന്നതിന്റെ സന്ദർഭങ്ങളാണ് പിന്നീട് വരുന്ന അധ്യായങ്ങളിൽ ദേവനൂര മഹാദേവ വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയായാലും തെരഞ്ഞെടുപ്പ് കമീഷനായാലും ഇതിന് ഉദാഹരണങ്ങളാണ്. സവർക്കറും ഗോൾവാൾക്കറും ഫെഡറലിസം എന്ന സങ്കൽപത്തെ തകർക്കണം എന്നും അനുശാസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇന്ത്യൻ ഫെഡറലിസത്തെ തകർക്കാൻ അവർ ചെയ്തുപോരുന്ന നാനാവിധ പദ്ധതികളിൽ അത്ഭുതമില്ലെന്നും ദേവനൂര കൂട്ടിച്ചേർക്കുന്നു. ജി.എസ്.ടി പോലുള്ള നിയമവ്യവസ്ഥകൾ ഇത്തരത്തിൽ ഇന്ത്യൻ ഫെഡറലിസത്തിനു മൂക്കുകയർ ഇടുകയാണ്, ദേവനൂര മഹാദേവയുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിന്റെ മുന്നിൽ അവരുടെ ഓഹരി നേടാൻ ഓച്ചാനിച്ചു നിൽക്കേണ്ട അവസ്ഥയാണ്.
‘ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ’ എന്ന പദ്ധതി നടപ്പാക്കാനാണ് ഇന്ന് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത് എന്ന് ദേവനൂര മഹാദേവ വായനക്കാരെ ഓർമിപ്പിക്കുന്നു, ഇതിന്റെ ഭാഗമായിട്ടാണ് ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. ഹൈന്ദവരല്ലാത്ത മറ്റു മതസ്ഥർക്കെതിരായ അക്രമങ്ങൾക്കും തെല്ലും കുറവില്ല. അത് കേവലം മുസ്ലിം വിരുദ്ധത മാത്രമല്ല, മറിച്ച് എല്ലാ ഹൈന്ദവ ഇതര മതവിശ്വാസികളെയും ഉന്മൂലനം ചെയ്യണം എന്നതാണ് സംഘ്പരിവാർ അജണ്ട എന്നും ദേവനൂര മഹാദേവ എഴുതുന്നു. ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ ഛത്തിസ്ഗഢിൽ ക്രിസ്ത്യാനികൾക്ക് എതിരെ നടന്ന അതിക്രമങ്ങൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിൽ രൂപകൊണ്ട മറ്റു മതങ്ങളായ സിഖ്, ജൈന, ബുദ്ധ മതങ്ങളോട് നീരസം തോന്നാനുള്ള കാരണം ഈ മതങ്ങൾ ‘മനുസ്മൃതി’ അനാവരണംചെയ്ത ചാതുർവർണ്യത്തെ നിരാകരിക്കുന്നതുകൊണ്ടാണെന്ന് എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന അവർണ ജാതിയിൽപെടുന്നവർ ക്രൈസ്തവ-ഇസ്ലാമിക മതപരിവർത്തനം ചെയ്യുന്നതും ജാതിവിവേചനങ്ങൾ മറികടക്കാൻ വേണ്ടിയാണ്. ഈ കാരണങ്ങളാലൊക്കെ തന്നെ മറ്റു മതങ്ങളെയെല്ലാം ബി.ജെ.പി എതിർക്കുന്നു. അതിനെ തടയിടാൻവേണ്ടി നിയമനിർമാണങ്ങൾ നടത്തുന്നു. തന്റെ സ്വന്തം സംസ്ഥാനമായ കർണാടകയിൽ ബി.ജെ.പി സർക്കാർ നിലവിൽ കൊണ്ടുവന്ന മതപരിവർത്തന നിയന്ത്രിത നിയമമാണ് ദേവനൂര മഹാദേവ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ നിയമം അനുസരിച്ച് മതം മാറാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുന്നേ നോട്ടീസ് നൽകേണ്ട അവസ്ഥയാണ്. നൽകിയ നോട്ടീസിന് പൊതുജനങ്ങളുടെ എതിർപ്പില്ലെങ്കിൽ മാത്രമേ മതം മാറാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം എത്രത്തോളം നീചവും വിദ്വേഷം നിറഞ്ഞതുമാണ് എന്ന് വായനക്കാർക്ക് വെളിപ്പെടുത്തിക്കൊടുത്ത ശേഷം, ഇന്ത്യയെ വീണ്ടെടുക്കേണ്ടതിന് അടിയന്തരമായി ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറത്താക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പുസ്തകം അവസാനിക്കുന്നു.
ചരിത്രത്തെ വളച്ചൊടിക്കുക എന്നതാണ് എക്കാലത്തും സംഘ്പരിവാർ അജണ്ട. ആര്യന്മാരുടെ ഉദ്ഭവത്തെ ചുറ്റിപ്പറ്റിയുള്ള കുപ്രചാരണങ്ങൾ സംഘത്തിന്റെ തുടക്കകാലം മുതലേ ഉണ്ട്. ഇന്ത്യ എന്ന ആശയത്തിന്റെ ഉദ്ഭവത്തെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന തരത്തിലുള്ളതാണ് സംഘത്തിന്റെ പല അവകാശവാദങ്ങളും. സംഘ്പരിവാർ ഇതുവരെയും തിരിച്ചറിയാത്ത ഒന്നാണ് ഇന്ത്യ എന്ന ഭൂരേഖ ബ്രിട്ടീഷുകാരുടെ വരവോടുകൂടി മാത്രമാണ് അനായാസമായി കാണപ്പെടാവുന്ന ഒന്നായി മാറുന്നത്. അതുപോലെതന്നെ ആര്യന്മാർ ഇന്ത്യയിൽ അല്ല ഉദ്ഭവിച്ചത് എന്ന ചരിത്രവസ്തുതയെ സംഘ്പരിവാർ മനഃപൂർവം തുടച്ചുമാറ്റാൻ ശ്രമിക്കുന്ന ഒന്നാണ്. പിൽക്കാലത്ത് 98ൽ മുരളി മനോഹർ ജോഷി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ചരിത്ര പാഠഭാഗങ്ങൾ വൻതോതിൽ ഭേദഗതി വരുത്തിയതും കുപ്രസിദ്ധമായിരുന്നു. ഇന്ന് വീണ്ടും അധികാരത്തിൽ വന്നശേഷം ഇത് വൻതോതിൽ വീണ്ടും ആവർത്തിക്കുന്നു. അതോടൊപ്പം ഇന്ന് ഈ പ്രചാരങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് സോഷ്യൽ മീഡിയയിലെ ബി.ജെ.പി ഐ.ടി സെല്ലാണ്. മുസ്ലിം വിരുദ്ധത മുതൽ ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്ന വാട്സ്ആപ് ഫോർവേഡുകൾ വരെ കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ഇവർ നിറവേറ്റുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ബി.ബി.സിയുടെ മോദിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങൾ സംഘ്പരിവാർ എത്രത്തോളം ചരിത്രത്തെ ഭയപ്പെടുന്നു എന്നതിന് ഉദാഹരണമായി കൂട്ടിച്ചേർക്കാവുന്നതാണ്.
ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറത്താക്കാൻ ആഹ്വാനംചെയ്യുകയാണ് ദേവനൂര മഹാദേവ. അതിന് എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി ഒന്നിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒന്ന്, അങ്ങനെ കേവലം ഒരു തെരഞ്ഞെടുപ്പിലെ വിജയം വഴിയുള്ള ഭരണ കൈമാറ്റംകൊണ്ടുമാത്രം അവസാനിക്കുന്നതല്ല സംഘ്പരിവാർ രാജ്യത്തിൽ വരുത്തിവെച്ച നഷ്ടങ്ങൾ. ഇതിനോടൊപ്പംതന്നെ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വസ്തുത ഇന്ന് സംഘ്പരിവാറിനെ പ്രത്യയശാസ്ത്രപരമായി എതിർക്കാൻപോന്ന ഒരു ശക്തി ഇന്ത്യയിൽ ഇല്ല എന്നുള്ളതാണ്. ഒരു രാജ്യത്തിന്റെ അല്ലെങ്കിൽ ലോകത്തിന്റെ ഗതിയെ വിലയിരുത്തുമ്പോൾ നാം ആദ്യ പരിഗണന നൽകേണ്ടത് ഇന്ന് ആഗോളതലത്തിൽ എങ്ങനെയാണ് മൂലധനം പ്രവർത്തിക്കുന്നത് എന്നതാണ്. അത്തരത്തിലുള്ള നിരീക്ഷണങ്ങൾക്കോ വിമർശനങ്ങൾക്കോ പുസ്തകത്തിൽ ദേവനൂര മഹാദേവ തയാറാവുന്നില്ല. എന്നാൽ, ബി.ജെ.പി സർക്കാർ നിലവിൽ വന്ന ശേഷമുള്ള അംബാനി, അദാനി തുടങ്ങിയ അതിസമ്പന്നരുടെ വളർച്ച പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ബി.ജെ.പിക്കു പകരം ഇന്ന് കോൺഗ്രസോ മറ്റേതെങ്കിലും പാർട്ടിയോ ആയിരുന്നു അധികാരത്തിലെങ്കിൽ ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമായിരുന്നോ എന്നാണ്. അതുകൊണ്ടുതന്നെ കേവലം ഒരു തെരഞ്ഞെടുപ്പിലെ അധികാര കൈമാറ്റംകൊണ്ടുമാത്രം ഇന്ത്യയെ സംരക്ഷിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നത് ഉപരിപ്ലവമായ ഒന്നാണ്. ഒരു സമൂലമായ മാറ്റമാണ് ലക്ഷ്യംവെക്കുന്നതെങ്കിൽ ആഗോള മുതലാളിത്തത്തെ വിലയിരുത്തുകയും പഠിക്കുകയും വേണ്ടിവരും. കാരണം, ജാതി ഉൾെപ്പടെ എല്ലാ സാമൂഹിക ബന്ധങ്ങളുടെയും അടിസ്ഥാനം മൂലധനം-അധികാര ബന്ധങ്ങളാണ്. ദേവനൂര മഹാദേവ അത്തരത്തിലുള്ളൊരു പഠനത്തിന് തന്റെ ഈ ചെറു പുസ്തകത്തിൽ തയാറാവുന്നില്ല. അങ്ങനെ ഒരു ശ്രമവുമല്ല തന്റെ ഈ പുസ്തകം എന്നും അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്. മറിച്ച് ഈ ചെറു പുസ്തകം വരുംകാലങ്ങളിൽ സംഘ്പരിവാറിനെ തളക്കാൻ മുതിരുന്നവർക്ക് ഒരു പ്രചോദനം നൽകുക മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. സംഘ്പരിവാറിനെ ആഴത്തിൽ മനസ്സിലാക്കാൻ ഈ ചെറു പുസ്തകം നമ്മെ സഹായിക്കും. അത് വരും കാലങ്ങളിൽ പ്രത്യയശാസ്ത്രപരമായി ബി.ജെ.പിയെ നേരിടുന്നതിൽ നമ്മളെ കൂടുതൽ പ്രാപ്തരാക്കും. അതുകൊണ്ടുതന്നെ വായനയിൽ അല്ല മറിച്ച് വായനക്കുശേഷം നമ്മൾ എന്തു ചെയ്യുന്നു എന്നതിലാകും പ്രസക്തി. വലിയ ഒരു ശതമാനം വരുന്ന ജനങ്ങൾക്ക് സംഘ്പരിവാറിന്റെ തത്ത്വശാസ്ത്രത്തെ വളരെ എളുപ്പത്തിൽ അറിയാനും അതുവഴി ബി.ജെ.പി ഐ.ടി സെല്ലിന്റെ കുപ്രചാരണങ്ങളിൽ വീഴാതെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാനും അത് നമ്മെ പ്രാപ്തരാക്കും. ഇന്ത്യ ഇന്നൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, അതിനെ മറികടക്കാൻവേണ്ടിയുള്ള ഏറ്റവും വലിയ മുതൽക്കൂട്ട് അതിനു കാരണക്കാരായവരെ മൗലികമായ തലത്തിൽ പ്രത്യയശാസ്ത്രപരമായി നേരിടാൻ സജ്ജരാകുക എന്നതാണ്. ആ കർത്തവ്യം നിറവേറ്റുന്നതിൽ ദേവനൂര മഹാദേവ വിജയിച്ചു.