Begin typing your search above and press return to search.
proflie-avatar
Login

‘‘ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സംഭവം അതാണ്’’ -സിദ്ദീഖ് പങ്കുവെച്ച ചിരിയോർമ

‘‘ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സംഭവം അതാണ്’’ -സിദ്ദീഖ് പങ്കുവെച്ച ചിരിയോർമ
cancel

ഒന്നു മുഖത്തേക്ക്​ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചാൽ ആർക്കാണതിഷ്​ടമാകാത്തത്​. ചിരിയിലലിഞ്ഞുപോകുന്ന സങ്കടങ്ങളും ചിരി തീർത്തുതരുന്ന പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്​ നാം. മതിമറന്നുചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണെന്നാണ്​ പറയാറ്​. മനസ്സിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസ്സു തുറന്ന്​ ചിരിക്കാൻ കഴിഞ്ഞാൽതന്നെ വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞുതന്നിട്ടല്ലെങ്കിലും മുതിരുന്തോറും പലരും പുഞ്ചിരിക്കാൻപോലും മറക്കുകയാണ്.


ജീവിതവേഗക്കാലത്ത്​ ചിരികളിൽപോലും കാപട്യം നിറഞ്ഞുതുടങ്ങി. ചിരി പക്ഷേ, ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല, ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾപോലും പറയുന്നത്​. സിനിമകൾ നമുക്ക്​ സമ്മാനിച്ചിട്ടുള്ള ചിരികൾ കുറച്ചൊന്നുമല്ല. എണ്ണിയാലൊടുങ്ങാത്ത തമാശകൾ ഒറ്റനിമിഷത്തിൽ ഓർത്തുപറയാനും മാത്രം ഉണ്ടാകും. എല്ലാ വേപഥുവും പ്രയാസവും മറന്ന്​ ഒന്ന്​ ആർത്തുചിരിക്കാൻ പലപ്പോഴും നാം ആശ്രയിക്കുന്നതും സിനിമകളെയാണല്ലോ. ജീവിതത്തിൽതന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സംഭവത്തെ കുറിച്ച്​ മനസ്സു തുറക്കുകയാണ്​ മലയാളത്തി​െൻറ പ്രിയപ്പെട്ട സംവിധായകൻ സിദ്ദീഖ്​.


റാംജി റാവു സ്​പീക്കിങ്​, ഇൻ ഹരിഹർ നഗർ, വിയറ്റ്​നാം കോളനി, കാബൂളിവാല, ഫ്രണ്ട്​സ്​, ബോഡി ഗാർഡ്​... മലയാളിയെ കുടുകുടെ ചിരിപ്പിച്ചിട്ടുള്ള സിനിമകളാണ്​ ഒക്കെയും. ഇത്രമേൽ ചിരി നിറച്ച്​ ഈ സിനിമകൾ സൃഷ്​ടിച്ച സംവിധായകൻ സിദ്ദീഖി​െൻറ ജീവിതത്തിലും ചിരിനിമിഷങ്ങൾ കുറവല്ല. കേവലാനന്ദത്തിനായി സിനിമകളിൽ ചിരി നിറച്ചതല്ലെന്ന്​ അദ്ദേഹം പറയും. തമാശയുടെ ബേസ്​ നിഷ്​കളങ്കതയാണ്​. അതുകൊണ്ടാണ്​ തമാശ കണ്ട്​ ഉള്ളറിഞ്ഞ്​ ചിരിക്കാൻ കഴിയുന്നത്​. ഹ്യൂമറി​െൻറ ഇംപാക്​ട്​ എന്താണെന്ന്​ എനിക്ക്​ നന്നായറിയാം. ഫ്രണ്ട്​സ്​ സിനിമയിൽ അനവസരത്തിൽ ചിരിക്കുന്ന ശ്രീനിവാസൻ തിയറ്ററുകളിൽ ​പൊട്ടിച്ചിരി പടർത്തി. ജനാർദനൻ വീണപ്പോൾ എല്ലാവരും ചിരിച്ചു. ശ്രീനിവാസന്​ ചിരി അടക്കാൻ കഴിഞ്ഞില്ല. അയാൾ കുറച്ചുകൂടുതൽ ചിരിച്ചു. അത്​ അയാളുടെ നിഷ്​കളങ്കതയാണ്. കരച്ചിലും അതുപോലെയാണ്​. ഇൻ ഹരിഹർ നഗർ സിനിമയിൽ ജഗദീഷി​െൻറ കഥാപാത്രം അനവസരത്തിൽ കരയുന്നതും നിഷ്​കളങ്കത കൊണ്ടാണ്​. ജഗദീഷ​ിെൻറതന്നെ കഥാപാത്രം ‘കാക്ക തൂറിയതാണെന്ന്​ തോന്നുന്നു’ എന്ന്​ പറയുന്ന സീൻ ഒഴിവാക്കാൻ പറഞ്ഞവരുണ്ട്​. സ്​ക്രിപ്​റ്റ്​ വായിച്ചാൽ അതിലെ ഹ്യൂമർ തീരെ പിടികിട്ടില്ലായിരുന്നു. പക്ഷേ, അത്​ ഏറ്റവും നല്ല തമാശസീനുകളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു -സിദ്ദീഖ്​ പറയുന്നു.


താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച നിമിഷത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്​സ്​ സിനിമ റിലീസായ സമയത്തുണ്ടായ ഒരു സംഭവമാണ്​ ജീവിതത്തിൽ അങ്ങേയറ്റം ചിരിപ്പിച്ചിട്ടുള്ളത്​. അത്​ ഓർത്ത്​ ഇപ്പോഴും ചിരി അടക്കാനാവാറില്ല. പത്തനംതിട്ടയിലെ ഒരു തിയറ്ററിൽ നടന്ന സംഭവമാണ്. ബി ക്ലാസ്​ തിയറ്ററാണ്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഒന്നുംതന്നെയില്ല. സിനിമ തുടങ്ങി. കാണികൾ ഇങ്ങനെ ഹരം പിടിച്ച്​ ഇരിക്കുകയാണ്​. പാതി പിന്നിട്ടുണ്ടാകണം. അതിനിടയിൽ സ്​ക്രീനിൽ ഒരു അറിയിപ്പ്​ പ്രത്യക്ഷപ്പെട്ടു. ‘ഫയർ പുറത്തുവരുക’ എന്നായിരുന്നു അത്. സന്ദേശം സ്​ക്രീനിൽ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർ ആകെ ഇളകിമറിഞ്ഞു. തിയറ്ററിന്​ തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി തിക്കും തിരക്കും കൂട്ടി പുറത്തേക്ക്​ ഓടി. പലർക്കും തിരക്കിനിടയിൽപെട്ട്​ പരിക്കുപറ്റി. തിയറ്ററി​െൻറ വാതിൽ തല്ലിത്തകർത്ത്​ എല്ലാ കാണികളും ഒരുവിധം പുറത്തുകടന്നു. പുറത്തേക്ക്​ ഓടിയ ജനങ്ങൾ തിയറ്ററി​െൻറ കുറച്ചുദൂരം മാറിനിന്നിട്ട്​ തീപിടിച്ച ദൃശ്യം കാണുന്നതിനായി പിന്തിരിഞ്ഞുനിന്നു. അവിടെയതാ, തിയറ്റർ ഉടമയും ഓപറേറ്ററും എന്താണ്​ സംഭവിക്കുന്നതെന്നറിയാതെ വാപൊളിച്ചുനിൽക്കുന്നു. തീ ഭയന്ന്​ ഇറങ്ങിയോടിയ ആളുകൾ കുറച്ചുകഴിഞ്ഞ്​ തിരികെയെത്തി. അവർ തിയറ്റർ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങൾ തിരക്കി. പിന്നീട്​ പൂരത്തിന്​ അമിട്ട്​ പൊട്ടും കണക്കെ അടിപൊട്ടി. ഉടമയെയും ഓപറേറ്ററെയും പഞ്ഞിക്കിട്ട കാണികൾ തിയറ്ററും തല്ലിപ്പൊളിച്ചാണ്​ അവിടെനിന്ന്​ മടങ്ങിയത്​.

ഓപ്പറേറ്ററുടെ എഡിറ്റിങ് പറ്റിച്ച പണി

ഫ്രണ്ട്​സ്​ സിനിമ ​തിയറ്ററുകളിൽ നിറഞ്ഞോടുന്ന സമയമായിരുന്നു അത്​. എങ്ങും ടിക്കറ്റുകൾ കിട്ടാനില്ല. ഹൗസ്​ ഫുൾ. നമ്മുടെ അടി നടന്ന തിയറ്ററി​ന്റെ തൊട്ടടുത്ത്​ ഒരു ഫയർ ഫോഴ്​സ്​ ഓഫിസ്​ പ്രവർത്തിക്കുന്നുണ്ട്. ഒരുദിവസം മോണിങ്​ ഷോ കാണാൻ ഫയർ ഫോഴ്​സ്​ ഓഫിസിലെ മുഖ്യ ഓഫിസർ അടക്കം മുഴുവൻ ജീവനക്കാരും തിയറ്ററിൽ എത്തി. എന്തെങ്കിലും സംഭവിച്ചാൽ തൊട്ടടുത്താണല്ലോ ഓഫിസ്​ എന്ന ധൈര്യമാകണം അവർ എല്ലാവരുംകൂടി ഒരുമിച്ച്​ സിനിമക്ക്​ എത്താൻ കാരണം. പടം തുടങ്ങി കുറച്ചുകഴിഞ്ഞ്​ കാണണം. അടിയന്തര ആവശ്യവുമായി ചിലർ ഫയർ ഫോഴ്​സ്​ ഓഫിസിൽ എത്തി. അവിടെ ആരെയും കാണാത്തതിനെ തുടർന്ന്​ തൊട്ടടുത്തുള്ള തിയറ്ററിൽ എത്തി അന്വേഷിച്ചു.

തിയറ്റർ നിറഞ്ഞുകവിഞ്ഞ്​ ആളുകൾ ആയതിനാൽ അകത്തുകയറി ഫയർ ഫോഴ്​സ്​ ഓഫിസർമാരെ വിളിക്കൽ പ്രായോഗികമല്ല. കാണികൾ പ്രശ്​നമുണ്ടാക്കും. അവസാനം തിയറ്റർ ഉടമതന്നെ ഒരുപായം കണ്ടെത്തി. പ്രദർശനത്തിനിടയിൽ സുപ്രധാന വിവരങ്ങൾ പങ്കുവെക്കാൻ ​ൈസ്ലഡ്​ ഇടാൻ കഴിയും. സ്​ക്രീനിൽ സിനിമ കാഴ്ചക്ക്​ തടസ്സം വരാതെതന്നെ വിവരം പങ്കുവെക്കാനും കഴിയും. ‘ഫയർ ഫോഴ്​സ്​ ഓഫിസർമാർ പുറത്തുവരുക’ എന്ന്​ എഴുതി ​ൈസ്ലഡ്​ പ്രദർശിപ്പിക്കാൻ മുതലാളി ഓപറേറ്ററോട്​ പറഞ്ഞു. അദ്ദേഹം അത്​ ചുരുക്കി എഡിറ്റ്​ ചെയ്​ത്​ ‘ഫയർ പുറത്തുവരുക’ എന്നാക്കി ​ൈസ്ലഡിൽ പ്രദർശിപ്പിച്ചു. ഇതാണ്​ പൊല്ലാപ്പിനെല്ലാം കാരണമായത്​. തിയറ്ററിന്​ തീപിടിച്ചിരിക്കുന്നു. ഉടൻ പുറത്തുകടക്കണം എന്ന വിവരമാണെന്ന്​ തെറ്റിദ്ധരിച്ച കാണികൾ ഇറങ്ങി ഓടുകയായിരുന്നു. പിറ്റേന്ന്​ ഒട്ടുമിക്ക പത്രങ്ങളിലും ഇതി​െൻറ ഹാസ്യാത്മക വിവരണം ഉണ്ടായിരുന്നു.

(മാധ്യമം കുടുംബം 2022 ജനുവരി പ്രസിദ്ധീകരിച്ചത്)

Show More expand_more
News Summary - director siddique memory