എന്തുകൊണ്ടാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ നടക്കുന്ന സമരത്തോട് കേരളം ചേർന്നുനിൽക്കേണ്ടത്?; കെ.എ. ഷാജി എഴുതുന്നു
എന്താണ് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് കഷ്ടി അഞ്ചു കിലോമീറ്റർ മാത്രം അകലെ വലിയതുറ മത്സ്യബന്ധന ഗ്രാമത്തിലെ സ്ഥിതി? അവിടെ വീടും അതിജീവനവും നഷ്ടമാകുന്ന മനുഷ്യർക്ക് എന്താണ് പറയാനുള്ളത്? എന്തുകൊണ്ടാണ് ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതിക്കെതിരായി നടക്കുന്ന സമരത്തോട് കേരളത്തിലെ പൊതുസമൂഹം ചേർന്നുനിൽക്കേണ്ടത്? 'സ്റ്റോളൻ ഷോർലൈൻസ്' എന്ന ഹ്രസ്വ സിനിമയിലൂടെ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ എഴുതുന്നു.
തിരുവനന്തപുരം വലിയതുറയിലെ അപ്പർ പ്രൈമറി സ്കൂളിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് കഷ്ടി അഞ്ചു കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. കോവിഡ് അടച്ചിടലുകൾക്കുശേഷം സംസ്ഥാനമാകെ സ്കൂളുകൾ തുറന്നിട്ടും ഇവിടെ അക്കാദമിക് പ്രവർത്തനങ്ങൾ ഇപ്പോഴും ഭാഗികമായി മാത്രമേ പുനരാരംഭിച്ചിട്ടുള്ളൂ. സ്കൂൾ എന്നതിലുപരി കഴിഞ്ഞ അഞ്ചു വർഷങ്ങളായി അതൊരു ദുരിതാശ്വാസ ക്യാമ്പാണ്. വലിയതുറയിലും പൂന്തുറയിലും ചുറ്റുപാടുമുള്ള ഇതര മത്സ്യത്തൊഴിലാളി മേഖലകളിലും...
Your Subscription Supports Independent Journalism
View Plansതിരുവനന്തപുരം വലിയതുറയിലെ അപ്പർ പ്രൈമറി സ്കൂളിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് കഷ്ടി അഞ്ചു കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. കോവിഡ് അടച്ചിടലുകൾക്കുശേഷം സംസ്ഥാനമാകെ സ്കൂളുകൾ തുറന്നിട്ടും ഇവിടെ അക്കാദമിക് പ്രവർത്തനങ്ങൾ ഇപ്പോഴും ഭാഗികമായി മാത്രമേ പുനരാരംഭിച്ചിട്ടുള്ളൂ. സ്കൂൾ എന്നതിലുപരി കഴിഞ്ഞ അഞ്ചു വർഷങ്ങളായി അതൊരു ദുരിതാശ്വാസ ക്യാമ്പാണ്.
വലിയതുറയിലും പൂന്തുറയിലും ചുറ്റുപാടുമുള്ള ഇതര മത്സ്യത്തൊഴിലാളി മേഖലകളിലും നിലവിൽ അതിവേഗം കടൽക്കരയെ വിഴുങ്ങുകയാണ്. തീരം ഇല്ലാതാകുന്നു. വീടുകളും വലയുണക്കുന്ന സ്ഥലങ്ങളും ബോട്ടുകൾ കയറ്റിയിടുന്ന സ്ഥലങ്ങളും എല്ലാം കടലെടുത്തുകൊണ്ടിരിക്കുന്നു. വീടും ഉപജീവനവും നഷ്ടപ്പെടുന്ന തീരദേശ സമൂഹം സമീപത്തെ സ്കൂളുകളിലും കമ്യൂണിറ്റി സെന്ററുകളിലും ഗോഡൗണുകളിലും തയാറാക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ തള്ളപ്പെടുന്നു.
വലിയതുറയിലെ സ്കൂളിൽ 36 കുടുംബങ്ങളാണ് ഭാവിയെപ്പറ്റിയുള്ള ആശങ്കകളുമായി ജീവിക്കുന്നത്. അവിടെ മനുഷ്യർ മാത്രമല്ല അലീന എന്ന 15 വയസ്സുകാരി പെൺകുട്ടി വളർത്തുന്ന അവളുടെ 40ലധികം പ്രാവുകളും അഭയാർഥികളായുണ്ട്. പ്രാവ് പരിശീലനത്തിൽ അലീനക്ക് കമ്പമുണ്ടാകുന്നത് തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്. അന്ന് കടലിനോടു ചേർന്ന് അവൾക്ക് സ്വന്തമായി വീടുണ്ടായിരുന്നു. ആ വീട് കടലെടുത്തുപോയപ്പോഴും പ്രാവുകളെ വിട്ടുകളയാൻ അവൾക്കു മനസ്സുവന്നില്ല. സ്കൂളിലെ അപര്യാപ്തതകളുടെ ഒരു കോണിൽ അലീനയുടെ പ്രാവുകളുമുണ്ട്; തീരദേശ മനുഷ്യരെപ്പോലെ പൊതുസമൂഹത്തിന്റെ അവഗണനയും അലംഭാവങ്ങളും നേരിട്ടുകൊണ്ട്.
അലീനയെക്കുറിച്ച് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിപക്ഷ നേതാക്കളോ കേട്ടിട്ടുണ്ടോ എന്നറിയില്ല. നയങ്ങളും പരിപാടികളും തയാറാക്കുന്ന വരിഷ്ഠ ഉദ്യോഗസ്ഥവർഗവും കേട്ടിരിക്കില്ല. ഇവരിൽനിന്നുമൊന്നും ഒത്തിരി അകലത്തിലല്ല അലീനയുടെ ക്യാമ്പ് എന്നിരിക്കിലും. കോർപറേറ്റ് അത്യാർത്തിയുടെയും വഴിപിഴച്ച വികസന നയങ്ങളുടെയും ഇരകളായി മാറി വർഷങ്ങളായി ക്യാമ്പുകളിൽ കഴിയേണ്ടിവരുന്ന തിരുവനന്തപുരത്തെ തീരദേശങ്ങളിലെ നിർഭാഗ്യജീവിതങ്ങൾ അധികാരികളുടെ പരിഗണനാ വിഷയങ്ങളിൽ ഇതുവരെ വന്നിട്ടില്ല.
വലിയതുറയിലെ സമുദ്രോൽപന്നങ്ങൾ സൂക്ഷിക്കാൻ നിർമിച്ച വെയർഹൗസ് ഇന്ന് മറ്റൊരു ദുരിതാശ്വാസ ക്യാമ്പാണ്. അവിടെ പോയാൽ സ്കൂളുകളിലെ ക്യാമ്പുകളാണ് ഭേദം എന്ന് തോന്നിപ്പോകും. വെന്റിലേഷൻ പോലുമില്ല അവിടെ. ഓരോ മഴക്കാലത്തും തിരുവനന്തപുരം തീരത്ത് വീടുനഷ്ടപ്പെടുന്നവരുടെയും ക്യാമ്പുകളിലാക്കപ്പെടുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഭാവിയെപ്പറ്റി അവർക്കറിയില്ല. ആരും പരിഹാരം പറഞ്ഞുകൊടുക്കുന്നുമില്ല. ഇക്കുറി കാലവർഷം വരുന്നതിനു മുമ്പുള്ള വേനൽമഴകളിൽതന്നെ തീരം കടലെടുത്തു തുടങ്ങിയിരുന്നു. നിലവിൽ സ്ഥിതി അതിദയനീയമാണ്. ആശങ്കയുണർത്തുന്നതും.
തിരുവനന്തപുരം തീരദേശവാസികളിൽ നല്ലൊരുപങ്കും ലത്തീൻ കത്തോലിക്കാ സഭാ വിശ്വാസികളാണ്. അതുകൊണ്ട് തന്നെ കുറെ വൈകിയെങ്കിലും സഭ ഈ സാമൂഹികവും അതിജീവനപരവുമായ വിഷയം ഇപ്പോൾ അതിശക്തമായി ഏറ്റെടുത്തിട്ടുണ്ട്. മുമ്പ് സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിൽ അതിശക്തവും വ്യത്യസ്തവുമായ സമരങ്ങൾ സഭയുടെ നേതൃത്വത്തിൽ നടന്നപ്പോൾ കാണേണ്ടവർ കണ്ടില്ല. സർക്കാർ ഗൗനിച്ചുമില്ല. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പോലും സമരത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എന്നാൽ, ആഗസ്റ്റ് 11ന് പദ്ധതിക്കെതിരെ തിരുവനന്തപുരത്തെ ലത്തീൻ പള്ളികളിൽ കരിങ്കൊടി ഉയരുകയും തീരദേശവാസികൾ പുരോഹിതരുടെ നേതൃത്വത്തിൽ പദ്ധതിനിർമാണം നടക്കുന്നിടത്തേക്ക് മാർച്ച് ചെയ്യുകയും നിർമാണം തടസ്സപ്പെടുത്തുകയും ചെയ്തതോടെ സ്ഥിതി മാറി. പദ്ധതിനിർവഹണം തൽക്കാലം നിർത്തിവെക്കുന്നുവെന്നായി അദാനി. മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും ആദ്യം സമരത്തെ അവഹേളിച്ചു എങ്കിലും പിന്നീട് തിരുത്തി. സമരക്കാർ ഉയർത്തുന്ന പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിനുശേഷം പദ്ധതിയുണ്ടാക്കുന്ന സാമൂഹികവും പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികൾ സ്വതന്ത്രവും ശാസ്ത്രീയവും സമഗ്രവും സത്യസന്ധവുമായ പഠനത്തിന് വിധേയമാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ നിൽക്കുന്നു. സമരക്കാർ സമരം തുടരുകയും ചെയ്യുന്നു.
കേരളത്തിന്റെ സമീപ ചരിത്രത്തിൽ വലിയൊരു പാരിസ്ഥിതികവും അതിജീവനപരവുമായ പ്രശ്നം ഒരു മതനേതൃത്വം ഏറ്റെടുക്കുകയും പുരോഹിതർ റോഡിലിറങ്ങി സമരം ചെയ്യുകയും ചെയ്യുന്നത് ഒരപൂർവതയാണ്. മതസംഘടനകൾ ഏത് പ്രതിലോമപരമായ ആവശ്യങ്ങളുമായി സമരത്തിനിറങ്ങിയാലും മുന്നിൽ ചെന്ന് ഓച്ചാനിച്ചുനിൽക്കുന്നവരെയൊന്നും തുടക്കത്തിൽ കാണാനില്ലായിരുന്നു. അദാനിക്കെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോൾ ലത്തീൻ സഭക്കെതിരെ ബി.ജെ.പിയും കെ. സുരേന്ദ്രനും നടത്തിയ പ്രസ്താവന ദുരുദ്ദേശ്യം നിറഞ്ഞതും ദുർവ്യാഖ്യാനം ചെയ്യുന്നതുമായിരുന്നു. അവിടങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അന്വേഷിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി സമരം തുടങ്ങുമ്പോൾ വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിച്ചത്. വള്ളവും വലയുമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം അദ്ദേഹം കണ്ടില്ല. സ്വന്തം മൂക്കിന് താഴെ ഒരു തീരം ഇല്ലാതാകുന്നതും ജനങ്ങൾ നിരാലംബരാകുന്നതും അദ്ദേഹം അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അദ്ദേഹത്തോട് ആരും പറഞ്ഞിട്ടില്ല. എന്നാൽ, ഇപ്പോൾ നടക്കുന്ന വലിയ സമര വേലിയേറ്റം അദ്ദേഹത്തിന്റെയും കണ്ണുകൾ തുറപ്പിച്ചിരിക്കാം.
അലീനയിലേക്കു തിരികെവരാം. അലീന ഒരു പ്രതീകമാണ്. തിരമാലകളിൽ മുങ്ങിപ്പോകുന്ന പ്രതീക്ഷകളുടെ പ്രതീകം. തട്ടിയെടുക്കപ്പെട്ട പ്രതീക്ഷകളുടെ പ്രതീകം. അവസാന വർഷ സ്കൂൾ വിദ്യാർഥിനിയായ അലീനക്ക് തന്റെ പ്രാവുകളെ പതിവായി പരിചരിക്കുകയും അവക്ക് വെള്ളവും പോഷകസമൃദ്ധമായ ഭക്ഷണവും കൃത്യമായി നൽകുകയും വേണം. പറക്കൽ മത്സരങ്ങൾക്കായി പക്ഷികളെ ഒരുക്കാൻ ധാരാളം മുന്നൊരുക്കം വേണം. അവയിന്നും അലീന വലിയതുറ ക്യാമ്പിൽ ചെയ്തുപോരുന്നു.
അവളുടെ വീട് കൈയടക്കിയ കടൽ തിരികെ പോകാൻ ഒരുക്കമല്ല. ഇപ്പോഴാകട്ടെ കടൽ കുറെക്കൂടി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു. മുമ്പെന്നത്തേതിലും പ്രക്ഷുബ്ധമായി അത് ആക്രമണം തുടരുന്നു. തങ്ങളുടെ ദുരിതങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അലീനക്കും കുടുംബത്തിനും ഒരുത്തരമേയുള്ളൂ. അദാനിയും കേരളസർക്കാറും ചേർന്ന് നിർമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന വൻകിട വികസന സ്വപ്നപദ്ധതി.
തീരദേശജനത നേരിടുന്ന അതിജീവന പ്രശ്നങ്ങൾ മുഖ്യമന്ത്രിക്കും സർക്കാറിനും അറിയില്ലെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയേ പറ്റൂ എന്നതിലവർക്ക് ഒരു പുനർചിന്തയുമില്ല. പശ്ചിമഘട്ടം പൊട്ടിച്ചെടുക്കുന്ന കല്ലുകൾ ഭീമാകാരമായ അളവിൽ ദിവസവും വിഴിഞ്ഞത്തേക്കൊഴുക്കുന്നു. കല്ലിനു ക്ഷാമം നേരിടുന്നതായി അദാനി പറയുമ്പോൾ കൂടുതൽ ക്വാറികൾ അനുവദിക്കപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ വാർത്തകൾ പ്രകാരം പദ്ധതിയോടു ചേർന്ന് ഒരു സിമന്റ് പ്ലാന്റും ഹൈഡ്രജൻ പ്ലാന്റും സ്ഥാപിക്കാൻ സർക്കാർ അദാനിയെ അനുവദിക്കാൻ പോകുന്നു.
മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് അടുത്തവർഷം സെപ്റ്റംബറിൽ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി കപ്പലടുക്കും. എന്നാൽ, ഈ വിഷയം പഠിച്ചവർ പറയുന്നത് മറിച്ചാണ്. അത്രയെളുപ്പത്തിൽ ഒന്നും പണി തീരുന്നതല്ല വിഴിഞ്ഞം പദ്ധതി എന്നവർ ചൂണ്ടിക്കാട്ടുന്നു. അദാനിയുടെ സ്വന്തം കപ്പലുകളിൽ ഏതെങ്കിലും ഒന്ന് അടുത്തകൊല്ലം പേരിന് അവിടെ അടുത്ത് മുഖ്യമന്ത്രിക്ക് വാഗ്ദാനം പാലിക്കാൻ അവസരം ഒരുക്കിയേക്കാം എന്നല്ലാതെ ഒരു കാലത്തും വിഴിഞ്ഞം എന്ന സ്വപ്നപദ്ധതി പൂർത്തീകരിക്കാനോ പ്രവർത്തനം തുടരാനോ സാധിക്കില്ല എന്നാണ് സ്വതന്ത്ര സ്വഭാവമുള്ള വിദഗ്ധാഭിപ്രായങ്ങൾ പറയുന്നത്.
നിലവിൽ പുലിമുട്ട് നിർമാണത്തിനായി അദാനി വിഴിഞ്ഞത്ത് നിക്ഷേപിച്ചത് 25 ലക്ഷം ടണ്ണോളം കല്ലാണ്. അതിൽ നല്ലൊരുപങ്കും നിർമാണ പ്രവർത്തനത്തിന് ഉപയോഗിച്ച മണലും സിമന്റും അടക്കം കടൽ കൊണ്ടുപോയിരിക്കുകയാണ്. മൂന്നു കിലോമീറ്ററും ഇരുനൂറു മീറ്ററും നീളമുള്ള പുലിമുട്ടിന്റെ പണികൾ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നു. പേക്ഷ, കടലിൽ ഇടുന്ന കല്ലെല്ലാം കടൽ കൊണ്ടുപോകുന്നു.
തീർച്ചയായും ആഗോളതാപനം ഇവിടെയും അതിന്റെ പങ്കുവഹിക്കുന്നുണ്ടാകണം. എന്നാൽ, അതിന്റെ തീവ്രതയെ വർധിപ്പിക്കുന്ന വൻകിട മനുഷ്യനിർമിത കാരണങ്ങളെ കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാൻ മറച്ചുപിടിക്കുകയാണ് സർക്കാറും ബന്ധപ്പെട്ടവരും.
മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ മാത്രമല്ല തിരുവനന്തപുരം നഗരത്തിന്റെയും നഗരവാസികളുടെയും ഏറ്റവും പ്രിയപ്പെട്ട ശംഖുംമുഖം കടപ്പുറവും കൽമണ്ഡപവും ആറാട്ട് കൊട്ടാരവും ദേവീക്ഷേത്രവും പതിറ്റാണ്ടുകളായി തലസ്ഥാനത്തിന്റെ പ്രൗഢിയായി നിലകൊണ്ടിരുന്ന വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലും എല്ലാം ഇന്ന് വിഴിഞ്ഞം പദ്ധതി ഉയർത്തുന്ന വലിയ അളവിലുള്ള പാരിസ്ഥിതികവും സാമൂഹികവുമായ ഭീഷണിയുടെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അവിടെ കടൽത്തീരം തകർത്ത് ടൂറിസം സാധ്യതകൾ അസാധ്യമാക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ശംഖുംമുഖം ബീച്ച് ഇപ്പോൾ എെന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു. മനസ്സിനെ പിടിച്ചുകുലുക്കുന്ന കണ്ണീർക്കാഴ്ചകളാണ് തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്നും ഇന്ന് കാണേണ്ടിവരുന്നത്.
വലിയതുറ മുതൽ കോവളം ബീച്ച് വരെയുള്ള കടൽത്തീരം വിഴിഞ്ഞത്ത് അദാനി വരുന്നതിനു മുമ്പും വലിയതോതിലുള്ള കടലാക്രമണ ഭീഷണി നേരിട്ടിരുന്നില്ലേ എന്ന ചോദ്യമുണ്ട്. തീർച്ചയായും ഉണ്ട്. വിഴിഞ്ഞം ഫിഷിങ് ഹാർബർ നിർമാണത്തിനായി പണിത 400 മീറ്റർ നീളത്തിലുള്ള ബ്രേക്ക് വാട്ടർ സംവിധാനത്തിന്റെ ഭിത്തികളായിരുന്നു അതിനു കാരണം. അത് വളരെ ചെറിയ ഒരു കടൽഭിത്തിയായിരുന്നു. പേക്ഷ, അതിന്റെ ആഘാതം വടക്കോട്ടുള്ള കടൽത്തീരത്തെ ബാധിക്കാൻ ഏകദേശം 30 വർഷങ്ങളെടുത്തു.
എന്നാലിപ്പോൾ അദാനി നിർമിക്കുന്ന ബ്രേക്ക് വാട്ടറിന്റെ നീളം മൂന്നു കിലോമീറ്ററും ഇരുന്നൂറു മീറ്ററുമാണ്. അത് കഷ്ടി ഒരു കിലോമീറ്റർ മാത്രമേ ഇപ്പോൾ എത്തിയിട്ടുള്ളൂ. പക്ഷേ, ഇപ്പോൾതന്നെ ദുരിതം പറഞ്ഞറിയിക്കാൻ വയ്യാത്ത വിധമാണ്. പൂന്തുറക്ക് തെക്കുള്ള പനത്തുറ എന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ സ്ഥിതിചെയ്തിരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, നിരന്തരമുള്ള കടലാക്രമണത്തിന്റെ ഫലമായി ഏകദേശം രണ്ട് കിലോമീറ്റർ അകത്തേക്ക് മാറ്റി മൂന്നുതവണയാണ് പുനഃപ്രതിഷ്ഠ നടത്തിയത്. അതുപോലെ തന്നെയാണ് കോവളം മുതൽ വലിയതുറ വരെയുള്ള തീരത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുകളും വള്ളങ്ങളും കടലാക്രമണത്തിൽ ഇല്ലാതാകുന്നത്.
മത്സ്യത്തൊഴിലാളി സംഘടനകളും തീരമേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹികസംഘടനകളും ലത്തീൻ അതിരൂപതയും എല്ലാം വിഴിഞ്ഞം പദ്ധതി വന്നാൽ തെക്കൻ കേരളത്തിന്റെ കടൽത്തീരം മുഴുവൻ ഭാവിയിൽ കടലെടുക്കുമെന്ന് പറയുന്നത് അവരുടെ നിരന്തരമായ കടലറിവിന്റെ വെളിച്ചത്തിലാണ്. ഏറ്റവും ഒടുവിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിശദമായ പഠനങ്ങൾക്കുശേഷം വിഴിഞ്ഞം പദ്ധതി കാരണം തിരുവനന്തപുരം ജില്ലയിലെ തീരത്തിനും തീരവാസികൾക്കും വലിയ നാശം സംഭവിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു.
വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്നവർ എന്നും ചൂണ്ടിക്കാണിച്ചിട്ടുള്ള ഏറ്റവും വലിയ ഭവിഷ്യത്തുകളിൽ പ്രധാനം പദ്ധതി നടപ്പിൽ വരുമ്പോൾ കേരളത്തിന്റെ തെക്കൻ കടൽത്തീരത്തുണ്ടാകുന്ന വൻ പാരിസ്ഥിതിക നാശമാണ്. ഭാവിയിൽ ഉണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾ കേരളം ഇതുവരെ കാണാത്ത തരത്തിലുള്ളതാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാരണം, ഇത് ഒരേസമയം കടലിനെയും കേരളത്തിലെ മലനിരകളെയും നദികളെയും ബാധിക്കുന്ന പദ്ധതിയാണ്.
പദ്ധതിയുടെ ഏറ്റവും കാതലായ നിർമാണപ്രവർത്തനം 20 മീറ്റർ ആഴത്തിലും ഒരു കിലോമീറ്റർ വീതിയിലും നാല് കിലോമീറ്റർ നീളത്തിലും കടൽ നികത്തിയെടുക്കുന്ന, വലിയ ബ്രേക്ക് വാട്ടർ സമുച്ചയമാണ്. കപ്പൽച്ചാലും കപ്പലുകൾക്ക് ഏത് കാലാവസ്ഥയിലും നങ്കൂരമിടാനും, ചരക്കുകൾ ബുദ്ധിമുട്ട് കൂടാതെ കയറ്റാനും ഇറക്കാനും ഉള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ അദാനി പണിത 500 മീറ്റർ നീളമുള്ള പ്രധാന ഭിത്തിയുടെ 200 മീറ്റർ 2017 നവംബറിൽ ഓഖി ആഞ്ഞടിച്ചപ്പോൾ കടൽ കൊണ്ടുപോയി. അതിനുശേഷം പണി തുടർന്ന് 300 മീറ്ററിൽനിന്നും 700 മീറ്റർ എത്തിക്കാൻ 2019 അവസാനംവരെ പണിയെടുക്കേണ്ടി വന്നു. അതിൽ 250-300 മീറ്റർ ദൂരത്തിലുള്ള കൂറ്റൻ നിർമാണ പ്രവൃത്തികൾ മുഴുവൻ, ബ്രേക്ക് വാട്ടർ നിർമിക്കാനായി കടലിന്റെ അടിത്തട്ട് തുരന്നപ്പോൾ ഉണ്ടായ കടലിന്റെ സ്വഭാവത്തിലെ മാറ്റം കാരണം അറബിക്കടൽ കൊണ്ടുപോയി. കഴിഞ്ഞ രണ്ടു കാലവർഷക്കാലത്തും ഇവിടെ ഇട്ട കല്ലുകൾ കടൽ കൊണ്ടുപോയി. ആവശ്യത്തിന് കല്ലുകിട്ടാത്തതുകൊണ്ടാണ് പദ്ധതി വൈകുന്നതെന്ന് അദാനി പറയുമ്പോൾ ഇട്ട കല്ലുകൾ ഒഴുകിപ്പോകുന്നതിൽ മൗനംപാലിക്കുന്നു.
ഇന്നത്തെ അവസ്ഥയിൽ എത്രയൊക്കെ അദാനിയും കേരളസർക്കാറും ശ്രമിച്ചാലും വിഴിഞ്ഞം പോർട്ട് പദ്ധതി നിർമാണം പൂർത്തിയാകാൻ പോകുന്നില്ല. ഇപ്പോഴത്തെ നിലയിൽ കടലിന്റെ സ്വഭാവം നോക്കിയാൽ അടുത്ത 10-15 വർഷംകൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഒരു മണൽത്തരിപോലും ബീച്ച് ആയിട്ട് സഞ്ചാരികൾക്കു മുന്നിൽ കാണിക്കാനുണ്ടാവില്ല. ശംഖുംമുഖം കൊട്ടാരം, കൽമണ്ഡപം, ഇപ്പോഴത്തെ ഡൊമസ്റ്റിക് ടെർമിനൽ, ബീമാപള്ളി, വെട്ടുകാട് പള്ളി, വേളി ടൂറിസ്റ്റ് വില്ലേജ് ഒക്കെ കടലെടുക്കും. മത്സ്യമേഖല, ടൂറിസം, സാമ്പത്തികരംഗം എല്ലാം ഒന്നൊന്നായി തകർന്നടിയും. കേരളത്തിന്, പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ ലക്ഷക്കണക്കിന് ആളുകളെ വരുംനാളുകളിൽ പദ്ധതി ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
വിഴിഞ്ഞം കാരണമാണോ ചെല്ലാനത്തും പൊന്നാനിയിലും കടലാക്രമണം ഉണ്ടാകുന്നതെന്ന് ചോദ്യമുയരുന്നുണ്ട്. അതിന്റെ കാരണം സമാനമായ നിർമാണങ്ങൾതന്നെയാണെന്ന് കാണാം. കേരളതീരത്തെ കടലിന്റെ സ്വഭാവത്തെയും കടലാക്രമണ രീതികളെ കുറിച്ചും ചെറുതും വലുതുമായ മത്സ്യബന്ധന തുറമുഖങ്ങളും അശാസ്ത്രീയമായ കടൽഭിത്തി നിർമാണവുംമൂലം കേരളതീരം എങ്ങനെയാണ് കടലെടുത്തു കൊണ്ടുപോകുന്നതെന്നും പഠിച്ച് റിപ്പോർട്ട് നൽകിയത് കേന്ദ്രസർക്കാറിന്റെ പ്രമുഖ സ്ഥാപനമായ നാഷനൽ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടാണ്. അതോടൊപ്പം തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസും കേരള യൂനിവേഴ്സിറ്റി ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഗവേഷണ-പഠന സ്ഥാപനങ്ങളും നൽകിയ റിപ്പോർട്ടുകൾ ഇപ്പോൾതന്നെ നിലവിലുണ്ട്. അവയൊക്കെ ഒന്ന് ഗൗരവമായി വിലയിരുത്താൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയാറാവണം.
കേരളത്തിന് 590 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരമാണ് ഉള്ളത്. ഇത് ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളിൽ ഒന്നാണ്. തിരുവനന്തപുരം ജില്ലയുടെ കാര്യം നോക്കിയാൽ, ഇടവയിൽ ആരംഭിച്ച് പൊഴിയൂരിൽ അവസാനിക്കുന്ന തീരപ്രദേശം ഏകദേശം 70 കിലോമീറ്ററോളം നീളുന്നു. ഈ ജനസാന്ദ്രത സൂനാമിയോ ചുഴലിക്കാറ്റോ പോലുള്ള പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന പ്രഹരം മാത്രമല്ല അദാനിയുടെ വിഴിഞ്ഞം പദ്ധതിപോലുള്ളവയുടെ ആഘാതങ്ങളുടെയും അനന്തരഫലങ്ങളെ ഇരട്ടിയാക്കുന്നു.
കോവളം, വിഴിഞ്ഞം, വേളി, വലിയതുറ, കല്ലുമൂട്, ബീമാപള്ളി, മുട്ടത്തറ തുടങ്ങിയ അടുത്തടുത്തുള്ള ഗ്രാമങ്ങളിൽ കടൽ, വീടുകൾ വിഴുങ്ങിയതിനാൽ ഇവിടെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. എല്ലായിടത്തും സ്കൂളുകളും കോളജുകളും തുറന്നിട്ടും ഇവിടങ്ങളിലെ സ്കൂളുകളും കമ്യൂണിറ്റി സെന്ററുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി തുടരുകയാണ്. മഴക്കാലം നീണ്ടുനിൽക്കുകയും കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ക്യാമ്പുകളിൽ എത്താൻ നിർബന്ധിതരായേക്കും.
ഇന്റർനാഷനൽ ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായിരുന്ന എ.ജെ. വിജയൻ പറയുന്നതനുസരിച്ച്, 1970കളിൽ വിഴിഞ്ഞം ഫിഷിങ് ഹാർബറിനായി ഒരു മൈനർ ബ്രേക്ക്വാട്ടർ നിർമിച്ചതോടെയാണ് തിരുവനന്തപുരം മേഖലയിൽ തീരദേശശോഷണം ആരംഭിച്ചത്. എന്നാൽ, 2015ൽ ഈ അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചതിന് പിന്നാലെ തീരദേശശോഷണം ഭയാനകമാംവിധം വേഗത്തിലായി.
അഹ്മദാബാദ് ആസ്ഥാനമായുള്ള അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും കേരളസർക്കാറും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് 7525 കോടി രൂപയുടെ തുറമുഖം നിർമിക്കുന്നത്. ഇത് ഇന്ത്യയിലെതന്നെ ഏറ്റവും ആഴമുള്ള തുറമുഖമാണെന്നും രാജ്യത്തെ മൊത്തം ട്രാൻസ്-ഷിപ്മെന്റ് കൈമാറ്റത്തിന്റെ 80 ശതമാനം കൈകാര്യം ചെയ്യാൻ ശേഷിയുണ്ട് എന്നുമാണ് സർക്കാറും കമ്പനിയും പറയുന്നത്.
സാമ്പത്തിക പങ്കാളിത്തത്തിന് പുറമെ, കേരളസർക്കാർ പദ്ധതിയിലേക്ക് 360 ഏക്കർ ഭൂമി സംഭാവന ചെയ്യുകയും കടലിൽനിന്ന് 130 ഏക്കർ പദ്ധതിക്കായി കൈയേറാൻ അദാനി കമ്പനിക്ക് പ്രത്യേക അനുമതി നൽകുകയും ചെയ്തു. എന്നാൽ, നിർമാണത്തിലിരിക്കുന്ന തുറമുഖവും അതിന്റെ ബ്രേക്ക്വാട്ടർ നിർമാണവും തീരദേശ കടലെടുപ്പ് തീവ്രമാക്കുമെന്നും ഇതിന്റെ ഫലമായി 35ലധികം മത്സ്യബന്ധന ഗ്രാമങ്ങൾ ഭൂപടത്തിൽനിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആഗോള ടൂറിസം ഭൂപടത്തിൽ ഇടംകണ്ടെത്തിയ കേരളത്തിലെ ആദ്യത്തെ തീരദേശ ഗ്രാമമാണ് കോവളം. അദാനിയുടെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം തുറമുഖത്തുനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ഈ ബീച്ച്. കോവളം സർഫിങ്ങിനും മറ്റ് ബീച്ച് വിനോദങ്ങൾക്കും രാജ്യത്തുതന്നെ സുരക്ഷിതമായ ഇടങ്ങളിൽ ഒന്നായിരുന്നു. 1930കളിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം, ഇപ്പോൾ കുളിക്കുന്നതിനും വിനോദത്തിനുമായി കടലിൽ ഇറങ്ങുന്നത് വിലക്കുന്ന നിരവധി മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ കാണാം. കോവളം ഇന്ന് വിനോദസഞ്ചാരികളെ നിരാശയോടെ മടക്കി അയക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറി.
എങ്ങനെയാണ് കോവളത്തിന്റെ തീരം നഷ്ടമായത്? എന്തുകൊണ്ടാണ് വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന് വടക്കുള്ള മറ്റെല്ലാ ബീച്ചുകളും നശിക്കുന്നത്? എന്തുകൊണ്ടാണ് ദിനംപ്രതി കൂടുതൽ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങൾ പുനരധിവാസ ക്യാമ്പുകളിൽ എത്തുന്നത്? തീരദേശസമൂഹം ചോദിക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളാണിത്.
എന്നാൽ, പുറത്തുള്ള അതിശക്തരായ കോർപറേറ്റ് ലോകവും അവരുടെ ആജ്ഞാനുവർത്തികളായ ഭരണകൂടവും അവരെ നിശ്ശബ്ദരാക്കുന്നു. സമ്പന്നരും അവരുടെ ആശ്രിതരായ അഭിപ്രായനിർമാതാക്കളും ചേർന്ന് ഈ ചൂഷണ വികസന നയത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് മാത്രമാണ് വികസനം എന്ന ധാരണ പ്രചരിപ്പിക്കുന്നു. അവർ സുസ്ഥിര വികസന സാധ്യതകളെ അപ്പാടെ ചവറ്റുകുട്ടയിൽ തള്ളുന്നു. ഈ വികല വികസന നയം ദുർബലരായ തീരദേശ സമൂഹങ്ങളെയും അതിജീവനത്തിനായുള്ള അവരുടെ പോരാട്ടങ്ങളെയും അവഗണിക്കുന്നു.
നമ്മുടെ തെറ്റായ വികസന സങ്കൽപങ്ങളുടെ ഇരകളെ കാണുക. ഗോഡൗണുകളിൽ കിടന്നുറങ്ങാൻ വിധിക്കപ്പെടുന്നവർ, സ്കൂൾ മുറികൾ കിടപ്പുമുറികളാക്കി മാറ്റാൻ നിർബന്ധിതരാകുന്ന ജനങ്ങൾ. വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടുന്ന സ്ത്രീകൾ. സ്വകാര്യത ഇല്ലാത്ത കുടുംബങ്ങൾ, രണ്ടോ അതിലധികമോ കുടുംബങ്ങളുമായി ഒരു സ്കൂൾമുറി പങ്കിടേണ്ടിവരുന്ന സാഹചര്യം. ക്ലാസ് മുറികളും പഠനവും നഷ്ടപ്പെട്ട കുട്ടികൾ. മത്സ്യബന്ധന തൊഴിലാളികൾക്ക് അവരുടെ പ്രദേശങ്ങളിൽനിന്ന് നേരിട്ട് കടലിലേക്ക് പോകാൻ കഴിയാത്ത സാഹചര്യം. തങ്ങളുടെ ചുറ്റുമുള്ള കടൽത്തീരങ്ങളിൽ മത്സ്യബന്ധനവല ഉണക്കാനുള്ള പരമ്പരാഗത അവകാശംപോലും നഷ്ടമായ മത്സ്യബന്ധന തൊഴിലാളികൾ. സഞ്ചാരികളെ കാണാതെയും അവരെ അനുഗമിക്കാതെയും പ്രതിസന്ധിയിലായ ഗൈഡുകൾ.
തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വർഷങ്ങളായി തീരദേശ ശോഷണത്തിന്റെ ആഘാതത്തിൽ വലയുകയാണ്. വീടുകൾ തകർന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിക്കാൻ പലരും നിർബന്ധിതരായി. ഇപ്പോഴും നൂറുകണക്കിനാളുകൾ വീടില്ലാതെ ദുരിതത്തിലാണ്.
സർക്കാർ അനുവദിച്ച 10 ലക്ഷം ധനസഹായംകൊണ്ട് വീടിനുള്ള സ്ഥലംപോലും കണ്ടെത്താൻ കഴിയുന്നില്ല. അതിലുപരി, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ കടലിൽനിന്ന് അകന്നുപോകുന്നത് ഒരു പോംവഴിയല്ല. മത്സ്യബന്ധനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അവർക്ക് മറ്റു തൊഴിലുകൾ ചെയ്യാൻ കഴിയില്ല. സ്വതന്ത്രരായി ജീവിച്ചിരുന്ന മനുഷ്യരെ പതിയെ കോർപറേറ്റ് ആശ്രിതരാക്കി മാറ്റുന്നതാണ് സർക്കാറിന്റെ പിന്തുണയിൽ നടപ്പാക്കുന്ന ഈ അസ്ഥിര വികസന മാതൃകകൾ.
അദാനി തുറമുഖവും കേരളസർക്കാറും തീരദേശ ശോഷണത്തിന്റെയും പാരിസ്ഥിതിക നാശത്തിന്റെയും പഠനങ്ങളെയും വിദഗ്ധ അഭിപ്രായങ്ങളെയും ശക്തമായി ചെറുക്കുന്നു. കേരള സർക്കാറുമായി കൂടിയാലോചിച്ച് അദാനി പോർട്ട്സ് പുറത്തിറക്കിയ 2019 ഒക്ടോബർ-2020 മാർച്ച് മാസത്തേക്കുള്ള തുറമുഖ പദ്ധതിയുടെ റിപ്പോർട്ട് പ്രകാരം ഇവിടെ തീരശോഷണമില്ല എന്നാണ് സമർഥിക്കുന്നത്. എന്നാൽ, കണ്ണിനു മുന്നിലുള്ള ദൃശ്യങ്ങൾ അത്തരമൊരു ന്യായീകരണത്തിന്റെ, നുണയുടെ പൊള്ളത്തരം തുറന്നുകാട്ടാൻ മതിയായതാണ്.
തുറമുഖത്തിനായുള്ള തടയണ നിർമാണം തിരുവനന്തപുരം തീരത്ത് ഉയർന്ന വേലിയേറ്റത്തിനും മണ്ണൊലിപ്പിനും ഇടയാക്കിയതായി രണ്ടു വർഷം മുമ്പ് കേരള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി സമ്മതിച്ചിരുന്നു. ഇതുതന്നെയാണ് സമുദ്ര ഗവേഷണ മേഖലയിലെ ഗവേഷകർ നൽകിയ വിദഗ്ധ മുന്നറിയിപ്പും. തീരദേശവാസികൾ അവരുടെ ദുരിതപൂർണമായ ജീവിതംകൊണ്ട് ഈ ഭീഷണി സ്ഥിരീകരിക്കുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ മൊത്തം പദ്ധതിച്ചെലവ് 7525 കോടിയാണ്. ഇതിൽ അദാനിയുടെ നിക്ഷേപം 2454 കോടി രൂപ, കേന്ദ്രസർക്കാർ വിഹിതമായി 1635 കോടി രൂപ, സംസ്ഥാന സർക്കാറിന്റെ വിഹിതം 3436 കോടി രൂപയും. കരാർ പ്രകാരം, അദാനിയുടെ കമ്പനിക്ക് 40 വർഷത്തേക്ക് തുറമുഖം പ്രവർത്തിപ്പിക്കാനാകും. ഇത് 20 വർഷംകൂടി നീട്ടാനും കഴിയും. എന്നാൽ, സംസ്ഥാന സർക്കാറിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം 15 വർഷത്തിനുശേഷം മാത്രമേ ലഭിക്കൂ.
2015ൽ അദാനി ഗ്രൂപ്പുമായി ചേർന്ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ പദ്ധതി ആരംഭിച്ചപ്പോൾ, ഇതിൽ 6000 കോടി രൂപയുടെ അഴിമതി നടന്നതായി സി.പി.എം ആരോപിച്ചിരുന്നു. എന്നാൽ, 2016ൽ അധികാരത്തിലെത്തിയ ശേഷം കമ്യൂണിസ്റ്റ് പാർട്ടി നിലപാട് മാറ്റി. അതേസമയം, 2017ലെ കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് പദ്ധതി കരാറിൽ ഉൾപ്പെടെ നിരവധി അപാകതകൾ കണ്ടെത്തി. 40 വർഷത്തെ ഇളവ് കാലയളവ് കഴിയുമ്പോൾ 5608 കോടി രൂപയുടെ നഷ്ടമാകും സംസ്ഥാനത്തിന് ഉണ്ടാക്കുകയെന്നും സി.എ.ജി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങൾ സമാന തുറമുഖങ്ങൾക്ക് ചെലവാകുന്ന പദ്ധതി ചെലവുകൂടി പരിശോധിക്കുമ്പോൾ വിഴിഞ്ഞം പദ്ധതിക്ക് വകയിരുത്തിയ തുക വളരെ വലുതാണെന്നും സി.എ.ജി റിപ്പോർട്ട് കണ്ടെത്തി.
തുറമുഖം നിർമിക്കുന്നതിനായി ഇതിനകം ആറുലക്ഷം ടൺ കരിങ്കല്ല് കടലിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിൽ, ഭൂരിഭാഗവും പശ്ചിമഘട്ടത്തിലെ അതിലോല ഭാഗങ്ങളിൽനിന്ന് ഖനനം ചെയ്ത് എടുത്തവയാണ്. ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാൻ ഏകദേശം ഒരു കോടി ടൺ കരിങ്കല്ലുകൂടി വേണ്ടിവരും. ഇത് ഒരേസമയം, പൊതുഫണ്ടിന്റെ പാഴ് വിനിയോഗവും പശ്ചിമഘട്ടം ഇടിച്ചുനിരത്തി കടലിൽ ചിറകെട്ടുന്ന പ്രകൃതിവിരുദ്ധ വികസന നയവും അല്ലേ?
വിഴിഞ്ഞത്തെ അദാനി തുറമുഖം എങ്ങനെ 80 കിലോമീറ്റർ അകലെയുള്ള മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നാശത്തിന് കാരണമാകും? ഈ സംശയം യുക്തിരഹിതമായിപ്പോലും തോന്നാം. എന്നാൽ, മുതലപ്പൊഴിയിലും കടൽക്ഷോഭവും വലിയ തിരമാലകളും രൂക്ഷമാണ്. ബോട്ടുകൾ അപകടത്തിൽപെട്ട് 60ലധികം മത്സ്യബന്ധന തൊഴിലാളികൾ കൊല്ലപ്പെട്ടു. വിഴിഞ്ഞത്ത് തടയണ നിർമിക്കുന്നതിന് പാറകൾ കയറ്റുന്നതിനായി മുതലപ്പൊഴിയിൽ കടൽപാലം വേണമെന്ന് അദാനി ഗ്രൂപ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സർക്കാർ ഇതിന് സമ്മതിച്ചു. പാറകൾ കടത്താൻ അദാനി മുതലെപ്പാഴിയിൽ ഒരു തുറമുഖ ചാനൽ സൗകര്യമൊരുക്കി. തടയണയുടെ രൂപരേഖയിലെ അപാകതയും ഹാർബർ ചാനൽ ബെഡിലെ പാറകൾ നീക്കംചെയ്യുന്നതിനും അദാനി ഗ്രൂപ് തയാറായില്ല. ഇതാണ് മുതലപ്പൊഴിയിലെ തുറമുഖമുഖത്ത് ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. മത്സ്യത്തൊഴിലാളികൾ ദുരിതംപേറുമ്പോൾ ഇടത് സഖ്യ സർക്കാർ മൗനംപാലിക്കുന്നു. കേരളത്തിലെ സർക്കാർ ഭരിക്കുന്നത് ജനങ്ങൾക്കുവേണ്ടിയോ കോർപറേറ്റിന് വേണ്ടിയോ എന്ന സംശയമാണ് ഇവിടെ ദുരിതം അനുഭവിക്കുന്ന പാവങ്ങളുടെ മനസ്സിൽ.
എപ്പോഴും തിരക്കുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തുനിന്ന് 250 മീറ്റർ മാത്രം തെക്കുമാറിയാണ് അദാനി തുറമുഖം നിർമിക്കുന്നത്. ഇത് മേഖലയിലെ മത്സ്യബന്ധന വ്യവസായത്തെയും സമുദ്ര ജൈവവൈവിധ്യത്തെയും ഇതിനകംതന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ തടയണയുടെയും കടവുകളുടെയും നിർമാണം പൂർത്തിയാകുമ്പോഴേക്കും സ്ഥിതി കൂടുതൽ വഷളാകും.
200ലധികം ഇനം മത്സ്യങ്ങളുടെ പ്രജനനകേന്ദ്രവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ വാഡ്ജ് ബാങ്കിന്റെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യവും ഈ നിർമാണംമൂലം കനത്ത ഭീഷണിയിലാണെന്ന് വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. 60ലധികം ഇനം അലങ്കാരമത്സ്യങ്ങളുടെയും മറ്റ് സമുദ്രജന്തുക്കളുടെയും ആവാസകേന്ദ്രമാണ് വാഡ്ജ് ബാങ്ക്. കണവ, കട്ലമീൻ, കാരങ്കിഡ്സ്, ട്യൂണ, ആഞ്ചോവി, കൊഞ്ച് തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളും ഇവിടെ സമൃദ്ധമാണ്. സംരക്ഷിത സമുദ്രമേഖലയായി വാഡ്ജ് ബാങ്കിന് പദവി ഉണ്ടായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
വിഴിഞ്ഞത്ത് അദാനി പദ്ധതിമൂലം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുകയും മത്സ്യബന്ധനം കുറയുകയും കടൽത്തീരങ്ങൾ നഷ്ടപ്പെടുത്തുകയും മത്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് കടക്കാൻപോലും കഴിയാത്ത സാഹചര്യം ഉണ്ടാകുകയും മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപെടുന്നതും മൂലം അമ്പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികളാണ് ബാധിക്കപ്പെട്ടത്. നികത്തലും ഡ്രഡ്ജിങ്ങും കാരണം കലങ്ങിയ ചളി നിറഞ്ഞ വെള്ളം മത്സ്യങ്ങളുടെ പ്രജനനവും ആവാസവ്യവസ്ഥയും അപ്പാടെ തകർത്ത് മത്സ്യലഭ്യത കുറച്ചു. വിഴിഞ്ഞത്തിനു സമീപം സ്ഥിതിചെയ്യുന്ന 33 പാറക്കൂട്ടങ്ങളിൽ 17 എണ്ണം ഇതിനകം തകർന്നിട്ടുണ്ട്. അവയിൽ 15 എണ്ണം ഡ്രഡ്ജിങ് കാരണം മണ്ണ് അടിഞ്ഞ് നശിച്ചു.
വിഴിഞ്ഞം പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധംകടൽക്ഷോഭവും കടൽകയറ്റവും ഒരു സ്വാഭാവിക പ്രതിഭാസമായാണ് പലരും ന്യായീകരിക്കുന്നത്. അവർ പറയുന്നതനുസരിച്ച്, കടൽ കൊണ്ടുപോകുന്ന മണലും മണ്ണും ഒരു പ്രത്യേക സമയത്തിനുശേഷം അതേ സ്ഥലത്ത് നിക്ഷേപിക്കും. ഇത്തരം വാദങ്ങൾ ഉയർത്തുന്നവർ വിഴിഞ്ഞം പദ്ധതിയുടെ തെക്കുഭാഗത്തുള്ള പുല്ലുവിള സന്ദർശിക്കണം. അദാനി തുറമുഖത്തിന്റെ വടക്കുനിന്ന് ഒലിച്ചുപോകുന്ന തീരം, അവിടെനിന്ന് നഷ്ടപ്പെട്ട മണലും മണ്ണും അവിടെയല്ല തിരികെ എത്തുന്നത്. പകരം പദ്ധതിയുടെ തെക്കുഭാഗത്താണ് നിക്ഷേപിക്കുന്നത്. ഈ പ്രതിഭാസംതന്നെ സാഹചര്യത്തിന്റെ ഗൗരവത്തിലേക്ക് വിരൽ ചൂണ്ടുന്നു. കടൽഭിത്തികളും തടയണകളും തീരപ്രദേശത്തെ അവശിഷ്ടങ്ങളുടെ ശേഖരണത്തെ തടസ്സപ്പെടുത്തുകയും അത് തീരനിക്ഷേപം വഴി നികത്തുന്നത് തടയുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
2021 സെപ്റ്റംബറിൽ, 89 വർഷം പഴക്കമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി അദാനി എന്റർപ്രൈസസ് 50 വർഷത്തെ പാട്ടത്തിനെടുത്തു. കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ തുടർന്നായിരുന്നു നടപടി. കേരളസർക്കാർ ഇതിനെ എതിർത്തിരുന്നു. തീരദേശ ശോഷണം ഇതുപോലെ ശക്തമായി തുടർന്നാൽ, കടൽ വിമാനത്താവളത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് പ്രദേശവാസികൾ പറയുന്നു. അദാനിക്ക് ഇവിടെ തുറമുഖവും വിമാനത്താവളവും സംയോജിപ്പിക്കാൻ കഴിയും, ഒരുപക്ഷേ ലോകത്തിലാദ്യമായിരിക്കും. ഈ പദ്ധതി വികസന നേട്ടമാണ് എന്ന പ്രചാരണം സർക്കാർ പിന്തുണയിൽ നടക്കുകയാണ്. പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടി എതിർക്കുന്നവരെ പലപ്പോഴും വികസന വിരോധികളോ ദേശവിരുദ്ധരോ ഒക്കെയായി മുദ്രകുത്താനുള്ള സാധ്യതപോലും നിലവിലുണ്ട്. അതിനാൽ, വിമർശനംപോലും ഇന്ന് ഒരു വെല്ലുവിളിയാണ്.
പശ്ചിമഘട്ടത്തിലെ ആദിവാസികളെയും മറ്റ് പരമ്പരാഗത നിവാസികളെയുംപോലെ, തിരുവനന്തപുരത്തെ തീരദേശ സമൂഹങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളും ബുദ്ധിശൂന്യമായ ഭരണകർത്താക്കളുടെയും കോർപറേറ്റ് അത്യാഗ്രഹത്തിന്റെയും ഇരകളായി മാറുന്നു. സമൂഹത്തിന്റെ തെറ്റായ വികസന ധാരണകൾ അവരെ ഒന്നാകെ തകർച്ചയിലേക്ക് തള്ളിവിടുകയാണ്.
പ്രാവുകൾക്ക് ആകാശത്ത് പറക്കാൻ കഴിയും, പക്ഷേ അലീനയുടെ സ്വപ്നങ്ങൾക്ക് പരിമിതികളുണ്ട്. എവിടെയാണെങ്കിലും കുട്ടികൾക്ക് പ്രാവുകളെ സ്നേഹിക്കാനും പരിപാലിക്കാനും കഴിയും. എന്നാൽ, അലീന ചെയ്യുന്നപോലെയാവില്ല അത്.