ഒരു രോഗം കേരളത്തെ വിഴുങ്ങുന്നവിധം
ഇന്ത്യയിൽ എൻ.സി.ഡിയുടെ ഹോട്ട്സ്പോട്ടായി കേരളം മാറിയിട്ടുമുണ്ട്. അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിരേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട എൻ.സി.ഡികൾ.
ആരോഗ്യ മേഖലയിൽ കേരളം സവിശേഷമായൊരു ‘മാതൃക’ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ആഗോള തലത്തിൽ തന്നെ പുതിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വിപത്തായി കണക്കാക്കപ്പെടുന്ന എൻ.സി.ഡിയെ (നോൺ കമ്മ്യൂണിക്കബ്ൾ ഡിസീസസ്) പിടിച്ചുകെട്ടാനുള്ള പദ്ധതികളൊന്നും അത്രകണ്ട് ഫലപ്രദമായിട്ടില്ലെന്നാണ് അനുഭവം. എന്നല്ല, ഇന്ത്യയിൽ എൻ.സി.ഡിയുടെ ഹോട്ട്സ്പോട്ടായി കേരളം മാറിയിട്ടുമുണ്ട്. അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിരേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട എൻ.സി.ഡികൾ. 90കളുടെ തുടക്കത്തിൽ, മാതൃ-ശിശുമരണം ലക്ഷത്തിൽ 143 ആയിരുന്നു കേരളത്തിൽ; 2019ൽ അത് 65ലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് തീർച്ചയായും ആരോഗ്യ മോഡലിന്റെ നേട്ടമാണ്. ക്ഷയരോഗവും ഇതേ അളവിൽ പകുതിയായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡിഫ്ത്തീരിയ, മീസിൽസ് (അഞ്ചാംപനി) എന്നിവ ഏറെക്കുറെ നിർമാർജ്ജനം ചെയ്യാനും സാധിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ് മൂലമുള്ള മരണം 90കളിൽ നാലിനടുത്തായിരുന്നത് ഇപ്പോഴത് 0.31ലെത്തിക്കാനും സാധിച്ചിട്ടുണ്ട്. ഇതൊന്നും നിസാരമായ നേട്ടങ്ങളല്ല. വിശേഷിച്ചും, ഉത്തരേന്ത്യയിൽ ഇതേ രോഗങ്ങളാൽ നിരവധി മരണങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ.
അതേസമയം, എൻ.സി.ഡിയുടെ കാര്യം നോക്കൂ: 1991ൽ, കേരളത്തിൽ ലക്ഷത്തിൽ 420 മരണങ്ങൾ എൻ.സി.ഡി മൂലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിപ്പോൾ 600 കടന്നിരിക്കുന്നു. കാർഡിയോ വാസ്കുലാർ (231-292), ആസ്തമ (62-67), പ്രമേഹം (35-65) എന്നിങ്ങനെയാണ് ഇതിന്റെ വിശദാംശങ്ങൾ. ഇതിൽ പ്രമേഹത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഇരുപത് വർഷത്തിനിടെ, പ്രമേഹത്താലുള്ള മരണ നിരക്ക് സംസ്ഥാനത്ത് ഇരട്ടിയായിരിക്കുന്നു! എൻ.സി.ഡിയിൽ തന്നെ, കേരളത്തെ കാർന്നുതിന്നുന്ന മഹാവിപത്താണ് പ്രമേഹമെന്നർഥം. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് പലരും കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. രാജ്യത്ത് എട്ട് ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് കണക്ക്. കേരളത്തിലിത് 20 ശതമാനത്തിനും മുകളിലാണ്. അതായത്, അഞ്ചിലൊന്ന് പേർ! സംസ്ഥാനത്ത് പ്രമേഹ വ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒട്ടേറെ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിലൊന്ന്, പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് കീഴിലുള്ള ലൈഫ് സ്റ്റൈൽ ഡീസീസസ് ഇൻ സെൻട്രൽ കേരള (സ്ലിക്ക്) നടത്തിയ പഠനമാണ്. വെൺമണി പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ 18ന് മുകളിൽ പ്രായമുള്ള 1645 ആളുകളിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. 2007ൽ, ഈയാളുകളിൽനിന്ന് രക്ത സാമ്പിളുകൾ അടക്കം എടുത്ത് ആരോഗസംബന്ധമായ, വിശേഷിച്ചും പ്രമേഹ സംബന്ധിയായ, വിവരങ്ങൾ ശേഖരിച്ചു. പത്ത് വർഷത്തിനുശേഷം, ഇതേ ആളുകളിൽനിന്ന് വീണ്ടും വിവരശേഖരണം നടത്തി. ഇതായിരുന്നു, പഠനത്തിന്റെ രീതിശാസ്ത്രം. പത്ത് വർഷത്തിനിടെ എന്തെല്ലാം മാറ്റങ്ങളാണ് ഇവരിൽ സംഭവിച്ചതെന്നന്വേഷണമാണിത്. 2007ൽ, പ്രമേഹ രോഗ വ്യാപനം, 14 ശതമാനമാണെന്നാണ് കണ്ടെത്തിയത്; അതായത്, 1645ൽ, 241 പേർ പ്രമേഹ രോഗികളാണ്. അഞ്ച് ശതമാനം ആളുകളെ ‘പ്രീ ഡയബെറ്റിക്’ (ഐ.എഫ്.ജി)എന്നും തരം തിരിച്ചു. അഥവാ, നിലവിൽ അവർ പ്രമേഹ രോഗികകളല്ല. അതേസമയം, ഭക്ഷണത്തിനുമുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേതിനേക്കാൾ കുടുതലുമാണ്.
പത്ത് വർഷത്തിനുശേഷം, പഠന സംഘം ഇതേ ആളുകളെ കാണാൻ പോയി. അപ്പോഴേക്കും 1645ൽ, 143 പേർ മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരിൽ 261 പേർ ആ പഞ്ചായത്തിൽനിന്നും സ്ഥലം മാറി പോയി. 13 പേർ രോഗാവസ്ഥയിലും 118 പേർ സർവേയോട് സഹകരിക്കാനും തയാറായില്ല. ചുരുക്കത്തിൽ, 2017ൽ വിവരശേഖരണം നടത്തിത് 869 പേരിൽനിന്നു മാത്രമാണ്. ഇതിൽ 190 പേർ പ്രമേഹ രോഗികളെന്ന് കണ്ടെത്തി (22 ശതമാനം; എട്ട് ശതമാനം വർധനവ്). ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ, പ്രീ ഡയബറ്റിക് ഘട്ടത്തിലുള്ളവരുടെ എണ്ണം വർധിച്ചുവെന്നതാണ്- 35 ശതമാനം! ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചു നടത്തിയ ഈ പഠനം കേരളത്തിലെ പ്രമേഹ വ്യാപന തീവ്രത വ്യക്തമാക്കാൻ പര്യാപ്തമാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നല്ല, 2007ൽ പ്രീ ഡയബെറ്റിക് ഘട്ടത്തിലുണ്ടായിരുന്ന 65 ശതമാനം ആളുകളും പത്ത് വർഷമായപ്പോഴേക്കും പ്രമേഹരോഗികളായി മാറിയിട്ടുണ്ട്. 2017ൽ, മൊത്തം ആളുകളിൽ മൂന്നിലൊന്ന് പേർ പ്രീ ഡയബെറ്റിക് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതർഥമാക്കുന്നത്, ഒരു മഹാവ്യാധിയുടെ നിഴലിലാണ് നാമെന്നതാണ്.
‘സ്ലിക്കി’ന്റെ പഠനഫലങ്ങളെ സാധൂകരിക്കുന്ന ഒട്ടനവധി റിപ്പോർട്ടുകൾ വിവിധ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്ന് അടുത്തിടെ, ‘ലാൻസെറ്റ്’ എന്ന മെഡിക്കൽ ജേർണൽ പുറത്തുവിട്ട പഠനമാണ്. അതുപ്രകാരം, ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിൽ പ്രമേഹം ‘വ്യാപിച്ചു’കൊണ്ടിരിക്കുന്നുവെന്നതാണ്. സംസ്ഥാനത്തെ 20 വയസിന് മുകളിലുള്ള പകുതി പേരും രോഗഭീഷണിയിലാണത്രെ. മുമ്പ്, 50 വയസിന് മുകളിലുള്ളവരിലാണ് രോഗം കണ്ടിരുന്നതെങ്കിൽ ഇപ്പോഴത് 30 മുതലേ കണ്ടുവരുന്നു. ജീവിതശൈലിയിലും മറ്റുമുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണം. പ്രമേഹ രോഗവ്യാപന തീവ്രത മനസിലാക്കാൻ ലാൻസെറ്റ് പുറത്തുവിട്ട ‘പ്രമേഹ ഭൂപടം’ ശ്രദ്ധിക്കുക.
ചുരുക്കത്തിൽ, പ്രമേഹമെന്നത് (എൻ.സി.ഡി പൊതുവെയും) കേരളത്തെ ഗ്രസിച്ച പുതിയൊരു ആരോഗ്യ അടിയന്തരാവസ്ഥയാണ്. പ്രമേഹം മാത്രമല്ല, ഭാരക്കൂടുതൽ പോലുള്ള അനുബന്ധ ആരോഗ്യ സങ്കീർണതകളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ഈ ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാൻ നിലവിലെ നമ്മുടെ സംവിധാനങ്ങൾ മതിയാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പൊതുവിൽ, എൻ.സി.ഡി പ്രതിരോധത്തിനായി ‘അമൃതം ആരോഗ്യം’ പോലുള്ള പദ്ധതികളുണ്ടെങ്കിലും വ്യാപന തീവ്രത നാം സങ്കൽപിക്കുന്നതിനുമപ്പുറംപോയ സാഹചര്യത്തിൽ അവ പര്യാപ്തമാകില്ല. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ സമഗ്രമായ മറ്റൊരു ആരോഗ്യ നയം കേരളം ആവശ്യപ്പെടുന്നുണ്ട്. നിർഭാഗ്യവശാൽ, അടുത്തിടെ കേരള നിയമസഭ പാസാക്കിയ ആരോഗ്യ നയത്തിൽപോലും ഇതുൾപ്പെടാതെ പോയി.