Begin typing your search above and press return to search.
proflie-avatar
Login

ഇലോൺ മസ്ക് ട്വിറ്ററിൽ ചെയ്തുകൂട്ടുന്നതെന്ത്?

elon musk twitter takeover
cancel

ജീവനക്കാരെ കഠിനമായി പണിയെടുപ്പിക്കുക, തോന്നിയപോലെ പുറത്താക്കുക, കമ്പനി പൂട്ടാറായെന്ന് മുറവിളി കൂട്ടുക - ഇലോൺ മസ്ക് തന്റെ തുറുപ്പുചീട്ടുകൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ ട്വിറ്റർ എങ്ങോട്ടാണ് പോകുന്നത്?

ഫീസിലായിരുന്നു ഇലോൺ മസ്ക് കിടന്നുറങ്ങിയിരുന്നത്. ജോലിക്കാരെയും എക്സിക്യൂറ്റീവുകളെയും തോന്നിയപോലെ പിരിച്ചുവിട്ടു. എന്നിട്ടയാൾ കമ്പനി പാപ്പരത്വത്തിന്റെ വക്കിലാണെന്ന് സ്വയം വിലപിക്കുകയും ചെയ്തു.

ഇതൊക്കെ 2018ലെ കഥയാണ്. ആ കമ്പനിയെ ഇന്ന് നിങ്ങളറിയും - ടെസ്‍ല. മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനി പുതിയ കാറായ 'മോഡൽ 3'യുടെ വൻതോതിലുള്ള ഉത്പാദനത്തിനായി കഠിനപ്രയത്നം ചെയ്തിരുന്ന നാളുകളായിരുന്നു അത്.

അക്കാലത്ത് ന്യൂയോർക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, "ഒരു പീഡനാനുഭവമായിരുന്നു അത്''. തുടർച്ചയായി മൂന്നോ നാലോ നാളുകൾ ഫാക്ടറിക്ക് വെളിയിലിറങ്ങാതിരുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ദേഹത്ത് സൂര്യവെളിച്ചം തട്ടാത്ത ദിവസങ്ങൾ."

44 ബില്യണിന് കഴിഞ്ഞ മാസം വാങ്ങിയ ട്വിറ്ററിൽ മസ്ക് ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് ബ്ലൂപ്രിന്റാവുന്നത് ടെസ്‌ലയുടെ പ്രൊഡക്ഷൻ നരകമെന്ന് അയാൾ തന്നെ വിശേഷിപ്പിച്ച ഈ അനുഭവമാണ്. റോക്കറ്റ് നിർമാതാക്കളായ സ്പേസ് എക്‌സാവട്ടെ, ടെസ്‌ലയാവട്ടെ - തന്റെ കമ്പനികളുടെ നടത്തിപ്പിൽ തന്റേതായൊരു ശൈലി അയാൾ വികസിപ്പിച്ചിട്ടുണ്ട്. ആപൽസൂചന നിറഞ്ഞ ഷോക്ക് ട്രീറ്റ്മെന്റുകളിലൂടെ കുടുംബത്തെയും ചങ്ങാതിമാരെയുമെല്ലാം മറന്ന് പൂർണമായും തന്റെ ദൗത്യത്തിൽ വ്യാപൃതരാവാൻ സ്വന്തത്തെയും ജോലിക്കാരെയും നിർബന്ധിച്ചാണ് ദുരിതപൂർണമായ കാലഘട്ടങ്ങളിലൂടെ തന്റെ കമ്പനികളെ മസ്ക് വഴിനടത്തിയത്.

ടെസ്‌ലയിലെ അസംബ്ലി ലൈൻ

ട്വിറ്ററിലെത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ മസ്ക് പ്രയോഗിച്ചതിൽ പലതും ആ പഴയ തന്ത്രങ്ങൾ തന്നെ.

51 വയസ്സുകാരനായ ഈ ശതകോടീശ്വരൻ കഴിഞ്ഞ മാസം മുതൽ ട്വിറ്ററിലെ 50 ശതമാനം ജോലിക്കാരെയും പിരിച്ചുവിട്ടു. 1200ലധികം ആളുകളുടെ രാജി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പിരിച്ചുവിടലിന്റെ അടുത്ത റൗണ്ട്‌ ആരംഭിക്കുകയും ചെയ്തു. താൻ ഉറങ്ങുന്നത് സാൻഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനത്തെ ഓഫീസുകളിലാണെന്നാണ് അയാൾ ട്വീറ്റ് ചെയ്തത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരു ദൗത്യനിർവഹണ സ്വഭാവത്തിലേക്കാണ് അയാൾ മാറിയിരിക്കുന്നത്. അങ്ങനെയാവാൻ സാധിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്ന് അയാൾ ട്വിറ്റർ തൊഴിലാളികളോട് പറയുന്നു. ആരെങ്കിലും "ട്വിറ്റർ 2.0"യിൽ പണിയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ "ദൃഢചിത്തമായ" വീക്ഷണങ്ങളോട് യോജിക്കുമെന്ന് എഴുതിനൽകണമെന്നും മസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

അസ്തിത്വപരമായ സാഹചര്യങ്ങളെ മിസ്റ്റർ മസ്ക് അതിജീവിക്കുമെന്നാണ് ഡേവിഡ് ഡീക്ക് സാക്ഷ്യപ്പെടുത്തുന്നത്. 2014 മുതൽ രണ്ടു കൊല്ലക്കാലം ടെസ്‌ലയിൽ ബാറ്ററി സാമഗ്രികളുടെ വിതരണ മേൽനോട്ടം വഹിച്ച സീനിയർ എൻജിനീയറിങ് മാനേജറായിരുന്നു അയാൾ. "പിന്നിൽ തീപിടിച്ചപോലെ എല്ലാവരെയും ഓടിക്കാൻ പാകത്തിനുള്ള സാഹചര്യം അയാൾ സ്വയം സൃഷ്ടിക്കുന്നതാണ്" ഡീക്ക് കൂട്ടിച്ചേർത്തു.

സാന്റാ ക്ലാര യൂണിവേഴ്സിറ്റിയിലെ മാനേജ്‍മെന്റ് പ്രൊഫസറായ ടാമി മാഡ്‌സൻ പറയുന്നത് ട്വിറ്ററിലെ മസ്കിന്റെ സമീപനവും ടെസ്‌ലയിലും സ്പേസ്-എക്‌സിലും അയാൾ ചെയ്തതും തമ്മിലെ സാമ്യതകൾ വളരെ വ്യക്തമാണെന്നാണ്. അവിടെ അയാൾ കൈവരിക്കാനാഗ്രഹിച്ചത് ആളുകളെ ഫോസിൽ/വാതക വാഹനങ്ങളിൽ നിന്ന് മാറ്റുന്നതും ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്നതും അടക്കമുള്ള മഹത്തായ ലക്ഷ്യങ്ങളാണ്. എന്നാൽ, ഒരു സോഷ്യൽ മീഡിയാ കമ്പനിയിലെ ജോലിക്കാരെ പ്രചോദിപ്പിക്കാൻ അതുപോലൊരു ലക്ഷ്യം അയാൾക്ക് കണ്ടെത്താനാകുമോ എന്നത് സംശയകരമാണ്.

"ടെസ്‌ലയിലും സ്പേസ്-എക്‌സിലും കൈക്കൊണ്ട അപകടകരമായ സമീപനങ്ങൾ എല്ലായ്‌പോഴും മികച്ച പ്രതിഫലങ്ങളാണ് സൃഷ്ടിച്ചത്," മാഡ്‌സൻ പറഞ്ഞു. "ട്വിറ്ററിലേതും അപകടകരമായ നയങ്ങളാണ്. എന്നാൽ അതുളവാക്കുന്ന ഫലമെന്താണ് എന്നതാണ് ചോദ്യം," അയാൾ കൂട്ടിച്ചേർത്തു.

ഞാറാഴ്ച ട്വിറ്ററിലെ സെയിൽസ് വിഭാഗവുമായി മസ്ക് ഒരു മീറ്റിങ് നടത്തി. പിറ്റേദിവസം സെയിൽസിലെ ജോലിക്കാരെ അയാൾ പിരിച്ചുവിട്ടു. സെയിൽസിലെ ഉന്നത എക്സിക്യൂടീവായ റോബിൻ വീലറെ പുറത്താക്കിയത് കഴിഞ്ഞയാഴ്ചയാണ്. കൂടുതൽ പിരിച്ചുവിടൽ വരാനിരിക്കുന്നുവെന്ന് ബ്ലൂംബെർഗ് മുന്നേ റിപ്പോർട്ട് ചെയ്തിരുന്നു.

ട്വിറ്ററിനുള്ളിൽ നിന്ന് വരുന്ന വാർത്തകൾ പ്രകാരം രാജിവെച്ച പല എൻജിനീയർമാരോടും കമ്പനി ഇപ്പോൾ തിരികെവരാൻ അഭ്യർഥിക്കുകയാണ്. ഇനിയാരെയും പിരിച്ചുവിടാൻ കമ്പനി ആലോചിക്കുന്നില്ലെന്നാണ് തിങ്കളാഴ്ച ചേർന്ന മീറ്റിങിൽ വെച്ച് മസ്ക് പറഞ്ഞത്.

സംരംഭങ്ങൾ ആസന്നമായ പാപ്പരത്വത്തിന്റെ വക്കിലാണെന്ന മുറവിളി മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ നിന്ന് ഇടയ്ക്കിടെ കേൾക്കുന്നതാണ്. 2008 ഡിസംബറിൽ ടെസ്‌ലയിൽ ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഡൈംലെറിൽ നിന്ന് മസ്ക് 50 മില്യൺ ഡോളറിന്റെ നിക്ഷേപം തരപ്പെടുത്തുന്നത്. പിന്നീട് ഇതേക്കുറിച്ച് മസ്ക് പറഞ്ഞത് ഇങ്ങനെ. "അവസാന നാളിന്റെ ഒടുവിലെ മണിക്കൂർ അത് സാധ്യമായി. ഇല്ലായിരുന്നെങ്കിൽ ശമ്പള ചെക്കെല്ലാം മടങ്ങിപ്പോയേനെ."

സ്പേസ്-എക്സിനെ കുറിച്ചും മുൻപ് ഇങ്ങനെത്തന്നെയായിരുന്നു പറഞ്ഞത്. 2017ൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു റോക്കറ്റ് വിക്ഷേപണം നടത്തിയില്ലെങ്കിൽ പാപ്പരാവാൻ കമ്പനി തയ്യാറെടുക്കണമെന്ന് മസ്ക് പറഞ്ഞത് പേര് വെളിപ്പെടുത്താത്ത മുൻ സ്പേസ്-എക്സ് എക്സിക്യൂട്ടീവ് ഓർത്തെടുത്തു. മനുഷ്യരുടെ "ബഹുഗ്രഹ" ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന ഒരു കമ്പനിക്ക്, പാപ്പരത്വത്തിന്റെ ഭീഷണി ഒരു വലിയ ചാലകശക്തിയായിരുന്നുവെന്ന് അയാൾ പറഞ്ഞു.

അതിനുശേഷം സ്പേസ്-എക്സ് പല റോക്കറ്റുകളും ബഹിരാകാശത്തേക്ക് അയക്കുകയും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അപ്പോഴേക്കും മസ്ക് തന്റെ പഴയ വടിയോങ്ങാൻ തുടങ്ങിയിരുന്നു. "തീവ്രമായ ആഗോള സാമ്പത്തികമാന്ദ്യം" മൂലധനത്തെ ബാധിച്ചാൽ അതിൽ നിന്നും കരകയറുന്നത് റോക്കറ്റ് നിർമാണ കമ്പനിയെ സംബന്ധിച്ചെടുത്തോളം അസാധ്യമായിരിക്കുമെന്ന് മസ്ക് ട്വീറ്റ് ചെയ്തത് കഴിഞ്ഞ വർഷമാണ്.

ഇന്റൽ മുൻ മേധാവി ആൻഡി ഗ്രോവിനെ ഉദ്ധരിച്ചുകൊണ്ട് മസ്ക് എഴുതി, "ഭ്രാന്തർ മാത്രമേ അതിജീവിക്കൂ.."

കൃത്രിമമായ അപായ അന്തരീക്ഷവും സ്വയം വിധിക്കുന്ന കഠിനനിഷ്ഠയും ചേർന്ന് പൊടുന്നനെയുള്ള മാറ്റങ്ങൾ കൊണ്ടുവരാനും വൻതോതിൽ ജീവനക്കാരെ പുറത്താക്കാനും ആവശ്യമായ മറ മസ്കിന് നൽകുന്നുവെന്ന് ടെസ്‌ല മുൻ എക്സിക്യൂട്ടീവുകളായിരുന്ന രണ്ടു പേർ വിശദീകരിക്കുന്നു. ഇത് കമ്പനികളിൽ അവശേഷിക്കുന്നവരെ തീവ്രമായ അന്തരീക്ഷത്തിൽ തുടർന്നുകൊണ്ട് മസ്ക്കിന്റെ ഇംഗീതങ്ങൾക്ക് വേണ്ടി പണിയെടുക്കാൻ പ്രേരിപ്പിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയാ കമ്പനിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കോലാഹലങ്ങളെല്ലാം 2017ൽ 'മോഡൽ 3' കാറുണ്ടാക്കുന്ന സമയത്ത് ടെസ്‌ലയിൽ ഉണ്ടായിരുന്നവർക്ക് പുത്തരിയല്ല. ആ വർഷം മേയിൽ ജീവനക്കാർക്ക് മസ്കകയച്ച ഇമെയിലിന്റെ ഭാഷ ഇപ്പോൾ ട്വിറ്ററിലെ ജോലിക്കാരോട് പ്രയോഗിക്കുന്നതിന് സമാനമായിരുന്നു. ദൃഢചിത്തത, നിഷ്കർഷത, മികവ് എന്നീ പ്രയോഗങ്ങൾ ആ കത്തിലും നമുക്ക് വായിക്കാനാകും.

അതിനെ തുടർന്നുള്ള വർഷമാണ് ടെസ്‌ലയുടെ കോൺഫറൻസ് റൂമുകളിലൊന്നിൽ കിടന്ന് മസ്ക് 'പ്രശസ്തമായ ആ ഉറക്കം' ആരംഭിച്ചതും എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റിനെ പുറത്താക്കിയതും 'മോഡൽ 3'യുടെ ഉൽപാദനത്തിൽ വന്ന കാലതാമസം പരിഹരിക്കാൻ ആഴ്ചകളിൽ 120 മണിക്കൂർ പണിയെടുത്തതുമെല്ലാം സംഭവിച്ചത്. മസ്കിന്റെ അമിത ജോലിഭാരവും ഉറങ്ങാനായി അയാൾ ആമ്പിയൻ കഴിക്കുന്നതും കണ്ട ടെസ്‌ലയുടെ ബോർഡ് അംഗങ്ങൾ ഏറെ ആശങ്കാകുലരായിരുന്നു.

2018ലെ മസ്കിന്റെ സോഷ്യൽ മീഡിയാ ഇടപെടലുകൾ ട്വിറ്ററിലെ ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച ഭാവിസൂചന നൽകുന്നതായിരുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) അടക്കമുള്ള ഏജൻസികളെയും നിയമനിർമാതാക്കളെയും ചൊടിപ്പിച്ചുകൊണ്ടാണ് അന്ന് അയാൾ മുന്നോട്ടുപോയത്. ടെസ്‌ലയുടെ ഓഹരികൾ പ്രൈവറ്റ് ആക്കിമാറ്റാൻ വേണ്ട നിയമനടപടികളിലൂടെ കടന്നുപോകുന്നതിന് മുമ്പേ ആവശ്യമായ "ഫണ്ടിങ് തരപ്പെടുത്തി" എന്ന് ട്വീറ്റ് ചെയ്തതിനാണ് മസ്കിനെതിരെ എസ്.ഇ.സി കേസ് കൊടുത്തത്. കഴിഞ്ഞ വേനൽക്കാലത്ത് ട്വിറ്റർ വാങ്ങാനുള്ള തന്റെ സ്വന്തം ഡീലിൽ നിന്ന് പിന്മാറാൻ ശ്രമിച്ചുകൊണ്ട്, മാസങ്ങൾ നീണ്ട അധ്വാനവും വക്കീൽ ഫീസായി മില്യൺ കണക്കിന് ഡോളറുകളുമാണ് മസ്ക് ചിലവാക്കിയത്.

കഴിഞ്ഞയാഴ്ച ഡെലവേറിൽ മസ്കിന്റെ ശമ്പള പാക്കേജിനെതിരെ ടെസ്‌ലയുടെ ഓഹരിയുടമകൾ കൊടുത്ത കേസിൽ ഹാജരായപ്പോൾ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള തന്റെ വ്യഗ്രത അപകടം ക്ഷണിച്ചുവരുത്തുമെന്ന് മസ്ക് തന്നെ അംഗീകരിക്കുന്നുണ്ട്. "ആളുകളോട് കൂടിയാലോചിക്കാതെ ഞാൻ തീരുമാനമെടുക്കുമ്പോൾ അത് തെറ്റാനുള്ള സാധ്യത ഏറെ കൂടുതലാണ്," അയാൾ പറഞ്ഞു.

ഇലോൺ മസ്ക്

ട്വിറ്ററിൽ ചെയ്തുകൊണ്ടിരിക്കുന്നതും മുൻപ് 'മോഡൽ 3'ൽ ചെയ്തതും തമ്മിലുള്ള താരതമ്യത്തെ മസ്ക് ലഘൂകരിച്ച് കണ്ടു. ഇപ്പോൾ സോഷ്യൽ മീഡിയാ കമ്പനിയിൽ സംഭവിക്കുന്നത് താരതമ്യേന എളുപ്പമാണെന്നാണ് ഡെലവേറിലെ കോടതിമുറിയിലേക്ക് പോകുന്നതിനിടെ അയാൾ പറഞ്ഞത്.

മസ്കിന്റെ മാനേജ്മെന്റ് തന്ത്രങ്ങൾ ആത്യന്തികമായി ട്വിറ്ററിൽ വിലപ്പോവുമോ എന്നതിൽ അയാളുടെ മുൻ ജീവനക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മസ്ക് തന്റെ ദണ്ഡനങ്ങൾ ആരംഭിക്കുമ്പോൾ ടെസ്‌ലയും സ്പേസ്-എക്സുമൊക്കെ അതിന്റെ പ്രാരംഭ ദശയിലായിരുന്നു. വർഷങ്ങളായി അസ്ഥിര പ്രകടനം കാഴ്ചവെക്കുന്ന ട്വിറ്റർ പക്ഷേ കുറച്ച് മൂത്തതാണ്.

മസ്കിന്റെ അടവുകൾ "സ്റ്റാർട്ടപ്പുകൾക്ക് വളർച്ചാ നിരക്ക് കൂട്ടാനും ഫലപ്രദമായേക്കാം. പക്ഷേ സുസ്ഥിരമായ ഒരു കമ്പനിയെ നിർമിക്കുന്നതിന് അവ നല്ലതല്ല," ഡീക്ക് പറയുന്നു. ഒരു കമ്പനിയോടുള്ള മസ്കിന്റെ അമിതമായ പ്രതിപത്തി പലപ്പോഴും പ്രചോദനമേകുന്നതാവാം. പക്ഷേ അത് വൈകാതെ ഭയത്തിന്റെയും ബലിയാടാക്കുന്നതിന്റെയും പ്രവർത്തന സംസ്കാരം വളർത്തിക്കൊണ്ട് വിഷലിപ്തമാവുമെന്ന് ടെസ്‌ലയിലെയും സ്പേസ്-എക്സിലെയും ജീവനക്കാർ സാക്ഷ്യം പറയുന്നു.

മാത്രമല്ല, ട്വിറ്റർ മാറ്റിപ്പണിയുകയെന്നത് മസ്കിന് വെറും ഒഴിവുസമയ വിനോദം മാത്രമാണ്. അയാൾ ഇപ്പോഴും ടെസ്‌ലയുടെ സി.ഇ.ഒ ആയിത്തുടരുന്നു. സ്പേസ്-എക്സും നയിക്കുന്നത് മസ്ക് തന്നെ. അവിടെ ഭരണപരമായ കാര്യങ്ങൾക്കുപരിയായി റോക്കറ്റുകൾ രൂപകൽപന ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അയാൾ ഉദേശിക്കുന്നത്.

ഒരു ടണലിങ് സ്റ്റാർട്ടപ്പായ ബോറിങ് കമ്പനിയും ന്യൂറാലിങ്കെന്ന ബ്രെയിൻ-കമ്പ്യൂട്ടർ ടെക്നോളജി സംരംഭവും മസ്ക് തന്നെയാണ് നടത്തുന്നത്. ബഹിരാകാശ/ബഹുഗ്രഹ യാത്രയ്ക്കുള്ള സാങ്കേതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ മനുഷ്യരാശിയെ രക്ഷിക്കുക എന്ന ദീർഘകാല ലക്ഷ്യമാണ് തനിക്കുള്ളതെന്നാണ് അയാൾ പറയുന്നത്.

ലോകത്തിലെ ഏറ്റവും ധനികനാക്കി മസ്കിനെ മാറ്റുന്ന ശമ്പള പാക്കേജിനെതിരെയുള്ള കേസിൽ ഉന്നയിച്ച പ്രധാന പ്രശ്നം അയാൾ ഒരേസമയം പല പ്രവൃത്തികൾ ചെയ്യുന്നു എന്നതായിരുന്നു. ടെസ്‌ലയിലെ ഉത്തരവാദിത്വങ്ങൾ മസ്ക് അവഗണിക്കുകയാണെന്ന് ആരോപിച്ച വാദിഭാഗം വക്കീലിനോട്, തന്റെ ഇപ്പോഴത്തെ ട്വിറ്ററിലെ ഇടപെടലുകൾ താത്കാലികമാണെന്ന മറുപടിയാണ് അയാൾ നൽകിയത്.

മസ്ക് കഴിഞ്ഞ ബുനാഴ്ച പറഞ്ഞതിങ്ങനെയാണ്, "കമ്പനി പുനക്രമീകരിക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഞാൻ ട്വിറ്ററിൽ സമയം ചിലവിടുന്നത് കുറയ്ക്കാൻ ഉദ്ദേശിക്കുന്നു."


കടപ്പാട്: ന്യൂയോർക്ക് ടൈംസ്

സ്വതന്ത്ര വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്

Show More expand_more
News Summary - elon musk twitter takeover